Tuesday 28 October 2014

ചക്രവ്യൂഹം

ചക്രവ്യൂഹം




രമാകാന്തന്‍ കണ്ണുകള്‍ തുറന്ന് ഒരുവട്ടംകൂടി ചുറ്റും നോക്കി. ആരുമില്ല...എല്ലായിടവും ശൂന്യം. ഇതുതന്നെയാണ് രക്ഷപ്പെടുവാനുള്ള ഏറ്റവും നല്ല അവസരം.ഈ ഒരുനിമിഷമാണ് ഏറ്റവും അമൂല്യം. തീരുമാനമെടുക്കാനും അതു നടപ്പിലാക്കുവാനുംഏറ്റവും അനിയോജ്യം.

രമാകാന്തന്‍ പതിയെ ആ ശരീരത്തില്‍ നിന്ന്ഊര്‍ന്നിറങ്ങുവാന്‍ തുടങ്ങി. ..ട്യൂബുകള്‍ കൊണ്ട് ബന്ധിച്ചിരിക്കുന്നതുകൊണ്ട് ഉദരത്തിന് മേല്പ്പോട്ടുള്ള ഭാഗത്തിനെ വലിച്ചെടുക്കുവാന്‍ കഴിയുന്നില്ല. പക്ഷേ എങ്ങനെയും വലിച്ചെടുത്തേ പറ്റു...
ഇതു പോലൊരു അവസരം ഇനി ഒരിക്കലും തനിക്ക് കിട്ടില്ല. സര്‍വ്വശക്തിയുംസംഭരിച്ച് രമാകാന്തന്‍ അതിനായി ഒരു ശ്രമം കൂടി നടത്തി.

ഇ.സി.ജിയില്‍ നേരിയ ചലനം.... റോസമ്മ സിസ്റ്ററിന്‍റെ മുഖം തെളിഞ്ഞു.സിസ്റ്റര്‍ ഫോണില്‍ ഡോക്ടറിന്‍റെ നമ്പര്‍ കുത്തി.എവിടെനിന്നാണെന്നറിയില്ല. വെള്ളക്കോട്ടും നീണ്ട സ്റ്റെ്ത്തും ജോസ്പ്രകാശിന്‍റെ മുഖവുമുള്ള ഡോക്ടര്‍ ICU വിന്‍റെ വാതില്‍ തുറന്ന് അകത്തേയ്ക്ക് കയറി.

"ഡോക്ടര്‍, രമാകാന്തന്‍റെ ഇ.സി.ജിയില്‍ നേരിയമാറ്റം കാണുന്നു." -
റോസമ്മ സിസ്റ്ററിന്‍റെ കിളിമൊഴികേട്ടതും രമാകാന്തന്‍റെസര്‍വ്വപ്രതീക്ഷയും തകര്‍ന്നു.

 രക്ഷപ്പെടുവാനുള്ള അവസാന വഴിയുംഅടഞ്ഞിരിക്കുന്നു.  താന്‍ ചക്രവൂഹത്തിനുള്ളില്‍ അകപ്പെട്ടിരിക്കുന്നു.

"ശരിയാണല്ലോ, സിസ്റ്ററേ... സിസ്റ്റര്‍ പോയി രമാകാന്തന്‍റെ ബന്ധുക്കളോട്സന്തോഷത്തിന് വകയുണ്ടെന്ന് അറിയിച്ചോളു."ഡോക്ടറുടെ വാക്കുകള്‍ തീമഴ പോലെ രമാകാന്തന്‍റെ കാതുകളെ തുളച്ച്മസ്തിഷ്കത്തിലെ കോശങ്ങള്‍ കടന്ന് ആന്തരികാവയവത്തിന്‍റെ ആന്തോളനങ്ങളെ വരെ  പ്രകമ്പനം കൊള്ളിച്ചു. 

ഇനി ആലോചിച്ചുനിന്നിട്ട് കാര്യമില്ലെന്ന് രമാകാന്തന്മനസ്സിലായി. അര്‍ജുനനാകണോ അതോ അഭിമന്യു ആകണോ എന്നുമാത്രം തീരുമാനിച്ചാല്‍ മതി.

ഡോക്ടറെന്തായാലും തന്നെ അര്‍ജുനനാക്കുവാനുള്ള ശ്രമത്തിലാണ്. പക്ഷേ,രമാകാന്തന് അഭിമന്യു ആയാല്‍ മതി.

റോസമ്മ സിസ്റ്റര്‍ മടങ്ങി എത്തിയിരിക്കുന്നു. സിസ്റ്ററിന്‍റെമറുപടിക്കായി രമാകാന്തന്‍ കാതോര്‍ത്തു..

"ഡോക്ടറേ.... രമാകാന്തന്‍റെ ഭാര്യയുടെ ഒരു സന്തോഷം അവര് ചിരിച്ചുഡോക്ടറേ..." റോസമ്മ സിസ്റ്ററിന്‍റെ മുഖത്തും സന്തോഷം. 

റോസമ്മ സിസ്റ്റര്‍ ഏതോ മരുന്ന് സിറിഞ്ചിനുള്ളില്‍ കയറ്റി ഡോക്ടറിന് കൈമാറി. ഡോക്ടറുടെ ഒറ്റ കുത്ത്......കഴിഞ്ഞു........... ഊര്‍ന്നിറങ്ങിയ രമാകാന്തന്‍ ശരീരത്തിലേയ്ക്ക് തന്നെ തിരികെ കയറി...കണ്ണുകള്‍പതിയെ അടഞ്ഞു......
രമാകാന്തന്‍റെ തലച്ചോറില്‍ വണ്ടുകള്‍ മൂളുവാന്‍ തുടങ്ങി. ......

ഇത്തവണ വളരെ കഷ്ടപ്പെട്ടാണ് കണ്ണുകള്‍തുറന്നത്. അതാ, പ്രതീക്ഷിച്ചിരുന്ന ആള്‍ മുന്നില്‍ തന്നെ നില്‍ക്കുന്നു. രമാകാന്തനു സന്തോഷമായി. പക്ഷേ പോത്തെവിടെ കയറെവിടെ....? 
കാലനും ന്യൂജനറേഷന്‍ ഭ്രാന്തുപിടിച്ചോ?
 വെള്ള സഫാരിസ്യൂട്ടുമണിഞ്ഞാണോ ഇപ്പോള്‍ നടക്കുന്നത്...

അബോധത്തിനും ബോധത്തിനുമിടയില്‍ വെള്ളസ്യൂട്ടണിഞ്ഞ ആ കാലന്‍റെ ശബ്ദം രമാകാന്തന്‍ അവ്യക്തമായി കേട്ടു.

"ഡോക്ടര്‍ പ്ലീസ്... രമാകാന്തന് ഒരാപത്തും സംഭവിക്കരുത്. എങ്ങനെയുംരക്ഷപ്പെടുത്തിയേ പറ്റൂ... ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് നഷ്ടം ലക്ഷങ്ങളാ...ബോധം വീണുകിട്ടിയാലുടന്‍  ഈ പേപ്പറില്‍ രമാകാന്തന്‍ ഒപ്പുകൂടി ഡോക്ടര്‍ വാങ്ങിത്തരണം.വെറുതെയൊന്നും വേണ്ട ഡോക്ടറിനുള്ളത് വീട്ടിലെത്തിക്കാം...."

ഡോക്ടര്‍ ഒന്നും പറയാതെ പുഞ്ചിരിച്ചു. 

അതിനര്‍ത്ഥം തന്‍റെ കാര്യത്തില്‍ തീരുമാനമായി എന്നതുതന്നെ... 
ഉള്ളിലെ രമാകാന്തന്‍ ഒന്നും സംസാരിക്കാത്തതെന്താണ്.......?
പുറത്തെ രമാകാന്തന് ഭയമായിത്തുടങ്ങി.

 ഇത്തവണയും പരാജയപ്പെട്ടാല്‍....?ഇത് മൂന്നാം തവണയാണ്. ഒന്നില്‍ പിഴച്ചാല്‍ മൂന്നെന്നല്ലേ പ്രമാണം......!

എലിവിഷം എക്സ്പയറി ഡേറ്റിന്‍റെ പേരില്‍ ചതിച്ചു. .....ഫാന്‍ തുരുമ്പിച്ച കമ്പിയുടെ പേരും പറഞ്ഞ് ചതിച്ചു...... അവസാനം ബൈക്കാകട്ടെ ദേ ഇന്‍ഷുറന്‍സിന്‍റെ പേരില്‍  ചതിക്കാന്‍  തുടങ്ങുന്നു. ....ഇനി....????

ഉള്ളിലെ രമാകാന്തന്‍ രക്ഷപ്പെട്ടേ പറ്റൂ... 

അങ്ങനെയെങ്കില്‍ നിര്‍മലയ്ക്കും മക്കള്‍ക്കും ജീവിക്കാം. 4ലക്ഷം രൂപ ഇന്‍ഷ്വറന്‍സ് ഉറപ്പാണ്. വണ്ടി കേറ്റിയത് കെ.എസ്.ആര്‍.ടി.സിയുടെ നെഞ്ചത്തായതുകൊണ്ട് ആ വകയിലും നഷ്ടപരിഹാരം ഉറപ്പ്. പിന്നെ മാധ്യമങ്ങളെന്തായാലും സഹകരിക്കും, പാര്‍ട്ടിക്കാരും. ...
ഇപ്പോഴത്തെ മന്ത്രിസഭ ഒരുവോട്ടിന്‍റെ ബലത്തിലാണിരിക്കുന്നത് അതുതാഴെപ്പോകാതിരിക്കാന്‍ അവരും അവരെ താഴെ വീഴ്ത്താന്‍ എതിര്‍കക്ഷിക്കാരുംവിലപേശും...... അതുകൊണ്ട് എല്ലാം ചേര്‍ത്ത് ഒരു പത്തുലക്ഷത്തിനകം കിട്ടും.

 അതില്‍ ഒരു മൂന്ന് ലക്ഷം  അനുമോളുടെ പേരിലും 2 ലക്ഷം ദീപുമോന്‍റെ പേരിലും ഫിക്സഡ് ഡിപ്പോസിറ്റിടാം. ബാക്കിയില്‍ കടങ്ങളൊക്കെത്തീര്‍ത്ത് നിര്‍മല സന്തോഷമായി ജീവിച്ചുകൊള്ളും. കൃത്യമായ കണക്കുകൂട്ടലോടെയാണ് ഈ തീരുമാനമെടുത്തത്. ...

പക്ഷേ  ഉള്ളിലെ  രമാകാന്തന്‍  ഇപ്പോള്‍ സഹകരിക്കുന്നില്ല....ഡോക്ടറെങ്ങാനും ആ കാലനുകൊടുത്ത വാക്കുപാലിച്ചാല്‍....????ബൈക്കിന്‍റെ ലോണ്‍,...., അനുമോളുടെയും ദീപുമോന്‍റെയും പഠനം........, ബാങ്കിലിരിക്കുന്ന നിര്‍മ്മലയുടെ ആഭരണങ്ങള്‍ ....പിന്നെ കെ.എസ്.ആര്‍.ടി.സിയുടെ നെഞ്ചത്ത്  ചാടിക്കയറിയതിന്‍റെ കേസ്.....
പുറത്തെ രമാകാന്തന്‍റെ ഉള്ള് കാളി... നെഞ്ചിടിപ്പിന് വേഗതയേറി...

"ഡോക്ടര്‍... രമാകാന്തന്‍ കണ്ണുതുറന്നു.- ദേ ശരീരമനങ്ങി" - റോസമ്മ  സിസ്റ്ററിന്‍റെ ആനന്ദ നിലവിളി.

ഡോക്ടര്‍ ഓടിയെത്തി. നിമിഷങ്ങള്‍ കഴിഞ്ഞില്ല, രമാകാന്തനുചുറ്റുംകുരുക്ഷേത്രമുണര്‍ന്നു.... നിര്‍വികാരതയോടെ കണ്ണുകള്‍ തുറന്ന്രമാകാന്തന്‍ ചുറ്റിലും നോക്കി...

ഹോസ്പിറ്റല്‍ ബില്ലുമായി ഡോക്ടര്‍...., ലോണ്‍ പേപ്പറുമായി ബാങ്ക് മാനേജര്‍,...................ഇന്‍ഷുറന്‍സ് ഷീറ്റുമായി വണ്ടിക്കാരന്‍.............. പിന്നെ ആയുഷ്കാല കടങ്ങളുമായി  നിര്‍മലയും  മക്കളും, .......അതിനിടയില്‍ റോസമ്മ സിസ്റ്ററിന്‍റെ പുഞ്ചിരിയും.......ആയിരം ദിവ്യാസ്ത്രങ്ങള്‍ തനിക്കുനേരെ സജ്ജമാകുന്നത് രമാകാന്തന്‍ തിരിച്ചറിഞ്ഞു.

അര്‍ജുനനാകുവാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് അഭിമന്യുവിലേയ്ക്ക്നയിച്ചത്. പക്ഷേ ഇപ്പോള്‍ അര്‍ജുനനുമല്ല അഭിമന്യുവുമല്ല- ......ശരശയ്യയില്‍കിടക്കുന്ന ഭീഷ്മരാണ്  താനെന്ന് രമാകാന്തന്‍ തിരിച്ചറിഞ്ഞു. 

ഒരു ദീര്‍ഘനിശ്വാസത്തോടെ രമാകാന്തന്‍ തലതിരിച്ചുനോക്കിയത് റോസമ്മ സിസ്റ്ററിന്‍റെ പുഞ്ചിരിയിലേയ്ക്കായിരുന്നു.................

 രമാകാന്തന്‍റെ  മുഖത്തും അറിയാതെ ഒരു പുഞ്ചിരി വിടര്‍ന്നു...


( ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലുമൊക്കെ സാമ്യം ആർക്കെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ തോന്നുവാണേൽ മനസ്സാ-വാചാ-കർമണാ-ലക്ഷ്മണാ  എനിക്ക് യാതൊരു വിധ ഉത്തരവാദിത്ത്വവും ഇല്ലെന്നു ഇതിനാൽ ബോധിപ്പിച്ചു കൊള്ളുന്നു )

Sunday 19 October 2014

ഒന്നിങ്ങനെ ജീവിച്ചു നോക്കിയാലോ .....!


ഒന്നിങ്ങനെ ജീവിച്ചു നോക്കിയാലോ .....!



ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കാനുള്ള ഏക വഴി ആ നിമിഷത്തിൽ തന്നെ ജീവിക്കുക എന്നതാണ് ..പക്ഷേ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവും അതു തന്നെയാണ് ... നമ്മെ ഭരിക്കുന്നത്‌ വികാരങ്ങൾ ആണ് എന്നതാണ് അതിന്റെ കാരണം...

ഇന്നലകളെ മറക്കാൻ ശ്രമിക്കാറുണ്ടെങ്കിലും അത് നടക്കാറില്ല ..കാരണം മറക്കാൻ ശ്രമിക്കുന്നതെന്തോ അതിനെ ഓർമ്മിക്കാൻ കാരണമാകുന്ന സാഹചര്യങ്ങൾ നമ്മൾ പോലുമറിയാതെ നമുക്ക് ചുറ്റും ഉണ്ടായിക്കൊണ്ടെയിരിക്കും ...അതൊരു പ്രകൃതി നിയമം ......


നാളെ എന്താകും എന്ന് ആലോചിച്ചു കൂട്ടി ഇന്നത്തെ സന്തോഷം നമ്മൾ മറക്കും ....അവസാനം ഇന്നലെയുമില്ല  ,ഇന്നുമില്ല  ,നാളെയുമില്ല എന്ന അവസ്ഥയാകും. ...

ഈ നിമിഷത്തിൽ ജീവിക്കാൻ വേണ്ടി ചെയ്യേണ്ടത് എന്താണെന്നല്ലേ ... .....

ഇത്രമാത്രം ....

"" വികാരങ്ങളെ ബന്ധനസ്ഥരാക്കാതിരിക്കുക .വികാരങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം നല്കുക..ഹൃദയത്തിനുള്ളിൽ അടച്ചു പൂട്ടാതെ അവരെ പുറത്തെക്കെത്തിക്കുക .ചുറ്റുമുള്ളവർ  എന്തു വിചാരിക്കും എന്ന ചിന്തയെ തല്കാലത്തേക്ക് ഉപേക്ഷിക്കുക ""


എന്ത് പറയുന്നു മാഷേ ....???ഈ ചിന്ത പൊട്ടത്തരമാണോ .....????

Friday 10 October 2014

ഒരു ചെമ്പനീർ പൂവിന്റെ ഓർമയ്ക്ക് ...........!

ഒരു ചെമ്പനീർ പൂവിന്റെ ഓർമയ്ക്ക് ...........!



                                                     കവലയിൽ അയാൾ ബസ്‌ ഇറങ്ങുമ്പോൾ സമയം ഏകദേശം സന്ധ്യയോടടുത്തിരുന്നു .ആൽമരത്തണലിലിരുന്നു നാട്ടു വർത്തമാനം പറയാറുള്ള രാമുവേട്ടനെയും കൂട്ടരെയും കാണാനില്ല ...അതിനെക്കാൾ അതിശയം ആ കവലയിൽ അങ്ങനെ ഒരു ആൽ മരമേ കാണാനില്ല എന്നതായിരുന്നു ..അയാൾ അവിടെ നിന്നും പോകുന്നതിനു മുൻപ് വരെ അവിടെ ഒരു ആൽമരവും ,അതിനോട് ചേർന്ന് രാമുവേട്ടന്റെ ചായക്കടയും ,പിഷാരടിയുടെ മുറുക്കാൻ കടയും ,കുട്ടപ്പായിയുടെ ബാർബർ ഷോപ്പുമൊക്കെ ഉണ്ടായിരുന്നു ...ആറ് മണിയാകുമ്പോഴേക്കും ഈ മൂവർ സംഘത്തിന്റെ  നേതൃത്വത്തിൽ ആൽത്തറയിൽ ഒരു സമ്മേളനം പതിവായിരുന്നു ..ജോലി കഴിഞ്ഞെത്തുന്ന മിക്കവാറും എല്ലാ ആണുങ്ങളും ആ സമ്മേളനത്തിൽ പങ്കു ചേരുമായിരുന്നു ...

അയാൾ നാലുചുറ്റും നോക്കി ..ആ ഗ്രാമം ആകെ മാറിയിരിക്കുന്നു .. ഇതാണ് തന്റെ നാടെന്നു തനിക്കു തന്നെ വിശ്വസിക്കാൻ കഴിയാത്തത്ര തരത്തിലാണ് മാറ്റം ...നാട് മാത്രമല്ല ,താനും ആകെ മാറിയിട്ടില്ലേ ...ഇപ്പോൾ തന്നെ കണ്ടാൽ ആരെങ്കിലും പറയുമോ താനാണ് അനന്തരാമനെന്ന് ...പേര് പോലും ഓർമയിൽ അവശേഷിപ്പിക്കാൻ കഴിയാത്ത തരത്തിൽ എല്ലാവരും തന്നെ മറന്നു കാണില്ലേ ...

മറവി ഒരു അനുഗ്രഹം തന്നെയാണ് .......ഓർമ്മകൾ ശാപങ്ങളും ,...പക്ഷെ കുറെ നാളുകളായി അനന്തരാമനെ ശാപങ്ങൾ മാത്രമാണ് പിന്തുടരുന്നത് ..അനുഗ്രഹങ്ങൾ പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് അയാളുടെ ഹൃദയത്തെ സാക്ഷയിട്ടു ബന്ധിച്ചു കളഞ്ഞു ...ഒരിക്കലും തുറക്കാൻ കഴിയാത്ത തരത്തിൽ ...........അതിനു കാരണവും താൻ തന്നെയല്ലേ .....?

കഴിഞ്ഞു പോയവയെ ചികഞ്ഞെടുത്തിട്ടു പ്രത്യെകിച്ച്ചു യാതൊരു നേട്ടവുമില്ല ...ഭാവിയെ മുറിപ്പെടുത്തുന്ന ഓർമകളെ പിൻനിലാവിലെക്ക് ഉപേക്ഷിക്കണം ........ഭാവിയെ ഇല്ലാത്തവനോ ...?എന്ത് മുറിവ് ,എന്ത് ഓർമ ....


ഒരു നിമിഷത്തിന്റെ വില എത്രത്തോളമാണെന്ന് തിരിച്ചറിയാൻ അയാൾ നഷ്ടപ്പെടുത്തിയത് നീണ്ട പന്ത്രണ്ടു വർഷങ്ങളായിരുന്നു ........അത് തിരികെ കിട്ടില്ലെന്നറിയാം ,എങ്കിലും പശ്ചാത്താപത്തെക്കാൾ വലിയ പ്രായശ്ചിത്തം മറ്റൊന്നുമില്ലെന്നു പഠിപ്പിച്ചു തന്ന ഗുരുനാഥന്റെ വാക്കുകൾ ...അതാണ് അയാളെ തിരികെ ഇവിടേയ്ക്ക് എത്തിച്ചത് ...ഗുരുവിന്റെ നാവ്   സത്യത്തിന്റെ സംഗീതമേ പൊഴിക്കയുള്ളൂ ....

അനന്തരാമന്റെ  ലോകത്തിലേക്ക് സത്യത്തിന്റെ തിരി തെളിച്ചു കൊടുത്തത് അമ്മയായിരുന്നു ...ലോകത്തിലെ നിത്യ സത്യം ..അച്ഛൻ എന്ന വിശ്വാസത്തിന് കരുത്തു പകരുന്ന  സത്യം ...ആ സത്യം ഇന്ന് ഈ മണ്ണിലില്ല .....അനന്തരാമന്റെ ജനനത്തിനു മുൻപേ തന്നെ അച്ഛനെന്ന  വിശ്വാസവും യാത്രപറഞ്ഞു  പോയിരുന്നു ...
സത്യത്തിന്റെ കൈ  പിടിച്ചായിരുന്നു അയാൾ വളർന്നത്‌ ..പക്ഷെ മദ്യത്തിന്റെ ലഹരിക്ക്‌ മുന്നിൽ സത്യത്തിന്റെ ഹൃദയത്തിലെ നന്മ ഒരു കത്തിമുനയിൽ ഒടുങ്ങി .........അന്ന് ആ ഗ്രാമം അയാളെ ഒരേ സ്വരത്തിൽ വിളിച്ചു "അമ്മയുടെ ഘാതകൻ ".........................................!!!!!!

ഇനി ഈ മണ്ണിൽ തന്നെ കാത്തിരിക്കാൻ അവശേഷിക്കുന്നതായി ഒന്നും തന്നെയില്ല ..ആരും തന്നെയില്ല .....പക്ഷെ മകൻ എന്ന നിലയിൽ ചെയ്യേണ്ടുന്നതായ ഒരു കർമം ബാക്കിയുണ്ട് ...അതിനു വേണ്ടിയായിരുന്നു അയാൾ അവിടെ എത്തിയത് .....

എങ്ങോട്ടെക്കാണ്  പോകേണ്ടതെന്നറിയില്ല  .....വഴികൾ മറന്നു പോയിരിക്കുന്നു .....ജീവിതത്തിന്റെ വഴികളെ നേരെ പിന്തുടരാൻ കഴിയാത്ത താനാണോ വീട്ടിലേക്കുള്ള വഴി കണ്ടെത്തുക .....ഉള്ളിലിരുന്നു ആരോ വഴി കാട്ടുന്നത് പോലൊരു തോന്നൽ ..അനന്തരാമന്റെ പാദങ്ങൾ ആ വഴികളിലേക്ക് സഞ്ചരിച്ചു ..വയൽ വരമ്പിലെ നനഞ്ഞ മണ്ണിന്റെ വാത്സല്യം ടാറിട്ട റോഡിലെ മുള്ളുകളായി അയാൾക്ക് നേരെ കൊഞ്ഞനം കുത്തി ......

അവരും വിളിക്കുന്നു "അമ്മയുടെ ഘാതകൻ "...................!!!!!!!

ഒടുവിൽ അയാളെത്തി ..എത്തേണ്ടിടത്ത് തന്നെ ...ആരോരുമില്ലാത്ത ഒരമ്മക്കിളി സ്നേഹം കൊണ്ട് പണിതുയർത്തിയ കുഞ്ഞു കൊട്ടാരം ഒരു പ്രേതാലയം പോലെ ഇതാ മുന്നിൽ ....അയാൾ ആ വീടിനു ചുറ്റും ഒരു വട്ടം പ്രദക്ഷിണം നടത്തി ..വീടും അമ്പലം തന്നെയല്ലേ ....ദേവതയുടെ പേര് അമ്മ എന്നാണെന്ന വിത്യാസം മാത്രമല്ലേയുള്ളൂ .........അസ്ഥിത്തറയാകെ കാടു പിടിച്ചു കിടക്കുന്നു ...അൽപ നേരത്തെ പരിശ്രമം ....അവിടുത്തെ ഇരുട്ട് മാറി വെളിച്ചം വീണു ...ഇനി ഒരു വിളക്ക് കൂടി തെളിക്കണം ...പിന്നെ പിന്തിരിഞ്ഞു നോക്കാൻ നില്ക്കാതെ ഇവിടുന്നു പോകണം ..താൻ വന്നതും ,പോയതുമെല്ലാം ഒരാൾ മാത്രം അറിഞ്ഞാൽ മതി ............

തോളിലെ സഞ്ചിയിൽ നിന്നും അയാളൊരു ചിരാതു പുറത്തേക്കെടുത്തു ..അതിലേക്കു എണ്ണ പകർന്നു ..ഒരു നേർത്ത പ്രകാശം .....ആ പ്രകാശത്തിൽ അസ്ഥിത്തറയ്ക്കു കീഴെ പുഞ്ചിരിക്കുന്ന ഒരു കുഞ്ഞു ചെമ്പനീർ ചെടി ...

അമ്മയ്കേറെ ഇഷ്ടമായിരുന്നു ചെമ്പനീർ പൂക്കൾ ...വീടുമുറ്റത്തു നിറയെ ചെമ്പനീർ ചെടികൾ അമ്മ നട്ടു വളർത്തിയിരുന്നു ....അവയിൽ പൂക്കൾ വിരിയുമ്പോൾ അമ്മയുടെ മുഖത്തു പുഞ്ചിരി വിടരുന്നത് അയാളപ്പോൾ കണ്മുന്നിലെന്ന പോലെ കണ്ടു ....പക്ഷെ .........

അമ്മയുടെ വെള്ളവും വളവും പാഴായില്ല ...,അവർ അമ്മയ്ക് കാവലാളായി ......അപ്പോൾ പിന്നെ താൻ മാത്രം എന്തിനാണ് ഓടിയോളിക്കുന്നത് .....അമ്മയുടെ കോടതി ഈ മകന് മാപ്പ് നല്കില്ലേ ....?ഗുരുവിന്റെ വാക്കുകൾക്കു എന്തോ ഒരു അദൃശ്യ ശക്തി ഉള്ള പോലെ .......



തിരികെ നടക്കാൻ കൊതിച്ച പാദങ്ങളെ അമ്മ പുറകെ വിളിച്ചുവോ......ഒരു താരാട്ടിന്റെ ഈണം കാതിൽ നിറയുന്നു .........അനന്തരാമൻ വീട്ടിലേക്കു നടന്നു ....സാക്ഷയിട്ടു ബന്ധിക്കാത്ത വാതിലുകൾ ഒരു കരച്ചിലോടെ അയാളെ എതിരേറ്റു ........ആകെ ഇരുട്ടാണ്‌ ..ഇന്നിനി വെളിച്ചം വേണ്ട ...പശ്ച്ച്ചാത്താപത്തിന്റെ ഈ കണ്ണുനീർ തുള്ളികൾ ഇരുട്ടിന് സ്വന്തം .....പൊട്ടിപ്പൊളിഞ്ഞ നിലത്തേക്ക് അയാൾ തന്റെ മുഖം ചേർത്ത് വച്ച് കണ്ണുകളടച്ചു കിടന്നു .........ആത്മാവിന്റെ സന്തോഷവുമായി മഴത്തുള്ളികൾ മണ്ണിലേക്കെത്തി നോക്കി ....!!!!!

( ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലുമൊക്കെ സാമ്യം ആർക്കെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ തോന്നുവാണേൽ മനസ്സാ-വാചാ-കർമണാ-ലക്ഷ്മണാ  എനിക്ക് യാതൊരു വിധ ഉത്തരവാദിത്ത്വവും ഇല്ലെന്നു ഇതിനാൽ ബോധിപ്പിച്ചു കൊള്ളുന്നു )



-ബിസ്മിത 

Thursday 9 October 2014

തുളകൾ ...



തുളകൾ ...




ഹൃദയത്തിന്റെ പാനപാത്രത്തിൽ നേർത്തൊരു തുള ...
സ്നേഹത്തിന്റെ നീർമുത്തുകൾക്ക് ചങ്ങലക്കെട്ടുകൾ 
പൊട്ടിച്ച്ചതിലൂടൊഴുകാം ..... 
ആ നീർമുത്തുകളെ സ്വർണ നൂലിൽ കോർത്തു 
ഞാൻ നിന്നെ അണിയിക്കാം ......

പക്ഷേ ........
അതിനു മുൻപൊരു തുള്ളിയെങ്കിലും നല്കണം നീ ...
ആ തുള്ളികൾക്കു സ്നേഹമെന്നാകണം നാമം .
എന്റെ തുള വീഴാ പ്രണയത്തിൻ പാത്രത്തിൽ 
നീയേകിയ തുള്ളികൾ ചേർത്തു ഞാനൊരു മാലയുണ്ടാക്കാം .
നല്കുമോ നീയാ മാലയ്ക്കു ജീവിതമെന്ന നാമം ...???

സംശയം .....
എന്റെ പ്രണയത്തിലും സ്വാർത്ഥതയുടെ തുളകളോ ....????