Friday 24 April 2015

ഒരു ദിനം കൂടി ......!!


ഒരു ദിനം കൂടി ......!!



ഓരോ ദിവസവും മറ്റൊന്നിൽ നിന്നും ഏറെ വിത്യസ്തമാണ് ....ചില പകലുകൾ തീർത്തും തെളിഞ്ഞവയായിരിക്കും ......പുഴയിലെ തെളിനീരിൽ വെള്ളാരം കല്ലുകളെ കാണുന്നത് പോലെ ഹൃദ്യമായ അനുഭൂതികൾ നല്കുന്ന ദിനങ്ങൾ...... ചില ദിവസങ്ങളാകട്ടെ ആകെ നനഞ്ഞു കുതിർന്നിരിക്കും...ഓർക്കാൻ ഒരല്പം കണ്ണുനീർ ബാക്കി വച്ചാകും അത്തരം ദിനങ്ങൾ കടന്നു പോകുക ...എന്നാൽ ചില ദിനങ്ങൾ ഉണ്ട് .....അപ്രതീക്ഷിതമായ പലതും  സമ്മാനിച്ചു കടന്നു പോകുന്നവ .....ഓർമയിൽ സൂക്ഷിക്കാൻ മധുരമുള്ള ഒരു ദിവസം ....അത് പോലെ ഒരു ദിവസമാണ്  പിറന്നാൾ ദിനം ..

ആയുസ്സിന്റെ കണക്കു പുസ്തകത്തിൽ നിന്നും നഷ്ടമാകുന്ന ദിവസങ്ങൾക്കു വേണ്ടിയുള്ള ഒരു ആഘോഷം .... ആ ആഘോഷം സമ്മാനിക്കുന്ന കുറെ നല്ല നിമിഷങ്ങളുണ്ട്‌ ...ആ നിമിഷങ്ങൾക്ക് മുൻപിൽ  മരണം എന്ന സത്യം ഒന്നുമല്ലാതായിപ്പോകുന്നു. അതിനു കാരണം ആ ദിവസത്തെ മധുരമുള്ളതാക്കുന്ന വ്യക്തികൾ തന്നെയാണ് ...

ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന ജീവിതത്തിൽ ഓർമ്മകൾ മാത്രമാണല്ലോ സ്ഥായിയായി നില നില്ക്കുന്നവ ....അർദ്ധരാത്രി എന്നും പുതിയ പകൽ എന്നും വേർതിരിക്കാതെ ക്ലോക്കിൽ 12:00 അടിക്കുന്നതിനു വേണ്ടിയുള്ള ഒരു കാത്തിരിപ്പുണ്ട്‌ .....
ഓരോ നിമിഷവും ഓരോ യുഗങ്ങളുടെ ദൈർഘ്യമായി മാറുന്ന വേളകൾ...
inbox -ലെ ആദ്യ പിറന്നാൾ ആശംസ ആരുടേതാണെന്ന്  അറിയാൻ .....
ആദ്യം ആരാകും പിറന്നാൾ ആശംസ നേരാൻ ഫോണ്‍ വിളിക്കുന്നത്‌ എന്നറിയാൻ ......വേണ്ടിയുള്ള കാത്തിരിപ്പ് .......അതറിഞ്ഞതിനു ശേഷമേ ഉറക്കം പോലും നമ്മെ അനുഗ്രഹിക്കു .......

പിറന്നാൾ ദിവസം പിന്നെ പറയേണ്ടതില്ലല്ലോ ......അന്ന് വൈകുംവരെ ഫോണ്‍ വിളികളും മെസ്സജുകളും കൊണ്ട് ഒരു ഉത്സവം തന്നെയായിരിക്കും ....

എല്ലാ തിരക്കും ഒഴിഞ്ഞു സ്വസ്ഥമായി ഇരിക്കുമ്പോൾ ആകും കഴിഞ്ഞു പോയ നിമിഷങ്ങളുടെ മൂല്യം എത്രയായിരുന്നു എന്ന് നാം തിരിച്ചറിയുന്നത് ....അവയോരോന്നായി ഓർത്തെടുത്തു പുഞ്ചിരിക്കുന്നത് .......

ഭൂമിയിൽ മനുഷ്യനായി  ജനിക്കാൻ സാധിച്ച്ചവർ  എത്രയോ ഭാഗ്യവാന്മാർ .
" ഭൂമിയിലെ ഓരോ മനുഷ്യന്റെയും ഓരോ നിമിഷവും , ഓരോ പ്രവൃത്തിയും അവന്റെ ആത്മാവിൽ കുറെ നന്മയുടെ മുകുളങ്ങൾ വിരിയിക്കുന്നുണ്ട് ....."" 

ഞാൻ പോലും അറിയാതെ എന്നിലും കുറെ നന്മയുടെ മുകുളങ്ങൾ വിരിയിച്ചെടുത്ത  കുറെ നല്ല സൌഹൃദങ്ങളെ ഓർക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു കുളിര് ........ഇനിയും എന്നെയും കാത്തു എന്തൊക്കെയോ മനോഹര സ്വപ്‌നങ്ങൾ ഇവിടെ ഉണ്ടെന്ന പ്രതീക്ഷ ........ആയുസ്സ് നീട്ടി കിട്ടുമെങ്കിൽ അടുത്ത പിറന്നാൾ ദിനവും മനോഹരമാകുവാൻ വേണ്ടി വീണ്ടും ഒരു കാത്തിരിപ്പ് ബാക്കിയാകുന്നു ........ ഇന്നത്തെ സൂര്യനും അസ്തമിച്ചിരിക്കുന്നു .....


Wednesday 15 April 2015

മേടപ്പുലരിക്കു കണിയാകുവാന്‍ കൊന്നപ്പൂവേ നീ വന്നണയൂ......!!!!

മേടപ്പുലരിക്കു കണിയാകുവാന്‍ കൊന്നപ്പൂവേ നീ വന്നണയൂ......!!!!

കണിക്കൊന്നയും കൈനീട്ടവും പേരിനൊരു സദ്യയും പിന്നെ കുറച്ചു പടക്കവും ...അതോടെ ഇത്തവണത്തെ വിഷുവും അവസാനിച്ചു ..ഇനി അടുത്ത വര്‍ഷം വീണ്ടും ഇത് പോലെ .....ആഘോഷങ്ങളൊക്കെ ഒരു കാട്ടിക്കൂട്ടലായി 
മാറിക്കൊണ്ടിരിക്കുകയാണ് ....ആര്‍ക്കോ കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടി വഴിപാടു നടത്തുന്ന പോലെ ...

വിഷു എന്നു നാവു ഉളുക്കാതെ പറയാന്‍ തുടങ്ങിയ നാള്‍ മുതല്‍ എനിക്ക് വിഷു കൈനീട്ടത്തിന്റെ മാത്രം നാളാണ് ...കുറച്ചു പോക്കറ്റ്‌ മണി കിട്ടുന്നത് കൊണ്ട് വിഷുവിനെ സ്നേഹിച്ചിരുന്നു എന്നു മാത്രം ...ഇന്നും അതില്‍ 
കവിഞ്ഞൊരു ആത്മാര്‍ഥമായ അടുപ്പവും എനിക്ക് വിഷുവിനോട് തോന്നുന്നില്ല ....എന്നിരുന്നാലും വിഷു എന്നു കേള്‍ക്കുമ്പോള്‍ എന്ത് കൊണ്ടോ മനസ്സ്  ഒരു ആഘോഷ ചൂടിലേക്ക് നടന്നടുക്കുന്നു ....

ജീവിതത്തില്‍ ഇതിനു മുന്‍പ് ഒരിക്കല്‍ പോലും എനിക്ക് കണിക്കൊന്നകള്‍ ഇത്രയും ഭംഗിയായി തോന്നിയിരുന്നില്ല ....ആദ്യമായി ഈ വിഷു കാലത്താണ് ഞാന്‍ കൊന്ന പൂക്കളുടെ മനോഹാരിത നേരിട്ട് കണ്ടത് ...അവയുടെ ഭംഗി 
അടുത്തു കണ്ടു ആസ്വദിച്ചത് ...അന്നാണ് കൊന്നപ്പൂക്കളും മനം മയക്കുന്ന സുന്ദരിമാരാണെന്ന സത്യം ഞാന്‍ അടുത്തറിഞ്ഞത് ... 

എന്നത്തെയും പോലെ ബസ്സിലെ ജാലകത്തിനടുത്ത ഇരിപ്പിടം കരസ്ഥമാക്കി വഴിയോരക്കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കവേയാണ് കൊന്ന 
പൂവിട്ടു നില്‍ക്കുന്നത് കാണുന്നത് ...

തൊട്ടപ്പുറത്തെ  സീറ്റില്‍ ഇരിക്കുന്ന ആറേഴു വയസ്സ് പ്രായം തോന്നിക്കുന്ന 
ഒരു കുഞ്ഞു ചെക്കന്‍ ...സീറ്റില്‍ നിന്നെണീറ്റ് അതിശയത്തോടെ കൊന്നപ്പൂക്കളെ ചൂണ്ടി      "അമ്മേ ...നോക്ക് ..കണിക്കൊന്ന ..."   എന്നു പറഞ്ഞു പുഞ്ചിരിക്കുന്നു .

ബസ്‌ മുന്നോട്ടു നീങ്ങവേ ആ കുഞ്ഞികണ്ണുകള്‍ പുറകിലേക്ക് ഓടി ആവുന്നത്രയും മനോഹാരിത നുകര്‍ന്നെടുത്തു ... 
അവന്‍റെ അതിശയം കണ്ടു ഞാനും വെറുതെ കൊന്നപ്പൂക്കളെ ഒന്ന് നോക്കി....
പിന്നെ ശ്രദ്ധ പതിയെ അവനിലേക്ക്‌  തിരിഞ്ഞു ..

" അമ്മേ ...എന്നാ വിഷു ...? "
" കുറച്ചീസം കൂടി കഴിഞ്ഞിട്ടാണല്ലോ മോനൂട്ടാ വിഷു ..."
" വിഷൂനു നമ്മള് കൊന്നപ്പൂ കാണൂലെ അമ്മേ ...? "
" കൊന്നപ്പൂ മാത്രോല്ല മോനൂട്ടാ ...കൃഷ്ണനേം ,പൂക്കളേം ,പഴങ്ങളേം , പച്ചക്കറികളേം ഒക്കെ വച്ചു അമ്മ മോനൂട്ടന് കണി കാണിച്ചു തരാല്ലോ ....."
" അപ്പൊ കൈനീട്ടോ അമ്മേ ....??? " -അവന്‍റെ നിഷ്കളങ്കമായ ആ ചോദ്യം അമ്മയില്‍ ഒരു പുഞ്ചിരി ഉളവാക്കി .
" എല്ലാം തരാമെടാ ,,,,,വിഷു ആകട്ടെ ...."

എന്‍റെ സ്റ്റോപ്പ്‌ എത്തി ...ഞാനിറങ്ങി ...അന്ന് ആ വിഷയം അവിടെ അവസാനിച്ചു .

രണ്ടു മൂന്നു ദിവസം കഴിഞ്ഞു ബസില്‍ ഇരിക്കവേ പെട്ടന്ന് അവനെ ഓര്‍ത്തു  , അങ്ങനെ കൊന്നയെയും ...
റോഡിന്‍റെ ഇരുവശങ്ങളിലുമായി കൊന്നമരം പൂവിട്ടു നില്‍ക്കുന്നു .....
കണിക്കൊന്നകള്‍ കൊണ്ട് ആകെയൊരു സ്വര്‍ണമയം ...കാണാന്‍ കണ്ണിനും ,മനസ്സിനും കുളിര്‍മ ....ഇന്നലെ രാവിലെ വരെ ഒരു ദിവസമൊഴിയാതെ 
ആ മനോഹാരിത ഞാന്‍ ആസ്വദിച്ചു .....
അരികിലിരുന്നവരെ  "ദെ നോക്കിയേ ...കണിക്കൊന്ന  ..." എന്നു പറഞ്ഞു വിളിച്ചു കാണിച്ചും  കാണാന്‍ കഴിയാത്തവരോടൊക്കെ ആ മനോഹാരിതയെ കുറിച്ചു പറഞ്ഞും ഞാനും കുറച്ചു ദിവസം അവളെ പ്രണയിച്ചു ....
പ്രകൃതിയെ സുന്ദരിയായി കാണുമ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തോഷം തിരിച്ചറിഞ്ഞു .....

ഇന്നലെ വൈകിട്ട് അവസാനമായി കൊന്നപ്പൂക്കളെ ഒന്ന് കാണാന്‍ ആഗ്രഹിച്ചു ....വിഷു കഴിഞ്ഞാല്‍ പിന്നെ അവരെ  ഇത്രയും സുന്ദരികളായി കാണാന്‍ പറ്റില്ലല്ലോ .......പക്ഷേ നിരാശയായിരുന്നു ഫലം ...ഒരു കൊന്നപ്പൂവിനെ 
പോലും കാണാന്‍ കഴിഞ്ഞില്ല ....കൊന്ന മരങ്ങളൊക്കെ തിരുപ്പതിക്ക് പോയെന്നു തോന്നുന്നു ....എല്ലാവരും  പൂക്കളെയൊക്കെ കളഞ്ഞു നില്‍ക്കുകയാണ് ....അവിടെയെങ്ങും കൊന്നമരം നിന്നു എന്ന ഓര്‍മ പോലും 
അവശേഷിപ്പിക്കാതെ .....

തിരികെ വീടെത്തുന്നത് വരെ കൊന്നപ്പൂക്കള്‍ വില്‍ക്കുന്ന വഴിയോര കച്ചവടക്കാരെ കണ്ടു ...ഒട്ടിച്ചു വച്ച പ്രൈസ് ടാഗുകള്‍ ഇല്ലാതെ തോന്നിയ വിലയ്ക്ക് വില്പന നടത്തുന്നവര്‍ ....ഒരു സന്ധ്യക്ക്‌ വേണ്ടി മാത്രം കച്ചവടക്കാരായി മാറിയവര്‍ ....കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ 
മുത്തശ്ശിമാര്‍ വരെയുണ്ട് അക്കൂട്ടത്തില്‍ ....ചോദിക്കുന്ന കാശ് കൊടുത്ത് അത് വാങ്ങിക്കൊണ്ട് പോകാന്‍ആള്‍ക്കാരുമുണ്ട് .....
പണ്ട് പറമ്പില്‍ നിന്നവള്‍  ...
ഇന്ന് റോഡില്‍ നില്‍ക്കുന്നവള്‍ ...
നാളെ ഓര്‍മകളില്‍  മാത്രം വിടരാന്‍ പോകുന്നവള്‍ ....
കുറച്ചു കാലം കൂടി കഴിഞ്ഞാല്‍ കൊന്നപ്പൂക്കളും പ്ലാസ്റ്റിക് പൂക്കളായി 
പുനര്‍ജനിക്കുമായിരിക്കണം ......

വിശേഷങ്ങള്‍ വരുമ്പോള്‍ മാത്രം ആവശ്യക്കാരെ ഓര്‍ത്തെടുക്കുന്നവരാണല്ലോ നമ്മള്‍ ...
ഇന്നത്തോടെ കൊന്ന പൂക്കളുടെ ആവശ്യം കഴിഞ്ഞു ...ഇനി അടുത്ത മേട ചൂടില്‍ കണിയൊരുക്കാന്‍ നേരം ഒരു വിഷു പാച്ചില്‍ നടത്തിയാല്‍ മതിയല്ലോ .അവള്‍ ഓടിയിങ്ങു പൂജാമുറിയിലെത്തിക്കോളും ......
കണിയൊക്കെ ഭംഗിയാക്കി കൈനീട്ടവും തന്നു രാത്രിയാകുമ്പോള്‍ തൊടിയിലെ ചവറുകൂനയ്ക്കരികില്‍ അവള്‍ ഉണങ്ങിയുറങ്ങിക്കോളും ......
ആരോടും പരിഭവം പറയാതെ ...... 

അടുത്ത മേടപ്പുലരിക്കു കണിയാകുവാന്‍ കൊന്നപ്പൂവേ നീ വരുമോ ....??????

Thursday 9 April 2015

സോളാറിൻ മറയത്ത് ....

സോളാറിൻ മറയത്ത് ....





എന്റെ പ്രിയപ്പെട്ട സരൂ മോൾക്ക്‌ ....,
                                                            നിനക്കോർമയുണ്ടോ....???

അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു .....
പൗർണമി വാവ് .....
പൂർണചന്ദ്രൻ മദോന്മത്തനായി അങ്ങനെ തെളിഞ്ഞു നില്ക്കുന്ന ദിവസം ....

നിയമസഭാ മന്ദിരത്തിന്റെ  വരാന്തയിലൂടെ ഞാൻ സരുവിന്റെ കൈയും പിടിച്ചു നടന്നു .....തെക്കൻ കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം സോളാർ കാറ്റ് നിന്റെ  സാരിയിലും മുടിയിഴകളിലും തട്ടി തടഞ്ഞു അങ്ങനെ പൊയ്ക്കൊണ്ടിരുന്നു .....
ഇരുട്ടിൽ നിന്നും സോളാർലൈറ്റ്- ന്റെ വെളിച്ചത്തിലേക്ക് ഓരോ പ്രാവശ്യം കടന്നു വരുമ്പോഴും നിന്റെ  പുഞ്ചിരി കൂടുതൽ കൂടുതൽ വശ്യമായി കൊണ്ടിരുന്നു ......
അന്ന് ആ വരാന്തയിൽ  വച്ചു ഞാൻ മനസ്സിൽ ഉറപ്പിച്ചു .....ഈ സോളാർ ടെണ്ടർ എന്റെയാണെന്ന് .......
മറ്റൊരുത്തനും ഈ ടെണ്ടർ വിട്ടു കൊടുക്കുല്ലാന്നു......

പക്ഷെ കണക്കു കൂട്ടലുകൾ എല്ലാം പിഴച്ചു ......
ഓടുന്ന ബസ്സിന്റെ പുറകെ പോയാലും ചിരിക്കുന്ന പെണ്ണിന്റെ പുറകെ പോകരുതെന്ന പാർട്ടിക്കാരുടെ വാക്കിനു പുല്ലു വില പോലും നല്കാതെ ഞാൻ നിന്റെ  പിറകെ വന്നു  ...എന്നിട്ടോ ....??? 

എന്റെ പരിശുദ്ധമായ ഹൃദയത്തെ നീ  കോഴ മുള്ള് കൊണ്ട്  കുത്തി ......,
അപവാദത്തിന്റെയും ,പീഡനത്തിന്റെയും  തേറ്റ പല്ലുകൾ കൊണ്ട് എന്നെ കടിച്ചു പറിച്ചു .....
ഇപ്പൊ ദേ കൂടെ കിടന്നവരെന്നും കിടക്കാൻ വിളിച്ചവരെന്നും പറഞ്ഞു ഒരു നീണ്ട ലിസ്റ്റും ......

എല്ലാ പടക്കങ്ങളും പൊട്ടി തീർന്നു ദീപാവലിയുടെ അവസാനം 
നീ വരും സരൂ .....
എനിക്കറിയാം ....പക്ഷെ ഇനി ഞാൻ നിന്റെ കൂടെ നില്ക്കില്ല ....
അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഇനിയും പാർട്ടിയിൽ നിന്ന് പുറത്താകാൻ എനിക്ക് വയ്യ .....

ലിസ്റ്റിൽ നീ എന്റെ പേര് ചെർക്കാത്തതിൽ  ഒരു ചെറിയ വിഷമം ഇല്ലാതില്ല ....എങ്കിലും എന്റെ സ്നേഹത്തെ നീ പരസ്യമാക്കിയില്ലല്ലോ എന്ന സന്തോഷമുണ്ട് മോളെ .....

എന്നാലും എന്റെ സരൂ  മോളെ ........ഇപ്പോഴും നീയാ പച്ച സാരിയും ഉടുത്തു വരുമ്പോ ചുറ്റും ഉള്ള    ക്യാമറേം , നീല വെളിച്ചോം ഒന്നും കാണാൻ പറ്റുന്നില്ല ......അതോണ്ടാ ആര് നിന്നാലും എന്റെ കണ്ണ് നിന്നെ മാത്രം നോക്കുന്നെ ......


ആാഹ് ........എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ....ഇനി പറഞ്ഞിട്ട് എന്തോത്തിനാ ...അല്ലിയോ ....???

എന്തരൊക്കെ ആയാലും  അടുത്ത് ഒരു ജന്മം ഉണ്ടെങ്കിൽ  എന്റെ പൊന്നെ ....നിന്നെ ഞാൻ സ്വന്തമാക്കും ....

നിന്റെ സ്വന്തം ,
ശശിയേട്ടൻ .