Tuesday 24 November 2015

അല്ലേലും ഈ പെണ്‍ പിള്ളേരൊക്കെ ഇങ്ങനാടാ...





അല്ലേലും ഈ പെണ്‍ പിള്ളേരൊക്കെ 

ഇങ്ങനാടാ...



                                   അല്ലേലും ഈ പെണ്‍ പിള്ളേരൊക്കെ ഇങ്ങനാടാ...
ആദ്യമൊക്കെ അയ്യോ പാവം ആയിരിക്കും.കുറച്ചങ്ങ്‌ അടുത്തു കഴിഞ്ഞാൽ അവളുമാരുടെ അയ്യോ അങ്ങ് മാറും..നമ്മൾ അവളുമാരെ ഉളളു തുറന്നങ്ങ് പ്രേമിക്കാൻ തുടങ്ങിയെന്നു മനസ്സിലായാൽ പാവവും മാറും...പിന്നെ ഇത്തിൾ വളളി കണക്കങ്ങു ഒരു പിടുത്തമാ...രാവിലെ വിളിച്ചുണർത്തണം , goodmorning പറയണം ..ഉച്ചയ്ക്ക് goodafternoon പറയണം , ചോറ് കഴിച്ചോ എന്ന് അന്വേഷിക്കണം ..വൈകിട്ടു goodevening പറയണം , ചായ കുടിക്കാൻ കമ്പനി കൂടണം..രാത്രി goodnight പറയണം ...മോളെ , ചക്കരേ , തേനേ , പാലേ എന്നൊക്കെ വിളിക്കണം ...ദിവസം കുറഞ്ഞത്‌ ഒരു പത്തു പ്രാവശ്യമെങ്കിലും വിളിക്കണം ...വിളിക്കാത്തപ്പോൾ മെസ്സേജ് അയയ്ക്കണം .നാലു I ♥ U ..അഞ്ച് I miss U...ആറ്‌ പഞ്ചാരയുമ്മ ....ഇതൊക്കെ സ്വന്തം ചിലവിൽ നടത്തുന്നതും പോരാഞ്ഞു അവളുടെ മൊബൈൽ കൂടി ചാർജ് ചെയ്തു കൊടുക്കണം .എന്നാലോ അവള് മിസ്സ്കാൾ മാത്രേ തരു , നമ്മള് തന്നെ തിരികെ വിളിക്കണം ..ഇനി വിളിച്ചാലോ ഫോണ്‍ വയ്ക്കുകയുമില്ല....ഇടയ്ക്കിടക്ക് അവളുമാരെ സന്തോഷിപ്പിക്കാൻ ഓരോ സർപ്രൈസ് ഒരുക്കണം..ഗിഫ്റ്റ് വാങ്ങികൊടുക്കണം...അവസാനം പ്രേമം അസ്ഥിക്ക് പിടിക്കുമ്പോൾ നമ്മുടെ ബാങ്ക് ബാലൻസ് സീറോ ആകും..കൂട്ടുകാരന്റെന്നു കടം വാങ്ങിയേന്റെ തെറി വിളി പാഴ്സലും ...അതും പോരഞ്ഞു ഈ ചേട്ടന് എന്നോട് ഒരു സ്നേഹവുമില്ലെന്ന അവളുടെ പരാതിയും....അവസാനം നയാപൈസാ ഇല്ലാ പാടി നടക്കുന്ന നമ്മളെ നോക്കി അവളുടെ വക ഉപദേശവും.... ഇതൊന്നും നോക്കാതെ മധുരക്കിനാവും പാടി കുടമുല്ലപ്പൂവും ചൂടി നടക്കുന്ന അവൾക്കു ഇപ്പോഴും അയ്യോ പാവം ലുക്ക്‌ തന്നെ....ഇതാണ് മോനെ പെണ്ണ് 


എന്ന് കരുതി എല്ലാ പെണ്‍കുട്ട്യോളും ഇങ്ങനെയൊന്നും അല്ല കേട്ടോ ...ഒരാൾ തന്നെ ഒരൽപം സ്നേഹിക്കുന്നുണ്ട് എന്ന് തോന്നിയാൽ അയാൾക്ക് വേണ്ടി എന്തും  ചെയ്യുന്ന കുട്ടികളുമുണ്ട് ..ഏതു നേരവും അവള് നിങ്ങളെ കുറിച്ചു ആലോചിച്ചു കൊണ്ടേ ഇരിക്കും ..നിങ്ങൾ ഉറക്കമെഴുനേറ്റുവോ , എന്തേലും കഴിച്ചുവോ , നിങ്ങള്ക്ക് സുഖം ആണോ ..എന്തേലും അസ്വസ്ഥതകൾ ഉണ്ടോ എന്നൊക്കെ തുടങ്ങി , നിങ്ങളെ കുറിച്ചു നിങ്ങളെക്കാൾ കൂടുതൽ അവൾ ചിന്തിക്കും ....ആദ്യമൊക്കെ നിങ്ങൾ ആണ്‍കുട്ടികൾ അത് ആസ്വദിക്കും ...പക്ഷെ പിന്നീട് അങ്ങോട്ട്‌ അവളുടെ ഈ ചിന്തകൾ നിങ്ങൾക്കൊരു ശല്യമായി മാറും , അത് നിങ്ങൾ തുറന്നു പറയുകയും ചെയും ...." ഒന്ന് ശല്യപ്പെടുത്താതെ പോടീ ..." എന്ന് പറഞ്ഞു നിങ്ങൾ ഓടിച്ചു വിട്ടാലും അവൾ വീണ്ടും നിങ്ങളെ ഇങ്ങനെ സ്നേഹിച്ചു കൊണ്ടേ ഇരിക്കും ...ഒടുവിൽ ഒരു നാൾ ആ ശല്യം ഇല്ലാതാകുമ്പോൾ മാത്രമേ അവളുടെ സ്നേഹം ഒരു ശല്യമല്ലായിരുന്നു എന്നും അത് നിങ്ങളെ ക്കുറിച്ചുള്ള അവളുടെ ഹൃദയത്തിന്റെ ആവലാതികൾ ആയിരുന്നു എന്നും നിങ്ങൾ തിരിച്ചറിയു....

അടിസ്ഥാനപരമായി ഈ പെണ്‍കുട്ടികൾ ഒക്കെ പാവമാണെന്നെ.....

ഒരു സ്പൂണ്‍ അഹങ്കാരം , ഒരു സ്പൂണ്‍ ജാഡ , ഒരു സ്പൂണ്‍ അമിത സൗന്ദര്യബോധം  , ഒരു ഒന്നൊന്നര സ്പൂണ്‍ പോസ്സെസീവ്നെസ്  ഇങ്ങനെയാണ് ഒരു 50 ശതമാനം പെണ്‍കുട്ട്യോളും ..ഇവർ അല്പം പ്രശ്നക്കാർ ആണ് കേട്ടോ ...സ്റ്റാൻഡേർഡ് നോക്കി പ്രേമിക്കുന്നവർ ആണ് ഇത്തരക്കാർ...അത് കൊണ്ട് ഇവരെ പ്രേമിക്കുമ്പോൾ അല്പം സൂക്ഷിക്കുന്നത് നല്ലതാ .....ഒരു വെള്ളപ്പൊക്കം വന്നാൽ മുന്നറിയിപ്പൊന്നും തരാതെ പൊക്കമുള്ള സ്ഥലം നോക്കി പോകുന്ന കൂട്ടരാണ് ഇവർ ...

ഇനിയുള്ള 50 ലെ 40 ശതമാനം അഹങ്കാരം , ജാഡ , അമിത സൗന്ദര്യ ബോധം എന്നിവയൊന്നുമില്ലാത്ത എന്നാൽ പോസ്സെസീവ്നെസ് ഉള്ള , ഇനി പറയുന്ന 10 ശതമാനത്തിൽ പെടാത്ത കുട്ടികളാണ് ......ഇവരെ കൂടെ കൂട്ടുന്നെനു മുൻപേ രണ്ടാമതൊന്നു ചിന്തിക്കേണ്ടതിന്റെ ആവശ്യകത തീരെ ഇല്ല ....


ബാക്കിയുള്ള 50 ലെ 10 ശതമാനം പേർ , അവരെ കിട്ടുന്ന ചെക്കന്മാർ ആണ് ഏറ്റവും ഭാഗ്യവാന്മാർ ....സ്നേഹിക്കുമ്പോൾ ഭാര്യയായും , കുറുമ്പ് കാട്ടുമ്പോൾ കൂട്ടുകാരിയായും , വാത്സല്യം തോന്നുമ്പോൾ അമ്മയായും , പിടിവാശി കാട്ടുമ്പോൾ സഹോദരിയായും , നിങ്ങൾ ആഗ്രഹിക്കുന്നതിനെക്കാൾ കൂടുതൽ നിങ്ങളെ മനസ്സിലാക്കി ജീവനുള്ളിടത്തോളം നിങ്ങൾക്കൊപ്പം എന്തിനും കൂടെ നില്ക്കുന്ന കൂട്ടരാണിവർ .....ഇവരെ കിട്ടണമെങ്കിൽ അൽപ സ്വല്പം മുജ്ജന്മ സുകൃതമൊക്കെ വേണം കേട്ടോ .....കിട്ടിയാൽ പോന്നു പോലെ നോക്കിക്കൊള്ളണം .....കാരണമെന്താണെന്നോ......ഇവർ വേദനിച്ചാലും , സങ്കടം വന്നാലും പരാതി പറയാതെ ഉള്ളിൽ കൊണ്ട് നടന്നു സ്വയം വേദനിച്ചും , നിങ്ങളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നവരാ.....

ഇതൊക്കെ ഒരു പണിയുമില്ലാത്തപ്പോൾ നടത്തുന്ന കണ്ടുപിടിത്തങ്ങളാ കേട്ടോ ....ഇനിയിപ്പോൾ ഇപ്പറഞ്ഞ കൂട്ടത്തിൽ ഞാൻ ഏതാണെന്ന് ചോദിച്ചാൽ ....എന്താ പറയ്യ..., അതിപ്പോൾ ആ മുകളിലിരിക്കുന്ന കർത്താവ് എനിക്ക് വേണ്ടി കാത്തു വച്ച ചെക്കന്റെ യോഗം പോലിരിക്കും അല്ലിയോ .....!!!!!!!!!!!!!

Monday 16 November 2015

ഐലാന്‍ ഉറങ്ങുകയാണ് ....നിലോഫറും ...!!


ഐലാന്‍ ഉറങ്ങുകയാണ് ....നിലോഫറും ...!!



(ഈ കഥയിലെ കഥാപാത്രങ്ങളും , സാഹചര്യങ്ങളും  തീർത്തും സാങ്കല്പികം മാത്രം ...ജീവിച്ചിരിക്കുന്നവരുമായോ , മരിച്ചവരുമായോ എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അത് യാദ്രിശ്ചികം മാത്രം ....)

                   ശരീരം നുറുങ്ങുന്ന വേദനയാണ് .... ഉറങ്ങണമെന്നുണ്ട് ...പക്ഷേ കഴിയുന്നില്ല ..കണ്ണടച്ചാല്‍ മുന്നില്‍ തെളിയുന്നത്  അവന്റെ മുഖമാണ് .തുറന്നു പിടിച്ച കണ്ണുകളുമായി പുഞ്ചിരിയോടെ തന്നെയും നോക്കിക്കിടന്ന അവന്റെ മുഖം ...... നിലോഫര്‍  വാതില്‍ തുറന്നു പുറത്തിറങ്ങി ഇരുന്നു .അവളാകെ അസ്വസ്ഥയായിരുന്നു . രാവെന്നോ പകലെന്നോ ഇല്ലാതെ കഴിഞ്ഞ ഒരാഴ്ച്ചയായി തുടങ്ങിയ അലച്ചിലാണ് .ആദ്യം കയ്യിലൊരു ക്യാമറയും പിടിച്ചായിരുന്നു ഓട്ടം .ഇന്നലെയത് സ്വന്തം ജീവനും പിടിച്ചു കൊണ്ടായിരുന്നു ...എന്നിട്ടും ....!!

"വെല്‍ഡന്‍ നിലോഫര്‍ .യു ഹാവ് ടണ്‍ എ വെരി ഗുഡ് ജോബ്‌ .നിനക്കറിയോ ...നിന്‍റെ ഒരൊറ്റ ക്ലിക്ക് ..ആ  ശവത്തിനെ മറിച്ചിടാന്‍ തോന്നിയ ബുദ്ധി .ദാറ്റ്‌ വാസ് എക്സെലെന്റ്റ് ..ഈ ന്യൂസ്‌ നമ്മുടെ ചാനലിനു നല്‍കിയ റീച്ച് ...." 
- സാറ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു .

അവള്‍ ഒന്നും കേട്ടില്ല .ഫോട്ടോയും ,ക്യാമറയും , രാജിക്കത്തും ഒരുമിച്ചു സാറയുടെ മേശപ്പുറത്തേക്ക് വച്ചു ഒന്നും മിണ്ടാതെ അവള്‍ പുറത്തേക്കിറങ്ങി .
" ശവം " സാറ അങ്ങനെ വിളിച്ചത് ഐലാനെയാണ് .എങ്ങനെ തോന്നി അവര്‍ക്കതിനു ....?? അവരും ഒരമ്മയല്ലേ ..മരിച്ചു പോയ ഒരു കുഞ്ഞിനെ വച്ചു തന്‍റെ മാസക്കീശ നിറയ്ക്കാന്‍ വേണ്ടി സാറ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍
കുറച്ചധികമാകുന്നുണ്ട്...പക്ഷേ ...സാറയെ എങ്ങനെയാണ് കുറ്റം പറയുക .ഇതവളുടെ ജോലി അല്ലേ ...? ഒരു ചാനലിന്‍റെ എഡിറ്ററെ സംബന്ധിച്ചു ചാനലിന്‍റെ റീച്ച് .....അതിനു തന്നെയാണ് പ്രാധാന്യം .അല്ലാതെ ഒരു കുഞ്ഞിന്റെ  ജീവനല്ലല്ലോ ...

"എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ല ...നിലോഫര്‍ , നീയൊരു ഫോട്ടോഗ്രാഫര്‍ ആയിരിക്കാം .പക്ഷേ മരിച്ചു പോയ ഒരു കുഞ്ഞിനെ കിടത്തി ഫോട്ടോ എടുത്തു കാശ് സമ്പാദിക്കുന്ന നീ , നാളെ നമുക്കൊരു കുഞ്ഞു ജനിച്ചാല്‍  ഫോട്ടോഗ്രാഫിക്ക് വേണ്ടിയാണെന്ന് പറഞ്ഞു അവനെയും ഇതുപോലെ ....എനിക്കാലോചിക്കാന്‍ പോലും കഴിയുന്നില്ല , നമുക്കിത് ഇവിടെ അവസാനിപ്പിക്കാം .ഐ ഡോണ്ട് നീഡ്‌ യു എനി മോര്‍ ..."

സാറയ്ക്ക് നേരെ താന്‍ വലിച്ചടച്ച വാതിലിനു പകരം ജോണ്‍ തന്‍റെ മുഖത്തിനു നേര്‍ക്ക്‌ കൊട്ടിയടച്ചു , അവന്‍റെ ഹൃദയത്തിന്‍റെ വാതില്‍ ...എന്നെന്നേക്കുമായി ..
അവനിനി തന്നെ ആവശ്യമില്ല ,എന്നാണു പറഞ്ഞത്.അതിനര്‍ത്ഥം , സ്നേഹവും ,പ്രണയവുമൊക്കെ വെറും ആവശ്യം മാത്രമാണെന്നല്ലേ ....അപ്പോള്‍ ഹൃദയത്തില്‍ നിന്നും ഉടലെടുക്കുന്ന ഇത്തരം വികാരങ്ങള്‍ക്ക് 
യാതൊരു വിലയും ഇല്ലെന്നാണോ ...?????

ആരാണ് തെറ്റ് ...??ആരാണ് ശരി ...??സാറയോ ...?ജോണോ ,,,? താനോ ...?അതോ ഐലാനോ ...??

ആലോചിക്കും തോറും അവള്‍ക്ക് കരച്ചില്‍ വന്നു .അവള്‍ പോട്ടിക്കരയുക തന്നെ ചെയ്തു .ചുറ്റുമുണ്ടായിരുന്ന ആര്‍ക്കും ആ കരച്ചില്‍ കണ്ടിരിക്കാന്‍ കഴിഞ്ഞില്ല ..കത്രീനാമ്മ അവള്‍ക്കടുത്തെക്കെത്തി ചുമലില്‍ കൈ വച്ചു പറഞ്ഞു .. "നിലോഫര്‍ ...അരുത് ...കരയരുത് ..." 

" ഞാന്‍ തെറ്റാണെന്ന് ജോണ്‍ പറയുന്നു ...ശരിയാണെന്ന് സാറയും ..എല്ലാം കത്രീനാമ്മയ്ക്കും അറിയാമല്ലോ ..കത്രീനാമ്മ പറയു ...ഈ നിലോഫര്‍ ശരിയാണോ ,...?അതോ തെറ്റോ ....? "

" നീ ചെയ്തത് ശരിയാണെന്ന് നിനക്ക് ഉറച്ച ബോധ്യമുള്ളിടത്തോളം , ആരൊക്കെ എന്തൊക്കെ പറഞ്ഞാലും  നീ തന്നെയാണ് ശരി ..നിലോഫര്‍ , നീ മാത്രമാണ് ശരി ." കത്രീനാമ്മ പുഞ്ചിരിച്ചു .

" ഇരുപതാം വയസ്സില്‍ കടല്‍ കടന്നു വന്ന ഈ ഇരിക്കുന്ന പേര്‍ഷ്യന്‍ മാപ്ലയെ സ്നേഹിച്ചു കൂടെ ഇറങ്ങി പോകുമ്പോള്‍ എല്ലാവരും പറഞ്ഞു , കത്രീന ചെയുന്നത് തെറ്റാണെന്ന് ..പക്ഷേ എന്‍റെ മനസ്സ് എന്നോട് പറഞ്ഞു ,  ഞാനാണ് ശരിയെന്ന്‍..കര്‍ത്താവിന്റെയും , തിരുസഭയുടെയും ,വീട്ടുകാരുടെയും നീതിക്ക് കാതോര്‍ക്കാതെ ഈ മാപ്ല എന്നെയങ്ങ് മിന്നുകെട്ടി  ...ഒരു രാത്രിയെ ഞങ്ങള്‍ ഒന്നിച്ചു ജീവിച്ചുള്ളു .ഭൂമിയിലെ ഞങ്ങളുടെ ജീവിക്കാനുള്ള അവകാശം നശിപ്പിക്കാന്‍  മാത്രമേ മതവാധികള്‍ക്ക് കഴിഞ്ഞുള്ളൂ .ഞങ്ങളുടെ സ്നേഹം ഒരു മതത്തിന്‍റെയും  വാളിനു മുന്‍പില്‍ തോറ്റുകൊടുത്തിട്ടില്ല ...അല്ലിയോ മാപ്ലേ ...." - കത്രീന ചിരിച്ചു ...കത്രീനയുടെ പേര്‍ഷ്യന്‍ മാപ്ലയും കൂടെയിരുന്ന എല്ലാവരും ചിരിച്ചു ,,,,നിലോഫറും ..

" മതി , കത്രീന പെണ്ണെ ....ദേ ..വെളിച്ചം വീഴാന്‍ തുടങ്ങുന്നു .ഈ മാപ്ലയ്ക്കും കൂട്ടുകാര്‍ക്കും പോകാന്‍ സമയമായി .പകല്‍ നമുക്കുള്ളതല്ലെന്നത് നീ മറന്നോ ...?? "

കൂട്ടത്തിലേതോ മൂത്തകാരണവര്‍ എല്ലാവരോടും പിരിഞ്ഞു പോകാന്‍ കല്‍പ്പിച്ചു .ജാതിയുടെയും ,മതത്തിന്‍റെയും പേരില്‍ മനുഷ്യര്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ക്കുള്ളിലേക്ക് ഓരോരുത്തരും പിന്‍വാങ്ങി .നേരിയ ഒരാശ്വാസത്തോടെ നിലോഫറും ...


***************************************************

" നിങ്ങളാരുമെന്താ ഒരു തീരുമാനത്തിലെത്താത്തെ ...? ഇതിപ്പോള്‍ മൂന്നു രാത്രി കഴിഞ്ഞു .ഇനിയും ഈ കൊച്ചനെ  ഇങ്ങനെ ഐസിന്‍റെ മേലെ കിടത്തണമെന്നാണോ നിങ്ങളൊക്കെ പറയുന്നേ ...? നിങ്ങള്‍ക്കൊന്നും മനുഷ്യത്ത്വം ഇല്ലേ ...???  " - ഗബ്രിയേലച്ചന്‍ വല്ലാതെ ക്ഷോഭിച്ചു .

"അച്ചോ ..അച്ചനിങ്ങനെ കെറുവിച്ചിട്ടു ഒരു കാര്യവുമില്ല ...ഇവനൊരു ജൂതചെക്കനാ ..ചത്തുമലച്ചു കരയ്ക്കടിഞ്ഞിട്ടിപ്പോ രണ്ടു ദിവസമായില്ല്യോ ..തന്തയും , തള്ളയുമൊന്നും വരാത്ത സ്ഥിതിക്ക് നമ്മളെന്തിനാ അച്ചോ ഈ വയ്യാവേലിയെടുത്തു തലയില്‍ വയ്ക്കുന്നെ ....? " - കരപ്രമാണി വര്‍ക്കിച്ചനാണ് 

ഗബ്രിയേലച്ചന് വര്‍ക്കിയുടെ  കരണത്തിട്ടു ഒന്ന് പൊട്ടിക്കാനാണ് തോന്നിയത് .
 " വര്‍ക്കിച്ചോ ...തന്‍റെ വിവരമില്ലായ്മ  താന്‍ തന്നെ പോക്കറ്റിലിട്ടു വച്ചോ .എന്റടുത്തു അതും കൊണ്ട് വരല്ലേ ....ജൂതന്‍ എന്നു കൂട്ടിച്ചേര്‍ത്തു 
എഴുതാന്‍ കഴിയാത്ത ഒരു പിഞ്ചുകുഞ്ഞിനോടാ നിന്റെയൊക്കെ ഈ വെറളി . തന്റെ കുടുംബസ്വത്തൊന്നുമല്ലല്ലോ വര്‍ക്കിച്ചാ , കര്‍ത്താവിന്‍റെ പള്ളിപ്പറമ്പില്‍ ഈ കൊച്ചനു വേണ്ടി ആറടി മണ്ണല്ല്യോ ഞാന്‍ ചോദിച്ചുള്ളൂ .
തന്നെയൊക്കെ മുക്കാലില്‍ കെട്ടിയിട്ടു മൂട് നോക്കി നാല് തരേണ്ട കാലം കഴിഞ്ഞു . "

"അച്ചോ ...അച്ചനെന്തൊക്കെ പറഞ്ഞാലും നടക്കത്തില്ലച്ചോ ..ഈ ചെക്കന്‍റെ ഫോട്ടോ പിടിച്ച പെണ്ണിന്‍റെ ഗതി എന്താണെന്ന് അച്ചന്‍ കണ്ടതല്ലേ ..അച്ചന്‍ തന്നെയല്ലേ കുഴിയിലോട്ടിറക്കാന്‍ നേരം ആ പെണ്ണിന് വേണ്ടി 
കര്‍ത്താവിനെ വിളിച്ചേ .ഇനി ഈ ജൂതചെക്കനെ കൂടി പള്ളിപറമ്പില്‍ കിടത്തിയിട്ട് ആരുടെയൊക്കെ ശത്രുതയാ അച്ചനു നേടെണ്ടേ ....? തിരിച്ചങ്ങു കടലിലിട്ടെക്കാം അച്ചോ ഇതിനെ . അതാ നല്ലത് .അല്ല പിന്നെ..."

"പ്ഫ ...എരപ്പേ , നിന്‍റെ കൊച്ചിനെ എടുത്തെറിയെടാ കടലിലോട്ട് .ഒരു കരപ്രമാണി വന്നേക്കുന്നു .." -  വര്‍ക്കിക്ക് നേരെ ഗബ്രിയേലച്ചന്‍ കാര്‍ക്കിച്ചു തുപ്പി .

" വാടോ കപ്പ്യാരെ ...ഈ തന്തയ്ക്കു പിറക്കാത്ത സാത്താന്മാരോടോന്നും പറഞ്ഞിട്ട് കാര്യമില്ല .എനിക്കറിയാം ..,എന്താവേണ്ടതെന്ന് . " 
ഗബ്രിയേലച്ചന്‍ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ വര്‍ക്കിച്ചനെ ഒന്നിരുത്തി നോക്കിയ ശേഷം കാലു നീട്ടി വച്ചു പള്ളിയിലേക്ക് നടന്നു .

"എന്ത് കാണാനാടാ എല്ലാവന്മാരും നില്‍ക്കുന്നേ ...?പോകിനെടാ .." വര്‍ക്കിച്ചന്‍ കടപ്പുറത്ത് നിന്ന് എല്ലാവരെയും ഓടിച്ചു വിട്ടു .

കടല്‍കാറ്റേറ്റ് വര്‍ക്കിച്ചന്റെ വള്ളത്തില്‍ ഐസ് കട്ടകള്‍ക്കിടയില്‍ കിടന്ന ഐലാന്റെ മരവിച്ച ചുണ്ടുകളില്‍ ഒരു പുഞ്ചിരി കളിയാടിയ പോലെ ....

***************************************************

"നേരം ഇരുട്ടി തുടങ്ങിയല്ലോ അച്ചോ ...അച്ചനൊന്നും പറഞ്ഞില്ല ..." - കപ്പ്യാര്‍ ഓര്‍മിപ്പിച്ചു .

"കപ്പ്യാരെ ...ഒരു പള്ളിക്കാരന്റെം ,പട്ടക്കാരന്റെം ,കരപ്രമാണിയുടെയും തീരുമാനത്തിന് ഇനി കാത്തുനില്‍ക്കണ്ട. ഐലാന്റെ ശരീരം ഇനി വര്‍ക്കിച്ചന്റെ വള്ളത്തില്‍ ആരുടേം കരുണ കാത്തു കിടക്കുകയും വേണ്ട  ..പിള്ളേരെ പറഞ്ഞു വിട്ടു കപ്പ്യാര്‍ അവനെ ഇങ്ങേടുത്തേക്ക് ..."

"എവിടെയാ അച്ചോ ആ കുഞ്ഞിനെ കിടത്തുക ...?"

" മറ്റെവിടെയാ കപ്പ്യാരെ ...അവളുടെ അടുത്തു തന്നെ . ...നിലോഫറിന്റെ ..ആറടി മണ്ണ് അവനങ്ങ്‌ കൊടുത്തേക്കാം കപ്പ്യാരേ .....ഒരു കര്‍ത്താവും നമ്മളോട് കോപിക്കില്ല .."

"ഒക്കെയും അച്ഛന്റെ തീരുമാനം പോലെ ..." - കപ്പ്യാര്‍ പുറത്തേക്കിറങ്ങി

***************************************************

പേര്‍ഷ്യന്‍ മാപ്ലയും കൂട്ടുകാരും മീസാന്‍ കല്ല്‌ കടന്ന് പള്ളിപ്പറമ്പിലേക്കെത്തുമ്പോള്‍ നിലോഫറിന്റെ കല്ലറയ്ക്കരികിലതാ ഗബ്രിയേലച്ചനും , കപ്പ്യാരും ,കുറച്ചു പാതിരി പിള്ളേരും ...നിലോഫറും , കത്രീനയും കൂട്ടരുമൊക്കെ ഒരു ഓരത്തു ഒതുങ്ങി നില്‍പ്പുണ്ട് .ആള്‍ക്കൂട്ടം തീരാനായി പേര്‍ഷ്യന്‍ മാപ്ല കാത്തു നിന്നു .കര്‍ത്താവിന്‍റെ നാമത്തില്‍ കുരിശും വരച്ചു ഒരു കേട്ട് റോസാപ്പൂവും ഐലാനു കൊടുത്തശേഷം അച്ചനും 
കൂട്ടരും പള്ളിപ്പറമ്പ് വിട്ടു .

"എന്നതാ കത്രീനേ ...?എന്തുവാ ഇവിടെ നടന്നെ ,,?"

" ആ കൊച്ചനെ കൊണ്ട് വന്നതാ മാപ്ലേ ..."

"ഏതു കൊച്ചന്‍ ,,,?"

"നമ്മുടെ ഈ നിലോഫര്‍ പടമെടുത്ത ആ കൊച്ചന്‍ ,അവനെ പള്ളിപ്പറമ്പില്‍ കയറ്റാന്‍ കരക്കാരു സമ്മതിക്കാത്തോണ്ട് ആരും അറിയാതെ അച്ചന്‍ ദേ ഇവിടെ കൊണ്ട് കിടത്തി ...നിലോഫറിന്റെ തൊട്ടരികത്ത് ."

നിലോഫറിന്റെ മുഖത്ത് ആയിരം പൂര്‍ണചന്ദ്രന്‍മാരുടെ പുഞ്ചിരി ...ആ രാത്രി ഉത്സവത്തിന്‍റെ രാത്രിയായിരുന്നു .സ്വര്‍ഗരാജ്യം നേടിയവരുടെ ഉത്സവരാത്രി .


***************************************************

നേരം വെളുക്കാന്‍ നാഴികകള്‍ ബാക്കി നില്‍ക്കവേ ഐലാന്റെ ശരീരം കടലില്‍ കെട്ടിത്താഴ്ത്താനുള്ള സന്നാഹവുമായി വര്‍ക്കിച്ചനും കൂട്ടരും കടല്‍ക്കരയിലെത്തി .എത്രയൊക്കെ തിരഞ്ഞിട്ടും ഐലാന്റെ ശരീരം കണ്ടെത്താന്‍ അവര്‍ക്കായില്ല .നിരാശയോടെ , എന്നാല്‍ സന്തോഷത്തോടെ ആ കുഞ്ഞു ശരീരം കടലമ്മ കൊണ്ട് പോയ കഥയും പാടി  വര്‍ക്കിച്ചന്‍ കടല്‍ത്തീരത്തൂടെ ഓടി നടന്നു , നേരം വെളുത്തതും ,ഇരുട്ടുന്നതുമറിയാതെ ഒരു ഭ്രാന്തനെ പോലെ ...


***************************************************

ഞായറാഴ്ച കുര്‍ബാനയും തീര്‍ത്ത്‌ കൈയിലൊരുപിടി പൂക്കളുമായി ഗബ്രിയേലച്ചന്‍ ഐലാനരികിലേക്കെത്തി .നിലോഫറിനരികത്തെ ആരും കാണാത്ത കുഞ്ഞിക്കല്ലറയ്ക്ക് മേല്‍ ആ പൂക്കളും വച്ച് നിലോഫറിന്റെയും , ഐലാന്റെയും ആത്മശാന്തിക്കു വേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിച്ച ശേഷം അച്ഛന്‍ ആത്മസംതൃപ്തിയോടെ പള്ളിയിലേക്ക് നടന്നു .

ഐലാന്‍ ഒന്നിളകിയെന്നു തോന്നുന്നു ...അവനെ ഒന്ന് കൂടി മാറോടു ചേര്‍ത്തു പിടിച്ചു നിലോഫര്‍ സുഖമായുറങ്ങി ... ആരെയും പേടിക്കാതെ ...
ഭൂമിയിലെ തന്‍റെയും ഐലാന്റെയും ജീവിതം കവര്‍ന്നെടുത്ത എല്ലാവരോടും പൊറുക്കുവാന്‍ അവള്‍ ദൈവപുത്രനോടപേക്ഷിച്ചു ...ആ പ്രാര്‍ത്ഥന കൈക്കൊണ്ടെന്ന പോലെ ആത്മാവിന്‍റെ സന്തോഷവുമായി മഴത്തുള്ളികള്‍ മണ്ണിലേക്കെത്തി നോക്കി ....



(ശുഭം)

Thursday 12 November 2015

ചില gOOgLe +ചിന്തകൾ.....

ചില gOOgLe +ചിന്തകൾ.....




  • ബന്ധങ്ങൾ ഒരുപാടായാൽ വേദനകളുടെ എണ്ണം  കൂടും ....ബന്ധങ്ങളുടെ എണ്ണം കുറഞ്ഞാലോ , സന്തോഷങ്ങളുടെ എണ്ണവും കൂടും .....!!!


  •  പെണ്‍കുട്ടികൾക്കായിരുന്നു രണ്ടാം ക്ലാസിലെ പാവാട ഇരുപതാം വയസ്സിലും ഇടുന്ന ശീലം ...അത് കണ്ടു തീരെ സഹിക്കാഞ്ഞിട്ടാണെന്നു തോന്നുന്നു ,,,,,,, ആണ്‍കുട്ടികളൊക്കെ നഴ്സറിയിലെ  നിക്കറുമിട്ടു ബൈക്കിൽ റോന്തു ചുറ്റുന്നത്‌ ....


  • വേദന കടിച്ചു പിടിച്ചു ഹൃദയം പറിച്ചു കൊടുത്തവന്റെ , ഹൃദയതാളം സ്വന്തമാക്കി കഴിഞ്ഞാൽ പിന്നെ നന്ദി എന്ന രണ്ടക്ഷരം എന്നെന്നേയ്ക്കുമായി  മറക്കുന്നവനാണ് മനുഷ്യൻ ......ഭൂമിയിലെ ജീവനുള്ളവയിൽ വച്ചു ഏറ്റവും നന്ദി കെട്ട വർഗം....!


  • അച്ഛൻ അമ്മയുടെ ഗർഭപാത്രത്തിനു സമ്മാനിക്കുന്ന കുളിരിന്റെ പവിത്രതയാണ് , ഭൂമിയിലെ വിശ്വാസങ്ങളിലേക്കു നമ്മെ നയിക്കുന്ന സത്യത്തിന്റെ കരുത്ത്....


  • കരിങ്കല്ലിൽ അടിസ്ഥാനം തീർക്കാതെ വെണ്ണക്കൽ സൗധം പണിഞ്ഞിട്ടെന്താ കാര്യം ....?അല്ലെ ....???


  • എന്തെങ്കിലുമൊന്നു ചെയ്യണം എന്ന് തോന്നിയാൽ പിന്നെ കൂടുതൽ ആലോചിച്ചു കൂട്ടാതെ അങ്ങ് ചെയ്തേക്കുക ....സംഭവിക്കാനുള്ളത് എന്തായാലും സംഭവിക്കുക തന്നെ ചെയ്യും ....


  • ഈ പെണ്‍പിള്ളേരുടെ ജീവിതം ഒരു ഞാണിന്മേൽ കളിയാണ് കേട്ടോ ...അപ്പോൾ ഞാണിനെ നമുക്ക് പുരുഷൻ എന്ന് വിളിക്കാം .. :


  • ഓരോ മനുഷ്യനും ഒരു കടങ്കഥയാണ് ...ഉത്തരത്തിനടുത്തെക്കെത്തുമ്പോൾ പുതിയ ചോദ്യത്തിലേക്ക് വഴുതി മാറുന്നൊരു വലിയ  കടങ്കഥ...!!


  • അടുത്ത് നിൽക്കേണ്ടുന്നവർ അകലുകയാണെന്ന് തിരിച്ചറിയുമ്പോൾ ,  അരികിൽ നിൽക്കുന്നവരിൽ നിന്നും  നമ്മൾ പോലുമറിയാതെ നാം അകന്നു പോകും ....തീർത്തും നാം നമ്മെ  ഒറ്റപ്പെടുത്തും ....അത് അങ്ങനെയാണ് ..!!


  • അങ്ങോട്ട്‌ മിണ്ടിയാലെ തിരികെ മിണ്ടുള്ളൂ എന്ന വാശിയാണ് എല്ലാവർക്കും...ഈയിടെയായി എനിക്കും ..!


  • അപ്രതീക്ഷിത മുഹൂർത്തങ്ങൾ പകരുന്ന അനുഭൂതികൾ വാക്കുകൾക്കതീതമാണ് ...അത് സുഖമുള്ളതായാലും , അല്ലെങ്കിലും ,.....!!


  • ശല്യമാണ് എന്ന് തോന്നിയാൽ,  സ്നേഹം കൊണ്ട് പോലും ശല്യപെടുത്തരുത്.. .. മറ്റൊരാളെ കൂടി സങ്കടപ്പെടുത്തിക്കൊണ്ട്  നാം സ്വയം സങ്കടപ്പെടുന്നു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല ....സ്നേഹം സത്യമാണെങ്കിൽ നാം സ്നേഹിക്കുന്നവരെ അവരുടെ ഇഷ്ടത്തിനു വിട്ടേക്കുക ...ആ വഴിയിൽ ഒരു നിഴലായി പോലും നാം കടന്നു ചെല്ലരുത്‌.....(#half copied)


  • ചില സ്വപ്‌നങ്ങൾ സ്വപ്നങ്ങളായി മാത്രം നിലനില്ക്കുന്നതാണ് എന്തുകൊണ്ടും നല്ലത് ......എങ്കിൽ സുഖമുള്ളൊരു ഓർമയായി  അല്ലെങ്കിൽ നേർത്തൊരു നോവായി അവയെ എന്നും ഹൃദയത്തോട്  ചേർത്തു നിർത്തി താലോലിക്കാം..... .

Tuesday 10 November 2015

ഒരു കുഞ്ഞു പൂവിന്റെ ഓർമയ്ക്ക്

ഒരു കുഞ്ഞു പൂവിന്റെ ഓർമയ്ക്ക്...


ആഴിക്കുളിരിന്റെ  ആഴത്തിനുള്ളിലെ 
അമ്മക്കഥയുടെ പൊരുൾ തേടി ,
ആരോരുമറിയാതെ പോയോ നീ-
യൊരു നാളിൽ തോണിയിലേറി മെല്ലെ .

പവിഴക്കുടകീഴിലുറങ്ങും  പളുങ്കിന്റെ 
പരിമളം തേടി നീ പോയതാണോ ...?
ഏഴാം കടലിനുമക്കരെ  കാണുന്ന 
മാളിക നിന്നെ വിളിച്ചതാണോ ..?

അമ്പിളി മാമനെ കുമ്പിളിൽ കാട്ടി-
യിട്ടമ്മ താരാട്ടുമോമന പൈതൽ നീ .
അമ്മിഞ്ഞപ്പാലിന്റെ നേരിനുള്ളിൽ 
തനയ വിശ്വാസത്തിൻ കാതലും നീ .

മതമില്ല , ജാതിയും നിറവുമില്ലോമനെ
ദേവ പൂവാടി തൻ കുളിരാണ് നീ ...
വാക്കിന്റെ കള്ളവും , നോക്കിന്റെ ചിന്തയും 
സ്മേരത്തിൻ കൂരമ്പും നിനക്കന്യമല്ലോ ...

ആരോ തൊടുത്തിട്ട ക്രൂരമാമമ്പിനാൽ 
ഇഹലോകം നിന്നിലെ സ്വപ്നമായോ ....
തിരകളാൽ താരാട്ടി , കാറ്റിനാൽ  നീരൂട്ടി
തീരത്തണഞ്ഞു നീ വിശ്വത്തിൻ നോവായി ...

ഉറങ്ങു നീയെല്ലാം മറന്നിടാൻ ...
ഉണരൂ നീ മാറ്റത്തിൻ കാവലാകാൻ ....
നീ മറഞ്ഞെങ്കിലും , മായുകില്ല ..
ഐലാൻ ..നീ ഞങ്ങളിൽ ജീവിച്ചിടും ..