Monday 28 December 2015

നീ പറയാതെ പോയതിനും , ഞാൻ പറയാൻ ശ്രമിച്ചതിനും ഇനിയും ആയുസ്സുകൾ എത്രയോ ബാക്കി ....!

നീ പറയാതെ പോയതിനും , ഞാൻ പറയാൻ ശ്രമിച്ചതിനും ഇനിയും ആയുസ്സുകൾ എത്രയോ ബാക്കി ....!




                               ഒരാളോട് ഒരു കാര്യം ചോദിച്ചു അറിയാനുള്ള ആഗ്രഹം കൂടുനതും , ആ കാര്യം പറയാൻ നമ്മൾ അയാളെ നിർബന്ധിക്കുന്നതും നമുക്ക് അയാളോടുള്ള അധികാരത്തിന്റെ പുറത്താണ് .... പക്ഷെ നമ്മൾ ചോദിക്കാതെയാണ് അയാൾ ആ കാര്യം നമ്മോടു പറയുന്നത് എങ്കിൽ അത് നമ്മോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടായിരിക്കും ..നമ്മൾ അറിയേണ്ട കാര്യങ്ങൾ എന്നായാലും നമ്മോടു പറയേണ്ടവർ തന്നെ പറഞ്ഞിരിക്കും ,,,,

മറ്റുള്ളവർ നമ്മെ കുറിച്ചു എന്ത് വിചാരിക്കും എന്ന ചിന്തയാണ് പലപ്പോഴും നമ്മളെ മൗനികൾ ആക്കുന്നത് ..അതാണ്‌ പിന്നീട് വലിയ വലിയ പ്രശ്നങ്ങളിലേക്ക് നമ്മെ കൊണ്ട് എത്തിക്കുന്നതും ..ഒരു മേശയ്ക്കു ഇരു വശവും ഇരുന്നു പരസ്പരം മനസ്സ് തുറന്നു സംസാരിച്ചാൽ  തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ ഏതു രണ്ടു വ്യക്തികൾക്ക് ഇടയിലും ഉള്ളു ...പക്ഷെ മുഖത്തോടു മുഖം നോക്കി ഇരിക്കാനുള്ള മടിയും , പരസ്പരം ഉള്ള ഈഗോയും ആണ് പല പരിഭവങ്ങളെയും -വലിയ പിണക്കങ്ങളും , തീർത്താൽ തീരാത്ത ശത്രുതകളും ആക്കി മാറ്റുന്നത് എന്നതാണ് സത്യം .

ഒരു നന്ദിവാക്കു പറഞ്ഞാൽ ഏറെ സന്തോഷിക്കുന്ന , ഒരു ക്ഷമാപണം കേട്ടാൽ മനസ്സ് തുറന്നു അത് അംഗീകരിക്കുന്ന , നല്ലത് കണ്ടാൽ പുഞ്ചിരിച്ചു കൊണ്ട് അഭിനന്ദിക്കുന്ന മനുഷ്യരാകണം നമ്മൾ ഓരോരുത്തരും ...

ഒരു വർഷം കൂടി തിരശ്ശീലയ്ക്കു  പിന്നിലേക്ക്‌ ഓടിയൊളിക്കുകയാണ് ....
പലരോടും പലതും പറഞ്ഞും , പറയാതെയും  കടന്നു പോയ ഒരു വർഷം ...
ആരോടൊക്കെയോ എന്തൊക്കെയോ ഇപ്പോളും പറയാൻ ബാക്കിയാണ് ....." മറ്റുള്ളവർ എന്ത് വിചാരിക്കും " എന്ന ചിന്ത കൊണ്ട് മാത്രം പറഞ്ഞതിനേക്കാൾ ഏറെയാണ്‌ പറയാതെ പോയതെന്ന് തോന്നുന്നു ....
പറയാനും , കേൾക്കാനും ഇനിയും  എന്തൊക്കെയോ ബാക്കി വച്ചു 2015-ഉം വിട വാങ്ങാൻ പോകുന്നു ......

നീ പറയാതെ പോയതിനൊക്കെയും നന്ദി ....
ഞാൻ പറയാൻ മറന്നതിന് നന്ദി .....
നീ പറഞ്ഞതിനും , ഞാൻ പറയാൻ ബാക്കി വച്ചതിനും നന്ദി .....

ഞാൻ നല്കിയ കണ്ണ്നീരിനു മാപ്പ് ....
നീയേല്പ്പിച്ച മുറിവുകൾക്കും മാപ്പ് ....
അറിയാതെ പരസ്പരം കൈമാറിയ വേദനകൾക്കും മാപ്പ് ,,,,,,

കഴിഞ്ഞതൊക്കെ കാലത്തിന്റെ പിന്നിൽ പോയ്‌ ഒളിക്കട്ടെ ....
ഇതൊരു പുതിയ തുടക്കമാണ് .....
ഇവിടുന്നങ്ങോട്ട്‌ നീയും ഞാനും ഒന്നിച്ചു സഞ്ചരിക്കുകയാണ് ......
എല്ലാം പരസ്പരം തുറന്നു പറഞ്ഞും , ഉള്ളു തുറന്നു മനസ്സിലാക്കാൻ ശ്രമിച്ചും ഒരുമിച്ചു കൈ കോർത്തു നമുക്ക് നീങ്ങാം ......
പറയാനൊന്നും ബാക്കിയാക്കാതെ ......
ഓർമകളെ മധുരതരമാക്കി ഈ യാത്ര നമുക്ക്  തുടരാം .....

" വരിക സഖി അരികത്തു ചേര്‍ന്നു നില്‍ക്ക
പഴയൊരു മന്ത്രം സ്മരിക്കെ  നാം
അന്യോന്യം ഊന്നു വടികളായ് നില്‍ക്കാം
ഹാ! സഫലമീ യാത്ര.... "




Wednesday 23 December 2015

I aM whAt I aM...!! aNd I am HaPpY fOr tHaT....!!

I aM whAt I aM...!! aNd I am HaPpY fOr tHaT....!!




                                    ഈയിടെയായി എല്ലാവരും പറയുന്നുണ്ട് എനിക്ക് വട്ടാണെന്ന് ...ഇതിനു മുൻപു പലരും പറഞ്ഞിട്ടുള്ള കാര്യമാണ് ...അപ്പോളൊന്നും അധികം ചിന്തിക്കാതെ തമാശക്കൂട്ടിലേക്ക് വലിച്ചെറിഞ്ഞ കാര്യമാണത്....പക്ഷെ ഇപ്പോൾ .....അങ്ങനെയങ്ങ് വലിച്ചെറിയാൻ കഴിയുന്നില്ല .....ചിന്തിക്കേണ്ടതുണ്ട് .......ഒരേ കാര്യം ഒരുപാട് പേർ ഒരേ സ്വരത്തിൽ പറയുമ്പോൾ അതിനു സത്യമാകാനും , കള്ളമാകാനും സാധിക്കും ....അപ്പോൾ അതേക്കുറിച്ചു  സ്വന്തമായി ഒന്ന് ചിന്തിക്കുനത് നല്ലതല്ലേ .....

എന്റെ പ്രായത്തിലുള്ള മിക്കവാറും എല്ലാ പെങ്കുട്ടികൾക്കൊപ്പവും ഒരു കൂട്ടുകാരി അല്ലെങ്കിൽ കൂട്ടുകാരനെ ഞാൻ എപ്പോഴും കണ്ടിട്ടുണ്ട് ...പക്ഷെ എന്ത് കൊണ്ടോ എന്നോടൊപ്പം മാത്രം അങ്ങനെ ഒരാളെ ഞാൻ ഇതേ വരെ കണ്ടിട്ടില്ല ...അതെന്തു കൊണ്ടാണെന്ന് ആലോചിച്ചപ്പോൾ എനിക്കും തോന്നി എനിക്ക് വട്ടാണെന്ന് ...ഒരു ഭ്രാന്തനോടൊപ്പം കൂട്ട് കൂടി നടക്കാൻ ആരാ അല്ലെ ഇഷ്ടപ്പെടുക ..??

കൂടെ അങ്ങനെ ഒരു കൂട്ട് ഇല്ലാത്തത് കൊണ്ട് ഞാൻ സ്വതന്ത്രയാണ് .ഇഷ്ടമുള്ളിടത്ത് പോകാം , വഴിക്ക് വച്ചു കാണുന്നവരോടൊപ്പം കുറച്ചു നേരം കൂടാം ...അവർക്കിഷ്ടമാകുമോ ഇല്ലയോ എന്ന് ചിന്തിച്ചു ബുദ്ധിമുട്ടാതെ മനസ്സിന് ഇഷ്ടമുള്ളത് ചെയ്യാം ....ചുരുക്കി പറഞ്ഞാൽ എന്തിനും ഏതിനും ഒരാളെ ആശ്രയിക്കാതെ നടക്കാം .......

ആ ഏകാന്തതയെ ആദ്യമൊക്കെ എനിക്ക് പേടിയായിരുന്നു .....പേടി മാറി കഴിഞ്ഞപ്പോൾ സങ്കടമായി ...എല്ലാവരും എന്നെ തനിച്ചാക്കുന്നു എന്നുള്ള സങ്കടം ...ആ സങ്കടത്തെ എപ്പോഴോ ഞാൻ സ്വാതന്ത്ര്യമായി കാണാൻ തുടങ്ങി ....
മറ്റുള്ളവർക്ക് വേണ്ടി സ്വയം മാറി ഞാൻ മറ്റാരോ ആകുന്നതിനെക്കാളും എന്ത് കൊണ്ടും നല്ലത് ആരുമില്ലെങ്കിലും ഞാൻ ഞാൻ ആയി തന്നെ തുടരുന്നതല്ലേ ....??

ആമിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ അത് ചെയില്ല എന്നല്ല ...., ആമിക്ക് ഇഷ്ടമാണെങ്കിൽ ഞാനും അതിനെ ഇഷ്ടപ്പെടാൻ നോക്കാം ...പറ്റില്ലെങ്കിൽ എന്നെ നിർബന്ധിക്കരുത് ......ആ സൗഹൃദമാണ് എന്റെ ഹൃദയത്തിൽ ആദ്യം കൂട് കെട്ടിയതും , ഇന്നും കൂടെ നില്ക്കുന്നതും ......കൈകൾ കോർത്തു പിടിച്ചു സ്കൂളിന്റെ വരാന്തയിലൂടെ ഞങ്ങൾ നടന്നിട്ടില്ല .....
ഒരുമിച്ചു ഒരേ ബെഞ്ചിൽ അടുത്തടുത്തു ഇരുന്നിട്ടില്ല ....അവളുടെ ഇഷ്ടാനിഷ്ടങ്ങൾ വ്യക്തമായി എനിക്കോ , എന്റേത് അവൾക്കോ അറിയില്ല ....പലപ്പോഴും അവൾ പറഞ്ഞിട്ടുണ്ട് , എനിക്ക് വട്ടാണെന്ന് ......പക്ഷെ ആ വാക്കുകൾ ഒരിക്കൽ പോലും എന്നിൽ ഒരു ചോദ്യചിഹ്നം ബാക്കി വച്ചിട്ടില്ല ......

അനുവിന്റെത് പൊതുവെ ഒരു ചെറിയ ലോകമാണ് ....അവിടെ ഒന്നിൽ കൂടുതൽ ആൾക്കാരെ ഒരേ സമയം ഒരു കസേരയിൽ കയറ്റി ഇരുത്താൻ കഴിയില്ല ....എന്നിട്ടും എന്റെ വട്ടുകളിൽ അവളും സൗഹൃദം കണ്ടെത്തി ,,,,ആ വട്ടുകളാണ് എന്നെ പൂർണമാക്കുന്നത് എന്നായിരുന്നു അവളുടെ കണ്ടെത്തൽ ......ഒരു വട്ടൻ ചോദ്യവും അവൾ എനിക്ക് വേണ്ടി ഒരിക്കലും കാത്തു വച്ചിരുന്നില്ല .....

തങ്കച്ചന്റെ ലോകം അതിവിശാലമാണ് ....ഒരു വട്ടനെ ഞാൻ ആദ്യമായി കണ്ടു മുട്ടിയത്‌ അവനിലാണ് .....സ്വന്തം പ്രതിരൂപത്തെ കാണുമ്പോളുള്ള സന്തോഷമായിരുന്നു അവനെ കാണുമ്പോൾ എനിക്ക് ...വേവ്-ലെങ്ങ്ത് , ഫ്രീക്യോൻസി , തുടങ്ങിയ സംഗതികളൊക്കെ ആദ്യം കണ്ടെത്തിയത് ആ സൗഹൃദത്തിലൂടെയാണ് .......സ്വയം വട്ടനായ അവനും പലപ്പോഴും പറഞ്ഞിട്ടുണ്ട് എനിക്ക് വട്ടാണെന്ന് , പക്ഷെ ആ വട്ടുകളില്ലാതെ ഞാനില്ല എന്ന  സത്യം എനിക്ക് മനസ്സിലാക്കി തന്നതും  അവനാണ് .....

ഈ മൂന്നു പേർ അല്ലാതെ പലരും ആ വട്ടിനെക്കുറിച്ചു പറഞ്ഞെങ്കിലും അതൊന്നും എന്നെ ബാധിച്ചിട്ടേയില്ല .....

ഞാൻ എന്നും , എന്നെ എന്നും , എനിക്ക് എന്നുമൊക്കെ പറയുന്നത് എന്റെയുള്ളിലെ അഹങ്കാരം കൊണ്ടാണെന്നും പലപ്പോഴും ഞാൻ  കേട്ടിട്ടുണ്ട് ...

എന്റെ മുഖത്തു നോക്കാതെ , ചിരിച്ചാൽ കഷ്ടപ്പെട്ട് തിരികെ ചിരി സമ്മാനിക്കുന്ന , സംസാരിക്കാൻ ചെന്നാൽ ഇഷ്ടമില്ലാതെ സംസാരിക്കുന്ന , ഒരു ബാധ്യത പോലെയോ  , കർത്തവ്യ നിർവഹണം പോലെയോ തിരികെ സംസാരിക്കുകയും പെരുമാറുകയും ചെയുന്ന പലരെയും ഇക്കാലത്തിനിടയ്ക്ക് കണ്ടുമുട്ടിയിട്ടുണ്ട് .....

സ്വയം ഒരു ആവശ്യക്കാരിയായി മാറുമ്പോളൊക്കെ ഔചിത്യബോധം എന്നിലും കുടിയേറും , അപ്പോൾ തിരികെ കിട്ടുന്നതിനെ കുറിച്ചു തിങ്കിച്ചു ബേജാറാകാതെ ആവശ്യത്തിനു പുറകെ അങ്ങ് പോകും ....

മറ്റുള്ളവർക്ക് വേണ്ടി നിന്നെ  കൊണ്ട് ചെയാൻ കഴിയുന്ന ചെറിയ കാര്യങ്ങളിൽ പോലും നീയറിയാതെ പോകുന്ന വലിയ നന്മ ഉണ്ട് , അത് കൊണ്ട് തന്നെ തിരികെ കിട്ടുന്നതിനെ കുറിച്ചു സ്വപ്നം കാണാതെ നിന്നെ ക്കൊണ്ട് കഴിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി എപ്പോഴും ചെയ്തു കൊടുക്കുക ....ഒരു പക്ഷെ നീ ചൂഷണം ചെയ്യപ്പെട്ടേക്കാം ,,,,നീ വേദനിച്ചെക്കാം ...., എങ്കിലും നിന്റെ നന്മയുടെ കൊയ്ത്തു കാലത്തിൽ ഈ വേദനകളെല്ലാം ഇരട്ടി സന്തോഷങ്ങളായി നിന്നിലേക്ക്‌ തന്നെ തിരികെ എത്തും ......കിട്ടുന്നത് ആരിൽ നിന്നായാലും , അത് എന്തായാലും  ഒട്ടും കുറയാതെ തിരികെ കൊടുക്കുക ....കിട്ടാത്തതിനേക്കാൾ  കൂടുതലായി ആർക്കെങ്കിലും എന്തെങ്കിലും നൽകുന്നുണ്ടെങ്കിൽ  ഒരു തവണ എങ്കിലും അവർ അത് അർഹിക്കുന്നുണ്ടോ എന്ന് ചിന്തിക്കുക...ഒരുവൻ നിന്നോട് കാട്ടുന്നത് പോലെ തിരികെ കാട്ടിയാൽ നീയും അവനും തമ്മിൽ യാതൊരു വിത്യാസവും ഇല്ലെന്നു മനസ്സിലാക്കുക .....

ആര് വേണമെങ്കിലും നിന്നെക്കുറിച്ചു എന്ത് വേണമെങ്കിലും പറഞ്ഞു കൊള്ളട്ടെ , എങ്ങനെ വേണമെങ്കിലും ചിന്തിച്ചു കൊള്ളട്ടെ ....നീയെന്തെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നീ മിനക്കെടുന്ന സമയം ഉപയോഗ ശൂന്യമാണ് ....കാരണം നിന്റെ 100 നന്മകളെക്കാൾ വിശകലനം ചെയ്യപ്പെടുക നീ ചെയ്ത ഒരേ ഒരു തിന്മയാണ് ....അതാണ്‌ ഈ ലോകം ....

എല്ലാവരാലും അംഗീകരിക്കപ്പെടുക... അത് ഓരോ മനുഷ്യന്റെയും ആഗ്രഹമാണ് , പക്ഷെ ആ ആഗ്രഹം ഒരിക്കലും പൂർത്തികരിക്കപ്പെടാനാകാത്ത ഒന്നാണ് ....അത് കൊണ്ട് തന്നെ നിന്നെ നീ തന്നെ അംഗീകരിക്കുക ....അത് കൊണ്ട് സംതൃപ്തയാകുക .....സ്വയം അംഗീകരിക്കപ്പെടാനും , സ്വയം സ്നേഹിക്കാനും കഴിഞ്ഞാൽ നിന്നെ പ്പോലെ സന്തുഷ്ടയായ മറ്റൊരാളും ഈ ലോകത്ത് കാണില്ല ....

ഇപ്പറഞ്ഞതൊക്കെ ഈ ചുരുങ്ങിയ കാലയളവ്‌ കൊണ്ട് എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠങ്ങൾ ആണ് ....

അത് കൊണ്ട് തന്നെ എനിക്ക്  വട്ടാണെന്ന് അല്ലെങ്കിൽ അഹങ്കാരമോ , ജാടയോ ആണെന്ന്  പറയുന്നവരോട് എനിക്കൊന്നും പറയാനില്ല ......കാരണം എന്റെ വട്ടുകൾക്കുള്ളിലെ വട്ടില്ലായ്മയ്ക്കുള്ളിൽ എനിക്ക് എന്റേതായ ഒരു വ്യക്തിത്ത്വം ഉണ്ട് ...അത് മനസ്സിലാക്കുന്ന ഒരാള് ഈ ഭൂമിയിൽ ഉണ്ടെന്ന തിരിച്ചറിവ് മതി , മുന്നോട്ടുള്ള എന്റെ യാത്ര സുഗമമാകാൻ ....

ഞാൻ എന്താണോ , അതിൽ ഞാൻ തീർത്തും സംതൃപ്തയാണ്...സന്തുഷ്ടയാണ് ...