Wednesday 27 April 2016

ദി ജംഗിൾ ബുക്ക് # The Jungle Book



മൗഗ്ലി , ടാർസൻ , സ്പൈഡർ മാൻ , സൂപ്പർ മാൻ , ശക്തിമാൻ ‍- പരിചയപ്പെട്ട നാള്‍ മുതല്‍ക്കേ ഇവരോടൊക്കെ വല്ലാത്തൊരു ആരാധനയായിരുന്നു ..... ഇവരൊക്കെ അമാനുഷികർ അല്ലെ ....നമുക്ക് ചെയ്യണം
എന്ന് ആഗ്രഹമുള്ള എന്നാൽ ചെയ്യാൻ കഴിയാതെ പോയ കാര്യങ്ങൾ മറ്റൊരാൾ ചെയുമ്പോൾ നമുക്ക് അയാളോട് തോന്നുന്ന
ഒരു ആരാധന ഇല്ലേ ....അതാണ്‌ ഈ കഥാപാത്രങ്ങളോടൊക്കെ ...ഇവരിൽ അന്നും ഇന്നും ഏറ്റവും ഇഷ്ടം മൗഗ്ലിയെയാണ് ..
അത് കഴിഞ്ഞാൽ  ടാർസനെയും .....

ജംഗിൾബുക്ക്‌ എന്ന വലിയ ബുക്കിലെ കുഞ്ഞന്മാരാണ് മൗഗ്ലിയും , ബഗീരയും , ബാലുവും , അകേലയും ,പിന്നെ ഭീകരനായ ഷേർഖാനും ...വായിച്ചു ആസ്വദിച്ച ചിത്രകഥയുടെ മനോഹാരിത ത്രീ-ഡിയില്‍ തൊട്ടറിയാനുള്ള
ആഗ്രഹം എന്നിലും പൂവണിഞ്ഞു ..


നിബിഡവനാന്തരങ്ങളിലൂടെ ഓടിച്ചാടി നടക്കുന്ന മൗഗ്ലിയും , അവന്റെ കൂട്ടുകാരും നമ്മിലുണർത്തുന്ന അതിശയം
ചെറുതൊന്നുമല്ല ....പഴയ കഥയെ ഒന്ന് കൂടി മെച്ചപ്പെടുത്തി സമകാലിന പ്രസക്തി കൂടി നല്‍കിയിട്ടുണ്ട് ഇവിടെ ...കടും പച്ച നിറത്തിൽ ഇരുട്ടും വെളിച്ചവും കൂടിക്കുഴഞ്ഞു കിടക്കുന്ന വനത്തിലൂടെ ഒരു ചെന്നായയാകാൻ
വേണ്ടി പരിശ്രമിക്കുന്ന മൗഗ്ലിയെന്ന ബാലൻ ...ചെന്നായ കൂട്ടങ്ങളോടൊപ്പം ശരവേഗത്തിൽ ഓടുന്ന മൗഗ്ലിയിൽ നിന്നാണ്  ഇവിടെ കഥ തുടങ്ങുന്നത് ...ആരെയോ പേടിച്ചു ഓടുന്ന മൗഗ്ലി എന്ന തോന്നൽ നമ്മിൽ ശക്തമാവാൻ തുടങ്ങുമ്പോഴേക്കും  അവന്‍റെ മേൽ  ചാടി വീണു  ഇനിയും നീ പഠിക്കേണ്ടതുണ്ടെന്നു അവനെ ഉപദേശിക്കുന്ന  ബഗീര ....

മൗഗ്ലി ഓടിയും , ചാടിയും തൂങ്ങിയാടിയും നടക്കുന്ന കാടിന് വല്ലാത്തൊരു മനോഹാരിതയാണ് , വെള്ളച്ചാട്ടവും , കുളിരരുവിയും , മേഘക്കൂട്ടങ്ങളും വള്ളിപ്പടർപ്പുകളും , പാറക്കെട്ടുകളും ചേർന്ന് പകരുന്ന ദ്രിശ്യഭംഗി
വാക്കുകൾക്കതീതമാണ് .

WATER TRUCE......ജല ഉടമ്പടി , വലുതെന്നോ , ചെറുതെന്നോ , ഇരയെന്നോ , ഇരപിടിയനെന്നോ വിത്യാസമില്ലാതെ കൊടിയ വേനൽക്കാലം നേരിടാൻ വേണ്ടിയുള്ള കാടിന്‍റെ ഉടമ്പടി ..ഒരു കുടം വെള്ളത്തിനു വേണ്ടി മനുഷ്യൻ പരസ്പരം തല്ലുകൂടുമ്പോൾ ഈ മൃഗങ്ങൾ നമുക്ക് മാതൃകയാകുകയാണ് ....ഇവിടെയാണ്‌ ഷേർഖാന്‍റെ റോയൽ എന്‍ട്രി ...
മനുഷ്യന്‍റെ ചുവന്ന പൂവിന്റെ ആക്രമണം കൊണ്ടുണ്ടാകുന്ന വേദന അനുഭവിച്ചറിഞ്ഞ ഷേർഖാന് മൗഗ്ലിയെ കൊല്ലാനുള്ള  പകയുണ്ട് .മൗഗ്ലിയുടെ പിതാവിനാൽ ആക്രമിക്കപ്പെട്ട ഷേർഖാന്‍റെ ജീവിത ലക്‌ഷ്യം തന്നെ മൗഗ്ലിയെ കൊലപ്പെടുത്തുക എന്നതാണ് . എന്നിരിക്കിലും  ജല ഉടമ്പടിയെ ഷേർഖാനും മാനിക്കുന്നുണ്ട് ഇവിടെ .

For the strength of the pack is the wolf and the strength of the wolf is the pack'....എന്ന് പറഞ്ഞു പഠിച്ച മൗഗ്ലിയെ അവന്റെ ജീവനെ കരുതി മനുഷ്യക്കൂട്ടത്തിലേക്ക് തിരിച്ചു കൊണ്ടാക്കാൻ ബഗീര തീരുമാനിക്കുന്നു .ആരാണ് മനുഷ്യൻ എന്നും ,
താൻ ജനിച്ചത് കാട്ടില്‍ അല്ലെ എന്നുമൊക്കെ അവൻ പറയുന്നുണ്ടെങ്കിലും ബഗീര അതൊന്നും ചെവി കൊള്ളുന്നില്ല .ഒരുപാട് വേദനയോടെ കാടിനെ പിരിഞ്ഞു പോകുന്ന മൗഗ്ലി അവന്‍റെ വളർത്തമ്മയായ രക്ഷയോട് യാത്ര പറയുന്ന കാഴ്ച നമ്മളിലും ഒരു നേർത്ത സങ്കടമുണ്ടാക്കും ..
" നീ എന്റെതാണ് ...എന്‍റെ മകനാണ് ..." എന്ന ഒരമ്മയുടെ വാക്കുകൾ ...അത് പറയുന്നത് ഒരു ചെന്നായ ആണെന്ന് കാണുന്നവന് തോന്നാത്ത അത്രയും മനോഹരമായ രംഗം ...


ബഗീരയോടൊപ്പം മനുഷ്യരുടെ ഗ്രാമത്തിലേക്ക് പോകുന്ന മൗഗ്ലിയെ പതിയിരുന്നു ആക്രമിക്കാൻ ശ്രമിക്കുന്ന ഷേർഖാൻ ....
അവിടെ നിന്നും കാത്തുപോത്തിന്റെ കൊമ്പിൽ പിടിച്ചു രക്ഷപ്പെടുന്ന മൗഗ്ലിയുടെ സാഹസികത ...
മലയിടിച്ചിലിൽ നിന്നും രക്ഷപ്പെടാൻ അവൻ നടത്തുന്ന ശ്രമങ്ങൾ ...
ഒടുവിൽ തളർന്നു വിശന്നു അവശനായി നിശബ്ദമായ വനാന്തരത്തിലേക്ക് കടന്നു ചെല്ലുമ്പോൾ വിഷം പുരട്ടിയ വാക്കുകൾ കൊണ്ട് അവനെ അപകടപ്പെടുത്താൻ ശ്രമിക്കുന്ന കാ എന്ന പെരുമ്പാമ്പ്‌ ......
അവിടെ നിന്നും അവനെ രക്ഷിച്ചു കൂടെ കൂട്ടുന്ന ബാലുക്കരടി ....
ആകാംഷയോടെ നമ്മൾ കടന്നു പോകുന്ന മുഹൂർത്തങ്ങളാണിവ .

ബാലുക്കരടിയോടൊപ്പം കൂടുന്ന  മൗഗ്ലി ഒരു തനി മനുഷ്യൻ ആകുകയാണ് ...മനുഷ്യന്റെ കൂർമ ബുദ്ധി ഉപയോഗിച്ചു  അവൻ പാറയുടെ മുകളിൽ  നിന്നും ബാലുവിന് തേനെടുത്തു കൊടുക്കുന്നുണ്ട് ....ഒരു മനുഷ്യന്റെ സ്വാതന്ത്ര്യം അവൻ ആവോളം ആസ്വദിക്കുന്നുണ്ട് ....ബാലുക്കരടിയോടൊപ്പം കൂടി പാട്ട് പാടാനും അവൻ പഠിക്കുന്നു ..അപ്പോഴേക്കും ബഗീര അവന്‍റെ അരികിൽ
എത്തുന്നു .

കാടിന്‍റെ ജീവൻ ആനയുടെ കൈകളിലാണെന്നും  ,ആനക്കൂട്ടത്തെ
തല കുമ്പിടണമെന്നും  ബഗീര അവനു പറഞ്ഞു കൊടുത്തിട്ടുണ്ട് , ആ ഓർമയുടെ പിൻബലത്തിൽ അവൻ കുഴിയിൽ വീണു പോയ ആനക്കുട്ടിയെ രക്ഷപ്പെടുത്തുന്നുമുണ്ട് .  പക്ഷെ ആ രക്ഷപ്പെടുത്തലിലൂടെ അവനിൽ തെളിഞ്ഞു കാണുന്ന മനുഷ്യബുദ്ധി കാരണം ബഗീര  വീണ്ടും അവനെ മനുഷ്യരുടെ ഗ്രാമത്തിലേക്ക് പോകാൻ പറയുകയും ചെയ്യുന്നു ..


 കിംഗ്‌ ലൂയിയുടെ നേതൃത്വത്തിലുള്ള കുരങ്ങന്മാർ അവനെ തട്ടിക്കൊണ്ടു പോകുമ്പോൾ ...അവനെ രക്ഷപ്പെടുത്താനായി ബഗീരയും , ബാലുവും ...
കിംഗ്‌ ലൂയി ഇവിടെ ഒരു സാമ്രാജ്യത്ത്വത്തിന്റെ പ്രതീകമാണ് . ഭീമാകാരനായ കുരങ്ങ് .മനുഷ്യന്റെ കൈയിൽ നിന്നും ചുവന്ന പൂവ് സ്വന്തമാക്കി കാട് ഭരിക്കാൻ ആഗ്രഹിക്കുന്നവൻ ..അതിനാണ് അവൻ മൗഗ്ലിയെ തട്ടിക്കൊണ്ടു വന്നത് .ആ ഭീകരതയും , അവിടെ നിന്നും ബാലുവിന്റെയും , ബഗീരയുടെയും
സഹായത്തോടെയുള്ള മൗഗ്ലിയുടെ രക്ഷപ്പെടലുകളും അല്പം സാഹസികത നിറഞ്ഞത്‌ തന്നെ .

ഒടുവിൽ അകേലയെ കൊന്ന ഷേർഖാനോട് പകരം വീട്ടാൻ ചുവന്ന പൂവുമായി കാട്ടിലെത്തുന്ന മൗഗ്ലി അവൻ പോലുമറിയാതെ
ഒരു കാട്ടു തീയ്ക്കു തിരി തെളിക്കുന്നുണ്ട് ..ഈ അവസരം ബുദ്ധിപൂർവ്വം വിനിയോഗിച്ചു അവനെ കൊല്ലാൻ  ഷേർഖാൻ ശ്രമിക്കുന്നു എങ്കിലും അവനിലെ നന്മ തിരിച്ചറിയുന്ന മൃഗങ്ങൾ അവനോടൊപ്പം കൂടുന്നു ...
ഒരു ചെന്നായയെപ്പോലെ ഷേർഖാനെ ആക്രമിക്കാൻ പോകുന്ന മൗഗ്ലിയോട് ഒരു മനുഷ്യനായി നിന്ന് പൊരുതാൻ ബഗീര പറയുന്നതോടെ തന്‍റെ ബുദ്ധി കൊണ്ട് അവൻ ഷേർഖാനെ കൊല്ലുന്നു .ആനകളുടെ സഹായത്തോടെ വെള്ളം തടഞ്ഞു
വച്ച് കാട്ടു തീ അണയ്ക്കുന്നു .

ജീവിതത്തിൽ ആദ്യമായി ഒരു മനുഷ്യൻ കാട്ടിലെ മൃഗങ്ങളെ എല്ലാം ഒന്നായി നിർത്തി ഒരു പ്രശ്നം പരിഹരിച്ചത്  താൻ കണ്ടു എന്ന് പറയുന്ന ബഗീരയുടെ  വാക്കുകളിൽ മൗഗ്ലി എന്ന " മാന്‍-കബ് " നോടുള്ള ആരാധന നമുക്ക് കാണാം ...

ഒരു കൂട്ടം മൃഗങ്ങൾക്കിടയിൽ വെറും ഒരു മനുഷ്യനായി നിന്ന്‍ ഇത്രയും നന്മ ചെയ്യാൻ ഒരാൾക്ക്‌ കഴിയുമെങ്കിൽ  മനുഷ്യരായി ജനിച്ച് മനുഷ്യരോടൊപ്പം ജീവിക്കുന്ന നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയില്ല എന്നൊരു സന്ദേശം
ഈ ചിത്രം തരുന്നുണ്ട് .ഒപ്പം കൂട്ടായ്മയുടെ ആവശ്യകതയും , കൂടെ നില്‍ക്കുന്നവരെ വിശ്വസിക്കേണ്ടത് എങ്ങിനെയെന്നും , പ്രകൃതിയെ എങ്ങനെ സ്നേഹിക്കണമെന്നും തുടങ്ങിയ വലിയ സന്ദേശങ്ങൾ കൂടി ഈ ചെറിയ ചിത്രം നമുക്ക് സമ്മാനിക്കുന്നുണ്ട് ......

എല്ലാം കൊള്ളാം ....എന്നാലും ഒരു സംശയം ബാക്കി ....ഈ കാട്ടിൽ എന്താ സിംഹം ഇല്ലാത്തെ ....?????? !!!!!




Wednesday 6 April 2016

കലി വന്നാൽ പിന്നെ കലിപ്പ് തീർത്തിട്ടേ പോകു .....


കലി വന്നാൽ പിന്നെ കലിപ്പ് തീർത്തിട്ടേ പോകു .....



അങ്ങാടിയിൽ തോറ്റതിന് ദേഷ്യം മൂത്ത് അമ്മയുടെ നെഞ്ചത്ത് ഭരതനാട്യം കളിക്കുന്നവരാണ് നമ്മൾ ... ,അപ്പൊ പിന്നെ തൊട്ടതിനും , പിടിച്ചതിനുമൊക്കെ ദേഷ്യം വന്നാലോ ...??? , ആരുടെ നെഞ്ചത്ത് കുതിര കയറും ..??അതാണ്‌ നമ്മുടെ സിദ്ധുവിന്റെയും പ്രശ്നം ..എവിടുന്നാണെന്ന് അറിയില്ല , എങ്ങിനെയെന്നോ -എപ്പോൾ വരുമെന്നോ അറിയില്ല , വന്നാൽ പിന്നെ അത് കലിപ്പ് തീർത്തിട്ടേ പോകു ...അതാണ്‌ കലി...ഈ കലിയുടെ അരങ്ങേറ്റമെല്ലാം അനുഭവിക്കാൻ വിധിക്കപ്പെട്ട പാവം , പാവം രാജകുമാരിയാണ്‌ അഞ്ജലി ....

കലി മൂത്ത് നടക്കുന്ന ചേട്ടനെ പ്രേമിച്ചു , അച്ഛന്റെ കൈയില്‍ നിന്ന് കരണകുറ്റിക്ക് അനുഗ്രഹവും വാങ്ങിച്ചു സന്തോഷകരമായ ഒരു ജീവിതവും സ്വപ്നം കണ്ടു ഇറങ്ങിത്തിരിച്ച പാവം അഞ്ജലിക്കുട്ടിക്കു അവസാനം അങ്ങ് സഹികെട്ടു ...എന്നിട്ടും അവള് ഓനെ അങ്ങ് സ്നേഹിച്ചു കൊണ്ടേയിരുന്നു അവസാനം ഒരു രാത്രിയില്‍ ഇതിനി പറ്റൂല ...എനിക്ക് മനസ്സമാധാനം വേണം എന്നും പറഞ്ഞു കൊച്ച് ഇറങ്ങി ഒരൊറ്റ പോക്ക് ..സിദ്ധുവേട്ടൻ കാറുമെടുത്തു പുറകെ ചെന്ന്. കൊച്ചിനെ വീട്ടില്‍ ഡ്രോപ്പ് ചെയ്യാം എന്നും പറഞ്ഞു കൂടെ കൂടി.

അപ്പൊ ദേ  വരാണ് അടുത്ത കലിപ്പ് ....,,, സിദ്ധു അണ്ണൻ പോണ വഴിക്ക് കഴിക്കാൻ കയറിയ ഹോട്ടലില്‍ നിന്നും കിട്ടിയ പൈനാപ്പിള്‍ ജൂസില്‍ ഈച്ച ചത്തു കിടന്നോണ്ടു ജൂസിനു കാശു കൊടുക്കൂലാന്നും പറഞ്ഞു  നമ്മുടെ ഗുണ്ട ചേട്ടനോട് വഴക്ക് ..അവസാനം കാശൊന്നും വേണ്ടെടാ മോനെ , നീ പൊയ്ക്കോ എന്ന് ഗുണ്ട അണ്ണൻ പറഞ്ഞതാ ...കലിപ്പൻ കേള്‍ക്കുമോ ...?ഇല്ല , എന്നിട്ടെന്താകാൻ ......പാവം പെണ്‍കൊച്ച് ആ പാതിരാത്രിക്ക്‌ എ.ടി.എം അന്വേഷിച്ചു കാറുമെടുത്തു പോയി ..അവളുടെ പുറകെ കിളി പോലത്തെ ഒരു അണ്ണനും , തീർന്നെ കലിപ്പന്റെ ടോട്ടല്‍ മനസ്സമാധാനം .......കലിപ്പ് മൂത്ത സിദ്ധുവേട്ടൻ അവിടെ കിടന്നു അടിയും കൂടി , ഇടിയും കൊണ്ട് , ചവിട്ടും കൊടുത്ത് അവസാനം ബോധം പോയി ....കിളി നമ്മുടെ അഞ്ജലി മോളെ അറ്റാക്കാൻ  പോയതും ദൈവം പോലീസിന്റെ രൂപത്തില്‍ വന്നു മോളെ രക്ഷിച്ചു , മോളും പോലീസുകാരും കൂടെ സിദ്ധുവനണ്ണനേം രക്ഷിച്ചു .......നിങ്ങടെ കലിപ്പാണ് എല്ലാത്തിനും കാരണം എന്ന് അഞ്ചു മോള് പറഞ്ഞതും സിദ്ധുവണ്ണൻ ഒരു സ്നിക്കെർസ് പൊട്ടിച്ചു ,,,,,നീയുണ്ടേല്‍ ഈ കലിപ്പോക്കെ എനിക്ക് നിർത്താൻ പറ്റുമെന്ന്‍ ......അതോടെ അവരുടെ അടിയും വഴക്കും തീർന്നു ...അവർ ജിങ്കാലാല പാടി വണ്ടിയുമെടുത്ത് പോയി ......അവസാനം വഴിക്ക് വച്ചു കിളി അണ്ണനെ കണ്ടതും അഞ്ചു മോള്‍ കണ്ണ് കാണിച്ചു , കലിപ്പൻ പണിയും തുടങ്ങി ...

കലിപ്പ് കൂടാതെ അല്പം സസ്പെൻസ്, അല്ലറ ചില്ലറ പ്രേമം , അലക്കിനു തല്ല് , കണ്ണീര് , പാട്ട് , തമാശ അങ്ങനെ ചേരുവകളൊക്കെ ആവശ്യത്തിനു ഉണ്ട് .

ഇത്രേ ഉള്ളു കലി ........
വെറുതെ പോയി ഒരു പടം കണ്ടിട്ട് വന്നാലോ എന്ന് തോന്നുവാണേല്‍ പോയി കാണാം ......
വെറുതെയല്ലേ .....,ഇരിക്കട്ടെ എന്ന് കരുതി ഞാനും അങ്ങ് കണ്ടു ....
ഹല്ലാ പിന്നെ .....

Tuesday 5 April 2016

അമ്മേ ...., ഇനിയും ഏഴു ജന്മങ്ങൾ കൂടി നിന്റെ നെഞ്ചോടു ചേരാൻ കഴിഞ്ഞുവെങ്കിൽ .........!!!!!

അമ്മേ ...., ഇനിയും ഏഴു ജന്മങ്ങൾ കൂടി നിന്റെ നെഞ്ചോടു ചേരാൻ കഴിഞ്ഞുവെങ്കിൽ .........!!!!!


പകരം വയ്ക്കാൻ പറ്റാത്ത ചില അമൂല്യമായ നിധികൾ ജന്മം കൊണ്ട് നേടിയെടുത്തവരാണ് നമ്മൾ മനുഷ്യർ.പക്ഷെ കാലത്തിന്റെ കുത്തൊഴുക്കിലും , സാഹചര്യങ്ങളുടെ കൈകടത്തലുകളിലും പെട്ട് ആ നിധികളെയൊക്കെ നമ്മൾ പോലുമറിയാതെ നമ്മൾ ചിലപ്പോൾ നഷ്ടപ്പെടുത്തിക്കളയാറുണ്ട്.....പിന്നീടു ആ നിധിയെക്കാൾ  വലുതല്ല നേടിയതൊന്നും , എന്ന തിരിച്ചറിവുണ്ടാകുമ്പോളെക്കും നികത്താൻ കഴിയാത്ത വലിയൊരു നഷ്ടമായി അത് നമ്മെ കാർന്നു തിന്നു കളയും.....ഇപ്പറഞ്ഞത്‌ പല തവണയായി പല രീതിയിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ....ആവർത്തന വിരസത ....!!!!

ആ നിധിയാണ്‌ ഇന്നത്തെ വിഷയം ...കുറച്ചു നാൾ മുൻപ് കരുണാലയത്തിലേക്ക്  ഒരു യാത്ര പോയിരുന്നു ..അന്നെന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചത് കുഞ്ഞുങ്ങളായിരുന്നു ..അനാഥരായ കുഞ്ഞുങ്ങൾ... ആ അനാഥത്വമാണ് ഏറ്റവും വലിയ വേദന എന്നായിരുന്നു അന്ന് തോന്നിയത് ...എന്നാൽ ഇന്ന് ...??

ആരുമില്ലാതെ അനാഥരെപ്പോലെ ജീവിക്കുന്ന , ജീവൻ നിലനിർത്താൻ വേണ്ടി ഭക്ഷണം കഴിക്കുകയും , വികാരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഒട്ടിച്ച പുഞ്ചിരി സമ്മാനിക്കുകയും ചെയുന്ന കുറെ മനുഷ്യരൂപങ്ങളെ ഇന്ന് കണ്ടു .......
അനാഥരായ കുഞ്ഞുങ്ങളെക്കാൾ വേദനിക്കുന്ന , സനാഥരായ മാതാപിതാക്കളെ .......
തന്റെ സർവ സൗഭാഗ്യങ്ങളും ഉദരത്തിൽ നിന്നും പിറന്നു വീണ ഉയിരിന്റെ പാതിക്കു നല്കി ഒടുവിൽ ഒന്നുമില്ലാതെ പോയ കുറെ അനാഥ ജന്മങ്ങൾ ........
ആശ്രമങ്ങളും , അഗതി മന്ദിരങ്ങളും ഉള്ളത് കൊണ്ട് മാത്രം ഇന്നും ജീവിക്കുന്ന കുറെ അച്ഛനമ്മമാർ .....!

പഴകി തേഞ്ഞ വസ്തുക്കളെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു പുതിയ വസ്തുക്കൾ വാങ്ങി വീട് മനോഹരമാക്കുന്ന കൂട്ടത്തിൽ നിറം മങ്ങിയ ഒരു മനുഷ്യ ജന്മത്തെ കൂടെ വലിച്ചെറിഞ്ഞു ,,,,,
ഉള്ളിലെവിടെയോ ഒരല്പം കരുണ അണയാതെ നിന്ന് പോയത് കൊണ്ടാണോ , അതോ ഇത്രയും വളർത്തി വലുതാക്കിയതിനു കൊടുക്കുന്ന സമ്മാനമാണോ എന്നറിയില്ല , അവർക്ക് മാസാമാസം അയച്ചു കിട്ടുന്ന സമ്മാന തുക ....

ആ സമ്മാനത്തുകയുടെ വലിപ്പത്തിൽ മക്കളുടെ വലിയ മനസ്സിന്റെ കഥ പറഞ്ഞു സ്വയം ആശ്വസിക്കുന്ന കുറെ അച്ഛനമ്മമാർ .......കരയണമോ , അതോ അവരുടെ വിധിയെ കുറിച്ചോർത്തു സഹതപിക്കണോ ...??
അറിയില്ല ....ഇന്നലെ വരെ താൻ മാറോടു ചേർത്തവർക്ക് ഇന്ന് താൻ ആരുമല്ലെന്നു തിരിച്ചറിയുമ്പോൾ ആ മനസ്സിനുണ്ടാകുന്ന വേദന ....
നാളെ തനിക്കും ഇതേ അവസ്ഥ വരാം എന്ന് ഒരു നിമിഷത്തേക്ക് എങ്കിലും ഇവരൊക്കെ ഓർക്കുന്നുണ്ടോ....?


എനിക്കുമുണ്ട് ഒരമ്മ ....
സ്വന്തം വയറിന്റെ വിശപ്പ്‌ സഹിച്ചും എന്നെ ഊട്ടുന്ന  ഒരമ്മ ....
നിറം മങ്ങിയ സ്വന്തം വസ്ത്രത്തെ മറന്നു എനിക്ക് വേണ്ടി നിറമുള്ള വസ്ത്രങ്ങൾ തുന്നി തരുന്ന ഒരമ്മ ....
സ്വന്തം മുറിവിനെ അവഗണിച്ചു എന്റെ മുറിവിൽ മരുന്ന് വച്ചു എന്റെ വേദനയെ ആറി തണുപ്പിക്കുന്ന ഒരമ്മ .....
എന്നെ ജനിപ്പിച്ച അമ്മയാണോ ..., അതോ എനിക്ക് വേണ്ടി ജനിച്ച അമ്മയാണോ എന്ന സംശയം എന്റെ ഉള്ളിൽ എന്നും നിലനിർത്തി നിബന്ധനകളില്ലാതെ എന്നെ സ്നേഹിക്കുന്ന ഒരമ്മ ....

ഇന്നലെ വരെ എന്റെ അരികിൽ ചേർന്ന് നിന്നപ്പോൾ അമ്മയോട് വഴക്കിട്ടിരുന്ന ഒരു വഴക്കാളിയായിരുന്നു ഞാൻ ....
എന്നാൽ ഇന്ന് , കയെത്തുന്ന ദൂരത്തു , ഒന്ന് വിളിച്ചാൽ കേൾക്കുന്ന അകലത്തു അമ്മ ഉണ്ടെങ്കിലും ആ അകലത്തിന് ഏറെ ദൂരമുണ്ടെന്ന തോന്നൽ.....
അമ്മയുടെ ശബ്ദം കേൾക്കാതെ ഒരു ദിവസം പോലും പൂർണമാകാത്ത അവസ്ഥ ......

വഴക്കിട്ടിരുന്നെങ്കിലും , ദേഷ്യം കാണിച്ചിരുന്നെങ്കിലും ഈ നിമിഷം ഞാൻ തിരിച്ചറിയുന്നു ....
പ്രിയപ്പെട്ട ഉമ്മാ ....ഞാൻ നിങ്ങളെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് ....
നിങ്ങളില്ലെങ്കിൽ അതാണ്‌ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന്...
നിങ്ങളാണ് എന്റെ ഏറ്റവും നല്ല സുഹൃത്തെന്ന്....

ജീവനും ശ്വാസവും എനിക്കായി പകുത്തു നല്കിയവളെ ..... ,
നിന്റെ സ്നേഹത്തിനു പകരമാകില്ല മറ്റൊന്നും .....
നീയില്ലെങ്കിൽ ഞാനില്ല ..
നീയാണ് നിത്യസത്യം .....
അമ്മേ ...., ഇനിയും ഏഴു ജന്മങ്ങൾ കൂടി നിന്റെ നെഞ്ചോടു ചേരാൻ കഴിഞ്ഞുവെങ്കിൽ .........!!!!!