Saturday 22 October 2016

#story#ഒന്ന് പരിശുദ്ധയാകുവാനുള്ള സമയം

ഒന്ന് പരിശുദ്ധയാകുവാനുള്ള സമയം 



" ഇന്നും ...? "   ഹരി ചോദ്യഭാവത്തോടെ നിര്‍മലയെ നോക്കി .
" ഞാന്‍ പറഞ്ഞതല്ലേ ഹരിയേട്ടാ ...എനിക്ക് കുറച്ചു സമയം വേണം .ഹരിയേട്ടനും സമ്മതിച്ചതല്ലേ ...? "

"എത്ര സമയം ...?എന്തിന് ...?ഇതിനൊക്കെ കൃത്യമായ ഒരു മറുപടിയെങ്കിലും നിനക്ക് തന്നൂടെ ....ഇതൊരുമാതിരി അമ്പലത്തിലെ വിഗ്രഹം പോലെ ...."
" ഹരിയേട്ടാ ....."
"ഞാന്‍ ഒന്നും പറയുന്നില്ല നിമ്മി ....എന്താന്നു വച്ചാല്‍ നിന്‍റെ ഇഷ്ടം പോലെ ..."

അത്രയും പറഞ്ഞു പുതപ്പെടുത്തു തലയിലൂടെ മൂടി ഹരി തിരിഞ്ഞു
കിടന്നു ...,മറുപടിയൊന്നും പറയാതെ മുറിയിലെ വെളിച്ചം കെടുത്തി നിര്‍മലയും ..

നിര്‍മലയ്ക്ക് പക്ഷെ ഉറക്കം വരുന്നുണ്ടായിരുന്നില്ല .അല്ലെങ്കില്‍ത്തന്നെ കുറെ വര്‍ഷങ്ങളായി ,അവള്‍ സ്വസ്ഥമായി ഒന്ന് ഉറങ്ങിയിട്ട്.

"എത്ര സമയം ...? " ഈ ചോദ്യം ഹരിയേട്ടന്‍ എത്ര തവണ ചോദിച്ചു കഴിഞ്ഞിരിക്കുന്നു .മറുപടി നല്‍കുവാനുള്ള ധൈര്യം ഇന്നേവരെ
തനിക്കുണ്ടായിട്ടില്ല .മനസ്സ് കൊണ്ട് ഹരിയേട്ടന്റെ ചോദ്യത്തിന് ഓരോ തവണയും മറുപടി പറഞ്ഞിരിക്കുന്നു .ഹരിയേട്ടനും ഒരു പുരുഷനല്ലേ .
വിവാഹം കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു കിടക്കയ്ക്കിരുവശവും രണ്ടപരിചിതരെപ്പോലെ .....മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ എന്നേ
തന്നെ ഉപേക്ഷിച്ചു പോയേനെ ....

" നീ ഉറങ്ങിയില്ലേ ...?"
" ഇല്ല ...ഉറക്കം വരുന്നില്ല ഹരിയേട്ടാ ..."
" സാരമില്ല ,....ഞാന്‍ പറഞ്ഞതൊക്കെ അങ്ങ് മറന്നേക്ക്‌ ....നീ കിടന്നുറങ്ങ് ..രാവിലെ നേരത്തെ എണീക്കേണ്ടതല്ലേ "

                      *************              **************               ***************

തിങ്കളാഴ്ചയാണ് .....തിരക്കോട് തിരക്കുള്ള ദിവസം .ഇന്‍ഫോപാര്‍ക്കിന്റെ തിരക്കിലേക്ക് ഇരുവരും അലിഞ്ഞു ചേര്‍ന്നു .ഇനി ഇരുട്ടും
വരെ പബ്ലിക്കും , സ്റ്റാട്ടിക്കും ,പ്രൈവറ്റും , വോയിടുമൊക്കെ തലച്ചേറിലിട്ടു കലക്കി റിട്ടേണ്‍ ചെയ്തെടുക്കണം അറിഞ്ഞു കൊണ്ട് നിര്‍മല
തിരഞ്ഞെടുത്തതാണ് ഈ തിരക്കിനെ .

ഒരു നിമിഷം പോലും തനിച്ചിരിക്കാന്‍ അവസരമുണ്ടാകാതിരിക്കാന്‍ വേണ്ടി .പകലായാലും ,രാത്രിയായാലും  തനിച്ചായാല്‍ നിര്‍മലയ്ക്ക് ചുറ്റും ഇരുട്ടാണ്‌ . ആ ഇരുട്ടത്ത് കുറേ ചോക്ലെറ്റുകളുമായി ഒരു വലിയ മീശക്കാരന്‍ കടന്നു വരും .അപ്പോളവള്‍  ആ ചോക്കലേറ്റിന് വേണ്ടി വലിയ മീശക്കാരനെ അനുസരിക്കുന്ന 12 വയസ്സുകാരിയായി മാറും .രോമകൂപങ്ങള്‍ എണീറ്റുനില്‍ക്കും . ശരീരമാകെ സുഖകരമായ ഒരു കുളിര് പടരും .ഭാരമൊക്കെ നഷ്ടപ്പെട്ടു പറന്നു പറന്നു പോകും .....ഒടുവിലൊരു നനവിന്റെ തണുപ്പില്‍  അല്പം വേദനയും നല്‍കി അയാള്‍ പോകുമ്പോള്‍ അവളയാളെ കെട്ടിപ്പിടിച്ചു ഒത്തിരി സ്നേഹത്തോടെ ആ കവിളുകളില്‍ മുത്തം നല്‍കും .
പക്ഷേ ആ ചുംബനത്തിന്റെ ഓര്‍മ്മകള്‍ കൃത്യം പതിനാറാം വയസ്സു മുതല്‍ അവളുടെ ഉറക്കം കെടുത്തിക്കളഞ്ഞു .

ഏഴു വര്‍ഷത്തിനപ്പുറവും ആ ഓര്‍മ്മകള്‍ അവളെ മഥിക്കുന്നത് കൊണ്ടാണ് അവളീ തിരക്കിനെ സ്നേഹിക്കുന്നത് .ഈശ്വരനും അവള്‍ക്കും
മാത്രമറിയാവുന്ന ആ സത്യങ്ങള്‍ എങ്ങനെ ഹരിയോട് പറയും ...?ഹരി അതെങ്ങനെ ഉള്‍ക്കൊള്ളും ....??

ഫോണ്‍ റിംഗ് ചെയ്തതും നിര്‍മല സ്വപ്നങ്ങളില്‍ നിന്നും ഞെട്ടിയുണര്‍ന്നു .ഹരിയാണ് ....ഉച്ചയൂണിനു സമയമാകുന്നതേയുള്ളൂ ...പതിവ് തെറ്റിയൊരു വിളി ...?

"ഹലോ ...എന്താ ഹരിയേട്ടാ ഈ നേരത്ത് ?"
" നിമ്മി ,,ഒരു ആവശ്യമുണ്ട് .നീ ഒരാഴ്ചത്തേക്ക് ലീവ് പറഞ്ഞിട്ട് വേഗം ഇറങ്ങു .അര മണിക്കൂറിനുള്ളില്‍ ഞാന്‍ നിന്‍റെ ഓഫീസില്‍ എത്താം .വേഗം വേണം "
"എന്താ കാര്യം ...? "
"അതൊക്കെ പിന്നെ പറയാം ..നീ ഞാന്‍ പറഞ്ഞപോലെ ചെയ്യ്‌ "

അപ്പുറത്തു കാള്‍ കട്ട്‌ ആയിരിക്കുന്നു .എന്തോ ഏതോ ....?പറഞ്ഞ പോലെ അവധിയും വാങ്ങി ഓഫീസിനു താഴെ എത്തുമ്പോള്‍  അതാ ഹരി കാറുമായി കാത്തു നില്‍ക്കുന്നു .ഹരി ഒന്നും മിണ്ടാത്തത് കൊണ്ട് അവളും ഒന്നും മിണ്ടിയില്ല ...


                      *************              **************               ***************


യാത്ര ചെന്നവസാനിച്ചത്‌ അവളുടെ വീട്ടിലായിരുന്നു ..വീടിനു ചുറ്റും ആള്‍ക്കൂട്ടം ...ചന്ദനത്തിരിയുടെ ഗന്ധം ...നിര്‍മല ഒരുള്‍ഭയത്തോടെ ഹരിയെ നോക്കി ..

"ഹരിയേട്ടാ ...എന്‍റെ അമ്മ .....?????"
"ഏയ് ....അമ്മയ്ക്ക് ഒന്നുമില്ല ...നീ ഇറങ്ങു ....അകത്തേക്ക് ചെല്ല് ...."

വിറയ്ക്കുന്ന കാലടികളോടെ അവള്‍ നടന്നു വരാന്തയില്‍ കയറി ...

വാഴയിലക്കീറിന്റെ അറ്റത്തു നിലവിലക്കിലെ തിരി അണയാതെ നിന്ന് കത്തുന്നു ...
ആളുകള്‍ വന്നും പോയും നില്‍ക്കുന്നു . ചുമരില്‍ ചാരിയിരുന്നു നിശബ്ദമായി അമ്മ കരയുന്നു .....
താന്‍ കരയണോ അതോ ചിരിക്കണോ ...?
നിര്‍മല ഒന്ന് ദീര്‍ഘനിശ്വാസം എടുത്തു ... പിന്നെ അമ്മയ്ക്കരികിലേക്ക് ചെന്നിരുന്നു .

"ആരാ ദേവകി അവനു കര്‍മങ്ങള്‍ ചെയുക ...? "വല്യച്ഛനാണ് .
" എനിക്കറിയില്ല വല്ല്യേട്ടാ ...എനിക്ക് കൈയും കാലുമൊന്നും അനങ്ങണില്ല . നിങ്ങളൊക്കെ കൂടി എന്താന്നുവച്ചാ അങ്ങനെ ...."

"ഞാന്‍ ചെയ്യാം വല്ല്യച്ചാ ...." നിര്‍മല പറഞ്ഞു .
"നീയോ ...?എന്താ മോളെ ഈ പറയുന്നേ ....?അതൊന്നും ശരിയല്ല ...അത് പാടില്ല ..അത് തെറ്റാണ് "
"വല്ല്യച്ചാ ,,,,ശരിയും ,തെറ്റും നോക്കാനാണേല്‍ ഒരുപാടുണ്ട് ...തര്‍ക്കമൊന്നും വേണ്ട .ഞാന്‍ ചെയ്യാം ..."

"നിമ്മി ...അത് വേണ്ട ...മറ്റാരെങ്കിലും ചെയും ...."
"ഇല്ല ഹരിയേട്ടാ ...എന്‍റെ അച്ഛന്റെ കര്‍മങ്ങള്‍ ഞാന്‍ തന്നെ ചെയ്യും ,,,ഇതെന്റെ തീരുമാനമാണ് .ഇതിനു മാറ്റമില്ല .കര്‍മങ്ങള്‍  പൂര്‍ത്തിയാക്കി അച്ഛന്‍റെ ചിതാഭസ്മവും നിമഞ്ജനം ചെയ്തിട്ടേ നിര്‍മല്യ്ക്കിനി മടക്കമുള്ളൂ...."

എല്ലാ ശബ്ദങ്ങളും നിര്‍മലയുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ നിശബ്ദതയുടെ നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തി .

മണ്‍കുടത്തിലടച്ച ചിതാഭസ്മം നിര്‍മലയെ ഏല്‍പ്പിച്ചു പരികര്‍മി മടങ്ങി.
ദിവസങ്ങള്‍ കടന്നു ..മരണവീട്ടില്‍ ആളൊഴിഞ്ഞു ...
ആരവങ്ങളടങ്ങി ....കണ്ണീര്‍ ഓര്‍മകളിലേക്ക് വിടവാങ്ങി ...ഹരിയും യാത്ര പറഞ്ഞു .....


                      *************              **************               ***************


കൃത്യം പതിനാറാം ദിവസം രാവിലെ കുളിച്ചു ഈറനോടെ അവള്‍ പൂജാമുറിയില്‍ കയറി വാതിലടച്ചു .
കണ്മുന്നിലിരിക്കുന്ന ദൈവങ്ങളെ സാക്ഷിയാക്കി അവളാ ചിതാഭസ്മത്തിന്‍റെ കെട്ടു തുറന്നു .ഉള്ളിലുള്ള സകല ദേഷ്യവും ,വേദനകളും ഓര്‍മകളും
കൂട്ടിച്ചേര്‍ത്ത് ഹൃദയത്തില്‍  സൂക്ഷിച്ചു വച്ചിരുന്ന  ഏഴു വര്‍ഷത്തിന്‍റെ പാപക്കണക്ക് , വല്ലാത്തൊരു ആനന്ദത്തോടെ അവളതിലേക്ക് കാര്‍ക്കിച്ചു തുപ്പി .

തണുത്ത വെള്ളത്തിന്‍റെ കുളിരില്‍ വിറയലോടെ ഒന്ന് മുങ്ങിയെണീറ്റതും മനസ്സിന് ഒരു  ശാന്തി അനുഭവപ്പെട്ട പോലെ .....
കണ്ണീരു കൊണ്ട് ഉള്ളിലെ  കുറ്റബോധമെല്ലാം കഴുകിക്കളഞ്ഞു ഈശ്വരന്മാരോട് നന്ദിയും പറഞ്ഞു അമ്മയെയും കൂട്ടി അവള്‍
ഹരിക്കടുത്തേക്ക് വണ്ടി കയറി .


                      *************              **************               ***************


പതിവ് ചോദ്യം ചോദിക്കാന്‍ വയ്യാത്തതു കൊണ്ട്  ഹരി ഒന്നും മിണ്ടാതെ കിടന്നുറങ്ങാന്‍ ശ്രമിച്ചു .നിര്‍മല മുറിയിലേക്ക് കയറി
വെളിച്ചം കെടുത്തി പതിവ് തെറ്റിക്കാതെ തിരിഞ്ഞു കിടന്നു .ഹരിയുടെ കണ്ണുകളെ മയക്കം കവര്‍ന്നെടുക്കാന്‍ തുടങ്ങിയതെയുള്ളൂ ......

നെറ്റിയിലൊരു കുളിര് .....പിന്നെ കണ്ണില്‍ ....കവിളുകളില്‍ .......നാസികത്തുമ്പില്‍ .....
ഒടുവില്‍ ആ കുളിര് അധരങ്ങളെ കവര്‍ന്നെടുത്തതും ഹരി ആവേശഭരിതനായി നിര്‍മലയെ വാരിപ്പുണര്‍ന്നു പുതപ്പിനടിയിലേക്കു
നൂണ്ടു കയറി .....

ജാലകത്തിനപ്പുറത്ത് ഒരല്‍പം നാണത്തോടെ കൊക്കുരുമ്മി കൊണ്ട് രണ്ടിണക്കിളികള്‍ അവര്‍ക്ക് കാവലിരുന്നു ...


(ശുഭം)


( ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലുമൊക്കെ സാമ്യം ആർക്കെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ തോന്നുവാണേൽ മനസ്സാ-വാചാ-കർമണാ-ലക്ഷ്മണാ  എനിക്ക് യാതൊരു വിധ ഉത്തരവാദിത്ത്വവും ഇല്ലെന്നു ഇതിനാൽ ബോധിപ്പിച്ചു കൊള്ളുന്നു )

#poem#Soldier

ഒരു ജവാന്‍റെ ഓര്‍മയ്ക്ക് 

കവിത ഒന്ന് കേട്ട് നോക്കിയാലോ ....?,ഈ ലിങ്കിൽ ഒന്ന് ക്ലിക്കിക്കോ ...

ആര്‍ത്തനാദങ്ങളലയടിച്ചുയരുന്ന രണഭൂവില്‍
എന്നുയിരിന്നു കാവലായ് തന്നുയിരു നല്‍കുന്ന ധീരനാം പോരാളി നീ ...
ശിശിരമോ,ശൈത്യമോ ദിനമേതെന്നറിയാതെ
ഇരുളിലും പകലിലും ഇമയണയാതുരുകുന്ന ത്യാഗമേ ...,
വസന്തം നിനക്കന്യമോ ....?
പ്രണയത്തിന്‍ വസന്തം നിനക്കന്യമോ ....?

പിഞ്ചോമനയ്ക്കൊപ്പം പുഞ്ചിരി കൂടുവാന്‍
നെഞ്ചകം വിങ്ങുന്നോരച്ചനല്ലേ ...
പഞ്ചാഗ്നിസാക്ഷിയായ് നെഞ്ചം പകുത്തവള-
ഞ്ചാറു കൊല്ലമായ്‌ കാത്തിരുപ്പല്ലേ ....

ഉണ്ണിക്കിടാവിനു താരാട്ട് പാടാതെയമ്മ
നിലാവെങ്ങോ പോയ്‌മറഞ്ഞു
അന്ത്യശ്വാസത്തിലിന്ദ്രിയം തേടുന്ന
തപ്തബിന്ദുവായ്‌ നീ നിന്നുരുകിയല്ലോ ....

കൈ പിടിച്ചച്ചന് താങ്ങായി നില്‍ക്കാനും ,
കരമേകിയുണ്ണിക്ക് തണലായി മാറാനും ,
കന്നിയുരുളയാലുണ്ണിയെ ഊട്ടാനും ,
അന്നം കൊണ്ടമ്മയ്ക്ക് ശ്രാദ്ധമൂട്ടാനും ,
പ്രിയതയുടെ കണ്‍കളില്‍ പ്രണയം വിടര്‍ത്താനും ,
ദാഹിച്ചു കേഴുന്ന വേഴാമ്പല്‍ നീ ...

എല്ലാം നിനക്കന്യം , നിന്നുയിരും നിനക്കന്യം ...
എന്‍റെ മോഹങ്ങള്‍ക്ക് ചിറകേകുവാന്‍ ,
എന്‍റെ ദാഹങ്ങള്‍ക്ക് കുളിരാകുവാന്‍ ,
എന്‍റെ നാടിന്നു തണലാകുവാന്‍ ,
കണ്ണിമയ്ക്കാതെ , നെല്ലിട തളരാതെ ,ഏതോ വിദൂരത്തിലേകാന്ത ബിന്ദുവില്‍
എല്ലാം മറന്നുകൊണ്ടിന്ത്യയെ കാക്കുന്ന ധീരജവാനേ ......വന്ദനം

ത്രികോണമല്ലാത്ത ത്രികോണമായിപ്പോയ ഒരു ത്രികോണ പ്രണയകഥ .....!

ത്രികോണമല്ലാത്ത ത്രികോണമായിപ്പോയ ഒരു ത്രികോണ പ്രണയകഥ .....!


( ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലുമൊക്കെ സാമ്യം ആർക്കെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ തോന്നുവാണേൽ മനസ്സാ-വാചാ-കർമണാ-ലക്ഷ്മണാ  എനിക്ക് യാതൊരു വിധ ഉത്തരവാദിത്ത്വവും ഇല്ലെന്നു ഇതിനാൽ ബോധിപ്പിച്ചു കൊള്ളുന്നു )


                                                 കഥ നടന്നിട്ട് മൂന്നു നാല് വർഷമാകുന്നു .ഒരു ത്രികോണ പ്രണയ കഥ ആണെന്ന് വേണമെങ്കിൽ പറയാം .അഞ്ജന എൻ്റെ ചങ്ങായിയാണ് ,ആരെങ്കിലും വഴക്കു പറഞ്ഞാലുടൻ കരഞ്ഞു തരിപ്പണമാകുന്ന പാവം പാവം ചങ്ങായി ....ചങ്ങായി എന്ന് പറഞ്ഞാൽ കൂടെ പഠിച്ചു എന്ന ഒരു ബന്ധം ...അഭിലാഷും എൻ്റെ ചങ്ങായി ആണ് .. എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചു  എന്ന ഒരു ബന്ധം .ഇംഗ്ലീഷിൽ പണ്ടേ ഞാൻ വീക്ക് ആണ് ...അതിപ്പോൾ മലയാളം മീഡിയത്തിന്റെയോ , സർക്കാർ സ്കൂളിന്റെയോ ഒന്നും കുഴപ്പമല്ല ...എനിക്കങ്ങു ഇഷ്ടമല്ല( അത് കൊണ്ട് അഭിലാഷിനെയും ) ...,അത്രേ ഉള്ളൂ .

അഭിലാഷ് സാറിനെ എനിക്ക് മാത്രമല്ല , കൂട്ടത്തിലുള്ള അഞ്ജന ഉൾപ്പടെ എല്ലാവർക്കും പേടിയാണ് ..ട്യൂഷൻ ക്ലാസ്സിലെ സാർ ആയോണ്ട് പുള്ളിക്കാരന് ഞങ്ങളെക്കാൾ അഞ്ചാറു വയസ്സിന്റെ വ്യത്യാസമേ ഉള്ളു .ഗ്രാമർ ക്ലാസ്സുകളിൽ അഭിലാഷിന്റെ തല്ലു കൊള്ളാത്തവരായി ആരുമില്ല .

അങ്ങനെയിരിക്കെ ഞങ്ങളുടെ ഹൈസ്കൂൾ പഠനം അവസാനിക്കുന്നു .എല്ലാവരും പിരിയുന്നു ...അഞ്ജനയും , അഭിലാഷുമൊക്കെ നാട്ടുകാർ ആയതു കൊണ്ട് ഇടയ്‌ക്കൊക്കെ  വഴിക്കു വച്ച് കണ്ടുമുട്ടുന്നു ,,,വിശേഷങ്ങൾ പങ്കു വയ്ക്കുന്നു .തുടർപഠന ക്‌ളാസ്സുകളിൽ എല്ലാം ഇംഗ്ലീഷിന് സ്റ്റാർ ആയതോടെ അഭിലാഷിനോടുള്ള പേടി ഒരു ആദരവായി മാറുന്നു ....

കാലം അല്പസ്വല്പം ഒക്കെ കടന്നു പോയി ...പഠനം കഴിഞ്ഞു ഞാൻ  ജോലിക്കാരിയായി ....അഞ്ജന മാസ്റ്റർ ഡിഗ്രി ചെയ്യുന്നു .അഭിലാഷ് ദുബായിൽ ഒരു വലിയ കമ്പനിയിൽ വളരെ നല്ല ശമ്പളത്തിൽ എഞ്ചിനീയർ ആയി ജോലി നോക്കുന്നു ...പെട്ടെന്നൊരു ദിവസം വീട്ടിലൊരു എൻഗേജ്മെന്റ്  കുറി എത്തുന്നു ....അഞ്ജനയുടെയും , അഭിലാഷിന്റേയും മോതിരം മാറൽ ചടങ്ങ് ....ഞാൻ ഉൾപ്പടെ അന്ന് കൂടെ പഠിച്ചിരുന്ന എല്ലാവരും വാ പൊളിച്ചു പോയി .....

ചടങ്ങിൽ ഞങ്ങൾ പഴയ പിള്ളേർ എല്ലാം ഒരുമിച്ചു കൂടുന്നു ....ആ ജോഡികളെ കണ്ടവർ കണ്ടവർ " എന്തൊരു ചേർച്ച , രണ്ടിന്റെയും നിൽപ്പ് കണ്ടാൽ ഇപ്പൊ തന്നെ അങ്ങ് കെട്ടിച്ചു കൊടുക്കണം എന്ന പോലുണ്ട് " എന്നൊക്കെയുള്ള അഭിപ്രായ പ്രകടനം നടത്തുന്നുണ്ട് .....

അതെന്തായാലും വാൽക്കഷ്ണം ഇങ്ങനെ : പഠിപ്പിക്കുന്ന കാലം മുതൽക്കേ അടക്കവും , ഒതുക്കവുമുള്ള അഞ്ജനയെ അഭിലാഷിന് ഇഷ്ടമായിരുന്നു ...ആ ഇഷ്ടം ഇരുവഴിഞ്ഞി പുഴയായി രണ്ടു പേരുടെയും ഉള്ളിലൂടെ ഒഴുകിയൊലിക്കാൻ തുടങ്ങിയ നാളുകളിൽ ഒന്നിൽ അഭിലാഷ് അഞ്ജനയെ "കെട്ടിക്കോട്ടെ " എന്ന് ചോദിക്കുന്നു ....

" .വീട്ടുകാരു സമ്മതിക്കുമോ...? , അവർക്കു സമ്മതം അല്ലെങ്കിൽ എന്ത് ചെയ്യും ...? അഭിലാഷേട്ടൻ ഇല്ലാതെ എനിക്ക് പറ്റില്ല ...വീട്ടിൽ വന്നു അച്ഛനോട് സംസാരിക്കൂ ..." എന്ന് അഞ്ജന പറയുന്നു ....

അങ്ങനെ അഭിലാഷിന്റെ നിർബന്ധത്തിനു വഴങ്ങി അഭിലാഷിന്റെ അച്ഛൻ അഞ്ജനയുടെ വീട്ടിലെത്തി പെണ്ണ് ചോദിക്കുന്നു ...അഭിലാഷിന്റെ ജോലിയും നിലയുമൊക്കെ വച്ച് സ്ത്രീധനം കുറെ മോഹിച്ചിരുന്ന  അമ്മ ഒടുവിൽ മകന്റെ ഇഷ്ടത്തിന് വഴങ്ങുന്നു , അഞ്ജനയുടെ അമ്മയോട് സംസാരിക്കുന്നു ...അഞ്ജനയ്ക്കും പിടിവാശി ..ഒടുവിൽ പിള്ളേരുടെ നിർബന്ധത്തിനു വീട്ടുകാർ വഴങ്ങുന്നു ,.എന്ത് കൊണ്ടും കൈയിൽ കിട്ടിയത് ലോട്ടറി അല്ലെ എന്ന് കരുതി അഞ്ജനയുടെ വീട്ടുകാരും സമ്മതിക്കുന്നു ........


വാൽകഷ്ണം റിലീസ് ആയ ദിവസം തന്നെ അഭിലാഷ് എന്ന ആദരണീയ വിഗ്രഹം എൻ്റെ തലയിൽ നിന്നും ഇറങ്ങി താഴെ ഇരുന്നു ..അന്ന് വരെ " അഞ്ജനയെ നോക്കി പഠിക്ക് ...അഞ്ജനയെ നോക്കി പഠിക്ക് ..." എന്ന് പറഞ്ഞ എൻ്റെ മാതാശ്രീ ആരെയെങ്കിലും നോക്കി പഠിക്കുന്ന പണി നിർത്തിക്കോളാൻ പറഞ്ഞു ....പിന്നെ കുറെ നാൾ കഴിഞ്ഞപ്പോൾ അവരായി ,അവരുടെ പാടായി  എന്ന രീതിക്കു എല്ലാരും എല്ലാം മറന്നു ...ഞാനും .

കല്യാണത്തിന് ഇനിയും രണ്ടു വർഷം ബാക്കി .കാശായും , ഫീസായും ,ഫോൺ ആയും , വിലകൂടിയ സമ്മാനങ്ങളായും  അഭിലാഷിന്റെ സ്നേഹം കടൽ കടന്നെത്തി ...എല്ലാവരും സന്തുഷ്ടർ ...

പക്ഷേ പെട്ടെന്നൊരു ദിവസം ഒരു പുതിയ നായകൻ കടന്നു വന്നു ...അഭിലാഷിനും മുൻപ് അഞ്ജന സ്നേഹിച്ചിരുന്ന , അഞ്ജനയെ സ്നേഹിച്ചിരുന്ന ഒരാൾ ....അയാളെ വേണമെന്നും , അയാളില്ല  എങ്കിൽ ആത്മഹത്യ ചെയ്യും എന്ന ഭീഷണിയും മുഴക്കി അഭിലാഷിനെയും വേണ്ട എന്ന് വച്ച് അവൾ പുതുതായി വന്ന പഴയ കാമുകന്റെ കൂടെ പോയി ...പോയി എന്ന് പറഞ്ഞാൽ വീട്ടുകാർ അങ്ങ് കെട്ടിച്ചു കൊടുത്തു ..നാട്ടു സഭയുടെയും , നാട്ടുകാരുടെയും മുന്നിൽ അവളുടെ കുടുംബക്കാർ തലകുനിച്ചപ്പോൾ തലയുയർത്തി നിന്ന് അഭിലാഷ്  നൽകിയ സമ്മാനങ്ങളുടെ അവശേഷിക്കുന്ന തിരു ശേഷിപ്പുകൾ അവൻ്റെ മുഖത്തേക്ക് വലിച്ചറിഞ്ഞു അവൾ പറഞ്ഞു ...."എനിക്ക് നിന്നെ ഇഷ്ടമല്ല , വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ നീയുമായുള്ള ബന്ധത്തിന് സമ്മതിച്ചത് എന്ന് ....""

അഞ്ജനയുടെ വഞ്ചനയുടെ കഥ നാട്ടിൽ പാട്ടായി ...അവശേഷിക്കുന്ന കുറെ ചോദ്യങ്ങളെ ചോദ്യങ്ങളാക്കി നിർത്തി അവൾ പുതിയ ജീവിതത്തിലേക്ക് പോയി ..നാട്ടുകാരുടെ ചോദ്യങ്ങളെ നേരിടാൻ വയ്യാതെ ജോലി ഉപേക്ഷിച്ചു അവളുടെ അമ്മ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി ..തകർന്നു പോയ ജീവിതത്തെ എങ്ങനെയൊക്കെയോ അഭിലാഷ് നേരെയാക്കിയെടുത്തു ....

ആദ്യമൊക്കെ അഞ്ജനയോടു വെറുപ്പായിരുന്നു ...പതിയെ അത് മാറി ....അഭിലാഷിനെ വിവാഹം കഴിച്ച ശേഷമാണ് അവൾ ഇങ്ങനെയൊരു തീരുമാനം എടുത്തത് എങ്കിൽ ....?? അതിനേക്കാൾ നല്ലതല്ലേ ഇത് ....ഓരോരുത്തർക്കും ഓരോന്നിനും അവരുടേതായ ഞ്യായമുണ്ട്‌ .....അതൊരിക്കലും മറ്റൊരാൾക്ക് മനസ്സിലാകുകയുമില്ല .....

ആ കഥയൊന്നു മറന്നതേയുള്ളു .......അപ്പോളാണ് അവിചാരിതമായി അഞ്ജനയുടെ മെസ്സേജുകൾ ഫേസ്ബുക്കിലൂടെ  എന്നെത്തേടി എത്തിയത് ....ആദ്യമൊന്നും ഞാൻ അതിനെ കണക്കിലെടുത്തില്ല ....നാലഞ്ചു തവണയായി " എന്നെ മറന്നോ ....?എന്നോട് ദേഷ്യമാണോ ....? " എന്നൊക്കെ ചോദിക്കാൻ തുടങ്ങിയപ്പോൾ ഞാൻ മറുപടി കൊടുക്കാൻ തീരുമാനിച്ചു ..

"എന്നെ അറിയില്ലേ ....?എന്നോട് ദേഷ്യമാണോ ...?"

" അറിയാം .....ദേഷ്യമോ ....എന്തിനു ...?ദേഷ്യം കാണിക്കാൻ നീ എന്നോട് തെറ്റൊന്നും ചെയ്തില്ലല്ലോ ...."

"സന്തോഷമായി ......ആരും ഇപ്പോൾ എന്നോട് സംസാരിക്കാറില്ല ...എല്ലാവർക്കും എന്നോട് ദേഷ്യം ആണ് ..."

"അതിനിപ്പോൾ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ...നീ ചെയ്തത് തെറ്റായതു കൊണ്ടല്ലേ.....എന്തായാലും അതൊക്കെ മറന്നേക്കൂ ,,,,,കിട്ടിയ ജീവിതം നന്നായി കൊണ്ട് പോകു ...."

" തെറ്റോ ...?ഞാൻ എന്ത് തെറ്റാ ചെയ്തെ ...?എന്റെ ഭാവി ആണ് ഞാൻ നോക്കിയേ .ഞങ്ങൾ ഇഷ്ടത്തിൽ ആയിരുന്നു .പിന്നെ പുള്ളിക്കാരന് കാശുണ്ട് , നല്ല സമ്പാദ്യം ഉണ്ട് .എന്റെ ജീവിതം എന്ത് സുഖം ആയിരിക്കും ...അതും ദുബായിൽ ...ഈ നാട്ടുകാരന്മാരെയൊക്കെ ആര്  നോക്കുന്നു ,,,,അവന്മാരോട് പോകാൻ പറ ....."

ഇത്രയും പറഞ്ഞു എന്നെ ബ്ലോക്കും  ചെയ്തു  പോയ അവളെക്കുറിച്ച് ഞാൻ എന്താ പറയ്യാ ...?

ഈ കഥയിൽ ശരിക്കും വില്ലൻ ഇല്ല ...ഉള്ളത് വില്ലത്തി ആണ് ....ഒരുത്തന്റെ ജീവിതം തകർത്ത് പണമുള്ള മറ്റൊരുത്തനോടൊപ്പം പോയ ഇവളെ എന്ത് വിളിക്കണം .....???? ഇനി ഇതിനേക്കാൾ കൂടുതൽ സൗഭാഗ്യം കാണുമ്പോൾ ഇപ്പോൾ ഉള്ളവനെയും കളഞ്ഞിട്ടു പോകില്ല എന്ന് എന്താണ് ഉറപ്പ്  ....???

സിനിമകളിൽ മാത്രമേ ഇങ്ങനെയൊരു കഥ കണ്ടിട്ടുള്ളു ....ഇപ്പോളിതാ നേരിട്ടും ...ഒരു പക്ഷേ അവൾ എന്നോട് സംസാരിച്ചില്ലായിരുന്നെങ്കിൽ അവളുടെ ശരിയാണ്  ശരി എന്ന് വിശ്വസിച്ചു ഞാൻ അവളെ മറന്നേനെ .....
പക്ഷേ ഇപ്പോൾ എനിക്ക് അഞ്ജനയോടു വെറുപ്പാണ് .......വെറുപ്പ് മാത്രം .......