Thursday 30 November 2017

അങ്ങനെ അങ്ങനെ ഒരു മഴക്കാലത്ത്.....!!!

അങ്ങനെ അങ്ങനെ ഒരു മഴക്കാലത്ത്.....!!!



എന്തൊരു മഴയാ അല്ലെ .....വെട്ടമില്ല ,വെളിച്ചോമില്ല .....വെള്ളം മാത്രം മുങ്ങിക്കുളിക്കാൻ ...ഇങ്ങനെ തോരാതെ പെയ്താൽ എന്ന ചെയാനാ അല്ലിയോ ....? കാലും നീട്ടി മഴയും കണ്ടോണ്ടു ഇരിക്കുക ,,,,അതന്നെ ...

"മഴയൊന്നു നിന്നെങ്കിൽ മതിയായി വെള്ളം
ഒരു തുള്ളി തോരാത്ത മഴയെന്തു ശല്യം !
 വരളുന്ന  കാലത്ത്  മഴ തന്നെ മോഹം
 എരിയുന്ന കാലത്ത് മഴ തന്നെ സ്വർഗം !
 വെയിലിന്റെ കാലത്ത് വെയിലെത്ര ശല്യം
 മഴ വന്ന കാലത്ത് മഴയെത്ര നാശം "

കവിക്ക് കവിത എഴുതിയെങ്കിലും മഴയോട് കദനം പറയാം ...നമുക്കോ ....?

തോരാതെ പെയ്യുന്ന മഴയത്തു നനഞ്ഞു കുതിർന്നു വീടെത്തുമ്പോൾ മനസ്സിലേക്ക് ഓടിവന്ന കുറച്ചു മഴക്കാല ഓർമകളുണ്ട്...
അതിൽ ആദ്യത്തേത് തലയ്ക്കരികിൽ വലിയ ചരുവവും വച്ച് കിടന്നുറങ്ങിയ രാത്രികളാണ് .മേൽക്കൂരയുടെ ഇടയിലൂടെ അതിവിദഗ്ധമായി ഊർന്നിറങ്ങി നമ്മളെ നനയ്ക്കാൻ വിജയശ്രീലാളിതയായി തുള്ളികൾ വരുന്ന ഒരു വരവുണ്ട് ....അങ്ങനെ നീയിപ്പം എന്നെ നനയ്ക്കണ്ട കേട്ടോ എന്നും പറഞ്ഞു ചരുവം എടുത്തങ്ങു വയ്ക്കും .....ഉറക്കത്തിന്റെ ആലസ്യത്തിനിടയ്ക്കും പാത്രത്തിൽ താളം പിടിക്കുന്ന മഴത്തുള്ളികളെ നോക്കി നേരം വെളുപ്പിച്ച ഒരു കാലം ഉണ്ടായിരുന്നു ,,,,,പിന്നെ കോൺക്രീറ്റും ടെറസ്സും ഒക്കെ ആയപ്പോൾ മഴത്തുള്ളികൾ പിണങ്ങി പിരിഞ്ഞൊരു പോക്ക് .

സ്കൂളൊക്കെ കഴിഞ്ഞു പാടവരമ്പത്തൂടെ കൂട്ടം കൂടി നടന്നു വരുമ്പോൾ വിരുന്നു വിളിക്കാതെ ഓടിയെത്തുന്ന ഒരു മഴയുണ്ട് ....വാഴയിലക്കീറും  , ചേമ്പിലകളുമൊക്കെ പറിച്ചെടുത്തു തലയിൽ കമഴ്ത്തി മത്സരിച്ചു ഓടി വീട് പറ്റിയ കുട്ടിക്കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ ...മഴ നനയാനുള്ള പേടി കൊണ്ടല്ല .....ഉടുപ്പ് നനഞ്ഞാലോ എന്ന സങ്കടം കൊണ്ടുള്ള ഓട്ടമായിരുന്നു അത് ..രണ്ടു വെള്ള ഷർട്ടും ഒരു നീല പാവാടയും കൊണ്ട് ഒരു വർഷം ഓടി തികയ്ക്കാനുള്ള ബദ്ധപ്പാടിന്റെ സങ്കടം കൊണ്ട് അന്ന് ചിലപ്പോഴൊക്കെ മഴയെ വെറുത്തിരുന്നു ...

എന്റെ കുട്ടിക്കാലത്തൊക്കെ ഞങ്ങളുടെ നാട് തീർത്തും ഗ്രാമം ആയിരുന്നു ....വയലുകളും , തോപ്പുകളും , കുളവും , ചാനലും അങ്ങനെ ....മഴക്കാലത്തു ചാനലൊക്കെ നിറഞ്ഞു കവിയുമ്പോൾ വെള്ള തോർത്തുമെടുത്തു മീൻ പിടിക്കാൻ കൂട്ട് കൂടി പോകാറുണ്ടായിരുന്നു ..വയൽ പ്രദേശമായതു കൊണ്ട് മഴ വന്നാൽ ഞങ്ങളുടെ കിണറുകളിൽ നിന്നും തോട്ടിയും കയറുമൊക്കെ മാറ്റി ,കപ്പും ,പാത്രവുമിട്ടായിരുന്നു വെള്ളം എടുക്കാറ് .അന്നൊക്കെ മഴയെ സ്നേഹിച്ചിരുന്നു ....വെള്ളം തട്ടിത്തെറിപ്പിച്ചു അവളെ പ്രണയിച്ചിരുന്നു ....മരത്തണലിൽ ഒതുങ്ങിക്കൂടി കൈവെള്ളയിലിട്ടു അവളെ അമ്മാനമാടിയിരുന്നു ...ഇളം തലോടലുകളുമായി അവൾ നൽകുന്ന ചുംബനങ്ങളെ ഒരു ഉൾപ്പുളകത്തോടെ മുഖത്തോടു ചേർത്തിരുന്നു ....

ജൂണിലെ മഴക്കാലത്തു സ്കൂളിൽ പോയ ഓർമയൊക്കെ പത്താം ക്‌ളാസ് കഴിഞ്ഞതോടെ അവസാനിച്ചു ...ഇക്കഴിഞ്ഞ വർഷമാണ് ജൂണിലെ മഴയെ വീണ്ടും കണ്ടുമുട്ടിയത് ....അതും വർഷങ്ങൾക്കു ശേഷം......

ഇപ്പോ എന്തിനാ ഈ കഥയൊക്കെ പറഞ്ഞെ എന്നല്ലേ ...... ഒന്നുമില്ല,,വെറുതെ ..സോളാർ സരിതക്കു പ്രാന്തായി എന്നും ദിലീപിനെ പോലീസ് ഇടിച്ചു എന്നും , ഹാദിയക്ക് നീതി കിട്ടി എന്നുമൊക്കെ പറഞ്ഞു ചുമ്മാ കുറെ ചർച്ച നടത്തണേനെക്കാളും നല്ലതല്ലേ കുറെ ഗൃഹാതുരതകൾ അയവിറക്കുന്നത്......അത്രയേ  ഉള്ളു സംഗതി ...

Tuesday 14 November 2017

നന്ദി ദൈവമേ ....ഈ ജീവിതം കൊണ്ട് ഞാൻ ഒരുപാട് നേടി .....ഒരുപാടൊരുപാട് ......

നന്ദി ദൈവമേ ....ഈ ജീവിതം കൊണ്ട് ഞാൻ ഒരുപാട് നേടി .....ഒരുപാടൊരുപാട് ......



താൽക്കാലിക വിരാമത്തിനു അവിരാമമിട്ടു കൊണ്ട് വീണ്ടും ഞാനെന്റെ തട്ടകത്തിലേക്കു തിരികെ എത്തുകയാണ് .ഇത് വരെ കൂടെ നിന്നവർക്കും ,ഇനി കൂടെ നിൽക്കാൻ താല്പര്യമുള്ളവർക്കും ഹൃദയം നിറഞ്ഞ നന്ദി ...

ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം തൂലിക ചലിപ്പിക്കാനൊരുങ്ങുമ്പോൾ പറയാൻ ബാക്കി വച്ച കുറെയേറെ  ജീവിതാനുഭവങ്ങളുടെ നീണ്ട നിര തന്നെയുണ്ട് പിന്നിൽ .എന്നെ മാത്രം വിശ്വസിച്ചു ഈ ഭൂമിയുടെ മനോഹാരിതയിലേക്കു കണ്ണ് തുറക്കാൻ കൊതിച്ച ചിപ്പിക്കുൾമുത്തിനായി മാറ്റി വച്ചതായിരുന്നു ഈ ദിനങ്ങളത്രയും .....

അമ്മയാകുക,,
 കേൾക്കാൻ സുഖമാണ്.... , 
അനുഭവിക്കുക മാധുര്യം ഏറെയാണെങ്കിലും പ്രയാസമാണ് ....
ജീവിക്കൽ പോരാട്ടമാണ് ....
ആ പോരാട്ടത്തിന്റെ പടിവാതിൽ ഞാനും തുറന്നു .....

അദമ്യമായ നന്ദി ...
സർവേശ്വരനോട്...., 
അതിലേറെ നാളിതു വരെ താങ്ങും തണലുമായി നിന്ന പ്രിയപ്പെട്ട ഭർത്താവിനോട് ....

ഓരോ അമ്മയും ഏതൊക്കെ പ്രയാസങ്ങൾ അനുഭവിച്ചാണ് ഒരു കുഞ്ഞിന് ജന്മം നൽകുന്നത് എന്ന് തിരിച്ചറിയണമെങ്കിൽ 'അമ്മ ആയെ മതിയാകു ....എന്റെ ഇരുപത്തിമൂന്നു വർഷത്തെ ജീവിതത്തിനും , സന്തോഷത്തിനും വേണ്ടി എന്റെ 'അമ്മ മാറ്റി വച്ച- അമ്മയുടെ ജീവിതം എന്താണെന്ന് മനസിലാക്കാൻ വേണ്ടിയുള്ള യാത്ര കൂടിയാണ് ഇനി മുന്പോട്ടുള്ള ജീവിതം .

സങ്കടങ്ങൾ മൂർദ്ധന്യത്തിൽ എത്തുമ്പോൾ മരണത്തേക്കാൾ വലിയ മരുന്നൊന്നുമില്ലെന്നു തോന്നിയ പല നിമിഷങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ,,,,എന്നാലിന്ന് എന്റെ കുഞ്ഞിന് വേണ്ടി ജീവിക്കാൻ ആഗ്രഹിക്കുമ്പോൾ മരണത്തിനോട് പോലും കൈകൂപ്പുകയാണ് ,,,,എന്നെ തേടി വേഗത്തിലൊന്നും വരരുതേ എന്ന് .

സന്തുഷ്ടയാണ് .....
ഇത് വരെ ജീവിക്കാൻ കഴിഞ്ഞതിൽ ...
നല്ലൊരമ്മയുടെ അധികം മോശമല്ലാത്ത മകളാകാൻ കഴിഞ്ഞതിൽ ...
ഒരുപാട് സ്നേഹമുള്ളൊരു എട്ടന്റെ പെങ്ങളാകാൻ കഴിഞ്ഞതിൽ ....
കരണത്തേക്കടിക്കാൻ നീട്ടുന്ന കൈ കൊണ്ട് കുസൃതിയോടെ ,അതിലേറെ പ്രണയത്തോടെ എന്നെ  നെഞ്ചോടു ചേർക്കുന്ന ഭർത്താവിനെ  കിട്ടിയതിൽ ......
ഒരു ചെറിയ പുഞ്ചിരി കൊണ്ട് , അമ്മേ എന്നുള്ള ഒരു വിളി കൊണ്ട് ലോകത്തെ മുഴുവൻ സന്തോഷങ്ങളും എനിക്ക് സമ്മാനിക്കുന്ന എന്റെ പ്രിയപ്പെട്ട മകളെ വാരിപ്പുണരാൻ കഴിഞ്ഞതിൽ ....

നന്ദി ദൈവമേ ....ഈ ജീവിതം കൊണ്ട് ഞാൻ ഒരുപാട് നേടി .....ഒരുപാടൊരുപാട് ......