Thursday 31 May 2018

നിന്റെ മാത്രം ....കെവിൻ ...!!!!

നിന്റെ മാത്രം ....കെവിൻ ...!!!!

ചിതറിത്തെറിച്ചതു ചോരയായിരുന്നില്ല ,
ഹൃദയമായിരുന്നു ....,
പ്രണയം പകുത്തു നൽകിയ ഒരു ഹൃദയം .

വേരറ്റു വീണത് മോഹമായിരുന്നില്ല ,
ജീവിതമായിരുന്നു ....,
പ്രതീക്ഷയുടെ നാമ്പും പേറി കാത്തിരുന്ന നാലു ജീവിതങ്ങൾ .

അച്ഛന് കൈത്താങ്ങാകാൻ കൊതിച്ച മകനായിരുന്നു ,
അമ്മയ്ക്കൂട്ടേണ്ട  നന്മയായിരുന്നു ,
പെങ്ങളെ കാക്കേണ്ട ഏട്ടനായിരുന്നു ,
പ്രണയിനിക്കപ്പുറം ....ഭാര്യയായമ്മയായി 
ജന്മം പകുത്തെടുത്ത പെണ്ണിന്റെ പ്രാണനായിരുന്നു ...

ഉരുകിയൊലിച്ചു പോയവൻ ....ജാതിക്കോമരമായി ...
അസ്ഥിയല്ലാ,സ്തിയാണ് വലുതെന്നെന്തേ 
പഠിപ്പിച്ചതില്ലാരും ....??
ചങ്കൂറ്റമുള്ള ചങ്കിനേക്കാൾ വലുതാണ് 
ജാതിയെന്നെന്തേ പറഞ്ഞില്ലയാരും ....??

പെണ്ണേ.....,
  നനഞ്ഞൊട്ടിയ കവിൾത്തടങ്ങളിൽ കനിവിന്റെ കൈ ചേർത്തു 
  കരളുറപ്പോടെ കാക്കുന്നൊരച്ഛനുണ്ടാകും നിനക്ക് ....
  എന്റെ സ്മാരകമായി നിന്റെ മാറിൽ മയങ്ങുന്ന താലിക്കു 
  പൂജ ചെയ്യാനുണ്ടാകുമെന്നമ്മയെന്നും....
  വഴിപിരിഞ്ഞു പോയ പുഞ്ചിരികളെ കൈക്കുമ്പിളിൽ കോർത്തു 
  കഥ പറയാനൊരു പെങ്ങളുണ്ടാകും നിനക്കെന്നും ....

 തനിച്ചാക്കി പോകില്ല ഞാനൊരിക്കലും .....,
 ഒരു ജന്മമല്ലൊരു യുഗവുമല്ല 
 പുനർജനിക്കുമെങ്കിൽ ...,എന്നും നിന്റെ പ്രാണനായി .....
 നിന്റെ മാത്രം ....

Wednesday 16 May 2018

ആദമേ....നിന്നോട് .......

ആദമേ....നിന്നോട് .......


ആദമേ.... നീയെന്തി-നീഷന്റെ വാക്കിനെ തെറ്റിച്ചു പെണ്ണിനെ പ്രണയിച്ചു ധരിണിയെ പരിണയി-ച്ചു ലകിന്റെ നാഥനായി...? തളിരിലോ,രട വച്ച് പൂമുട്ട വിരിയിച്ചു പൂങ്കാവനങ്ങളാ-ലുലകിനെ ഉരുവാക്കി ബന്ധങ്ങളെല്ലാം പടുത്തുയർത്തി.... മരുവിനെ മലരാക്കി-യുയിരിനെ പാലൂട്ടി അഗ്നിയാൽ ശ്രുതി മീട്ടി മാളിക,മാല്യങ്ങൾ, മാമര തോപ്പുകൾ മണിവർണ സൗധങ്ങൾ എല്ലാമേകി.... പെണ്ണിനും മണ്ണിനും പൊന്നിനും പലതിനും പിന്നെ മറ്റെന്തിനൊക്കെയോ നീയുമോടി... കാലം കുതിര കാലിൽ കൈവിട്ടു അതിവേഗമങ്ങോടി പോയിടുന്നു. ഉണ്മകൾ മൂല്യങ്ങൾ ദൈവം നട്ട നന്മ മരങ്ങൾ കരിഞ്ഞുണങ്ങി.... അമ്മയെ കാണാതെ, പെങ്ങളെന്നോർക്കാതെ, ഭാര്യയെ അറിയാതെ , മകളെയുറക്കാതെ ഭ്രാന്തനായുമ്മറ വാതിൽക്കൽ നീ നിൽപ്പു.. ചോര പുരണ്ട കരങ്ങൾക്കിനിയും,
കരുത്തുണ്ടെന്നോതി നീ കാവലാളായി.... മാധ്യമമില്ലൊരു പ്രസ്ഥാനമില്ല നീ -
സാത്താനെ വെൽകാൻ തുനിഞ്ഞിറങ്ങി.... കാത്തു നീ.....അമ്മയെ,നന്മയെ, തിന്മകൾ മൂടിയ അന്ധമാം ഏദൻ തോപ്പിൽ നിന്നും.... വെണ്മയായുമ്മറ കോലായിൽ പുഞ്ചിരിപ്പൂക്കളാൽ-
ചന്തം പരത്തുന്ന കുഞ്ഞിളം പൈതലെ നോക്കവേ....
എന്തിനോ....., ആദമേ....., പെണ്ണാണിവളെ പൊതിഞ്ഞു കൊൾകെന്നുള്ളംപറഞ്ഞിടുന്നു......

Friday 4 May 2018

പഞ്ചവർണത്തത്ത....

അഞ്ചു വർണങ്ങൾ കൊണ്ട് സുന്ദരിയായൊരു പഞ്ചവർണത്തത്ത....



  എന്ത് കൊണ്ടായിരിക്കും പഞ്ചവർണത്തത്ത എന്ന പേര് വന്നത് ,,,?
തുടക്കം മുതലേ ഉള്ള ആ ചോദ്യത്തിന് ഒടുക്കത്തിലൊരു ഉത്തരം കിട്ടി ..നന്മയുള്ളൊരു  ചിത്രം ....

ചിരിക്കാനും , രസിക്കാനും , ഇടയ്‌ക്കൊരല്പം കണ്ണ് നിറയ്ക്കാനും കൂടി ഏതാണ്ടൊരു ചേരുവകൾ എല്ലാം ചേർന്ന സിനിമ . തുടക്കത്തിലേ ഇരുഗതിയും, പരഗതിയുമില്ലാതെ അവാർഡ് പോലെ ഉള്ള   ഒഴുക്ക് മുന്നോട്ടേയ്ക്കു പോകും തോറും തീരം കണ്ടെത്തിയ പോലെ നിർദിഷ്ടമായി നീങ്ങുന്നുണ്ട് ....സംവിധായകന്റെ ആദ്യ സംരംഭത്തിന്റെ പാകപ്പിഴകൾ ഒഴിവാക്കി നിർത്തിയാൽ ഉദ്ദേശിച്ച ആശയം അനുവാചകനിൽ എത്തിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് .....

നടക്കാതെ പോകുന്ന ആഗ്രഹങ്ങൾ ആണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം ...നാം ചെയുന്ന എല്ലാ വലിയ കാര്യങ്ങളും നന്മയുള്ള കാര്യങ്ങൾ ആകണം എന്നില്ല , പക്ഷെ നാം ചെയുന്ന എല്ലാ നന്മയുള്ള കാര്യങ്ങളും വലിയ കാര്യങ്ങൾ തന്നെയാണ് ..ഒരു മനുഷ്യന്റെയെങ്കിലും , ഒരു ആഗ്രഹമെങ്കിലും  സാധിച്ചു കൊടുക്കാൻ കഴിഞ്ഞാൽ അതാണ് ഈ ഭൂമിയിലെ ജീവിതം കൊണ്ട് നാം നേടുന്ന ഏറ്റവും വലിയ സന്തോഷം .......ഈ നന്മ തന്നെയാണ് ഊരും , പേരും , ജാതിയും , മതവും , വർഗ വർണ വിവേചനങ്ങളുമില്ലാതെ ജയറാമിന്റെ കഥാപാത്രം നമുക്ക് പകർന്നു നൽകുന്നത് ....

രാഷ്ട്രീയത്തിലെ സ്ഥിരം തമ്മിൽ തല്ലും , വങ്കത്തരങ്ങളുമൊക്കെയായി കുഞ്ചാക്കോയുടെയും , സലിം കുമാറിന്റെയും കഥാപാത്രങ്ങൾ തിളങ്ങുമ്പോൾ അണികളുടെ പണികൾ കൃത്യമായി നിർവഹിക്കുന്നുണ്ട് കൂടെയുള്ളവർ .അമ്മയുടെയും , മരുമകളുടെയും കടമകൾ മല്ലികയും അനുശ്രീയും നിർവഹിക്കുന്നുണ്ട് ...

പാവപ്പെട്ടവനോട് പണക്കാരനുള്ള പുച്ഛവും , അന്യന്റെ മുതൽ കട്ടെടുക്കാനുള്ള മനുഷ്യന്റെ കൊതിയുമെല്ലാം ചിത്രത്തിൽ ചർച്ചാ വിഷയം ആകുന്നുണ്ട് ..

വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളോഴികെ , ബാക്കി എല്ലാവരും ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ എങ്കിലും അല്പം നന്മ സൂക്ഷിക്കുന്നവരാണ് ..യന്ത്ര വൽക്കരണത്തിന്റെയും , പണക്കൊഴുപ്പിന്റെയും മേലെ കൂടി പറക്കാൻ കൊതിക്കുമ്പോൾ മാനുഷികമൂല്യങ്ങൾ മറന്നു പോകുന്ന മനുഷ്യനൊരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം ...

 വയറു നിറഞ്ഞാൽ മതി , മൃഗങ്ങൾ ശാന്തരാകും ..പക്ഷെ മനുഷ്യനോ ...? എത്ര നിറഞ്ഞാലും തീരാത്തത്ര ആർത്തി പൂണ്ടു പരസ്പരം മറക്കുന്ന ഈ ജീവിതം കൊണ്ട് ആരും ഒന്നും നേടുന്നില്ല എന്ന തിരിച്ചറിവാണ് ഈ സിനിമ ....

അധികം പ്രതീക്ഷകളൊന്നും ഉള്ളിൽ നിറയ്ക്കാതെ , ഒരു രണ്ടു മണിക്കൂർ ചിലവിടാമെങ്കിൽ നമുക്കും തോന്നും , ഈ ജീവിതം കൊണ്ട് ഇനിയും ആർക്കൊക്കെയോ വേണ്ടി എന്തൊക്കെയോ ചെയ്യാനുണ്ടെന്ന്...അതാണ് അഞ്ചു മനുഷ്യരുടെ ആഗ്രഹങ്ങൾ പൂർത്തികരിച്ച പഞ്ചവർണതത്തയുടെ വിജയം ....