Wednesday 20 June 2018

ഞാൻ മേരിക്കുട്ടി ....!!

ഞാൻ മേരിക്കുട്ടി ....!!


"മനസ്സ് കൊണ്ട് ഞാനൊരു പെണ്ണാണ് ഡോക്ടർ ...ശരീരം കൊണ്ടും എനിക്ക് പെണ്ണാകണം ..." എത്ര മനോഹരമായ ആവശ്യമാണത് ...

അടുത്ത ജന്മത്തിലെങ്കിലും എനിക്കൊരു ആണായി  ജനിച്ചാൽ മതിയെന്ന് പറയുന്ന പെണ്ണുങ്ങൾക്കിടയിൽ എനിക്കൊരു പെണ്ണായാൽ മതി എന്ന് ഉറക്കെ പറയാൻ ധൈര്യം കാണിക്കുന്ന മേരി കുട്ടി ഒരുപാട് പേരുടെ പ്രതീക്ഷയാണ് ...,
അംഗീകാരവും കാത്തു കഴിയുന്ന കുറെ മനസ്സുകളുടെ സ്വപ്നമാണവൾ ,
ഒറ്റപ്പെട്ടു പോയ മോഹങ്ങളുടെ സാഫല്യമാണവൾ ...
അടിച്ചമർത്തപ്പെട്ട ഒരു മനുഷ്യ വർഗത്തിന്റെ നേർക്കാഴ്ചയാണവൾ ....
ഓരോ ട്രാൻസും പറയാൻ ആഗ്രഹിക്കുന്ന ഒന്നുണ്ട് , 
I am not a Transgender , I am a Trans Woman/Trans man 
അതാണ് ഞാൻ മേരിക്കുട്ടി എന്ന സിനിമ ....

അണിഞ്ഞൊരുങ്ങലിന്റെ ആർഭാടമൊന്നുമില്ലാതെ വ്യക്തിത്ത്വം കൊണ്ട് , സ്വഭാവം കൊണ്ട് നമ്മളെക്കാളൊക്കെ ഒരു പാട് സുന്ദരിയായ ഒരു ജയസൂര്യ കുട്ടി ....
ആ മേരിക്കുട്ടിയെ കണ്ടില്ലെന്നു വയ്ക്കാനോ,അംഗീകരിക്കാതിരിക്കാനോ ഒരു പ്രേക്ഷകനും കഴിയില്ല ...

ജനനം അതൊരു ഭാഗ്യമാണ് ....
മനുഷ്യ ജന്മം അലങ്കാരമാണ് ...
പുരുഷൻ യോദ്ധാവാണ് ...
സ്ത്രീ ആയുധമാണ് ....
എന്നാൽ അർദ്ധനാരീശ്വരനോ..... സ്ത്രീയും പുരുഷനും സംഗമിക്കുന്ന അത്യപൂർവ ജന്മമാണത് ...
മേരിക്കുട്ടി പറയുന്ന പോലെ ഒരേ സമയം ഒരു സ്ത്രീയുടെയും പുരുഷന്റെയും മനസ്സും വികാരവും മനസ്സിലാക്കാൻ കഴിയുന്ന ഒരേ ഒരു മനുഷ്യ ജന്മമാണത് ...അപ്പോൾ ആ ജന്മം തന്നെയല്ലേ ഏറ്റവും മഹത്തരം ...? നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു ..

വിവാഹിതനാകാൻ വീട്ടുകാർ നിർബന്ധിക്കുന്നത് വരെ മേരിക്കുട്ടി മാത്തുകുട്ടി ആയിരുന്നു ...സ്ത്രീയുടെ മനസ്സും പുരുഷന്റെ ശരീരവുമായി ഒരു ജീവിതം തന്നെക്കൊണ്ട് സാധിക്കില്ല എന്ന തിരിച്ചറിവിൽ നിന്നുമാണ് മേരിക്കുട്ടിയുടെ ജനനം ...27 ആം  വയസ്സിൽ ഒന്നാം പിറന്നാൾ ആഘോഷിക്കാനുള്ള സൗഭാഗ്യം അവളെ തേടിയെത്തുന്നത് അങ്ങനെയാണ് ....കുടുംബക്കാരും , നാട്ടുകാരും തള്ളി പറഞ്ഞെങ്കിലും , നികൃഷ്ടമായ രീതിയിൽ പലരും അവളോട് പെരുമാറിയെങ്കിലും തളരാതെ നിശ്ചയദാർഢ്യത്തോടെ, ആത്മവിശ്വാസത്തോടെ അവൾ പൊരുതി ,തന്റെ ജീവിത ലക്ഷ്യത്തിനായി ...ആ ലക്‌ഷ്യം പൂർത്തിയാകുന്ന ദിവസം ഈ ലോകം മുഴുവൻ ഒരേ സ്വരത്തിൽ തന്നെ മേരിക്കുട്ടി എന്ന് വിളിക്കുമെന്ന , അംഗീകരിക്കുമെന്ന അവളുടെ വിശ്വാസം ....ആ വിശ്വാസത്തിലേക്കുള്ള യാത്രയായിരുന്നു അവളുടെ ജീവിതം ...തീവ്രമായി ആഗ്രഹിക്കുന്ന കാര്യത്തിനായി ഇറങ്ങി പുറപ്പെട്ടാൽ ഈ പ്രപഞ്ചംപോലും സ്വപ്നസാക്ഷാത്കാരത്തിനായി നിങ്ങളോടൊപ്പമുണ്ടാകും എന്ന ആൽക്കമിസ്റ് വചനത്തിന്റെ സാക്ഷാത്കാരം .....നന്മയുടെ കണിക വറ്റാത്ത സുമനസ്സുകളുടെ താങ്ങാണ് മേരിക്കുട്ടിയെ ജീവിക്കാൻ പ്രേരിപ്പിച്ചത് , അതാണ് നമ്മളിൽ പലർക്കും ഇല്ലാതെ പോയതും ...മേരിക്കുട്ടി പറയുന്ന പോലെ ഇത് ആണിന്റേയോ,പെണ്ണിന്റേയോ ലോകമല്ല .കഴിവിന്റെ ലോകമാണ് ..ഈ ലോകത്തെ മനുഷ്യന്റെ ജീവിതം ആരുടേയും ഔദാര്യമല്ല ,അവകാശമാണ് ....

ജീവിക്കാനുള്ള അവകാശം - അത് സർവ ചരാചരങ്ങളുടെയും ജന്മാവകാശമാണ് ...അവിടെ ജാതി- മത -ലിംഗ -വർഗ -വർണ വിവേചനകൾക്കു ഒരു പ്രാധാന്യവുമില്ല എന്ന് നമ്മൾ തിരിച്ചറിയണം ..
കഴിവില്ലാത്തതു കൊണ്ടല്ല , ഒരു ട്രാൻസ് ആയിപ്പോയത് കൊണ്ട് മാത്രം ,സമൂഹത്തിന്റെ മുൻധാരയിലേക്കു എത്തിപ്പെടാൻ കഴിയാതെ പോയ ഒരുപാട് പേര് ഉണ്ട് ..അവർക്കൊരു പ്രചോദനവും , നമ്മൾക്കൊരു മാതൃകയുമാണ് ഈ സിനിമ ...
രെഞ്ചു രഞ്ജി , സാറാ ഷെയ്ക് ,പ്രിതിക, തൃപ്തി ,....ഇങ്ങനെ സമൂഹത്തിന്റെ 
നാനാതുറകളിൽ പോരാടി വിജയം കൈവരിച്ച കുറെ മേരിക്കുട്ടിമാർ നമുക്ക് ചുറ്റും ഉണ്ട് .അവരുടെയൊക്കെ മനസ്സാണ് മേരിക്കുട്ടി നമുക്ക് മുന്നിൽ തുറന്നു വച്ചിരിക്കുന്നത് ....

ഞാൻ ഒരു മനുഷ്യനാണ് ,എല്ലാ മനുഷ്യർക്കും ജീവിക്കാനുള്ള അവകാശം ഉണ്ട് എന്ന ചിന്ത മനസ്സിൽ ഉണ്ടെങ്കിൽ കാണുക ...
നമുക്ക് ചുറ്റുമുള്ള മേരിക്കുട്ടിമാരെ കണ്ണ് തുറന്നു കാണുക ,
അംഗീകരിക്കുക ,സ്നേഹിച്ചില്ലെങ്കിലും വെറുക്കാതിരിക്കുക ,സഹതപിച്ചില്ലെങ്കിലും മുഖം മുഷിയാതിരിക്കുക ...
അവരും ഈ ഭൂമിയുടെ അവകാശികളാണ് ...
എന്നെ പ്പോലെ ...
നിങ്ങളെ ഓരോരുത്തരെയും പോലെ ...