Showing posts with label എന്തൊക്കെയോ....എവിടെയൊക്കെയോ .... Show all posts
Showing posts with label എന്തൊക്കെയോ....എവിടെയൊക്കെയോ .... Show all posts

Tuesday, 16 June 2020

In the Memory of #Sushanth

മരിക്കാൻ ആഗ്രഹിച്ചു മരിക്കുന്നവർ മരിക്കാറില്ല 


മരിച്ചവൻ ഉയിർത്തെഴുന്നേൽക്കില്ല ,
വരണ്ടു നീലിച്ച ചുണ്ടുകളിൽ വാക്കുകൾ പിടഞ്ഞു മരിക്കില്ല ,
ആശയറ്റിയ കണ്ണുകൾ തുറന്നു  കേഴില്ല ,
കരങ്ങൾ മരവിച്ചു ,ഹൃദയം തണുത്തുറഞ്ഞു യാത്രാമൊഴിയും കാത്തു  കിടക്കും 

ഇനി നിങ്ങൾക്ക് എന്തും പറയാം, കാരണം നിങ്ങളുടെ കണ്ണിൽ ജീവിച്ചിരിക്കുന്നവർ വിജയികളും  ആത്മഹത്യ ചെയ്തവർ പരാജിതരും ആണ് .

നിങ്ങൾക്കറിയുമോ , നീല  വെളിച്ചത്തിൽ ചിരിച്ചും , ചുവന്ന വെളിച്ചത്തിൽ അലറിക്കരഞ്ഞും നടന്ന എന്നെ  ...?

എന്റെ ചുണ്ടിലെ നേർവര വളയുന്നതു നിങ്ങളാരെങ്കിലും ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ ,ഇല്ല ...നിങ്ങൾക്കത് കാണാൻ സാധ്യമല്ല ...

                            

ജീവിച്ചിരിക്കെ ഓരോ നിമിഷവും മരിച്ചു കൊണ്ടിരുന്ന എന്നെ ഞാൻ കണ്ടിരുന്നു .ജീവിക്കാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു ,മരിക്കാൻ എനിക്ക് ഭയമായിരുന്നു ,എന്നിട്ടും എത്രയോ വട്ടം ഞാൻ എന്നെ തന്നെ കൊന്നിരിക്കുന്നു.

രാത്രിയെ ഇരുട്ട് വിഴുങ്ങുമ്പോൾ അസ്തിത്വമില്ലാത്ത ചിന്തകളെന്റെ മസ്തിഷ്‌കം കാർന്നു തിന്നുന്നതറിഞ്ഞു  ഞാൻ അലറിക്കരഞ്ഞത് നിങ്ങളാരെങ്കിലും കേട്ടിരുന്നുവോ ...?

എനിക്ക് ഭ്രാന്തു പിടിക്കുന്നു എന്നുറക്കെ നിലവിളിച്ച എന്റെ ഹൃദയത്തെ എത്ര ആലിംഗനങ്ങൾ കൊണ്ടാണ് നിങ്ങൾ മൂടിയത്, എന്നിട്ടും ഒരിക്കൽ പോലും ആ ഭ്രാന്തു നിങ്ങൾ അറിഞ്ഞിരുന്നില്ല എന്നാണ് പറയുന്നതെങ്കിൽ നിങ്ങളെന്നെ ആലിംഗനം ചെയ്തിട്ടേ ഇല്ല .

ഹസ്തദാനങ്ങളിലൊക്കെയും  വിട്ടു കളയരുതേ എന്നപേക്ഷിച്ച കരങ്ങളെ എത്ര ലാഘവത്തോടെയാകും  നിങ്ങൾ ഉപേക്ഷിച്ചത് ...

കനിവ് തേടിയ കണ്ണുകളിൽ നോക്കി ഒട്ടിച്ച പുഞ്ചിരി സമ്മാനിച്ച നിങ്ങളോടൊക്കെ ഞാൻ എന്ത് പറയാനാണ് ?

അതെ , ഞാൻ എന്നെ തന്നെ കൊന്നു  ,അല്ലെങ്കിൽ തകർന്നു പോയ എന്റെ ഹൃദയത്തെ ആരോ കയറിട്ടു തൂക്കിലേറ്റി എന്ന് ചിന്തിക്ക ..

ആത്മഹത്യ ആയാലും ,കൊലപാതകം ആയാലും ഞാൻ മരിച്ചിരിക്കുന്നു , മരിക്കാൻ ആഗ്രഹിക്കാതെ  ജീവിക്കാൻ കൊതിച്ച ഒരു ഹൃദയത്തെ നിങ്ങൾ കണ്ടിരുന്നില്ല 
 
ശ്രദ്ധിച്ചു നോക്കിയാൽ എന്റെ ചുണ്ടുകളിൽ അവസാനത്തെ ചിരിയുടെ നിഴലാട്ടം നിങ്ങൾക്ക് കാണാം ...ആ മനോഹരമായ ചിരിയാണ് മരണം എനിക്ക് നൽകിയ സമ്മാനം ...

ഞാൻ പരാജിതൻ ആണെന്ന് പറഞ്ഞു എനിക്കായി പൂക്കൾ  വിതറുന്ന നിങ്ങൾ ഒരിക്കലും എനിക്ക് വാക്കുകൾ

കടം തന്നില്ലെന്നത് മറക്കരുത് ..

യാത്രാ മൊഴി എന്നേ ഞാൻ എഴുതി വച്ചിരുന്നു ,ഇനി മരിച്ചവരുടെ ലോകം , എന്റെ ലോകം .. തിരികെയൊന്നും പ്രതീക്ഷിക്കാത്ത എന്റെ മാത്രം ലോകം 

നിങ്ങൾ ജീവിച്ചിരിക്കുന്നവർ ,വിജയികൾ .പക്ഷെ നിങ്ങൾ അറിയുന്നില്ല , മരിക്കാൻ തീരുമാനിച്ചവന് മുന്നിൽ മരണം അല്ലാതെ മറ്റൊരു പോംവഴിയും ഇല്ലെന്ന്  ...

Tuesday, 8 March 2016

LeT ShE DeciDes ThE eXpiRy DaTe Of HeR Dreams....



LeT ShE DeciDes ThE eXpiRy DaTe Of HeR Dreams....
കാരണം അവളും സ്വപ്നങ്ങളും , ആഗ്രഹങ്ങളും ഉള്ള ഒരു സാധാരണ മനുഷ്യൻ തന്നെയാണ് ....!!!!!!!!



" ഒരല്പം പരിഗണന ...,
 ഒരു വ്യക്തി എന്ന നിലയിൽ താൻ അംഗീകരിക്കപ്പെടുന്നുവെന്ന തോന്നൽ ....., തനിക്കായി തന്റെ ചിന്തകൾക്കായി ,സ്വപ്നങ്ങൾക്കായി മറ്റുള്ളവരുടെ മനസ്സിൽ ഒരിടം ..... "
-ഇത്രയും മതി ഭൂമിയിലെ ഓരോ പെണ്ണിനും അവളുടെ ജീവിതം സ്വർഗത്തേക്കാൾ മനോഹരമാകാൻ .....പക്ഷെ ആ തിരിച്ചറിവ് ഈ  സമൂഹം ഇന്നും നേടിയിട്ടില്ല .

ഭൂമിയിലെ മനോഹാരിതയിലേക്ക് കണ്ണ് തുറക്കുന്ന ഓരോ പെൺകുഞ്ഞും അവൾ പോലുമറിയാത്ത കുറെ അദ്രിശ്യമായ ചങ്ങലകളിൽ ബന്ധിതയാണ് ...ഒരു ചട്ടക്കൂടിനുള്ളിൽ പെണ്ണ് എന്ന പേരിൽ നിയന്ത്രണങ്ങൾക്കും , നിബന്ധനകൾക്കുമടിമയായി അവൾ വളരുന്നു ...
പെൺകുട്ടി എന്നാൽ എല്ലാം സഹിക്കേണ്ടവൾ ആണെന്നും , സ്ത്രീ എന്നാൽ ക്ഷമയുടെ പര്യായം ആണെന്നും , അമ്മ എന്നാൽ ഭൂമി ദേവിയോളം താഴ്മയുള്ളവൾ ആണെന്നും പണ്ട് മുതലേ പറഞ്ഞു പഠിപ്പിച്ച സംസ്കാരത്തിൽ നിന്നും ഇന്നും വ്യതിചലിക്കാതെ , ആ പാത തന്നെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നു സ്വയം നിലനില്പ്പോ , വ്യക്തിത്വമോ ഇല്ലാത്ത ഒരുവളായി സമൂഹം സ്ത്രീയെ മാറ്റിയിരിക്കുന്നു ....

സ്ത്രീയും ഒരു വ്യക്തിയാണ് . ഒരു സമൂഹത്തിൽ പുരുഷൻ വിരാജിക്കുന്ന സ്വാതന്ത്ര്യങ്ങൾ അവളും ആഗ്രഹിക്കുന്നുണ്ട് ......ആ സ്വാതന്ത്ര്യം രാത്രിയിലെ സഞ്ചാരമോ , ലെഗ്ഗിന്സ് ധരിക്കാനുള്ള അവകാശമോ അല്ല...
മറിച്ചു താൻ ഒരു സ്വതന്ത്ര വ്യക്തി ആണെന്നും , ഒരു പുരുഷൻ ആഗ്രഹിക്കുന്ന പോലെ , അവൻ കാണുന്ന പോലെ സ്വപ്‌നങ്ങൾ താനും കാണുന്നു എന്നുമുള്ള സത്യത്തിന്റെ അംഗീകാരമാണ് അവൾ തേടുന്ന സ്വാതന്ത്ര്യം ....
പക്ഷെ പാരമ്പര്യത്തിന്റെയും , കുലമഹിമയുടെയും , മതത്തിന്റെയും ചട്ടക്കൂടുകൾ അവളെ തളച്ചിടുന്നു ....ഒടുവിൽ സ്വന്തം സ്വപ്നങ്ങള്ക്ക് പ്രൈസ് ടാഗുമിട്ടു അവളും ജീവിക്കും ..എന്തിനോ വേണ്ടി,,,,ആർക്കോ വേണ്ടി ....ഈ ജീവിതം ദാനമായി നല്കിയ ഈശ്വരനെ പഴിച്ചും , ഈ വിധിയിൽ ഒടുങ്ങിത്തീരേണ്ട തന്റെ ജീവിതത്തെ കുറിച്ചോർത്തു സ്വയം വെറുത്തും ........

"നീ പെണ്ണാണ് ...നീ ഉറക്കെ ചിരിക്കരുത് , നീ കരയുന്നത് മറ്റാരുമറിയരുത്...
ആരെന്തു പറഞ്ഞാലും നീ അനുസരിക്കണം ......വിവാഹത്തിനു മുൻപ് വീട്ടുകാർ പറയുന്നതാണ് നിന്റെ ജീവിതം ....വിവാഹ ശേഷം ഭർത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും തീരുമാനിക്കും പോലെയാണ് നിന്റെ ജീവിതം ..."
ഇതാണ് ഒരു ശരാശരി മലയാളി തന്റെ കുട്ടിയെ പറഞ്ഞു പഠിപ്പിക്കുന്ന ജീവിത പാഠം .....ഒന്ന് ചോദിച്ചോട്ടെ ...??? ഇതിനിടയിൽ എവിടെയാണ് അവൾക്കൊരു ജീവിതം ....???? മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു അവൾ അവളുടെ സ്വത്വം മാറ്റുകയാണ് ....ഓരോ നിമിഷവും അവൾ അവളല്ലാതായി മാറുകയാണ് .....

സ്വന്തം ആഗ്രഹങ്ങളെ എല്ലാം  വേണ്ടെന്നു വയ്ക്കുക ....സ്നേഹിക്കുന്നവരുടെ ആഗ്രഹങ്ങളെ സ്വീകരിക്കേണ്ടി വരുക ...അപ്പോൾ സ്വയം തോന്നുന്ന വികാരം എന്താണെന്ന് അറിയുമോ....??? നമുക്ക് നമ്മോടു തന്നെ വെറുപ്പും പുച്ഛവും തോന്നും , ഒന്നിനും കൊള്ളാത്ത പാഴായിപ്പോയ ജന്മം എന്ന് തോന്നും ....ആ തോന്നൽ ചെന്ന് അവസാനിക്കുന്നത് ഒരു പക്ഷെ ഒരു ആത്മഹത്യയിലെക്കാവും ...
ഒരു സ്ത്രീയുടെ വേദന ഒരിക്കലും ലോകത്തൊരു പുരുഷനും വ്യക്തമായി മനസ്സിലാക്കാനാകില്ല...അങ്ങിനെ മനസ്സിലാക്കാൻ കഴിയുന്ന പുരുഷന്മാർ ഉണ്ടെങ്കിൽ അവർ ഈശ്വരന് സമന്മാരാണ് .....

സ്വന്തം വീട്ടിലെ ബന്ധനങ്ങളിൽ കഴിയുമ്പോൾ ഒരു പെണ്ണിന്റെ ഏക പ്രതീക്ഷ വിവാഹാനന്തര ജീവിതം മാത്രമാണ് .....നിന്റെ ഇഷ്ടങ്ങളൊക്കെ വിവാഹം കഴിഞ്ഞു മതി എന്ന വീട്ടുകാരുടെ ഒരു വാക്ക് ....,ആ കച്ചിത്തുരുമ്പാണ്  വിവാഹം വരെ അവളുടെ ജീവിതത്തിന്റെ ആയുസ്സ് നീട്ടുന്നത് ....മധുവിധു നാളുകളിലെ മനോഹാരിത അവസാനിക്കുമ്പോൾ അവളും തിരിച്ചറിയും -ഇവിടെയും തന്റെ ഇഷ്ടങ്ങൾക്ക് യാതൊരു വിലയും ഇല്ലെന്ന്...പക്ഷെ അപ്പോഴേക്കും അവളുടെ തണലിൽ വളരാൻ കൊതിക്കുന്ന ഒരു ജീവൻ ഭൂമിയിലെ വെളിച്ചത്തിലേക്ക് മിഴി തുറന്നിരിക്കും....പിന്നെ എല്ലാ പെൺകുട്ടികളുടെയും ജീവിതം ഇതാണ് എന്നും തന്റെയും ജീവിതം ഇങ്ങനെയായിരിക്കും എന്നും സ്വയം പറഞ്ഞു വിശ്വസിപ്പിച്ചു അവൾ ജീവിക്കും .... അവസാനം തിരിഞ്ഞു നോക്കുമ്പോൾ സ്വന്തമായി ഈ ജീവിതം കൊണ്ട് താൻ ഒന്നും നേടിയില്ലെന്ന തിരിച്ചറിവ് മാത്രം ആകും ബാക്കി ,,,,,, 
ലോകത്ത് എല്ലാ പെൺകുട്ടികളുടെയും ജീവിതം ഇങ്ങനെയല്ല , പക്ഷെ ഒരു ശരാശരി മലയാളി പെൺകുട്ടിയുടെ ജീവിതം ഇങ്ങനെയാണ് ...

പ്രായപൂർത്തിയാകുന്നത് വരെ വീട്ടുകാർ മാത്രമാണ് അവളുടെ ആശ്രയം ..
വിവാഹം കഴിഞ്ഞാൽ ഭർത്താവ് മാത്രവും ,,,,,
 എത്ര വലിയ കുടുംബം ഉണ്ടെന്നു പറഞ്ഞാലും ഒരുവന്റെ താലി കഴുത്തിൽ വീണു കഴിഞ്ഞാൽ പിന്നെ അവൻ ഇല്ലെങ്കിൽ തനിക്കു ആരുമില്ലെന്നുള്ള തിരിച്ചറിവ് ...
"പറ്റില്ല , ചെയ്യില്ല , സാധ്യമല്ല എന്നൊക്കെ പറഞ്ഞാൽ ഈ കിട്ടുന്ന സ്നേഹം തനിക്കു നഷ്ടമായെക്കുമോ എന്നും , താൻ ഒറ്റപ്പെട്ടെക്കുമോ എന്നുമുള്ള പേടി ....
ഈ തിരിച്ചറിവുകളാണ് അടിമത്തത്തെ സ്നേഹിക്കാനും , സ്വന്തം സ്വപ്നങ്ങളെ ത്യജിക്കാനും അവളെ നിർബന്ധിക്കുന്നത്‌

അടുത്തൊരു വനിതാ ദിനം കൂടി കടന്നു പോയി ....
There is a MAN in every WOman
There is a HE in every She
There is a LAD in every Lady
There is a ADAM in every Madam
എന്ന് ഓഫീസിലെ സാറ് പ്രസംഗിച്ചും പോയി .....

വനിതാ ദിനത്തിൽ മാത്രം സ്ത്രീ അമ്മയാണ് , ഭാര്യയാണ് , ഒരു തലമുറയുടെ വഴികാട്ടിയാണ് , ഗൃഹഭരണവും , ഓഫീസ് ഭരണവും തുടങ്ങി പല ജോലികളെ ഒരു പോലെ സമ്മേളിച്ചു കൊണ്ട് പോകാൻ കഴിവുള്ളവളാണ്. രാവിലെ ഉറക്കമെണീറ്റ് ഇരുട്ടുന്നതു വരെ പണിയെടുത്തു ഒരു പരാതിയും പരിഭവവും പറയാതെ ജീവിക്കുന്നവളാണ്........ എന്നൊക്കെ പ്രസംഗിച്ചിട്ടു ഒരു ഹാപ്പി വിമൻസ് ഡേ ആശംസിച്ചു പോകുന്ന മഹാ പുരുഷന്മാർ ഒരു മാസത്തേക്ക് സ്ത്രീയുടെ സ്ഥാനം ഏറ്റെടുത്തു നടത്തിനോക്കണം .......അപ്പോൾ മാത്രമേ മനസ്സിലാകു ഒരു സ്ത്രീയുടെ വില ......

ആഹ്.....ഫെമിനിസ്റ്റുകളെപ്പോലെ കുറെ സംസാരിച്ചു .....ഇത് ഫെമിനിസം ഒന്നുമല്ല ....ഒരു ശരാശരി മലയാളി പെൺകുട്ടിയുടെ അവസ്ഥയാണ് ....എതിര്ത്തു പറഞ്ഞാലോ , ചോദ്യം ചെയ്താലോ അഹങ്കാരിയാണെന്ന് മറ്റുള്ളവർ  മുദ്ര കുത്തുമെന്നു ഭയന്ന് എല്ലാം ഉള്ളിലടക്കി ജീവിക്കുന്ന ഓരോ പെണ്ണിന്റെയും ജീവിതമാണ് ........ഇതൊക്കെ മാറുമായിരിക്കും അല്ലെ.......??????

 പുസ്തകത്താളുകളിലും , അക്ഷരക്കൂട്ടുകളിലും  ഒതുങ്ങുന്ന പെണ്ണിന്റെ മഹത്വം എല്ലാവരും തിരിച്ചറിയുന്ന ഒരു വനിതാ ദിനത്തിലേക്കായുള്ള കാത്തിരുപ്പ് ഇനിയും ബാക്കി ......

Tuesday, 24 November 2015

അല്ലേലും ഈ പെണ്‍ പിള്ളേരൊക്കെ ഇങ്ങനാടാ...





അല്ലേലും ഈ പെണ്‍ പിള്ളേരൊക്കെ 

ഇങ്ങനാടാ...



                                   അല്ലേലും ഈ പെണ്‍ പിള്ളേരൊക്കെ ഇങ്ങനാടാ...
ആദ്യമൊക്കെ അയ്യോ പാവം ആയിരിക്കും.കുറച്ചങ്ങ്‌ അടുത്തു കഴിഞ്ഞാൽ അവളുമാരുടെ അയ്യോ അങ്ങ് മാറും..നമ്മൾ അവളുമാരെ ഉളളു തുറന്നങ്ങ് പ്രേമിക്കാൻ തുടങ്ങിയെന്നു മനസ്സിലായാൽ പാവവും മാറും...പിന്നെ ഇത്തിൾ വളളി കണക്കങ്ങു ഒരു പിടുത്തമാ...രാവിലെ വിളിച്ചുണർത്തണം , goodmorning പറയണം ..ഉച്ചയ്ക്ക് goodafternoon പറയണം , ചോറ് കഴിച്ചോ എന്ന് അന്വേഷിക്കണം ..വൈകിട്ടു goodevening പറയണം , ചായ കുടിക്കാൻ കമ്പനി കൂടണം..രാത്രി goodnight പറയണം ...മോളെ , ചക്കരേ , തേനേ , പാലേ എന്നൊക്കെ വിളിക്കണം ...ദിവസം കുറഞ്ഞത്‌ ഒരു പത്തു പ്രാവശ്യമെങ്കിലും വിളിക്കണം ...വിളിക്കാത്തപ്പോൾ മെസ്സേജ് അയയ്ക്കണം .നാലു I ♥ U ..അഞ്ച് I miss U...ആറ്‌ പഞ്ചാരയുമ്മ ....ഇതൊക്കെ സ്വന്തം ചിലവിൽ നടത്തുന്നതും പോരാഞ്ഞു അവളുടെ മൊബൈൽ കൂടി ചാർജ് ചെയ്തു കൊടുക്കണം .എന്നാലോ അവള് മിസ്സ്കാൾ മാത്രേ തരു , നമ്മള് തന്നെ തിരികെ വിളിക്കണം ..ഇനി വിളിച്ചാലോ ഫോണ്‍ വയ്ക്കുകയുമില്ല....ഇടയ്ക്കിടക്ക് അവളുമാരെ സന്തോഷിപ്പിക്കാൻ ഓരോ സർപ്രൈസ് ഒരുക്കണം..ഗിഫ്റ്റ് വാങ്ങികൊടുക്കണം...അവസാനം പ്രേമം അസ്ഥിക്ക് പിടിക്കുമ്പോൾ നമ്മുടെ ബാങ്ക് ബാലൻസ് സീറോ ആകും..കൂട്ടുകാരന്റെന്നു കടം വാങ്ങിയേന്റെ തെറി വിളി പാഴ്സലും ...അതും പോരഞ്ഞു ഈ ചേട്ടന് എന്നോട് ഒരു സ്നേഹവുമില്ലെന്ന അവളുടെ പരാതിയും....അവസാനം നയാപൈസാ ഇല്ലാ പാടി നടക്കുന്ന നമ്മളെ നോക്കി അവളുടെ വക ഉപദേശവും.... ഇതൊന്നും നോക്കാതെ മധുരക്കിനാവും പാടി കുടമുല്ലപ്പൂവും ചൂടി നടക്കുന്ന അവൾക്കു ഇപ്പോഴും അയ്യോ പാവം ലുക്ക്‌ തന്നെ....ഇതാണ് മോനെ പെണ്ണ് 


എന്ന് കരുതി എല്ലാ പെണ്‍കുട്ട്യോളും ഇങ്ങനെയൊന്നും അല്ല കേട്ടോ ...ഒരാൾ തന്നെ ഒരൽപം സ്നേഹിക്കുന്നുണ്ട് എന്ന് തോന്നിയാൽ അയാൾക്ക് വേണ്ടി എന്തും  ചെയ്യുന്ന കുട്ടികളുമുണ്ട് ..ഏതു നേരവും അവള് നിങ്ങളെ കുറിച്ചു ആലോചിച്ചു കൊണ്ടേ ഇരിക്കും ..നിങ്ങൾ ഉറക്കമെഴുനേറ്റുവോ , എന്തേലും കഴിച്ചുവോ , നിങ്ങള്ക്ക് സുഖം ആണോ ..എന്തേലും അസ്വസ്ഥതകൾ ഉണ്ടോ എന്നൊക്കെ തുടങ്ങി , നിങ്ങളെ കുറിച്ചു നിങ്ങളെക്കാൾ കൂടുതൽ അവൾ ചിന്തിക്കും ....ആദ്യമൊക്കെ നിങ്ങൾ ആണ്‍കുട്ടികൾ അത് ആസ്വദിക്കും ...പക്ഷെ പിന്നീട് അങ്ങോട്ട്‌ അവളുടെ ഈ ചിന്തകൾ നിങ്ങൾക്കൊരു ശല്യമായി മാറും , അത് നിങ്ങൾ തുറന്നു പറയുകയും ചെയും ...." ഒന്ന് ശല്യപ്പെടുത്താതെ പോടീ ..." എന്ന് പറഞ്ഞു നിങ്ങൾ ഓടിച്ചു വിട്ടാലും അവൾ വീണ്ടും നിങ്ങളെ ഇങ്ങനെ സ്നേഹിച്ചു കൊണ്ടേ ഇരിക്കും ...ഒടുവിൽ ഒരു നാൾ ആ ശല്യം ഇല്ലാതാകുമ്പോൾ മാത്രമേ അവളുടെ സ്നേഹം ഒരു ശല്യമല്ലായിരുന്നു എന്നും അത് നിങ്ങളെ ക്കുറിച്ചുള്ള അവളുടെ ഹൃദയത്തിന്റെ ആവലാതികൾ ആയിരുന്നു എന്നും നിങ്ങൾ തിരിച്ചറിയു....

അടിസ്ഥാനപരമായി ഈ പെണ്‍കുട്ടികൾ ഒക്കെ പാവമാണെന്നെ.....

ഒരു സ്പൂണ്‍ അഹങ്കാരം , ഒരു സ്പൂണ്‍ ജാഡ , ഒരു സ്പൂണ്‍ അമിത സൗന്ദര്യബോധം  , ഒരു ഒന്നൊന്നര സ്പൂണ്‍ പോസ്സെസീവ്നെസ്  ഇങ്ങനെയാണ് ഒരു 50 ശതമാനം പെണ്‍കുട്ട്യോളും ..ഇവർ അല്പം പ്രശ്നക്കാർ ആണ് കേട്ടോ ...സ്റ്റാൻഡേർഡ് നോക്കി പ്രേമിക്കുന്നവർ ആണ് ഇത്തരക്കാർ...അത് കൊണ്ട് ഇവരെ പ്രേമിക്കുമ്പോൾ അല്പം സൂക്ഷിക്കുന്നത് നല്ലതാ .....ഒരു വെള്ളപ്പൊക്കം വന്നാൽ മുന്നറിയിപ്പൊന്നും തരാതെ പൊക്കമുള്ള സ്ഥലം നോക്കി പോകുന്ന കൂട്ടരാണ് ഇവർ ...

ഇനിയുള്ള 50 ലെ 40 ശതമാനം അഹങ്കാരം , ജാഡ , അമിത സൗന്ദര്യ ബോധം എന്നിവയൊന്നുമില്ലാത്ത എന്നാൽ പോസ്സെസീവ്നെസ് ഉള്ള , ഇനി പറയുന്ന 10 ശതമാനത്തിൽ പെടാത്ത കുട്ടികളാണ് ......ഇവരെ കൂടെ കൂട്ടുന്നെനു മുൻപേ രണ്ടാമതൊന്നു ചിന്തിക്കേണ്ടതിന്റെ ആവശ്യകത തീരെ ഇല്ല ....


ബാക്കിയുള്ള 50 ലെ 10 ശതമാനം പേർ , അവരെ കിട്ടുന്ന ചെക്കന്മാർ ആണ് ഏറ്റവും ഭാഗ്യവാന്മാർ ....സ്നേഹിക്കുമ്പോൾ ഭാര്യയായും , കുറുമ്പ് കാട്ടുമ്പോൾ കൂട്ടുകാരിയായും , വാത്സല്യം തോന്നുമ്പോൾ അമ്മയായും , പിടിവാശി കാട്ടുമ്പോൾ സഹോദരിയായും , നിങ്ങൾ ആഗ്രഹിക്കുന്നതിനെക്കാൾ കൂടുതൽ നിങ്ങളെ മനസ്സിലാക്കി ജീവനുള്ളിടത്തോളം നിങ്ങൾക്കൊപ്പം എന്തിനും കൂടെ നില്ക്കുന്ന കൂട്ടരാണിവർ .....ഇവരെ കിട്ടണമെങ്കിൽ അൽപ സ്വല്പം മുജ്ജന്മ സുകൃതമൊക്കെ വേണം കേട്ടോ .....കിട്ടിയാൽ പോന്നു പോലെ നോക്കിക്കൊള്ളണം .....കാരണമെന്താണെന്നോ......ഇവർ വേദനിച്ചാലും , സങ്കടം വന്നാലും പരാതി പറയാതെ ഉള്ളിൽ കൊണ്ട് നടന്നു സ്വയം വേദനിച്ചും , നിങ്ങളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നവരാ.....

ഇതൊക്കെ ഒരു പണിയുമില്ലാത്തപ്പോൾ നടത്തുന്ന കണ്ടുപിടിത്തങ്ങളാ കേട്ടോ ....ഇനിയിപ്പോൾ ഇപ്പറഞ്ഞ കൂട്ടത്തിൽ ഞാൻ ഏതാണെന്ന് ചോദിച്ചാൽ ....എന്താ പറയ്യ..., അതിപ്പോൾ ആ മുകളിലിരിക്കുന്ന കർത്താവ് എനിക്ക് വേണ്ടി കാത്തു വച്ച ചെക്കന്റെ യോഗം പോലിരിക്കും അല്ലിയോ .....!!!!!!!!!!!!!

Tuesday, 5 May 2015

തനിച്ചാകുക...


തനിച്ചാകുക...


നാല് ചുവരുകൾക്കുള്ളിൽ ഒരു ലോകമുണ്ട് ..തനിച്ചാകുമ്പോൾ മാത്രം നാം തിരിച്ചറിയുന്ന ഒരു ലോകം ..തനിച്ചാകുക അല്ലെങ്കിൽ ഒറ്റപ്പെടുക എന്ന വാക്കിന്റെ അർഥം നാം മനസ്സിലാക്കാൻ തുടങ്ങുന്നത് അപ്പോളാണ് ...ആ ലോകത്തിന്റെ നിശബ്ദതയ്ക്കു മാത്രമേ അറിയൂ ...തനിച്ചാകുന്നവന്റെ ഹൃദയമിടിപ്പിന്റെ താളം .....

ഈ തനിച്ചാകൽ ചിലപ്പോഴൊക്കെ ഒരു അനുഗ്രഹമാണ് ...അല്ലാത്തപ്പോൾ അത് മരണത്തെക്കാൾ ഭീകരമായ ഒരു അവസ്ഥയാണ് ...ചുറ്റും വെറും ചുമരുകൾ ആണെന്ന തിരിച്ചറിവ് ....ഒരു തരം തീവ്രമായ മരവിപ്പ് ....

ഓടിയൊളിക്കാൻ ഒരു മറവു പോലുമില്ലാത്ത , നിലവിളിച്ചാൽ പ്രതിധ്വനികൾ മാത്രം തിരികെ നല്കുന്ന , പൊട്ടിച്ചിരിച്ചാൽ പേടിപ്പെടുത്തുന്ന ലോകം ....


വെളിച്ചത്തിന്റെ കണികകൾ പകർന്നു തരാൻ ജാലകങ്ങൾ ഇവിടില്ല ... , പുറത്തെ ശബ്ദങ്ങളെ ആശ്ലേഷിക്കാൻ  കാതുകൾക്ക് കഴിയില്ല ....,പുറത്തു ഒരു ലോകമുണ്ടോ എന്ന് തന്നെ തീരെ നിശ്ചയമില്ലാത്ത അവസ്ഥ ...

ആ നിമിഷം നമ്മൾ ചിന്തിക്കാൻ തുടങ്ങും ...എന്തിനായിരുന്നു ഈ ജീവിതം എന്ന് ...ആർക്കു വേണ്ടിയായിരുന്നു എന്ന് ....ഇത് വരെയും ജീവിക്കുകയായിരുന്നോ എന്ന് ....

തനിച്ചാകലും ഒറ്റപ്പെടലും തമ്മിൽ ഒരുപാട് അന്തരമുണ്ട് ...തനിച്ചാകാൻ നമ്മൾ സ്വയം തീരുമാനിച്ചാൽ മതി ...പക്ഷെ ഒറ്റപ്പെടൽ മറ്റുള്ളവർ നമുക്ക് സമ്മാനിക്കുന്ന അവസ്ഥയാണ് ....ഒന്നിനെ തേടി പോകലും  , മറ്റൊന്ന് നമ്മെ തേടി വരലും...

ഈ ലോകത്തിലെ ഏറ്റവും വലിയ പ്രഹേളിക വിധി ആണെന്ന വിശ്വാസം പോലും തെറ്റാണെന്ന് അപ്പോൾ നമ്മൾ തിരിച്ചറിയും .....മനുഷ്യ മനസ്സിനേക്കാൾ ,അതിന്റെ സഞ്ചാര പഥത്തെക്കാൾ  വലിയ യാതൊന്നും ഈ ഭൂമിയിൽ ഇല്ലെന്ന തിരിച്ചറിവ് ...

എല്ലാവരും തനിച്ചാണ് ...ജനിക്കുന്നതും , മരിക്കുന്നതും തനിച്ച് ....അതിനിടയിൽ എപ്പോഴൊക്കെയോ നമ്മൾ പോലും അറിയാതെ പലരും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു ....ചിലർ മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്നു ...മറ്റു ചിലർ വേദനിപ്പിക്കുന്ന ഓർമകളായി മാത്രം അവശേഷിക്കുന്നു ..ചിലർ ഓർമകളിൽ പോലും അവശേഷിക്കാതെ ഓടിയകലുന്നു ....

ഞാനും നീയും നമ്മളും എന്ന സങ്കല്പം ....അതാണ്‌ ഈ ജീവിതത്തിനു അർഥം പകരുന്നത് ...നശ്വരമായ ജീവിതത്തിലെ അനശ്വരമായ ഓർമ്മകൾ മാത്രമാണ് നമുക്ക്  സ്വന്തം .....

എപ്പോൾ വേണമെങ്കിലും തനിച്ചാകാം ...എന്ന് വേണമെങ്കിലും ഒറ്റപ്പെടാം ....അതുവരെ ഞാനും നീയും നമ്മളും എന്ന സങ്കൽപ്പത്തിൽ  നമുക്ക് ജീവിക്കാം .... 

Wednesday, 28 January 2015

................................?????????????

................................?????????????


എല്ലാമുണ്ടായിട്ടും ഇടയ്ക്കിടയ്ക്ക്  തോന്നുന്ന ഒരു ഒന്നുമില്ലായ്മ ....അതൊരു തരം ഭീകരമായ അവസ്ഥയാണ് ....അനുഭവിക്കുന്നവർക്ക് തീർത്തും ശൂന്യത തോന്നുകയും എന്നാൽ അതെന്താണെന്ന് പറഞ്ഞു മറ്റൊരാളെ ബോധ്യപ്പെടുത്തുത്താൻ  കഴിയാത്തതുമായ  എന്തോ ഒന്ന് ...


ചിലപ്പോൾ  ആ  ശൂന്യതയിൽ നിന്നും കുറെ ചോദ്യങ്ങൾ ജനിക്കും ...അതിന്റെ ഉത്തരങ്ങൾ കണ്ടെത്തി ക്കഴിയുമ്പോൾ  ആ ഉത്തരങ്ങൾ പുതിയ ചോദ്യങ്ങളായി മാറും .........ഒന്നും അവസാനിക്കുന്നില്ലെന്നും എല്ലാം ഒന്നോടൊന്നു ബന്ധിതമാണെന്നും  ഉള്ള ഒരു ഓർമപ്പെടുത്തൽ  പോലെ ...

Sunday, 4 January 2015

ജീവിതം ഇങ്ങനൊക്കെയാണ് ഭായ് ......!

ജീവിതം ഇങ്ങനൊക്കെയാണ് ഭായ് ......!



ജീവിതം ഇടയ്ക്കൊക്കെ നമ്മെ  നോക്കി പുഞ്ചിരിക്കുന്നു ...നമ്മെയും ചിരിക്കാന്‍ പഠിപ്പിക്കുന്നു .
എന്നിട്ടും എന്ത് കൊണ്ടോ  കണ്ണീരിന്‍റെ 
നനവുള്ള സത്യങ്ങള്‍ നമ്മളില്‍  നിന്നും മാഞ്ഞു പോകുന്നില്ല ...


കാലം നമ്മളെ പലതും മറക്കാന്‍ പഠിപ്പിക്കുന്നു ...പലതും മറക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് ..
പക്ഷേ മറക്കാന്‍ ശ്രമിക്കുംതോറും 
ഓര്‍മ്മകള്‍ നമ്മില്‍  മഴയായി പെയ്യുന്നു .


ജീവിതം നമുക്ക് പലതും നല്‍കുന്നു ..ചിലപ്പോള്‍ ഒരു വാക്ക് 
പോലും ചോദിക്കാതെ തന്നതൊക്കെ നമ്മളില്‍ നിന്നും എന്നെന്നേക്കുമായി തിരിച്ചെടുക്കുന്നു ...
പഴി ചാരിയും കരഞ്ഞും ജീവിതത്തെയും അത് സമ്മാനിച്ച ശക്തിയെയും  
കുറ്റപ്പെടുത്തുന്നതല്ലാതെ 
ജീവിതമെന്തെന്ന് അറിയാന്‍ നാം ശ്രമിക്കുന്നില്ല..
ജീവിതം നമ്മള്‍ എങ്ങനെയൊക്കെയോ ജീവിച്ചു തീര്‍ക്കുന്നു ..



പരസ്പര വിശ്വാസമാണ് ബന്ധങ്ങളുടെ അടിസ്ഥാനമെന്ന് നാം പറയുന്നു .
പക്ഷേ മറ്റുള്ളവരെ അംഗീകരിക്കാനോ , മനസ്സിലാക്കാനോ നാം തയാറാകുന്നില്ല ..
പകരം നമ്മുടെ വിശ്വാസങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ നമ്മള്‍ പെടാപ്പാട് പെടുന്നു .


നേട്ടങ്ങളെക്കാളുപരി നഷ്ടങ്ങളുടെ പുസ്തകമാണ് ജീവിതമെന്ന് നമ്മള്‍ പറയുന്നു .എന്നാല്‍ ഈ നഷ്ടങ്ങള്‍ 
വരുത്തുന്നത് നമ്മളാണെന്ന് നാം തിരിച്ചറിയുന്നില്ല ...നഷ്ടങ്ങള്‍ നികത്താനൊട്ട് ശ്രമിക്കുന്നുമില്ല ..


ആശയത്രേ നിരാശയ്ക്ക് ഹേതു ...ആശിക്കാതിരിക്കാന്‍ നമുക്ക് കഴിയുന്നില്ല ...
ആശിച്ചതൊക്കെ നേടാന്‍ നാം കഷ്ടപ്പെടുന്നില്ല ..
പിന്നെങ്ങനെ നിരാശപ്പെടാതിരിക്കും ......???


മറ്റുള്ളവരുടെ തെറ്റിനെ ചികഞ്ഞു കണ്ടെത്തുന്നു ..
സ്വന്തം തെറ്റുകളെ മറയ്ക്കാന്‍ മറ്റുള്ളവരുടെ ശരികളെ തെറ്റുകളെന്നു മുദ്ര കുത്തുന്നു .
നമ്മുടെ തെറ്റുകളെ ശരികളായി വ്യാഖ്യാനിക്കുന്നു ... 



സ്നേഹിക്കുന്നുവെന്ന് ആണയിടുന്നു .പക്ഷേ പലപ്പോഴും 
സ്നേഹം അഭിനയമായി മാത്രം മാറുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് തുറന്നു സമ്മതിക്കുന്നില്ല....



സ്വന്തം താല്പര്യങ്ങളാണ് വലുതെന്നുള്ള ഉറച്ച വിശ്വാസം ...അത് നമ്മള്‍ പോലുമറിയാതെ നമ്മളെ സ്വാര്‍ത്ഥരാക്കി  മാറ്റുന്നു ... 


തമ്മില്‍ നമ്മള്‍ ഒരിക്കലും ചേര്‍ന്നു പോകില്ലെന്ന് അറിഞ്ഞിട്ടും പരസ്പരം നമ്മള്‍ നമ്മളെ തന്നെ ക്രമീകരിക്കുന്നു ..
ആര്‍ക്കൊക്കെയോ വേണ്ടി .....


ആരെയൊക്കെയോ  അല്ലെങ്കില്‍ എന്തിനെയൊക്കെയോ ഭയന്നു ജീവിതത്തില്‍ നമ്മള്‍ ആഗ്രഹിച്ച ചിലതിനെയൊക്കെ പാതി വഴിയില്‍ ഉപേക്ഷിക്കുന്നു ....എന്നിട്ട് ഒരു ദീര്‍ഘനിശ്വാസത്തോടെ എന്തിന്റെയൊക്കെയോ പുറകെ 
ആര്‍കൊക്കെയോ വേണ്ടി വീണ്ടും ഓടുന്നു 


നമ്മള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും  ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനാണ് ഭായ് ....

ഇനിയും ഇങ്ങനൊക്കെ തന്നെ അങ്ങു ജീവിക്കേം ചെയ്യും .....


Tuesday, 30 December 2014

അവൾക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങൾ

"അവൾക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങൾ "


അവൾ പെണ്ണ് ...
വെറുമൊരു പെണ്ണ് ...

ആരുടെയൊക്കെയോ പ്രാര്‍ഥനയുടെയും കാത്തിരിപ്പിന്റെയും സമ്മാനമായി 
ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ഭൂമിയുടെ 
മനോഹാരിതയിലേക്ക്കണ്ണ് തുറന്നവൾ ...

നിഷ്കളങ്കമായി പുഞ്ചിരിച്ച്ചും ചുറ്റുമുള്ളവരെ പുഞ്ചിരിപ്പിച്ച്ചും ഓര്‍മയുറയ്ക്കുന്ന കാലം വരെ പാറി നടന്നവൾ ...

പിന്നെപ്പോഴോ ബാല്യത്തിന്റെ മനോഹാരിതയിലേക്ക് പിച്ച വച്ചു ചേക്കേറിയവൾ .......

കൈയും മെയ്യും വളര്‍ന്നു കൌമാരത്തിന്റെ പടി വാതില്‍ക്കല്‍ സ്വപ്നങ്ങളോടെ കാത്തു നിന്നവൾ .....

കാലം മാറ്റങ്ങള്‍ വരുത്തിയെടുത്ത് യൌവന യുക്തയാക്കി ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കാത്തു നിര്‍ത്തിയിരിക്കുന്നവൾ ......


"പെണ്ണായി പിറന്നാല്‍ മണ്ണായി തീരുവോളം " അത് പണ്ടാരോ പറഞ്ഞ വെറുമൊരു വായ്മൊഴിയല്ല ...
ഒരു സത്യമാണ് ...

ലോകം ഉള്ളിടത്തോളം , പെണ്ണുള്ളിടത്തോളം മായ്ക്കപ്പെടുകയോ മാറ്റിയെഴുതപ്പെടുകയോ ചെയ്യാത്ത സത്യം  .....

സ്ത്രീ എന്നും പുരുഷന് കീഴില്‍ നില്‍ക്കേണ്ടവള്‍ ആണെന്നത് ഒരു സത്യ വാചകം പോലെ മനസ്സില്‍ ഊട്ടിയുറപ്പിച്ച
ഒരു കൂട്ടം മനുഷ്യര്‍ക്കിടയിലായിരുന്നു അവളും വളര്‍ന്നത്‌ ....

മനോഹരമായ ഒരു ബാല്യം അവള്‍ക്കുമുണ്ടായിരുന്നു .....
പക്ഷെ വര്‍ത്തമാനത്തിന്റെ കരിനിഴലുകല്‍ക്കുള്ളില്‍ ഞെരിഞ്ഞമരവെ ഓര്‍ത്തെടുക്കാന്‍ കഴിയാത്തത്രയും   ദൂരത്തേക്കു ആ  ബാല്യവും 
 യാത്രയായി ...
ഭൂതവും ഭാവിയും അവള്‍ക്കെന്നും അന്യമായിരുന്നു ..

ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും അന്ത്യം കണ്ണുനീര്‍ മാത്രമാണെന്ന് അനുഭവങ്ങള്‍ അവളെ പഠിപ്പിച്ചു ....
പഠിപ്പിക്കാനും സ്വയം പഠിക്കാനും ഒരുപാട് അനുഭവങ്ങളുള്ള ഒരു ജീവിതമായിരുന്നു അവളുടേത്‌ ...

സ്നേഹം ...അതവള്‍ക്ക്‌ എന്നും ഒരു കിട്ടാക്കനി ആയിരുന്നു.
സ്വാതന്ത്ര്യം ...അതവള്‍ക്ക്‌ ബന്ധനമായിരുന്നു ....
അവള്‍ ജനിച്ചത് സ്വതന്ത്രയായിരുന്നു ...
എന്നാല്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അവള്‍ ബന്ധനസ്ഥയായി മാറുകയായിരുന്നു ....

ഭൂമിയിലെ അനശ്വരമായ ജന്മങ്ങളില്‍ ഒന്നത്രേ മനുഷ്യ ജന്മം ...
അതില്‍ ഏറ്റവും പവിത്രമായത് സ്ത്രീ ജന്മം ....ഒരു തലമുറയുടെ വഴികാട്ടിയാണവൾ....
കാലത്തിനു തുടിപ്പേകുന്നവൾ .....
സഹനതയുടെ സംഗീതം മീട്ടുന്നവൾ ...
കാരുണ്യത്തിന്റെ കണ്ണീരുറവ ....

അവള്‍ക്കുമുണ്ടായിരുന്നു മോഹങ്ങൾ .....
അവള്‍ക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങൾ ...
ആയുസ്സെത്താതെ പൊട്ടിക്കരഞ്ഞു കൊണ്ട് അവരൊക്കെ മരണക്കയത്തിലേക്ക് മുങ്ങാംകുഴിയിട്ടൂ....
അവളുടെ അനുവാദമില്ലാതെ ആ സ്വപ്‌നങ്ങള്‍ അവളില്‍ നിന്നും ഊര്‍ന്നു വീഴുന്നത്ക ണ്ടു കണ്ണീര്‍ പൊഴിക്കാന്‍ മാത്രമേ   അവള്‍ക്കു കഴിഞ്ഞുള്ളൂ ...
ജന്മം നല്‍കിയവരും ,വളര്‍ത്തിയെടുത്തവരും കൂടെ ജീവിക്കുന്നവരും
തന്നെയായിരുന്നു  അവളുടെ സ്വപ്നങ്ങളുടെ ഘാതകര്‍ .....
കാരണം അവള്‍ പെണ്ണ് ...

മറ്റുള്ളവര്‍ക്ക് വേണ്ടി എല്ലാം മാറ്റി വയ്ക്കപ്പെടുക എന്നത് അവളുടെ കര്‍ത്തവ്യം ...കടമ ....
സംസ്കാരം പഠിപ്പിച്ച പാഠം 

പകല്‍ വെളിച്ചത്തില്‍ അവള്‍ പുഞ്ചിരിക്കുന്ന പാവയായിരുന്നു ....
പക്ഷെ രാത്രിയുടെ ഇരുട്ട് കാതോര്‍ത്തിരുന്നത് അവളുടെ തേങ്ങലുകള്‍ക്കായിരുന്നു ......
പുതപ്പുകള്‍ അവളുടെ ചങ്ങാതിമാരായിരുന്നു ......അവളുടെ പുതപ്പുകള്‍ക്ക് ഉപ്പു രസമായിരുന്നു ......

ഒഴുക്കിനെതിരെ തുഴയാന്‍ അവള്‍ ഒരുപാട് കൊതിച്ചിരുന്നു ...ശ്രമിച്ചിരുന്നു ......
പക്ഷെ ഒരു പെണ്ണായത് കൊണ്ട് മാത്രം അവള്‍ക്കതിനു സാധിച്ചില്ല ...
ഒടുവില്‍ അവളും ഒഴുക്കിനൊപ്പം നീന്താന്‍ തുടങ്ങി ...

അവസാനിച്ചെന്കിലെന്നും ,അവസാനിപ്പിക്കണമെന്നും ഒരുപാട് ആഗ്രഹിച്ച ഒരു ജീവിതത്തെ ആര്‍ക്കൊകെയോ
വേണ്ടി അവള്‍ ഇന്നും നീട്ടികൊണ്ടു പോകുന്നു ...

പ്രതീക്ഷിക്കാന്‍ അര്‍ഹതയുണ്ടോ എന്ന് അറിയില്ലെങ്കിലും 
അവളും പ്രതീക്ഷിക്കുന്നു ...

ഈ ഭൂമിയിലെ നിലാവിന്റെ കീഴില്‍ നിശബ്ദയായി ജീവിക്കാന്‍ അവള്‍ക്കു കഴിയുന്നിടത്തോളം
കാലം അവള്‍ പ്രതീക്ഷിച്ചു കൊണ്ടേയിരിക്കും ...

ആ പ്രതീക്ഷയുടെ ഇത്തിരി വെട്ടമാണ് അവള്‍ക്കു ജീവിക്കാനുള്ള പ്രചോദനം ...

Tuesday, 2 September 2014

അവളിലേക്ക്‌ ഇനിയും എത്ര ദൂരം ബാക്കി .................!



അവളിലേക്ക്‌ ഇനിയും എത്ര ദൂരം ബാക്കി .................!





ഞാനെവിടെയോക്കെയോ പലപ്പോഴായി ഉപേക്ഷിച്ചു കളഞ്ഞ അല്ലെങ്കിൽ കളയാൻ ശ്രമിച്ച എന്നെ എന്തിനൊക്കെയോ വേണ്ടി അവൾ തിരികെ വിളിച്ചു .ഒന്നും പ്രതീക്ഷിക്കാതെ   (  പ്രതീക്ഷിച്ചിരുന്നുവോ എന്ന് എനിക്ക് നിശ്ചയമില്ല .അങ്ങനെയെങ്കിൽ മനപ്പൂർവമല്ലെങ്കിലും ഞാൻ അവളെ വേദനിപ്പിച്ചിട്ടുണ്ട്   )   എനിക്ക് വേണ്ടി അവൾ എന്തൊക്കെയോ ചെയ്തു . പരിണിത ഫലങ്ങൾ എന്തായാലും എനിക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളിലൊന്നും തന്നെ "രണ്ടു വട്ടം  ചിന്തിക്കൽ" എന്നൊരു രീതി അവൾക്കുണ്ടായിരുന്നില്ല .

വെറും നന്ദി വാക്കുകൾക്കുള്ളിൽ മാത്രം ഒതുക്കി നിർത്താൻ പറ്റുന്നവ ആയിരുന്നില്ല അവൾ എനിക്ക് വേണ്ടി ചെയ്തു തന്ന കാര്യങ്ങൾ . ഞാൻ അവളോട്‌ ചെയ്ത ഒരേ ഒരു സഹായം ഭൂതകാലത്തിന്റെ ഇരുളിൽ നിന്നും വർത്തമാനത്തിന്റെയും ,ഭാവിയുടെയും വെളിച്ചത്തിലേക്ക്‌ അവളെ പറിച്ചു നട്ടു എന്നത് മാത്രമായിരുന്നു ....എന്നാലത് ഈശ്വരൻ എനിക്കേകിയ നിയോഗം മാത്രമായിരുന്നു ..ആ നിയോഗത്തിന്റെ സാക്ഷത്കാരത്തിനായി എനിക്കൊപ്പം മറ്റു പലരും എന്നെ സഹായിച്ചത് കൊണ്ടാകണം ആ പറിച്ചു നടലിന്റെ അവകാശം എനിക്കുള്ളതാണെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയാതെ പോകുന്നത് .

ഓരോ നിമിഷവും അവൾ എന്നെ അതിശയിപ്പിക്കുകയാണ് .അവസരങ്ങൾ വാതിലിൽ വന്നു മുട്ടി വിളിച്ചപ്പോഴും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഞാൻ അതിനു നേരെ മുഖം തിരിച്ചിട്ടുണ്ട് .ഇന്നിപ്പോൾ അവൾക്കു വേണ്ടി ഞാൻ അവസരങ്ങൾ തേടി നടക്കുകയാണ് .പക്ഷേ ഞാൻ അവയെ കണ്ടെത്തും മുൻപേ തന്നെ അവൾ അവയെ എന്റെ അരികിലേക്ക് എത്തിക്കുന്നു .അപ്പോൾ അവൾ അനുഭവിക്കുന്ന ആനന്ദം ,ആ ആനന്ദം എനിക്കേകുന്ന ആത്മസംതൃപ്തി ....ഈ ലോകത്ത് അത് മനസ്സിലാക്കാൻ കഴിയുന്ന മൂന്നാമതൊരാൾ ഇപ്പോൾ വനവാസത്തിലാണ് .

ഓരോ ജീവിതങ്ങളും മുന്നോട്ടു പോകുന്നത് ഓരോ പ്രതീക്ഷകളിൽ അടിയുറച്ചാണ് ."അവൾ " ഇന്ന് പലരുടെയും പ്രതീക്ഷയാണ് ......ആത്മാർഥമായ ആഗ്രഹമാണ് ....അതിലേക്കുള്ള കാത്തിരിപ്പിന്റെ വാർഷികം ഞാൻ പോലുമറിയാതെ കടന്നു പോയെന്നത് ഞാനറിയുന്നത് തന്നെ അവൾ പറഞ്ഞിട്ടാണ് ..


ആ പ്രതീക്ഷയ്ക്കും യാഥാർത്യത്തിനുമിടയിലെ ദൂരം ഇല്ലാതായെങ്കിൽ ..........ഉറക്കമറ്റ രാത്രികളുടെയും ,പ്രതീക്ഷ നിറഞ്ഞ നാളുകളുടെയും  അവസാനം പ്രത്യാശയുടെ സൂര്യൻ ഉദിച്ചുവെങ്കിൽ .............ജീവിതമേ ..ഞാനെത്ര ധന്യ...


PROMISES are always meant to be kept...After breaking that SORRY means nothing.......

Tuesday, 28 February 2012

മരണം .......................

                      മരണം .......................
മരണം ; അത് സുഖമുള്ളൊരു അനുഭൂതിയാണ്... എല്ലാ ബന്ധനങ്ങളില്‍ നിന്നും വിമുക്തനാവനുള്ള എളുപ്പവഴി........
ജീവിതത്തില്‍ നിന്നും ഒളിച്ചോടാനുള്ള എളുപ്പവഴി
അനന്തമായ ജീവിതത്തിലേക്കുള്ള പടിവാതില്‍....

  മഴവില്ലിന്റെ മടിയിലിരുന്നു ലോകം കാണാം ....
കാറ്റിന്റെ സ്പന്ദനങ്ങള്‍ക്കനുസരിച്ച്  ചലിക്കാം.
ദലമര്‍മരങ്ങള്‍ക്ക്   കാതോര്‍ക്കാം...
പൂക്കളോട് കിന്നാരം ചൊല്ലാം...
കിളികളോടോത്തു  പാട്ട് പാടാം.
  എന്ത് സുഖം???!!!!

ഇപ്പോള്‍ ഞാനും അത്തരം ഒരു അനുഭൂതിയിലാണ് ....
അനിര്‍വചനീയമായ അനുഭൂതി ......


പക്ഷെ.. 
 ഇന്നെനിക്കു കൂട്ടായി എന്റെ നിഴല്‍ മാത്രമേ ഉള്ളു . എന്നും എനിക്ക് കൂട്ടായി നിഴല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 
എന്റെ സ്വന്തം നിഴല്‍...... !!!!