Showing posts with label ചില ചിന്തകൾ. Show all posts
Showing posts with label ചില ചിന്തകൾ. Show all posts

Friday, 18 January 2019

ഞാൻ നീയായി , പിന്നെ നമ്മളായി ...

ഞാൻ നീയായി , പിന്നെ നമ്മളായി  ...


നാം കണ്ടുമുട്ടുന്ന , അനുഭവിക്കുന്ന എല്ലാത്തിനെയും ഒരു പരിധി വരെ മുൻവിധിയോടെ സമീപിക്കുക നമ്മിൽ പലരുടെയും സ്വഭാവമാണ് ...
ആ മുൻവിധികൾ ഒരു പക്ഷെ ശരിയായി എന്ന് വരാം, അത് അപ്പാടെ തെറ്റാണെന്നു കാലം തെളിയിച്ചേക്കാം ..സാഹചര്യങ്ങളുടെ വിളയാട്ടം നമ്മിൽ സൃഷ്ടിക്കുന്ന ആന്തോളനങ്ങളാണ് ആ മുൻവിധിയുടെ പിതാവ് ..

ആദ്യമായി നമ്മൾ കാണുന്ന ഒരു വ്യക്തിയെക്കുറിച്ചു നമുക്ക് അറിവുണ്ടാകുക എന്നത്  സ്രോതസ്സുകളെയും നമ്മുടെ മുൻവിധികളെയും ആശ്രയിച്ചാണ് ഇരിക്കുന്നത്  ഒന്നുകിൽ മറ്റാരെങ്കിലും അയാളെ കുറിച്ച് പറഞ്ഞ അറിവ് , അല്ലെങ്കിൽ ചിത്രങ്ങളിലൂടെ അതുമല്ലെങ്കിൽ  
 അയാളുടെ പ്രൊഫൈൽ- കളിൽ നിന്ന്  ഈ ധാരണയോടെയാവും നമ്മൾ ഒരാളെ സമീപിക്കുക.അയാളുമായുള്ള ആദ്യ ഇടപഴകളിൽ തന്നെ (നേരിട്ടോ ,അല്ലാതെയോ ) ഈ മുൻവിധികളിൽ മാറ്റം സംഭവിക്കാം ..

ചിലർ ആ മാറ്റത്തിനെ കാലക്രമേണ അംഗീകരിക്കുകയും ആ വ്യക്തിയെ പൂർണമായും ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യും 
.ചിലരാകട്ടെ തന്റെ മുൻവിധികളിൽ ഉറച്ചു നിന്ന് കൊണ്ട് ആ വ്യക്തിയുമായി സംഭവിക്കുന്ന ഓരോ കാര്യങ്ങളെയും  കൂട്ടിക്കെട്ടി തങ്ങളുടെ തീരുമാനം ശരി ആണെന്ന് ഉറപ്പിക്കും . ചിലർ ഒരിക്കൽ തന്നെ തന്റെ മുൻവിധികൾ ശരിയായാൽ ആ ഭാഗത്തേക്ക് പിന്നെ തിരിഞ്ഞു നോക്കാനോ , അതിലെ നെല്ലും പതിരും വേർതിരിച്ചെടുക്കാനോ ശ്രമിക്കാത്തവർ ആയിരിക്കും.

ഒരാളുടെ അഭിപ്രായത്തിലൂടെ ഒരിക്കലും മറ്റൊരാളെ വിലയിരുത്തരുത് ,അതിനി ശരി ആയാലും അല്ല തെറ്റായാലും ..എല്ലാം അനുഭവിച്ചറിഞ്ഞു വേർതിരിച്ചെടുക്കാനൊന്നും ആർക്കും സാധിക്കില്ല ,എങ്കിലും സ്വയം സാധ്യമായത് ചെയുക .കാരണം  എനിക്ക് നീ എങ്ങിനെയോ അത് പോലെ ആയിരിക്കില്ല മറ്റൊരാൾക്ക് നീ ....അതാണ് നമുക്ക് ആദ്യമുണ്ടാകേണ്ട ധാരണ , ആ ധാരണ നമുക്കുണ്ടെങ്കിൽ എത്ര മുൻവിധിയോടെ ഒരു വ്യക്തിയെ സമീപിച്ചാലും , ഇടപഴകലിലൂടെ ആ വ്യക്തിയെ നമ്മൾ മനസ്സിലാക്കാൻ ശ്രമിക്കും , നല്ലൊരു ബന്ധം അവിടെ തുടങ്ങും 

.നമ്മുടെ ചിന്തകളും നമ്മുടെ ശരികളും നമ്മുടെ തീരുമാനങ്ങളും -അതെന്നും നമ്മുടേത് മാത്രമാണ് . നമ്മുടെ കണ്ണിലൂടെ മറ്റുള്ളവരെ നോക്കിക്കണ്ടു നമ്മൾ ഓരോ കാര്യങ്ങൾ ചെയ്യുന്നതും , അവരുടെ സ്ഥാനത്തു നമ്മൾ ആയിരുന്നെങ്കിൽ എന്ന് കരുതി ഓരോന്ന് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്.ആദ്യം പറഞ്ഞത് ചെയ്യുന്നവരാണ് നമുക്കിടയിൽ കൂടുതലും ,നമ്മുടെ ഭാഷയിൽ പറഞ്ഞാൽ അതാണ്  സേഫ് ,നമുക്ക് മസ്സിനു സന്തോഷം നൽകുന്നത് അതാണ് ..

രണ്ടാമത് പറഞ്ഞത് ചെയാൻ അല്പം ബുദ്ധിമുട്ടാണ് , അവിടെ നമുക്ക് പലപ്പോഴും നമ്മുടെ സ്വത്വം നഷ്ടമായെന്ന് വരാം .പക്ഷെ തീർച്ചയായും നമ്മുടെ മനസുഖവും മറ്റുള്ളവരുടെ സന്തോഷവും കൂട്ടിമുട്ടുന്നതും ആ പ്രവൃത്തിക്ക് അർത്ഥമുണ്ടാകുന്നതും  അപ്പോഴാണ്‌ , പക്ഷെ ഒന്നുണ്ട് രണ്ടു കൂട്ടരും ഒരുപോലെ ചിന്തിക്കണം ..അത് സാധ്യമല്ല ..പിന്നെങ്ങനെ രണ്ടാമത് പറഞ്ഞ പോലെ സംഭവിക്കും ...????

ആദ്യം പറഞ്ഞത് sympathy യും , രണ്ടാമത് പറഞ്ഞത് empathy യും  ആണ് ..sympathy മിക്കവാറും മനുഷ്യർക്കൊക്കെ കാണും .പക്ഷെ empathy വളരെ കുറച്ചു പേർക്കേ കാണു ..മറ്റൊരുവന്റെ വ്യക്തിത്വവുമായി താദാത്മ്യം നേടാനുള്ള കഴിവ്‌ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും , അതിനു ആദ്യം വേണ്ടത് ക്ഷമ തന്നെയാണ് ...ആവശ്യമുള്ളപ്പോൾ നമുക്കില്ലാത്തതും ക്ഷമ തന്നെ...

ഇങ്ങനൊക്കെ റിസേർച് ചെയാൻ തക്ക വണ്ണം രണ്ടു സംഭവങ്ങൾ എന്റെ ജീവിതത്തിൽ അടുത്തിടെ ഉണ്ടായി . 

ഫോട്ടോ കണ്ടും , മെസ്സേജ് കണ്ടും മുൻവിധികളുടെ അടിസ്ഥാനത്തിൽ ആദ്യ വട്ടം ഞാൻ തെറ്റിദ്ധരിച്ചു പോയ ഒരു മനുഷ്യൻ ..കൃത്യം രണ്ടാം വട്ടം അയാൾ ആ ധാരണ തെറ്റാണോ എന്ന ചിന്ത എനിക്ക് സമ്മാനിച്ചു , മൂന്നാം തവണ തെറ്റാണെന്നും , ഒടുവിൽ നേരിട്ട് കണ്ടപ്പോൾ ഈ മനുഷ്യനെ കുറിച്ച് ഇങ്ങനെ ചിന്തിച്ചല്ലോ എന്ന വേദനയുമായിരുന്നു മനസ്സിൽ ...തുറന്നു പറയാൻ ഒരു അവസരം കിട്ടിയപ്പോൾ അത് പറയുകയും ചെയ്തു .അയാൾക്ക്‌ അത് പക്ഷെ വിഷമമായിട്ടുണ്ടാകാം , എങ്കിലും അയാളെക്കുറിച്ചു ഞാൻ ഇങ്ങനെ ചിന്തിച്ചു എന്ന് മറ്റൊരാളിലൂടെ അയാൾ അറിയുമ്പോൾ ഉണ്ടാകുന്ന വിഷമത്തെക്കാൾ വലുതല്ല , ഞാൻ നേരിട്ട് പറയുമ്പോൾ ഉണ്ടാകുന്നത് ...തിരിച്ചറിവുകളുടെ വരവ് എന്നും വൈകിയാണ് ,അത് അങ്ങിനെയേ ആകാവൂ ...ഇവിടെ എന്റെ empathy പ്രവർത്തിച്ചു ,അയാളിലും കുറച്ചു empathy പ്രവർത്തിച്ച കാരണം ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് .

മറ്റൊരാളോട് കണ്ടുമുട്ടിയ നാൾ മുതലിന്നു വരെ എനിക്ക് തോന്നിയ വികാരം sympathy   മാത്രമാണ് .ആരോക്കെ അയാളെക്കുറിച്ചു എന്തൊക്കെ പറഞ്ഞിട്ടും എനിക്ക് അയാളോടുള്ള വികാരത്തിൽ ഇന്നും മാറ്റമില്ല .അയാളുടെ പ്രവൃത്തികളെ ഞാൻ എന്നും sympathy   യുമായി തന്നെ കൂട്ടിക്കെട്ടുന്നു ...

 പൂർണമായും ഇപ്പറഞ്ഞപോലെ sympathy യും empathy യുമൊന്നും നമുക്ക് ആരോടും കാണിക്കാൻ പറ്റില്ല .കാരണം എല്ലാ മനുഷ്യന്റെയും ഉള്ളിൽ ഒരു കുഞ്ഞു സ്വാർത്ഥത ഇപ്പോഴും കാണും ,അതിങ്ങനെ സട കുടഞ്ഞു  എണീറ്റാൽ ഈഗോ , കോംപ്ലക്സ് തുടങ്ങിയ എണ്ണിപ്പെറുക്കാൻ കഴിയാത്ത അത്രയും വികാരങ്ങൾ ഞാനുൾപ്പെടുന്ന നമ്മളിൽ എല്ലാവരിലും ഉണരും .പിന്നെ sympathy ,empathy എന്നിവർക്കൊന്നും ഒരു സ്ഥാനവും കാണില്ല ..

അപ്പോൾ പറഞ്ഞു വന്നത് ഇത്രയേ ഉള്ളു :


  • മുൻവിധികൾ കഴിവതും ഒഴിവാക്കുക 
  • മറ്റൊരുവന്റെ വ്യക്തിത്വവുമായി താദാത്മ്യം നേടാനുള്ള കഴിവ്‌ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക
  • ഞാനാണ് ശരി എന്ന ചിന്ത ഉപേക്ഷിക്കുക .എല്ലാവർക്കും അവരുടെ ശരികൾ ഉണ്ടെന്നു അംഗീകരിക്കുക 
  • ജീവിതം ഒന്നല്ലേയുള്ളു , സ്വയം സന്തോഷിക്കുക ,മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കുക.

ഞാൻ നീയാകുക , നീ ഞാനും ..പിന്നെ നമ്മളിലേക്ക് ചേക്കേറുക ...നമ്മളറിയാതെ നമ്മളും വളരും .


Wednesday, 7 March 2018

happy women's day

LeT ShE DeciDes ThE eXpiRy DaTe Of HeR Dreams....
കാരണം അവളും സ്വപ്നങ്ങളും , ആഗ്രഹങ്ങളും ഉള്ള ഒരു സാധാരണ മനുഷ്യൻ തന്നെയാണ് ....!!!!!!!!



ഒരല്പം പരിഗണന ...,
 ഒരു വ്യക്തി എന്ന നിലയിൽ താൻ അംഗീകരിക്കപ്പെടുന്നുവെന്ന തോന്നൽ ....., തനിക്കായി തന്റെ ചിന്തകൾക്കായി ,സ്വപ്നങ്ങൾക്കായി മറ്റുള്ളവരുടെ മനസ്സിൽ ഒരിടം ..... "
-ഇത്രയും മതി ഭൂമിയിലെ ഓരോ പെണ്ണിനും അവളുടെ ജീവിതം സ്വർഗത്തേക്കാൾ മനോഹരമാകാൻ .....പക്ഷെ ആ തിരിച്ചറിവ് ഈ  സമൂഹം ഇന്നും നേടിയിട്ടില്ല .

ഭൂമിയിലെ മനോഹാരിതയിലേക്ക് കണ്ണ് തുറക്കുന്ന ഓരോ പെൺകുഞ്ഞും അവൾ പോലുമറിയാത്ത കുറെ അദ്രിശ്യമായ ചങ്ങലകളിൽ ബന്ധിതയാണ് ...ഒരു ചട്ടക്കൂടിനുള്ളിൽ പെണ്ണ് എന്ന പേരിൽ നിയന്ത്രണങ്ങൾക്കും , നിബന്ധനകൾക്കുമടിമയായി അവൾ വളരുന്നു ...
പെൺകുട്ടി എന്നാൽ എല്ലാം സഹിക്കേണ്ടവൾ ആണെന്നും , സ്ത്രീ എന്നാൽ ക്ഷമയുടെ പര്യായം ആണെന്നും , അമ്മ എന്നാൽ ഭൂമി ദേവിയോളം താഴ്മയുള്ളവൾ ആണെന്നും പണ്ട് മുതലേ പറഞ്ഞു പഠിപ്പിച്ച സംസ്കാരത്തിൽ നിന്നും ഇന്നും വ്യതിചലിക്കാതെ , ആ പാത തന്നെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നു സ്വയം നിലനില്പ്പോ , വ്യക്തിത്വമോ ഇല്ലാത്ത ഒരുവളായി സമൂഹം സ്ത്രീയെ മാറ്റിയിരിക്കുന്നു ....

സ്ത്രീയും ഒരു വ്യക്തിയാണ് . ഒരു സമൂഹത്തിൽ പുരുഷൻ വിരാജിക്കുന്ന സ്വാതന്ത്ര്യങ്ങൾ അവളും ആഗ്രഹിക്കുന്നുണ്ട് ......ആ സ്വാതന്ത്ര്യം രാത്രിയിലെ സഞ്ചാരമോ , ലെഗ്ഗിന്സ് ധരിക്കാനുള്ള അവകാശമോ അല്ല...
മറിച്ചു താൻ ഒരു സ്വതന്ത്ര വ്യക്തി ആണെന്നും , ഒരു പുരുഷൻ ആഗ്രഹിക്കുന്ന പോലെ , അവൻ കാണുന്ന പോലെ സ്വപ്‌നങ്ങൾ താനും കാണുന്നു എന്നുമുള്ള സത്യത്തിന്റെ അംഗീകാരമാണ് അവൾ തേടുന്ന സ്വാതന്ത്ര്യം ....
പക്ഷെ പാരമ്പര്യത്തിന്റെയും , കുലമഹിമയുടെയും , മതത്തിന്റെയും ചട്ടക്കൂടുകൾ അവളെ തളച്ചിടുന്നു ....ഒടുവിൽ സ്വന്തം സ്വപ്നങ്ങള്ക്ക് പ്രൈസ് ടാഗുമിട്ടു അവളും ജീവിക്കും ..എന്തിനോ വേണ്ടി,,,,ആർക്കോ വേണ്ടി ....ഈ ജീവിതം ദാനമായി നല്കിയ ഈശ്വരനെ പഴിച്ചും , ഈ വിധിയിൽ ഒടുങ്ങിത്തീരേണ്ട തന്റെ ജീവിതത്തെ കുറിച്ചോർത്തു സ്വയം വെറുത്തും ........

"നീ പെണ്ണാണ് ...നീ ഉറക്കെ ചിരിക്കരുത് , നീ കരയുന്നത് മറ്റാരുമറിയരുത്...
ആരെന്തു പറഞ്ഞാലും നീ അനുസരിക്കണം ......വിവാഹത്തിനു മുൻപ് വീട്ടുകാർ പറയുന്നതാണ് നിന്റെ ജീവിതം ....വിവാഹ ശേഷം ഭർത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും തീരുമാനിക്കും പോലെയാണ് നിന്റെ ജീവിതം ..."
ഇതാണ് ഒരു ശരാശരി മലയാളി തന്റെ കുട്ടിയെ പറഞ്ഞു പഠിപ്പിക്കുന്ന ജീവിത പാഠം .....ഒന്ന് ചോദിച്ചോട്ടെ ...??? ഇതിനിടയിൽ എവിടെയാണ് അവൾക്കൊരു ജീവിതം ....???? മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു അവൾ അവളുടെ സ്വത്വം മാറ്റുകയാണ് ....ഓരോ നിമിഷവും അവൾ അവളല്ലാതായി മാറുകയാണ് .....

സ്വന്തം ആഗ്രഹങ്ങളെ എല്ലാം  വേണ്ടെന്നു വയ്ക്കുക ....സ്നേഹിക്കുന്നവരുടെ ആഗ്രഹങ്ങളെ സ്വീകരിക്കേണ്ടി വരുക ...അപ്പോൾ സ്വയം തോന്നുന്ന വികാരം എന്താണെന്ന് അറിയുമോ....??? നമുക്ക് നമ്മോടു തന്നെ വെറുപ്പും പുച്ഛവും തോന്നും , ഒന്നിനും കൊള്ളാത്ത പാഴായിപ്പോയ ജന്മം എന്ന് തോന്നും ....ആ തോന്നൽ ചെന്ന് അവസാനിക്കുന്നത് ഒരു പക്ഷെ ഒരു ആത്മഹത്യയിലെക്കാവും ...
ഒരു സ്ത്രീയുടെ വേദന ഒരിക്കലും ലോകത്തൊരു പുരുഷനും വ്യക്തമായി മനസ്സിലാക്കാനാകില്ല...അങ്ങിനെ മനസ്സിലാക്കാൻ കഴിയുന്ന പുരുഷന്മാർ ഉണ്ടെങ്കിൽ അവർ ഈശ്വരന് സമന്മാരാണ് .....

സ്വന്തം വീട്ടിലെ ബന്ധനങ്ങളിൽ കഴിയുമ്പോൾ ഒരു പെണ്ണിന്റെ ഏക പ്രതീക്ഷ വിവാഹാനന്തര ജീവിതം മാത്രമാണ് .....നിന്റെ ഇഷ്ടങ്ങളൊക്കെ വിവാഹം കഴിഞ്ഞു മതി എന്ന വീട്ടുകാരുടെ ഒരു വാക്ക് ....,ആ കച്ചിത്തുരുമ്പാണ്  വിവാഹം വരെ അവളുടെ ജീവിതത്തിന്റെ ആയുസ്സ് നീട്ടുന്നത് ....മധുവിധു നാളുകളിലെ മനോഹാരിത അവസാനിക്കുമ്പോൾ അവളും തിരിച്ചറിയും -ഇവിടെയും തന്റെ ഇഷ്ടങ്ങൾക്ക് യാതൊരു വിലയും ഇല്ലെന്ന്...പക്ഷെ അപ്പോഴേക്കും അവളുടെ തണലിൽ വളരാൻ കൊതിക്കുന്ന ഒരു ജീവൻ ഭൂമിയിലെ വെളിച്ചത്തിലേക്ക് മിഴി തുറന്നിരിക്കും....പിന്നെ എല്ലാ പെൺകുട്ടികളുടെയും ജീവിതം ഇതാണ് എന്നും തന്റെയും ജീവിതം ഇങ്ങനെയായിരിക്കും എന്നും സ്വയം പറഞ്ഞു വിശ്വസിപ്പിച്ചു അവൾ ജീവിക്കും .... അവസാനം തിരിഞ്ഞു നോക്കുമ്പോൾ സ്വന്തമായി ഈ ജീവിതം കൊണ്ട് താൻ ഒന്നും നേടിയില്ലെന്ന തിരിച്ചറിവ് മാത്രം ആകും ബാക്കി ,,,,,, 
ലോകത്ത് എല്ലാ പെൺകുട്ടികളുടെയും ജീവിതം ഇങ്ങനെയല്ല , പക്ഷെ ഒരു ശരാശരി മലയാളി പെൺകുട്ടിയുടെ ജീവിതം ഇങ്ങനെയാണ് ...

പ്രായപൂർത്തിയാകുന്നത് വരെ വീട്ടുകാർ മാത്രമാണ് അവളുടെ ആശ്രയം ..
വിവാഹം കഴിഞ്ഞാൽ ഭർത്താവ് മാത്രവും ,,,,,
 എത്ര വലിയ കുടുംബം ഉണ്ടെന്നു പറഞ്ഞാലും ഒരുവന്റെ താലി കഴുത്തിൽ വീണു കഴിഞ്ഞാൽ പിന്നെ അവൻ ഇല്ലെങ്കിൽ തനിക്കു ആരുമില്ലെന്നുള്ള തിരിച്ചറിവ് ...
"പറ്റില്ല , ചെയ്യില്ല , സാധ്യമല്ല എന്നൊക്കെ പറഞ്ഞാൽ ഈ കിട്ടുന്ന സ്നേഹം തനിക്കു നഷ്ടമായെക്കുമോ എന്നും , താൻ ഒറ്റപ്പെട്ടെക്കുമോ എന്നുമുള്ള പേടി ....
ഈ തിരിച്ചറിവുകളാണ് അടിമത്തത്തെ സ്നേഹിക്കാനും , സ്വന്തം സ്വപ്നങ്ങളെ ത്യജിക്കാനും അവളെ നിർബന്ധിക്കുന്നത്‌

അടുത്തൊരു വനിതാ ദിനം കൂടി കടന്നു പോയി ....
There is a MAN in every WOman
There is a HE in every She
There is a LAD in every Lady
There is an ADAM in every Madam
എന്ന് ഓഫീസിലെ സാറ് പ്രസംഗിച്ചും പോയി .....

വനിതാ ദിനത്തിൽ മാത്രം സ്ത്രീ അമ്മയാണ് , ഭാര്യയാണ് , ഒരു തലമുറയുടെ വഴികാട്ടിയാണ് , ഗൃഹഭരണവും , ഓഫീസ് ഭരണവും തുടങ്ങി പല ജോലികളെ ഒരു പോലെ സമ്മേളിച്ചു കൊണ്ട് പോകാൻ കഴിവുള്ളവളാണ്. രാവിലെ ഉറക്കമെണീറ്റ് ഇരുട്ടുന്നതു വരെ പണിയെടുത്തു ഒരു പരാതിയും പരിഭവവും പറയാതെ ജീവിക്കുന്നവളാണ്........ എന്നൊക്കെ പ്രസംഗിച്ചിട്ടു ഒരു ഹാപ്പി വിമൻസ് ഡേ ആശംസിച്ചു പോകുന്ന മഹാ പുരുഷന്മാർ ഒരു മാസത്തേക്ക് സ്ത്രീയുടെ സ്ഥാനം ഏറ്റെടുത്തു നടത്തിനോക്കണം .......അപ്പോൾ മാത്രമേ മനസ്സിലാകു ഒരു സ്ത്രീയുടെ വില ......

ആഹ്.....ഫെമിനിസ്റ്റുകളെപ്പോലെ കുറെ സംസാരിച്ചു .....ഇത് ഫെമിനിസം ഒന്നുമല്ല ....ഒരു ശരാശരി മലയാളി പെൺകുട്ടിയുടെ അവസ്ഥയാണ് ....എതിര്ത്തു പറഞ്ഞാലോ , ചോദ്യം ചെയ്താലോ അഹങ്കാരിയാണെന്ന് മറ്റുള്ളവർ  മുദ്ര കുത്തുമെന്നു ഭയന്ന് എല്ലാം ഉള്ളിലടക്കി ജീവിക്കുന്ന ഓരോ പെണ്ണിന്റെയും ജീവിതമാണ് ........ഇതൊക്കെ മാറുമായിരിക്കും അല്ലെ.......??????

 പുസ്തകത്താളുകളിലും , അക്ഷരക്കൂട്ടുകളിലും  ഒതുങ്ങുന്ന പെണ്ണിന്റെ മഹത്വം എല്ലാവരും തിരിച്ചറിയുന്ന ഒരു വനിതാ ദിനത്തിലേക്കായുള്ള കാത്തിരുപ്പ് ഇനിയും ബാക്കി ......

Wednesday, 24 February 2016

ശരീരം കൊണ്ട് ചെയ്യുന്ന തെറ്റ് മനസ്സുകൊണ്ട് ചെയ്താൽ അത് തെറ്റല്ലാതാകുമോ?

ശരീരം കൊണ്ട് ചെയ്യുന്ന തെറ്റ് മനസ്സുകൊണ്ട് ചെയ്താൽ  അത് തെറ്റല്ലാതാകുമോ?

നിർമലയ്ക്ക് എന്നും സംശയമാണ് .അതും തികച്ചും അബ്നോർമൽ ആയ സംശയങ്ങൾ. ഇത്തവണ  സംശയം പക്ഷെ അല്പം കടന്നു പോയോ എന്ന് എനിക്ക് തന്നെ ഒരു സംശയം .'ശരീരം കൊണ്ട് ചെയ്യുന്ന തെറ്റ് മനസ്സുകൊണ്ട് ചെയ്താൽ  അത് തെറ്റല്ലാതാകുമോ?' എന്നാണ് അവളുടെ സംശയം.
ചിന്തിക്കേണ്ടിയിരിക്കുന്നു .......

തെറ്റ് ...എന്താണത് ?

  • നാം ചെയുന്നതിലെ തെറ്റും ശരിയും എങ്ങനെയാണ് വേർതിരിച്ചെടുക്കുക...? നമ്മൾ ചെയുന്ന നമ്മുടെ ശരികൾ എല്ലാവരും ശരി ആയി അംഗീകരിക്കുമോ ..??
  •  നമ്മുടെ തെറ്റുകൾ എന്ന് മറ്റുള്ളവർ അടിവരയിട്ടു പറയുന്ന കാര്യങ്ങൾ തെറ്റുകൾ ആണെന്ന് നമ്മൾ അംഗീകരിക്കുമോ ....?? 
  • നമ്മുടെ പ്രവൃത്തികളിലെ ശരിയും തെറ്റും വേർതിരിച്ചെടുക്കേണ്ടത്  നമ്മളാണോ അതോ വേറെ ആരെങ്കിലുമാണോ ....??
  • നമ്മൾ  ചെയുന്ന പ്രവൃത്തി കൊണ്ട് നമുക്കോ , മറ്റാർക്കെങ്കിലുമോ ഒരു തരത്തിലുള്ള വിഷമമോ , പ്രശ്നങ്ങളോ സംഭവിക്കുന്നില്ല എങ്കിൽ അത് ശരിയായും , നേരെ മറിച്ചു സംഭവിക്കുകയാണെങ്കിൽ അത് തെറ്റായും മാറുന്നു....അതല്ലേ നടക്കുന്നത് ...?


ഇനി നിർമലയുടെ ചോദ്യത്തിലേക്ക് വരാം. ശരീരം കൊണ്ട് ചെയ്യുന്ന തെറ്റും , മനസ്സ് കൊണ്ട് ചെയ്യുന്ന തെറ്റും ....തെറ്റ് തന്നെ ഇങ്ങിനെ രണ്ടു വിധം ഉണ്ടെന്നു ഞാൻ അറിയുന്നത് അവളുടെ ചോദ്യം കേട്ടതിനു ശേഷമാണ് ... ശരീരം കൊണ്ട് തെറ്റ് ചെയ്യണമെങ്കിൽ - ഉദാഹരണമായി നമ്മൾ ഒരാളുടെ കരണത്ത് അടിക്കുന്നു എന്ന് വയ്ക്കുക - നമുക്ക് അയാളെ അടിക്കണം എന്ന് തോന്നിയത് കൊണ്ടല്ലേ നാം അങ്ങിനെ ചെയ്തത് . അപ്പോൾ മനസ്സില് തോന്നിയത് നമ്മൾ ശരീരം കൊണ്ട് ചെയ്തു എന്നല്ലേ ഉള്ളു ...ഈ തെറ്റിനെ ഏതു വിധത്തിൽ പെടുത്തും ...? അതോ ഇത് മനസ്സ് കൊണ്ടും , ശരീരം കൊണ്ടും ചെയ്ത തെറ്റ് ആയി കണക്കു കൂട്ടപ്പെടുമോ ...?

നമ്മൾ ശരീരം കൊണ്ട് ചെയുന്ന എന്ത് പ്രവൃത്തിയും , അത് തെറ്റ് ആയാലും , ശരി ആയാലും അതിനു ആദ്യം മനസ്സല്ലേ സമ്മതം തരുന്നത് ...?അങ്ങനെയെങ്കിൽ അടിസ്ഥാനപരമായി ശരീരം കൊണ്ട് ചെയുന്ന എല്ലാ തെറ്റുകളും നമ്മൾ ആദ്യം മനസ്സ് കൊണ്ടല്ലേ ചെയുന്നത് ....??? അപ്പോൾ പിന്നെ മനസ്സു കൊണ്ട് തന്നെയല്ലേ നമ്മൾ തെറ്റ് ചെയുന്നതും ...????

ഇനി സയൻസ് പറയുന്നത്  എന്തെന്നാൽ മനസ്സ് എന്നൊരു അവയവമേ മനുഷ്യന് ഇല്ല എന്നല്ലേ ....അതൊരു സാങ്കല്പ്പികത ആണ് എന്നല്ലേ ....അപ്പോൾ സാങ്കല്പ്പികമായ മനസ്സ് കൊണ്ട് നമ്മൾ എങ്ങനെ തെറ്റ് ചെയ്യും ...? ഇനി അഥവാ ചെയ്തു എന്ന് തന്നെ വയ്ക്കുക ...അപ്പോളോ ...?? സാങ്കല്പ്പികമായ മനസ്സ് കൊണ്ട് നമുക്ക് സങ്കല്പ്പങ്ങളെ അല്ലെ സൃഷ്ടിക്കാൻ കഴിയു ...സാങ്കല്പ്പിക മനസ്സിന്റെ സാങ്കല്പിക സൃഷ്ടി ആയ തെറ്റ് ശരീരം ചെയ്യുന്നതിലും ഒരു സാങ്കല്പ്പികത ഇല്ലേ ....????അപ്പോൾ എല്ലാം മാാാാാാായ എന്ന് പറഞ്ഞാലോ ....????

 എന്തായാലും നിർമലയ്ക്കു ഉത്തരം വേണമല്ലോ അല്ലെ .....എന്റെ മറുപടി ഞാൻ പറയാം

  • തെറ്റ് എന്ന് നമുക്ക് തോന്നലുണ്ടാക്കുന്നത് എന്തായാലും - അതിനി ആരെയെങ്കിലും വേദനിപ്പിച്ചാലും , ഇല്ലെങ്കിലും - അത് തെറ്റ് തന്നെയാണ് 
  • അടി , ഇടി , തല്ലു , ചവിട്ടു , കുത്ത് , കൊലപാതകം ....തുടങ്ങി നമ്മുടെ ശരീരം കൊണ്ട് നമ്മൾ മറ്റൊരാളെ വേദനിപ്പിച്ചു എങ്കിൽ അത് എല്ലാ അര്തത്തിലും തെറ്റ് തന്നെയാണ് ,,, 
  • ഒരാളെ വേദനിപ്പിക്കാതെ മനസ്സ് കൊണ്ട് നമ്മൾ  അയാളെ തെറി വിളിച്ചു അയാളോടുള്ള ദേഷ്യം തീർത്തു എന്ന് കരുതുക.അങ്ങനെയെങ്കിൽ അവിടെ രണ്ടാമതൊരാൾ വേദനിക്കപ്പെട്ടിട്ടുമില്ല , നമ്മുടെ മനസ്സിലെ വിഷമങ്ങൾ എല്ലാം മാറുകയും , അയാളോടുള്ള നമ്മുടെ ദേഷ്യം അവസാനിക്കുകയും ചെയ്തു ,,,ആ അവസരത്തിൽ നമ്മൾ തെറ്റുകാർ ആകുന്നില്ലല്ലോ .


ഇനി ശരീരം കൊണ്ടും മനസ്സ് കൊണ്ടും ചെയ്യാവുന്ന അങ്ങേയറ്റത്തെ തെറ്റായി നിർമല പറയുന്നത് എന്തെന്നാൽ - ഒരാളെ മനസ്സു കൊണ്ട് എല്ലാ അർത്ഥത്തിലും സ്നേഹിച്ചിട്ടു അതെല്ലാം മറന്നു മറ്റൊരാളോടൊപ്പം  ജീവിക്കുക എന്നതാണ് .....

  •  സാങ്കല്പ്പികമായ മനസ്സ് കൊണ്ട് നമ്മൾ സങ്കല്പ്പിക്കുന്ന മായ കഥകൾ എങ്ങനെയാണ് നമ്മുടെ ശരീരത്തെ കളങ്കപ്പെടുത്തുക ....?
  • പണ്ട് എനിക്ക് ഷാരൂഖാനെ വലിയ ഇഷ്ടമായിരുന്നു , ക്ലീൻഷേവും , ഒടുക്കത്തെ ഗ്ലാമറും കാരണം  ഷാരൂഖാനെ കല്യാണം കഴിക്കാൻ പോലും ഞാൻ ആഗ്രഹിച്ചു .അതിനു കാരണം ഞാൻ ആദ്യം കണ്ടെത്തിയ സങ്കല്പ്പ പുരുഷൻ ഷാരൂഖ് ആണെന്നത് ആയിരുന്നു ..അന്നയും റസൂലും
    കണ്ടപ്പോൾ ഷാരൂഖാനെ മാറ്റി ഫഹദിനെ പ്രേമിക്കാൻ തുടങ്ങി , താടി കണ്ടു ജോർജിനെ പ്രേമിക്കാൻ തുടങ്ങി ..ഇവരെയൊക്കെ ഞാൻ മനസ്സു കൊണ്ട് പ്രേമിച്ചിട്ടുണ്ട് , എന്ന് കരുതി നാളെ ഞാൻ മറ്റൊരാളെ വിവാഹം കഴിച്ചാൽ അത് തെറ്റാകുമോ ...????അത് വഞ്ചനയാകുമൊ....?
ആദ്യം കണ്ടുമുട്ടുന്ന , നമ്മളോട് അടുപ്പവും , കരുതലും കാണിക്കുന്ന , മറ്റാരെയുംകാൾ  നമ്മെ സ്നേഹിക്കുന്നുവെന്ന് നമുക്ക് തോന്നുന്ന ഒരാൾ , അത് ആണായാലും , പെണ്ണായാലും നമുക്ക് ആ വ്യക്തിയോട് ഇഷ്ടം തോന്നുക സ്വാഭാവികം .വേറെ ഒരു ആണ്കുട്ടിയുമായും / പെൺകുട്ടിയുമായും അടുത്തു പരിചയമില്ലാത്ത ഒരാൾ ആ തോന്നുന്ന ഇഷ്ടത്തെ പ്രേമമായി വ്യാഖ്യാനിക്കും ....ആ സങ്കൽപ്പത്തിൽ അടിയുറച്ചു വിശ്വസിക്കും .....(ഇത് കൊണ്ടാ മക്കളെ മിക്സെഡ് സ്കൂളിൽ പഠിപ്പിക്കാനും , വീട്ടുകാരും കുട്ടികളും തമ്മിൽ ഒരു നല്ല അടുപ്പം ഉണ്ടാക്കാനും പറയുന്നേ ) അത് വെറും മായ ആണെന്ന് ആര് പറഞ്ഞാലും അവർ അംഗീകരിക്കില്ല, കാരണം അവരുടെ മനസ്സില് മുഴുവൻ ഷാരൂഖാനെ കുറിച്ചുള്ള സ്വപ്നമാണ് ...ഇതിൽ ചിലര് ആൾക്കൂട്ടത്തിലെക്കിറങ്ങുമ്പോൾ ഫഹദിനെ കണ്ടെത്തും , ചിലര് ഷാരൂഖിൽ തന്നെ ഉറച്ചു നില്ക്കും , അതൊരു തരം മാനസിക രോഗമാണ് ....അതിനു വേണ്ടത് നല്ലൊരു മനശ്ശാസ്ത്രജ്ഞാനെ കാണുക എന്നത് മാത്രം ആണ് .

ലോകത്ത് ഇതൊരു ആണിനും  പെണ്ണിനും  തോന്നുന്ന  പ്രായത്തിന്റെ ഒരു ചപല  വികാരം മാത്രമാണ് ഇത്  , .എന്നാൽ അത് അംഗീകരിക്കാതെ ഇത് പ്രേമമാണ് ഇതാണ്‌ സത്യം എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കുന്നതാണ്  നമ്മൾ നമ്മോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ...

ഒന്ന് മനസ്സിലാക്ക് നിർമലെ , നിനക്ക് മാത്രമല്ല ആര്ക്കും തോന്നാവുന്ന ഒരു വികാരമാണത് ...ഒരു ഗന്ധർവൻ ഉമ്മ തന്നു എന്ന് സ്വപ്നം കണ്ട ഉടനെ കളങ്കപ്പെടുന്നതാണ്  പെണ്ണിന്റെ ചാരിത്ര്യമെങ്കിൽ  ലോകത്ത് പരിശുദ്ധയായ ഒരു പെണ്ണ് പോലും കാണില്ല .....

പിന്നെ നിർമല ഒന്നും മിണ്ടിയില്ല , പതിയെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ നടന്നകന്നു ....!


Thursday, 12 November 2015

ചില gOOgLe +ചിന്തകൾ.....

ചില gOOgLe +ചിന്തകൾ.....




  • ബന്ധങ്ങൾ ഒരുപാടായാൽ വേദനകളുടെ എണ്ണം  കൂടും ....ബന്ധങ്ങളുടെ എണ്ണം കുറഞ്ഞാലോ , സന്തോഷങ്ങളുടെ എണ്ണവും കൂടും .....!!!


  •  പെണ്‍കുട്ടികൾക്കായിരുന്നു രണ്ടാം ക്ലാസിലെ പാവാട ഇരുപതാം വയസ്സിലും ഇടുന്ന ശീലം ...അത് കണ്ടു തീരെ സഹിക്കാഞ്ഞിട്ടാണെന്നു തോന്നുന്നു ,,,,,,, ആണ്‍കുട്ടികളൊക്കെ നഴ്സറിയിലെ  നിക്കറുമിട്ടു ബൈക്കിൽ റോന്തു ചുറ്റുന്നത്‌ ....


  • വേദന കടിച്ചു പിടിച്ചു ഹൃദയം പറിച്ചു കൊടുത്തവന്റെ , ഹൃദയതാളം സ്വന്തമാക്കി കഴിഞ്ഞാൽ പിന്നെ നന്ദി എന്ന രണ്ടക്ഷരം എന്നെന്നേയ്ക്കുമായി  മറക്കുന്നവനാണ് മനുഷ്യൻ ......ഭൂമിയിലെ ജീവനുള്ളവയിൽ വച്ചു ഏറ്റവും നന്ദി കെട്ട വർഗം....!


  • അച്ഛൻ അമ്മയുടെ ഗർഭപാത്രത്തിനു സമ്മാനിക്കുന്ന കുളിരിന്റെ പവിത്രതയാണ് , ഭൂമിയിലെ വിശ്വാസങ്ങളിലേക്കു നമ്മെ നയിക്കുന്ന സത്യത്തിന്റെ കരുത്ത്....


  • കരിങ്കല്ലിൽ അടിസ്ഥാനം തീർക്കാതെ വെണ്ണക്കൽ സൗധം പണിഞ്ഞിട്ടെന്താ കാര്യം ....?അല്ലെ ....???


  • എന്തെങ്കിലുമൊന്നു ചെയ്യണം എന്ന് തോന്നിയാൽ പിന്നെ കൂടുതൽ ആലോചിച്ചു കൂട്ടാതെ അങ്ങ് ചെയ്തേക്കുക ....സംഭവിക്കാനുള്ളത് എന്തായാലും സംഭവിക്കുക തന്നെ ചെയ്യും ....


  • ഈ പെണ്‍പിള്ളേരുടെ ജീവിതം ഒരു ഞാണിന്മേൽ കളിയാണ് കേട്ടോ ...അപ്പോൾ ഞാണിനെ നമുക്ക് പുരുഷൻ എന്ന് വിളിക്കാം .. :


  • ഓരോ മനുഷ്യനും ഒരു കടങ്കഥയാണ് ...ഉത്തരത്തിനടുത്തെക്കെത്തുമ്പോൾ പുതിയ ചോദ്യത്തിലേക്ക് വഴുതി മാറുന്നൊരു വലിയ  കടങ്കഥ...!!


  • അടുത്ത് നിൽക്കേണ്ടുന്നവർ അകലുകയാണെന്ന് തിരിച്ചറിയുമ്പോൾ ,  അരികിൽ നിൽക്കുന്നവരിൽ നിന്നും  നമ്മൾ പോലുമറിയാതെ നാം അകന്നു പോകും ....തീർത്തും നാം നമ്മെ  ഒറ്റപ്പെടുത്തും ....അത് അങ്ങനെയാണ് ..!!


  • അങ്ങോട്ട്‌ മിണ്ടിയാലെ തിരികെ മിണ്ടുള്ളൂ എന്ന വാശിയാണ് എല്ലാവർക്കും...ഈയിടെയായി എനിക്കും ..!


  • അപ്രതീക്ഷിത മുഹൂർത്തങ്ങൾ പകരുന്ന അനുഭൂതികൾ വാക്കുകൾക്കതീതമാണ് ...അത് സുഖമുള്ളതായാലും , അല്ലെങ്കിലും ,.....!!


  • ശല്യമാണ് എന്ന് തോന്നിയാൽ,  സ്നേഹം കൊണ്ട് പോലും ശല്യപെടുത്തരുത്.. .. മറ്റൊരാളെ കൂടി സങ്കടപ്പെടുത്തിക്കൊണ്ട്  നാം സ്വയം സങ്കടപ്പെടുന്നു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല ....സ്നേഹം സത്യമാണെങ്കിൽ നാം സ്നേഹിക്കുന്നവരെ അവരുടെ ഇഷ്ടത്തിനു വിട്ടേക്കുക ...ആ വഴിയിൽ ഒരു നിഴലായി പോലും നാം കടന്നു ചെല്ലരുത്‌.....(#half copied)


  • ചില സ്വപ്‌നങ്ങൾ സ്വപ്നങ്ങളായി മാത്രം നിലനില്ക്കുന്നതാണ് എന്തുകൊണ്ടും നല്ലത് ......എങ്കിൽ സുഖമുള്ളൊരു ഓർമയായി  അല്ലെങ്കിൽ നേർത്തൊരു നോവായി അവയെ എന്നും ഹൃദയത്തോട്  ചേർത്തു നിർത്തി താലോലിക്കാം..... .

Saturday, 10 October 2015

dO SmaLL ThinGs WiTh GrEaT LOVE.....!!

dO SmaLL ThinGs WiTh GrEaT LOVE.....!!
( ഒത്തിരി സ്നേഹത്തോടെ ചെയ്യാം ഇത്തിരി കാര്യങ്ങൾ) 


ഞാൻ അനാഥയല്ല ...അന്ധയോ , ബധിരയോ , മൂകയോ അല്ല ..
അംഗവൈകല്യമോ , മാനസികരോഗങ്ങളോ എനിക്കില്ല ....
എന്നിട്ടും എനിക്ക് പരാതിയാണ് ...,
എന്റെ തലമുടിക്ക് നീളം പോരെന്ന് , എന്റെ കണ്‍പീലികൾക്ക് തിളക്കം കുറവാണെന്ന്...

ഒരു പക്ഷെ നമ്മളിൽ പലരും ഇങ്ങനെയാണ് ....കാഴ്ചയുടെ വില എന്താണെന്ന് കണ്ണുള്ളപ്പോൾ നമ്മൾ ആരും തിരിച്ചറിയില്ല ...ഒടുവിൽ നഷ്ടപ്പെട്ടു കഴിയുമ്പോൾ ആകട്ടെ , പോയതിനെ കുറിച്ചോർത്തു വേദനിച്ചു ബാക്കിയുള്ള ജീവിതം കൂടി പാഴാക്കും .

നമ്മളിൽ എത്ര പേർക്കാണ് കുഞ്ഞു നാളിലെ പോലെ തീർത്തും നിഷ്കളങ്കമായി പുഞ്ചിരിക്കാൻ കഴിയുക ...?? നമ്മൾ വളരുന്നതിനനുസരിച്ചു , നമ്മൾ ലോകം കാണുന്നതിനനുസരിച്ചു നമ്മൾ പോലുമറിയാതെ നമ്മളും സ്വയം മാറിത്തുടങ്ങി , നിഷ്കളങ്കത നടിക്കാനും  നമ്മൾ പഠിച്ചു കഴിഞ്ഞു ...

ഭൂമിയിൽ മനുഷ്യനായി ജനിക്കാൻ സാധിച്ചതാണ് നമുക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ... അതിൽ തന്നെ കാഴ്ചയും , കേൾവിയും , സംസാര ശേഷിയും , ആരോഗ്യവും , സാമാന്യ ബുദ്ധിയും കൂടി ഉണ്ടെങ്കിൽ നമ്മെക്കാൾ ഭാഗ്യം ചെയ്ത ഒരു മനുഷ്യൻ കാണില്ല .

അത്രത്തോളം ഭാഗ്യവാന്മാരായ നമ്മൾ എന്താണ് ചെയേണ്ടത് ...? നമ്മുടെ ഭാഗ്യങ്ങൾ കൊണ്ട് നമുക്ക് സൗഭാഗ്യങ്ങൾ മാത്രം സമ്പാദിച്ചു കൂട്ടിയാൽ മതിയാകുമോ ...? അതോ നമ്മെക്കാൾ നിർഭാഗ്യവാന്മർക്കു അല്പം ഭാഗ്യം നമ്മിൽ നിന്നും കടം കൊടുക്കണോ ....?

 " നിന്റെ സാന്നിധ്യം കൊണ്ട് , പ്രവൃത്തിയോ വാക്കോ കൊണ്ട് ഒരുവന്റെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ കഴിഞ്ഞാൽ അതാണ്‌ ഈ ഭൂമിയിലെ മനുഷ്യ ജന്മം കൊണ്ട് നീ നേടുന്ന ഏറ്റവും വലിയ സമ്പത്ത് ...."- എനിക്ക് മുന്നേ മറ്റാരെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല , എങ്കിലും ഞാൻ വിശ്വസിക്കുന്ന , പ്രാവർത്തികമാക്കാൻ  ആഗ്രഹിക്കുന്ന , ശ്രമിക്കുന്ന തത്വം ഇതാണ് ...

വലിച്ചെറിയപ്പെട്ട , ലോകത്തിന്റെ മനോഹാരിതകൾ നിഷേധിക്കപ്പെട്ട ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട് .പക്ഷെ നമ്മൾ അവരെയൊന്നും കാണാറില്ല , കേൾക്കാറില്ല , ഇനി അഥവാ കേട്ടാലും അറിയാൻ ശ്രമിക്കാറില്ല ...

അതൊരിക്കലും നമ്മുടെ തെറ്റല്ല , മറിച്ചു നമ്മുടെ മനസ്സിന്റെ വലിപ്പക്കുറവാണ്..അതൊരു വൈകല്യമാണ് ...എല്ലാമുണ്ടായിട്ടും ഒന്നും പങ്കുവയ്ക്കാൻ തോന്നാത്ത തരത്തിലുള്ള മാനസികവൈകല്യം .

അടിസ്ഥാനപരമായി ഞാൻ ഉൾപ്പടെ എല്ലാ വ്യക്തികളും സ്വാർത്ഥന്മാർ തന്നെയാണ് . ഞാൻ , എന്റേത് , എനിക്കുള്ളത് , എന്റെ കൂട്ടുകാർ , എന്റെ  വീട്ടുകാർ , എനിക്കൊപ്പം താമസിക്കുന്നവർ , എനിക്കുള്ള സ്ഥാവരജംഗമങ്ങൾ.....
അവിടെ എന്നെ മാറ്റി നാം , നമ്മുടേത്‌ , നമുക്കുള്ളത് എന്ന് പറയാൻ നമുക്ക് കഴിയണം ...അപ്പോൾ മാത്രം ആണ് നമ്മൾ യഥാർത്ഥത്തിൽ ഒരു മനുഷ്യനാകുക ...

നമ്മളിൽ എത്ര പേർക്ക് ഹൃദയത്തിൽ കൈവച്ചു പറയാൻ കഴിയും ഞാൻ ഒരു നല്ല മനുഷ്യൻ ആണെന്ന് ...???? അങ്ങനെ  എല്ലാവർക്കും സാധിച്ചിരുന്നെങ്കിൽ ഈ ലോകം എന്നേ നന്നായേനെ അല്ലെ ... 

ഈ കണ്ണുകൾ കൊണ്ട് നമ്മൾ കണ്ണില്ലാത്തവർക്ക് കാഴ്ചയാകണം  , കാതില്ലാത്തവരുടെ കേൾവിയാകണം , സംസാര ശേഷി നഷ്ടപ്പെട്ടവരുടെ ശബ്ധമാകണം...കയില്ലാത്തവന്റെ കരങ്ങളായും , കാലില്ലാത്തവന്റെ പദങ്ങളായും മാറണം ....
കാരണം മാളികയിലെ തണുപ്പിലല്ല , മണ്‍കുടിലിന്റെ  കുളിരിലാണ് ഈശ്വരന്റെ വാസം ...എന്റെ ജീവിതം ധന്യമാണോ എന്ന് ചോദിച്ചാൽ അതിന്റെ മറുപടി ഒരായിരം പുഞ്ചിരികൾ ആകണം ....ആ പുഞ്ചിരികളുടെ സാനിധ്യത്തിൽ എനിക്ക് എന്റെ ഹൃദയത്തിൽ കൈ വച്ചു പറയാം ...." ഞാൻ നല്ലവൻ ആണെന്ന് , ഈ പുഞ്ചിരികളുടെ മനോഹാരിത എനിക്ക് സ്വന്തമാണെന്ന് ...."

ഇപ്പോൾ എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞത് എന്ന് എനിക്കും തീരെ നിശ്ചയമില്ല ..ഒരു കാര്യം ഞാനിപ്പോൾ അറിഞ്ഞു ,"ഒത്തിരി സ്നേഹത്തോടെ ചെയ്യുന്ന ഇത്തിരി കാര്യങ്ങൾ പകരുന്ന സന്തോഷമാണ് ജീവിതത്തിലെ അമൂല്യമായ സമ്പാദ്യം എന്ന് ..."   അനുഭവിച്ചറിഞ്ഞത് പങ്കു വയ്ക്കപ്പെടുമ്പോൾ , വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് പകരുന്ന ഒരു നാളമുണ്ട്...അത് കെടാതെ നില്ക്കാൻ ഒരു പക്ഷെ ഞാനും ഒരു കാരണമായെങ്കിലോ.....അങ്ങനെയെങ്കിൽ ഈ ജീവിതം കൊണ്ട് ഞാൻ എത്ര ധന്യ .....!

" അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ .."

Monday, 28 September 2015

സംഭവാമി യുഗോ യുഗോ ....അതുകൊണ്ട് നമ്മളിങ്ങനെ ഗോ ഗോ ...

സംഭവാമി യുഗോ  യുഗോ അതുകൊണ്ട് നമ്മളിങ്ങനെ ഗോ ഗോ ...


നഷ്ടപ്പെടലിൽ  നിന്നെ നമുക്ക് ഇഷ്ടപ്പെട്ടത്തിന്റെ മൂല്യം തിരിച്ചറിയാൻ കഴിയു എന്ന് പറയുന്നത് തീർത്തും സത്യമാണ് ....അത് വ്യക്തി ആയാലും , വസ്തു ആയാലും .....

അനുവാദം ചോദിക്കാതെ പലരും കടന്നു പോകുന്ന ജീവിതമാണ് നമ്മുടേത്‌ ...കൂടെയുള്ളവരെ കുറിച്ച് പലപ്പോഴും നമ്മൾ ആലോചിക്കാൻ ശ്രമിക്കാറില്ല ...പക്ഷെ അവർ നമ്മളിൽ നിന്നും അകലുകയാണ് എന്ന തോന്നൽ , ആ തോന്നൽ ഉണ്ടാകുമ്പോൾ മാത്രം ആണ് നമ്മൾ ചിന്തിക്കാൻ തുടങ്ങുക ..., അവർ നമുക്ക് ആരായിരുന്നു എന്ന് ...നമ്മൾ അവരെ സ്നേഹിച്ചിരുന്നോ എന്ന് ....

ഈശ്വരന്റെ തിരക്കഥയിൽ ഇടയ്ക്ക് നമ്മുക്ക് ചില തിരുത്തലുകൾ സാധ്യമാണെങ്കിലും , ആ തിരക്കഥയെ മുഴുവനായും നമ്മുടെ ഇഷ്ടത്തിനു മാറ്റിയെഴുതാൻ കഴിയില്ലല്ലോ അല്ലെ ......അങ്ങനെയാണെങ്കിൽ  നമ്മൾ ആഗ്രഹിക്കുന്ന പോലെ എല്ലാം നടന്നേനെ ...എങ്കിൽ പിന്നെ നമുക്ക്  കഴിഞ്ഞു പോയതിനെ കുറിച്ചോർത്തു പശ്ചാത്തപിക്കേണ്ടിയോ , നടക്കുന്നതിനെ കുറിച്ചു ഓർത്ത്‌ ആകുലപ്പെടെണ്ടിയോ , വരാനിരിക്കുന്നതിനെ കുറിച്ചോർത്തു പേടിക്കുകയോ ചെയേണ്ടി വരില്ലായിരുന്നുവല്ലോ ....അല്ലെ ...??

ഈ ജീവിതം വളരെ വിചിത്രമാണ് ....ഇവിടെ കണ്ടു മുട്ടുന്നവർ അതിനേക്കാൾ ഏറെ വിചിത്രത പുലർത്തുന്നവരും,,,,,കണ്ണ് കൊണ്ട് സത്യം പറഞ്ഞും , നാവു കൊണ്ട് കള്ളം പറഞ്ഞും , ഹൃദയം കൊണ്ട് സ്നേഹിച്ചും , ബുദ്ധി കൊണ്ട് വെറുത്തും കൂടെ നടക്കുന്ന കുറെ പേർ.....

എപ്പോഴും നമുക്ക് ദോഷകരമല്ലാത്ത ഒരു "സേഫ് സോണ്‍" -ഇൽ നില്ക്കാനാണ് നമ്മൾ ശ്രമിക്കാറ്...അത് കൊണ്ട് മാത്രമാണ് നമ്മൾ മനുഷ്യർ ഇത്രയേറെ വിചിത്രമായി പെരുമാറുന്നത് ....!

എല്ലാവർക്കും എല്ലാവരെയും മനസ്സിലാകും ...എന്നാൽ മനപ്പൂർവം മനസ്സിലായില്ല എന്ന് നടിക്കും .....മനസ്സിലാകാതെ പോകുന്ന ചില അപൂർവ്വം നിമിഷങ്ങളെ ഉള്ളു മനുഷ്യജീവിതത്തിൽ ....

പക്ഷെ ആ നിമിഷങ്ങൾ സമ്മാനിക്കുന്ന നഷ്ടം ....അത് വളരെ വലുതാണ്‌ ,,,ഒരിക്കലും നികത്താൻ പറ്റാത്ത അത്രയ്ക്കും  വലിയ നഷ്ടം ...

ആകെപ്പാടെ ഉള്ള ഒരേ ഒരു പോംവഴി അത്ഭുതങ്ങളിൽ വിശ്വസിക്കുക എന്നതാണ് ........അപ്രതീക്ഷിത യാഥാർത്യങ്ങളുടെ സ്വപ്നഭൂമിയായ  ഈ ജീവിതത്തിൽ ചിലപ്പോൾ നമ്മൾ പോലുമറിയാതെ എന്തേലും അത്ഭുതം സംഭവിച്ചാലോ .....???????/

സംഭവാമി യുഗോ  യുഗോ ....അതുകൊണ്ട് നമ്മളിങ്ങനെ ഗോ ഗോ ...!!

Monday, 14 September 2015

ഞാന്‍ ഹിന്ദുവല്ല , ക്രിസ്ത്യനല്ല , മുസല്‍മാനുമല്ല ...ഭാരതീയന്‍ ആണ്...!

ഞാന്‍ ഹിന്ദുവല്ല , ക്രിസ്ത്യനല്ല , മുസല്‍മാനുമല്ല ...ഭാരതീയന്‍ ആണ്...!


   ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല  ,
 ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹമല്ലോ..!!



" ഇന്ത്യ എന്റെ രാജ്യം ആണ് . എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാർ ആണ് .ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു . 
സമ്പൂർണവും വൈവിധ്യ പൂർണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു ... "

എൽ.കെ.ജി ക്ലാസ്സു മുതൽ സ്കൂൾ അധ്യയനം അവസാനിക്കുന്ന വരെ നമ്മുടെയൊക്കെ ആഴ്ചയിലെ അഞ്ചു ദിവസങ്ങൾ ആരംഭിച്ചിരുന്നത് ഈ 
പ്രതിജ്ഞയും  ചൊല്ലിക്കൊണ്ടായിരുന്നു .." സമ്പൂർണവും വൈവിധ്യ പൂർണവുമായ " ആ പാരമ്പര്യം , അതിന്റെ സന്തതികൾ ആണ് നാം ഓരോരുത്തരും എന്ന ബോധം .. അരികിലിരിക്കുന്നവന്റെ കഴുത്തിലെ കുരിശോ , അവൻ ഉരുവിടുന്ന ഗായത്രി മന്ത്രങ്ങളോ , അവന്റെ നെറ്റിയിലെ നിസ്കാരത്തഴമ്പോ അന്ന് നമ്മൾ ആരും കണ്ടില്ല .....

ഭാരതം ഒരു ജനാധിപത്യ , മതേതരത്വ , സോഷ്യലിസ്റ്റ്,  റിപ്പബ്ലിക്കൻ രാജ്യം ആണെന്നും അതിലെ പൌരന്മാർക്കെല്ലാം ഒരേ അവകാശമാണെന്നും അദ്ധ്യാപകൻ പറയുമ്പോൾ മതങ്ങൾക്കുമപ്പുറത്തുള്ള  മനുഷ്യത്ത്വമാണ് വലുതെന്നു നമ്മൾ അന്ന് മനസ്സിലാക്കിയിരുന്നു ..പക്ഷെ ആ മതേതര ചിന്തകളിൽ എന്നാണു കൊടിയുടെ നിറം കലർന്നതെന്നു നമ്മൾ അറിഞ്ഞില്ല ....തോളിൽ കൈയിട്ടു നടന്നവന്റെ പേര്  എന്ന് മുതല്ക്കാണ് ഹിന്ദു എന്നും ക്രിസ്ത്യൻ എന്നും മുസല്മാൻ എന്നും മാറിത്തുടങ്ങിയത് ....??അറിയില്ല ...

ഭാരതീയന്റെ കൊടിക്ക് ത്രിവർണ നിറമായിരുന്നു ...ആ തൃവർണങ്ങളെയും  ഒന്നായി കണ്ടു നാമെല്ലാവരും ആ കൊടികൾ അഭിമാനത്തോടെ 
ഉയർത്തിപിടിച്ചിരുന്നു...അതായിരുന്നു നമ്മുടെ നിറം ...മൂവർണങ്ങൾ ചേർത്തു സത്യം ജയിക്കാനായി , നീതി ലഭിക്കാനായി , അവകാശങ്ങൾ നേടാനായി  പരിശ്രമിച്ച ഒരു ജനതയുടെ നാട് ... കാലത്തിന്റെ ഒഴുക്കിലാണോ , അതോ മനുഷ്യന്റെ  ചിന്തയിലാണോ മാറ്റം വന്നതെന്ന് അറിയില്ല... 
എപ്പോഴോ ചുവപ്പും , പച്ചയും , മഞ്ഞയുമൊക്കെയായി നമ്മുടെ കൊടിയുടെ നിറങ്ങൾ ,മാറി ...

ത്രിവർണ പതാക പിന്നീടു സ്വാതന്ത്ര്യ ദിനത്തിൽ മാത്രം കാണുന്ന നിറമായി വഴിമാറി ....ഹിന്ദുവും , മുസൽമാനും , ക്രിസ്ത്യനും അവനവന്റെ 
നിറങ്ങൾ തേച്ച കൊടികളുമായി നിരത്തിലേക്കിറങ്ങി ...പിന്നെ ആ കൊടി കൊണ്ടായി വർഗീയവൽക്കരണവും , ജാതീയ മുന്നേറ്റങ്ങളും .....

ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന് എന്നത് മാറി പതിയെ പല ജാതി , പല മതം , പല ദൈവം മനുഷ്യന് എന്നായി..
ഹിന്ദുവിനുള്ളിൽ ഹിന്ദുവും , മുസ്ലിമിനുള്ളിൽ  മുസ്ലിമും , ക്രിസ്ത്യനുള്ളിൽ ക്രിസ്ത്യനുമായി ....
മനുഷ്യനെക്കാൾ , മനുഷ്യത്ത്വത്തെക്കാൾ  വലുത് മതമാണെന്ന് നമ്മൾ തീരുമാനിച്ചു ....
പിന്നെ മതത്തിന്റെയും , ജാതിയുടെയും പേരിൽ തമ്മിൽ തല്ലും , കുടിപ്പക തീർക്കലും...
അമ്പേറ്റു വീണവനെ കമ്പി കൊണ്ട് കുത്താൻ തുടങ്ങി ....
കുരിശിൽ തറച്ചവന്റെ  നെഞ്ചത്ത്  കാരിരുമ്പ് കുത്തി താഴ്ത്തി ....
കുത്താനും , കൊല്ലാനും കൈയിൽ കിട്ടാത്തവന്റെ ആലയങ്ങളെ കത്തിച്ചു ചാമ്പലാക്കി ....
എവിടുന്നു എവിടെക്കാണ്‌ പോകുന്നതെന്ന് നമ്മൾ മറന്നു .....

ഒടുവിലിതാ ദൈവങ്ങളെ പോലും പാർട്ടിക്കാരാക്കി...പറഞ്ഞു പറഞ്ഞു കൃഷ്ണനെ കമ്മ്യൂണിസ്റ്റും , ക്രിസ്തുവിനെ കോണ്‍ഗ്രസ്സും , 
മുഹമ്മദിനെ മുസ്ലിംലീഗുമാക്കി ...ഒടുവിലിപ്പോൾ പാവം ഗുരുവിനെ മതമൈത്രിയുടെ നേതാവുമാക്കി കുരിശിലേറ്റി....പോയ പോക്ക് നോക്കണേ ...

എന്തിലും ഏതിലും രാഷ്ട്രീയവും വർഗീയതയും മാത്രം കാണാൻ ശ്രമിക്കുന്ന ഒരു ജനത ...
ഇതായിരുന്നോ കടന്നു പോയ മഹാന്മാർ സ്വപ്നം കണ്ട ഭാരത 
ഭൂമി ....? 
ഇതിനു വേണ്ടിയായിരുന്നോ ജീവനും ജീവിതവും നല്കി അവർ സ്വാതന്ത്ര്യം നേടി തന്നത് ....??
ഇതു തന്നെയാണോ മതേതര ഭാരതം ....?

അനാവശ്യമായ വ്യാഖ്യാനങ്ങൾ നല്കി പ്രശ്നങ്ങളെ വളച്ചൊടിച്ചു രാഷ്ട്രീയ വല്ക്കരണം നടത്തുന്ന രീതി മാറണം ...ഭരണപക്ഷമോ , പ്രതിപക്ഷമോ അവരുടെ തർക്കങ്ങളോ അല്ല നമ്മുടെ വിഷയം ..., നമ്മുടെ ലക്ഷ്യം രാജ്യത്തിന്റെ  വളർച്ചയും , മനുഷ്യന്റെ ഒരുമയും , സാമൂഹിക നവോത്ഥാനവുമാണെന്ന്  നാം മനസ്സിലാക്കണം ...
ഒരു പ്ലോട്ടിലോ , ഫോട്ടോയിലോ , പെയിന്റിങ്ങിലോ  , കാണുന്ന രൂപത്തിന് പിറകെ പോയി പരസ്പരം പഴി ചാരിയും , കളിയാക്കിയും നമ്മള്‍ 
കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ കാരണം നഷ്ടം നമുക്ക് തന്നെയാണെന്ന് നാം തിരിച്ചറിയണം ..അങ്ങനെയോക്കെ നാം ചെയുമ്പോള്‍ നാം നഷ്ടപ്പെടുത്തുന്നത് നമ്മുടെ  രാജ്യത്തിന്‍റെ അഭിമാനവും , അന്തസത്തയുമാണ് ..

ഭാരതാംബ എന്നല്ലേ നാം പറയാറ് ...അമ്മയ്ക്ക് മക്കളുടെ മതമോ നിറമോ പ്രശ്നമല്ല , അമ്മയെ സംബന്ധിച്ചു  മക്കളാണ് വലിയ സ്വത്ത് .നാനാത്വത്തില്‍ ഏകത്വം എന്ന തത്ത്വം വാക്കില്‍ മാത്രം പോരാ , പ്രവൃത്തിയിലും നാം കൊണ്ടുവരണം .

ഇന്ത്യ ഹിന്ദുവിന്‍റെയല്ല , ക്രിസ്ത്യന്റെയോ , മുസ്ലിമിന്റെയോ അല്ല ... ഇന്ത്യ ഇന്ത്യന്‍റെതാണ് ...ഭാരതമണ്ണിൽ പിറന്നു വീഴുന്ന ഓരോ പൌരനും ഈ 
മണ്ണില്‍ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും അത് നിഷേധിക്കാന്‍ ഇവിടെ ജീവിക്കുന്ന ഒരുവനും അധികാരമില്ലെന്നും നാം തിരിച്ചറിയണം ....

കാള പെറ്റെന്നു  കേട്ടയുടനെ കയറെടുക്കുന്ന ഏര്‍പ്പാട് നിര്‍ത്തലാക്കണം. അല്ലെങ്കില്‍ പിന്നെ കയറുമെടുത്തു കാണുന്നവന്റെ പിറകെ ഓടാനെ നേരം കാണു.... 

Saturday, 27 June 2015

ഇസ്ലാം -Is The BEST Religion having WORST Followers....??

ഇസ്ലാം -Is The BEST Religion having WORST Followers....??


(അള്ളാഹു ഇല്ല എന്നോ , ഇസ്ലാം മതം മോശമാണെന്നോ സ്ഥാപിക്കല്‍ അല്ല എന്‍റെ ലക്ഷ്യം ,ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും , ഉത്തരം മുട്ടിക്കുന്ന 
കുറച്ചു വിശ്വാസങ്ങളുമായി എനിക്ക് മുന്നിലുള്ള മതത്തെ കുറിച്ചുള്ള എന്‍റെ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കണ്ടെത്തുക എന്നതാണ് .)


                                     ഇന്നലെ വീണ്ടും ഒരിക്കല്‍ക്കൂടി ഇങ്ങനെയൊരു വാചകം ഞാന്‍ കേള്‍ക്കുകയുണ്ടായി " Islam-BEST Religion having WORST Followers " അതാണ്‌
ഈ എഴുത്തിന് പിന്നിലെ കാരണം .

എല്ലാ മതങ്ങളും മുന്നോട്ടു വയ്ക്കുന്ന തത്ത്വം സ്നേഹവും , സഹിഷ്ണുതയും തന്നെയാണെന്ന് ഇക്കാലത്തിനിടയില്‍ ഖുറാനും , ഗീതയും , ബൈബിളും 
എന്നെ പഠിപ്പിച്ചിട്ടുണ്ട് ." മതം "- അത് ഏതായാലും ഒരിക്കലും ഒരു വ്യക്തിയുടെ ചിന്തകളെയോ , സ്വാതന്ത്ര്യത്തെയോ ,സ്വപ്നങ്ങളെയോ ,
വ്യക്തിത്വത്തെയോ ഹനിക്കുന്നത് ആകരുത് . പരസ്പരം സ്നേഹത്തിനും സഹകരണത്തിനുമപ്പുറം , വ്യക്തികള്‍ക്കിടയില്‍ വേലികെട്ടുകള്‍
 തീര്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെ ചങ്ങലകളായി മതങ്ങള്‍ മാറരുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ .

മതം - ഒരു വലിയ വിഷയമാണ് . അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാനുള്ളത്രയും പക്വതയും , ജീവിതവീക്ഷണവും , അനുഭവ സമ്പത്തുമൊന്നും എനിക്കില്ല . എങ്കിലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ സന്തതിയായ , ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരു സ്വതന്ത്ര ചിന്താഗതിക്കാരിയായ വ്യക്തി എന്ന നിലയില്‍ മതത്തെക്കുറിച്ചു സംസാരിക്കാനും , ചിന്തകളും സംശയങ്ങളും പങ്കുവയ്ക്കാനും എനിക്ക് സ്വാതന്ത്ര്യം ഉണ്ട് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു

യോഗയെ നിങ്ങളുടെ മതം എന്തിനാണ് ഇത്രയ്ക്ക് എതിര്‍ക്കുന്നതെന്ന് ഒരാള്‍ എന്നോട് ചോദിക്കുകയുണ്ടായി .യോഗയിലുള്ള മന്ത്രോച്ചാരണങ്ങള്‍ ആകാം 
അതിനു കാരണം എന്ന് ഞാന്‍ അയാള്‍ക്ക് മറുപടി നല്‍കി .ഇസ്ലാംമതത്തില്‍ വിശ്വസിക്കുന്ന എല്ലാ മുസല്‍മാനും നിര്‍ബന്ധമാണ്‌ അഞ്ച് നേരത്തെ നമസ്കാരം .അല്ലാഹുവിനു മുന്നില്‍ തന്നെ സ്വയം സമര്‍പ്പിച്ചു കൊണ്ടുള്ള ആ ഇബാദത്തുകളും ഒരു തരത്തില്‍ യോഗ തന്നെ അല്ലെ ..? മനസ്സിന്‍റെയും , ശരീരത്തിന്‍റെയും ശുദ്ധീകരണവും , ആത്മീയമായ ചൈതന്യവും അല്ലേ യോഗ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ ..,ഇതേ ആശയം തന്നെയല്ലേ നിസ്കാരം മുന്നോട്ടു വയ്ക്കുന്നതും.അപ്പോള്‍ പിന്നെ മന്ത്രോച്ചാരണങ്ങളെ മാറ്റി നിര്‍ത്തി കൊണ്ട് യോഗ അനുഷ്ടിക്കുന്നതില്‍ എന്താണ് തെറ്റ് ...??

*പതിനൊന്നാം നൂറ്റാണ്ടില്‍ അല്‍-ബിറൂനി ഇന്ത്യയിലേക്ക്‌ വരികയും യോഗാഭ്യാസത്തെ കുറിച്ചു വിവരിക്കുന്ന സംസ്കൃതഗ്രന്ഥമായ , പതഞ്‌ജലിയുടെ യോഗസൂത്രം അറബികിലേക്ക് മൊഴി മാറ്റുകയും ചെയ്തതോടെ യോഗാഭ്യാസം മുസ്ലിങ്ങളിലേക്കും പടര്‍ന്നതായും , സംസ്കൃതത്തിലെ ദേവസ്തോത്രത്തിന് പകരം അറബിയില്‍ ബിസ്മില്ലാഹ് 
ചൊല്ലി യോഗാഭ്യാസം തുടങ്ങിയതായും ചരിത്രം പറയുന്നു .യോഗ ഏതെങ്കിലും മതത്തിന്റെ ആചാരമോ വിശ്വാസമോ 
അല്ല , മറിച്ച് അതൊരു സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ,ആ സംസ്കാരത്തിന്‍റെ സന്തതികള്‍ എന്ന നിലയില്‍ അതിനെ അംഗീകരിക്കേണ്ടത് നമ്മുടെ കടമയാണെന്നും ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്നമല്ലേ യോഗയില്‍ ഉള്ളു ....?? മറ്റു രാജ്യങ്ങളിലെ ഇസ്ലാം മത വിശ്വാസികള്‍ പോലും യോഗയെ പൂര്‍ണമായും പിന്തുണയ്ക്കുമ്പോള്‍ എന്തിനു നമ്മള്‍ മാത്രം യോഗയെ നഖശിഖാന്തം എതിര്‍ക്കുന്നു എന്ന് എനിക്കിതുവരെയും മനസ്സിലായിട്ടില്ല .....

നിലവിളക്ക് കത്തിച്ചാല്‍ താന്‍ മുസല്‍മാന്‍ അല്ലാതെയാകും എന്നുള്ള വിഡ്ഢിത്തം ആരാണ്  നമ്മെ പഠിപ്പിച്ചത് ...? പ്രകാശം എന്ന ഊര്‍ജത്തെ 
സാക്ഷിയാക്കി ചടങ്ങ് തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല , അത് വിശ്വാസമല്ല ,ആചാരമല്ല - സംസ്കാരമാണ് .ആ സംസ്കാരത്തെ അംഗീകരിക്കേണ്ടത് ഒരു ഭാരതീയന്‍റെ  കടമ അല്ലേ ...? ചേരമാന്‍ പള്ളിയിലെ നിലവിളക്കുള്‍പ്പടെ ഇസ്ലാമിന്റെ ചരിത്രത്തില്‍ പോലും ബിസ്മി ചൊല്ലി വിളക്ക് കത്തിച്ച സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് .
നാനാത്ത്വത്തില്‍ ഏകത്വം നില നിര്‍ത്താന്‍ ഈ രാജ്യത്തെ സഹായിക്കുന്നതും ജാതി മത ചിന്തകള്‍ക്കതീതമായ സംസ്കാരത്തിന്‍റെ ഭാഗമാകുന്നതും എങ്ങിനെ മതപരമായി കാണാനാകും ..?

ശരീഅത്ത് നിയമങ്ങളുടെ കുട പിടിച്ചു മുസ്ലിം വനിതകളുടെ വസ്ത്രധാരണത്തിലും , സ്വന്തമായി അഭിപ്രായം പറയുന്നതിലും , വീടിനു പുറത്തേക്ക് സ്വതന്ത്രമായി ജോലിക്കിറങ്ങുന്നതിലും ,തുടങ്ങി അവള്‍ എന്ത് ചെയ്യണം ,എങ്ങനെ പെരുമാറണം , എന്ത് സംസാരിക്കണം ,എങ്ങനെ ജീവിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍  രഹസ്യമായും പരസ്യമായും ഒരുപാട് പ്രതികരണങ്ങള്‍ ദിവസവും കേള്‍ക്കാറുണ്ട് .സ്ത്രീക്ക് വളരെയേറെ മഹത്ത്വം കല്പിക്കുന്ന ഒരു മതം ആണ് ഇസ്ലാം. സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും , അവളുടെ സ്വാതന്ത്ര്യത്തിനും , അഭിപ്രായങ്ങള്‍ക്കും പൂര്‍വ നബിമാരും , പ്രവാചകന്മാരുമൊക്കെ പ്രാധാന്യം നല്‍കിയിരുന്നു പിന്നീട് എപ്പോഴാണ് മതം സ്ത്രീക്ക് ഒരു ചങ്ങലയായി മാറിയത് ...?

യുവജനോത്സവ വേദികളിലും , കലാസാംസ്കാരിക സാമൂഹിക 
മേഖലകളിലുമുള്ള അവളുടെ കഴിവിനെ അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന ഒരേ ഒരു സമുദായം ഇസ്ലാം മാത്രമാണ് ..വിദ്യാഭ്യാസപരമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മുസ്ലിം വനിതകള്‍ ആണ് ,എന്നാല്‍ സമൂഹത്തിലെ വ്യത്യസ്ഥ മേഖലകളില്‍ ഇവരുടെ പങ്കാളിത്തം 
തീരെ കുറവാണ് എന്നതാണ് ഏറെ ദുഃഖകരമായ കാര്യം .

പര്‍ദ്ദധാരണം ഒരു ആഗോള പ്രശ്നമായി ഇടയ്ക്കിടെ പൊന്തി വരുന്നതും -അതിനെ ചോദ്യം ചെയ്യുകയും വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണെന്ന് 
പറയുകയും ചെയ്യുന്നവരെ അമുസ്ലിമീങ്ങള്‍ ആയും പടച്ചവനു നിരക്കാത്തവര്‍ ആയും മുദ്ര കുത്തുന്ന ഒരു പ്രവണതയും കണ്ടു വരുന്നുണ്ട് .

മുസ്ലിം വനിതയായി പോയത് കൊണ്ട് മാത്രം വിവാഹ മോചന ശേഷം ജീവനാംശം നിഷേധിക്കപ്പെട്ടവളുടെയും ,കലാവേദികളില്‍ പ്രവേശിച്ചതിനു മതവിരുദ്ധര്‍ ആകേണ്ടി വന്നവരുടെയും പ്രതിനിധികള്‍ ഇന്നും ഇസ്ലാമില്‍ ഉണ്ട് .മുസ്ലിം സമുദായത്തെ മാത്രം മാറ്റി നിര്‍ത്തികൊണ്ട്‌ ഒരു ജീവനാംശ നിയമം നടപ്പാക്കിയ നാടാണിത് .ഇന്ത്യ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ മാത്രം സ്വന്തം രാഷ്ട്രം ആണെങ്കില്‍ ഇതിനെയൊക്കെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കാം .പക്ഷെ ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രം അല്ലെ ...?അപ്പോള്‍ മതാതീതമായി എല്ലാ പൌരന്മാര്‍ക്കും ഒരു പോലെ അവകാശങ്ങള്‍ നല്‍കേണ്ടത് ഈ രാഷ്ട്രത്തിന്റെ കടമയല്ലേ ...?

മുസ്ലിം പെണ്‍കുട്ടികള്‍ എന്തിനാണ് തട്ടം ഇടുന്നത് ...?പെണ്ണിന്‍റെ തലമുടി പുറത്തു കണ്ടാല്‍ അവള്‍ക്കു സ്വര്‍ഗം അന്യമാകുമെന്നു ഖുറാന്‍ പറയുന്നു എന്നാണ് ഈ സംശയത്തിന് എനിക്ക് കിട്ടിയ മറുപടി .അങ്ങനെയെങ്കില്‍ ലോകത്തിലെ ഒരു മുസ്ലിം പെണ്ണും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലല്ലോ ...?ഈ സ്വര്‍ഗ്ഗവും നരകവും മനുഷ്യന്‍റെ വിശ്വാസം അല്ലേ ..മരിച്ചു പോയ ആരും എണീറ്റു വന്നു ഞാന്‍ സ്വര്‍ഗത്തില്‍ പോയെന്നു പറഞ്ഞിട്ടില്ലല്ലോ ...ഉവ്വോ ...?

മനുഷ്യന്‍ ചെയുന്ന നന്മയ്ക്ക് ഭൂമിയില്‍ നിന്നും അവനു കിട്ടുന്ന പ്രതിഭലമാണ് സ്വര്‍ഗം , തിന്മകള്‍ക്കു നരകവും ..മറ്റുള്ളതെല്ലാം സ്വയം നന്നായി 
ജീവിക്കാന്‍ നാം കല്‍പ്പിക്കുന്ന വിശ്വാസങ്ങള്‍ അല്ലേ ...(മത ഗ്രന്ഥങ്ങളില്‍ മരണാനന്തര ജീവിതത്തെ കുറിച്ച് പറയുന്നതിനെ എതിര്‍ക്കലോ , അങ്ങനെയൊന്ന് ഇല്ല എന്ന് സ്ഥാപിക്കലോ അല്ല എന്‍റെ ലക്ഷ്യം .) അതിനു തട്ടത്തിനെന്താണ് പങ്ക് ...?എനിക്കറിയില്ല. 

അതുപോലെ തന്നെ ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ തലയില്‍ പെണ്‍കുട്ടികള്‍ തട്ടം ഇട്ടില്ലെങ്കില്‍ അവളുടെ തലയില്‍ ശൈത്താന്‍ കൂടുമെന്നും പറഞ്ഞു  കേട്ടിട്ടുണ്ട് .
എനിക്കൊരു സംശയം ..എന്താ , ഈ ശൈത്താന്‍ ആണിന്റെ തലയില്‍ കൂടില്ലേ ..?ശൈത്താന് ആണിനെ പേടിയാണോ ...? ( ഇതിനര്‍ത്ഥം ഞാന്‍ തട്ടത്തെ എതിര്‍ക്കുന്നു എന്നല്ല )

ഏകദൈവ വിശ്വാസം കൊണ്ട് വളരെ മഹത്തരമായ ഒരു മതമാണ്‌ ഇസ്ലാം മതം .അത് തന്നെയാണ് ഒരു പക്ഷെ ഇസ്ലാം മതത്തിന്‍റെ പോരായ്മയും .
ഒരു ദൈവവും , ഒരു ഖുറാനും പിന്നെ ആര്‍ക്കും എങ്ങനെയും വളച്ചൊടിക്കാവുന്ന ആശയങ്ങളും .അല്ലാഹുവിലുള്ള വിശ്വാസത്തെ വളരെ വേഗം തന്നെ ആയുധമായും , മരുന്നായും ഒരുപോലെ മാറ്റിയെടുക്കാന്‍ കഴിയുന്നു .

ഖുറാന്‍ പാരായണം നടത്താന്‍ ഒരു വിധം എല്ലാ മുസല്‍മാനും അറിയാം . 
എന്നാല്‍ പാരായണം ചെയ്യപ്പെടുന്ന ആയത്തുകളും സൂറത്തുകളും നല്‍കുന്ന അര്‍ഥം എന്താണെന്ന് ഒരുവനും വ്യക്തമായ ബോധ്യം ഇല്ല . 
അത് കൊണ്ട് തന്നെ മുതിര്‍ന്നവര്‍ പകര്‍ന്നു നല്‍കുന്ന വിശ്വാസങ്ങളും ,ആചാരങ്ങളും  ,ഇല്‍മും , ഇബാദത്തുമാണ് ഒരു മുസല്‍മാന്‍റെ വിശ്വാസങ്ങളെ
 വളര്‍ത്തിയെടുക്കുന്നത് .പഴഞ്ചന്‍ ചിന്തകള്‍ (എല്ലാം മോശം എന്നോ തെറ്റ് ആണെന്നോ അല്ല ) തലമുറകളിലൂടെ പകര്‍ന്നു ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിവരവും , വിദ്യാഭ്യാസവും , ചിന്താബോധവും ഉള്ള പൌരന്മാരെ പോലും കാര്‍ന്നു തിന്നുന്നത് കൊണ്ടാകണം , ഇന്നും ഇസ്ലാം മത വിശ്വാസികള്‍ കാലത്തിനു പിറകില്‍ ജീവിക്കുന്നത് എന്ന് തോന്നുന്നു .

ഉള്ളിലുള്ള സംശയങ്ങള്‍ ചോദിച്ചാലുടന്‍ , നീയൊരു പെണ്ണാണ് , ഇങ്ങനെ ചോദിക്കേണ്ടതിന്‍റെ  ആവശ്യമെന്താണ് ...നമ്മുടെ മതത്തിലെ പെണ്‍കുട്ടികള്‍ക്ക് ഇത്ര അഹങ്കാരം പാടില്ല , ഇനി നിനക്ക് ഈ മതത്തില്‍ വിശ്വാസമില്ലെങ്കില്‍ പോയി വേറെ മതത്തില്‍ ചേരു , എന്നൊക്കെയാണ് ചുറ്റുമുള്ളവരുടെ മറുപടികള്‍
 .
പെണ്ണ് ഒരു നിശബ്ദ ജീവിയായി മറ്റുള്ളവര്‍ പറയുന്നത് മാത്രം അനുസരിച്ചു ജീവിക്കണം എന്നും, ചോദ്യം ചെയ്യല്‍ അവള്‍ക്കു പറഞ്ഞിട്ടുള്ള കാര്യമല്ലെന്നും ഏതു ദൈവമാണ് പറഞ്ഞത് ...?വീടിനു പുറത്തേക്ക് , തന്‍റെ പ്രവര്‍ത്തന മേഖലകളില്‍ കഴിവ് പുലര്‍ത്തി വിജയം കണ്ടെത്തുന്ന സ്ത്രീകളെ 
ഇന്നും സമുദായവാദികള്‍ അംഗീകരിക്കാന്‍ മടിക്കുന്നതും , അന്യഗ്രഹജീവിയെ പോലെ കാണുന്നതും എന്ത് കൊണ്ടാണ് ...?

ശരിക്കും പെണ്ണ് പര്‍ദ്ദ തന്നെ ധരിക്കണമെന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ ...? അന്യപുരുഷന്മാരില്‍ നിന്നും ശരീരഭാഗങ്ങള്‍ മറഞ്ഞു നില്‍ക്കുന്ന 
തരത്തിലുള്ള വസ്ത്രം അല്ലേ പെണ്ണിന് ഇസ്ലാം നിശ്ചയിച്ചിട്ടുള്ളൂ..അതെങ്ങിനെ ഇരുണ്ട പര്‍ദ്ദയായി മാറി ...? സ്വന്തം ഭാര്യയുടെ സൗന്ദര്യം കറുത്ത 
വസ്ത്രം കൊണ്ട് മൂടി അന്യന്‍റെ ഭാര്യയുടെ സൗന്ദര്യം ആസ്സ്വദിക്കുന്ന പുരുഷന്മാരും വിരളമല്ലല്ലോ .... ( പര്‍ദ്ദ ധരിക്കുന്നുവോ ,ഇല്ലയോ എന്നുള്ളത് അല്ല ,എങ്ങനെ ആ വസ്ത്രം മുസ്ലിമിന്റെ ദേശിയ വസ്ത്രം ആയി എന്നതാണ് എന്റെ ചോദ്യം )

തലമുറകളും , ബുഖാരിമാരും , മൌലവിമാരും നല്‍കുന്ന അറിവുകള്‍ , ആചാരവിശ്വാസങ്ങള്‍ മാത്രമാണ് നമ്മുടെ സമ്പത്ത് .അത് കൊണ്ടാണ് ഒരുവന്‍ 
എന്ത് പറഞ്ഞു , അല്ലെങ്കില്‍ പറഞ്ഞതിന്‍റെ പൊരുള്‍ എന്ത് എന്ന് അന്വേഷിക്കാതെ അവനെ കാഫിര്‍ എന്ന് മുദ്ര കുത്തി വാളുമെടുത്ത് അവനു നേരെ പോര്‍വിളികളുമായി നമ്മള്‍ ഇറങ്ങുന്നത് .

അല്ലാഹുവും , ഖുറാനും  പറയുന്ന ആശയങ്ങളെ വളച്ചൊടിച്ചു സ്വന്തമായി വ്യാഖ്യാനങ്ങള്‍ നടത്തിയ ഒരു കൂട്ടം വ്യക്തികളുടെ ഇടയില്‍ സത്യമേത് , മിഥ്യയേത് ...,ശരിയേത് ,തെറ്റേത് എന്ന് വ്യവച്ചെദിച്ചറിയാന്‍ കഴിയാതെ ഏതാണ് ശരിയായ വിശ്വാസം എന്ന് മനസ്സിലാക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് നമ്മള്‍ ഓരോരുത്തരും .അത് കൊണ്ട് നമുക്ക് പ്രിയപ്പെട്ട മുതിര്‍ന്നവര്‍ പറയുന്നതിനെ ശരി ആണെന്ന് നമ്മള്‍ വിശ്വസിക്കുന്നു .  

മതം നല്ലതാണ് ,അത്യാവശ്യമാണ് ..ആചാരങ്ങളും വിശ്വാസങ്ങളും അനിവാര്യമാണ് . പക്ഷെ അവ കാലാതീതമായി നിലനില്‍ക്കേണ്ടവ അല്ല ...,
കാലാനുസൃതമായി മാറ്റപ്പെടേണ്ടവയാണ് ..മനുഷ്യനെ മനുഷ്യനായി കാണാനും , പരസ്പരം ബഹുമാനിക്കാനും , ഒരുവന്‍റെ ആശയങ്ങളെ ഉള്‍ക്കൊള്ളാനും , വ്യക്തി എന്ന നിലയില്‍ ഓരോരുത്തര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാനും കഴിയാത്ത മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന സത്യം നാം പലപ്പോഴും വിസ്മരിക്കുന്നു ...പെരുമാറ്റത്തിലും , ജീവിത രീതിയിലും , പ്രവൃത്തികളിലും കാലാനുസൃതമായി മാറ്റം വരുത്തിയിട്ടും എന്ത് കൊണ്ടോ ചിന്തകളെ മാത്രം പഴയകാലത്തില്‍ ബന്ധനസ്തര്‍ ആക്കിയിരിക്കുകയാണ് നമ്മള്‍ .

ഞാന്‍ , ഞാന്‍ പിന്തുടരുന്ന മതം , ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ , എന്‍റെ ചുറ്റിലുമുള്ള വ്യക്തികള്‍ ,സംഭവങ്ങള്‍ എന്നിവയില്‍ നിന്നും എന്നില്‍ 
ഉരുത്തിരിഞ്ഞു വന്ന ചിന്തകളുടെയും , സംശയങ്ങളുടെയും ഒരു വിശകലനമാണ് ഞാന്‍ നടത്തിയത് .ഒരു പക്ഷെ ഇത്തരം പോരായ്മകള്‍ ഒന്നുമില്ലാത്ത ഒരു നല്ല വശം ഇസ്ലാം മതത്തിന് ഉണ്ടായിരിക്കാം . ഞാന്‍ കണ്ടതും , കേട്ടതും അനുഭവിച്ചതും പങ്കു വച്ചു എന്ന് മാത്രം . അതൊരിക്കലും ഒരു മതവിശ്വാസിയെയും വ്രണപ്പെടുത്താനോ , മതത്തെ അടച്ചാക്ഷേപിക്കാനോ അല്ല .

ഞാന്‍ അറിയുന്ന മതങ്ങളില്‍ വച്ചു ഞാന്‍ ഏറെ ബഹുമാനിക്കുന്നത്‌ ഇസ്ലാം മതത്തെയാണ് .അതിനു കാരണം വിഗ്രഹാരാധനകള്‍ ഇല്ലാത്ത ഏകദൈവവിശ്വാസം ആണ് .. പക്ഷേ എന്ത് കൊണ്ടോ മതനിയമങ്ങള്‍ മുസ്ലിം സമുദായത്തിന് ( പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ) കല്‍പ്പിക്കുന്ന 
വിലക്കുകള്‍ കാലാനുസൃതമല്ലെന്നും അത് മാറ്റപ്പെടേണ്ടതല്ലേയെന്നും ഉള്ള തോന്നല്‍ ....

കാലം മാറുകയാണ് , ചുറ്റുപാടുകളും , മനുഷ്യനും അവന്‍റെ രീതികളും മാറുകയാണ് . എന്നിട്ടും എന്തിന്‌ ...?ശതാബ്ദങ്ങള്‍ക്കു മുന്‍പുള്ള ഗ്രന്ഥത്തിലെ വ്യാഖ്യാനങ്ങളെ വളച്ചൊടിച്ചു ഇന്നത്തെ തലമുറയുടെ സ്വതന്ത്രചിന്തകള്‍ക്ക് നേരെയുള്ള ആയുധമാക്കുന്നു ....???????

-----------------------------------------------------------------------------------------------------------
NOTE :ഇതെഴുതിയത് കൊണ്ട് എന്നെ ഒരു അമുസ്ലിമായോ , നിരീശ്വരവാദിയായോ , അഹങ്കാരിയായോ കാണുന്നവരെ തിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .കാരണം എന്‍റെ ചിന്തകളുടെയും , പ്രവൃത്തികളുടെയും പരിശുദ്ധി എനിക്ക് എന്‍റെ സൃഷ്ടാവിനെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി എന്നത് തന്നെ .
സുബ്ഹാനള്ളാഹ് ...

Friday, 27 February 2015

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ...

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ...


ജീവിതം എപ്പോഴും ഒരു പരീക്ഷണ ശാലയാണ് ...അവിടെ ആത്മാവിനല്ലാതെ മറ്റൊന്നിനും സ്ഥിരതയില്ല ...അനുഭവങ്ങളെ പാഠങ്ങളാക്കുക ..നഷ്ടപ്പെട്ടതിനെ  ഓർത്ത്‌ സമയം പാഴാക്കാതെ നഷ്ടമായതിൽ  നിന്നും നാം  എന്തു പഠിച്ചു എന്നത് മനസ്സിലാക്കുക .....

ജീവിതത്തിന്റെ കൈവഴികളിൽ നമുക്കായി ഒരുപാട് ഹസ്തങ്ങൾ കാത്തിരിക്കുന്നുണ്ടാകും .......അവയൊക്കെ നിയോഗങ്ങൾ പൂർത്തിയാകുമ്പോൾ കൈവിട്ടു പോകുകയും ചെയ്യും ........

ഓരോ മനുഷ്യനും ഈ ഭൂമിയിൽ എത്തിയതിനു പിന്നിൽ അവൻ പോലുമറിയാത്ത എന്തോ ഒരു കാരണം ഉറങ്ങി കിടക്കുന്നുണ്ട് ....ഒരു പക്ഷെ അവന്റെ സൃഷ്ടാവിന് മാത്രം അറിയാവുന്ന ഒരു വലിയ കാരണം ......ആ കാരണത്തിന് പിറകെ ഒരു സ്വപ്നത്തിന്റെ മാത്രം പിൻബലത്തോടെ തന്റെ വിശ്വാസത്തെയും മുറുകെ പിടിച്ചു യാത്ര തിരിക്കുന്ന സാന്റിയാഗോമാർ നമ്മുടെ സാങ്കല്പിക കഥകളിലെ നായകന്മാർ മാത്രമാണ് ...

അണ്ടിയോട്‌ അടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ ....അതുപോലെ തന്നെ ജീവിക്കാൻ തുടങ്ങുമ്പോഴേ ജീവിതം എന്തെന്ന് അറിയാൻ കഴിയൂ ....

ഒരുവന്റെ ജനനവും ജീവിതവും മരണവും ഈശ്വരൻ ആണ് നിശ്ചയിക്കുന്നതത്രെ...ദൈവം എന്ന തിരക്കഥാകൃത്തിന്റെ  തൂലികയിൽ നിന്നും പിറന്നു വീണ കുറേ കഥാപാത്രങ്ങൾ  ആണ് നമ്മൾ .....മറ്റൊരാളുടെ കീയാൽ ചലിക്കുന്ന വെറുമൊരു പാവ ...

ഒരുവൻ എപ്പോൾ ജനിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്ന് മരിക്കുമെന്നും തുടങ്ങി അവന്റെ എല്ലാ കാര്യങ്ങളും മറ്റൊരാളാൽ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ  പിന്നെ ജീവിക്കാൻ വേണ്ടി നമ്മൾ പോരാടുന്നതും പടവെട്ടുന്നതും എന്തിനു വേണ്ടിയാണ് ....????? ദൈവത്തിന്റെ തിരക്കഥയ്ക്കനുസരിച്ചു  ജീവിക്കുക എന്നതാണോ മനുഷ്യന്റെ കർത്തവ്യം അതോ സ്വയം തിരക്കഥയെഴുതി  ജീവിക്കുകയോ ......???
ഈ ചോദ്യങ്ങളുടെ  ഉത്തരം എനിക്കിന്നും അജ്ഞാതമാണ് .

ജനിച്ചു പോയത് കൊണ്ട് മാത്രം ഈ ഭൂമിയിൽ ജീവിക്കേണ്ടി വന്നവരാണ് നമ്മൾ .....അപ്പോൾ എങ്ങനെ ജീവിക്കണമെന്നും എന്തിനു ജീവിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം നമ്മളിൽ നിക്ഷിപ്തമല്ലേ ....???

ശാസ്ത്രം  തെളിവുകൾ നിരത്തി ജനിപ്പിക്കുകയും ജീവിപ്പിക്കുകയും  മരിപ്പിക്കുകയും ചെയ്യുന്നു ....അങ്ങേയറ്റത്തെ സത്യം ദൈവമാണെങ്കിൽ ശാസ്ത്രത്തിന്റെ വാദങ്ങൾ ദൈവത്തിന്റെ പുസ്തകത്തിൽ നിന്നും കടം കൊണ്ടതല്ലേ ....??

ജീവിതത്തെ കുറിച്ചു ക്ലാസ്സെടുക്കാനും മാത്രം അനുഭവസമ്പത്തുള്ള  ഒരു വ്യക്തിയല്ല   ഞാൻ .....എങ്കിലും ഇടയ്ക്കിടയ്ക്ക് ഇങ്ങനെയുള്ള ചില സംശയങ്ങൾ തലച്ചോറിൽ മുരളുമ്പോൾ എന്ത് കൊണ്ടോ നിശബ്ദയായി ഇരിക്കാൻ കഴിയുന്നില്ല ....ഉത്തരം കണ്ടെത്തണമെന്ന തോന്നൽ......ഒരു പക്ഷെ വേറെ ആർക്കെങ്കിലും അതിനുള്ള ഉത്തരം നൽകാനായെക്കുമെങ്കിലൊ  എന്ന ചിന്ത ......

ഉത്തരങ്ങൾ അജ്ഞാതമെങ്കിലും  ചോദ്യങ്ങൾ  ചോദിക്കാൻ എപ്പോഴത്തെയും പോലെ ഇപ്പോഴും ഒരു ആകാംക്ഷ ...അടുത്ത ചിന്തകൾക്കായി വാതായനങ്ങൾ തുറന്നിടാൻ സമയമായതു കൊണ്ട് ഇന്നത്തെ ചിന്തകൾക്ക് വിട .....!!!!

Wednesday, 14 January 2015

ചിന്തകൾ കാട് കയറുമ്പോൾ .......!

ചിന്തകൾ കാട് കയറുമ്പോൾ .......!



                        മനുഷ്യൻ എല്ലായിപ്പോഴും അവന്റെ ചുറ്റുപാടുകളെ  കുറിച്ച് വല്ലാതെ ഉത്കണ്ഠാകുലനാണ് ...ഭൂരിഭാഗം പേരും സ്വന്തം മനസ്സിനെ അല്ല ,മറ്റുള്ളവരുടെ മനസ്സിനെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് ഓരോന്ന് കാട്ടികൂട്ടുന്നത്‌ ....ചെയ്തത് അല്ലെങ്കിൽ ചെയ്യുന്നത് എന്താണെന്നോ എന്തിനാണെന്നോ ചെയ്യുന്നവന് തീരെ നിശ്ചയമില്ലാത്ത ഒരു അവസ്ഥ .....എന്നിട്ടും എന്തൊക്കെയോ ചെയ്തു കൂട്ടുന്നു ...ആരെയൊക്കെയോ ബോധ്യപ്പെടുത്താൻ വേണ്ടി ...അത് കൊണ്ട് തന്നെ തീർത്തും സന്തുഷ്ടനായ ഒരു മനുഷ്യനെ ഈ ഭൂമിയിൽ കണ്ടെത്താൻ കഴിയുമോ എന്നത് സംശയമാണ് ....


 ഒടുവിൽ സംഭവിക്കുന്നതോ ....????തിരിഞ്ഞു നോക്കുമ്പോൾ സ്വന്തമായി ഒരു നിമിഷം പോലും തനിക്കു വേണ്ടി ജീവിച്ചിട്ടില്ലാത്തവൻ എന്ന ചിന്ത മാത്രം ബാക്കി ....അങ്ങനെ ബാക്കിയാകാൻ ചിന്തകൾ  അവശേഷിക്കാത്തവനാണ് നിങ്ങൾ എങ്കിൽ സമൂഹം നിങ്ങളെ സ്വാർത്ഥൻ  എന്നു  വിളിച്ചേക്കാം ...

സ്വയം ജീവിക്കാത്ത ഒരുവൻ എങ്ങനെ അപ്പോൾ ഭാഗ്യവാനാകും ...???
ഒരു വ്യക്തിക്കും സ്വന്തമായി ഒരു നിലനില്പ്പ്  ഇല്ലല്ലോ  .ഒരുവന്റെ ജീവിതം എപ്പോഴും പ്രത്യക്ഷമായോ പരോക്ഷമായോ മറ്റൊരു കൈകളുടെ താങ്ങിലാണ് ...അങ്ങനെയുള്ളപ്പോൾ തീർച്ചയായും ഒരുവൻ സ്വയം ജീവിക്കുകയല്ല ,മറ്റുള്ളവർക്ക്  വേണ്ടി ജീവിച്ചു സ്വയം സന്തോഷം കണ്ടെത്തുകയാണ് എന്നതല്ലേ സത്യം ...?

ജീവിതം വളരെ ചെറുതല്ലേ മാഷേ ....ആ പുസ്തകത്തിന്റെ ഓരോ താളുകളിലും നമ്മുടെ പേരുണ്ടെങ്കിൽ  ഈ ഭൂമി വിട്ടു പോയിട്ടും ആ പുസ്തകത്താളുകളിലൂടെ  കാലാതീതനായി നമ്മൾ നിലനിൽക്കുമെങ്കിൽ അതല്ലേ ഈ ഭൂമിയിൽ ജീവിച്ചതു കൊണ്ട് നാം നേടിയെടുത്ത ഭാഗ്യം ....??

നമ്മുടെ നാമം ചരിത്രത്തിൽ എഴുതേണ്ടത് നമ്മളല്ല .....നമ്മുടെ പ്രവൃത്തികളെ സ്നേഹിക്കുന്നവരാണ് ...നന്മ ചെയ്യാൻ എല്ലാവർക്കും എപ്പോഴും കഴിഞ്ഞെന്നു വരില്ല ...തിന്മകൾ   ചെയ്യുന്നതിനേക്കാള്‍ നല്ലത് ഒന്നും ചെയ്യാതിരിക്കലാണ് ...

എവിടുന്നു തുടങ്ങിയെന്നു എനിക്കും നിശ്ചയമില്ല ...എവിടേക്കാണ്‌ കൊണ്ട് പോകുന്നതെന്നും ..എങ്കിലും സ്വയം ഞാൻ ഒരു എഴുത്തുകാരനാണ്‌ എന്ന ചിന്തയുള്ളിടത്തോളം എവിടെ നിന്നു വേണമെങ്കിലും എനിക്ക് തുടങ്ങാം ...തല്കാലത്തേക്ക് ഒരു കുത്തിട്ടു കൊണ്ട് അവസാനിപ്പികുകയും ചെയ്യാം .
അത് കൊണ്ട് തന്നെ ഒരു കുത്തിട്ടു ഇപ്പോഴത്തെക്ക് അവസാനിപ്പിക്കുന്നു .



Thursday, 13 November 2014

ചില ചിന്തകൾ ....അല്പം ചിന്തിക്കേണ്ട ചിന്തകൾ ......!


ചില ചിന്തകൾ ....അല്പം ചിന്തിക്കേണ്ട  ചിന്തകൾ ......!




1 . നമ്മുക്ക് ചുറ്റും നമ്മെ പോലെ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്നവർ ഉണ്ടെന്നറിയുമ്പോൾ എന്ത് കൊണ്ടോ നമുക്ക് വല്ലാത്ത സന്തോഷം തോന്നുന്നു ...കാരണം ....????

                                    നമ്മൾ എല്ലായ്പ്പോഴും നമ്മുടെ വാക്കുകളെയും പ്രവൃത്തികളെയും സ്നേഹിക്കുന്നു ..നമ്മുക്ക് ചുറ്റും നമ്മെപ്പോലെ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്നവർ  ഉണ്ടെന്നു  തിരിച്ചറിയുമ്പോൾ നമ്മൾ പോലുമറിയാതെ നമ്മുക്ക് അവരോടു സ്നേഹം തോന്നുന്നു ...ആ സ്നേഹത്തിൽ നിന്നും ഉണ്ടാകുന്നതാണ് ഈ സന്തോഷം ...


2. നമ്മൾ എന്തുകൊണ്ട് മറ്റുള്ളവരെ പോലെ ആകാൻ ആഗ്രഹിക്കുന്നു...???


                                     നമ്മൾ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെ ആണ് .അത് കൊണ്ട് തന്നെ എല്ലാവരും നമ്മളെ സ്നേഹിക്കണമെന്നും അംഗീകരിക്കണമെന്നും നമ്മൾ ആഗ്രഹിക്കുന്നു .മറ്റൊരാളുടെ ഏതു ഗുണമാണോ അയാളെ എല്ലാവർക്കും പ്രിയപ്പെട്ടവനാക്കി മാറ്റുന്നത് അതേ ഗുണം നമുക്കും ഉണ്ടായാൽ നമ്മളും എല്ലാവർക്കും പ്രിയപ്പെട്ടവരായി മാറും എന്നാ തോന്നൽ ...ആ തോന്നൽ കാരണം ആണ് നമ്മളും മറ്റുള്ളവരെ പോലെ  ആകാൻ ആഗ്രഹിക്കുന്നത് .

 3  മനുഷ്യൻ എന്തുകൊണ്ടാണ് ആത്മഹത്യക്ക് ശ്രമിക്കുന്നത്  ...?

                                ജീവിക്കാൻ ഭയമായത് കൊണ്ടല്ല ...മറിച്ചു ജീവിക്കാനുള്ള കാരണങ്ങളേക്കാൾ മരിക്കാനുള്ള കാരണങ്ങൾ ശക്തമായത്‌ കൊണ്ടാണ് ....അല്ലെങ്കിൽ ഒരു പക്ഷെ ജീവിക്കാൻ ഒരു കാരണവുമില്ലാത്തത് കൊണ്ട് ...


4  കാലത്തിനനുസരിച്ചു സ്വയം കോലം മാറേണ്ടത് അനിവാര്യമോ ...?

                               കാലം മാറിക്കോട്ടെ ...കോലം മാറ്റാം ..പക്ഷെ അങ്ങനെ മാറുമ്പോൾ നിങ്ങൾക്ക് നിങ്ങളെ തന്നെ സ്വയം നഷ്ടപ്പെടുന്നില്ലെന്നു ഉറപ്പു വരുത്തണം ...എല്ലാം നേടിയിട്ടും ആത്മാവ് നഷ്ടമായാൽ ജീവിതത്തിനെന്തു പ്രസക്തി ...?


5 . വിശ്വാസം അതല്ലേ എല്ലാം എന്ന് പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ .?


                         എല്ലാം വിശ്വാസങ്ങളിൽ അധിഷ്ഠി തമാണ് ...ജീവിതവും ,ബന്ധങ്ങളും ,ചിന്തകളും ,അതിജീവനവുമെല്ലാം  ...പക്ഷെ ഇന്നത്തെ ഈ ലോകത്ത് ആരെയാണ് വിശ്വസിക്കേണ്ടത് ...? അല്ലെങ്കിൽ ആരെയാണ് അവിശ്വസിക്കേണ്ടത് ...? ഇതിനു കൃത്യമായി ഒരു മറുപടി  അസാധ്യം ...നമ്മൾ വിശ്വസിക്കുന്നവർ നമ്മളെ തിരികെ വിശ്വസിക്കും  ,അല്ലെങ്കിൽ അവർ നമ്മെ ഒരിക്കലും വഞ്ചിക്കില്ല  എന്ന് നമുക്കൊരിക്കലും ഉറപ്പു പറയാൻ കഴിയില്ല ...അത് കൊണ്ട് നമുക്ക് ഒരാളിലുള്ള പൂർണമായ വിശ്വാസം നഷ്ടപ്പെടാതിരിക്കുന്നിടത്തോളം കാലം അയാളെ  (അത് വ്യക്തി ആയാലും പ്രസ്ഥാനമായാലും ,അല്ല മറ്റെന്തു ആയാലും )  പരിപൂർണമായും വിശ്വസിക്കുക ....




Sunday, 19 October 2014

ഒന്നിങ്ങനെ ജീവിച്ചു നോക്കിയാലോ .....!


ഒന്നിങ്ങനെ ജീവിച്ചു നോക്കിയാലോ .....!



ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കാനുള്ള ഏക വഴി ആ നിമിഷത്തിൽ തന്നെ ജീവിക്കുക എന്നതാണ് ..പക്ഷേ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവും അതു തന്നെയാണ് ... നമ്മെ ഭരിക്കുന്നത്‌ വികാരങ്ങൾ ആണ് എന്നതാണ് അതിന്റെ കാരണം...

ഇന്നലകളെ മറക്കാൻ ശ്രമിക്കാറുണ്ടെങ്കിലും അത് നടക്കാറില്ല ..കാരണം മറക്കാൻ ശ്രമിക്കുന്നതെന്തോ അതിനെ ഓർമ്മിക്കാൻ കാരണമാകുന്ന സാഹചര്യങ്ങൾ നമ്മൾ പോലുമറിയാതെ നമുക്ക് ചുറ്റും ഉണ്ടായിക്കൊണ്ടെയിരിക്കും ...അതൊരു പ്രകൃതി നിയമം ......


നാളെ എന്താകും എന്ന് ആലോചിച്ചു കൂട്ടി ഇന്നത്തെ സന്തോഷം നമ്മൾ മറക്കും ....അവസാനം ഇന്നലെയുമില്ല  ,ഇന്നുമില്ല  ,നാളെയുമില്ല എന്ന അവസ്ഥയാകും. ...

ഈ നിമിഷത്തിൽ ജീവിക്കാൻ വേണ്ടി ചെയ്യേണ്ടത് എന്താണെന്നല്ലേ ... .....

ഇത്രമാത്രം ....

"" വികാരങ്ങളെ ബന്ധനസ്ഥരാക്കാതിരിക്കുക .വികാരങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം നല്കുക..ഹൃദയത്തിനുള്ളിൽ അടച്ചു പൂട്ടാതെ അവരെ പുറത്തെക്കെത്തിക്കുക .ചുറ്റുമുള്ളവർ  എന്തു വിചാരിക്കും എന്ന ചിന്തയെ തല്കാലത്തേക്ക് ഉപേക്ഷിക്കുക ""


എന്ത് പറയുന്നു മാഷേ ....???ഈ ചിന്ത പൊട്ടത്തരമാണോ .....????

Thursday, 18 September 2014

എങ്ങനെ പുഞ്ചിരിക്കാം ...........???


 എങ്ങനെ പുഞ്ചിരിക്കാം ...........???


പുഞ്ചിരി എന്തെന്ന് എനിക്ക് അറിയില്ല ......
പുഞ്ചിരിക്കാന്‍ ആരും എന്നെ പഠിപ്പിച്ചിട്ടില്ല  ....
ആരും പുഞ്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല .....
പരിഹാസത്തിന്റെ കുന്തമുനകളെയാണ്  നിങ്ങള്‍ പുഞ്ചിരി എന്ന് വിളിക്കുന്നതെങ്കില്‍ ,ഞാന്‍ ഹൃദയത്തില്‍ കൈ വച്ച് പറയട്ടെ.....നിങ്ങളുടെ പുഞ്ചിരി നിങ്ങള്‍ നിങ്ങള്‍ക്കായി നീട്ടുന്ന പരിഹാസശരങ്ങള്‍ ആണ് .
പുഞ്ചിരി എന്തെന്ന് നിങ്ങള്‍ക്ക് അറിയണമെങ്കില്‍  നിങ്ങളുടെ മനോമുകുരത്തില്‍ കൈകാലിളക്കുന്ന നിങ്ങളുടെ ബാല്യകാലത്തിലേക്കു തിരിച്ചു പോകു.അവിടെ എത്തിക്കഴിഞ്ഞു എന്ന് ഉറപ്പായാല്‍ നിങ്ങളുടെ മിഴികള്‍ അടയ്കുക ...
നിഷ്കകളങ്കമായ പുഞ്ചിരി നിങ്ങള്‍ക്ക്  നേരെ നീട്ടുന്ന ഒരു പിഞ്ചോമനയെ നിങ്ങള്‍ക്  കാണാം .....
കാപട്യമില്ലാത്ത മനസ്സിന്റെ കുളിരോലുന്ന പുഞ്ചിരി ....
ആ സുഖമുള്ള ഓര്‍മയില്‍ മുഴുകുമ്പോള്‍ നിങ്ങളറിയാതെ നിങ്ങളുടെ ചുണ്ടില്‍ വിടരുന്ന മനോഹരമായ മലരാണ് 
പുഞ്ചിരി ..................

Monday, 25 August 2014

thoughts...

മനുഷ്യ മനസ്സിന്റെ ചിന്തകൾ എല്ലായ്പ്പോഴും പ്രവചനാതീതമാണ് .ചിന്തിക്കുന്നത് പോലെ പ്രവർത്തിക്കാൻ ഒരല്പം ബുദ്ധിമുട്ട് തന്നെയാണേ....പൊതുവെ എന്റെ അഭിപ്രായത്തിൽ രണ്ടു തരത്തിലുള്ള  ചിന്തകളാണ് ഉള്ളത്......

മനസ്സ് കൊണ്ടുള്ള  ചിന്തകളും , മസ്തിഷ്കം കൊണ്ടുള്ള ചിന്തകളും ,

ഇക്കൂട്ടത്തിൽ ഭാഗ്യവാന്മാർ രണ്ടാമത് പറഞ്ഞ തരത്തിലുള്ള ആൾക്കാരാണ് ,കാരണം അവർ ഇപ്പോഴും പ്രായോഗികമായി ചിന്തിക്കുന്നു...

ഇപ്പറഞ്ഞതിന്റെ അർഥം ആദ്യത്തെ കൂട്ടർ നിർഭാഗ്യവാന്മാരാണ് എന്നല്ല കേട്ടോ........അവർ വിശാലമായ മനസ്സുകൾക്ക് ഉടമകളാണ് .കാരണം മനസ്സ് കൊണ്ട് ചിന്തിക്കുന്നവർ എപ്പോഴും തനിക്കു ചുറ്റുമുള്ളവരെക്കൂടി കണക്കിലെടുക്കുന്നു .......
നിങ്ങൾ ഇതിൽ ഏതു കൂട്ടത്തിൽ പെടുന്ന ചിന്തകരാണ്..........??????????????'''''''''