Showing posts with label പുതുവത്സരാശംസകൾ ..... Show all posts
Showing posts with label പുതുവത്സരാശംസകൾ ..... Show all posts

Sunday, 2 January 2022

Count your blessings and start loving you makes a new man...!


Count your blessings and start loving you makes a new man...! 


പുതു വർഷം,

പുത്തൻ പ്രതീക്ഷകൾ,

പുത്തനുണർവ്പു,

തിയ തീരുമാനങ്ങൾ,

അങ്ങനെ നീളും....

അടുത്ത വർഷം വരെ കാത്തു സൂക്ഷിക്കാനായി കുറെ സ്വപ്നങ്ങളെയും നെഞ്ചോടു ചേർത്തു ഇനി ഒരു ഓട്ടമാണ് ,,,,2021-നെ തോൽപ്പിച്ച് മുന്നേറാനുള്ള ഓട്ടം. ഈ വർഷം പുതിയ ഒരു തുടക്കമാകട്ടെ, സ്വയം സ്നേഹിക്കാനുള്ള ഒരു തുടക്കം. നമ്മൾ നമ്മളെ തന്നെ സ്നേഹിക്കാൻ തുടങ്ങുന്നത് ഒരു വലിയ തിരിച്ചറിവും മാറ്റവുമാണ്. സ്വയം സ്നേഹിക്കുന്ന ഒരുവന്റെ ഹൃദയം എപ്പോഴും വിശാലമായിരിക്കും. അവിടെ നന്മകൾ

ക്കാകും കൂടുതൽ സ്ഥാനം. Count your blessings and start loving you makes a new man. 


നമ്മളാരും പൊതുവെ സ്വയം സ്നേഹിക്കാറില്ല. നമ്മൾ ഒരു നല്ല വസ്ത്രം ധരിച്ചാൽ , നന്നായി മുടി കെട്ടിയാൽ , നല്ല പെ
ർഫ്യൂം ഉപയോഗിച്ചാൽ , എല്ലാം നാം ചിന്തിക്കുന്നത് മറ്റുള്ളവർ നമ്മളെ കുറിച്ച് നല്ലതു പറയും എന്നാണ് അല്ലെ, ആ ചിന്തയിൽ തന്നെ മാറ്റം കുറിക്കുക. നല്ല വസ്ത്രം ധരിച്ചു സ്വയം കണ്ണാടിയിൽ നോക്കി പുഞ്ചിരിക്കുക, എനിക്കിതു ചേരുന്നുവോ എന്നും ഞാൻ സംതൃപ്ത ആണോ എന്നും സ്വയം വിലയിരുത്തുക. നിങ്ങൾക്ക് നിങ്ങളെ നോക്കി മനോഹരമായി ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാൻ കഴിയുമ്പോൾ നിങ്ങൾ നിങ്ങളെ സ്നേഹിക്കാനും സ്വയം പ്രകാശിക്കാനും തുടങ്ങും. ജീവിതം മനോഹരമായ പാതയിലൂടെ സഞ്ചരിക്കാൻ തുടങ്ങും... 2022 അങ്ങിനെയൊരു മനോഹരമായ യാത്രയുടെ തുടക്കമാകട്ടെ

സ്വയം സ്നേഹിക്കലിന്റെ ആദ്യ പാഠമാണ് സ്വയം കണ്ടെത്തൽ. നമുക്ക് എന്ത് വേണം എന്ന് നമ്മൾ തിരിച്ചറിയണം. ഇത് നിനക്ക് ചേരും അല്ലെങ്കിൽ ഇന്ന കാര്യം നീ നന്നായി ചെയ്യും എന്ന് മറ്റൊരാൾ പറഞ്ഞു മനസ്സിലാക്കാതെ എന്ത് ആണ് എനിക്ക് ചേരുന്നത്, എന്ത് കാര്യമാണ് ഞാൻ നന്നായി ചെയുന്നത് എന്നുള്ള കാര്യങ്ങൾ നമ്മൾ സ്വയം അവലോകനത്തിന് വിധേയമാക്കണം.
നമ്മുടെ കണ്ടെത്തലുകൾ ഒരു പക്ഷെ മറ്റുള്ളവരെ സന്തോഷിപ്പിക്കണം എന്നില്ല, എന്നിരിക്കിലും ആ തിരിച്ചറിവുകൾ നമുക്ക് നൽകുന്ന സന്തോഷം വളരെ വലുതായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

നമ്മുടെ സ്കൂൾ കോളേജ് കാലഘട്ടങ്ങളിലേക്കു ഒന്ന് തിരിഞ്ഞു നോക്കിയേ...നമ്മൾ ഇഷ്ടപ്പെട്ടു ചെയ്തിരുന്ന എത്രയോ കാര്യങ്ങൾ ഉണ്ടാകും. പാടുന്നതോ, നൃത്തം ചെയ്യുന്നതോ, പുസ്തക വായനയോ, ക്രാഫ്റ്റ് ഉണ്ടാക്കലോ, പടം വരയ്ക്കലോ, പാചക പരീക്ഷണങ്ങളോ അങ്ങനെ നമ്മളെ സന്തോഷിപ്പിച്ചിരുന്ന എത്രയെത്ര കാര്യങ്ങൾ, നമുക്ക് ആത്മവിശ്വാസം നല്കിയിരുന്നവ...അതൊക്കെ ഒന്ന് പൊടിതട്ടി കുടഞ്ഞെടുത്ത് ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ എല്ലാ തിരക്കുകളും ഉപേക്ഷിച്ചു നിങ്ങൾക്ക് വേണ്ടി മാത്രം മാറ്റി വയ്ക്കു...അത് നിങ്ങൾക്ക് നൽകുന്ന സന്തോഷം ഇപ്പോഴുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിക്കും എന്ന് നൂറു ശതമാനം ഉറപ്പുള്ള കാര്യമാണ്.

എല്ലാ ദിവസവും ടൈം ടേബിൾ പോലെ രാവിലെ മുതൽ രാത്രി വരെ ഓടിക്കൊണ്ടിരിക്കുന്ന ഒരു ജീവിതത്തിൽ ഒരു ആഴ്ചയിലെ നമ്മുടേത് മാത്രമായ ഒരു മണിക്കൂർ നൽകുന്ന സന്തോഷം വളരെ വലുതായിരിക്കും. അത് നമുക്ക് നൽകുന്ന ഉണർവും പ്രതീക്ഷയും നമ്മളെ കൂടുതൽ ഊർജസ്വലരാക്കും. 
മാറ്റം തുടങ്ങേണ്ടത് നമ്മളിൽ നിന്നാണ്. സ്വത്വം കണ്ടെത്തലും സ്വയം സ്നേഹിക്കലും നമ്മളെ ആത്മവിശ്വാസമുള്ളവരാക്കും. ഇനിയങ്ങോട്ടുള്ള നമ്മുടെ എല്ലാവരുടെയും യാത്രകൾ അത്തരത്തിൽ ആത്മവിശ്വാസം നിറഞ്ഞതാകട്ടെ...

പുതുവത്സരദിനാശംസകൾ

Bismitha@njangandhialla

Tuesday, 2 January 2018

പുതുവത്സരാശംസകൾ ....,

പുതുവത്സര ആശംസകൾ ....

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤


പുതു വർഷം...പുത്തൻ പ്രതീക്ഷകൾ ...പുത്തനുണർവ് ...പുതിയ തീരുമാനങ്ങൾ ..അങ്ങനെ നീളും ....അടുത്ത വർഷം വരെ കാത്തു സൂക്ഷിക്കാനായി കുറെ സ്വപ്നങ്ങളെയും നെഞ്ചോടു ചേർത്തു ഇനി ഒരു ഓട്ടമാണ് ,,,,2018 -നെ തോൽപ്പിച്ച് മുന്നേറാനുള്ള ഓട്ടം ...

സ്വപ്നം ....സ്വപ്നം കാണാത്തവരായി ആരാ ഉള്ളത് ...? പണ്ടൊക്കെ ഈ ചോദ്യം ചോദിച്ചാൽ ഞാൻ പറയുമായിരുന്നു "ഞാൻ ഇതേ വരെ സ്വപ്നം ഒന്നും കണ്ടിട്ടില്ല "എന്ന് .കാരണം എന്താണെന്നോ .....?
ഞാൻ ഉറങ്ങി കിടക്കുമ്പോൾ ഒരു ഹൃതിക് റോഷനും എന്റെ കൂടെ ഡാൻസ് കളിച്ചിട്ടില്ല ,
ഞാൻ ഉറങ്ങുമ്പോൾ ബാക്ക്ഗ്രൂന്ദ് മ്യൂസിക്കോട് കൂടി ഒരിക്കലും മഴ പെയ്തിട്ടില്ല ...
ഞാൻ ഉറങ്ങി കിടക്കുമ്പോൾ നക്ഷത്രങ്ങളുടെ അകമ്പടിയോടെ ഒരു മാലാഖമാരും പറന്നു വന്നിട്ടില്ല .....
പിന്നെന്തു സ്വപ്നം കാണാനാ അല്ലെ ....

സ്വപ്നങ്ങളെ ആഗ്രഹങ്ങളാക്കി ,അവയെ പ്രതീക്ഷയുടെ പട്ടു നൂലിൽ കോർത്തെടുത്തു കൊണ്ട് പറന്നു നടക്കാൻ എന്ത് രസമാണല്ലേ....അങ്ങനെ കുറെയേറെ പട്ടുനൂലുകളെ ചേർത്തു പിടിച്ചു കൊണ്ടാണ് ഭൂമിയിലെ ഓരോ ജീവിതങ്ങളും മുന്നോട്ടു പോകുന്നത് ,,,,

പട്ടിണി കിടക്കുന്നവന്റെ പ്രതീക്ഷ ഒരു പാത്രം നിറയെ ചോറാണ് ...,
ഭിക്ഷയെടുക്കുന്നവന്റെ പ്രതീക്ഷ ഒരു ചായ കാശാണ് ,
രോഗിയുടെ പ്രതീക്ഷ മരുന്നാണ് ...
അഗതിയുടെ പ്രതീക്ഷ ആശ്രയമാണ് ....
എല്ലാരും പ്രതീക്ഷിക്കുന്നു ...
ആരിൽ നിന്നെങ്കിലും എന്തെങ്കിലുമൊക്കെ ....
ഇല്ലെങ്കിൽ എന്തിനു വേണ്ടി ജീവിക്കാനാ...അല്ലിയോ ....

പുതുവർഷ തലേന്നാണ് സുജാതയെ പരിചയപ്പെട്ടത് ....ആദ്യമൊക്കെ മഞ്ജു അമിതാഭിനയം കാഴ്ച വയ്ക്കുന്ന പോലെ ഒരു ബോറടി തോന്നിയെങ്കിലും പകുതിയായപ്പോൾ അത് മാറിക്കിട്ടി .....

സുജാതയുടെ മകൾക്കു ഒടുവിലുണ്ടാകുന്ന ഒരു തിരിച്ചറിവുണ്ട് ....
താനൊരു സ്വപ്നത്തിന്റെ  പട്ടുനൂലാണെന്ന ബോധം....
അത് കൊണ്ടാണ് വീട്ടിലിരിക്കേണ്ട സമയത്തു സ്കൂളിൽ പഠിക്കാൻ വന്ന സുജാതയെ കുറ്റം പറയുന്ന മലയാളം അധ്യാപകനോട് അവൾ ഇങ്ങനെ പറയുന്നത് " ഒരു സ്വപ്നമില്ലായിരുന്നെങ്കിൽ ഈ പ്രായത്തിൽ സുജാത സ്കൂളിൽ വരില്ലായിരുന്നു സാർ ...സുജാതയ്ക്ക് ഒരു സ്വപ്നമുണ്ട് ...സുജാതയുടെ മകൾ ...."ഒരു നിശബ്ദതയ്ക്കു ശേഷം അവൾ തുടർന്നു....
"എന്റെ അമ്മയാണ് സുജാത ..." ആ തിരിച്ചറിവിന്റെ വെളിച്ചത്തിൽ അവൾ പറന്നുയരുമ്പോൾ സുജാത അനുഭവിക്കുന്ന ഒരു ആനന്ദമുണ്ട് ...തന്റെ സ്വപ്നം വളർന്നു പന്തലിച്ചു വാനോളം പറക്കുമ്പോൾ അനുഭവിക്കുന്ന ആത്മസംതൃപ്തി ......

അതാണ് നമുക്കും വേണ്ടത് ....നമ്മളെ സ്വപ്നം കാണുന്നവരുടെയും നാം സ്വപ്നം കാണുന്നവരുടെയും ചിറകടികൾ അതിരുകളില്ലാത്ത ആകാശത്തിന്റെ അനന്തതയിൽ പാറിപ്പറക്കാൻ ഈ പുതു വ്സർഷം നമുക്കോരോരുത്തർക്കും ഒരു നിമിത്തമാകട്ടെ ...

ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ....

Monday, 28 December 2015

നീ പറയാതെ പോയതിനും , ഞാൻ പറയാൻ ശ്രമിച്ചതിനും ഇനിയും ആയുസ്സുകൾ എത്രയോ ബാക്കി ....!

നീ പറയാതെ പോയതിനും , ഞാൻ പറയാൻ ശ്രമിച്ചതിനും ഇനിയും ആയുസ്സുകൾ എത്രയോ ബാക്കി ....!




                               ഒരാളോട് ഒരു കാര്യം ചോദിച്ചു അറിയാനുള്ള ആഗ്രഹം കൂടുനതും , ആ കാര്യം പറയാൻ നമ്മൾ അയാളെ നിർബന്ധിക്കുന്നതും നമുക്ക് അയാളോടുള്ള അധികാരത്തിന്റെ പുറത്താണ് .... പക്ഷെ നമ്മൾ ചോദിക്കാതെയാണ് അയാൾ ആ കാര്യം നമ്മോടു പറയുന്നത് എങ്കിൽ അത് നമ്മോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടായിരിക്കും ..നമ്മൾ അറിയേണ്ട കാര്യങ്ങൾ എന്നായാലും നമ്മോടു പറയേണ്ടവർ തന്നെ പറഞ്ഞിരിക്കും ,,,,

മറ്റുള്ളവർ നമ്മെ കുറിച്ചു എന്ത് വിചാരിക്കും എന്ന ചിന്തയാണ് പലപ്പോഴും നമ്മളെ മൗനികൾ ആക്കുന്നത് ..അതാണ്‌ പിന്നീട് വലിയ വലിയ പ്രശ്നങ്ങളിലേക്ക് നമ്മെ കൊണ്ട് എത്തിക്കുന്നതും ..ഒരു മേശയ്ക്കു ഇരു വശവും ഇരുന്നു പരസ്പരം മനസ്സ് തുറന്നു സംസാരിച്ചാൽ  തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ ഏതു രണ്ടു വ്യക്തികൾക്ക് ഇടയിലും ഉള്ളു ...പക്ഷെ മുഖത്തോടു മുഖം നോക്കി ഇരിക്കാനുള്ള മടിയും , പരസ്പരം ഉള്ള ഈഗോയും ആണ് പല പരിഭവങ്ങളെയും -വലിയ പിണക്കങ്ങളും , തീർത്താൽ തീരാത്ത ശത്രുതകളും ആക്കി മാറ്റുന്നത് എന്നതാണ് സത്യം .

ഒരു നന്ദിവാക്കു പറഞ്ഞാൽ ഏറെ സന്തോഷിക്കുന്ന , ഒരു ക്ഷമാപണം കേട്ടാൽ മനസ്സ് തുറന്നു അത് അംഗീകരിക്കുന്ന , നല്ലത് കണ്ടാൽ പുഞ്ചിരിച്ചു കൊണ്ട് അഭിനന്ദിക്കുന്ന മനുഷ്യരാകണം നമ്മൾ ഓരോരുത്തരും ...

ഒരു വർഷം കൂടി തിരശ്ശീലയ്ക്കു  പിന്നിലേക്ക്‌ ഓടിയൊളിക്കുകയാണ് ....
പലരോടും പലതും പറഞ്ഞും , പറയാതെയും  കടന്നു പോയ ഒരു വർഷം ...
ആരോടൊക്കെയോ എന്തൊക്കെയോ ഇപ്പോളും പറയാൻ ബാക്കിയാണ് ....." മറ്റുള്ളവർ എന്ത് വിചാരിക്കും " എന്ന ചിന്ത കൊണ്ട് മാത്രം പറഞ്ഞതിനേക്കാൾ ഏറെയാണ്‌ പറയാതെ പോയതെന്ന് തോന്നുന്നു ....
പറയാനും , കേൾക്കാനും ഇനിയും  എന്തൊക്കെയോ ബാക്കി വച്ചു 2015-ഉം വിട വാങ്ങാൻ പോകുന്നു ......

നീ പറയാതെ പോയതിനൊക്കെയും നന്ദി ....
ഞാൻ പറയാൻ മറന്നതിന് നന്ദി .....
നീ പറഞ്ഞതിനും , ഞാൻ പറയാൻ ബാക്കി വച്ചതിനും നന്ദി .....

ഞാൻ നല്കിയ കണ്ണ്നീരിനു മാപ്പ് ....
നീയേല്പ്പിച്ച മുറിവുകൾക്കും മാപ്പ് ....
അറിയാതെ പരസ്പരം കൈമാറിയ വേദനകൾക്കും മാപ്പ് ,,,,,,

കഴിഞ്ഞതൊക്കെ കാലത്തിന്റെ പിന്നിൽ പോയ്‌ ഒളിക്കട്ടെ ....
ഇതൊരു പുതിയ തുടക്കമാണ് .....
ഇവിടുന്നങ്ങോട്ട്‌ നീയും ഞാനും ഒന്നിച്ചു സഞ്ചരിക്കുകയാണ് ......
എല്ലാം പരസ്പരം തുറന്നു പറഞ്ഞും , ഉള്ളു തുറന്നു മനസ്സിലാക്കാൻ ശ്രമിച്ചും ഒരുമിച്ചു കൈ കോർത്തു നമുക്ക് നീങ്ങാം ......
പറയാനൊന്നും ബാക്കിയാക്കാതെ ......
ഓർമകളെ മധുരതരമാക്കി ഈ യാത്ര നമുക്ക്  തുടരാം .....

" വരിക സഖി അരികത്തു ചേര്‍ന്നു നില്‍ക്ക
പഴയൊരു മന്ത്രം സ്മരിക്കെ  നാം
അന്യോന്യം ഊന്നു വടികളായ് നില്‍ക്കാം
ഹാ! സഫലമീ യാത്ര.... "




Wednesday, 31 December 2014

പുതുവത്സരാശംസകൾ ....

പുതുവത്സരാശംസകൾ ....



പുതുവർഷത്തിലേക്കുള്ള  കാത്തിരിപ്പിന്  ഇനി മണിക്കൂറുകൾ മാത്രം ബാക്കി .
ഓർമയിൽ കാത്തു സൂക്ഷിക്കാൻ കുറെയേറെ നല്ല നിമിഷങ്ങളും ....., ഇടയ്ക്കൊന്നു  കണ്ണീർ പൊഴിക്കാൻ കുറച്ചു നനവാർന്ന  നിമിഷങ്ങളും ....,
പിന്നെ പൊട്ടിച്ചിരിക്കാനും  ,ചിരിപ്പിക്കാനും  വേണ്ടി മാത്രം കൂടെ കൂടിയ ചില മനോഹരമായ നിമിഷങ്ങളും ......,
എല്ലാം കാലത്തിന്റെ ഓർമക്കൂട്ടിലേക്ക്  ആരുടേയും അനുവാദം ചോദിക്കാതെ യാത്രയാകാൻ  തയ്യാറായിക്കഴിഞ്ഞു ......

"ഓർമയിൽ വിടരാനായ്  പൂക്കാലമേ 
ഓടി മറയുന്നോ നീ എന്നിൽ നിന്നും ...

ഒരു പിടി സ്വപ്‌നങ്ങൾ ബാക്കിയാക്കി -
പുതു വെണ്ണിലാവിനായ്‌ നീ യാത്രയായി ..."

ഇക്കഴിഞ്ഞ നാളുകൾക്കിടയിൽ മുന്നിലൂടെ കടന്നു പോയ കുറേ ചിത്രങ്ങൾ ......
വന്നെങ്കിലെന്നും , കണ്ടെങ്കിലെന്നും , മിണ്ടിയെങ്കിലെന്നും കൊതിച്ചു കാത്തിരുന്ന എത്രയോ ദിനരാത്രങ്ങൾ ......
എന്തിനെന്നറിയാതെ ആർക്കുവേണ്ടിയെന്നറിയാതെ  ചെയ്തു കൂട്ടിയ എന്തൊക്കെയോ കാര്യങ്ങൾ ......
ഒക്കെയും ഇനി ഒരു ഡയറിയുടെ താളുകളിലെവിടെയോ ഉറങ്ങാൻ പോകുന്ന സത്യങ്ങൾ .........




അപ്രിയ സത്യങ്ങളെ മറന്നു കൊണ്ട് .....................
,പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾക്ക്  പുതിയ പ്രതീക്ഷകൾ നല്കിക്കൊണ്ട്.....  , നന്മകൾ സമ്മാനിച്ചവരെ നന്ദിപൂർവ്വം  സ്മരിച്ചു കൊണ്ട് .....................
ഈ യാത്രയിൽ കൈത്താങ്ങേകിയവർക്ക്  നന്മകൾ നേർന്നു കൊണ്ട് ......
പിന്തള്ളിയവർക്ക് നല്ലത് വരട്ടെയെന്നു ആശംസിച്ചു കൊണ്ട് .......
എല്ലാം  നല്ലതിന് വേണ്ടിയെന്നു സ്വയം വിശ്വസിപ്പിച്ചു കൊണ്ട് ......
തിരികെ വരാത്ത കാലത്തിനു നന്ദി പറഞ്ഞു കൊണ്ട് ......
ഈ ഭൂമിയിൽ മനുഷ്യനായി പിറക്കാൻ അനുഗ്രഹിച്ച ആ വലിയ ശക്തിയെ നമിച്ചു കൊണ്ട് ........
വരാനിരിക്കുന്ന വസന്തത്തിന്റെ സംഗീതത്തിന് നമുക്ക് കാതോർക്കാം .......

           കാലമിനിയുമുരുളും ....
          വിഷു വരും , വർഷം വരും  ,
         പിന്നെയോരോ  തളിരിലും -
      പൂ വരും , കായ് വരും ...
                                          അപ്പോളാരെന്നുമെന്തെന്നുമാർക്കറിയാം .....