Showing posts with label പ്രതികരണ കുറിപ്പ്. Show all posts
Showing posts with label പ്രതികരണ കുറിപ്പ്. Show all posts

Wednesday, 23 June 2021

പുര നിറഞ്ഞ പെണ്ണ്


പുര നിറഞ്ഞ പെണ്ണ് 

***" ഇങ്ങനെ കിടന്നു ചിരിച്ചു മറിഞ്ഞു തൊണ്ട തുറന്നോ, പെണ്ണാണ് എന്ന ബോധം വേണ്ടേ.നാളെ വേറൊരു വീട്ടിൽ പോകേണ്ടവൾ ആണെന്ന ബോധമില്ല.വായടച്ചു സംസാരിക്കെടി "

"ഉറക്കെ ചിരിച്ചാലോ, ഉച്ചത്തിൽ സംസാരിച്ചാലോ പെണ്ണ് പെണ്ണല്ലാതെ ആകുമോ ?ഇങ്ങനെ പിറന്ന വീട്ടിൽ തന്നെ അവഗണനയുടെ ടേപ്പ് ഒട്ടിക്കപ്പെട്ട പെണ്ണ് മറ്റൊരു വീട്ടിലെ തടവറയെക്കുറിച്ചു നിങ്ങളോടു എങ്ങിനെ സംസാരിക്കാൻ ആണ് ?"

  ***"വയസ്സ് 20 കഴിഞ്ഞില്ലേ, കെട്ടിക്കാറായില്ലേ ?, ഇനിയും വച്ചോണ്ടിരുന്നാ ചന്തമൊക്കെ  പോകും, പിന്നെ ചെറുക്കനെയും കിട്ടൂല "

"20 അല്ലെ ആയുള്ളു, കല്യാണ പ്രായം 20 ആണെന്ന് നിയമം ഒന്നും വന്നില്ലല്ലോ...അവിടിരുന്നോട്ടെ, ഇനി പുതിയ ഒരുത്തൻ ജനിച്ചു വന്നു കെട്ടേണ്ട കാര്യം ഇല്ലല്ലോ.ഉള്ള ചന്തമൊക്കെ  മതി"

***"ഇതിപ്പോ എന്തു പഠിപ്പ് ആണ്, വയസ്സു 27 ആയി, ഇനിയും പഠിക്കാൻ എന്തിരിക്കുന്നു ?കൂടെയുള്ളതുങ്ങളൊക്കെ കെട്ടി പിള്ളേരും ആയി "

"വിദ്യാഭ്യാസത്തിനു പ്രായപരിധി ഒന്നും തീരുമാനിച്ചിട്ടില്ല, പഠിക്കട്ടെ, ജോലി വാങ്ങട്ടെ, സ്വന്തം കാലിൽ നിൽക്കട്ടെ. എന്നിട്ടു ആലോചിക്കാം ബാക്കി"

**"ജോലി വാങ്ങി കുറെ കാശു സമ്പാദിച്ചിട്ട് എന്തിനാ ? പെണ്ണുങ്ങൾ ജോലിക്കു പോയി ചിലവ് നടത്തേണ്ട കാര്യമൊന്നും ഞങ്ങടെ കുടുംബത്തിൽ ഇല്ല"

"കാശ് ഉണ്ടാക്കി ചിലവ് നടത്തുന്നതിന് പെണ്ണെന്നും ആണെന്നും വേർതിരിവിന്റെ ആവശ്യം ഒന്നുമില്ല. പെണ്ണ് ജോലിക്കു പോയാലുടനെ തകരുന്ന പാരമ്പര്യം ആണെങ്കിൽ ആ പാരമ്പര്യം അങ്ങു തച്ചുടച്ചു കളഞ്ഞേക്ക്"

***"വീട് നോക്കി ഭർത്താവിനെയും മക്കളെയും നോക്കി അടങ്ങി ഒതുങ്ങി ജീവിക്കുന്ന പെണ്ണാണ് ഒരു മാതൃകാ യുവതി.പെണ്ണിനെ അങ്ങിനെയാണ് വളർത്തേണ്ടത്.ജോലിക്ക് പോകുന്ന പെണ്ണിന് എവിടെയാ ഇതിനൊക്കെ സമയം"

"ജോലിക്കു പോകുന്ന പെണ്ണുങ്ങളും വീടും കുടുംബവും നോക്കുന്നുണ്ട് ഹേ..വീടിനെ കുളിപ്പിച്ചു lizol മുക്കി,ഭർത്താവിനെ എണീപ്പിച്ചു റെഡിയാക്കി ഒരുക്കി ഓഫീസിൽ വിട്ട്, അമ്മായി അമ്മയ്ക്ക് പാദസേവ ചെയ്തു, മക്കളുടെ ആവശ്യങ്ങൾ നോക്കിയെടുത്തു, സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും മറന്നു വേലക്കാരിയെ പോലെ ജീവിച്ചാൽ മാത്രമെ നല്ല യുവതി ആകുമെങ്കിൽ ആ certificate എന്റെ മകൾക്ക് വേണ്ട.സ്വന്തമായി നിലനിൽപ്പും വ്യക്തിത്വവുമുള്ള ഒരു യുവതിയായി എന്റെ മകൾ വളർന്നാൽ മതി"

***"അല്ലെങ്കിലും കയ്യിൽ നാലു കാശു വന്നാൽ പെൺപിള്ളേർക്ക് അഹങ്കാരമാ. പിന്നെ ആണുങ്ങളെ അനുസരിക്കാൻ അവൾക്കൊക്കെ വലിയ മടി ആയിരിക്കും"

"ഈ പറയുന്നത് കുറെ മൂത്തു നരച്ച അമ്മച്ചിമാർ അല്ലിയോ, വീട്ടിൽ കുത്തിയിരിക്കുന്ന അമ്മച്ചിമാർക്കൊക്കെ അല്ലേലും നാലു കാശു സമ്പാദിക്കുന്ന പെണ്ണുങ്ങളോട് വലിയ കെറുവ് തന്നാ.അതു അവിടെ തന്നെ വച്ചിരുന്നോ.ആണുങ്ങളെ അനുസരിച്ചു ജീവിക്കണം എന്നൊരു ചൊല്ല് വേണ്ട, നല്ലതു പറയുന്നത് ആണായാലും പെണ്ണായാലും അതു പരസ്പരം മനസ്സിലാക്കിയാണ് അനുസരിക്കേണ്ടതും അവഗണിക്കേണ്ടതും"

***"നമ്മള് പെണ്ണുങ്ങൾ എല്ലാം സഹിക്കാനും ക്ഷമിക്കാനും പഠിക്കണം.നാളെ മറ്റൊരു വീട്ടിൽ ജീവിക്കേണ്ടവൾ ആണ്,അവിടത്തെ ചിട്ടകൾക്ക് അനുസരിച്ചു നടക്കേണ്ടവൾ ആണ്.കെട്ടിച്ചു വിട്ട വീടാണ് നിന്റെ വീട്, ജീവിത കാലം മുഴുവനും ജീവിക്കേണ്ട വീട്"

"തീർന്നില്ലേ...അടക്കവും ഒതുക്കവും കൊണ്ടു അവളിലെ പെണ്ണിനെ നിങ്ങൾ കൊന്നു കളഞ്ഞില്ലേ,കീ കൊടുക്കുന്ന പാവയായി ജീവിക്കാൻ അല്ലെ ഈ ക്ലാസ് കൊണ്ടു നിങ്ങൾ അവളെ പ്രാപ്തയാക്കിയത്..സഹനത്തിന്റെ ഒടുവിൽ രക്ഷപ്പെട്ടു വരാൻ സ്വന്തം വീട് പോലും ഇല്ലെന്നു നിങ്ങൾ അവളോട് പറയാതെ പറഞ്ഞു അവളെ ഒരു അന്യ ആക്കിയില്ലേ..മരണം അവളുടെ ഒരേ ഒരു ഓപ്ഷൻ ആക്കി മാറ്റിയില്ലേ നിങ്ങൾ.."

***"സ്ത്രീധനം ആയിട്ടൊന്നും വേണ്ട.പെണ്ണിനെ മാത്രം മതി.നിങ്ങളുടെ മകൾക്ക് എന്തു കൊടുക്കണം എന്നു നിങ്ങൾക്ക് തോന്നുന്നുവോ അതു കൊടുക്കാം.ഞങ്ങള് ഒറ്റമോളെ കെട്ടിച്ചു വിട്ടപ്പോ ആകെ 50 പവനും 10 സെന്റ് സ്ഥലവും ഒരു കാറും മാത്രമേ കൊടുത്തുള്ളു, അവളുടെ ചെക്കൻ വീട്ടുകാർ ഒന്നും ചോദിച്ചിട്ടല്ല,ഞങ്ങടെ മോൾ അല്ലേ..... പിന്നെ നാട്ടുനടപ്പ് അനുസരിച്ചു ചെയ്യണ്ട ചിലതൊക്കെ ഇല്ലേ .സദ്യയ്ക്ക് ഒരു കുറവും വരരുത് എന്ന ഒറ്റ നിബന്ധന മാത്രമേ ഞങ്ങൾക്കുള്ളൂ..."

"അടിപൊളി ...ധർമക്കല്യാണം അല്ലെ..സ്ത്രീധനം ചോദിച്ചില്ല,പകരം സ്വന്തം മകൾക്ക് കൊടുത്തത്തിൽ നിന്നും ഒട്ടും കുറയരുത് എന്നു പറഞ്ഞു വച്ചു.നാട്ടുനടപ്പുകൾ ഓർമിപ്പിച്ചു. എന്തിനാണ് ഈ സ്ത്രീധനവും നാട്ടുനടപ്പും ?കല്യാണം പെൺവീട്ടുകാരുടെ ബാധ്യതയും ആൺവീട്ടുകാരുടെ അവകാശവും അല്ല, മറിച്ചു തലമുറകൾ പരിപാലിക്കപ്പെടാൻ ഇരു കൂട്ടരുടെയും ആവശ്യമാണത്. ചിലവുകൾ പരസ്പരം പങ്ക് വച്ചു ഉള്ളത് കൊണ്ട് കൂട്ടിക്കെട്ടി പണത്തിന്റെ ധൂർത്ത് കാണിക്കാതെ കല്യാണം നടത്തിക്കൂടെ ?ഒരു പെൺകുഞ്ഞിനെ കഴുകനും പരുന്തിനും കൊടുക്കാതെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കുന്നതും പോരാഞ്ഞ് ജീവിതകാലം മുഴുവനും അവൾക്കു സ്ത്രീധനം എന്ന പേരിൽ ജാമ്യം കൊടുക്കണമെങ്കിൽ പിന്നെ എന്തിനു വിവാഹം കഴിപ്പിക്കണം ?"

***"എനിക്ക് ഒറ്റ മോൾ ആണ്.ഞാൻ ഉണ്ടാക്കിയതൊക്കെ അവൾക്കാണ് .500 പവൻ ഇട്ടു അണിഞ്ഞൊരുങ്ങി ആർഭാടം ആയി തന്നെ കല്യാണം നടത്തണം"

"നിങ്ങളുടെ ആർഭാടം കാരണം ലോണെടുത്തു മുടിഞ്ഞു കല്യാണം നടത്തേണ്ടി വരുന്ന ദരിദ്ര്യവാസി എന്നൊക്കെ നിങ്ങൾ പുച്ഛിക്കുന്ന പാവങ്ങളുടെ അവസ്ഥയോ ?ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ കല്യാണം നടത്തുന്ന കാലം എന്നൊന്ന് സ്വപ്നം കണ്ടു തുടങ്ങിക്കൂടെ ? രണ്ട് വ്യക്തികളിലൂടെ 2 കുടുംബങ്ങൾ കൂടിച്ചേരുന്നതിന് 200 പവനും 20000 പേർക്ക് സദ്യയും കൊടുക്കേണ്ട കാര്യം ഇല്ല എന്നു ഉറപ്പിച്ചൂടെ ??"

*******

കുട്ടി പെണ്ണായാലും ആണായാലും വിവരവും,വിദ്യാഭ്യാസവും ,വിവേകവും പകർന്നു നൽകി വ്യക്തിത്വമുള്ള സ്വയം പര്യാപ്തരായ വ്യക്തികളായി അവരെ വളർത്തിക്കൊണ്ടു വരേണ്ടതാണ് നമ്മുടെ ഉത്തരവാദിത്വം എന്നു മാതാപിതാക്കൾ ആദ്യം തിരിച്ചറിയുക. അടക്കവും ഒതുക്കവുമുള്ള പെണ്ണ്, മറ്റൊരു വീട്ടിൽ പോയി ജീവിക്കേണ്ടവൾ, എല്ലാം സഹിക്കേണ്ടവൾ, കുടുംബ ഭദ്രതയ്ക്കായി സ്വപ്നങ്ങൾ ത്യജിക്കേണ്ടവൾ തുടങ്ങിയ ബാധ്യതയുടെ ലേബലുകൾ ഓർമ വയ്ക്കുമ്പോൾ മുതൽ അടിച്ചേല്പിച്ച് ഒരു പെൺകുട്ടിയെ  സ്വയം മൂല്യമില്ലാത്തവളായി മാറ്റാതിരിക്കുക.

വിവാഹം ജീവിതത്തിലെ ഒരു ആവശ്യം മാത്രമാണെന്നും രണ്ടു കുടുംബങ്ങളും ചേർന്നു നടത്തേണ്ട -പരസ്പര ധാരണയിലും വിശ്വാസത്തിലും പടുത്തുയർത്തേണ്ട ഒരു ബന്ധമാണിതെന്നും നാം മനസ്സിലാക്കണം.സ്ത്രീധനവും സമ്പത്തും കണക്കു പറഞ്ഞു ആരുടെയും കഴുത്തറുക്കാതിരിക്കണം. ഇഷ്ടമില്ലാത്തിനോട് NO പറയാനും ഇഷ്ടമുള്ള കാര്യങ്ങളെ നേരായ രീതിയിൽ തിരഞ്ഞെടുത്തു മുന്നേറാനും നമ്മുടെ പെണ്മക്കളെ പ്രാപ്തരാക്കണം.

ഉത്തമയായ മരുമകൾ എന്നാൽ ഭർത്താവിന്റെ അടിച്ചുതളിക്കാരിയായും, അമ്മായി അമ്മയുടെ അടുക്കളകാരിയായും, അലാറം വച്ചു ഉറക്കം എണീറ്റു അടിമയെപ്പോലെ നിങ്ങളുടെ നിയമങ്ങൾ അനുസരിച്ചു ജീവിക്കേണ്ട പാവ അല്ലെന്നു എല്ലാ ആണ്മക്കളുടെയും അമ്മമാർ തിരിച്ചറിയുക. മരുമകൾ രാവിലെ ഉറക്കമെണീറ്റ് കുളിച്ചൊരുങ്ങി നിങ്ങൾ പറയുന്ന പോലെ മകന്റെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കി (അടങ്ങി ഒതുങ്ങി)ജീവിക്കുന്നത് അമ്മായി അമ്മയെയോ ഭർത്താവിനെയോ ഭയന്നല്ല, തന്നെ കഷ്ടപ്പെട്ടു വളർത്തി വലുതാക്കിയ വീട്ടുകാരെ ഓർത്തും തന്റെ കണ്ണു നനയുന്നത് അവരുടെ ഹൃദയത്തിൽ നിന്നും ചോര പൊടിയുന്നതിനു സമം ആണെന്നും അവൾ വിശ്വസിക്കുന്നതു കൊണ്ടാണെന്നു നിങ്ങൾ തിരിച്ചറിയുക.

ആണായാലും പെണ്ണായാലും അവർ വ്യക്തികളാണ് .സ്വന്തമായി ആഗ്രഹങ്ങളും, പ്രതീക്ഷകളും ഉള്ള, ജീവിതത്തെ കുറിച്ച് സ്വന്തമായി കാഴ്ചപ്പാടുകളുള്ള സ്നേഹവും, ബഹുമാനവും ഒപ്പം സ്വയം ഒരു സ്പേസും  ആഗ്രഹിക്കുന്ന വ്യക്തികൾ .

സ്വീകരണമുറി ആണിനും അടുക്കള പെണ്ണിനും തീറെഴുതി കൊടുത്ത ആചാരങ്ങളെ മറക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് നാം തിരിച്ചറിയുക.ആണ്മക്കളെയും പെൺമക്കളെയും വേർതിരിവുകളില്ലാതെ വളർത്താനും , വിദ്യാഭ്യാസത്തിനൊപ്പം വിവേകം പകർന്നു നൽകാനും നമുക്ക് കഴിയണം.

വാൽകഷ്ണം :-

*** കണക്കു പറഞ്ഞു വാങ്ങുന്ന എച്ചികളെയും, ചോദിക്കുന്നതിന്റെ ഇരട്ടി കൊടുക്കുന്ന പണമാക്രികളെയും, തനിക്കു സ്വർണവും പണവും തന്നു ആർഭാടപൂർവം കല്യാണം നടത്തേണ്ടത് അച്ഛന്റെ കടമയാണെന്ന് വിശ്വസിക്കുന്ന കൂപമണ്ഡൂകങ്ങളായ പെൺമക്കളെയും ,ഭാര്യയുടെ സ്ത്രീധനം കൊണ്ടാണ് തനിക്കു വീടും കാറും ഉണ്ടാകേണ്ടത്  എന്ന് ആഗ്രഹിക്കുന്ന പോങ്ങന്മാരായ ഭർത്താക്കന്മാരേയും, പോക്കില്ലെങ്കിലും കടം വാങ്ങി മുടിഞ്ഞും ലോണെടുത്തും മകളെ കെട്ടിക്കേണ്ടത് തന്റെ ഉത്തരവാദിത്വം ആണെന്ന് വിശ്വസിക്കുന്ന പാവം പാവം അച്ഛനമ്മമാരെയും ,

ഹോസ്റ്റലിലെ വാർഡനേക്കാൾ ഭീകര ജീവിയായാൽ മാത്രമേ അമ്മായി വാല്യൂ കിട്ടു എന്ന് കരുതുന്ന അമ്മായി അമ്മമാരെയും നല്ല ചൂരലെടുത്തു നാല് കൊടുത്ത് നന്നാക്കിയാൽ ഒരു വിധം സ്ത്രീധന പ്രശ്നങ്ങളൊക്കെ ഒഴിഞ്ഞു കിട്ടും .

*** അടക്കി ഒതുക്കി വളർത്തിയില്ലെങ്കിൽ ഏവന്റെയെങ്കിലും കൂടെ പോയി കുടുംബത്തിന് നാണക്കേടുണ്ടാക്കും എന്ന് കമന്റ് പറഞ്ഞാൽ അതിനെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഇപ്പോൾ നിൽക്കുന്നില്ല .അതിനു വേണ്ടി ഇനിയൊരിക്കൽ ഒരു കുറിപ്പെഴുതാം, ഇതിനെ കൂടെ പറഞ്ഞാൽ ശരിയാകില്ല അതിനെ കുറിച്ച് വിശദമായി മനസ്സിലാക്കിയ ശേഷം ഒരു കുറിപ്പെഴുതാം എന്നാണു ഇപ്പോളത്തെ മറുപടി.

***ഇനി ആദർശം പറയുന്ന നിന്റെ കല്യാണത്തിന് ഒന്നും കൊടുത്തില്ലയോ എന്ന് ചോദിച്ചാൽ , കെട്ടിച്ച പ്രായത്തിൽ ആദർശം പറയാൻ അറിയില്ലായിരുന്നു എന്ന് മറുപടി .ഇന്ന് മനസ്സിലാക്കുന്ന ആദർശങ്ങൾ ശരിയാണെങ്കിൽ അതിനെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത് തെറ്റല്ലെന്ന് വിശ്വസിക്കുന്നു 

*** നല്ലവരായ മനുഷ്യർ വഴിമാറി നിൽക്കുക, ഇത് നിങ്ങളെക്കുറിച്ചല്ല .മേൽപ്പറഞ്ഞ ചിന്തകളുമായി നടക്കുന്നവരോട് മാത്രം പറയുന്നത് ആണ്


©️Bismitha.B


©️Bismitha@njangandhialla


Tuesday, 16 June 2020

In the Memory of #Sushanth

മരിക്കാൻ ആഗ്രഹിച്ചു മരിക്കുന്നവർ മരിക്കാറില്ല 


മരിച്ചവൻ ഉയിർത്തെഴുന്നേൽക്കില്ല ,
വരണ്ടു നീലിച്ച ചുണ്ടുകളിൽ വാക്കുകൾ പിടഞ്ഞു മരിക്കില്ല ,
ആശയറ്റിയ കണ്ണുകൾ തുറന്നു  കേഴില്ല ,
കരങ്ങൾ മരവിച്ചു ,ഹൃദയം തണുത്തുറഞ്ഞു യാത്രാമൊഴിയും കാത്തു  കിടക്കും 

ഇനി നിങ്ങൾക്ക് എന്തും പറയാം, കാരണം നിങ്ങളുടെ കണ്ണിൽ ജീവിച്ചിരിക്കുന്നവർ വിജയികളും  ആത്മഹത്യ ചെയ്തവർ പരാജിതരും ആണ് .

നിങ്ങൾക്കറിയുമോ , നീല  വെളിച്ചത്തിൽ ചിരിച്ചും , ചുവന്ന വെളിച്ചത്തിൽ അലറിക്കരഞ്ഞും നടന്ന എന്നെ  ...?

എന്റെ ചുണ്ടിലെ നേർവര വളയുന്നതു നിങ്ങളാരെങ്കിലും ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ ,ഇല്ല ...നിങ്ങൾക്കത് കാണാൻ സാധ്യമല്ല ...

                            

ജീവിച്ചിരിക്കെ ഓരോ നിമിഷവും മരിച്ചു കൊണ്ടിരുന്ന എന്നെ ഞാൻ കണ്ടിരുന്നു .ജീവിക്കാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു ,മരിക്കാൻ എനിക്ക് ഭയമായിരുന്നു ,എന്നിട്ടും എത്രയോ വട്ടം ഞാൻ എന്നെ തന്നെ കൊന്നിരിക്കുന്നു.

രാത്രിയെ ഇരുട്ട് വിഴുങ്ങുമ്പോൾ അസ്തിത്വമില്ലാത്ത ചിന്തകളെന്റെ മസ്തിഷ്‌കം കാർന്നു തിന്നുന്നതറിഞ്ഞു  ഞാൻ അലറിക്കരഞ്ഞത് നിങ്ങളാരെങ്കിലും കേട്ടിരുന്നുവോ ...?

എനിക്ക് ഭ്രാന്തു പിടിക്കുന്നു എന്നുറക്കെ നിലവിളിച്ച എന്റെ ഹൃദയത്തെ എത്ര ആലിംഗനങ്ങൾ കൊണ്ടാണ് നിങ്ങൾ മൂടിയത്, എന്നിട്ടും ഒരിക്കൽ പോലും ആ ഭ്രാന്തു നിങ്ങൾ അറിഞ്ഞിരുന്നില്ല എന്നാണ് പറയുന്നതെങ്കിൽ നിങ്ങളെന്നെ ആലിംഗനം ചെയ്തിട്ടേ ഇല്ല .

ഹസ്തദാനങ്ങളിലൊക്കെയും  വിട്ടു കളയരുതേ എന്നപേക്ഷിച്ച കരങ്ങളെ എത്ര ലാഘവത്തോടെയാകും  നിങ്ങൾ ഉപേക്ഷിച്ചത് ...

കനിവ് തേടിയ കണ്ണുകളിൽ നോക്കി ഒട്ടിച്ച പുഞ്ചിരി സമ്മാനിച്ച നിങ്ങളോടൊക്കെ ഞാൻ എന്ത് പറയാനാണ് ?

അതെ , ഞാൻ എന്നെ തന്നെ കൊന്നു  ,അല്ലെങ്കിൽ തകർന്നു പോയ എന്റെ ഹൃദയത്തെ ആരോ കയറിട്ടു തൂക്കിലേറ്റി എന്ന് ചിന്തിക്ക ..

ആത്മഹത്യ ആയാലും ,കൊലപാതകം ആയാലും ഞാൻ മരിച്ചിരിക്കുന്നു , മരിക്കാൻ ആഗ്രഹിക്കാതെ  ജീവിക്കാൻ കൊതിച്ച ഒരു ഹൃദയത്തെ നിങ്ങൾ കണ്ടിരുന്നില്ല 
 
ശ്രദ്ധിച്ചു നോക്കിയാൽ എന്റെ ചുണ്ടുകളിൽ അവസാനത്തെ ചിരിയുടെ നിഴലാട്ടം നിങ്ങൾക്ക് കാണാം ...ആ മനോഹരമായ ചിരിയാണ് മരണം എനിക്ക് നൽകിയ സമ്മാനം ...

ഞാൻ പരാജിതൻ ആണെന്ന് പറഞ്ഞു എനിക്കായി പൂക്കൾ  വിതറുന്ന നിങ്ങൾ ഒരിക്കലും എനിക്ക് വാക്കുകൾ

കടം തന്നില്ലെന്നത് മറക്കരുത് ..

യാത്രാ മൊഴി എന്നേ ഞാൻ എഴുതി വച്ചിരുന്നു ,ഇനി മരിച്ചവരുടെ ലോകം , എന്റെ ലോകം .. തിരികെയൊന്നും പ്രതീക്ഷിക്കാത്ത എന്റെ മാത്രം ലോകം 

നിങ്ങൾ ജീവിച്ചിരിക്കുന്നവർ ,വിജയികൾ .പക്ഷെ നിങ്ങൾ അറിയുന്നില്ല , മരിക്കാൻ തീരുമാനിച്ചവന് മുന്നിൽ മരണം അല്ലാതെ മറ്റൊരു പോംവഴിയും ഇല്ലെന്ന്  ...

Wednesday, 16 October 2019

പെണ്ണൊരുമ്പെട്ടാൽ .....

പെണ്ണൊരുമ്പെട്ടാൽ .....


പെണ്ണൊരുമ്പെട്ടാൽ കഴിയാത്തതു  എന്തുണ്ട് ? ബ്രഹ്മൻ ചേട്ടന് പോലും തടുക്കാൻ കഴിയില്ലല്ലോ അല്ലെ .സാത്താനെ ചതിയിലാക്കി ദൈവത്തിനെ തോൽപ്പിച്ച് മാമുനിമാരുടെ തപസ്സിളക്കി രാജ്യങ്ങളെ തമ്മിൽ അടിപ്പിച്ചു ഭൂമി  പോലും കത്തിച്ചു ചാരമാക്കാൻ ശേഷിയുണ്ട് "പെണ്ണൊരുമ്പെട്ടാൽ "
പുരുഷനേക്കാൾ വിദഗ്ധമായി തന്ത്രങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ സ്ത്രീക്കുള്ള കഴിവ് അപാരമാണ് കേട്ടോ .

"ചരിത്രം കണ്ടതിൽ വച്ച് ഏറ്റവും തന്ത്രശാലിയായിരുന്നു ക്ലിയോപാട്ര.
എത്ര കിട്ടിയാലും തൃപ്തിവരാത്ത ധനമോഹം-ആര്‍ക്കും ശമിപ്പിക്കാന്‍ കഴിയാത്തതായിരുന്നു അവളുടെ കാമം. ഇത്രയേറെ സിദ്ധികളോടുകൂടിയ മറ്റൊരു സ്ത്രീ ലോകത്തില്‍ ഇന്നേവരെ പിറന്നിട്ടില്ല."
അത് ചരിത്രം .ഇത്രയൊക്കെ സിദ്ധികൾ ഇല്ലെങ്കിലും  ആ ചരിത്ര നായികയെ പോലും വെല്ലുന്ന തരത്തിൽ ആസൂത്രിതപരമായി  കൊലപാതക പരമ്പരകൾ നടത്താൻ കഴിവുള്ള സ്ത്രീകൾ വർത്തമാന കാലത്തിലും ഉണ്ട് എന്നതിന് ഏറ്റവും വലിയ തെളിവാണ് കൂടത്തായി കൊലപാതക പരമ്പരയുടെ സൂത്രധാര ജോളി ചേച്ചി .

ധൈര്യവും  ക്രൗര്യവും ക്ലിയോപാട്രയുടെ സഹജ സ്വഭാവമായിരുന്നു എന്നത് ചരിത്രമറിയുന്ന നഗ്ന സത്യം എങ്കിൽ ആരും തിരിച്ചറിയാത്ത ക്രൂരതയുടെയും ,സൗമ്യതയുടെ മുഖം മൂടിക്കുള്ളിൽ ഒളിപ്പിച്ച കുശാഗ്ര ബുദ്ധിയുടെയും ആൾരൂപമായിരുന്നു ജോളി . ജോളിയെ താരതമ്യം ചെയാൻ കഴിയുന്നത് ഒരു പക്ഷെ ക്ലിയോപാട്രയോട് മാത്രം ആയിരിക്കും .
https://circle.page/post/1648477?utm_source=article&person=604215
സമ്പത്തും അധികാര മോഹവും സുഖ ജീവിതവും തന്നെയായിരുന്നു ജോളിയുടെയും ലക്‌ഷ്യം .അതിനു വേണ്ടി ക്ഷമയോടെ ഓരോരുത്തരെയായി വകവരുത്തുമ്പോൾ അവരുടെ മനസ്സിൽ എന്തായിരുന്നിരിക്കണം ? അല്പം പോലും കരുണയോ , കുറ്റബോധമോ തോന്നാത്ത രീതിയിൽ ഇങ്ങനെയൊരു കൃത്യം നടത്താനും മാത്രം അവരുടെ മാനസിക നിലയ്ക്ക് എന്തെങ്കിലും തകരാറു ഉണ്ടായിരുന്നുവോ ? ഏതു രീതിയിൽ നോക്കിയാലും ഒരു നല്ല കുടുംബ ജീവിതം തന്നെയായിരുന്നു അവർക്കു ഉണ്ടായിരുന്നത് , എന്നിട്ടും ? ഇത് പോലെ തന്നെ ആയിരുന്നില്ലേ ക്ലിയോപാട്രയും ,ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സൗഭാഗ്യങ്ങൾ നേടാനായി ഏതറ്റം വരെയും പോകുമായിരുന്നവൾ .അത് പോലെ തന്നെ അല്ലെ ജോളി ചെയ്തതും ..പക്ഷെ ചരിത്രം എന്ത് കൊണ്ടോ ആവർത്തിച്ചില്ല,സീസറിനൊപ്പവും ,ആന്റണിക്കൊപ്പവും പിന്നെ രാജ്യത്തിനു വേണ്ടിയും അങ്ങിനെ ആഗ്രഹിച്ചതൊക്കെയും നേടിയെടുത്ത ക്ലിയോപാട്രയെ കണ്ടു മോഹിച്ച പെണ്ണായിരുന്നിരിക്കണം  ജോളി .

കൊലപാതകങ്ങളെ ന്യായികരിക്കാനോ തെറ്റിനെ ശരിയെന്നു സമർത്ഥിക്കാനോ ഞാനാളല്ല .എങ്കിലും പുരുഷനേക്കാൾ മികച്ച രീതിയിൽ തന്നെ പലതും ചെയാൻ പെണ്ണിന് സാധിക്കും എന്ന് തെളിയിച്ചിരിക്കുന്നു വർത്തമാന കാലത്തെ ജോളി ക്ലിയോപാട്ര എന്ന് പറയാതിരിക്കാൻ സാധിക്കുന്നില്ല .
പിന്നെ അപ്പം തിന്നവൻ കുഴിയെണ്ണും,ആണായാലും പെണ്ണായാലും ...ചെയ്തു കൂട്ടിയതിനൊക്കെ കണക്കു പറയാതെ പറന്നു പോകാൻ ജോളി ചേച്ചിക്കെന്നല്ല ,ആർക്കും കഴിയില്ല ...അത് അലിഖിതമായ പ്രകൃതി നിയമം .  

Monday, 22 August 2016

#Dog#Bite

നായ പ്രേമികളേ ഇതിലേ ഇതിലേ ......!!!!!

"പട്ടി ഓടി വന്നു 
കുട്ടിയെ കടിച്ചു 
പട്ടി ഓടിപ്പോയി 
കുട്ടി ചത്തു പോയി ..."

ആരാ എഴുതിയേ  എന്നൊന്നും ഓർമയില്ല ...ഏതാണ്ടൊരു ക്രീയേറ്റീവ് സെഷനിൽ ഏതോ ഒരു സാറ് എന്നോ പാടി പഠിപ്പിച്ച കവിതയാണ് ...

ഈ നാല് വരി ബോർഡിൽ  എഴുതിയിട്ട് ഈണം കൊടുക്കാൻ പുള്ളിക്കാരൻ പറഞ്ഞു ....വികാര തീവ്രമായി ഞാൻ ഉൾപ്പടെ പലരും പാടി എങ്കിലും അവസാനം സാറ് തന്നെ ആ കവിത ഇങ്ങനെ (https://soundcloud.com/bismitha-b/patti-kutti-blog) പാടിത്തന്നു ....കേട്ട ഞങ്ങൾ ഒക്കെ ചിരിച്ചു ....ഒരു കുട്ടിക്കവിത പാടുന്ന ലാഘവത്തോടെ അദ്ദേഹം അന്ന് പാടി തന്നു എങ്കിലും ഇന്ന് ആ ലാഘവത്തിനാണ് ഈ സമൂഹത്തിൽ വില കൂടുതൽ എന്ന് മനസ്സിലാക്കുന്നു ...

പട്ടിയെ (നായ എന്ന് സ്നേഹത്തോടെ വിളിക്കാൻ തോന്നാഞ്ഞിട്ടാ ....നായ പ്രേമികൾ ക്ഷമിക്കുക ) കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നവർക്കു നാട്ടിലെ കടിയും , വലിയും ഒന്നും ഒരു പ്രശ്നമാകില്ല .....ചില വലിയ വലിയ പുള്ളികളൊക്കെ മൃഗസ്നേഹത്തെ ക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്നുണ്ട് ......

അത്രേം  വലുത് അല്ലെങ്കിലും ഈ കൊതുകും , ഉറുമ്പും , പാറ്റയും , എലിയും , പിന്നെയാ വലിയ പെഴിചാരിയുമൊന്നും ജന്തുക്കൾ അല്ലെ ......വിഷം കൊടുത്തും , ഗുളിക കൊടുത്തും , അടിച്ചും ഞെരിച്ചുമൊക്കെ ഇപ്പറഞ്ഞ കൂട്ടരേ കൊല്ലാം  എങ്കിൽ മനുഷ്യ ജീവന് ഭീഷണി ആകുന്ന പട്ടിയെ കൊന്നാൽ എന്താ കുഴപ്പം ......?

മനുഷ്യനെ കൊല്ലുന്ന മനുഷ്യനെ  തൂക്കികൊല്ലാൻ നിയമം ഉണ്ട് ... 
എന്നാൽ മനുഷ്യനെ കൊല്ലുന്ന പട്ടിക്കുള്ള ശിക്ഷ വന്ധ്യംകരിക്കൽ ആണ് ....എന്ത് നല്ല നിയമം ......പട്ടിയുടെ കുട്ടിയെ അല്ല , കുട്ടികളെ കൊല്ലുന്ന പട്ടിയെ ആണ് കരിക്കേണ്ടത് .....

പട്ടി സ്നേഹത്തെ കുറിച്ച് വിളമ്പുന്ന വലിയ സാറന്മാരും , മാഡങ്ങളും കൂടി കടാപ്പുറത്തു പോയി തെരുവ് പട്ടികളെ മടിയിലെടുത്തു വച്ച് താലോലിച്ചു നോക്കണം ...അപ്പൊ അറിയാം കടിയുടെ വില ....

മണിമാളികയുടെ  തണുപ്പിൽ ഇറക്കുമതി ചെയ്ത ബിസ്ക്കറ്റും കഴിച്ചു ജീവിക്കുന്ന പട്ടികളെയും കെട്ടിപ്പിടിച്ചു തെരുവ് നായയ്ക്ക് ഉമ്മ കൊടുക്കാൻ പ്രസംഗിക്കുന്നതിനേക്കാൾ വലിയ മണ്ടത്തരം എന്താണ് ഹേ ....????

ഇനി കൊല്ലാൻ അത്രയ്ക്ക് താൽപര്യമില്ലെങ്കിൽ ഒരു കാര്യം ചെയ്തേക്കു ....ഈ തെരുവ് പട്ടികളെ എല്ലാം കൂടെ വണ്ടിയിൽ കെട്ടി പട്ടി  സ്നേഹികളുടെ വീട്ടിലേക്കു ഇറക്കുമതി ചെയ്യൂ...അവർ നോക്കി വളർത്തട്ടെ .....

അല്ലെങ്കിൽ  തെരുവ് നായ നിർമാർജനം  എന്നൊരു പദ്ധതിയുമായി ഒരു വണ്ടി ഇറക്കി , ഈ തെണ്ടി നടക്കുന്ന നായകളെ എല്ലാം പിടിച്ചു അതിൽ കേറ്റി വല്ല റീഹാബിലിറ്റേഷൻ സെന്ററിലും കൊണ്ട് പോയി ചേർക്കുന്നതാവും ഉചിതം ....അക്രമ വാസന തീരുമ്പോൾ തിരികെ കൊണ്ട് വരാം.....!!!അതാണ് ഒരു നല്ല ഐഡിയ ....

ജന്മം നൽകാൻ അർഹത ഇല്ലാത്തവന് ജീവനെടുക്കാനും അർഹത ഇല്ല ...ഈ ഭൂമി മനുഷ്യന്റെ മാത്രം അല്ല ...എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണ് ....എങ്കിലും അർഹതയുള്ളവരുടെ അതിജീവനം
 (Survival Of The fittest)


അതാണ് പ്രകൃതിയുടെ നിയമം ....അതിജീവിക്കേണ്ടതും ,അതിനുള്ള അർഹത നേടണമോ , വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും മനുഷ്യനാണ് ........


അധികം വൈകാതെ ഇരുന്നാൽ നന്ന് ....ഇല്ലെങ്കിൽ സിനിമയിൽ കണ്ടപോലെ പട്ടികളൊക്കെ ചേർന്ന് നാട് ഭരിക്കുന്ന കാലവും വിദൂരമല്ല .....

Thursday, 18 August 2016

#vaynottam#14#second

വെറും 14 സെക്കൻഡ്  മതി മോനേ .....ജീവിതം മാറാൻ .....!!!!!!


അതൊരു വല്ലാത്ത ചെയ്ത്ത്  ആയിപ്പോയി അണ്ണാ ......കൂടെ ഒരെണ്ണം നടന്നാലും വഴിയിലൂടെ പോകുന്ന സുന്ദരിയെ ഒന്ന് വായ്‌നോക്കുമ്പോൾ കിട്ടുന്ന ആ പരമാനന്ദം ....അതൊന്നും ഈ പറഞ്ഞ 14 സെക്കൻഡിനുള്ളിൽ ഒതുങ്ങില്ലെന്നേ .......അതൊക്കെ മനസ്സിലാക്കണമെങ്കിൽ വായ്നോട്ടത്തിൻ്റെ മാഹാത്മ്യം ആദ്യം മനസ്സിലാക്കണം ....അതിനു സെൻസ് വേണം ...,സെന്സിബിലിറ്റിയും , സെൻസിറ്റിവിറ്റിയും  ഒക്കെ വേണം ......

പ്രായവും , സൗന്ദര്യവുമൊന്നും ശരിക്കും പറഞ്ഞാൽ വായ്നോട്ടത്തിൻ്റെ മാനദണ്ഡങ്ങളേ  അല്ല ....... ആർക്കും ആരെ വേണമെങ്കിലും വായ്‌നോക്കാം ...പക്ഷെ നോക്കലിന്റെ ആക്കം കൂടിയാൽ നോക്കിയവന്റെ കാര്യത്തിൽ ഒരു തീരുമാനം ആകുമെന്ന് മാത്രം ....

പെണ്ണിനെ വെറുതെ ഒന്ന് നോക്കി പോകുന്നവർ .....
അവളുടെ ആകാരവടിവിനെ നോക്കുന്നവർ ...
അടി മുതൽ മുടി വരെ നോക്കുന്നവർ .....
അവളുടെ നടത്തത്തിന്റെ മാത്രം ഭംഗിയെ നോക്കുന്നവർ ...
കണ്ണിനെ നോക്കുന്നവർ ....
ചിരിയിൽ വീണു പോകുന്നവർ .......
ഉടയാടയുടെ ഭംഗിയിൽ നോക്കുന്നവർ ........(തീർന്നില്ല കേട്ടോ ....നോക്കുന്നവന്റെ മനോഹിതം പോലെ ......)

ഇങ്ങനെ പലതരത്തിലും നോക്കാം ....ഈ നോട്ടങ്ങളൊക്കെ നല്ല രീതിയിൽ നോക്കി തീരാൻ 14 സെക്കൻഡ്  കൊണ്ടൊന്നും പറ്റിയെന്നു വരില്ലെന്നേ .....


നോട്ടം ആണിന്റെ മാത്രം കുത്തക ഒന്നും അല്ല കേട്ടോ ....ആണുങ്ങളേക്കാൾ മനോഹരമായി വായ്നോക്കുന്നവരാണ് പെൺപിള്ളേർ ....ഇങ്ങോട്ടു നോക്കുന്ന ചേട്ടന്മാരെ ചേട്ടന്മാർ അറിയാതെ തന്നെ മനോഹരമായി നോക്കികൊല്ലുന്ന ചേച്ചിമാരും കേരളത്തിലുണ്ട് കേട്ടോ .....ആ നോട്ടത്തിനു സെക്കന്റിന്റെ കണക്കൊന്നും ബാധകം അല്ലെന്നേ ....


ഒരു പുരുഷൻ സ്ത്രീ അയാൾക്കരികിലേക്ക് എത്തുമ്പോൾ ആണ് നന്നായൊന്നു നോക്കാൻ തുടങ്ങുന്നത് എങ്കിൽ സ്ത്രീകൾ നേരെ തിരിച്ചാണ് ....ദൂര ദൃഷ്ടിയിൽ പുരുഷനെ നോക്കുകയും , അയാൾക്ക്‌ അരികിലേക്ക് എത്തുമ്പോൾ അവൾ നോട്ടം പിൻവലിക്കുകയും ചെയ്യുന്നു .....

ഈ നോട്ടം ഒരു ആഗോള പ്രതിഭാസം ആണെങ്കിലും ചില നോട്ടങ്ങൾ ഉണ്ട് ,,,,അത് തീരെ അൺസഹിക്കബിൾ ആണ് ....ഒരുമാതിരി ശരീരത്തെ കുത്തിത്തുളയ്ക്കുന്ന തരത്തിലുള്ള വൃത്തികെട്ട നോട്ടങ്ങൾ ....ആ നോട്ടം കാണുമ്പോൾ ആണ് നിനക്കൊന്നും അമ്മയും പെങ്ങളുമില്ലേ എന്ന് പലരും ചോദിച്ചു പോകുന്നത് ....

അനാവശ്യമായ നോട്ടങ്ങളെ നിയമം കൊണ്ട് നേരിടാനുള്ള വഴി എന്തായാലും നല്ലതു തന്നെ ......പക്ഷെ അവിടെയുമുണ്ട് ചില പ്രശ്നങ്ങൾ .
ബസ്സിൽ ഒക്കെ നിൽക്കുമ്പോൾ ചില അമ്മായിമാരും , അമ്മച്ചിമാരുമൊക്കെ ആണുങ്ങളേക്കാൾ കുത്തിത്തുളയ്ക്കുന്ന രീതിയിൽ നോക്കാറുണ്ട്. അതിനു ആരോട് പോയി പരാതി പറയാനാണ് ....???

നോക്കരുത് ..., നോക്കിയാൽ പോലീസ് പിടിക്കും എന്ന് ബോർഡ് വച്ചാലൊന്നും ഒരു കാര്യവുമില്ല കേട്ടോ ....ആരെങ്കിലുമൊക്കെ ഒന്ന് നോക്കാൻ വേണ്ടി കണ്ണാടിക്കു മുന്നിൽ മണിക്കൂറുകൾ ചിലവഴിക്കുന്ന പെൺപിള്ളേരും , ആരെയെങ്കിലും ഒന്ന് നോക്കാൻ കിട്ടിയാൽ മതി എന്നും പറഞ്ഞു ഫ്രീക്കി  നടക്കുന്ന ചെക്കന്മാരും ഉള്ളിടത്തോളം കാലം ഈ നോട്ടം ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും ,,,,ഇനി നിയമം പാസാക്കി പിള്ളേരെ പിടിച്ചു ജയിലിൽ അടയ്ക്കാൻ തുടങ്ങിയാലേ കേരളത്തിലെ എല്ലാ പുരുഷന്മാരും ജയില് വീടാക്കേണ്ടി വരും .......

അത് കൊണ്ട് നോക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് :-

 വായ്നോക്കിക്കോളു , തുറിച്ചു നോക്കിക്കോളൂ , ചാഞ്ഞോ ചരിഞ്ഞോ നോക്കിക്കോളൂ ....പക്ഷെ  നമ്മുടെ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ മറ്റൊരുവന് ഏതു രീതിയിലൊക്കെ വായ്നോക്കാമോ ആ പരിധിക്കുള്ളിൽ നിന്നുകൊണ്ട് വേണം നമ്മൾ മറ്റൊരു പെണ്ണിനെ  നോക്കാൻ ......!!!!!!

Friday, 20 May 2016

തോറ്റു പോയ ഉമ്മേട്ടനില്ല നാണക്കേട്‌ ....പിന്നല്ലേ ഇന്ന് വരെ ജയിച്ചിട്ടില്ലാത്ത എനിക്ക് ....ഹല്ലാ പിന്നെ ....!!!!!!!!!!!!!!!!!!!!!!!

തോറ്റു പോയ ഉമ്മേട്ടനില്ല നാണക്കേട്‌ ....പിന്നല്ലേ ഇന്ന് വരെ ജയിച്ചിട്ടില്ലാത്ത എനിക്ക് ....ഹല്ലാ പിന്നെ ....!!!!!!!!!!!!!!!!!!!!!!!


ഒത്തിരി നാളായി എന്തെങ്കിലും ഒന്ന് എഴുതിയിട്ട് ...
വിഷയ ദാരിദ്ര്യം ഒന്നുമല്ല കാരണം .....
ഒരുപാട് പേര് ഒരേ സ്വരത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെ ഞാനും പറഞ്ഞിട്ട് എന്ത് കിട്ടാൻ എന്ന ചിന്തയാണ് ഒന്നും എഴുതാതിരിക്കാനുള്ള കാരണം ....

ലൈക്‌ കിട്ടുക , കമന്റ്‌ വാരി കൂട്ടുക എന്നുള്ള ഉദ്ദേശ്യങ്ങൾ പണ്ടേ ഇല്ല ......
അഭിപ്രായങ്ങൾ പറയുന്നവർ നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്‌ ....
വായനക്കാരുടെ എണ്ണം കൂടുന്നത് ഒരു തരം പ്രോത്സാഹനമാണ് .....
എന്നിരിക്കിലും ഉള്ളിൽ കിടന്നു തിളയ്ക്കുന്ന സാമ്പാറിനെ നാട്ടുകാരുടെ സദ്യക്ക് കറിയാക്കിട്ട് എന്ത് പ്രയോജനം ....??
ഉപ്പും പുളിയും പാകമാണെന്ന് ഈ സദ്യവട്ടക്കാരനും തോന്നേണ്ടേ ....??

ഈ എഴുത്ത് , ഇതൊരു പ്രതികരണമാണ് ...
ചുറ്റും കാണുന്നതിനോടും , കേൾക്കുന്നതിനോടുമൊക്കെ ഞാൻ എന്ന വ്യക്തിക്ക് തോന്നുന്ന വ്യക്തിഗതാഭിപ്രായങ്ങൾ ......
അതിനു നേരവും , കാലവുമില്ല ...
അതിനു വാക്കുകളുടെ ചിട്ടയോ , വ്യാകരണത്തിന്റെ നിയമമോ അനിവാര്യമല്ല ....
അതിനു കേൾവിക്കാരും , നിരൂപകരും നിർബന്ധമില്ല.....
അതിനു താള നിബദ്ധതയോ , ഉച്ചാരണ ഭംഗിയോ ആവശ്യമില്ല .....
ഈ എഴുത്തിനു ആവശ്യമുള്ളത് ഒന്ന് മാത്രം .........
ഈ എഴുത്തുകാരന്റെ സംതൃപ്തി .....!!!!!
അത് കിട്ടുന്നില്ല എന്ന സ്വയം തോന്നൽ ആണ് വീണ്ടുമൊരു പ്യൂപ്പയിലേക്ക് പോകാൻ എന്നെ നിർബന്ധിതയാക്കുന്നത് .....

എഴുതുമ്പോൾ ചിലപ്പോഴൊക്കെ എഴുത്തുകാരനും , എഴുത്തുകാരിയുമായി അറിയാതെ മാറിപ്പോകുന്നുണ്ട്....ഒരാളിൽ ഉറച്ചു നില്ക്കുന്നില്ല .എങ്കിലും അതിൽ ഒരു തെറ്റും കാണുന്നില്ല ....ആരെഴുതുന്നു എന്നതിനേക്കാൾ പ്രാധാന്യം എന്തെഴുതുന്നു എന്നതിൽ അല്ലേ.....!!!

ഇത്തവണ രണ്ടു വിഷയങ്ങൾ കിട്ടി ....
ഇക്കഴിഞ്ഞ നിയമസഭ ഇലക്ഷനും , അതിനു മുന്നേ കഴിഞ്ഞ ജിഷയുടെ ക്രൂരമെന്നോ , ദാരുണമെന്നോ  തിരിച്ചറിയാനാകാത്ത മരണവും ....
രണ്ടും വളരെ വലിയ വിഷയങ്ങൾ തന്നെ .....

പക്ഷെ അലമുറ കൂട്ടിയിട്ടും അണയാതെ എരിയുന്ന നിർഭയയും , സൗമ്യയും കണ്മുന്നിലുള്ളപ്പോൾ #ജിഷേ ..നിനക്ക് വേണ്ടി ഞാൻ എന്ത് വാദിക്കാൻ ....????
നിന്റെ പേരിനു പകരം എന്റെ പേര് എന്നാണ് വരുന്നത് എന്ന ഭീതി മാത്രമേ നിന്നെ കുറിച്ചു ഓർക്കുമ്പോൾ എനിക്കുള്ളൂ .......

പിന്നെ രാഷ്ട്രീയം ,......
ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന ജനാധിപത്യ ഭരണാധികാരികളെ മനസ്സിലാക്കാൻ തുടങ്ങിയ നാൾ മുതൽ എന്റെ കൊടിയ്ക്ക് ദേശിയപതാകയുടെ നിറം മാത്രമേ ഉള്ളു .....
ആര് ഭരിച്ചാലും നാട് നന്നായാൽ മതി എന്ന ചിന്തയെ ഇപ്പോൾ രാഷ്ട്രീയ പ്രതികരണമായി അവശേഷിക്കുന്നുള്ളൂ .....!!!
പക്ഷെ നാട് നന്നാവാൻ ആദ്യം നമ്മൾ നന്നാവണം എന്നാണല്ലോ ചൊല്ല് ...ആ നമ്മൾ , നമ്മളിൽ ആരെന്നു ഇതേവരെ ഒരു തീരുമാനം ആകാത്തത് കൊണ്ട് രാഷ്ട്രീയം ഹമാരെ ലിയെ ഏക്‌ അധൂരാ കാം ഹെ ഭായി സാബ് ...

അപ്പോൾ പറഞ്ഞു വന്നത് ഇത്രേ ഉള്ളു ....
ഒരു കനലെങ്കിലും കെടാതെ ഈയുള്ളവന്റെയുള്ളിൽ എരിയുന്നിടത്തോളം ഈ കുത്തിക്കുറിപ്പുകൾ അനന്തമായി തുടരും ....
സ്വീകരിച്ചാൽ സന്തോഷം ....
കൂടെ കൂട്ടിയാൽ അതിലേറെ സന്തോഷം .....
തിരസ്കരിച്ച്ചാൽ ഇന്നാ  പിടിച്ചോ " ഒരു ലോഡ് പുച്ഛം "എന്നും പറഞ്ഞിട്ട് ഞാൻ വീണ്ടും ഇതൊക്കെ തന്നെ തുടരും അണ്ണാ.....

തോറ്റു പോയ ഉമ്മേട്ടനില്ല നാണക്കേട്‌ ....പിന്നല്ലേ ഇന്ന് വരെ ജയിച്ചിട്ടില്ലാത്ത എനിക്ക് ....ഹല്ലാ പിന്നെ ....!!!!!!!!!!!!!!!!!!!!!!!


Sunday, 8 March 2015

നിര്‍ഭയയുടെ ഓര്‍മയ്ക്ക് ........

നിര്‍ഭയയുടെ ഓര്‍മയ്ക്ക് ........                   


നിര്‍ഭയയെന്ന പേര് നല്‍കി  സഹതാപത്തോടെയും വേദനയോടെയും ഭാരതം ഉറ്റു നോക്കിയ കണ്ണീര്‍ മലരുകള്‍ ഓര്‍മയിലൊരു മെഴുതിരിയായി എരിയുമ്പോള്‍ നമ്മള്‍ മറ്റൊരു  വനിതാ ദിനത്തിന്റെ ആഘോഷചൂടിലേക്ക് she walkathon-മായി ഓടുകയാണ് ..

അവകാശങ്ങളും ,നീതിയും ,സ്വാതന്ത്ര്യവും ,ജീവിതത്തിന്റെ
നിറമുള്ള സ്വപ്നങ്ങളുമൊക്കെ മരണത്തിന്റെ തീചൂളയിലെക്ക് തന്റെ അനുവാദമില്ലാതെ ഓടിയകലുന്നത് കണ്ടു നിസ്സഹായയായി നിന്ന പെണ്‍കുട്ടി -ഭാരതത്തിന്റെ മകള്‍ -അവള്‍ ഈ ഭൂമിയില്‍ ജീവിക്കുന്ന ഓരോ
പെണ്‍കുട്ടിയുടെയും പ്രതിനിധിയാണ്‌ ...
അവളുടെ സ്വപ്നങ്ങളുടെ ,സ്ത്രീത്വത്തിന്റെ ,ഘാതകന്‍ അജയ്യനായി
സര്‍വ സുഖങ്ങളോടും കൂടി ജീവിക്കുന്നു ....
എല്ലാ സ്വാതന്ത്ര്യത്തോടും കൂടി ....,
എല്ലാ മാനുഷികാവകാശങ്ങളോടും കൂടി ......

ഒരു വ്യക്തി എന്ന നിലയില്‍ സ്ത്രീക്ക് അവള്‍ അര്‍ഹിക്കുന്ന പരിഗണന ഈ സമൂഹത്തില്‍ നിന്നും ലഭിക്കുന്നുണ്ടോ ..?
കഴിഞ്ഞ കുറച്ചു നാളുകളായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ഏറ്റു പിടിച്ചു വാര്‍ത്താ പ്രാധാന്യം നേടിയ ഡോകുമെന്ററി India's Daughter സമൂഹത്തിനു നേരെ ഉയര്‍ത്തുന്ന ഒരു വലിയ  ചോദ്യമുണ്ട് ...
അത് സ്ത്രീ സുരക്ഷയ്ക്ക് നേരെയുള്ള ചോദ്യമല്ല ....

ഇന്ത്യന്‍ ഭരണഘടനയ്ക്ക് നേരെ ....
ഇന്ത്യന്‍ നീതി നിയമങ്ങള്‍ക്കു നേരെ ...
പൌരന്‍റെ മൌലിക അവകാശങ്ങള്‍ക്കും ,സ്വാതന്ത്ര്യങ്ങള്‍ക്കും നേരെയുള്ള
ചോദ്യമാണ് ആ ഡോകുമെന്ററി ...

എന്ത് കൊണ്ടാണ് സ്ത്രീകള്‍ക്കെതിരെ ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് എന്ന ചോദ്യത്തോടൊപ്പം തന്നെ പ്രസക്തമാണ് ഇങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നവരെ എന്ത് കൊണ്ട് കാലങ്ങളോളം നിയമത്തിന്‍
കീഴിലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു എന്നതും ...?ഒരു നിമിഷത്തിന്റെ ദയവു പോലും അര്‍ഹിക്കാത്ത ഇത്തരക്കാരെ ഭൂമിയില്‍ ജീവിക്കാനായി വീണ്ടും അനുവദിക്കുന്നതാണ് നിയമം ഈ സമൂഹത്തോട് ചെയ്യുന്ന തെറ്റ് ...

ഒരു ജനാധ്യപത്യ രാജ്യത്തില്‍ ജീവിക്കുന്ന ഏതൊരു പൌരന്റെയും വിശ്വാസം അവന്റെ ഭരണഘടനയുടെ തത്ത്വശാസ്ത്രത്തിലാണ് ...എന്നാല്‍ ഇന്ന് ആ വിശ്വാസത്തിനു നേരേയേറ്റ ക്ഷതമാണ് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും
സസുഖം ജീവിക്കുന്ന കുറ്റവാളികള്‍ ...ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കാനുള്ള മനസ്ഥിതി പോലുമില്ലാതെ ,  ഭാരത സ്ത്രീകളുടെ ഭാവശുദ്ധിയെക്കുറിച്ചു വാചാലനാകുന്ന മനുഷ്യത്ത്വം നഷ്ടപ്പെട്ട വിഷ ജന്തുക്കള്‍ ഇന്നും ജീവിച്ചിരിക്കുന്നത്‌ രാഷ്ട്രത്തിന്റെ നിയമസംഹിതയുടെ തോല്‍വി തന്നെയല്ലേ ....?

ഹെല്‍മെറ്റ്‌ വയ്ക്കാതെ ,സീറ്റ്ബെല്‍റ്റ് ഇടാതെ ,ലൈസെന്‍സ് ഇല്ലാതെ വണ്ടി ഓടിക്കുന്നവന് നിമിഷ നേരം കൊണ്ട് പിഴ ചുമത്തുന്ന രാജ്യം ...
മദ്യം വിഷമാണെന്ന് പറഞ്ഞു ബാറുകള്‍ പൂട്ടി മദ്യനിരോധന നിയമം നടപ്പാക്കിയ രാജ്യം ....
പൊതു സ്ഥലത്ത് പുകവലിക്കുന്നവന്  ശിക്ഷ നടപ്പാക്കുന്ന രാജ്യം ....
പക്ഷേ എന്ത് കൊണ്ട് ......., ക്രൂരമായി ഒരു പെണ്‍കുട്ടിയെ കൊന്നവനെ ഇന്നും
ആ രാജ്യം ജീവനോടെ സംരക്ഷിക്കുന്നു ....???

വ്യക്തിത്വ വികസനത്തിന്റെ ആദ്യപാഠങ്ങള്‍ ഒരുവന്‍ പഠിക്കുന്നത് അവന്റെ കുടുംബത്തില്‍ നിന്നുമാണ് ..ആ അടിസ്ഥാന രൂപികരണത്തില്‍ ഉണ്ടാകുന്ന പാകപ്പിഴകള്‍ തന്നെയാണ് ഒരു വ്യക്തിയുടെ സ്വഭാവ വൈകൃതത്തിനു
കാരണവും ....ഏതൊരു സ്ത്രീയിലും ഒരു അമ്മയുണ്ട്‌ എന്ന തിരിച്ചറിവാണ് ഒരാള്‍ ആദ്യം നേടേണ്ടത് ... ആ തിരിച്ചറിവ് അവനു പകര്‍ന്നു നല്‍കേണ്ടത് ജന്മം നല്‍കിയ അമ്മയും ...ലോകത്തെ ഏതൊരു പെണ്ണിനേയും
സ്വന്തം അമ്മയായോ ,മകളായോ , സഹോദരിയായോ കാണാന്‍ കഴിയാത്ത പുരുഷന്‍ നാടിന്റെ തന്നെ ശാപമാണ് ...

നമ്മുടെ സംസ്കാരം  നമ്മോടു ചെയ്ത ഒരു വല്യ തെറ്റായി ഇന്ന് വര്‍ഗവിവേചനം മാറിയിരിക്കുന്നു  ..
പുരുഷനെന്നും സ്ത്രീയെന്നുമുള്ള വിവേചനം ...അത് തീര്‍ച്ചയായും ആവശ്യമുള്ളത് തന്നെ ...
പക്ഷേ ആ വിവേചനം നമ്മിലേല്‍പ്പിച്ച സാംസ്കാരികക്ഷതമാണ് സ്ത്രീ എന്നും
പുരുഷന് കീഴില്‍ നില്‍ക്കണമെന്ന അടിമത്ത നയം ....ആ നയം തന്നെയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് മൂല കാരണവും ....

രാത്രി എന്നാല്‍ പെണ്ണിന് മുറി അടച്ചിരിക്കേണ്ട സമയമാണോ...?
വസ്ത്ര സ്വാതന്ത്ര്യവും ,അഭിപ്രായ സ്വാതന്ത്ര്യവും
ആണിന്റെ മാത്രം കുത്തകയാണോ ....?
പുരുഷ സൗഹൃദങ്ങളും ,പുരുഷ സുഹൃത്തിനോടോപ്പമുള്ള സഞ്ചാരവും
പെണ്ണിന് വിലക്കപ്പെട്ട കനിയാണോ ....?

രാത്രി പുരുഷനായ സുഹൃത്തിനോടൊപ്പം പുറത്തിറങ്ങിയതാണ് പെണ്‍കുട്ടി ചെയ്ത തെറ്റ് ...അത് കൊണ്ടാണ് അവളെ ഉപദ്രവിച്ചതെന്ന ന്യായം വിളമ്പുന്നവനോടോന്നു ചോദിക്കട്ടെ .......,,,,,വീട്ടിനുള്ളില്‍ ജീവിച്ചിട്ടും
എല്ലാം നഷ്ടപ്പെട്ടു പോയ പെണ്‍കുട്ടികള്‍ ചെയ്ത തെറ്റ് എന്താണ് ....?അച്ഛനും ,അമ്മാവനും ,കൂടപ്പിറപ്പുമൊക്കെ കാമം നിറഞ്ഞ കണ്ണോടെ അവളെ നോക്കുന്നത് അവള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ....??

ലൈംഗികതയ്ക്ക്  വേണ്ടി മാത്രമുള്ള ഒരു ഉപഭോഗ വസ്തുവാണോ സ്ത്രീ ....????

പുരുഷനെ മാത്രം അടച്ചാക്ഷേപിച്ചത് കൊണ്ടായില്ല .....സ്ത്രീയുടെ മൂല്യവും  ,പവിത്രതയും കാത്തു സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം സ്ത്രീകള്‍ക്കുമുണ്ട് ..
മാര്‍ക്കെറ്റിംഗില്‍  സ്ത്രീ ഇന്ന് ഒരു അഭിവാജ്യ ഘടകമാണ് ...വ്യക്തമായി നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സത്യമുണ്ട് ....സ്ത്രീയുടെ ശരീരം പ്രദര്‍ശിപ്പിക്കാത്ത പരസ്യങ്ങള്‍ വിരളം ...ഒരു bike-ന്‍റെ
അല്ലെങ്കില്‍ പുരുഷന്മാര്‍ ഉപയോഗിക്കുന്ന ഒരു body spray -യുടെ ഒക്കെ പരസ്യങ്ങളില്‍ അല്‍പവസ്ത്ര ധാരിണിയായ ഒരു സ്ത്രീയുടെ ആവശ്യകത എന്താണ് ....?

ഇന്നത്തെ കുട്ടികള്‍ ജനിച്ചു വീഴുന്നത് തന്നെ new generation ലോകത്തേക്കാണ്‌ ..അവിടെ മാതാപിതാക്കളെക്കാള്‍ കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും ഇന്റര്‍നെറ്റും ,സോഷ്യല്‍ മീഡിയയും പകര്‍ന്നു നല്‍കുന്ന അറിവുകളാണ് .
പാഠപുസ്തകത്തിലെ കഥകളെക്കാള്‍ അവരുടെ ഉള്ളില്‍ ജ്വലിച്ചു നില്‍ക്കുന്നത് സിനിമയിലും ,മറ്റും കേള്‍ക്കുന്ന വാചകങ്ങള്‍ .......
ഒരു ഭാഗത്ത് മാതാപിതാക്കള്‍ക്ക് മക്കള്‍ക്കായി കണ്ടെത്താന്‍ സമയമില്ല ...മക്കള്‍ എന്ത് ചെയ്യുന്നു എന്നു അന്വേഷിക്കാന്‍ കഴിയുന്നില്ല ....മറുഭാഗത്ത് മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇടയില്‍ generation gap .
അത് കാരണം മക്കളെ ഉപദേശിക്കാനോ ,മക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനോ അവര്‍ക്ക് കഴിയുന്നില്ല ..
എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു അടിസ്ഥാനം എപ്പോഴും ഉണ്ടാകും ...ആ അടിസ്ഥാനത്തിലെക്കാണ് നമ്മള്‍ ഇറങ്ങി ചെല്ലേണ്ടത് .....അവിടെ നിന്നാണ് പരിഹാരം കണ്ടെത്തെണ്ടുന്നതും ....

"All indians are my brothers and sisters" എന്നു പ്രതിജ്ഞ ചൊല്ലിയവരാണ് നമ്മള്‍ ഓരോരുത്തരും ......
സഹോദരിയായി കാണണം എന്നില്ല ...ഒരു സ്വതന്ത്ര വ്യക്തിയായി അവളെ കാണാനെങ്കിലും കഴിഞ്ഞില്ലെങ്കില്‍പിന്നെ "India is my country " എന്നു പറയാനുള്ള യോഗ്യത പോലും ഇല്ലാത്ത മൃഗങ്ങളെക്കാള്‍ നികൃഷ്ടമായ
ജന്മങ്ങളായി നമ്മള്‍ മാറി പോകും .

ഞാനും ഒരു സ്ത്രീയാണ് ...എന്റെ നേര്‍ക്ക്‌ നീളുന്ന ഓരോ കണ്ണുകളെയും ഉള്ളില്‍ ഒരു ഭയത്തോടെ വീക്ഷിക്കുന്നവള്‍.....സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കുമ്പോളും ഞാന്‍  ഭയചകിതയാണ് ....നാളത്തെ നിര്‍ഭയ ഒരു പക്ഷേ ഞാനായെക്കുമെങ്കിലോ എന്ന ഭയം ....
ഓരോ ഇന്ത്യന്‍ സ്ത്രീയുടെ ഉള്ളിലുംനിലനില്‍ക്കുന്ന ഭയം ....
ഈ ഭയത്തിനു ഒരു അന്ത്യം ഉണ്ടാകട്ടെ ......
ഇനിയും നിര്‍ഭയകള്‍ പിറക്കാതിരിക്കട്ടെ ...
ഈ വനിതാ ദിനത്തിലെങ്കിലും ഒരു മാറ്റത്തിന്റെ ദീപശിഖ തെളിയട്ടെ ....

(note :ലോകത്തെ എല്ലാ പുരുഷന്മാരും ചീത്ത സ്വഭാവത്തിന് ഉടമകളല്ല ..പക്ഷേ ഒരു വ്യക്തി ഒരു സമൂഹത്തിന്റെ പ്രതിനിധീ ആയതു കൊണ്ട്  ഒരു വ്യക്തി ചെയ്യുന്ന തെറ്റ് ഒരു വിഭാഗത്തിന്റെ തന്നെ അധപ്പതനത്തിനു കാരണമാകുന്നു എന്നു മാത്രം )

Tuesday, 23 December 2014

സമരമുണ്ടോ സഖാവെ ...ഒരു ചുംബനം കിട്ടാൻ ...!

സമരമുണ്ടോ  സഖാവെ ...ഒരു ചുംബനം കിട്ടാൻ ...!

ചുംബനം ...അതൊരു സംഭവമാണെന്ന് ഞാനറിയുന്നത് ഈ അടുത്ത കാലത്താണ് .....കൊച്ചിയിൽ ഒരു ചുംബന സമരം നടക്കാൻ പോകുന്നു എന്ന് എപ്പോഴോ കേട്ടിരുന്നു ..എങ്കിലും അന്ന് അതെന്താണെന്ന് ചികഞ്ഞെടുക്കാൻ എന്തു കൊണ്ടോ തോന്നിയില്ല ....

.കൊച്ചി സമരം നടക്കുന്ന ദിവസം ഒരു ഫേസ്ബുക്ക്  സുഹൃത്താണ് ഇങ്ങനൊരു സംഭവം നടക്കുന്നു നീയറിഞ്ഞോ ...എന്താ നിന്റെ  അഭിപ്രായം എന്ന ചോദ്യവുമായി വന്നത് ..


.അങ്ങനെ നേരെ വാർത്താ ചാനൽ ഇട്ടു ...സംഗതി എന്താന്ന് മനസ്സിലാക്കാനുള്ള ശ്രമം തുടങ്ങി ...കോഴിക്കോട്ടെ ഏതാണ്ടൊരു  കോഫി  ഷോപ്പിനു കിട്ടിയ ഒരു സല്ലാപ പണിയാണ് ഇങ്ങനൊരു ചരിത്ര പ്രസിദ്ധമായ സമരത്തിനു കാരണം എന്നു ചാനലുകാർ മനസ്സിലാക്കി തന്നു ....ചാനലുകളിൽ നല്ല കിടിലൻ മുദ്രാവാക്യ മഴ ..

"ചുംബിക്കും ...ചുംബിക്കും ...മരണം വരെയും ചുംബിക്കും ..."
"ചുംബിക്കും ...ചുംബിക്കും ...ജീവിക്കാനായ് ചുംബിക്കും ..."

എന്നും പറഞ്ഞു ഒരു കൂട്ടം ....
.ഇംഗ്ലീഷ് സിനിമയിലെ ചൂടൻ ലിപ് ലോക്ക്  ഇവിടെ നമ്മുടെ കൊച്ചിയിലും നടക്കുന്നുണ്ടെന്ന് കേട്ട് അത് കാണാൻ ഇറങ്ങിയ മറ്റൊരു കൂട്ടം ...
പ്രതിഷേധത്തിന്റെ  വെല്ലുവിളിയുമായി മറ്റൊരു കൂട്ടം ...
ഇതൊക്കെ പകർത്തി റേറ്റിങ്ങ്  കൂട്ടാൻ  വേറൊരു കൂട്ടം ...
ഇതൊക്കെ ടി .വി . യിലൂടെ കണ്ടു പ്രതികരണ കുറിപ്പും ,സ്റ്റാറ്റസ് അപ്ഡാഷനും   നടത്താൻ  നമ്മളെ പോലെ കുറച്ചു പേർ ....

ഒരു പണിയുമില്ലാതിരിക്കുന്ന  സമയത്ത് നാടിന്റെ പ്രശ്നത്തിൽ നമ്മുടെ അഭിപ്രായം രേഖപ്പെടുത്താൻ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക് ഈയുള്ളവൾക്കും  സ്വാതന്ത്ര്യം ഉണ്ടല്ലോ ......അത് ലിഖിത ഭരണഘടന  നല്കിയ അനുമതി ......

"ചുംബിക്കണം എന്ന് ആഗ്രഹമുള്ളവർക്ക് ചുംബിക്കാൻ അവകാശമുണ്ട്‌ ....അത് പക്ഷെ പരസ്യമായി നടത്തേണ്ട കാര്യമില്ല ...സ്വകാര്യതകളെ എപ്പോഴും സ്വകാര്യമായി മാത്രം സംരക്ഷിക്കുക ....അത് ഭാരതീയ സംസ്കാരം നമ്മെ പഠിപ്പിച്ച  പാഠം ...   അതുകൊണ്ട് ഇതൊക്കെ വീട്ടിലിരുന്നു നടത്തിക്കോട്ടെ ..."-
എന്റെ അഭിപ്രായം സുഹൃത്തിന് നന്നേ ബോധിച്ചു ..ഒരു ലയ്കും പാസ്സാക്കി കക്ഷി അങ്ങ് പോയി .....

ഞാനും ആ കഥ അങ്ങ് മറന്നു ...അങ്ങനെയിരിക്കവേ കേട്ടു , ഹൈദരാബാദിലും  ഇത് പോലൊരു സംഗതി നടന്നു എന്ന് ....പക്ഷെ അവിടെ ഏതു കോഫീ  ഷോപ്പിൽ  ആണ് സല്ലാപം നടന്നെ എന്ന് അറിയാൻ കഴിഞ്ഞില്ല ....അപ്പൊ ദേ നമ്മുടെ സ്വന്തം തിരോന്തരത്തു  IFFK  പ്രദർശനത്തിന് മുൻപേ  ഒരു ചുംബന മാമാങ്കം അരങ്ങേറിയെന്നു കേൾവിപ്പെട്ടു .....താമസിയാതെ കോഴിക്കോടൻ ,കൊച്ചി ,തിരുവനന്തപുരം  ചുംബനങ്ങളുടെ ചുവടു പിടിച്ചു ആലപ്പുഴേലും ചുംബിക്കാൻ പോവാണെന്ന് കേൾക്കുന്നു ....

ചുംബനം നടത്തിയ കുറച്ചു പേരും നടത്തിപ്പിനായി  ഇറങ്ങിയ കുറച്ചു പേരും വളരെ പെട്ടെന്ന് തന്നെ പ്രസിദ്ധരായി  മാറി ...സോഷ്യൽ മീഡിയകളിൽ അവർ താരമായി ......അവകാശങ്ങൾ നേടി എടുത്തു എന്ന് കുറച്ചു പേർ വാദിക്കുന്നു ....
എന്താ ...ഏതാ എന്ന് വ്യക്തമായി നമുക്കും അറിയില്ല ....അറിയാത്ത കാര്യങ്ങളെ കുറിച്ചു അഭിപ്രായം പറയുന്നത് തീരെ ശരിയല്ല ...

അതുകൊണ്ട്  അറിയാവുന്ന കാര്യങ്ങളെ കുറിച്ചു പറയുന്നതാണ് ബുദ്ധി ...
ഏതോ സൂത്രയിൽ 40 തരം ചുംബനങ്ങൾ ഉണ്ടെന്നോ അതിൽ 16 -മത്തെയോ  മറ്റൊ ആണ് റോഡരികിൽ അരങ്ങേറിയതെന്നോ  മറ്റൊ പറയപ്പെടുന്നു ...എത്രാമത്തെ ആയാലും ഇതൊക്കെ റോഡിൽ ചെയ്യേണ്ടുന്ന സംഗതികളാണോ ...? 
എത്ര പുരോഗമന വാദികളാണെന്ന്  അവകാശപ്പെട്ടാലും  ഇതൊക്കെ ഉൾക്കൊള്ളാനുള്ളത്രയും  പുരോഗമന ചിന്താഗതിക്കാരാണോ നമ്മൾ ...?

സെക്രെട്ടറിയെറ്റിനു  മുൻപിലും  മറ്റു പല റോഡരികിലുമൊക്കെ  ഇതിനു മുൻപും ഇപ്പോഴും ധാരാളം സമരങ്ങൾ അരങ്ങേറുന്നുണ്ടല്ലോ ....ഇരിപ്പും ,നിൽപ്പും ,കിടപ്പും ,അനിശ്ചിതവും ,നിരാഹാരവും ,മൗനവും ,കണ്ണ് കെട്ടലും ,വായ കെട്ടലുമൊക്കെ ആയി നിരവധി ....അതിനൊന്നും കിട്ടാത്തത്രയും  പരിഗണന ആയിരുന്നു മാധ്യമങ്ങളും ജനസമൂഹവും ഈ സമരത്തിനു നല്കിയത് ....

കാലഘട്ടം  മാറുമ്പോൾ സമരമുറകളും  മാറുമെന്നത് ഒരു സത്യം ..പക്ഷെ അത് അംഗീകരിക്കണോ  വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികളിൽ അധിഷ്ഠിതമാണ് ....

ഇന്ത്യ ഒരു ജനാധിപത്യ  രാജ്യമാനെന്നും  ഇവിടുത്തെ പൗരന്മാർക്കു  കുറച്ചധികം അവകാശങ്ങളും ,സ്വാതന്ത്ര്യങ്ങളും  അനുവദിച്ചിട്ടുണ്ടെന്നിരിക്കിലും ......ഒരു പൗരൻ എന്ന നിലയ്ക്ക് രാജ്യത്തിന്റെ സംസ്കാരം കാത്തുസൂക്ഷിക്കേണ്ടതും  അത്യാവശ്യമാണെന്ന  സത്യം മറക്കാതിരുന്നാൽ  നന്ന് ...


ഞാൻ ചുംബിക്കുന്നത് എന്റെ സ്വാതന്ത്ര്യം ...അതിലേക്കു ഒളിഞ്ഞു നോക്കി അഭിപ്രായം പറയാൻ നീയാരാ  എന്ന് ചോദിച്ചാൽ  ഞാനീ  നാട്ടുകാരനല്ല  എന്ന് പറയുകയേ നിവൃത്തിയുള്ളൂ ........കാരണം ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളാണ്  യുവ തലമുറയുടെ ആവനാഴിയിൽ നിന്നുതിരുന്നത് ......

കാണാൻ ഇനിയും എത്രയോ ചുംബനപ്പൂരങ്ങൾ  ബാക്കി ..........!!!!

Thursday, 18 December 2014

കറുത്തമുത്ത് വെളുത്തപ്പോൾ ......!!

കറുത്തമുത്ത് വെളുത്തപ്പോൾ ......!!

സൂര്യൻ ചേട്ടൻ ഉച്ചിക്ക് മുകളിൽ കത്തി നില്ക്കുന്ന സമയം  .....കഴിച്ചു കഴിഞ്ഞ ഉച്ചയൂണിന്റെ ആലസ്യം കണ്ണുകളെ തടവിലാക്കാതിരിക്കാനായി  കവി വായനയിൽ ഏർപ്പെട്ടിരിക്കുന്ന  സമയം ....

ഒരു വഷളന്റെ   ( സ്വയം വഷളൻ  എന്ന് വാഴ്ത്തുന്ന ഒരുവന്റെ ) ബ്ലോഗിലൂടെ കവിയുടെ കണ്ണുകളങ്ങനെ  പതിയെ നീങ്ങുകയാണ് ..അവന്റെ കുസൃതിത്തരങ്ങൾ വായിക്കവേ കവിയുടെ ചുണ്ടിലും അറിയാതെ പുഞ്ചിരി വിടരുന്നുണ്ട് ..അപ്പോഴാണ് അടുത്തുള്ള മഹിളാസംഗമ വേദിയിലെ ചർച്ച കവിയുടെ ചെവിയിലുമെത്തിയത് .. അതോടെ കണ്ണ് വഷളന്റെ വരയിലും കാത് മഹിളകളുടെ ചർച്ചയിലെക്കും വഴിമാറി .....

അല്പം കഴിഞ്ഞപ്പോൾ കവിക്ക്‌ കാര്യം പിടി കിട്ടി . ചർച്ച മറ്റൊന്നിനെക്കുറിച്ചുമല്ല ..മലയാളി വീട്ടമ്മമാരുടെ ഹൃദയം കീഴടക്കിയ കറുത്തമുത്തിനെ  കുറിച്ചാണ് ....


"ആ പെങ്കൊച്ചു കാണാൻ എന്തൊരു സുന്ദരിയാണെന്നോ.....നല്ല വെളുത്തിട്ടാ ...ഇവര് മേക്കപ്പിട്ടു  കറുപ്പിച്ചതാണെന്ന്  കണ്ടാൽ പറയുമോ ...? "

"ഒരു ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞു മേക്കപ്പൊക്കെ കഴുകിക്കളയാൻ  എത്ര നേരം വേണ്ടി വരും ആ കൊച്ചിന് ...കഷ്ടം തന്നെ ...."

കമന്റുകൾ  അങ്ങനെ നീണ്ടു പോയെങ്കിലും കവി ഹൃദയം കേട്ടത് ഈ രണ്ടെണ്ണം മാത്രം ...പിന്നെ കവിയങ്ങു പറന്നു ....ചിന്താസരണിയിലേക്ക്‌ ......

ഈ സീരിയൽ തുടങ്ങിയ നാൾ മുതൽ കവി CID പണി തുടങ്ങിയതാണ് . വെളുത്ത പെണ്ണിനെയാണോ കറുപ്പിച്ചെടുത്തത് എന്നറിയാനുള്ള അക്ഷീണ CID പരിശ്രമം ..കണ്ടുപിടിച്ചിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു ദിവസങ്ങളോളം കവി ഉറക്കമൊഴിഞ്ഞ് ആ സീരിയൽ കണ്ടിട്ടുണ്ട് ..

പെങ്കൊച്ചു അല്പം അടക്കത്തിലും ഒതുക്കത്തിലും സാരിയൊക്കെ ഉടുക്കുന്നത് കൊണ്ട് ആകെപ്പാടെ കാണാൻ കിട്ടുന്നത് കൈയും , മുഖവും , പിൻകഴുത്തും ...ആ ഏരിയകളൊക്കെ  കറുത്തിട്ടാണ് ..പുതു നിറമുള്ള പെങ്കൊച്ചിനെ മേക്കപ്പിട്ട് ഈ കോലത്തിൽ  ആക്കിയതാണെന്ന  നിഗമനത്തിൽ കവി എത്തിചേർന്നു ...

അവിടെ Investigation അവസാനിപ്പിച്ചു സ്വസ്ഥമായി  ഇരിക്കുമ്പോൾ അല്ലേ മഹിളാ സംഗമം ....എന്തും വരട്ടെയെന്നു കരുതി കവി കേറി ഇൻറർനെറ്റിൽ  സെർച്ചാൻ തുടങ്ങി ..ദേ  വരുന്നു ഒരു വെളുത്ത മുത്ത്‌ ..അതോടെ കവിയുടെ കാറ്റു പോയി ....

എവിടെയൊക്കെയോ  കവിക്കും ഒരു ചെറിയ നിരാശ ..അനുഭവങ്ങൾ അല്പം ഉള്ള ആളാണ്‌ നമ്മുടെ കവി ...കവി കറുത്തമുത്തല്ലെങ്കിലും  വെളുത്ത മുത്തല്ല ....ബാഹ്യ സൗന്ദര്യത്തിൽ  തീരെ വിശ്വാസമില്ലാത്ത ആളാണ് നമ്മുടെ കവി ..മനസ്സിന്റെ  സൗന്ദര്യമാണ്  വലുതെന്ന വിശ്വാസക്കാരൻ .......പക്ഷെ സ്വഭാവത്തിനല്ല  ,നിറത്തിനാണ് മാർകറ്റ്‌ റേറ്റ്  കൂടുതലെന്ന് അനുഭവം കൊണ്ട് കവി തിരിച്ചറിഞ്ഞിട്ടു  നാള് കുറച്ചായി ...അങ്ങനെ വിഷമിച്ചു നടക്കുമ്പോഴാണ്  കറുത്തമുത്തിന്റെ റോയൽ എൻട്രി ...


എന്ത് ചെയ്യാൻ ....ഇനിയിപ്പോൾ പ്രതീക്ഷയ്ക്കും വകയില്ലതായില്ലേ .....പക്ഷെ കവിക്ക്‌ സംശയങ്ങൾ ബാക്കി ....

വെളുത്ത പെങ്കൊച്ചിനെ കരി തേയ്ച്ചു  കറുപ്പിക്കാൻ  പോയ നേരത്ത് ഇവർക്കൊരു കറുത്ത കുട്ടിയെ കണ്ടെത്തി കൂടായിരുന്നോ ...??
ഇത് അമേരിക്ക അല്ലല്ലോ ......????

സീരിയലിലും നിറ മേധാവിത്ത്വമോ ...??

വെളുത്തവരെ കറുപ്പിച്ചാൽ അവരോടു എല്ലാവർക്കും സ്നേഹം ...അപ്പൊ കറുത്തവരെ എന്ത് ചെയ്യും ...??

സീരിയലു കണ്ട മലയാളി വീട്ടമ്മമാരൊക്കെ കറുത്ത മുത്തിനെ സ്നേഹിച്ചു കൊല്ലുകയാണല്ലോ ...അപ്പൊ നാട്ടിലുള്ള കറുത്ത മുത്തുകളുടെയൊക്കെ  റേറ്റിംഗ് കൂടുമോ ...???

സങ്കടം പറയാൻ കവി നേരെ കറുത്തമുത്തിന്റെ  വെളുത്ത ഫോട്ടോയുമായി  അമ്മയ്ക്കരികിലേക്കെത്തി .....അപ്പൊ ദേ  കിടക്കണ് .....
കറുത്ത മുത്തിനെ ഓർത്ത്‌ അമ്മ കരയുന്നു ...അമ്മായി അമ്മ കറുത്ത മുത്തിനെ തെറ്റിദ്ധരിച്ചതാണേന്നേ ....

പാവം കവി ..സങ്കടം ആരോട് പറയാൻ .. വേദനയോടെ  തിരികെ  പോരുമ്പോൾ കവിയുടെ ഉള്ളിൽ  സംശയങ്ങൾ  ബാക്കി .....

അത്തിമുറ്റത്തെ മഹേഷിനു ശാലിനിയിൽ  അവിഹിതം ആരോപിച്ച പോലെ കയ്പമംഗലത്തെ  ജയന്  കാർത്തികയിൽ അവിഹിതം ആരോപിക്കപ്പെടുമോ ....????

കറുക്കാൻ തേച്ചതു  കരിച്ചട്ടിയായി  എന്ന് തിരിച്ചറിയാൻ കാത്തുവിനു മൂന്ന് വർഷം മതിയാകുമോ ....????

ഈ ഞെട്ടിപ്പിക്കുന്ന  ചോദ്യങ്ങൾക്ക്  മറുപടിയുമായി  തിങ്കൾ മുതൽ  ശനി വരെ രാത്രി 10.00 മണിക്ക്  നിങ്ങളുടെ സ്വന്തം ഏഷ്യാനെറ്റിൽ ......കറുത്തമുത്ത് .....കാണാൻ മറക്കരുത് ....




note : വീട്ടിലിരിക്കുന്ന സ്വന്തം കൊച്ചു കറുപ്പാണോ വെളുപ്പാണോന്നു പോലും അറിയില്ല ...അതിനിടയ്ക്കാ  ഇതൊക്കെ ...കലി കാലം ........കലി കാലം .....

Wednesday, 17 December 2014

ഹൃദയത്തിൽ ഇവർക്കായി ഒരു ചെറു പ്രാർത്ഥനയെങ്കിലും ....!

ഹൃദയത്തിൽ  ഇവർക്കായി ഒരു ചെറു പ്രാർത്ഥനയെങ്കിലും ....!




ഇവർ ദൈവത്തിന്റെ പൂന്തോട്ടത്തിലെ  ഏറ്റവും  മനോഹരമായ പുഷ്പങ്ങൾ ...നിഷ്കളങ്കമായി മാത്രം പുഞ്ചിരിക്കാനും സംസാരിക്കാനും കഴിയുന്നവർ .ഭൂമിയിലെ മാലാഖമാർ ......ഇവർക്ക് നേരെയാണ് തോക്കുകൾ നിറയൊഴിച്ചത് ......
ആരോ ചെയ്തു പോയ തെറ്റിനു ബലിയാടാകേണ്ടി വന്നത് ഇവർ ...

"രാവിലെ എന്റെ മകൻ യുണിഫോമിലായിരുന്നു ..ഇപ്പൊഴവൻ ശവപ്പെട്ടിയിൽ ..എന്റെ സ്വപ്നമായിരുന്നു അവൻ .അതാണ് അവർ തല്ലിത്തകർത്തത് ...." ഈ അച്ഛന്റെ വിലാപത്തിന് എന്ത് മറുപടിയാണ് നമുക്ക് നല്കാനുള്ളത് ...?അതിനു മറുപടി നൽകേണ്ടവർ പോലും നിസ്സഹായരായി നോക്കി നില്ക്കുന്ന അവസ്ഥ .....നാളെ ഇത് പോലൊരു ആക്രമണം നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ നേരെ സംഭവിച്ചാൽ ......?????

അപ്പോൾ പോയവരാരും  നമ്മുടെ കുഞ്ഞുങ്ങൾ അല്ലെ ....?????ആയിരിക്കാം ...അല്ലായിരിക്കാം ...പക്ഷെ ആ തേങ്ങലുകൾക്കു നേരെ മുഖം തിരിക്കാൻ ഹൃദയമുള്ള ഒരു മനുഷ്യനും കഴിയില്ല ..



കൂടുതലൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും ആ കുരുന്നുകൾക്ക് വേണ്ടി നമ്മുടെ പ്രാർത്ഥനയിലും ഒരിടം .......അത് തന്നെ ധാരാളം ......!!