Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday, 13 February 2024

അവൾ പെണ്ണ് ....!

 അവൾ പെണ്ണ് ....!


പൊട്ടിച്ചിതറിയ മാംസക്കഷ്ണങ്ങൾക്കിടയിൽ 

നിന്നും കൊള്ളാവുന്നതൊക്കെയും പെറുക്കിയെടു-

ത്തിരുളിന്റെ  മറ പറ്റി നിശ്വാസം പോലു-

മറിയാ വേഗത്തിലിരുട്ടിലേക്കലിഞ്ഞവൻ


മികച്ചതൊന്നു പണിയണം 

ആരും കൊതിക്കുന്നൊരെണ്ണം 

ഒരു ചൂടിലും ഉരുകിയൊലിക്കാത്ത 

ഒരു കാറ്റിലും പറന്നകലാത്ത 

നിലനിൽപ്പുള്ളോരെണ്ണം പണിയണം 


ടെക്നോളജിക്ക്‌ വിളക്ക്  വച്ച് 

AI ഗുരുവിനെ മനസ്സിൽ ധ്യാനിച്ച് 

മെഷീനിലേറി

പണിയായുധമെടുത്തവൻ .


36 -24 -36 ൽ പിടിച്ചൊരു സ്കെൽട്ടനാകട്ടെ

വജ്രം കൊണ്ടു പണിതെടുത്തൊരെണ്ണം ,

ഒരിക്കലും തകരാത്തൊരെണ്ണം.

ഈടു നിൽക്കുന്ന കാലത്തോളം ശില്പിക്ക് പേര് നൽകുന്നൊരെണ്ണം 


ഒരു സ്പൂൺ മസ്തിഷ്‌കം , സെറിബ്രമൊരു പാതി

ചില നേർത്ത നാരുകൾ , സംവേദനം സുനിശ്ചിതം 

പൊട്ടി തകരാത്തൊരു നട്ടെല്ലും ,ചേർന്ന സുഷുമ്നയും

വാരിയെല്ല് കടമെടുക്കാതൊന്നു പുതിയത് നെയ്യണം


റിഫ്ലക്സ്‌ കൂടിയൊരു നാഡീവ്യൂഹം 

ലയബിലിറ്റി ചോരാത്തൊരു പേസ്മേക്കർ 

മുദ്രാ മോതിരമണിയാൻ നേർത്ത അണിവിരലുള്ളൊരു കരം 

ചിലമ്പണിയാനൊരു ചടുലമായ പാദം 

ഉടു ചേല പോയാലുമുടലു കാണാതിരിക്കാനൊരു ഇൻഫിനിറ്റി സ്റ്റോൺ 

ഭൂമി പിളർന്നു പോയാലും തിരികെ വരാനൊരു ടൈം മെഷീൻ 


അഡ്രിനാലിനും, ഈസ്ട്രജനും, പ്രൊജസ്ട്രോണും നാല് വീതം 

കോർട്ടിസോളും, തൈറോക്സിനും രണ്ടു വീതം

മിച്ചമുള്ളതൊക്കെയൊരു അനുപാതത്തിൽ ചേർക്കണം

വെളുക്കും മുന്നേയെനിക്കൊരു പാതി പിറക്കണം 

ഞാൻ കൊതിക്കും പോലൊരു പാതി 

കടം കൊള്ളാത്ത ഉടലും ഉയിരുമുള്ള എന്റെ മാത്രം സൃഷ്ടി.


കൂട്ടിയും  കിഴിച്ചും ഗുണിച്ചും ഹരിച്ചുമവൻ നെയ്തെടുത്തു.

അഴകുമറിവുമൊരുമിച്ചൊരു പെണ്ണുടൽ 

പ്രേമവും കാമവും കോർത്തൊരു മണ്ണുടൽ

ജലമായൊഴുകാനും കാറ്റായലയാനും

അഗ്നിയായ്മാറാനും നെഞ്ചുറപ്പൊത്തൊരു നേരവൾ.


വിയർത്തൊട്ടിയ മെയ്യോടെ അവളിലമരാൻ

കൊതിച്ചവന്റെ കഴുത്തിലൊരുറുമി ചുഴറ്റിയവൾ


അവൾ പെണ്ണ് ....!

സൃഷ്ടിയേയും സൃഷ്ടാവിനെയും സംഹരിക്കുന്ന പെണ്ണ് ...!

ഇരയാവാൻ കൊതിക്കാത്ത പെണ്ണ് 

ഇരപിടിക്കാൻ തുനിഞ്ഞ പെണ്ണ്…!


Thursday, 10 November 2022

പ്രണയത്തിന്റെ കൊലപാതക കുറിപ്പ്


 പ്രണയത്തിന്റെ കൊലപാതക കുറിപ്പ് 

----------------------------------------------------------------

Audio link -https://www.instagram.com/reel/CkYvnEOI4Dz/?igshid=MDJmNzVkMjY=

ഇന്നലെ പെയ്ത രാത്രി മഴയോട് കൂടി പ്രണയം മണ്ണടിഞ്ഞു പോയത്രേ.

പ്രണയത്തിനിപ്പോൾ പരാതിയും പരിഭവങ്ങളുമില്ല,

നിറവും സുഗന്ധവുമില്ല...

മൊട്ടിട്ടു പോയ പ്രണയത്തിനൊക്കെയും 

രക്തത്തിന്റെയും എരിഞ്ഞ മാംസത്തിന്റെയും ഗന്ധം മാത്രം.


ഞരമ്പുകൾ മുറിഞ്ഞു രക്തമൊഴുകി, 

കൈകൾ തളർന്നു,

ശ്വാസം വിലങ്ങി കണ്ണുകളുന്തി,

വൃക്കകളുടഞ്ഞു, കരളു കരിഞ്ഞു, 

ആമാശയമെരിഞ്ഞു, പാദങ്ങൾ വിറച്ചു 

പ്രണയം മണ്ണിനടിയിലേക്കു കൂപ്പു കുത്തി.

മരിച്ചപ്പോളത്രേ അറിഞ്ഞത്, പ്രണയത്തിനു ഹൃദയമില്ലായിരുന്നു,

തലച്ചോറ് കാലങ്ങൾക്കു മുന്നേ മരവിച്ചു പോയിരുന്നു എന്ന്.


ഒന്നുറക്കെ നിലവിളിക്കാൻ തൊണ്ട തുറക്കേ

ചുറ്റിനും കോമരം കെട്ടിയാടുന്നു കത്തിയും തോക്കും വിഷവും പെട്രോളുമാസിഡും പിന്നെയൊരു തൂക്കു കയറും.

മരവിച്ച ഓർമ്മകളിലരികിലിരുന്നു തലോടിയ മർമ്മരങ്ങൾക്കു 

മുലപ്പാലിന്റെ മണം...

വാത്സല്യത്തിന്റെ ഗദ്ഗദം കൊരുത്ത ചുണ്ടുകളിൽ കൈവിട്ടു പോയ സ്മൃതികളുടെ നിഴലനക്കം...

അടക്കം പറച്ചിലുകളിൽ ഉയരുന്ന സ്വരമെല്ലാം കർണപുടങ്ങളിൽ

തട്ടി പ്രതിധ്വനിച്ചതും 

അത്തിമരത്തിലിരുന്നൊരു ഹൃദയം ഉറക്കെ വിളിച്ചു പറഞ്ഞു

പ്രണയം മരിച്ചതല്ല, കൊന്നതത്രെ ....

പശിയിൽ വിഷം കലർത്തി പുഞ്ചിരിച്ചു കൊണ്ട് കഴുത്തറുത്തു കൊന്നതത്രേ... 


Bismitha@njangandhialla

Monday, 8 June 2020

ഇനിയീ കൊറോണയും മാഞ്ഞു പോകും ...!

ഇനിയീ കൊറോണയും മാഞ്ഞു പോകും ...!



ഒരു പ്രളയകാലം കടന്നു പോയി ,
ഒരു ചുഴലി രോദനം കെട്ടു പോയി ,
ഒരു നിപ്പ വന്നെന്റെ നാടിനെ വിഴുങ്ങവെ-
ഒരുമയാൽ കൈ കോർത്തു മുന്നേറി നാം .

ഇനിയീ കൊറോണയും മാഞ്ഞു പോകും 
ഈ ദുരിത കാലവും യാത്രയാകും 
ഇവിടെ നാമൊന്നായി വീണ്ടുമുണരും 
അതിജീവനത്തിന്റെ കഥകൾ പാടും .

അരികത്തു നിൽക്കുന്ന പ്രിയരോടെല്ലാം 
കൈമെയ് അകലം പാലിച്ചിടാം 
ഒരു മുഴം തുണി വേണ്ട ,മാസ്ക് പോരെ 
ഇരു ശ്വാസബന്ധങ്ങൾ അകലെയാകും 
ഈ മഹാമാരിയും വിട്ടു പോകും 

തുപ്പരുതെ ..,നിങ്ങൾ തോറ്റു പോകും 
കൈ കഴുകു നിങ്ങൾ , കൊറോണ പോകും .
പല കൈകൾ ചേരുന്ന ചങ്ങല കണ്ണികൾ 
പൊട്ടിച്ചെറിഞ്ഞത് തോൽക്കാനല്ല ....
കൈകോർത്തു നിൽക്കുന്ന നല്ലൊരു നാളേക്കായി 
കൈവിട്ടു നിന്നിടാം ,പോരാടിടാം ...  

Monday, 1 July 2019

ഒന്നു മരിക്കണമെനിക്ക്......!

ഒന്നു മരിക്കണമെനിക്ക്....!




ഒന്നു മരിക്കണമെനിക്ക് ,ഒരിക്കൽ കൂടി ജനിക്കുവാൻ ....
വിണ്ടു കീറാത്ത ഭൂമി തൻ മാറിൽ ,
അന്തമില്ലാത്തൊരാകാശക്കീഴിൽ,
ഒട്ടും ഭയക്കാതോരന്തിക്കു എല്ലാം മറന്നുറങ്ങുവാൻ
ഒരു പെണ്ണായി വീണ്ടും പിറക്കുവാൻ 
ഒന്ന് മരിക്കണമെനിക്ക് ....


ഒരു വാല്നക്ഷത്രമായച്ഛന്റെയുള്ളിൽ പിറക്കണം . 
ഒരു നൂലിഴത്തുമ്പിലൂടമ്മതൻ ചില്ലയിൽ ചേക്കേറണം . 
അച്ഛന്റെയുമ്മകൾ ഏറ്റുവാങ്ങി,
അമ്മത്തലോടലിൻ കുളിരിൽ മുങ്ങി,
ഉണ്ണിക്കിടാവായ് കുഞ്ഞിക്കുളത്തിൽ
ഉള്ളം നിറയുവോളം നീരാടണം .

ഒൻപതിനന്ത്യത്തിൽ കണ്മണി പൈതലായി
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുണയണം .
താതന്റെ കൈവിരൽ തുമ്പൊരു താങ്ങായി
പിഞ്ചിളം പാദങ്ങൾ മണ്ണിനെ പുണരണം ..
കുഞ്ഞരി പല്ലുകൾ കൊഞ്ചല് കാട്ടുമ്പോൾ
ഉള്ളം നിറഞ്ഞമ്മ പുഞ്ചിരിക്കേണം ..

അമ്മയെ നന്മയായി ,അച്ഛനെ ഉണ്മയായി
ഒരു തുള്ളി ചോപ്പിനാൽ പൂക്കളം തീർക്കണം ...
നീലാകാശമേ ...നിന്റെ കൂടെ അന്തമില്ലാതെനിക്കും ഉയരണം .
ആഴിക്കുളിരേ....നിന്റെ ഉടലിനെ  ആവേശത്തോടെ പുണരണം.

"പെണ്ണാണ് നീ....,അരുതെന്നു" ചൊല്ലുന്ന നാവിനെ
ഒരു നോക്കിനാൽ നിശബ്ദമാക്കാൻ കരുത്തേകണം ..
"പെണ്ണേ ,ചിരിക്കരുത് ...കരയരുത് .....
അടക്കമായി ,ഒതുക്കമായി ,ആടാതെ ,കുഴയാതെ
ആണിനെ നോക്കാതെ , ആടകളുടയാതെ
നമ്രശിരസ്കയായി  നടന്നിടേണം  "
"കീറി പറിച്ചാലും, കൊത്തി വലിച്ചാലും
കണ്ണീരിനാൽ നീ കദനം മറക്കണം .."

കാലം പഠിപ്പിച്ച വാക്കിന്റെ മുനകളെ
കണ്ണകിയായി കത്തിച്ചു ചാമ്പലാക്കാൻ ..,
പാതിവ്രത്യം കൊതിച്ചൊരു പാവന  സീതയായി 
രാമനെ വേൽക്കാതെ ,ഭൂതലം പൂകാതെ പവിത്രയാകാൻ ...
ഉടയാടയഴിയാതെ നയനാഗ്നിയാൽ-പെണ്ണിന്റെ ഉടമയായി 
ഉടൽമൂടി ഉയിർകൊള്ളും പാഞ്ചാലിയായി മാറുവാൻ ......

കൂരിരുൾ മടകളിൽ കാമം കൊതിക്കുന്ന 
കാലന്റെ , - കാലനായി കുതികൊള്ളുവാൻ....,
കൊത്തിപ്പറിക്കുവാൻ , കത്തിച്ചൊടുക്കുവാൻ
കീറിമുറിക്കുവാൻ ,കാറിക്കടിക്കുവാൻ.... ,
കൗശലം മൂപ്പിച്ച  കണ്ണിൽ കനിവിന്റെ വിഷം പുരട്ടി-
യെന്റെ ഗാത്രം കൊതിക്കുന്ന നര ജന്മ -
മോഹങ്ങൾക്കിരയാകുവാതിരിക്കാൻ.....,
ഒന്ന് മരിക്കണമെനിക്ക് ......,

ഒന്ന് മരിക്കണമെനിക്ക് ......,
ഒരു പെണ്ണായി വീണ്ടും  പിറക്കണമെനിക്ക്  ....
ഈ ഭൂമിയെന്റെയെന്നുറക്കെ ചൊല്ലണമെനിക്ക് ...
മതിവരുവോളം  പാറി പറന്നു നടക്കണമെനിക്ക് .......
മകളായി ...പ്രിയതയായി ...ഭാര്യയായമ്മയായി 
ഒരു കുലം കാക്കുന്ന ദൈവമായി കൊതി തീരെ വരം തേടണമെനിക്ക് ...
ഒരു പെണ്ണായി വീണ്ടും  പിറക്കണമെനിക്ക് .......!!!!!!!!!!!!!!

bismitha@njangandhialla

Tuesday, 4 June 2019

ഒരിക്കൽ കൂടി ....!!

ഒരിക്കൽ കൂടി ....!!


നിന്റെ വിയർപ്പുതുള്ളികളിലൂടരിച്ചിറങ്ങിയ പ്രണയം നുകർ-
ന്നൊരു രാത്രി കൂടി എനിക്കീ മാറിൽ മയങ്ങണം.
ഒരു നേർത്ത നിശ്വാസത്തിന്റെ  ഗന്ധമായെന്റെ 
പിന്കഴുത്തിലൂടിഴുകി ചേരണം നീ ....!

ആത്മാവ് മുറ്റിക്കിടക്കുന്ന തനുവിലോരോ-
അണുവും രോമകൂപങ്ങളാൽ നൃത്തമാടണം
പരസ്പരം നാം നുണഞ്ഞു തീർത്ത ചഷകങ്ങളിലെല്ലാം 
ഇനിയും ബാക്കി വച്ച മധുരിക്കുന്ന വീഞ്ഞിന്റെ ഗന്ധം നിറയണം .

ഒരു വാക്കു പോലും പെയ്തു തോരാതെ ഉരുകി-
യൊലിച്ചു പോയൊരാത്മാവിന്റെ സ്പന്ദനമാകണം...
ഇണചേർന്ന് കൊതിതീരാത്ത നാഗമായ്
ഇരുളിലൂടിഴഞ്ഞു നിന്നെ തേടണം 
















ഓരോ നിലാവിലും നിന്റെയോർമകളെന്നെ 
ആപാദചൂഡം   തരളിതയാക്കണം ....
വിലക്കപ്പെടാത്ത കനികളുടെ മധുരം നുണഞ്ഞിനിയും 
രണ്ടു പൂമ്പാറ്റകളായി പാറിപ്പറക്കണം .


നിന്റെ നിമിഷാർദ്ധങ്ങൾ കടം കൊണ്ട് വീണ്ടുമെന്റെ 
ശയ്യയിൽ നനവ് തീർക്കണം....,ഞാൻ പൂക്കണം  
നിന്റെ നഗ്നതയെ പുണർന്നെന്റെ നാഭിയിൽ 
വിരിയുന്നൊരായുസ്സിന്റെ ഭ്രൂണം പേറണം 

തിരികെ വരാൻ കൊതിക്കാതെ ,പിണങ്ങി പിരിയുവാൻ 
കഴിയാതെ , ഇണങ്ങി ചേർന്നുറങ്ങണം ...പിന്നെ 
വീണ്ടുമൊരുഷസ്സിൽ നിന്റെ പ്രാണന്റെ പകുതിയായി പുനർജനിക്കണം ,
പെയ്യാൻ  മറന്ന മോഹങ്ങൾക്ക് ചിറകേകണം


#ബിസ്മിത 

Tuesday, 30 October 2018

പ്രളയ രാത്രി.....

പ്രളയ രാത്രി.....


ഒരു മഹാപ്രളയത്തിനൊടുവിലൊരുനാളിലെല്ലാം
ത്യജിച്ചേകനായ ലയുന്നു മരുഭൂവിലെന്നപോൽ ഞാൻ.
എരിയുന്ന താപവുംനുരയുന്ന കോപവും
ചൊരിയുന്ന കണ്ണീരും ,വേർപിരിയുന്ന പ്രാണനും
ഒട്ടും നിനയ്ക്കാതൊരു മാത്ര കൊണ്ട് ,ഞാൻ കെട്ടിപ്പടുത്ത സാമ്രാജ്യമൊക്കെയും യാത്ര പറയാതൊലിച്ചു പോയി...


ഇത് മണ്ണ്,എനിക്കുയിർ തന്ന പെണ്ണ്...
ഇത് മരം,എന്നെ താരാട്ടിയ കളിയൂഞ്ഞാൽ....
ഇത് കുളം,എന്നിൽ തണ്ണീരിറ്റിച്ച കുളിരുറവ.
ഇത് കാറ്റ്.....എന്നെ തഴുകിയുറക്കിയ ചങ്ങാതി....
ഇവൾ പ്രകൃതി,അമ്മ....
സ്വയമുരുകിയൊലിച്ചിട്ടുമെന്നും എനിക്കായി മാത്രം ശ്വാസം കാത്തുവച്ചവൾ....
അറിഞ്ഞില്ലയെന്നോ,അറിയാൻ ശ്രമിച്ചില്ലയെന്നോ ഞാൻ.....
മറന്നതല്ലമ്മേ...മനപ്പൂർവം മറക്കാൻ പഠിച്ചതാണ് ഞാൻ നിന്നെ....


നിൻ മാറിൽ ഉയിർ പെറ്റു,നിൻ നീരിൽ കളിയാടി 
നിൻ തണലിൽ മയങ്ങി
നിന്റെ നാഭിയിൽ നിന്നൊരു വട-
വൃക്ഷമായി പന്തലിച്ചിടത്തൂർന്ന വേരുകൾ നിന്നിലേക്കാഴ്ത്തി 
നിന്റെ മേൽ ആനന്ദ നൃത്തമാടി.....
ഞാൻ ഉന്മാദിയായി മാറി .....

ഒരു തുള്ളിക്കൊരു കൂപം തണ്ണീർ കവിഞ്ഞിട്ടു-
മൊരിറ്റു നീരിനായി കേഴുന്നു ഞാൻ...
ഈ രാത്രി ഇനിയും വരാതിരിക്കട്ടെ, പേമാരി പെയ്തൊഴിഞ്ഞീടട്ടെ,
ഞാനെന്നഹന്ത നീരിലൂടൊഴുകി തീരം തേടട്ടെ....


Thursday, 26 July 2018

കാത്തിരിപ്പ്....

കാത്തിരിപ്പ്....


കാട്ടു തീയ്ക്കായൊരു കനലിനെയും പ്രണയിച്ചു
 കാലങ്ങളായി കാത്തിരിക്കുന്നൊരു തൂലിക......
പതിവ് തെറ്റിക്കാതെ മുഖം തരാതെ കടന്നു പോയ കാറ്റ്.....
ഇനിയും വരുമെന്ന് ചൊല്ലി -
ഒരു നിശ്വാസത്തിന്റെ ഗന്ധവും പേറി
വീൺവാക്കു പറഞ്ഞു ഞാനും.....

അക്ഷരമേ....എന്തിനിത്ര അകലം....???
ഒന്നൂതി കാച്ചി പൊന്നുരുക്കാൻ -
എന്റെ കൈകൾക്കെന്തേ മറവി....?
ഒന്നിമയടച്ചു ഓർത്തെടുക്കാൻ ഞാനെന്തേ മറക്കുന്നു....?


കരിയിലകൾ കാറ്റിനെ നോക്കി കണ്ണിറുക്കുമ്പോൾ
ഹേ... സൂര്യാ... നിന്റെ കവിളിണകളിൽ ഒരു പിടി പുച്ഛം ബാക്കി.....
ഒരു മഴക്കാറിന്റെ ചിറകിലേറി വരാമെന്നോതി
യാത്ര പറഞ്ഞു പോയവൾ.....
വരുമത്രേ.......
കനല് കെടാതെ നീ കാത്തുകൊൾക....
കവിതയായി ഞാൻ നിന്നിൽ പുനർജനിക്കും നാൾ വരെ....

Thursday, 12 July 2018

ഞാൻ രക്തസാക്ഷി ...!!!!!

ഞാൻ രക്തസാക്ഷി ...!!!!!


ഇടറുമെൻ കാൽപാദം നനമണ്ണിൽ പതിയവേ 
കേൾക്കുന്നു രോദനം "ഞാൻ പെറ്റ മകനെ ..."
ഒരു പുരുഷായുസ്സിൻ മോഹങ്ങളൊക്കെയും
ചിതറിത്തകർന്നതി കലാഭൂവിൽ ...!


ചങ്കു തുരന്നെന്റെ ചോര തെറിപ്പിച്ചു ,നിങ്ങളാ-
ചെഞ്ചോര കൊടി ചുറ്റി നൃത്തം ചവിട്ടി ,
അന്തരാളങ്ങളെ ചുട്ടു പൊള്ളിക്കുന്ന 
പഞ്ചാഗ്നി മധ്യത്തിൽ ഞാൻ വെന്തുരുകി ..

രക്തസാക്ഷി , ഞാൻ  രക്തസാക്ഷി....
കാലം കുറിക്കുന്ന കവിതകളിലൊക്കെയും 
ചോരയുടെ മണമുള്ള രക്തസാക്ഷി ..
ഞാൻ ...രക്തസാക്ഷി ...

ചക്രവ്യൂഹത്തിന്റെ ചിത്രഗതികളിൽ
ചിത്തം ഭയക്കാതെ മൃതു വരിച്ചവനെ ...,
നിന്റെ നാമം കടം കൊണ്ട പാപമോ 
ഇന്ന് വെണ്ണീറായി തീരുന്നതെൻ ജീവിതം ...?

വാളെടുത്തില്ല ...,ഞാനൊട്ടു വെല്ലുവിളിച്ചതില്ല 
അമ്പെയ്തതില്ലെനിക്കെതിരാളിയുമില്ല 
രാജ്യത്തെ കാക്കുവാൻ യുദ്ധഭൂവിൽ 
പ്രാണൻ വെടിയാൻ വന്നതല്ല .

എന്നിട്ടും ....? എന്നിട്ടുമെന്തേ ഞാൻ രക്തസാക്ഷി ..?

കാത്തിരിക്കും പെറ്റ വയറിന്റെ നന്മയാൽ 
ജീവിത വൃക്ഷത്തിൽ പൂ വിരിയിച്ചു ഞാൻ ....
താതന്റെ സ്വപ്നങ്ങൾക്കെല്ലാം നിറങ്ങളേകി 
തൂലികയെ ഞാനെന്റെ പടവാളാക്കി ...

രാവു വെളുക്കോളം രക്തം വിയർപ്പാക്കി 
അക്ഷര വിത്തുകൾ നെഞ്ചേറ്റി ഞാൻ ..
കപട രാഷ്ട്രീയത്തിൻ കുടിലതകളിൽ മുങ്ങി 
മോഹഭംഗത്തിന്റെ ഭാണ്ഡവും പേറിയലയുന്നു ഞാൻ ....

രക്തസാക്ഷി ....പുതിയൊരഭിമന്യു  പിറക്കും 
വരേയ്ക്കും ഞാൻ രക്തസാക്ഷി ...!!!!!

Thursday, 31 May 2018

നിന്റെ മാത്രം ....കെവിൻ ...!!!!

നിന്റെ മാത്രം ....കെവിൻ ...!!!!

ചിതറിത്തെറിച്ചതു ചോരയായിരുന്നില്ല ,
ഹൃദയമായിരുന്നു ....,
പ്രണയം പകുത്തു നൽകിയ ഒരു ഹൃദയം .

വേരറ്റു വീണത് മോഹമായിരുന്നില്ല ,
ജീവിതമായിരുന്നു ....,
പ്രതീക്ഷയുടെ നാമ്പും പേറി കാത്തിരുന്ന നാലു ജീവിതങ്ങൾ .

അച്ഛന് കൈത്താങ്ങാകാൻ കൊതിച്ച മകനായിരുന്നു ,
അമ്മയ്ക്കൂട്ടേണ്ട  നന്മയായിരുന്നു ,
പെങ്ങളെ കാക്കേണ്ട ഏട്ടനായിരുന്നു ,
പ്രണയിനിക്കപ്പുറം ....ഭാര്യയായമ്മയായി 
ജന്മം പകുത്തെടുത്ത പെണ്ണിന്റെ പ്രാണനായിരുന്നു ...

ഉരുകിയൊലിച്ചു പോയവൻ ....ജാതിക്കോമരമായി ...
അസ്ഥിയല്ലാ,സ്തിയാണ് വലുതെന്നെന്തേ 
പഠിപ്പിച്ചതില്ലാരും ....??
ചങ്കൂറ്റമുള്ള ചങ്കിനേക്കാൾ വലുതാണ് 
ജാതിയെന്നെന്തേ പറഞ്ഞില്ലയാരും ....??

പെണ്ണേ.....,
  നനഞ്ഞൊട്ടിയ കവിൾത്തടങ്ങളിൽ കനിവിന്റെ കൈ ചേർത്തു 
  കരളുറപ്പോടെ കാക്കുന്നൊരച്ഛനുണ്ടാകും നിനക്ക് ....
  എന്റെ സ്മാരകമായി നിന്റെ മാറിൽ മയങ്ങുന്ന താലിക്കു 
  പൂജ ചെയ്യാനുണ്ടാകുമെന്നമ്മയെന്നും....
  വഴിപിരിഞ്ഞു പോയ പുഞ്ചിരികളെ കൈക്കുമ്പിളിൽ കോർത്തു 
  കഥ പറയാനൊരു പെങ്ങളുണ്ടാകും നിനക്കെന്നും ....

 തനിച്ചാക്കി പോകില്ല ഞാനൊരിക്കലും .....,
 ഒരു ജന്മമല്ലൊരു യുഗവുമല്ല 
 പുനർജനിക്കുമെങ്കിൽ ...,എന്നും നിന്റെ പ്രാണനായി .....
 നിന്റെ മാത്രം ....

Wednesday, 16 May 2018

ആദമേ....നിന്നോട് .......

ആദമേ....നിന്നോട് .......


ആദമേ.... നീയെന്തി-നീഷന്റെ വാക്കിനെ തെറ്റിച്ചു പെണ്ണിനെ പ്രണയിച്ചു ധരിണിയെ പരിണയി-ച്ചു ലകിന്റെ നാഥനായി...? തളിരിലോ,രട വച്ച് പൂമുട്ട വിരിയിച്ചു പൂങ്കാവനങ്ങളാ-ലുലകിനെ ഉരുവാക്കി ബന്ധങ്ങളെല്ലാം പടുത്തുയർത്തി.... മരുവിനെ മലരാക്കി-യുയിരിനെ പാലൂട്ടി അഗ്നിയാൽ ശ്രുതി മീട്ടി മാളിക,മാല്യങ്ങൾ, മാമര തോപ്പുകൾ മണിവർണ സൗധങ്ങൾ എല്ലാമേകി.... പെണ്ണിനും മണ്ണിനും പൊന്നിനും പലതിനും പിന്നെ മറ്റെന്തിനൊക്കെയോ നീയുമോടി... കാലം കുതിര കാലിൽ കൈവിട്ടു അതിവേഗമങ്ങോടി പോയിടുന്നു. ഉണ്മകൾ മൂല്യങ്ങൾ ദൈവം നട്ട നന്മ മരങ്ങൾ കരിഞ്ഞുണങ്ങി.... അമ്മയെ കാണാതെ, പെങ്ങളെന്നോർക്കാതെ, ഭാര്യയെ അറിയാതെ , മകളെയുറക്കാതെ ഭ്രാന്തനായുമ്മറ വാതിൽക്കൽ നീ നിൽപ്പു.. ചോര പുരണ്ട കരങ്ങൾക്കിനിയും,
കരുത്തുണ്ടെന്നോതി നീ കാവലാളായി.... മാധ്യമമില്ലൊരു പ്രസ്ഥാനമില്ല നീ -
സാത്താനെ വെൽകാൻ തുനിഞ്ഞിറങ്ങി.... കാത്തു നീ.....അമ്മയെ,നന്മയെ, തിന്മകൾ മൂടിയ അന്ധമാം ഏദൻ തോപ്പിൽ നിന്നും.... വെണ്മയായുമ്മറ കോലായിൽ പുഞ്ചിരിപ്പൂക്കളാൽ-
ചന്തം പരത്തുന്ന കുഞ്ഞിളം പൈതലെ നോക്കവേ....
എന്തിനോ....., ആദമേ....., പെണ്ണാണിവളെ പൊതിഞ്ഞു കൊൾകെന്നുള്ളംപറഞ്ഞിടുന്നു......

Monday, 26 March 2018

എന്തേ വിതുമ്പുന്നതിങ്ങനെ....?

എന്തേ വിതുമ്പുന്നതിങ്ങനെ....?



മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചില്ല-
കളോരോന്നായി അലച്ചു വീഴുന്നു .
കാറ്റിലാടുന്ന പൂമര ചില്ലകളെല്ലാമേ 
മൗനം പൂണ്ടു വിതുമ്പിടുന്നു ...

കോലായില,യയിലായി നീരിറ്റും ശീലകൾ 
വീട്ടിലേക്കെന്തെത്തി നോക്കുന്നു ....
പൂവാലിപ്പശുവിന്റെ അകിടിലെ നനവെന്തേ 
ആരെയോ കാത്തു കരഞ്ഞിടുന്നു ...

ഉമ്മറക്കോലായിലിമ്മിണി നാളായി 
പൂവിട്ട മുല്ലകൾക്കെന്തേ മൗനം ...
തെങ്ങിൻ തടത്തേലങ്ങിങ്ങു ചിക്കി -
ചികയുന്ന കുഞ്ഞിയും മക്കളുമെങ്ങു പോയി ...

അങ്ങിങ്ങു ധൂളികൾ പറ്റിപ്പിടിച്ചിട്ടും 
പരിഭവം ചൊല്ലാത്ത പുസ്തകവും ,
മഞ്ഞൾ കറ കൊണ്ട് മേനി നിറഞ്ഞിട്ടും 
കണ്ണീരു കാട്ടാത്ത തളികകളും 

വെള്ളം തളിച്ചിട്ടു ജീവൻ കെടുത്തുമ്പോൾ 
ഉള്ളം പുകയ്ക്കാത്ത കുഞ്ഞടുപ്പും 
ആരെയും കാണാതെ കടുക് മണികൾ-
ക്കിടയിലൊളിക്കുന്ന നാണയവും 

എല്ലാരുമെന്തേ വിതുമ്പുന്നതിങ്ങനെ ,
ഉമ്മറക്കോലായിൽ അമ്മയുണ്ട് .....
വെള്ള പുതപ്പിച്ചു ചന്ദന ധൂപത്താൽ 
പുഞ്ചിരി തൂകിക്കൊണ്ടമ്മയുണ്ട് .....






Saturday, 22 October 2016

#poem#Soldier

ഒരു ജവാന്‍റെ ഓര്‍മയ്ക്ക് 

കവിത ഒന്ന് കേട്ട് നോക്കിയാലോ ....?,ഈ ലിങ്കിൽ ഒന്ന് ക്ലിക്കിക്കോ ...

ആര്‍ത്തനാദങ്ങളലയടിച്ചുയരുന്ന രണഭൂവില്‍
എന്നുയിരിന്നു കാവലായ് തന്നുയിരു നല്‍കുന്ന ധീരനാം പോരാളി നീ ...
ശിശിരമോ,ശൈത്യമോ ദിനമേതെന്നറിയാതെ
ഇരുളിലും പകലിലും ഇമയണയാതുരുകുന്ന ത്യാഗമേ ...,
വസന്തം നിനക്കന്യമോ ....?
പ്രണയത്തിന്‍ വസന്തം നിനക്കന്യമോ ....?

പിഞ്ചോമനയ്ക്കൊപ്പം പുഞ്ചിരി കൂടുവാന്‍
നെഞ്ചകം വിങ്ങുന്നോരച്ചനല്ലേ ...
പഞ്ചാഗ്നിസാക്ഷിയായ് നെഞ്ചം പകുത്തവള-
ഞ്ചാറു കൊല്ലമായ്‌ കാത്തിരുപ്പല്ലേ ....

ഉണ്ണിക്കിടാവിനു താരാട്ട് പാടാതെയമ്മ
നിലാവെങ്ങോ പോയ്‌മറഞ്ഞു
അന്ത്യശ്വാസത്തിലിന്ദ്രിയം തേടുന്ന
തപ്തബിന്ദുവായ്‌ നീ നിന്നുരുകിയല്ലോ ....

കൈ പിടിച്ചച്ചന് താങ്ങായി നില്‍ക്കാനും ,
കരമേകിയുണ്ണിക്ക് തണലായി മാറാനും ,
കന്നിയുരുളയാലുണ്ണിയെ ഊട്ടാനും ,
അന്നം കൊണ്ടമ്മയ്ക്ക് ശ്രാദ്ധമൂട്ടാനും ,
പ്രിയതയുടെ കണ്‍കളില്‍ പ്രണയം വിടര്‍ത്താനും ,
ദാഹിച്ചു കേഴുന്ന വേഴാമ്പല്‍ നീ ...

എല്ലാം നിനക്കന്യം , നിന്നുയിരും നിനക്കന്യം ...
എന്‍റെ മോഹങ്ങള്‍ക്ക് ചിറകേകുവാന്‍ ,
എന്‍റെ ദാഹങ്ങള്‍ക്ക് കുളിരാകുവാന്‍ ,
എന്‍റെ നാടിന്നു തണലാകുവാന്‍ ,
കണ്ണിമയ്ക്കാതെ , നെല്ലിട തളരാതെ ,ഏതോ വിദൂരത്തിലേകാന്ത ബിന്ദുവില്‍
എല്ലാം മറന്നുകൊണ്ടിന്ത്യയെ കാക്കുന്ന ധീരജവാനേ ......വന്ദനം

Friday, 8 January 2016

മാപ്പ്

മാപ്പ് ........



മാപ്പു ചോദിക്കുന്നു ഞാന്‍ സഖി 
നിന്നോട് മാപ്പ് ചോദിക്കുന്നു..... 
നിന്നിളം ചൊടിയില്‍ വിതുമ്പി നില്‍ക്കുന്ന 
വാക്കിനോടും ഞാന്‍ മാപ്പ് ചോദിക്കുന്നു ......
നിന്‍ മിഴിത്തണ്ടില്‍ തിളങ്ങി നില്‍ക്കുന്ന 
കണ്ണുനീര്‍ പൂക്കള്‍ക്ക് മാപ്പ് .....
നിന്‍ നാസികത്തുമ്പില്‍ നിന്നുതിര്‍ന്നു വീണ 
ശ്വാസബിന്ദുക്കള്‍ക്കും മാപ്പ് .....
നിന്‍ കര്‍ണപുടങ്ങള്‍ താലോലിച്ചൊരി 
ശബ്ദമാധുരിയോടും ഞാന്‍ മാപ്പ് ചോദിക്കുന്നു .....


നിന്‍ നെഞ്ചിനുള്ളില്‍ പിടഞ്ഞു വീണ
നിറമെഴും കിനാക്കള്‍ക്കും മാപ്പ്...
എനിക്കായി നീ പകുത്തു നല്‍കിയ 
നിന്‍റെ ഹൃദയത്തിനും മാപ്പ് .....
എന്നോര്‍മതന്‍ തടവറയില്‍ നീന്തിക്കളിച്ച 
നിന്‍ സ്വപ്നങ്ങളോടും ഞാന്‍ മാപ്പ്                                                                                           ചോദിക്കുന്നു ........

എന്നിരുള്‍വഴിയിലൊരു മിന്നാമിനുങ്ങായി 
പറന്നു വന്ന നിന്‍റെ കനിവിനും മാപ്പ് ........
എന്‍റെ എകാന്തമാം പകല്‍ വേളകളെ കുളിരണിയിച്ച 
നിന്‍ പുഞ്ചിരിയോടും ഞാന്‍ മാപ്പ് ചോദിക്കുന്നു .... 

ഇളവെയിലില്‍ ഈ മണല്‍ത്തിട്ടില്‍ നിന്‍റെ മടിയില്‍ 
തലചായ്ച്ചുറങ്ങിയ പ്രിയനിമിഷങ്ങള്‍ക്കു മാപ്പ് ....
ഈ വഴിയെ കടന്നു പോയ കാറ്റിനും , കുളിരിനും 
നിറവാര്‍നിലാവിനും മാപ്പ് ........
എന്‍റെ ഇരവിനെ പകലാക്കി മാറ്റിയതിലൊരുപിടി 
പ്രതീക്ഷകള്‍ പാകിയ നിന്‍റെ വദനത്തിനോടും 
ഞാന്‍ മാപ്പ് ചോദിക്കുന്നു ....
പുലരൊളിയില്‍ നാം നെയ്ത സ്സ്വപ്നങ്ങ-
ളിരവിന്റെ മടിയില്‍ പിടഞ്ഞുവീഴുമ്പോളന്നു 
നിന്‍റെ കനിവില്‍ നിന്നൂറിയ ആശ്വാസവാക്കിനും മാപ്പ് .....

എന്നെ വിട്ടകലേക്ക് മായുന്ന സന്ധ്യയോടും ,
നിന്‍റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ 
സൂര്യാംബരത്തോടും മാപ്പ് ചോദിക്കുന്നു ..............
ഇനിയും തിരികെ വരാതെ നിന്നെ വിട്ടകലേക്കു 
പോയതെന്തിനിന്നോര്‍ത്തു തേങ്ങുന്നു ഞാനിന്നും .
എന്‍ പ്രണയ പരാദങ്ങളില്‍ പാറിക്കളിച്ച
നിന്‍ പുഞ്ചിരിപ്പൂക്കളെയോര്‍ക്കുന്നു ഞാന്‍ ...
നിന്‍ കൈ വിടുര്‍ത്തി ഞാന്‍ ദൂരേക്ക്‌ മറയുമ്പോള്‍ 
വാടി വീണ ചെമ്പകപ്പൂവിന്‍റെ -
മാറില്‍ത്തറച്ചു നിന്ന രക്തബിന്ദുക്കള്‍ക്ക്‌ മാപ്പ് .........

നിന്‍ തപ്ത ഹൃദയത്തിന്‍ നൊമ്പരം കാണാതെ...,.. 
നിന്‍ ചുടുനീര്‍  കണങ്ങളെ നെഞ്ചിലേറ്റാതെ........
നിന്‍ നിനവില്‍ കരിനിഴല്‍ പാകി അകലേക്കുമാഞ്ഞു ഞാനെന്തിനോ .
എല്ലാം പൊറുക്കുവാന്‍ , എന്നെ മറക്കുവാന്‍ 
വിധി നിന്നിലേല്പിച്ച മുറിവെത്ര ക്രൂരമെന്നോര്‍ത്തു ഞാന്‍ .
മാപ്പ് ചോദിച്ചു ഞാന്‍ തിരികെയെത്തവെ 
മാപ്പേകുവാന്‍ കാത്തു നില്‍ക്കാതെ മരണത്തിന്‍ മടിയില്‍ മയങ്ങിയോ നീ .........?

ഇനിയെന്ത് ബാക്കി .....??
പറയുവാന്‍ , കേള്‍ക്കുവാനോര്‍ക്കുവാന്‍ 
നല്‍കുവാന്‍ ഓര്‍മ്മകള്‍ മാത്രം ബാക്കി ......  !!!

Tuesday, 10 November 2015

ഒരു കുഞ്ഞു പൂവിന്റെ ഓർമയ്ക്ക്

ഒരു കുഞ്ഞു പൂവിന്റെ ഓർമയ്ക്ക്...


ആഴിക്കുളിരിന്റെ  ആഴത്തിനുള്ളിലെ 
അമ്മക്കഥയുടെ പൊരുൾ തേടി ,
ആരോരുമറിയാതെ പോയോ നീ-
യൊരു നാളിൽ തോണിയിലേറി മെല്ലെ .

പവിഴക്കുടകീഴിലുറങ്ങും  പളുങ്കിന്റെ 
പരിമളം തേടി നീ പോയതാണോ ...?
ഏഴാം കടലിനുമക്കരെ  കാണുന്ന 
മാളിക നിന്നെ വിളിച്ചതാണോ ..?

അമ്പിളി മാമനെ കുമ്പിളിൽ കാട്ടി-
യിട്ടമ്മ താരാട്ടുമോമന പൈതൽ നീ .
അമ്മിഞ്ഞപ്പാലിന്റെ നേരിനുള്ളിൽ 
തനയ വിശ്വാസത്തിൻ കാതലും നീ .

മതമില്ല , ജാതിയും നിറവുമില്ലോമനെ
ദേവ പൂവാടി തൻ കുളിരാണ് നീ ...
വാക്കിന്റെ കള്ളവും , നോക്കിന്റെ ചിന്തയും 
സ്മേരത്തിൻ കൂരമ്പും നിനക്കന്യമല്ലോ ...

ആരോ തൊടുത്തിട്ട ക്രൂരമാമമ്പിനാൽ 
ഇഹലോകം നിന്നിലെ സ്വപ്നമായോ ....
തിരകളാൽ താരാട്ടി , കാറ്റിനാൽ  നീരൂട്ടി
തീരത്തണഞ്ഞു നീ വിശ്വത്തിൻ നോവായി ...

ഉറങ്ങു നീയെല്ലാം മറന്നിടാൻ ...
ഉണരൂ നീ മാറ്റത്തിൻ കാവലാകാൻ ....
നീ മറഞ്ഞെങ്കിലും , മായുകില്ല ..
ഐലാൻ ..നീ ഞങ്ങളിൽ ജീവിച്ചിടും ..

Sunday, 21 September 2014

ഒരു നഷ്ട പ്രണയത്തിന്റെ ഓർമയ്ക്ക്



ഒരു നഷ്ട പ്രണയത്തിന്റെ ഓർമയ്ക്ക് 



പ്രണയാർദ്രമെൻമിഴിപ്പൂക്കൾ പലനാളിലോമലേ
നിനക്കായ്‌ കാത്തിരുന്നു ...

പതിവായി നീ വന്നുപോം വഴിത്താരയിൽ
പലവുരു നിന്നെ ഞാൻ നോക്കി നിന്നു ...

പതിയെ പ്പറഞ്ഞു  ഞാൻ എന്നോടു മാത്രമായ്
നീയെന്റെ സ്വന്തമെൻ ജീവസ്പന്ദം .

പുതുമഴ പുൽകിയ പൂവനിയിൽ
പുതുമണ്ണിൻ ഗന്ധമേറ്റങ്ങു നില്ക്കെ ....

പുലരൊളിയിൽ കാണുന്ന നിനവു പോൽ
നീയെൻ മുന്നിലൂടെന്നോ കടന്നു പോയി ...

മിഴികളിലല്ല നീ - പതിഞ്ഞു പോമെൻ
മനസ്സിന്റെ മയിൽ‌പ്പീലി ചെപ്പിനുള്ളിൽ ..

കാണുന്ന പൂക്കളിൽ നിന്നെ തിരഞ്ഞു ...,
കാണാത്ത പൂക്കളോ നീയെന്നറിഞ്ഞു ......

കാത്തിരിപ്പിൻ കാലവും കൊഴിഞ്ഞു -നിൻ
കാതര മിഴികളെൻ മുന്നിലെത്തി .

പ്രാണൻ പിടയുന്നു നീയെന്റെതല്ലെന്നോർക്കുമ്പോൾ .....
മിഴികൾ തുളുമ്പുന്നു നീയെനിക്കല്ലെന്നറിയുമ്പോൾ ......

എന്നിട്ടുമെന്തിനൊ .....-വീണ്ടും .....

പതിയെ പ്പറഞ്ഞു  ഞാൻ എന്നോടു മാത്രമായ്
നീയെന്റെ സ്വന്തമെൻ ജീവസ്പന്ദം .....
വരും ജന്മത്തിലെൻ ജീവിതാർത്ഥം  ....

Sunday, 10 August 2014

ഇനിയും ...!

          ഇനിയും ...!






ഇനിയുമിരവുകള്‍ പകലായേക്കുമെങ്കിലും
പൊയ്പ്പോയ കാലങ്ങൾ തിരികെ വരില്ലെന്നറികിലും 

മിഴിനീരു യാത്രയാകുമോ.................?
നിണമൊഴുകി മണ്ണിന്‍റെ മടിയിലുറയുന്നുവോ...,
ചാരമായ് മറയുന്നുവോ നിന്നോര്‍മകള്‍...?

എരിവേനലൊരു പിടി കനവുമായ് വിടചൊല്ലി-
യകലവേ തേങ്ങുന്നതെന്തിനാണേകനായി...



ചെന്തീക്കനലുകള്‍ കെട്ടടങ്ങാം...
കാലമീ മുറിവിന്നു കാവലാകാം...
കാല്‍ത്തളകളിനിയും പുനര്‍ജ്ജനിക്കാം...
എങ്കിലും-
തിരികെ വന്നീടുമോ...
എന്നിലെയേകാന്തസങ്കല്പമോഹനങ്ങള്‍...?



ശ്രീജിതനല്ല ഞാന്‍ ശ്രീരാമബാണമേല്‍ക്കാന്‍
രാധേയനല്ല ഞാന്‍ പാര്‍ത്ഥനെ  വെല്ലുവാന്‍
ശ്രീകൃഷ്ണനല്ല ഞാന്‍ ശാപമേല്‍ക്കാന്‍
നരനായി പിറന്നതെന്‍ തെറ്റുമല്ല...

ബീജം മുളച്ചതീ മണ്ണില്‍ നിന്ന്
ഭൂജാതനായതീ മണ്ണിലേക്ക്
പിച്ചവച്ചീ മണ്ണിൻ  പൈതലായി
വേരുറപ്പിച്ചീ മണ്ണിൻ  കാവലാളാകേണ്ടതെന്‍റെ ധര്‍മം.


പോരാട്ട വേളയില്‍ ഗീതോപദേശങ്ങള്‍
പാഴ്വാക്കായ് മാറിയിരുന്നുവെങ്കില്‍...
ധര്‍മയുദ്ധത്തില്‍ ഞാന്‍ കര്‍മബന്ധത്തെ വേല്‍ക്കാതിരുന്നുവെങ്കില്‍...
കര്‍മഭൂവിലെന്‍ ജന്മബന്ധങ്ങള്‍-
വെണ്ണീറായ് മാറാതിരുന്നേനെ...
ശിഷ്ടജന്മത്തിലിഷ്ട ബന്ധുക്കള്‍ ഭ്രഷ്ട് കല്‍പിക്കാതിരുന്നേനേ...

കാലചക്രമെ നീയെനിക്കേകുമോ  ഇനിയൊരു ജന്മം കൂടി ....-
അഹമല്ല ,ബ്രഹ്മമാനുലകിന്റെ  പൊരുളെന്നറിയുന്നു ഞാൻ 

ലോകാസമസ്താ സുഖിനോ ഭവന്തു .

Thursday, 1 March 2012

നിനക്കായ്‌ .....

ഒരു നിഴലായി മാറിയെന്നു കരുതി സ്നേഹിച്ചവരെ ഉപേക്ഷിക്കാനോ വെറുക്കാനോ കഴിയില്ലല്ലോ ......
ഞാന്‍ ഒത്തിരി ഇഷ്ടപ്പെട്ട ,എന്നെ ഒത്തിരി സ്നേഹിച്ച ഒരാള്‍ക്ക് വേണ്ടി .......
                  നിനക്കായ്‌ .....
മുറിവേറ്റു പിടയുമൊരു പാവം കപോതമാ
ടിയന്നോരശ്വാസമേകൂ നീ .....

പുണ്യ ഗംഗയായ്‌ ഒഴുകുന്നു നീ ഉള്ളില്‍ 
പൂജ പുഷ്പമായ് വിളങ്ങുന്നു നീ മുന്നില്‍ 
പുഞ്ചിരി കൊണ്ട് നീ പൂന്തോപ്പു തീര്‍ക്കുന്നു 
കണ്ണീരില്‍ നിന്ന് നീ മുത്തുകള്‍ വാരുന്നു
കരുണയാനോമന പുത്രനെന്നോതുന്നു 
ഉയരങ്ങള്‍ ആകേണം സ്വപ്നമെന്നരുളുന്നു
മിഴി നീര് തോരാതെ നീ ഇന്ന് പിരിയുന്നു .....
ശിഷ്യ ആണെങ്കിലും ഞാന്‍ ,
നിനക്കെന്നുമൊരു കൊച്ചു പൂവായിരുന്നല്ലോ .....

വായനാ ജാലകം മെല്ലെ തുറന്നു നീ എന്നെ നടത്തിയല്ലോ ,
സാഹിത്യ സംഗീത സങ്കല്പ ലോകത്തിലെക്കെന്നെ നീ -
കൈ പിടിച്ച്ചുയര്‍ത്തിയല്ലോ......
ഇച്ഛാശക്തിയാനുത്തമ വിജയത്തിന്‍ പാതയെന്നോതിയല്ലോ ,
ഇച്ച്ചൈകൊത്തുയരുവാന്‍ നിശ്ചയം പനിയെനമെന്നരുളിയല്ലോ ....

വിദ്യാ പീടത്തില്‍ നീ പകര്‍ന്ന വെളിച്ചവും 
ശിഷ്യ ഹൃദയങ്ങളില്‍ നീ പകര്‍ന്ന ജ്ഞാനവും,
ഒരു കൊച്ചു പുല്‍നാമ്പ് കാറ്റില്‍ കിലുങ്ങും പോല്‍ -
നിന്‍ സ്മേരവും .....

കണ്ട നാള്‍ നീഎനിക്കു അന്യ മാത്രം ...
പിന്നെന്നോ ഞാന്‍ നിന്നെ അറിഞ്ജീടുന്നു..
ജ്ഞാനം പകര്‍ന്നു നീ ഗുരുവായീടുന്നു...,
സ്നേഹമെകി നീ അമ്മയായീടുന്നു..,
ജീവിത വഴിത്താരകളിലെന്നോ -
ര്‍മ പുസ്തകങ്ങളില്‍ ഒരു കൂട്ടാകുന്നു.....

മായുന്നു മറയുന്നു നീയെന്‍ -
മിഴിയിണയില്‍ നിന്നാകിലും-
മനതാരില്‍ വിളങ്ങുന്നു നിര ദീപമായ് ......
ഗുരുവാനെന്കിലും നീയെന്നരുമ സഖിയല്ലേ ......
ഓര്‍മതന്‍ താളുകളില്‍ ഞാന്‍ കാത്തു വൈച്ചീടുന്നു
നിന്നെ ഒരു മയില്‍‌പ്പീലിത്തുണ്ടായ് .......

Tuesday, 28 February 2012

നിഴല്‍.....

               നിഴല്‍.....
 സൂക്ഷിക്കുക, എന്റെ കാല്‍ തെറ്റി 
     വീണു പോകാതെ സൂക്ഷിക്കുക.
രക്ഷിക്കുക, എന്റെ ശൂന്യമാം സത്യത്തെ
    മിഥ്യയായി  മാറാതെ രക്ഷിക്കുക.
ശിക്ഷിക്കുക, എന്റെ രുധിരത്തെ  ചാറാക്കി
    നുണയുന്ന മനുവിനെ ശിക്ഷിക്കുക.
ഭക്ഷിക്കുക, എന്റെ ചിന്തകള്‍  നുരയുന്ന
    മതിയെ ഭക്ഷിക്കുക .

അറിയുക, ഞാനാരെന്ന സത്യത്തെ
പറയുക, എനിക്കറിയേണ്ടതെല്ലാം
കുറിയ്ക്കുക , ഞാനോര്‍ക്കേണ്ടതെല്ലാം
മറയ്ക്കുക, ഞാന്‍ വെറുക്കേണ്ടതെല്ലാം

ഓര്‍ക്കുക,  അക്ഷരമാണത്രേ അറിവ് 
                        അറിവാണെനിക്കഗ്നി
                       വാക്ക് ആയുധമെങ്കില്‍     
                       ആയുധമാണെന്‍ശക്തി...

നീ മറന്നേക്കും  ,ഒരു പക്ഷെ
 ഞാനും മറന്നേയ്ക്കാം എല്ലാം.....
എന്റെ പാദങ്ങള്‍ പിന്തുടരുക.   
ഞാന്‍ നിന്നെയെന്റെ പിന്‍ഗാമിയാക്കാം .

ഞാന്‍ കരയുമ്പോള്‍ നീയും കരയുക.
ഞാന്‍ ചിരിക്കുമ്പോള്‍ നീയും.....
ഞാന്‍ മറക്കുമ്പോള്‍ നീ ഓര്‍ക്കുക.
ഞാന്‍ വെറുക്കുമ്പോള്‍ നീ സ്നേഹിക്കുക.

ഞാന്‍ നിന്റെ നിഴല്‍
നീ എന്റെയും.....!!
നാമീ പ്രകൃതിയുടെ നിഴലുകള്‍
നിഴലായ് മറയുന്ന നിഴലുകള്‍ നമ്മള്‍ 
പാഴ്നിഴലുകള്‍ നമ്മള്‍