Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts

Thursday, 10 November 2022

പ്രണയത്തിന്റെ കൊലപാതക കുറിപ്പ്


 പ്രണയത്തിന്റെ കൊലപാതക കുറിപ്പ് 

----------------------------------------------------------------

Audio link -https://www.instagram.com/reel/CkYvnEOI4Dz/?igshid=MDJmNzVkMjY=

ഇന്നലെ പെയ്ത രാത്രി മഴയോട് കൂടി പ്രണയം മണ്ണടിഞ്ഞു പോയത്രേ.

പ്രണയത്തിനിപ്പോൾ പരാതിയും പരിഭവങ്ങളുമില്ല,

നിറവും സുഗന്ധവുമില്ല...

മൊട്ടിട്ടു പോയ പ്രണയത്തിനൊക്കെയും 

രക്തത്തിന്റെയും എരിഞ്ഞ മാംസത്തിന്റെയും ഗന്ധം മാത്രം.


ഞരമ്പുകൾ മുറിഞ്ഞു രക്തമൊഴുകി, 

കൈകൾ തളർന്നു,

ശ്വാസം വിലങ്ങി കണ്ണുകളുന്തി,

വൃക്കകളുടഞ്ഞു, കരളു കരിഞ്ഞു, 

ആമാശയമെരിഞ്ഞു, പാദങ്ങൾ വിറച്ചു 

പ്രണയം മണ്ണിനടിയിലേക്കു കൂപ്പു കുത്തി.

മരിച്ചപ്പോളത്രേ അറിഞ്ഞത്, പ്രണയത്തിനു ഹൃദയമില്ലായിരുന്നു,

തലച്ചോറ് കാലങ്ങൾക്കു മുന്നേ മരവിച്ചു പോയിരുന്നു എന്ന്.


ഒന്നുറക്കെ നിലവിളിക്കാൻ തൊണ്ട തുറക്കേ

ചുറ്റിനും കോമരം കെട്ടിയാടുന്നു കത്തിയും തോക്കും വിഷവും പെട്രോളുമാസിഡും പിന്നെയൊരു തൂക്കു കയറും.

മരവിച്ച ഓർമ്മകളിലരികിലിരുന്നു തലോടിയ മർമ്മരങ്ങൾക്കു 

മുലപ്പാലിന്റെ മണം...

വാത്സല്യത്തിന്റെ ഗദ്ഗദം കൊരുത്ത ചുണ്ടുകളിൽ കൈവിട്ടു പോയ സ്മൃതികളുടെ നിഴലനക്കം...

അടക്കം പറച്ചിലുകളിൽ ഉയരുന്ന സ്വരമെല്ലാം കർണപുടങ്ങളിൽ

തട്ടി പ്രതിധ്വനിച്ചതും 

അത്തിമരത്തിലിരുന്നൊരു ഹൃദയം ഉറക്കെ വിളിച്ചു പറഞ്ഞു

പ്രണയം മരിച്ചതല്ല, കൊന്നതത്രെ ....

പശിയിൽ വിഷം കലർത്തി പുഞ്ചിരിച്ചു കൊണ്ട് കഴുത്തറുത്തു കൊന്നതത്രേ... 


Bismitha@njangandhialla

Monday, 30 May 2016

ഇതൊരു ഒളിച്ചോട്ടമാണ് നിഹാൽ ...


ഇതൊരു ഒളിച്ചോട്ടമാണ് നിഹാൽ ...

                                      ഇതൊരു ഒളിച്ചോട്ടമാണ് നിഹാൽ ...നിന്നിൽ നിന്നും എന്നിലേക്ക്‌ ഉള്ള അത്രയും ദൂരമുണ്ട് ഇതിന്.ഇത് ഞാൻ ഒരിക്കലും ആഗ്രഹിച്ചതല്ല ....പക്ഷെ ഇനിയങ്ങോട്ടുള്ള എന്റെ ഒരുപാട് ആഗ്രഹങ്ങൾക്ക് ഇതൊരു ആവശ്യമാണ്‌ .....കണ്ട നാൾ മുതൽ വീണ്ടും കണ്ടു കൊണ്ടിരിക്കുന്ന നിമിഷം വരെ നീ എനിക്ക് വേദനയാണ് .....വേദന മാത്രം ....!!!

സ്നേഹം വേദനയാണ് എന്ന് എന്നെ പഠിപ്പിച്ചത് നീയാണ് ....അതും അനുഭവങ്ങളിലൂടെയുള്ള  പഠനം ...

നിന്നെ കണ്ടുമുട്ടും വരെ ഞാൻ എന്നെക്കുറിച്ചു ബോധവതിയായിരുന്നു.....
എന്റെ ചിന്തകൾക്കോ , സ്വപ്നങ്ങൾക്കോ കടിഞ്ഞാണില്ലായിരുന്നു ... ഞാനൊരു പറവയായിരുന്നു...
പക്ഷെ നിന്നെ കണ്ടുമുട്ടിയ നാൾ മുതൽ എനിക്ക് എന്നെ നഷ്ടമായി തുടങ്ങി ...
എന്റെ സ്വപ്നങ്ങൾ തുടങ്ങുന്നതും, ഒടുങ്ങുന്നതും നിന്നിൽ ......
ഞാൻ എന്നെ മറന്നു , എന്നിൽ നിന്നെ പ്രതിഷ്ടിച്ചു ....
ഞാനായി തുടങ്ങി നീയായി മാറി നിന്നിൽ ചെന്നെത്തി നില്ക്കുന്ന ഒരു പുഴയായി ഞാൻ പോലുമറിയാതെ ഞാൻ മാറി .....പക്ഷെ ....!!!!

നിനക്ക് ഞാൻ ആരുമല്ലായിരുന്നു , എനിക്കതറിയാം .....
പക്ഷെ നീ എനിക്ക് ആരൊക്കെയോ ആയിരുന്നു ...,നിഹാൽ ....!
രണ്ടു ധ്രുവങ്ങളായിരുന്നു നമ്മൾ .....ആകർഷിക്കപ്പെടെണ്ടവ എന്ന് ഞാൻ ആഗ്രഹിച്ച , വിശ്വസിച്ച എന്നാൽ വികർഷിക്കപ്പെട്ടു പോയ രണ്ടു ധ്രുവങ്ങൾ ....

ഞാൻ പലരെയും വെറുക്കാനും , സ്നേഹിക്കാതിരിക്കാനും ഇന്ന് നീ ഒരു കാരണമാണ് , ആ കാരണത്തെ ഇനിയും വളർത്തിക്കൊണ്ടു പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല ...അത് കൊണ്ട് മാത്രമാണ് ഈ ഒളിച്ചോട്ടം .ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ല എനെന്നിക്കറിയാം ,എങ്കിലും താല്ക്കാലികമായി നിന്നിൽ നിന്നും ഒരു അകലം ,അത് ആവശ്യമാണ്‌ - മറ്റു പലരെയും എനിക്ക് സ്നേഹിക്കാനും , ചിലരെയെങ്കിലും മനപ്പൂർവമല്ലാതെ വെറുക്കാതിരിക്കാനും .....! .
ആത്മഹത്യ ആയിരിക്കണം നിന്റെ ഓർമകളിൽ നിന്നും മുക്തി നേടാനുള്ള ഏക വഴി ...പക്ഷെ ഞാൻ അത്രയ്ക്ക് ഭീരുവല്ല ....നിന്നെ സ്നേഹിച്ചത് ഒരു തെറ്റായി ഈ നിമിഷം വരെയും എനിക്ക് തോന്നിയിട്ടില്ല ...അത് കൊണ്ട് ഞാൻ ആത്മഹത്യ ചെയ്യില്ല ....

എത്ര വലിയ സങ്കടക്കടലിൽ പെട്ടാലും നിന്റെ ഒരു പുഞ്ചിരിയുടെ ഓർമ എനിക്കേകുന്ന കരുത്തു വലുതാണ്‌ ,....
ഇപ്പോൾ എനിക്ക് ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു നഷ്ടങ്ങളെയും ഓർത്ത്‌ എനിക്ക് വിഷമം തോന്നാറില്ല ...അതിനു കാരണം നീയാണ് ....എല്ലാത്തിനും മേലെ നിന്നെ പ്രതിഷ്ദിച്ചതു കൊണ്ട് തന്നെ നീയെന്ന നഷ്ടത്തെക്കാൾ വലുതല്ല മറ്റൊന്നും എന്ന തോന്നൽ ആണ് എനിക്കിപ്പോൾ .....

കണ്ടു മടുത്ത പല മുഖങ്ങളിൽ ഒന്നാകാം നിനക്ക് ഞാൻ ...പക്ഷെ എനിക്ക് അങ്ങനെയല്ല ...കണ്ടു പോയല്ലോ എന്നോർത്തു , മറക്കണം എന്ന് ആഗ്രഹിച്ചു , വെറുക്കണം എന്ന് പഠിപ്പിച്ചു ഒടുവിൽ അറിയാതെ സ്നേഹിച്ചു പോയ ഒരു മുഖം ......നീ ഒരു തരം ഭ്രാന്തമായ ഇല്ല്യുഷൻ  ആണ് .. അരികിൽ ഇല്ലെങ്കിലും  ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന , സംസാരിക്കാതെ സംസാരിക്കുന്ന , നിശബ്ദമായി പുഞ്ചിരിക്കുന്ന മായ ..........പക്ഷെ ആ മായകൾ എല്ലാം യാഥാർത്ഥ്യം ആണെന്ന വിഡ്ഢിത്തം ആണ് എന്റെ പോരായ്മ .....ഇനിയും അത് വളർത്തരുതല്ലോ,,,,അല്ലെ ...??

വിഡ്ഢിയാക്കപ്പെടുന്നത്  ഒരു തെറ്റല്ല ..,പക്ഷെ സ്വയം ഒരു വിഡ്ഢി ആകുന്നതു വല്യ തെറ്റാണ് ,,,,ആ തെറ്റ് ഇനിയും ആവർത്തിക്കുന്നില്ല....ഒത്തിരി സങ്കടം തോന്നുമ്പോൾ നിനക്ക് നന്മകൾ ഒന്നും വരാതിരിക്കട്ടെ എന്ന് ഈശ്വരനോട് ദേഷ്യത്തോടെ പറഞ്ഞിട്ടുണ്ട് , അതിനൊക്കെ മാപ്പ് ....

നിനക്ക് നല്ലത് വരട്ടെ നിഹാൽ ....നല്ലത് മാത്രം .......!!!

(Dedicated to my Great Friend....This one is for u...and you know who you are....)

Friday, 12 February 2016

പ്രിയപ്പെട്ട ദിനകർ .....,,

പ്രിയപ്പെട്ട ദിനകർ .....,,


ഇതൊരു കാത്തിരിപ്പാണ് ....നിനക്ക് വേണ്ടിയുള്ള അവസാനിക്കാത്ത കാത്തിരുപ്പ് .അർത്ഥമില്ലെന്ന് അറിയാമെങ്കിലും ഇന്നും തുടരുന്ന ഈ കാത്തിരിപ്പിന് പക്ഷെ ഒരു സുഖമുണ്ട് കേട്ടോ ....

ചില സ്വപ്നങ്ങളെ യാഥാർത്യങ്ങളായി  നമ്മൾ സ്വയം വിശ്വസിപ്പിക്കാറില്ലേ , അത് പോലെ ...നീയും ഒരു സ്വപ്നമാണ് ദിനകർ ..ഒരിക്കലും നടക്കാത്ത ഏറെ മനോഹരമായ ഒരു സ്വപ്നം ..അടുത്തൊരു വാലന്‍ന്റൈന്‍  ദിനം കൂടി നമുക്കായി വന്നെത്തി അല്ലേ.....പക്ഷെ .....

എനിക്ക് നിന്നോട് പ്രണയമാണോ എന്ന് ഞാൻ എന്നോട് തന്നെ പലവട്ടം ചോദിച്ചു കഴിഞ്ഞതാണ് ...മറുപടി "ഇല്ല " എന്ന് തന്നെയാണ് എന്ന് ഞാൻ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു  ..പക്ഷെ എനിക്ക് നിന്നെ ഇഷ്ടമാണ് ,,,,

മറ്റാരെയും കുറിച്ചു ചിന്തിക്കുന്നതിനേക്കാൾ കൂടുതലായി ഞാൻ നിന്നെ കുറിച്ചു ചിന്തിക്കുന്നു ....നിന്റെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ പോലും നിന്നെക്കാൾ കൂടുതൽ ശ്രദ്ധാലുവാകുന്നു...നിന്റെ പുഞ്ചിരികൾ എനിക്ക് നല്കുന്ന സന്തോഷത്തിനു അതിരുകളില്ല ...നിന്റെ വാക്കുകൾ എനിക്ക് പകരുന്ന അനുഭൂതികൾ ഈ ലോകത്ത് മറ്റാരിൽ നിന്നും , മറ്റൊന്നിൽ നിന്നും എനിക്കിതേവരെ കിട്ടിയിട്ടില്ല ...എനിക്കായി നീ ഒന്നും തന്നിട്ടില്ല ....ഒരിക്കൽ പോലും സ്നേഹത്തോടെ നീ എന്നോട് സംസാരിച്ചിട്ടില്ല ....പക്ഷെ നിന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ ഞാൻ കാണുന്നത് എന്നെ തന്നെയാണ് ദിനകർ ....

നമ്മൾ എന്നാണ് ആദ്യമായി കണ്ടുമുട്ടിയത്‌ എന്ന് നിനക്കറിയോ.... ...? ഓർത്ത്‌ വയ്ക്കാൻ മാത്രം പ്രത്യേകതയുള്ള ഒരു ദിവസം അല്ല നിനക്ക് അത് ....പക്ഷെ എനിക്ക് അങ്ങനെയല്ലാത്തത് കൊണ്ട് ഇന്നും ഞാൻ ആ ദിവസം ഓർക്കാറുണ്ട്....ഒരു വേദനയോടെ ....!

"പറയാനാണെങ്കിൽ എല്ലാവർക്കും ഒരുപാട് പറയാനുണ്ട് ..പക്ഷെ ആരും ആരോടും ഒന്നും പറയുന്നില്ല ...." അന്ന് നീ ആ പറഞ്ഞത് എന്ത് ഉദ്ദേശിച്ചാണെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല ....പറയാനുള്ളത് എന്തായാലും , അത് പറയേണ്ട ആളിനോട്‌ പറയുന്നത് അല്ലേ ദിനു...നല്ലത്  ?

ഞാൻ പറഞ്ഞിരുന്നില്ലേ .....നിന്നോട് ,എനിക്ക് നിന്നെ ഇഷ്ടമാണെന്ന് , ...ഒളിഞ്ഞും തെളിഞ്ഞും , നിന്റെ കണ്ണുകളിൽ നോക്കിയുമൊക്കെ എത്രയോ  വട്ടം ....ആ ഇഷ്ടം നീ ഈ നിമിഷം വരെ തിരസ്കരിച്ചിട്ടില്ല , സ്വീകരിച്ചു എന്ന് സമ്മതിച്ചിട്ടും ഇല്ല ....എന്നാൽ ഞാൻ അറിയുന്നുണ്ട് , ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ നിന്നെ അറിയുന്ന പോലെ നീ എന്നെയും അറിയുന്നു എന്ന സത്യം .....നിന്റെ നിശ്വാസങ്ങൾ പോലും കാതങ്ങൾക്കകലെ നിന്നും എന്നെ തേടിയെത്താറുണ്ട് ....ഇനിയിതൊക്കെ എന്തിനു പറയുന്നു അല്ലേ ....??? എല്ലാം കഴിഞ്ഞു പോയില്ലേ ....

പിടിച്ചു വയ്ക്കുന്നതിലല്ലല്ലോ , വിട്ടു കൊടുക്കുന്നതിൽ അല്ലേ സ്നേഹത്തിന്റെ മഹത്വം ...അല്ലെങ്കിൽ തന്നെ നമ്മൾ ഒന്നിച്ചിട്ട് എന്താകാനാ....?? ഈ സ്നേഹം നിർമലമായി നിലനില്ക്കാൻ  നമ്മൾ ഒരുമിക്കാതിരിക്കുന്നതാണ് നല്ലത് ...കാരണം പിരിഞ്ഞു പോയ സ്നേഹങ്ങളെ എന്നും ഓർമിക്കപ്പെട്ടിട്ടുള്ളു

നാളെ അടുത്ത വാലൻന്റൈൻ ദിനം ആണ് ....നിന്റെ പ്രണയം പൂവിടുന്ന  ദിവസം ....നാളെ നീ മറ്റൊരുവളുടെ കഴുത്തിൽ താലി ചാർത്തുന്ന നിമിഷം ഞാൻ നിന്നെ മറന്നിരിക്കും .....ഇത് നിന്നോടുള്ള എന്റെ വാക്കാണ്‌ ദിനകർ ,.....പക്ഷെ ആ വാക്ക് പാലിക്കണമെങ്കിൽ ഞാൻ എന്നെന്നേക്കുമായി നിന്നെ പിരിഞ്ഞിരിക്കണം ....പിരിയും ....

അവസാനമായി അവശേഷിക്കുന്ന ഒരു ആഗ്രഹമേ എനിക്കുള്ളൂ .....നീ പറയാതെ പോയതും , ഞാൻ പറയാൻ ശ്രമിച്ചതുമായ ആ സത്യം നീ എന്റെ മേൽ തൂകുന്ന ഒരു പിടി മണ്ണിൽ ചേർത്തു നല്കണം ....

ഈ ജന്മത്തിലെ നടക്കാതെ പോയ മോഹങ്ങളുടെ ചിറകിലേറി ഞാൻ തിരിച്ചെത്തും .....അന്ന് നീ എനിക്കായി മാത്രം ഈ ഭൂമിയിൽ പിറക്കണം ......ഒരു ആയുസ്സിന്റെ മുഴുവൻ സ്നേഹവും പരസ്പരം പങ്കു വച്ചു സന്തോഷത്തോടെ ജീവിക്കാൻ ........!!!!!

എന്നും നിന്റെ മാത്രം 
ഞാൻ 

Thursday, 7 May 2015

കേട്ട് മറന്ന ഇന്നും കേട്ട് കൊണ്ടിരിക്കുന്ന പ്രണയ കഥകളിൽ ഒരെണ്ണം .....!



കേട്ട് മറന്ന ഇന്നും കേട്ട് കൊണ്ടിരിക്കുന്ന പ്രണയ കഥകളിൽ ഒരെണ്ണം .....!

 ( NOTE : ഒരു അസാധാരണ  പോസ്റ്റ്‌ ഒന്നുമല്ല .....ഒരു സാധാരണ പോസ്റ്റ്‌ ...കണ്ടു മറന്ന ,കേട്ട് മറന്ന കഥകളിൽ ഒരെണ്ണം എന്റെ ശൈലിയിലൂടെ ....അത്രെ ഉള്ളു .....എഴുതണം എന്ന് തോന്നി ....എഴുതി ..... )

                                                        പതിവ് തെറ്റിച്ചു തകർത്ത് മഴ പെയ്യുന്ന ഒരു നട്ടുച്ച സമയം  ...അന്നായിരുന്നു അവളെ  ഞാൻ ആദ്യമായി കാണുന്നത് ..അലസമായി കെട്ടിയിട്ട മുടിയിഴകൾ അനുസരണ തെറ്റി അവളുടെ മുഖത്തേക്ക് പാറി വീണു കൊണ്ടിരിക്കുകയായിരുന്നു ...ഒരു കൈയിൽ കുടയും , മറു കൈയിൽ ഒരു പുസ്തകക്കെട്ടും , പിന്നെ ഒരു വലിയ ഹാൻഡ്‌ബാഗും ...അവളുടെ മുഖത്തു അങ്ങിങ്ങായി മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു ...ആ മഴയത്ത് വളരെ കഷ്ടപ്പെട്ട് ഓടിയും നടന്നും , പകുതി മഴ നനഞ്ഞും എങ്ങേനെയോക്കെയോ അവൾ കോളേജിന്റെ ഇടനാഴിയിലെക്കെത്തി ...അതായത് എന്റെ അരികിലേക്ക് ....ഉച്ച ഭക്ഷണവും കഴിഞ്ഞു കൂട്ടുകാർക്കൊപ്പം സൊറ പറയുന്ന നേരത്ത്  ...കുട മടക്കി കൈയിൽ പിടിച്ചു കൊണ്ട് അവൾ എന്റെ മുന്നിലൂടെ നടന്നു പോയി ....അവൾ പോലുമറിയാതെ അവളിൽ നിന്നും കുറച്ചു മഴത്തുള്ളികൾ എന്നെയും തഴുകി കടന്നു പോയി .....


പിന്നെയും എത്രയോ മഴകൾ കടന്നു പോയി ....പലരും ആ ഇടനാഴി വഴി എന്റെ കണ്മുന്നിലൂടെ ഓടിയും , നടന്നും പോയി ...അന്നൊന്നും ഒരു ഇളക്കവും തട്ടാതെ ഞാൻ കാത്തു സൂക്ഷിച്ച എന്റെ പ്രണയം .....

അടുത്ത വാലന്റൈൻ ദിനത്തിലെക്കെന്നു നീട്ടി നീട്ടി നാല് വർഷങ്ങൾ .....ഒടുവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞു അവസാന പരീക്ഷയുടെ ദിവസം .....അന്നും കിട്ടിയില്ല അതിനുള്ള ധൈര്യം ....

ഉള്ളിൽ എവിടെയോ ഒരു സുഖമുള്ള ഓർമയായി അവളെ കൊണ്ട് നടന്നു ...ജോലിയായി ...ബാങ്ക് ബാലൻസ് ആയി ...ഇനിയെങ്കിലും പറയണം എന്ന് തീരുമാനിച്ചു ,,,,പക്ഷെ അപ്പോഴാണ്‌ സംഭവിച്ചു പോയ അബദ്ധം തിരിച്ചറിയുന്നത് ....കണ്ടിട്ടുണ്ട് .....പ്രണയിച്ചിട്ടുണ്ട് .....പക്ഷെ അവൾ ആരെന്നോ ,എന്തെന്നോ അറിയില്ല ......ഒരേ കോളേജിൽ ആയിരുന്നു എന്നത്  മാത്രം ആണ് ആകെ അറിയാവുന്നത്  ... .

അവിടുന്ന് ഒരു പരക്കം പാച്ചിൽ ആയിരുന്നു ...ഓർകൂട്ടും   ഫേസ്ബുക്കും ,  തുടങ്ങി മുന്നിലുള്ള എല്ലാ വഴികളും കയറിയിറങ്ങി ....ഒരിടത്തും അവളുടെ മുഖം മാത്രം കണ്ടില്ല ....

അവസാനം നേരെ കോളേജിലേക്ക്....കുറെ അലഞ്ഞു തിരിഞ്ഞു ഒടുവിൽ ഒരു മാഗസിന്റെ 24-ആം പേജിൽ അവളുടെ പേര്  കണ്ടെത്തി ....ആ പേരും  കൊണ്ട് വീണ്ടും ഗൂഗിൾ ഭഗവാന്റെ മുന്നിൽ എത്തി ...ഇത്തവണ നിരാശപ്പെടേണ്ടി വന്നില്ല ....കണ്ടു കിട്ടി ...ഒന്നല്ല ...,ഒരു പോലുള്ള പല ഫോട്ടോകൾ ....മനസ്സ് തുള്ളിച്ചാടി ...ജീവിതത്തിൽ ഇത് വരെയും അനുഭവിച്ചിട്ടില്ലാത്ത ഒരു ആനന്ദം .....പഴയ പല സുഹൃത്തുക്കളുടെയും  സഹായത്തോടെ ഒടുവിൽ അവളുടെ അഡ്രസ്‌ കണ്ടെത്തി ...

തപ്പി പിടിച്ചു അവളുടെ വീട്ടിൽ എത്തി ...വീട്ടുകാരോട് സംസാരിക്കേണ്ടത് എങ്ങനെയെന്നു ആലോചിച്ചും ,പറഞ്ഞു പരിശീലിച്ച്ചും റെഡി ആയിട്ടായിരുന്നു ആ പോക്ക് ..

ഞാനവിടെ എത്തുമ്പോൾ അവിടെ ആകെ ബഹളം ആയിരുന്നു .....എനിക്ക് കിട്ടാവുന്നതിൽ വച്ചു ഏറ്റവും മോശം സമ്മാനം ആയിരുന്നു അവിടെ എന്നെ കാത്തിരുന്നത് ....മറ്റൊരാളുടെ താലിക്കു മുൻപിൽ തല കുനിക്കുന്ന അവളുടെ മുഖം കണ്ണീർ മൂടിയ മിഴികളോടെ ഞാൻ കണ്ടു നിന്നു...... 

ഒന്നും  മിണ്ടാതെ ആ ആൾക്കൂട്ടത്തിന്   നടുവിലൂടെ ഒറ്റപ്പെട്ടവനായി ഞാൻ നടന്നു ...
ഒരു ഉൾവിളി....തിരിഞ്ഞു നോക്കുമ്പോൾ അവളുടെ കണ്ണുകൾ ....
ആ കണ്ണുകൾ പറഞ്ഞു ....ഒരുപാട് .....
പറയാൻ കൊതിച്ചതും , കേൾക്കാൻ കാത്തിരുന്നതുമായ ഒരുപാട് കഥകൾ ആ ഒരു നോട്ടം കൊണ്ട് അവൾ എനിക്ക് പകുത്തു നല്കി ....

ഒരു വാക്ക് പോലും എനിക്ക് പറയാൻ കഴിഞ്ഞില്ല ...പക്ഷെ അവൾ എല്ലാം പറഞ്ഞു ....പറയാനും , കേൾക്കാനുമായി ഒന്നും ബാക്കി വയ്ക്കാതെ  ഞാൻ അവിടെ നിന്നും നടന്നു ......പുറത്തു നല്ല മഴയായിരുന്നു .....ഞാൻ അവളെ ആദ്യമായി കണ്ട നാൾ പതിവ് തെറ്റിച്ചു പെയ്തത് പോലെ.......

ആ 24-ആം പേജിൽ അവൾ  എഴുതിവച്ച പോലെ ......"പിരിഞ്ഞു പോയ സ്നേഹങ്ങളെ എന്നും ഓർമിക്കപെട്ടിട്ടുള്ളൂ ....ആ ഓർമ്മകൾക്കാണ് ജീവിതത്തെക്കാൾ മാധുര്യം കൂടുതൽ ...."


Saturday, 14 February 2015

വീണ്ടും ഒരു പ്രണയ ദിനം കൂടി .......!!

വീണ്ടും ഒരു പ്രണയ ദിനം കൂടി .......!!



ഫെബ്രുവരി 14....വാലന്‍ന്റൈന്‍ ദിനം ....കലണ്ടറില്‍ ഇത് ചുവന്ന അക്കത്തിലുള്ള തീയതി അല്ലാത്തതിനാല്‍  സ്കൂളില്‍ പഠിക്കുന്ന 
കാലങ്ങളില്‍ ഈ ദിനത്തോട് പ്രത്യേകിച്ചു യാതൊരു പ്രതിപത്തിയും തോന്നിയിരുന്നില്ല ..

കോളേജിലെത്തിയപ്പോള്‍ ആണ് ഈ ദിവസം ഒരു സംഭവമാണെന്ന് മനസ്സിലാക്കിയത് ....നമ്മുടെ അടുത്തിരിക്കുന്ന പിള്ളേരുടെയൊക്കെ കൈയില്‍ കാര്‍ഡും ,പൂവുമൊക്കെ കണ്ടപ്പോഴാണ് ഈ ദിവസത്തിനു വേണ്ടി മാത്രം കാത്തിരിക്കുന്ന ഒരു ജനത നമ്മടെ നാട്ടിലും ഉണ്ടെന്ന് മനസ്സിലാകുന്നെ ....

അതെന്തോ ആയിക്കൊള്ളട്ടെ ...അങ്ങനെ കാത്തിരിക്കാന്‍ മാത്രം പ്രത്യേകത ഉള്ള ദിനമല്ല  ഇന്നത്തേത്  എന്നു ചിന്തിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര് കാണുമല്ലോ ....കവി തല്‍കാലം അവരോടൊപ്പം കൂടുന്നു ..

ഇപ്പോള്‍ കവിക്ക്‌ ഓര്‍മ വരുന്നത് കവിയുടെ ചില സുഹൃത്തുക്കള്‍ പറഞ്ഞ കാര്യങ്ങളാണ് ...
അവിടെ നിന്ന് തുടങ്ങാം ....

"പ്രണയം എന്താണെന്ന് ...ആ വികാരത്തിന്റെ തീവ്രത എത്ര മാത്രമാണെന്ന് തിരിച്ചറിയണമെങ്കില്‍ നീ 
ഒരിക്കലെങ്കിലും ഒന്ന് പ്രണയിച്ചു നോക്കിയേ മതിയാകൂ ...." 

-ആ വാക്ക് കേട്ടു ഒന്ന് പ്രണയിച്ചു കളയാം  എന്ന തോന്നലൊന്നും ഇതേ വരെ ഉണ്ടായിട്ടില്ല ... എങ്കിലും അപ്പറഞ്ഞത്‌ സത്യമാണെന്ന് ഉറപ്പാണ്‌ ...കാരണം 
ഏതു വികാരത്തിന്റെയും പരിപൂര്‍ണത മനസ്സിലാക്കണമെങ്കില്‍ ആ വികാരം നമ്മള്‍ അനുഭവിക്കണമെന്നത്  ഞ്യായം ....

"ആള്‍ക്കാരെന്തിനാ പ്രണയിക്കുന്നെ ...?സന്തോഷമായിരിക്കാന്‍ വേണ്ടി ...പ്രണയമില്ലാതെ തന്നെ ഞാന്‍ സന്തുഷ്ടനാണ് ..."

-അതിനോട് എനിക്കങ്ങനെ പൂര്‍ണ യോജിപ്പോന്നുമില്ല ....സന്തോഷമായിരിക്കാന്‍ വേണ്ടി പ്രേമിക്കണം  എന്നുണ്ടോ ...?
അതിനാണേല്‍ വേറെ എന്തോരം കാര്യങ്ങളുണ്ട് ...??പക്ഷേ ചിലരെ സംബന്ധിച്ചിടത്തോളം  അത് സത്യമായിരിക്കണം ....
അവരുടെ സന്തോഷം പ്രണയിക്കുന്നതില്‍ ആയിരിക്കണം ...

"പ്രണയിക്കുമ്പോള്‍ അല്ല ...ആ പ്രണയം നഷ്ടമാകുംപോഴാണ് നമ്മള്‍ ആ വ്യക്തിയെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നു മനസ്സിലാകുന്നെ ...."

-അത് സത്യമാണ് ..നഷ്ടപ്പെടലില്‍ നിന്നേ ഇഷ്ടപ്പെട്ടത്തിന്റെ മൂല്യം നമ്മള്‍ തിരിച്ചറിയൂ ...

"ജീവിത കാലം മുഴുവന്‍ സ്നേഹിച്ചോളാം എന്നു വാക്ക് കൊടുത്തു ആരെയെങ്കിലും പ്രണയിക്കാന്‍  ഇറങ്ങിത്തിരിച്ചാല്‍ അതിനേക്കാള്‍ 
വലിയ മറ്റൊരു വിഡ്ഢിത്തവും  ജീവിതത്തില്‍ സംഭവിക്കില്ല.... "

-അതൊരല്പം ചിന്തിക്കേണ്ട സംഗതി തന്നെയാണ് ....എല്ലാക്കാലവും ഒരാള്‍ക്ക് മറ്റൊരാളെ പരിപൂര്‍ണമായി സ്നേഹിക്കാന്‍ കഴിയുമോ ...?അങ്ങനെയെങ്കില്‍ ഈ ലോകം എന്നേ നന്നായേനെ ....അല്ലേ ...??

പ്രണയം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എനിക്ക് കൂടുതല്‍ ഓര്‍മ വരുന്നത് പുരുഷ മുഖങ്ങളാണ് ...
അത് ഞാനൊരു പെണ്ണായത് കൊണ്ടല്ല ....
ഞാനറിയുന്ന പുരുഷന്മാര്‍ക്കൊക്കെ പറയാന്‍ അങ്ങനൊരു കഥയുണ്ടാകും ...

ഇപ്പോള്‍ മേല്‍ പറഞ്ഞ വാചകങ്ങളൊന്നും എന്റെ സാങ്കല്പ്പികത അല്ല...... സ്നേഹിക്കുന്ന ,സ്നേഹിച്ചു പോയ ,
അല്ലെങ്കില്‍ സ്നേഹം നഷ്ടപ്പെട്ടു പോയ പുരുഷന്മാരുടെ വാചകങ്ങളാണ് ...

ചരിത്രപുസ്തകം കടം കൊള്ളാനോന്നും ഞാനില്ല ...
എങ്കിലും ചരിത്ര കാലം മുതലേ പ്രണയത്തിന്റെ കാര്യത്തില്‍ 
പെണ്ണുങ്ങളെക്കാള്‍ വിശ്വാസ്യതയും ,ആത്മാര്‍ത്ഥതയും (വഞ്ചനയുടെ കണക്കു തല്‍കാലം മറക്കാം )
പുലര്‍ത്തുന്നത് പുരുഷന്മാര്‍ തന്നെയാണ് ... 

ആദത്തിനു ഹവ്വയോടുള്ള അന്ധമായ പ്രണയം ....
ഷാജഹാന് മുംതാസിനോട് ....(വല്ലവന്റേം ഭാര്യയെ അടിച്ചു മാറ്റിയിട്ടാണെങ്കിലും )

മറഞ്ഞു പോയ കാല്‍പ്പാടുകളില്‍ എന്നും ഓര്‍ത്തെടുക്കാന്‍ അങ്ങനെ കുറച്ചു പ്രണയ കഥകളും ഉണ്ട് ..

സാഹചര്യത്തിനനുസരിച്ച്ചു സ്വയം മാറാനുള്ള കഴിവ് എന്നും പെണ്ണിനാണ് കൂടുതല്‍ ...
അത് കൊണ്ട് തന്നെ പ്രണയത്തില്‍ മിക്കവാറും പരാജിതനാവുന്നത് പുരുഷന്‍ തന്നെ.. ...
സാമ്പത്തികവും ,അടിസ്ഥാന സൗകര്യവും നോക്കി പ്രണയിക്കാന്‍ പെണ്ണുങ്ങള്‍ക്കാണ് കഴിവ് കൂടുതല്‍ ..
അക്കാര്യത്തില്‍ പുരുഷന്മാര്‍ സ്ത്രീകളുടെ ശിഷ്യന്‍മാര്‍ ആകേണ്ടിയിരിക്കുന്നു ...

പ്രണയിച്ചു പരിച്ചയമില്ലാത്തത് കൊണ്ട് ഈ വിഷയത്തില്‍ കാട് കയറാന്‍ എനിക്ക് ഉദ്ദേശ്യമില്ല...
എങ്കിലും മനസ്സില്‍ ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ബാക്കിയുണ്ട് ....ഇത് വഴി കടന്നു പോകുന്ന  ആര്‍ക്കെങ്കിലും അതിനു മറുപടിയുണ്ടെങ്കില്‍ 
ഹാര്‍ദ്ദവമായ സ്വാഗതം ....ചോദ്യം ഇതാ ഇവിടെയുണ്ട് ...

"ചിലപ്പോള്‍ ഒരു നിമിഷം കൊണ്ട് ഒരാളോട് വല്ലാത്തൊരു ഇഷ്ടം തോന്നിപ്പോകും ...
ജീവിതത്തില്‍ പിന്നീടൊരിക്കല്‍ പോലും അത്തരത്തിലൊരു നിമിഷം 
തിരികെ കിട്ടില്ലെങ്കില്‍ കൂടി നമ്മള്‍ ആ വ്യക്തിയെ ജീവനുള്ളിടത്തോളം 
കാലം സ്നേഹിച്ചു കൊണ്ടേയിരിക്കും ...അതിനെ പ്രണയം എന്നൊക്കെ വിളിക്കാന്‍ സാധിക്കുമോ ...?????"

ഇനിയും ഒരുപാട് വാലെന്റൈന്‍ ദിനങ്ങള്‍ ഈ വഴിയേ കടന്നു പോകും........ അതില്‍  ഏതെങ്കിലും ഒരു ദിനം നമ്മുടെ  എല്ലാവരുടെയും ജീവിതത്തില്‍ 
മറക്കാന്‍ കഴിയാത്ത അനുഭവം  സമ്മാനിക്കും ....
ആ ദിനം വന്നെത്തും വരെ വാലെന്റൈന്‍ ദിനങ്ങള്‍ നമുക്ക് വെറുമൊരു 
ദിവസം മാത്രം ...

സൂര്യന്‍ ഉദിച്ച് അസ്തമിച്ഛകന്നു പോകുന്ന ഒരു ദിനം ......