Showing posts with label സിനിമാസ്കോപ്പ്. Show all posts
Showing posts with label സിനിമാസ്കോപ്പ്. Show all posts

Wednesday, 10 May 2023

2018 - Every one is a HERO

 2018 - Every one is a HERO

            

                അപ്രതീക്ഷിതമായി കാണേണ്ടി വന്ന ഒരു ചിത്രം ആണ് 2018 . ആഗ്രഹിച്ചു പോയി കണ്ടതോ, ട്രൈലെർ കണ്ടു പോയതോ , റിവ്യൂ വായിച്ചു പോയതോ ഒന്നുമല്ല. പക്ഷെ പോയില്ലായിരുന്നു എങ്കിൽ അതൊരു വലിയ നഷ്ടം ആയേനെ.

സിനിമയുടെ തുടക്കത്തിൽ തന്നെ ഹൃദയം നിറയ്ക്കുന്ന ഒരു മനോഹരമായ കാഴ്ചയുണ്ട്. അന്ധനായ ഭാസി ചേട്ടന് ശബ്ദത്തിലൂടെ മനോഹരമായ ലോകം കാട്ടിക്കൊടുക്കുന്ന അനൂപും , അവന്റെ വാക്കുകളിലൂടെ കർണപുടങ്ങളിൽ തട്ടി മനസ്സിലേക്കെത്തുന്ന കാഴ്ചകളിലൂടെ ഭാസി ചേട്ടനിൽ വിരിയുന്ന പുഞ്ചിരിയും. കാഴ്ചകളൊപ്പുന്ന ക്യാമറയും പശ്ചാത്തല ശബ്ദവും കൊണ്ട് മനസ്സ് നിറയുന്ന ഒരു കാഴ്ച.

പട്ടാളം വിട്ടു പേടിച്ചോടിയ അനൂപെന്ന തനി നാട്ടിൻപുറത്തുകാരൻ ചെറുപ്പക്കാരൻ മകനായും,കൂട്ടുകാരനായും, കൂടപ്പിറപ്പായും, കാമുകനായുമൊക്കെ അനായാസം ചുവടു മാറ്റുന്ന കാഴ്ച്ച അതി മനോഹരം തന്നെയാണ്. ഓരോ മനുഷ്യനും നേടിയെടുക്കാനും നഷ്ടപ്പെടാനും ഒരുപാടുണ്ടാവും. പട്ടാളക്കാരന്റെ കുപ്പായം അഴിച്ചു വെച്ചു എങ്കിലും ആ അനുഭവങ്ങൾ കൊണ്ട് ദുരന്തമുഖത്തെ നിറസാന്നിധ്യമായി അവൻ മാറുന്ന കാഴ്ച കാണികളിൽ കണ്ണീർ നിറയ്ക്കുന്നുണ്ട്.

ശബ്ദം കൊണ്ട് മാത്രം ലോകത്തെ കണ്ട ഭാസി ചേട്ടന്റെ സൂക്ഷ്മമായ ചലനങ്ങൾ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു ശ്വാസം അടക്കിപ്പിടിച്ചു ഇരുത്തുന്നുണ്ട് .

മരണം അപ്രതീക്ഷിതമായി മുന്നിലെത്തുമെന്ന തിരിച്ചറിവിനെ പോലും മറന്നു കൊണ്ട് കടലിന്റെ കാണാ കയങ്ങളിലേക്കു പോകുന്ന അരയന്റെ ജീവിതത്തെ വിന്‍സ്റ്റണും മത്തായിച്ചനും തുറ അരയന്മാരുമെല്ലാം ജീവിച്ചു കാണിക്കുന്നുണ്ട്.


സ്വപ്നങ്ങൾക്ക് പിറകെ ഓടാൻ സ്വന്തം അസ്തിത്വം തന്നെ മറക്കുകയും , ഒടുവിൽ തന്റെ കർമ്മ മണ്ഡലത്തിലേക്ക് തിരികെ വരുകയും ചെയ്തു കൊണ്ട് ജീവിതത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കുന്ന നിക്സ്റ്റണ് എന്ന ചെറുപ്പക്കാരൻ ജീവിതത്തിലെ ഒരു പുത്തൻ പ്രതീക്ഷയാണ്

നാട്ടുകാരെ രക്ഷിക്കാനുള്ള തത്രപ്പാടിൽ വീട്ടുകാരെ മറക്കേണ്ടി വന്ന എത്രയോ പേരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഷാജി എന്ന കഥാപാത്രം.

പ്രളയം എന്ന വിഷയത്തെ സിനിമ ആക്കുമ്പോൾ നമ്മളൊക്കെ കണ്ടിട്ടുള്ള ഇംഗ്ലീഷ് സിനിമകളുടെ VFX എന്ന പ്രതീക്ഷയുടെ മുകളിൽ ഒരു വെള്ളപൊക്കത്തിന്റെ സെറ്റ് ഇട്ടു കൊണ്ട് ഇടറിയും തന്മയത്വത്തോടെ ഒട്ടും നാടകീയം അല്ലാതെ ഒരു ഡോക്യൂമെന്ററി ആയി പോകേണ്ട പല മോമെന്റുകളിൽ നിന്നും സിനിമയിലേക്കും ആസ്വാദനത്തിലേക്കും കാണികളെ കൊണ്ടെത്തിച്ച ജൂഡിന്റെ കഴിവിനെ നമിക്കാതെ വയ്യ.

തനി നാട്ടിൻപുറത്തിലെ വ്യത്യസ്തമായ ജീവിതങ്ങളെ ഒരു നൂലിൽ കോർത്തു മനോഹരമായി അവതരിപ്പിക്കാനും അതെ intensityode ഓരോ കാഴ്ചകളെയും കാണികളിലേക്കു എത്തിക്കാൻ സാധിച്ചു എന്നുമുള്ളതാണ് 2018 നെ ഇത്രയും ഹൃദ്യമാക്കുന്നത്. 

വലിയവർക്കൊപ്പം തന്നെ മഴയത്തും തണുപ്പിലും വിറച്ചു അഭിനയിച്ച കുഞ്ഞുങ്ങളും  തീരെ വയസ്സായ കഥാപാത്രം ചെയ്ത ആൾക്കാരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഒരു പക്ഷെ പ്രായഭേദമന്യേ എല്ലാവരെയും ഹീറോസ് ആക്കാൻ ജൂഡ് നോക്കിയത് കൊണ്ടാകും ഈ ചിത്രത്തിലെ ഓരോ നിമിഷങ്ങളും നമ്മുടെ ഹൃദയത്തിൽ തന്നെ വന്നു പതിക്കുന്നത്.

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്ന സേതുപതിയുടെ കഥ ഒരിടത്തുമെത്താതെ പോയ പോലെ തോന്നി. അപർണ ബലമുരളിയുടെ കഥാപാത്രം ഏച്ചു കെട്ടിയ പോലെ മുഴച്ചിരുന്നു. ഒരു പത്ര പ്രവർത്തകയുടെ ചടുലതയോ , ഡയലോഗ്  പ്രേസേന്റ്റേഷനിൽ ക്വാളിറ്റിയോ ഒന്നും ഫീൽ ചെയ്തില്ല. ആ കഥാപാത്രത്തിന്റെ ഫിക്സിങ് പലപ്പോഴും അനുചിതമായി ഫീൽ ചെയ്തു. കോശിയും വിദേശികളും സിനിമയ്ക്ക് പാരലൽ ആയി ഓടിപ്പോയ കഥാപാത്രങ്ങൾ ആയി തോന്നി. രമേശേട്ടനും ഭാര്യയും ഇതിലൊന്നും പെടാതെ ഒരു സൈഡിൽ ഇരുന്ന പോലെ. രമേഷേട്ടനോപ്പം വണ്ടിയിൽ കയറിയ തമിഴനും അതെ. എല്ലാവരെയും കൊണ്ട് ഓരോ സ്ഥലത്തു പ്രതിഷ്ഠിച്ചു ഈ സിനിമ എടുക്കാൻ ജൂഡണ്ണൻ പെട്ടതിന്റെ ഒരു ശതമാനം പോലും effort ഇല്ലാതെ ഇവിടെ ഇരുന്നു ഇങ്ങനെ അഭിപ്രായം പറയാൻ കാശു കൊടുക്കേണ്ടാ എന്നുള്ളത് കൊണ്ട് പറഞ്ഞു എന്ന് മാത്രം.

വെള്ളം കയറിയ വീടിനുള്ളിൽ നിന്നും മനുഷ്യന്മാർ അത്ഭുതകരമായി രക്ഷപ്പെട്ട വാർത്തയുടെ തീവ്രത ഒട്ടും ചോരാതെ ദുരന്ത മുഖത്തിന്റെ നേർചിത്രം നമുക്ക് പകർന്നു തന്ന കാഴ്ചയാണ് വർഗീസിന്റെയും കുടുംബത്തിന്റെയും അതി ജീവനം. വർഗീസിന്റെ മകനായി അഭിനയിച്ച കുട്ടിയുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെ.

അതിനജീവനത്തിന്റെ വഴികളിൽ ഒരു വേദനയോടെ നമ്മുടെ ഹൃദയത്തിൽ നിറയുന്ന മുഖമാണ് അനൂപിന്റെയും മാത്തച്ചന്റെയും. മനുഷ്യൻ എത്രയൊക്കെ പണക്കാരൻ ആണെന്നും കഴിവുള്ളവൻ ആണെന്നും അഹങ്കരിച്ചാലും നിനച്ചിരിക്കാത്ത ഒരു ദുരന്തം മതി മനുഷ്യ മനസ്സുകൾക്കിടയിലെ മതിൽ ഇടിയാനും ഒന്ന് തോൾ ചേർക്കാനും എന്നുള്ള മഹത്തരമായ സന്ദേശം തന്നെയാണ് ഈ സിനിമ മുന്നോട്ടു വയ്ക്കുന്നത്.

പ്രളയ കാലത്തെ രാഷ്ട്രീയം കൂടുതൽ പറയാതെ ഡിസാസ്റ്റർ മാനേജ്‌മന്റ് നു കൂടുതൽ പ്രാധാന്യം കൊടുക്കാതെ മനുഷ്യത്ത്വത്തിന്റെയും  മാനവികതയുടെയും  ചേർത്തു പിടിക്കലിന്റെയും കഥയാണ്  2018  പറയുന്നത്. നമ്മുടെ തലമുറയിലെ നാനാ തുറകളിലുള്ള മനുഷ്യർ ഒരു ദുരന്തത്തിനെ എങ്ങിനെ നേരിട്ടുവെന്നും, എന്നും താഴെക്കിടയിൽ നമ്മൾ കാണുന്ന മീനിന്റെ മണമുള്ള മനുഷ്യന്റെ കരങ്ങൾ ദൈവത്തിന്റെ കരങ്ങളായതെങ്ങിനെ എന്നും ചരിത്രത്തിൽ എഴുത്തിച്ചേർക്കുന്ന 2018  വരും തലമുറകൾക്കു മാനവികതയുടെ ഒരു സ്മാരകമായിരിക്കും എന്ന് തന്നെ നിസ്സംശയം പറയാം. ചിത്രത്തിന്റെ ടാഗ് ലൈൻ പറയുന്ന പോലെ തന്നെ എല്ലാ കഥാപാത്രങ്ങളും ഇതിലെ ഹീറോ തന്നെയാണ്.

 

Worth watching

Monday, 4 February 2019

പേരൻപ്.....film review

പേരൻപ്.....



                                                  പേരൻപ്...  അൻപിനാൽ ഇഴ ചേർക്കപ്പെട്ട   അമുദന്റെയും പാപ്പായുടെയും ജീവിതത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം . സ്നേഹം ഇവിടെ പ്രണയമായും, വാത്സല്യമായും , ത്യാഗമായും, വിട്ടു കൊടുക്കലായും, അംഗീകരിക്കലായും അതിന്റെ പൂർണത കൈക്കൊള്ളുന്ന ദൃശ്യാനുഭവം ..സ്നേഹത്തിനു സ്വാതന്ത്ര്യം എന്നൊരു അർഥം കൂടിയുണ്ടെന്നും , അത് നല്കുന്നതിലാണ് ജീവിതത്തിന്റെ മനോഹാരിത എന്നും പേരൻപ് വിളിച്ചോതുന്നു .


സ്പാസ്റ്റിക് പരാലിസിസ് രോഗിയായ മകളിൽ നിന്നും കടലും കടന്നു ദൂരേക്ക് പറന്നു പോയ അമുദൻ ...വർഷങ്ങൾക്കിപ്പുറം മറ്റൊരു വഴിയുമില്ലാതെ മകളെ ഏറ്റെടുക്കാനായി അയാൾക്ക് തിരികെ വരേണ്ടി വരുന്നു .ഇത്രയും വർഷം നാട്ടുകാരുടെയും വീട്ടുകാരുടെയും പരാതികൾക്കും കുത്തുവാക്കുകൾക്കും ചെവി കൊടുത്ത് സ്നേഹം ത്യാഗമാണെന്നു സമർഥിച്ച ഒരമ്മയാണ് ഒടുവിൽ മകൾ എന്തെന്ന് പോലുമറിയാത്ത അച്ഛന് അവളെയും നൽകി സ്വന്തം ജീവിതം തേടി പോകുന്നത് .ആ പോകുന്നതിനും അവൾക്കൊരു ന്യായികരണം ഉണ്ടെന്നു കണ്ടെത്തി മറ്റുള്ളവരെ ശല്യപ്പെടുത്താതെ മകളുമായി അയാൾ യാത്രയാവുകയാണ് ...മനുഷ്യരില്ലാത്ത, കുരുവികള്‍ ചാകാത്ത  ഒരിടം തേടി ...അവിടെ തുടങ്ങുകയാണ് ഒരച്ഛന്റെയും മകളുടെയും നിസ്വാർത്ഥമായ സ്നേഹത്തിന്റെ കഥ ..

സ്വന്തം ജീവിതം എത്രമേൽ മഹത്തരവും സൗഭാഗ്യം നിറഞ്ഞതുമാണ് എന്ന് മനസ്സിലാകണമെങ്കിൽ നമുക്ക്  മറ്റുള്ളവരുടെ വേദനകൾ തിരിച്ചറിയാൻ കഴിയണം .ആ തിരിച്ചറിവാണ് അമുദനെ മകളിലേക്കു അടുപ്പിക്കുന്നത് ,അവളെപ്പോലെയാകാൻ അയാൾ പരിശ്രമിച്ചെങ്കിലും അതിനു സാധിക്കില്ലെന്ന തിരിച്ചറിവാണ് അവളിക്കേലുള്ള അയാളുടെ പ്രയാണത്തിന് വഴി തുറന്നത്....പാട്ടുപാടിയും , നൃത്തം ചെയ്‌തും , മോണോ ആക്ട് കാണിച്ചും മകളുടെ സ്നേഹം പിടിച്ചു പറ്റാൻ ശ്രമിക്കുന്ന അച്ഛൻ ..ഒടുവിൽ തോൽവി സമ്മതിച്ചു നീറുന്ന നെഞ്ചോടെ " ഇനിയെന്താണ് ഞാൻ ചെയേണ്ടത് , നീ എന്നോടൊന്നു മിണ്ടാൻ " എന്ന് ചോദിക്കുമ്പോൾ അറിയാതെ നമ്മുടെ ഹൃദയവും ഒന്ന് വിങ്ങും ..പ്രകൃതിയാണ് ഇവിടെ അച്ഛൻ മകൾ ബന്ധം ഊട്ടിയുറപ്പിക്കുന്നത്.മകൾ സൂര്യനാകുമ്പോൾ അച്ഛൻ ചന്ദ്രനായും, അച്ഛൻ സൂര്യനാകുമ്പോൾ മകൾ ചന്ദ്രികയായും മാറുന്നു...ഒടുവിൽ ഒരു  ചിറകടിയുടെ മനോഹാരിതയോടെ അച്ഛൻ മകൾ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു ...പ്രകൃതിയുടെ മനോഹാരിതയും , ഇരുട്ടിന്റെ നിശ്ശബ്ദതതയും , പശ്ചാത്തല സംഗീതത്തിന്റെ ഒഴുക്കും നമ്മെ കൊണ്ടെത്തിക്കുന്നത് നന്മ നിറഞ്ഞ ഒരു അന്തരീക്ഷത്തിലേക്കാണ് ....വാക്കുകളേക്കാൾ ഭീകരമായ അർഥം മൗനത്തിനുണ്ടെന്നു ഓരോ ഫ്രെയിമിലൂടെയും റാം കാട്ടിത്തരുന്നു ...

ഋതുമതിയായ മകൾ ഏതൊരു അച്ഛന്റെയും ഏറ്റവും വലിയ സന്തോഷമാണ് , പക്ഷെ ഇവിടെ അമുദനുണ്ടാകുന്ന വികാരം അയാളുടെ നിശബ്ദതയിലൂടെ കാഴ്ചക്കാരന്റെ ഹൃദയത്തെ വേദനിപ്പിക്കുകയാണ്, ഒരു പെൺകുട്ടിക്ക് , പ്രത്യേകിച്ചും തന്റെ മകൾക്കു ഈ അവസരത്തിൽ 'അമ്മ എത്ര മാത്രം ആവശ്യമാണെന്ന് അയാൾ മനസ്സിലാക്കുന്നു എങ്കിലും മറ്റു വഴികളൊന്നുമില്ലാതെ ഒടുവിൽ അച്ഛൻ തന്നെ അമ്മയാകുകയാണിവിടെ .

വിജി എന്ന വിജയലക്ഷ്മിയുടെ കടന്നു വരവോടെ കുറച്ചു നിമിഷത്തേക്ക് വേണ്ടിയെങ്കിലും അയാളും ഒരു മനോ രാജ്യത്തിൽ എത്തിപ്പെടുകയാണ് .അതൊരു നിമിഷ സ്വപ്നമായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ അയാൾക്കു ദേഷ്യത്തെക്കാളേറെ അവളോട് തോന്നുന്നത് സ്നേഹം തന്നെയാണ് ...ഓരോ മനുഷ്യന്റെയും അവസ്ഥകളെ അവരായി നിന്ന് കൊണ്ട് മനസ്സിലാക്കുന്ന അമുദൻ സ്നേഹത്തിനു മാനവികത എന്നൊരു അർഥം കൂടിയുണ്ടെന്ന്  നമ്മെ പഠിപ്പിക്കുന്നു ...

ജീവിക്കാൻ മനുഷ്യന് ആവശ്യം പണം തന്നെയാണ് , വായു ഭക്ഷിച്ചു ജീവിക്കുക സാധ്യമല്ലല്ലോ ...അങ്ങനെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അമുദൻ മകളുമായി നഗരത്തിലെത്തുകയാണ്.. അവിടെയും പ്രതിസന്ധികൾ തന്നെയാണ് അയാളെ കാത്തിരിക്കുന്നത് ..ഒറ്റമുറി ലോഡ്‌ജിലും , ഒറ്റമുറി വീട്ടിലും കാരണവരായും കാവൽക്കാരനായും മകളെ പൊതിഞ്ഞു സൂക്ഷിക്കുന്ന അച്ഛനാവുകയാണ് അമുദൻ ...മകൾ ഒരു സ്ത്രീയാവുകയാണെന്നും , അവൾക്കും ഏതൊരു പെണ്ണിനേയും പോലുള്ള വികാരങ്ങൾ ഉണ്ടെന്നുമുള്ള തിരിച്ചറിവ് ആ അച്ഛനെ വല്ലാതെ തളർത്തുന്നുണ്ട് ...മകൾ കാണാതെ , അവൾ കേൾക്കാതെ നെഞ്ചകം പിഞ്ഞി അയാൾ കരയുമ്പോൾ കാഴ്ചക്കാരന്റ കണ്ണുകൾ ഈറനണിയുകയാണ് ....ഒരു നോട്ടം കൊണ്ട് , ഒരു മൗനം കൊണ്ട് , വാക്കുകളിലെ ഇടർച്ച കൊണ്ട് മമ്മൂട്ടി എന്ന മഹാനടൻ സമ്മാനിക്കുന്ന വിസ്മയകരമായ ഭാഷ വാക്കുകൾക്കതീതമാണ് , ഭാവ തീവ്രമാണ് ...കരളലിയിക്കുന്നതാണ്.

പലപ്പോഴും തനിക്ക് അമ്മയ്ക്ക് പകരമാകാൻ കഴിയില്ലെന്നും , മകൾക്കു ഒരു സ്ത്രീ സാമീപ്യം ആവശ്യമാണെന്നുമുള്ള അറിവ് അയാളെ കൊണ്ടെത്തിക്കുന്നത് വല്ലാത്തൊരു അവസ്ഥയിലേക്കാണ് .അത് കൊണ്ടാണ് അയാൾ പൂർവ ഭാര്യക്കരികിലേക്കു പോകുന്നത് , മകളെ കുറിച്ച് ഒരു വാക്ക് പോലും ആരായാതെ അതിഥി സൽക്കാരവും നടത്തി അവർ മറയുമ്പോൾ , അന്നേ വരെ ചേർത്തു വച്ച എല്ലാ ധൈര്യവും അമുദനിൽ നിന്നും ചോർന്നു പോകുകയാണ് . മകൾക്കു അവൾ ആഗ്രഹിക്കുന്ന എല്ലാ സന്തോഷങ്ങളും കൊടുക്കാനായി അയാൾ ഒടുവിലെത്തുന്നത് ഒരു വേശ്യാലയത്തിലേക്കാണ് .വികാര നിർഭരമായ ഒരു മുഹൂർത്തമാണ് അത് ...ഒരു അച്ഛനെന്ന നിലയിൽ ഇതിനേക്കാൾ വലിയ തോൽവി തനിക്കില്ലെന്ന വേദന.......

ഉള്ളതിൽ സന്തോഷം കണ്ടെത്താനുള്ള , കൂടെ നിൽക്കുന്നവർക്കും അത് പകർന്നു കൊടുക്കാനുള്ള കഴിവാണ് അമുദനെ വ്യത്യസ്തനാക്കുന്നത് .ഓരോ മനുഷ്യനും അവന്റെ തെറ്റുകൾക്ക് അവന്റേതായ ന്യായീകരണങ്ങൾ ഉണ്ടെന്നും അത് നമ്മൾ അംഗീകരിക്കാൻ തയാറായാൽ അതൊരു തെറ്റായി മാറുകയില്ലെന്നും അമുദൻ പറയാതെ പറയുന്നുണ്ട് .

അധ്യായങ്ങളായി കഥ പറയുമ്പോൾ  പലപ്പോഴും നഷ്ടപ്പെട്ടേയ്ക്കാവുന്ന കഥയുടെ ഒഴുക്കിനെ ഒട്ടും ചോരാതെ തന്നെ പ്രേക്ഷകനിലേക്കെത്തിക്കാൻ കഥ പറച്ചിലിന് സാധിക്കുന്നുണ്ട് ...സമൂഹം എന്നും മുഖം തിരിക്കുന്ന ഭിന്നലിംഗക്കാരും കഥയിലെ പ്രധാന കഥാപാത്രങ്ങൾ ആകുന്നുണ്ട് ...

ഗതികേട് കൊണ്ട് AC  കാറിലെ തണുപ്പിനെ പ്രണയിക്കേണ്ടി വന്ന മീരയ്ക്ക് മുന്നിൽ പലപ്പോഴും അമുദൻ ഒരു പ്രണയത്തിന്റെ കടലാകുകയാണ് , അയാൾ പോലുമറിയാതെ ....മീരയിലൂടെയാണ് അമുദൻ തന്റെ പൂർണത കണ്ടെത്തുന്നത് ..തന്റെ മകൾക്കു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സന്തോഷം മീരയാണെന്നു അയാൾ തിരിച്ചറിയുന്നത് മരണത്തിനോട് ഗുഡ് ബൈ പറഞ്ഞു തിരികെ എത്തുമ്പോൾ ആണ് ..

ജാതിയുടെയോ , മതത്തിന്റെയോ , വർഗ്ഗത്തിന്റെയോ പേരിൽ അല്ല , മാനുഷിക മൂല്യങ്ങളുടെയും ,മാനവികതയുടെയും , സ്നേഹത്തിന്റെയും അടിസ്ഥാനത്തിലാണ് മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കേണ്ടതും ഉൾക്കൊള്ളേണ്ടതും എന്ന തത്വമാണ് പേരൻപ് മുന്നോട്ടു വയ്ക്കുന്നത് ..

പ്രതിസന്ധികളും , വേദനയും , നിസ്സഹായതയും , മരണത്തെക്കാൾ തീവ്രമായ അനുഭവങ്ങളും പങ്കു വച്ച് , ജീവിതത്തെ തീർത്തും സുന്ദരമായി നേരിടാൻ കൊതിക്കുന്ന അച്ഛനാണ് അമുദൻ .സ്വന്തം ജീവിതത്തിലെ ദുരനുഭവങ്ങളും , താൻ താണ്ടിയ വഴികളും പറഞ്ഞു തന്നു ,നമ്മുടെ ജീവിതം കൊണ്ട് നാം നേടേണ്ട ആത്യന്തികമായ  ലക്ഷ്യത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുകയാണ് പേരൻപ്. 

സ്നേഹമാണ് എല്ലാത്തിന്റെയും അടിസ്ഥാനം ...നമ്മുടെ പ്രവൃത്തികൾ നന്മ നിറഞ്ഞതാണെങ്കിൽ അല്പം വൈകിയാണെങ്കിലും നമുക്കുള്ള നന്മ നമ്മിലേക്ക്‌ തന്നെ എത്തിച്ചേരുമെന്ന് കാട്ടുകയാണ് റാം പേരൻപിലൂടെ ...

തുടക്കം മുതൽ ഒടുക്കം വരെ രൂപ ഭാവങ്ങളിൽ യാതൊരു വ്യത്യാസവും ചോർന്നു പോകാതെ പാപ്പയായി മാറിയ സാധന അഭിനയത്തിന്റെ സൂക്ഷ്മ , സ്ഥൂല തലങ്ങളെ വളരെ പക്വതയോടെ കൈകാര്യം ചെയ്തേക്കുന്നു ..വികാര നിർഭരമായ മുഹൂർത്തങ്ങളിൽ പോലും ആ തന്മയിഭാവം ഒട്ടും ചോരാതെ ഏതു കഥാപാത്രവും തന്നിൽ പരിപൂർണ ഭദ്രമെന്നു തെളിയിക്കുകയാണ് ഈ 16 -കാരി .

 വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ മനുഷ്യന്റെയുള്ളിലെ നന്മതിന്മകളെ , വ്യത്യസ്ത ഭാവങ്ങളെ മനോഹരമായി വരച്ചു കാട്ടുകയാണ് റാം ..സുഖലോലുപതകളിൽ ഘനീഭവിച്ചു പോയ ഹൃദയത്തിന്റെ ഉള്ളിലും നന്മയുടെ ഒരു നേർത്ത കിരണം വീശാൻ കാത്തിരിക്കുന്ന അമുദനെയും ,മകളെയും   ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയാണ് ...
                      🌟🌟🌟🌟🌟🌟🌟🌟🌟🌟/🌟🌟🌟🌟🌟🌟🌟🌟🌟🌟

Wednesday, 20 June 2018

ഞാൻ മേരിക്കുട്ടി ....!!

ഞാൻ മേരിക്കുട്ടി ....!!


"മനസ്സ് കൊണ്ട് ഞാനൊരു പെണ്ണാണ് ഡോക്ടർ ...ശരീരം കൊണ്ടും എനിക്ക് പെണ്ണാകണം ..." എത്ര മനോഹരമായ ആവശ്യമാണത് ...

അടുത്ത ജന്മത്തിലെങ്കിലും എനിക്കൊരു ആണായി  ജനിച്ചാൽ മതിയെന്ന് പറയുന്ന പെണ്ണുങ്ങൾക്കിടയിൽ എനിക്കൊരു പെണ്ണായാൽ മതി എന്ന് ഉറക്കെ പറയാൻ ധൈര്യം കാണിക്കുന്ന മേരി കുട്ടി ഒരുപാട് പേരുടെ പ്രതീക്ഷയാണ് ...,
അംഗീകാരവും കാത്തു കഴിയുന്ന കുറെ മനസ്സുകളുടെ സ്വപ്നമാണവൾ ,
ഒറ്റപ്പെട്ടു പോയ മോഹങ്ങളുടെ സാഫല്യമാണവൾ ...
അടിച്ചമർത്തപ്പെട്ട ഒരു മനുഷ്യ വർഗത്തിന്റെ നേർക്കാഴ്ചയാണവൾ ....
ഓരോ ട്രാൻസും പറയാൻ ആഗ്രഹിക്കുന്ന ഒന്നുണ്ട് , 
I am not a Transgender , I am a Trans Woman/Trans man 
അതാണ് ഞാൻ മേരിക്കുട്ടി എന്ന സിനിമ ....

അണിഞ്ഞൊരുങ്ങലിന്റെ ആർഭാടമൊന്നുമില്ലാതെ വ്യക്തിത്ത്വം കൊണ്ട് , സ്വഭാവം കൊണ്ട് നമ്മളെക്കാളൊക്കെ ഒരു പാട് സുന്ദരിയായ ഒരു ജയസൂര്യ കുട്ടി ....
ആ മേരിക്കുട്ടിയെ കണ്ടില്ലെന്നു വയ്ക്കാനോ,അംഗീകരിക്കാതിരിക്കാനോ ഒരു പ്രേക്ഷകനും കഴിയില്ല ...

ജനനം അതൊരു ഭാഗ്യമാണ് ....
മനുഷ്യ ജന്മം അലങ്കാരമാണ് ...
പുരുഷൻ യോദ്ധാവാണ് ...
സ്ത്രീ ആയുധമാണ് ....
എന്നാൽ അർദ്ധനാരീശ്വരനോ..... സ്ത്രീയും പുരുഷനും സംഗമിക്കുന്ന അത്യപൂർവ ജന്മമാണത് ...
മേരിക്കുട്ടി പറയുന്ന പോലെ ഒരേ സമയം ഒരു സ്ത്രീയുടെയും പുരുഷന്റെയും മനസ്സും വികാരവും മനസ്സിലാക്കാൻ കഴിയുന്ന ഒരേ ഒരു മനുഷ്യ ജന്മമാണത് ...അപ്പോൾ ആ ജന്മം തന്നെയല്ലേ ഏറ്റവും മഹത്തരം ...? നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു ..

വിവാഹിതനാകാൻ വീട്ടുകാർ നിർബന്ധിക്കുന്നത് വരെ മേരിക്കുട്ടി മാത്തുകുട്ടി ആയിരുന്നു ...സ്ത്രീയുടെ മനസ്സും പുരുഷന്റെ ശരീരവുമായി ഒരു ജീവിതം തന്നെക്കൊണ്ട് സാധിക്കില്ല എന്ന തിരിച്ചറിവിൽ നിന്നുമാണ് മേരിക്കുട്ടിയുടെ ജനനം ...27 ആം  വയസ്സിൽ ഒന്നാം പിറന്നാൾ ആഘോഷിക്കാനുള്ള സൗഭാഗ്യം അവളെ തേടിയെത്തുന്നത് അങ്ങനെയാണ് ....കുടുംബക്കാരും , നാട്ടുകാരും തള്ളി പറഞ്ഞെങ്കിലും , നികൃഷ്ടമായ രീതിയിൽ പലരും അവളോട് പെരുമാറിയെങ്കിലും തളരാതെ നിശ്ചയദാർഢ്യത്തോടെ, ആത്മവിശ്വാസത്തോടെ അവൾ പൊരുതി ,തന്റെ ജീവിത ലക്ഷ്യത്തിനായി ...ആ ലക്‌ഷ്യം പൂർത്തിയാകുന്ന ദിവസം ഈ ലോകം മുഴുവൻ ഒരേ സ്വരത്തിൽ തന്നെ മേരിക്കുട്ടി എന്ന് വിളിക്കുമെന്ന , അംഗീകരിക്കുമെന്ന അവളുടെ വിശ്വാസം ....ആ വിശ്വാസത്തിലേക്കുള്ള യാത്രയായിരുന്നു അവളുടെ ജീവിതം ...തീവ്രമായി ആഗ്രഹിക്കുന്ന കാര്യത്തിനായി ഇറങ്ങി പുറപ്പെട്ടാൽ ഈ പ്രപഞ്ചംപോലും സ്വപ്നസാക്ഷാത്കാരത്തിനായി നിങ്ങളോടൊപ്പമുണ്ടാകും എന്ന ആൽക്കമിസ്റ് വചനത്തിന്റെ സാക്ഷാത്കാരം .....നന്മയുടെ കണിക വറ്റാത്ത സുമനസ്സുകളുടെ താങ്ങാണ് മേരിക്കുട്ടിയെ ജീവിക്കാൻ പ്രേരിപ്പിച്ചത് , അതാണ് നമ്മളിൽ പലർക്കും ഇല്ലാതെ പോയതും ...മേരിക്കുട്ടി പറയുന്ന പോലെ ഇത് ആണിന്റേയോ,പെണ്ണിന്റേയോ ലോകമല്ല .കഴിവിന്റെ ലോകമാണ് ..ഈ ലോകത്തെ മനുഷ്യന്റെ ജീവിതം ആരുടേയും ഔദാര്യമല്ല ,അവകാശമാണ് ....

ജീവിക്കാനുള്ള അവകാശം - അത് സർവ ചരാചരങ്ങളുടെയും ജന്മാവകാശമാണ് ...അവിടെ ജാതി- മത -ലിംഗ -വർഗ -വർണ വിവേചനകൾക്കു ഒരു പ്രാധാന്യവുമില്ല എന്ന് നമ്മൾ തിരിച്ചറിയണം ..
കഴിവില്ലാത്തതു കൊണ്ടല്ല , ഒരു ട്രാൻസ് ആയിപ്പോയത് കൊണ്ട് മാത്രം ,സമൂഹത്തിന്റെ മുൻധാരയിലേക്കു എത്തിപ്പെടാൻ കഴിയാതെ പോയ ഒരുപാട് പേര് ഉണ്ട് ..അവർക്കൊരു പ്രചോദനവും , നമ്മൾക്കൊരു മാതൃകയുമാണ് ഈ സിനിമ ...
രെഞ്ചു രഞ്ജി , സാറാ ഷെയ്ക് ,പ്രിതിക, തൃപ്തി ,....ഇങ്ങനെ സമൂഹത്തിന്റെ 
നാനാതുറകളിൽ പോരാടി വിജയം കൈവരിച്ച കുറെ മേരിക്കുട്ടിമാർ നമുക്ക് ചുറ്റും ഉണ്ട് .അവരുടെയൊക്കെ മനസ്സാണ് മേരിക്കുട്ടി നമുക്ക് മുന്നിൽ തുറന്നു വച്ചിരിക്കുന്നത് ....

ഞാൻ ഒരു മനുഷ്യനാണ് ,എല്ലാ മനുഷ്യർക്കും ജീവിക്കാനുള്ള അവകാശം ഉണ്ട് എന്ന ചിന്ത മനസ്സിൽ ഉണ്ടെങ്കിൽ കാണുക ...
നമുക്ക് ചുറ്റുമുള്ള മേരിക്കുട്ടിമാരെ കണ്ണ് തുറന്നു കാണുക ,
അംഗീകരിക്കുക ,സ്നേഹിച്ചില്ലെങ്കിലും വെറുക്കാതിരിക്കുക ,സഹതപിച്ചില്ലെങ്കിലും മുഖം മുഷിയാതിരിക്കുക ...
അവരും ഈ ഭൂമിയുടെ അവകാശികളാണ് ...
എന്നെ പ്പോലെ ...
നിങ്ങളെ ഓരോരുത്തരെയും പോലെ ... 



Friday, 4 May 2018

പഞ്ചവർണത്തത്ത....

അഞ്ചു വർണങ്ങൾ കൊണ്ട് സുന്ദരിയായൊരു പഞ്ചവർണത്തത്ത....



  എന്ത് കൊണ്ടായിരിക്കും പഞ്ചവർണത്തത്ത എന്ന പേര് വന്നത് ,,,?
തുടക്കം മുതലേ ഉള്ള ആ ചോദ്യത്തിന് ഒടുക്കത്തിലൊരു ഉത്തരം കിട്ടി ..നന്മയുള്ളൊരു  ചിത്രം ....

ചിരിക്കാനും , രസിക്കാനും , ഇടയ്‌ക്കൊരല്പം കണ്ണ് നിറയ്ക്കാനും കൂടി ഏതാണ്ടൊരു ചേരുവകൾ എല്ലാം ചേർന്ന സിനിമ . തുടക്കത്തിലേ ഇരുഗതിയും, പരഗതിയുമില്ലാതെ അവാർഡ് പോലെ ഉള്ള   ഒഴുക്ക് മുന്നോട്ടേയ്ക്കു പോകും തോറും തീരം കണ്ടെത്തിയ പോലെ നിർദിഷ്ടമായി നീങ്ങുന്നുണ്ട് ....സംവിധായകന്റെ ആദ്യ സംരംഭത്തിന്റെ പാകപ്പിഴകൾ ഒഴിവാക്കി നിർത്തിയാൽ ഉദ്ദേശിച്ച ആശയം അനുവാചകനിൽ എത്തിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് .....

നടക്കാതെ പോകുന്ന ആഗ്രഹങ്ങൾ ആണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം ...നാം ചെയുന്ന എല്ലാ വലിയ കാര്യങ്ങളും നന്മയുള്ള കാര്യങ്ങൾ ആകണം എന്നില്ല , പക്ഷെ നാം ചെയുന്ന എല്ലാ നന്മയുള്ള കാര്യങ്ങളും വലിയ കാര്യങ്ങൾ തന്നെയാണ് ..ഒരു മനുഷ്യന്റെയെങ്കിലും , ഒരു ആഗ്രഹമെങ്കിലും  സാധിച്ചു കൊടുക്കാൻ കഴിഞ്ഞാൽ അതാണ് ഈ ഭൂമിയിലെ ജീവിതം കൊണ്ട് നാം നേടുന്ന ഏറ്റവും വലിയ സന്തോഷം .......ഈ നന്മ തന്നെയാണ് ഊരും , പേരും , ജാതിയും , മതവും , വർഗ വർണ വിവേചനങ്ങളുമില്ലാതെ ജയറാമിന്റെ കഥാപാത്രം നമുക്ക് പകർന്നു നൽകുന്നത് ....

രാഷ്ട്രീയത്തിലെ സ്ഥിരം തമ്മിൽ തല്ലും , വങ്കത്തരങ്ങളുമൊക്കെയായി കുഞ്ചാക്കോയുടെയും , സലിം കുമാറിന്റെയും കഥാപാത്രങ്ങൾ തിളങ്ങുമ്പോൾ അണികളുടെ പണികൾ കൃത്യമായി നിർവഹിക്കുന്നുണ്ട് കൂടെയുള്ളവർ .അമ്മയുടെയും , മരുമകളുടെയും കടമകൾ മല്ലികയും അനുശ്രീയും നിർവഹിക്കുന്നുണ്ട് ...

പാവപ്പെട്ടവനോട് പണക്കാരനുള്ള പുച്ഛവും , അന്യന്റെ മുതൽ കട്ടെടുക്കാനുള്ള മനുഷ്യന്റെ കൊതിയുമെല്ലാം ചിത്രത്തിൽ ചർച്ചാ വിഷയം ആകുന്നുണ്ട് ..

വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളോഴികെ , ബാക്കി എല്ലാവരും ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ എങ്കിലും അല്പം നന്മ സൂക്ഷിക്കുന്നവരാണ് ..യന്ത്ര വൽക്കരണത്തിന്റെയും , പണക്കൊഴുപ്പിന്റെയും മേലെ കൂടി പറക്കാൻ കൊതിക്കുമ്പോൾ മാനുഷികമൂല്യങ്ങൾ മറന്നു പോകുന്ന മനുഷ്യനൊരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം ...

 വയറു നിറഞ്ഞാൽ മതി , മൃഗങ്ങൾ ശാന്തരാകും ..പക്ഷെ മനുഷ്യനോ ...? എത്ര നിറഞ്ഞാലും തീരാത്തത്ര ആർത്തി പൂണ്ടു പരസ്പരം മറക്കുന്ന ഈ ജീവിതം കൊണ്ട് ആരും ഒന്നും നേടുന്നില്ല എന്ന തിരിച്ചറിവാണ് ഈ സിനിമ ....

അധികം പ്രതീക്ഷകളൊന്നും ഉള്ളിൽ നിറയ്ക്കാതെ , ഒരു രണ്ടു മണിക്കൂർ ചിലവിടാമെങ്കിൽ നമുക്കും തോന്നും , ഈ ജീവിതം കൊണ്ട് ഇനിയും ആർക്കൊക്കെയോ വേണ്ടി എന്തൊക്കെയോ ചെയ്യാനുണ്ടെന്ന്...അതാണ് അഞ്ചു മനുഷ്യരുടെ ആഗ്രഹങ്ങൾ പൂർത്തികരിച്ച പഞ്ചവർണതത്തയുടെ വിജയം ....

Wednesday, 27 April 2016

ദി ജംഗിൾ ബുക്ക് # The Jungle Book



മൗഗ്ലി , ടാർസൻ , സ്പൈഡർ മാൻ , സൂപ്പർ മാൻ , ശക്തിമാൻ ‍- പരിചയപ്പെട്ട നാള്‍ മുതല്‍ക്കേ ഇവരോടൊക്കെ വല്ലാത്തൊരു ആരാധനയായിരുന്നു ..... ഇവരൊക്കെ അമാനുഷികർ അല്ലെ ....നമുക്ക് ചെയ്യണം
എന്ന് ആഗ്രഹമുള്ള എന്നാൽ ചെയ്യാൻ കഴിയാതെ പോയ കാര്യങ്ങൾ മറ്റൊരാൾ ചെയുമ്പോൾ നമുക്ക് അയാളോട് തോന്നുന്ന
ഒരു ആരാധന ഇല്ലേ ....അതാണ്‌ ഈ കഥാപാത്രങ്ങളോടൊക്കെ ...ഇവരിൽ അന്നും ഇന്നും ഏറ്റവും ഇഷ്ടം മൗഗ്ലിയെയാണ് ..
അത് കഴിഞ്ഞാൽ  ടാർസനെയും .....

ജംഗിൾബുക്ക്‌ എന്ന വലിയ ബുക്കിലെ കുഞ്ഞന്മാരാണ് മൗഗ്ലിയും , ബഗീരയും , ബാലുവും , അകേലയും ,പിന്നെ ഭീകരനായ ഷേർഖാനും ...വായിച്ചു ആസ്വദിച്ച ചിത്രകഥയുടെ മനോഹാരിത ത്രീ-ഡിയില്‍ തൊട്ടറിയാനുള്ള
ആഗ്രഹം എന്നിലും പൂവണിഞ്ഞു ..


നിബിഡവനാന്തരങ്ങളിലൂടെ ഓടിച്ചാടി നടക്കുന്ന മൗഗ്ലിയും , അവന്റെ കൂട്ടുകാരും നമ്മിലുണർത്തുന്ന അതിശയം
ചെറുതൊന്നുമല്ല ....പഴയ കഥയെ ഒന്ന് കൂടി മെച്ചപ്പെടുത്തി സമകാലിന പ്രസക്തി കൂടി നല്‍കിയിട്ടുണ്ട് ഇവിടെ ...കടും പച്ച നിറത്തിൽ ഇരുട്ടും വെളിച്ചവും കൂടിക്കുഴഞ്ഞു കിടക്കുന്ന വനത്തിലൂടെ ഒരു ചെന്നായയാകാൻ
വേണ്ടി പരിശ്രമിക്കുന്ന മൗഗ്ലിയെന്ന ബാലൻ ...ചെന്നായ കൂട്ടങ്ങളോടൊപ്പം ശരവേഗത്തിൽ ഓടുന്ന മൗഗ്ലിയിൽ നിന്നാണ്  ഇവിടെ കഥ തുടങ്ങുന്നത് ...ആരെയോ പേടിച്ചു ഓടുന്ന മൗഗ്ലി എന്ന തോന്നൽ നമ്മിൽ ശക്തമാവാൻ തുടങ്ങുമ്പോഴേക്കും  അവന്‍റെ മേൽ  ചാടി വീണു  ഇനിയും നീ പഠിക്കേണ്ടതുണ്ടെന്നു അവനെ ഉപദേശിക്കുന്ന  ബഗീര ....

മൗഗ്ലി ഓടിയും , ചാടിയും തൂങ്ങിയാടിയും നടക്കുന്ന കാടിന് വല്ലാത്തൊരു മനോഹാരിതയാണ് , വെള്ളച്ചാട്ടവും , കുളിരരുവിയും , മേഘക്കൂട്ടങ്ങളും വള്ളിപ്പടർപ്പുകളും , പാറക്കെട്ടുകളും ചേർന്ന് പകരുന്ന ദ്രിശ്യഭംഗി
വാക്കുകൾക്കതീതമാണ് .

WATER TRUCE......ജല ഉടമ്പടി , വലുതെന്നോ , ചെറുതെന്നോ , ഇരയെന്നോ , ഇരപിടിയനെന്നോ വിത്യാസമില്ലാതെ കൊടിയ വേനൽക്കാലം നേരിടാൻ വേണ്ടിയുള്ള കാടിന്‍റെ ഉടമ്പടി ..ഒരു കുടം വെള്ളത്തിനു വേണ്ടി മനുഷ്യൻ പരസ്പരം തല്ലുകൂടുമ്പോൾ ഈ മൃഗങ്ങൾ നമുക്ക് മാതൃകയാകുകയാണ് ....ഇവിടെയാണ്‌ ഷേർഖാന്‍റെ റോയൽ എന്‍ട്രി ...
മനുഷ്യന്‍റെ ചുവന്ന പൂവിന്റെ ആക്രമണം കൊണ്ടുണ്ടാകുന്ന വേദന അനുഭവിച്ചറിഞ്ഞ ഷേർഖാന് മൗഗ്ലിയെ കൊല്ലാനുള്ള  പകയുണ്ട് .മൗഗ്ലിയുടെ പിതാവിനാൽ ആക്രമിക്കപ്പെട്ട ഷേർഖാന്‍റെ ജീവിത ലക്‌ഷ്യം തന്നെ മൗഗ്ലിയെ കൊലപ്പെടുത്തുക എന്നതാണ് . എന്നിരിക്കിലും  ജല ഉടമ്പടിയെ ഷേർഖാനും മാനിക്കുന്നുണ്ട് ഇവിടെ .

For the strength of the pack is the wolf and the strength of the wolf is the pack'....എന്ന് പറഞ്ഞു പഠിച്ച മൗഗ്ലിയെ അവന്റെ ജീവനെ കരുതി മനുഷ്യക്കൂട്ടത്തിലേക്ക് തിരിച്ചു കൊണ്ടാക്കാൻ ബഗീര തീരുമാനിക്കുന്നു .ആരാണ് മനുഷ്യൻ എന്നും ,
താൻ ജനിച്ചത് കാട്ടില്‍ അല്ലെ എന്നുമൊക്കെ അവൻ പറയുന്നുണ്ടെങ്കിലും ബഗീര അതൊന്നും ചെവി കൊള്ളുന്നില്ല .ഒരുപാട് വേദനയോടെ കാടിനെ പിരിഞ്ഞു പോകുന്ന മൗഗ്ലി അവന്‍റെ വളർത്തമ്മയായ രക്ഷയോട് യാത്ര പറയുന്ന കാഴ്ച നമ്മളിലും ഒരു നേർത്ത സങ്കടമുണ്ടാക്കും ..
" നീ എന്റെതാണ് ...എന്‍റെ മകനാണ് ..." എന്ന ഒരമ്മയുടെ വാക്കുകൾ ...അത് പറയുന്നത് ഒരു ചെന്നായ ആണെന്ന് കാണുന്നവന് തോന്നാത്ത അത്രയും മനോഹരമായ രംഗം ...


ബഗീരയോടൊപ്പം മനുഷ്യരുടെ ഗ്രാമത്തിലേക്ക് പോകുന്ന മൗഗ്ലിയെ പതിയിരുന്നു ആക്രമിക്കാൻ ശ്രമിക്കുന്ന ഷേർഖാൻ ....
അവിടെ നിന്നും കാത്തുപോത്തിന്റെ കൊമ്പിൽ പിടിച്ചു രക്ഷപ്പെടുന്ന മൗഗ്ലിയുടെ സാഹസികത ...
മലയിടിച്ചിലിൽ നിന്നും രക്ഷപ്പെടാൻ അവൻ നടത്തുന്ന ശ്രമങ്ങൾ ...
ഒടുവിൽ തളർന്നു വിശന്നു അവശനായി നിശബ്ദമായ വനാന്തരത്തിലേക്ക് കടന്നു ചെല്ലുമ്പോൾ വിഷം പുരട്ടിയ വാക്കുകൾ കൊണ്ട് അവനെ അപകടപ്പെടുത്താൻ ശ്രമിക്കുന്ന കാ എന്ന പെരുമ്പാമ്പ്‌ ......
അവിടെ നിന്നും അവനെ രക്ഷിച്ചു കൂടെ കൂട്ടുന്ന ബാലുക്കരടി ....
ആകാംഷയോടെ നമ്മൾ കടന്നു പോകുന്ന മുഹൂർത്തങ്ങളാണിവ .

ബാലുക്കരടിയോടൊപ്പം കൂടുന്ന  മൗഗ്ലി ഒരു തനി മനുഷ്യൻ ആകുകയാണ് ...മനുഷ്യന്റെ കൂർമ ബുദ്ധി ഉപയോഗിച്ചു  അവൻ പാറയുടെ മുകളിൽ  നിന്നും ബാലുവിന് തേനെടുത്തു കൊടുക്കുന്നുണ്ട് ....ഒരു മനുഷ്യന്റെ സ്വാതന്ത്ര്യം അവൻ ആവോളം ആസ്വദിക്കുന്നുണ്ട് ....ബാലുക്കരടിയോടൊപ്പം കൂടി പാട്ട് പാടാനും അവൻ പഠിക്കുന്നു ..അപ്പോഴേക്കും ബഗീര അവന്‍റെ അരികിൽ
എത്തുന്നു .

കാടിന്‍റെ ജീവൻ ആനയുടെ കൈകളിലാണെന്നും  ,ആനക്കൂട്ടത്തെ
തല കുമ്പിടണമെന്നും  ബഗീര അവനു പറഞ്ഞു കൊടുത്തിട്ടുണ്ട് , ആ ഓർമയുടെ പിൻബലത്തിൽ അവൻ കുഴിയിൽ വീണു പോയ ആനക്കുട്ടിയെ രക്ഷപ്പെടുത്തുന്നുമുണ്ട് .  പക്ഷെ ആ രക്ഷപ്പെടുത്തലിലൂടെ അവനിൽ തെളിഞ്ഞു കാണുന്ന മനുഷ്യബുദ്ധി കാരണം ബഗീര  വീണ്ടും അവനെ മനുഷ്യരുടെ ഗ്രാമത്തിലേക്ക് പോകാൻ പറയുകയും ചെയ്യുന്നു ..


 കിംഗ്‌ ലൂയിയുടെ നേതൃത്വത്തിലുള്ള കുരങ്ങന്മാർ അവനെ തട്ടിക്കൊണ്ടു പോകുമ്പോൾ ...അവനെ രക്ഷപ്പെടുത്താനായി ബഗീരയും , ബാലുവും ...
കിംഗ്‌ ലൂയി ഇവിടെ ഒരു സാമ്രാജ്യത്ത്വത്തിന്റെ പ്രതീകമാണ് . ഭീമാകാരനായ കുരങ്ങ് .മനുഷ്യന്റെ കൈയിൽ നിന്നും ചുവന്ന പൂവ് സ്വന്തമാക്കി കാട് ഭരിക്കാൻ ആഗ്രഹിക്കുന്നവൻ ..അതിനാണ് അവൻ മൗഗ്ലിയെ തട്ടിക്കൊണ്ടു വന്നത് .ആ ഭീകരതയും , അവിടെ നിന്നും ബാലുവിന്റെയും , ബഗീരയുടെയും
സഹായത്തോടെയുള്ള മൗഗ്ലിയുടെ രക്ഷപ്പെടലുകളും അല്പം സാഹസികത നിറഞ്ഞത്‌ തന്നെ .

ഒടുവിൽ അകേലയെ കൊന്ന ഷേർഖാനോട് പകരം വീട്ടാൻ ചുവന്ന പൂവുമായി കാട്ടിലെത്തുന്ന മൗഗ്ലി അവൻ പോലുമറിയാതെ
ഒരു കാട്ടു തീയ്ക്കു തിരി തെളിക്കുന്നുണ്ട് ..ഈ അവസരം ബുദ്ധിപൂർവ്വം വിനിയോഗിച്ചു അവനെ കൊല്ലാൻ  ഷേർഖാൻ ശ്രമിക്കുന്നു എങ്കിലും അവനിലെ നന്മ തിരിച്ചറിയുന്ന മൃഗങ്ങൾ അവനോടൊപ്പം കൂടുന്നു ...
ഒരു ചെന്നായയെപ്പോലെ ഷേർഖാനെ ആക്രമിക്കാൻ പോകുന്ന മൗഗ്ലിയോട് ഒരു മനുഷ്യനായി നിന്ന് പൊരുതാൻ ബഗീര പറയുന്നതോടെ തന്‍റെ ബുദ്ധി കൊണ്ട് അവൻ ഷേർഖാനെ കൊല്ലുന്നു .ആനകളുടെ സഹായത്തോടെ വെള്ളം തടഞ്ഞു
വച്ച് കാട്ടു തീ അണയ്ക്കുന്നു .

ജീവിതത്തിൽ ആദ്യമായി ഒരു മനുഷ്യൻ കാട്ടിലെ മൃഗങ്ങളെ എല്ലാം ഒന്നായി നിർത്തി ഒരു പ്രശ്നം പരിഹരിച്ചത്  താൻ കണ്ടു എന്ന് പറയുന്ന ബഗീരയുടെ  വാക്കുകളിൽ മൗഗ്ലി എന്ന " മാന്‍-കബ് " നോടുള്ള ആരാധന നമുക്ക് കാണാം ...

ഒരു കൂട്ടം മൃഗങ്ങൾക്കിടയിൽ വെറും ഒരു മനുഷ്യനായി നിന്ന്‍ ഇത്രയും നന്മ ചെയ്യാൻ ഒരാൾക്ക്‌ കഴിയുമെങ്കിൽ  മനുഷ്യരായി ജനിച്ച് മനുഷ്യരോടൊപ്പം ജീവിക്കുന്ന നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയില്ല എന്നൊരു സന്ദേശം
ഈ ചിത്രം തരുന്നുണ്ട് .ഒപ്പം കൂട്ടായ്മയുടെ ആവശ്യകതയും , കൂടെ നില്‍ക്കുന്നവരെ വിശ്വസിക്കേണ്ടത് എങ്ങിനെയെന്നും , പ്രകൃതിയെ എങ്ങനെ സ്നേഹിക്കണമെന്നും തുടങ്ങിയ വലിയ സന്ദേശങ്ങൾ കൂടി ഈ ചെറിയ ചിത്രം നമുക്ക് സമ്മാനിക്കുന്നുണ്ട് ......

എല്ലാം കൊള്ളാം ....എന്നാലും ഒരു സംശയം ബാക്കി ....ഈ കാട്ടിൽ എന്താ സിംഹം ഇല്ലാത്തെ ....?????? !!!!!




Wednesday, 6 April 2016

കലി വന്നാൽ പിന്നെ കലിപ്പ് തീർത്തിട്ടേ പോകു .....


കലി വന്നാൽ പിന്നെ കലിപ്പ് തീർത്തിട്ടേ പോകു .....



അങ്ങാടിയിൽ തോറ്റതിന് ദേഷ്യം മൂത്ത് അമ്മയുടെ നെഞ്ചത്ത് ഭരതനാട്യം കളിക്കുന്നവരാണ് നമ്മൾ ... ,അപ്പൊ പിന്നെ തൊട്ടതിനും , പിടിച്ചതിനുമൊക്കെ ദേഷ്യം വന്നാലോ ...??? , ആരുടെ നെഞ്ചത്ത് കുതിര കയറും ..??അതാണ്‌ നമ്മുടെ സിദ്ധുവിന്റെയും പ്രശ്നം ..എവിടുന്നാണെന്ന് അറിയില്ല , എങ്ങിനെയെന്നോ -എപ്പോൾ വരുമെന്നോ അറിയില്ല , വന്നാൽ പിന്നെ അത് കലിപ്പ് തീർത്തിട്ടേ പോകു ...അതാണ്‌ കലി...ഈ കലിയുടെ അരങ്ങേറ്റമെല്ലാം അനുഭവിക്കാൻ വിധിക്കപ്പെട്ട പാവം , പാവം രാജകുമാരിയാണ്‌ അഞ്ജലി ....

കലി മൂത്ത് നടക്കുന്ന ചേട്ടനെ പ്രേമിച്ചു , അച്ഛന്റെ കൈയില്‍ നിന്ന് കരണകുറ്റിക്ക് അനുഗ്രഹവും വാങ്ങിച്ചു സന്തോഷകരമായ ഒരു ജീവിതവും സ്വപ്നം കണ്ടു ഇറങ്ങിത്തിരിച്ച പാവം അഞ്ജലിക്കുട്ടിക്കു അവസാനം അങ്ങ് സഹികെട്ടു ...എന്നിട്ടും അവള് ഓനെ അങ്ങ് സ്നേഹിച്ചു കൊണ്ടേയിരുന്നു അവസാനം ഒരു രാത്രിയില്‍ ഇതിനി പറ്റൂല ...എനിക്ക് മനസ്സമാധാനം വേണം എന്നും പറഞ്ഞു കൊച്ച് ഇറങ്ങി ഒരൊറ്റ പോക്ക് ..സിദ്ധുവേട്ടൻ കാറുമെടുത്തു പുറകെ ചെന്ന്. കൊച്ചിനെ വീട്ടില്‍ ഡ്രോപ്പ് ചെയ്യാം എന്നും പറഞ്ഞു കൂടെ കൂടി.

അപ്പൊ ദേ  വരാണ് അടുത്ത കലിപ്പ് ....,,, സിദ്ധു അണ്ണൻ പോണ വഴിക്ക് കഴിക്കാൻ കയറിയ ഹോട്ടലില്‍ നിന്നും കിട്ടിയ പൈനാപ്പിള്‍ ജൂസില്‍ ഈച്ച ചത്തു കിടന്നോണ്ടു ജൂസിനു കാശു കൊടുക്കൂലാന്നും പറഞ്ഞു  നമ്മുടെ ഗുണ്ട ചേട്ടനോട് വഴക്ക് ..അവസാനം കാശൊന്നും വേണ്ടെടാ മോനെ , നീ പൊയ്ക്കോ എന്ന് ഗുണ്ട അണ്ണൻ പറഞ്ഞതാ ...കലിപ്പൻ കേള്‍ക്കുമോ ...?ഇല്ല , എന്നിട്ടെന്താകാൻ ......പാവം പെണ്‍കൊച്ച് ആ പാതിരാത്രിക്ക്‌ എ.ടി.എം അന്വേഷിച്ചു കാറുമെടുത്തു പോയി ..അവളുടെ പുറകെ കിളി പോലത്തെ ഒരു അണ്ണനും , തീർന്നെ കലിപ്പന്റെ ടോട്ടല്‍ മനസ്സമാധാനം .......കലിപ്പ് മൂത്ത സിദ്ധുവേട്ടൻ അവിടെ കിടന്നു അടിയും കൂടി , ഇടിയും കൊണ്ട് , ചവിട്ടും കൊടുത്ത് അവസാനം ബോധം പോയി ....കിളി നമ്മുടെ അഞ്ജലി മോളെ അറ്റാക്കാൻ  പോയതും ദൈവം പോലീസിന്റെ രൂപത്തില്‍ വന്നു മോളെ രക്ഷിച്ചു , മോളും പോലീസുകാരും കൂടെ സിദ്ധുവനണ്ണനേം രക്ഷിച്ചു .......നിങ്ങടെ കലിപ്പാണ് എല്ലാത്തിനും കാരണം എന്ന് അഞ്ചു മോള് പറഞ്ഞതും സിദ്ധുവണ്ണൻ ഒരു സ്നിക്കെർസ് പൊട്ടിച്ചു ,,,,,നീയുണ്ടേല്‍ ഈ കലിപ്പോക്കെ എനിക്ക് നിർത്താൻ പറ്റുമെന്ന്‍ ......അതോടെ അവരുടെ അടിയും വഴക്കും തീർന്നു ...അവർ ജിങ്കാലാല പാടി വണ്ടിയുമെടുത്ത് പോയി ......അവസാനം വഴിക്ക് വച്ചു കിളി അണ്ണനെ കണ്ടതും അഞ്ചു മോള്‍ കണ്ണ് കാണിച്ചു , കലിപ്പൻ പണിയും തുടങ്ങി ...

കലിപ്പ് കൂടാതെ അല്പം സസ്പെൻസ്, അല്ലറ ചില്ലറ പ്രേമം , അലക്കിനു തല്ല് , കണ്ണീര് , പാട്ട് , തമാശ അങ്ങനെ ചേരുവകളൊക്കെ ആവശ്യത്തിനു ഉണ്ട് .

ഇത്രേ ഉള്ളു കലി ........
വെറുതെ പോയി ഒരു പടം കണ്ടിട്ട് വന്നാലോ എന്ന് തോന്നുവാണേല്‍ പോയി കാണാം ......
വെറുതെയല്ലേ .....,ഇരിക്കട്ടെ എന്ന് കരുതി ഞാനും അങ്ങ് കണ്ടു ....
ഹല്ലാ പിന്നെ .....

Friday, 16 January 2015

PK होने के लिये കുടിക്കണം हे क्या,,,,,,???



PK   होने के लिये  കുടിക്കണം हे  क्या,,,,,,??? 



തികച്ചും വ്യത്യസ്ഥമായത്  എന്ന് പൂർണമായും അവകാശപ്പെടാൻ കഴിയില്ലെങ്കിലും  ഒരല്പം കൂടുതൽ
 വ്യത്യസ്ഥത പുലർത്തുന്ന  ഒരു സിനിമ .....

കാഴ്ചക്കാരന്റെ വ്യക്തി ബോധത്തെയും , സാമൂഹിക ബോധത്തെയും ചിന്താവിധേയമാക്കാൻ   കഴിവുള്ള ഒരു നല്ല സിനിമ .....

അതാണ് PK എന്ന ആമിർഖാൻ -രാജ് ഹിരാനി ചിത്രം ....

എന്നെങ്കിലും ഒരിക്കൽ  സത്യമാകുമെന്ന് ശാസ്ത്രവും  മനുഷ്യനും വിശ്വസിക്കുന്ന അന്യഗ്രഹ ജീവികൾ .....
ലോകത്ത് അനീതികൾ നടക്കുമ്പോൾ അത് പോരാട്ടത്തിലൂടെ തുടച്ചു മാറ്റാൻ 
ഭൂമിയിലെക്കെത്തുന്ന അമാനുഷിക കഥാപാത്രങ്ങൾ .......

ഈ രണ്ടു സങ്കല്പങ്ങളും ഒന്ന് ചേരുമ്പോൾ ഇതൾ വിരിയുന്ന വ്യത്യസ്തനായ ഒരു മനുഷ്യൻ തന്നെയാണ് PK.....

അന്യഗ്രഹത്തില്‍ നിന്നും ഭൂമിയിലെക്കെത്തുന്ന ഒരു മനുഷ്യന്‍...

  ഭൂമിയിലിറങ്ങിയ ആദ്യ നിമിഷങ്ങളില്‍ തന്നെ തിരികെ പോകാനുള്ള
 സ്പേസ്ഷിപ്പിന്റെ കണ്ട്രോള്‍ മോഷ്ടിക്കപ്പെടുന്നു .അത് അന്വേഷിച്ചു നടക്കുന്നതിനിടയില്‍ അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും
 ഒപ്പം ഭൂമിയിലെ മനുഷ്യരുടെ വാക്കുകളിലും ,പ്രവൃത്തികളിലും അയാള്‍ 
കണ്ടെത്തുന്ന റോങ്ങ്‌ നമ്പറുകളുമാണ്‌ സിനിമയുടെ ഇതിവൃത്തം .


അടിസ്ഥാനപരമായി PK ഒരു പ്രണയ കഥയാണെന്ന് പറയാം ..

തന്റെതല്ലാത്ത കാരണങ്ങളാൽ നായികയ്ക്ക് നഷ്ടമായ കാമുകനെ വീണ്ടെടുത്തു കൊടുക്കുന്ന ഒരു  അന്യഗ്രഹ മനുഷ്യന്റെ കഥ ....

ആ വീണ്ടെടുക്കൽ നടക്കുന്നതിനു മുൻപ് എപ്പോഴൊക്കെയോ 
പ്രണയം ഒരു സമയം കൊല്ലിയാണെന്ന് ബോധ്യമുണ്ടായിട്ടും  
നായികയെ പ്രണയിക്കുന്ന ,സ്വന്തമാക്കാൻ ശ്രമിക്കാതെ വിട്ടു കൊടുക്കാൻ തയാറാകുന്ന  അന്യഗ്രഹ മനുഷ്യന്റെ കഥ ...

കള്ളമെന്ന വാക്കിന്റെ അതി മധുരം നുണയാത്ത ഒരു ഗ്രഹത്തില്‍ നിന്നും ഭൂമിയിലെത്തിയ PK തിരികെ മടങ്ങുന്നത്  ഒരു വലിയ കള്ളം 
പറഞ്ഞു കൊണ്ടാണ് ...
ഒപ്പം സ്നേഹമെന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്നു തനിക്കു ചുറ്റുമുള്ളവര്‍ക്ക് പഠിപ്പിച്ചു  കൊടുക്കുകയും ചെയ്യുന്നു .....

PKയും നായികയും ഒരുമിച്ചു അന്യഗ്രഹത്തിലേക്ക് പറക്കും എന്ന ഒരു ശരാശരി  കാഴ്ചക്കാരന്റെ പ്രതീക്ഷയെ തിരുത്തി ക്ലൈമാക്സില്‍
 ഒരു  ട്വിസ്റ്റ്‌ കൊണ്ടുവരാനുള്ള ശ്രമം പരാജയമായില്ലെന്നത് ഉറപ്പിക്കാം ....

കാമുകനെ നായികയ്ക്ക് സമ്മാനിച്ചു കൊണ്ട്  
സ്നേഹത്തിന്റെ മഹത്വം പിടിച്ചടക്കലില്‍ അല്ല ..വിട്ടു കൊടുക്കലിലാണ് 
എന്ന സത്യത്തെ ഒന്ന് കൂടി ഉറപ്പിക്കുകയാണിവിടെ ..


രൂപം കൊണ്ട് ഒരു മനുഷ്യന്റെ ജാതി മനസ്സിലാക്കാൻ സാധിക്കുമെന്ന തെറ്റിദ്ധാരണയെ 
 തലപ്പാവിന്റെയും ,താടിയുടെയും മീശയുടെയുമൊക്കെ സഹായത്തോടെ മാറ്റിയെടുക്കുകയാണ് PK.

അതോടൊപ്പം  ഈശ്വരനും മനുഷ്യനുമിടയിലെ  ഹംസങ്ങളുടെ  ആവശ്യകതയെ ചോദ്യം ചെയ്യാനും മറന്നിട്ടില്ല ....

വ്യത്യസ്തമായി ചിന്തിക്കുകയും , പ്രവർത്തിക്കുകയും ചെയ്യുന്നവരെ 
സ്ഥിരതയില്ലാത്തവരായി മുദ്ര കുത്തുന്ന ഒരു  ലോകത്തിൽ എത്തിപ്പെട്ടത്
 കൊണ്ടാണ് അയാൾക്ക് PK എന്ന പേര് പോലും കിട്ടുന്നത് ..

കുടിക്കാതെ കുടിയനായി മാറിയ ഒരുവൻ ..

ഒരു പക്ഷേ ഈ കഥാപാത്രത്തിന് ഇതിനെക്കാൾ യോജിക്കുന്ന മറ്റൊരു പേര് ഇല്ലെന്നതാണ് സത്യം ...


PK നമുക്ക് മുൻപിലിടുന്ന ചോദ്യങ്ങൾ വളരെ പ്രസക്തമാണ് ....

ദൈവം തന്നെ ഒരു സങ്കല്പ്പമാണ് ...
നമ്മുടെ ദൈവങ്ങളെല്ലാവരും മനുഷ്യന്മാർ ആയിരുന്നു ...
ആ ദൈവങ്ങളെ നമ്മൾ വിശ്വസിക്കുന്നു ..
എല്ലാത്തിനും മുകളിലുള്ള ഒരു അത്ഭുത ശക്തിയായി നാം ദൈവത്തെ കാണുന്നു ....
പിന്നെ എന്തിനാണ് ആ ദൈവത്തിനോട് പ്രാർത്ഥിക്കാനും  അപേക്ഷിക്കാനും നമുക്കിടയിൽ ഒരാൾ ...?????


ആൾ ദൈവങ്ങൾ കൊടികുത്തി വാഴുന്ന ലോകമാണ് നമ്മുടേത്‌ ...

കല്ല്‌ വച്ച മാലയും വളയുമിട്ടാൽ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് 
അന്ധമായി വിശ്വസിക്കുന്ന ആളുകളുടെ ലോകം ...

ഈശ്വരന്റെ മെസ്സെഞ്ചർമാരാണ്  സ്വാമികളും ,
സ്വാമിനിമാരുമെന്നും കരുതി  അവരെ   വാഴ്ത്തുന്നവരുടെ  ലോകം ...

ഇവിടെ PK  ഉന്നയിക്കുന്നത് തികച്ചും ന്യായമായ കാര്യങ്ങളാണ് .....


നമ്മളൊക്കെ ദൈവത്തിന്റെ സൃഷ്ടികൾ എങ്കിൽ ആ സൃഷ്ടികൾ ദൈവത്തിനു 
വേണ്ടി സ്വന്തം ശരീരവും മനസ്സും സമ്പത്തും മറ്റുള്ളവർക്ക് 
പണയം വെക്കേണ്ടുന്നതിന്റെ ആവശ്യകത എന്താണ് ...??


വിരലിലെണ്ണാവുന്നതിനെക്കാൾ  കൂടുതൽ ദൈവങ്ങൾ നമുക്കില്ലേ ...
അവരിൽ ഏതു ദൈവമാണ് ശരിക്കും നമ്മളെ സംരക്ഷിക്കുന്നത് ....??
നമ്മളൊക്കെ ദൈവത്തിന്റെ മക്കൾ എങ്കിൽ എന്തിനു നമ്മുടെ
 ആവശ്യങ്ങൾ നടപ്പിലാക്കി തരാൻ ദൈവം പണമായും പാരിതോഷികമായും കൈക്കൂലി  വാങ്ങുന്നു ....?? 


ഇത്തരം ചര്‍ച്ചാ വിഷയമാകേണ്ട ചോദ്യങ്ങള്‍ ആണ് PK നമ്മളോട് ചോദിക്കുന്നതും .

ദൈവം ഒരു വലിയ വിശ്വാസമാണ് ..ആ വിശ്വാസമാണ് ഈ ഭൂമിയിലെ ഓരോ പ്രശ്ശ്നങ്ങളില്‍ നിന്നും  കരകയറാന്‍ നമുക്ക് ആത്മധൈര്യം പകരുന്നതും ...

ആ വിശ്വാസം ഒരിക്കലും ഭണ്ടാരപ്പെട്ടിയിലെ മൂല്യം കൂടിയ 
നാണയങ്ങളോ , കത്തിക്കുന്ന മെഴുകുതിരിയുടെ എണ്ണങ്ങളോ , അലങ്കരിക്കുന്ന പട്ടുടയാടകളോ അല്ല നിശ്ചയിക്കുന്നത് ...

വിശ്വാസം പ്രദര്‍ശനമല്ലെന്നും അത് ഒരു പ്രാര്‍ത്ഥനയാണെന്നും ,
മനസ്സിന്റെ വിശുദ്ധിയിലും ,പ്രവൃത്തിയുടെ സത്യസന്ധയിലും 
ആണ് അതിന്റെ പരമമായ സത്യം എന്നുമുള്ള സന്ദേശം ...
അതാണ് PK നമുക്ക് സമ്മാനിക്കുന്നത്.