Tuesday, 28 July 2015

അഗ്നിച്ചിറകുകൾക്ക് വിട ...!!

അഗ്നിച്ചിറകുകൾക്ക്  വിട ...!!



ഭാരതീയന്റെ സ്വപ്നങ്ങൾക്ക്‌ അഗ്നിച്ചിറകുകൾ സമ്മാനിച്ച ആദരണീയനായ വ്യക്തിത്വം ...
പകരക്കാരനില്ലാത്ത അതുല്യനായ രാഷ്ട്രീയ ചിന്തകൻ...
ഓരോ ഭാരതീയന്റെയും ഹൃദയം കീഴടക്കിയ രാഷ്ട്രപതി ...


സാധാരണക്കാരനായി ജനിച്ചു , ലളിതമായി ജീവിച്ചു , അവസാന ശ്വാസം വരെയും രാഷ്ട്രത്തെ സേവിച്ച , രാഷ്ട്രത്തിനു വേണ്ടി ജീവിതം സമർപ്പിച്ച മഹാപ്രതിഭ ....
അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ ഞാൻ ഉൾപ്പെടുന്ന തലമുറകൾ ഭാഗ്യം ചെയ്തവർ ....

ജാതിമത ചിന്തകൾക്കും , വർണ്ണവർഗ്ഗ വിവേച്ചനങ്ങൾക്കുമതീതമായി  മാനുഷിക മൂല്യങ്ങൾക്കും ,  പൌരബോധത്തിനും വേണ്ടി നില കൊണ്ട ആത്മീയാചാര്യൻ ...
അതിരുകളില്ലാത്ത സ്വപ്‌നങ്ങൾ കാണാനും , അവയുടെ പിന്നാലെ ആത്മവിശ്വാസത്തോടെ  ഓടാനും , ആ സ്വപ്നങ്ങളെ സത്യങ്ങളാക്കാൻ  നിശ്ചയധാർട്യത്തോടെയും , അർപ്പണ മനോഭാവത്തോടെയും സഞ്ചരിക്കാനും നമ്മെ പഠിപ്പിച്ച വലിയ മനുഷ്യൻ .....

A SIMPLE man having WONDERFUL thoughts and  HUMBLE behavior

ഇന്ത്യൻ ശാസ്ത്രലോകത്തിന്റെ അതിരുകളില്ലാത്ത ആകാശത്തിൽ നിരന്തര പരിശ്രമങ്ങളിലൂടെ സുവർണ ലിപികളാൽ  സ്വന്തം നാമം എഴുതി ചേർത്ത ഭാരത രത്നം ....
ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയ സമ്പൂര്‍ണതയുടെയും വഴിയാണ് ശാസ്ത്രം എന്ന് പറഞ്ഞ ഇന്ത്യയുടെ മിസൈൽ മാൻ ...

ഇന്ത്യൻ യുവത്വം ഇത്ര കണ്ടു ആരാധിച്ച മറ്റൊരു വ്യക്തിത്വം ഇല്ലെന്നു തന്നെ പറയാം ....
മഹാത്മജിക്ക് ശേഷം ഓരോ ഭാരതീയനും നെഞ്ചോട്‌ ചേർത്ത അഗ്നിചിറകുകളുടെ യോഗീശ്വരൻ.....

വിദ്യാര്‍ഥികളുമായി സംസാരിക്കുന്നതിൽ ഏറെ ആകാംക്ഷ പുലർത്തുകയും , അവരുടെ സംശയങ്ങൾക്ക് തൃപ്തികരമായ മറുപടി നല്കുകയും ചെയ്തു നാളെയുടെ സമ്പാദ്യമായി സ്വയം മാറാനും , രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാകാനും അവർക്ക് പ്രചോദനം നല്കിയ കർമയോഗി....

 അദ്ദേഹത്തെ കുറിച്ചെഴുതാൻ ഞാൻ ആളല്ല ...എങ്കിലും ഭാരതം കണ്ട മഹാനായ ഒരു വ്യക്തിയെ കുറിച്ച് ആദരവോടെ പറയാൻ കഴിഞ്ഞാൽ അത് ഭൂമിയിലെ ഈ ജന്മം കൊണ്ട് ഞാൻ നേടിയെടുത്ത ഒരു പുണ്യമായി എന്നും എന്റെയുള്ളിൽ നിലനില്ക്കും ... ,


 ആ തലമുറയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ....കലാം എന്ന വലിയ മനുഷ്യന്റെ ചിന്തകളിൽ അല്പമെങ്കിലും അറിയാൻ സാധിച്ചതിലുള്ള  സംതൃപ്തിയോടെ അവസാന ശ്വാസവും രാഷ്ട്രത്തിനു സമർപ്പിച്ച ആ മഹാനുഭാവന്റെ കാൽക്കൽ ഒരു പിടി പുഷ്പങ്ങൾ അർപ്പിച്ചു കൊണ്ട് ആ പുണ്യാത്മാവിന്റെ നിത്യ ശാന്തിക്കായി ഹൃദയം നിറഞ്ഞു പ്രാർഥിക്കുന്നു....

Friday, 17 July 2015

ഒരു പേരില്ലാ കഥ ...


ഒരു പേരില്ലാ കഥ ...


( Note : ഒരുപാട് ആലോചിച്ചിട്ടും ഈ കഥയ്ക്കൊരു പേര് കണ്ടെത്താൻ കഴിയുന്നില്ല ...അത് കൊണ്ട് ഇതൊരു പേരില്ലാ കഥയായി കിടന്നോട്ടെ ..... )

ഇളം തവിട്ടു നിറത്തിലുള്ള കൃഷ്ണമണികള്‍ ...തീക്ഷ്ണമായ നോട്ടം .അറ്റം വിടര്‍ന്ന നീണ്ട നാസിക ..വശങ്ങളിലേക്ക് ചെറുതായൊന്നു പിരിച്ചു വച്ച മീശയും നേര്‍ത്തു ഇടതൂര്‍ന്ന താടിയും ..വിടര്‍ന്ന മാറിടം ..നീണ്ട മനോഹരമായ വിരലുകളോട് കൂടിയ ധ്രിടമായ കരങ്ങള്‍ ...പെണ്‍കുട്ടികള്‍ക്ക് മാത്രമേ മനോഹരമായ വിരലുകള്‍ ഉണ്ടാകു എന്ന എന്റെ ധാരണയെ  ആ വിരലുകള്‍ മാറ്റി...... എല്ലാത്തിനുമൊടുവില്‍ ഒരു നിഗൂഡമായ പുഞ്ചിരിയും ....തനി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാം തികഞ്ഞ ആണൊരുത്തന്‍ ...അങ്ങനെ ഒരാള്‍ ഭൂമിയിലുണ്ടാകുമോ...??? ഉണ്ടെങ്കില്‍ അത് അവന്‍ ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹം ...

മനോഹര്‍ എന്നല്ലാതെ മറ്റെന്തു പേരാണ് ഇവന് യോജിക്കുക എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ...പക്ഷെ പകരം വയ്ക്കാൻ മറ്റൊരു പേര് ..അതിന്നും അന്യം തന്നെ .

പെണ്‍കുട്ടികളുടെ മാത്രം സൗന്ദര്യം ആസ്വദിച്ചിരുന്ന ഞാന്‍ ഇത് ആദ്യമായാണ് ഇങ്ങനെ ഒരു പുരുഷ  സൗന്ദര്യത്തെ വര്‍ണിക്കുന്നത്...അതും വളരെ വൈകിയുള്ള വര്‍ണന ....
മേരി മദര്‍ പറയുന്നത് ശരിയാണ് ..ആണ്‍കുട്ടികള്‍ തന്നെയാണ് സുന്ദരന്മാര്‍ ...ചാന്ദും വളയും മാലയുമില്ലാതെ പെണ്ണിനെന്ത് ചന്ദം ....???? അണിഞ്ഞൊരുങ്ങലിന്റെ മൂട്പടങ്ങളില്ലാതെയുള്ള നൈസര്‍ഗ്ഗികമായ സൗന്ദര്യം എന്നും ആണിന് തന്നെ .....പെണ്ണിനഴക് നീണ്ടു ഇടതൂര്‍ന്ന കാര്‍ക്കൂന്തല്‍ എങ്കില്‍ ആണിനത് നേര്‍ത്ത താടിമീശയാണ് .....മേരി മദര്‍ ഇതൊക്കെ എങ്ങനെ കണ്ടെത്തി ...????താനിപ്പോള്‍ വീണ്ടും എന്തിനു ഇതൊക്കെ ഓര്‍ത്തെടുക്കുന്നു ....??? പാടില്ല ....തിരുവസ്ത്രത്തിന്റെ മഹനീയതയ്ക്കുള്ളില്‍ ഈ ചിന്തകള്‍ കടന്നു കയറിക്കൂടാ എന്ന് മേരി മദര്‍ പഠിപ്പിച്ചിട്ടുണ്ട് ..
ഒപ്പം മറ്റൊന്ന് കൂടി പറഞ്ഞു തന്നിരുന്നു ....പൂര്‍ണമനസ്സോടെയല്ലാതെ ആ വസ്ത്രത്തെ സ്വീകരിക്കരുതെന്നും ....സ്വീകരിക്കാനും , തിരസ്ക്കരിക്കാനുമുള്ള  സ്വാതന്ത്ര്യം അവസാന നിമിഷം വരെയും തനിക്കു സ്വന്തമാണെന്നും മദര്‍ ഓര്‍മിപ്പിച്ചിട്ടുമുണ്ട് ....ആ ഓര്‍മപ്പെടുത്തലുകള്‍ക്കുള്ളിൽ‍ എവിടെയൊക്കെയോ ഒരു നഷ്ടബോധത്തിന്റെ തിരയിളക്കം തനിക്കു അനുഭവപ്പെട്ടിട്ടുണ്ട് ...പക്ഷെ ചോദിക്കാന്‍ ധൈര്യമുണ്ടായില്ല ....
മനോഹര്‍ പറയുന്ന പോലെ ചില ചോദ്യങ്ങള്‍ ചോദ്യങ്ങളായി മാത്രം അവശേഷിക്കുന്നതാണ് നല്ലത് ....


കളങ്കമേതുമില്ലാത്ത അവന്റെ പ്രവൃത്തികള്‍ , ഈ ജീവിതം കൊണ്ട് എല്ലാവര്‍ക്കും നന്മകള്‍ ചെയ്യാന്‍ കഴിയണമേ എന്നുള്ള പ്രാര്‍ത്ഥന ...., മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം പുഞ്ചിരി നല്‍കുന്ന അധരങ്ങള്‍ ...സ്നേഹം നിറഞ്ഞ മിഴികള്‍ ....അവനെ കുറിച്ചു പറയുമ്പോള്‍ മാത്രം വാക്കുകള്‍ക്കു ക്ഷാമമില്ല ....അതെന്തു കൊണ്ടാണ് അങ്ങനെ ...?എവിടെ നിന്നോ വന്നു ഇവിടെയുള്ള എല്ലാവര്‍ക്കും വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരനായി മാറിയവനാണവന്‍ ..
എല്ലാവരും മനോഹറിനെ സ്നേഹിച്ചു ..താനും...ഓര്‍ഫനേജിലെ അമ്മമാര്‍ അവനെ മകനായി കണ്ടു , ചിലര്‍  ഒരു കൂടപ്പിറപ്പായി , മറ്റു ചിലര്‍ നല്ലൊരു സുഹൃത്തായി..താനോ ..?

മനോഹര്‍ തനിക്കു ആരൊക്കെയോ ആയിരുന്നു ...വാക്കുകള്‍ കൊണ്ട് ഒരിക്കലും പറഞ്ഞറിയിക്കാന്‍ കഴിയാത്ത പ്രണയത്തിനുമപ്പുറത്തുള്ള ഒരു സ്നേഹം ..അതായിരുന്നു തനിക്കു അവനോട്  ...ഒരു പക്ഷെ അവനു തന്നോടും ....സ്നേഹത്തിനു മതം ഇല്ല എന്നാണ് മേരി  മദര്‍ പറയാറ്....പക്ഷെ ഈ ലോകത്ത് ജീവിക്കുമ്പോള്‍ സ്നേഹത്തിനു മതവും , നിറവുമൊക്കെ വേണം ..ഇല്ലേല്‍ സ്നേഹിക്കാന്‍ മാത്രമേ കഴിയു ...സ്നേഹിക്കപ്പെടാന്‍ കഴിയില്ല
എന്നാണ് മനോഹര്‍ പറഞ്ഞത്....

അലീനയുടെ മനോഹറിനെ പോലെ ഇവനും വളരെ നന്നായി പാട്ട് പാടുമായിരുന്നു .....പക്ഷെ ഓര്‍ഫനേജിലെ അമ്മമാര്‍ക്ക് വേണ്ടി മാത്രമേ അവന്‍ പാടാറുള്ളു...എന്നിട്ടും തനിക്കു വേണ്ടി അവന്‍ പാടി ...ഒന്നല്ല ,അതിലുമെത്രയോ അധികം തവണ ...അവന്റെ നോട്ടത്തില്‍ , സംസാരത്തില്‍ ഒക്കെയും ഒരു കുസൃതി ഉണ്ടായിരുന്നു ....നിഷ്കളങ്കനായ ഒരു കുഞ്ഞിന്‍റെതെന്നനെപ്പോലെ ....അവന്റെ പുഞ്ചിരി ...,ഒരുപാട് നിഗൂഡതകള്‍ നിറഞ്ഞത്‌ എങ്കിലും അത് വളരെ മനോഹരമായിരുന്നു . അവന്‍ ഒന്ന് പുഞ്ചിരിച്ചാല്‍ തിരികെ ഒരു ചിരി സമ്മാനിക്കാതെ പോകാന്‍ ഹൃദയമുള്ള ഒരു മനുഷ്യനും കഴിയില്ലായിരുന്നു ...ഇപ്പോഴും അവന്‍ തന്നെനോക്കി
ആരും കാണാതെ പുഞ്ചിരിക്കുന്നുണ്ട്‌ ....എപ്പോഴത്തെയും പോലെ തന്നെ വളരെ മനോഹരമായി .......


" അന്നാ ....എന്തിനു വേണ്ടിയാണ് നീ ഈ തിരുവസ്ത്രം ധരിച്ചിരിക്കുന്നത്‌....? ഇഷ്ടമില്ലാത്ത ഒന്നിനെ സ്വന്തം ശരീരത്തോട് ഇങ്ങനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് നീയെന്തിനു നിന്നെ വഞ്ചിക്കുന്നു ...? സഭയുടെ നീതിക്ക് നിരക്കാത്ത വിധത്തില്‍ , കര്‍ത്താവിന്‍റെ മണവാട്ടിക്കു ചിന്തിക്കാന്‍ കഴിയാത്ത തരത്തില്‍ നിറമുള്ള സ്വപ്‌നങ്ങള്‍ കാണുന്ന നീ എന്തിനു വേണ്ടി നിന്നെ ഈ വസ്ത്രത്തിനുള്ളില്‍ അടക്കി നിര്‍ത്തിയിരിക്കുന്നു ...? സ്വയം സ്വതന്ത്രയല്ലാത്ത നീ എങ്ങിനെയാണ് അന്നാ മറ്റുള്ളവരെ സ്വതന്ത്രര്‍ ആക്കേണമേ എന്ന് പ്രാര്‍ഥിക്കുന്നത് ..?

" അറിയില്ല മനോഹര്‍ ..ഇതൊക്കെ വലിച്ചെറിഞ്ഞ് ഈ ലോകത്തിന്‍റെ മനോഹാരിതയിലേക്ക് പോകാന്‍ ഞാന്‍ വല്ലാതെ കൊതിക്കുന്നുണ്ട്‌ ...പക്ഷെ കഴിയുന്നില്ല .....മനോഹര്‍ ചോദിച്ച പോലെ ഞാന്‍ എന്നെ അടക്കി നിര്‍ത്തിയിരിക്കുന്നതല്ല ....ഞാന്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ് ...ഈ ബന്ധനം അത് ഞാന്‍ എന്നെ സ്നേഹിക്കുന്നവര്‍ക്ക് നല്‍കുന്ന സന്തോഷമാണ് ...."

പിന്നെ അവന്‍ ഒന്നും പറഞ്ഞില്ല ....പലപ്പോഴായി അവന്‍റെ കണ്ണുകള്‍ തന്നോട് പറയാതെ പലതും പറഞ്ഞിരിക്കുന്നു ...

" എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്ന്‍ ഞാന്‍ പറയട്ടെ അന്നാ ...? സെമിത്തേരിയുടെ താഴെയുള്ള താഴ്വാരത്തെക്ക് ആ നീണ്ട വിരലുകള്‍ ചൂണ്ടി അവന്‍ തുടര്‍ന്നു ,,ദേ...ആ താഴ്വാരത്തിന്റെ ചെരുവിലൂടെ സ്വതന്ത്രയായി പറക്കുന്ന ഒരു പെണ്‍കിളി ...ആ പെണ്‍കിളിയെ നോക്കി ഇവിടിരുന്നു എനിക്ക് പാടണം ..."

അന്ന പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു ..." മനോഹര്‍ ...ഇപ്പോള്‍  നീ പറഞ്ഞത് കേള്‍ക്കാന്‍ നല്ല സുഖമുണ്ട് ...കാണാന്‍ അതിലേറെയും ... പക്ഷെ അത് ഒരിക്കലും നടക്കാത്ത ഒരു മനോഹരമായ സ്വപ്നമായി തന്നെ അവശേഷിക്കും ..."

" ഒരിക്കലുമില്ല അന്നാ ....ഇത് വരെ ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ ഒക്കെയും സത്യമായിട്ടുണ്ട് ....ഇതും സത്യമാകും ...മറ്റൊരാള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന ഒരു ദൈവങ്ങളും തള്ളിക്കളയില്ല ....അന്ന എപ്പോഴും പറയില്ലേ എന്നോട് ...ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്തോ , അത് ദൈവം എനിക്ക് നല്‍കട്ടെ എന്ന് ... ഈ സ്വപ്നമാണ് അന്നാ എന്‍റെ ഏറ്റവും വലിയ സന്തോഷം ..."

" സ്വര്‍ഗസ്ഥനായ പിതാവ് ഈ പുണ്യാത്മാവിന്റെ സ്വപ്നം സാക്ഷാത്കരിക്കട്ടെ ...." കുരിശു വരച്ചു കൊണ്ട് അന്ന ഉറക്കെ ചിരിച്ചു , ഒപ്പം മനോഹറും ....

" അന്നാ ...നീയിതു എന്ത് ആലോചിച്ചു നില്‍ക്കുകയാണ് ..??കുരിശു വരയ്ക്കുന്നില്ലേ ...??? " മേരി മദറിന്റെ ശബ്ദം .

അന്ന നെടുതായൊന്നു ഞെട്ടി ....പിന്നെ പതിയെ തറയിലേക്കു കുനിഞ്ഞു മനോഹറിന്‍റെ  നെറ്റിയില്‍ കുരിശു വരച്ചു പ്രാര്‍ഥിച്ചു .

" സ്വര്‍ഗസ്ഥനായ പിതാവേ ...ഇവന്‍റെ സ്വപ്നങ്ങളൊക്കെയും നീ പൂര്‍ത്തീകരിച്ചു കൊടുക്കേണമേ ....ഇവന് സ്വര്‍ഗത്തിലെ ഏറ്റവും മനോഹരമായ ഇരിപ്പിടം തന്നെ നല്‍കേണമേ ..."

പിന്നെയും എന്തൊക്കെയോ അവിടെ നടന്നു ...ഒടുവില്‍ ഒരു പിടി മണ്ണ് അവന്‍റെ മേല്‍ തൂവിയ ശേഷം അവള്‍ പള്ളിയിലേക്ക് നടന്നു ..തന്നെ കുരിശിലേറ്റിയവനു മാപ്പ് നല്‍കിയ ആ മഹാനുഭാവന്റെയടുക്കല്‍ ഒരു നേര്‍ത്ത കുമ്പസ്സാരം ....

മുറിയിലേക്ക് നടക്കവേ പിന്നില്‍ നിന്നും മേരി മദര്‍ വിളിച്ചത് പോലും അവള്‍ കേട്ടില്ല ....

" നീ നിന്നോട് നീതി പുലര്‍ത്താതിരിക്കുമ്പോള്‍ നീ നിന്നെ തന്നെ വഞ്ചിക്കുകയാണ് അന്നാ ....എല്ലാം നേടിയിട്ടും ഒടുവില്‍ ആത്മാവ് നഷ്ടപ്പെട്ടിട്ടു എന്ത് കാര്യം ..? മനസ്സ് പറയുന്നത് കേള്‍ക്കു അന്നാ ....നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു ...എന്നെ കുരിശിലേറ്റിയവരേക്കാള്‍ വലിയ തെറ്റൊന്നും നീ എന്നോട് ചെയ്തിട്ടില്ല കുഞ്ഞേ....ഭൂമിയില്‍ സ്വപ്‌നങ്ങള്‍ ബാക്കി വച്ചു പോയവര്‍ക്കായി സ്വര്‍ഗത്തില്‍ ഇരിപ്പിടമില്ലെന്ന സത്യം നീ മറക്കരുത് ....." കുമ്പസ്സാര കൂട്ടിലെ  കുഞ്ഞേശു തനിക്കു അനുവാദം നല്‍കിയിരിക്കുന്നു ...

അന്ന മുറിയില്‍ കയറി വാതിലടച്ചു ..കട്ടിലിനടിയില്‍ കൂനിക്കൂടിയിരുന്ന ട്രങ്ക് പെട്ടി വലിച്ചെടുത്തു ...നീലയില്‍ ചുവന്ന പൂക്കള്‍ വിതറിയ  മനോഹരമായ ഒരു സാരി അവള്‍ അതില്‍ നിന്നും പുറത്തേക്കെടുത്തു ...ആ സാരിക്ക് മനോഹറിന്‍റെ മണമായിരുന്നു ....വളരെ ഭംഗിയായി അവള്‍ ആ സാരി ഉടുത്തു ..

കര്‍ത്താവിനോടെന്തോ രഹസ്യം പറഞ്ഞു മേരി മദര്‍ തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടത് നീലയില്‍ ചുവന്ന ഫ്രില്ലു പിടിപ്പിച്ച ഫ്രോക്ക് ഇട്ടു നില്‍ക്കുന്ന ഒരു 12 വയസ്സുകാരിയെയാണ് ...എട്ടു വര്‍ഷം മുന്‍പ് കണ്ട ആ നിഷ്കളങ്കമായ പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു ...മേരി മദര്‍ അവളുടെ മുഖം കൈക്കുടന്നയില്‍ എടുത്തു ആ മൂര്‍ധാവില്‍ മുകര്‍ന്നു ...

" എന്ത് പറ്റി മോളെ ? "

" പിടിച്ചു വയ്ക്കുന്നതിലല്ല , വിട്ടു കൊടുക്കുന്നതില്‍ ആണ് സ്നേഹത്തിന്റെ മഹത്വം എന്ന് മദര്‍ പറയാറില്ലേ...ഇന്നലെ മനോഹറും അത് തന്നെ എന്നോട് പറഞ്ഞു മദര്‍ .,അത് കൊണ്ട് ഞാനും തീരുമാനിച്ചു...എന്നെ സ്നേഹിക്കുന്നവന്റെ സന്തോഷത്തിനു വേണ്ടി എന്നെ തന്നെ വിട്ടുകൊടുക്കാന്‍ ...ചെയ്യുന്നത് തെറ്റാണോ എന്ന് എനിക്കറിയില്ല മദര്‍ .പക്ഷെ ഇതാണ് വേണ്ടതെന്നു മനസ്സ് പറയുന്നു ..."

മേരി മദര്‍ പുഞ്ചിരിച്ചു കൊണ്ട് അവളുടെ ശിരസ്സില്‍ മൃദുവായി തലോടി.

" നിനക്ക് ശരി എന്ന് തോന്നുന്നത് എന്തോ അതാണ്‌ അന്നേ ശരി .ആ ശരി കണ്ടെത്താന്‍ കര്‍ത്താവ് നിന്നിലേക്ക്‌ അയച്ചതാണ് മനോഹറിനെ ..അവന്‍ ഒരു നിമിത്തം മാത്രം ..നിനക്ക് നല്ലതേ വരൂ ."

അവളെ ചേര്‍ത്ത് പിടിച്ചു അവള്‍ക്കൊരു ചുംബനം നല്‍കിയ ശേഷം മേരി മദര്‍ അവിടുന്ന് നടന്നകന്നു .

അന്തിചോപ്പിന്റെ മനോഹാരിതയിലേക്ക് ആകാശം വഴിമാറി .അന്ന തീര്‍ത്തും സംതൃപ്തയായി താഴ്വാരത്തൂടെ നടന്നു...

മനോഹറിനു  പൂക്കള്‍ സമ്മാനിച്ചുകൊണ്ട് അവസാനത്തെ അമ്മയും അകന്നു പോകുന്നത് കാണാന്‍ കാര്‍മേഘങ്ങള്‍ കാത്തു നിന്നു ....

പിന്നെ ഒരു പേമാരിയായിരുന്നു .....സ്വര്‍ഗത്തിന്‍റെ കവാടങ്ങള്‍ മനോഹറിനു മുന്നില്‍ തുറക്കപ്പെട്ടു.....


( ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലുമൊക്കെ സാമ്യം ആർക്കെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ തോന്നുവാണേൽ മനസ്സാ-വാചാ-കർമണാ-ലക്ഷ്മണാ  എനിക്ക് യാതൊരു വിധ ഉത്തരവാദിത്ത്വവും ഇല്ലെന്നു ഇതിനാൽ ബോധിപ്പിച്ചു കൊള്ളുന്നു )

Sunday, 5 July 2015

GoOd MoRnInG.....ഗുഡ്മോര്‍ണിംഗ്



                                                           ഗുഡ് മോര്‍ണിംഗി-നെ ഞാന്‍ സ്നേഹിക്കാന്‍ തുടങ്ങിയത് രാമനാഥന്‍ മാഷിനെ കണ്ടുമുട്ടിയ ശേഷമായിരുന്നു . ആ വാക്ക് ഞാന്‍ ആദ്യമായി കേള്‍ക്കുന്നതും പറയുന്നതും പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ജൂണ്‍ മാസത്തിലെ മഴക്കാലത്തായിരുന്നു . , കരഞ്ഞു കലങ്ങിയ മിഴികളോടെ ...വ്യക്തമായി വഴങ്ങാത്ത നാവോടെ ...

പിന്നെയും കുറെ നാളുകള്‍ക്കിപ്പുറമാണ് GoOd MoRnInG എന്ന വാക്കിനു സുപ്രഭാതം എന്നാണു അര്‍ഥം എന്ന് മനസ്സിലാക്കിയത്‌ . അവിടുന്നങ്ങോട്ട് 
  GoodMorning ഒരു ശീലമായിരുന്നു .അഞ്ച് ദിവസങ്ങളുടെ അനിവാര്യത...നാല് പീരീഡ്‌കളുടെ തുടക്കം ... 
കൂടിപ്പോയാല്‍ ടീച്ചറിനെ കാണുമ്പോള്‍ പറയേണ്ടുന്ന ഒരു വാചകം .അത്ര പ്രാധാന്യമേ അന്ന് ആ വാക്കിനുണ്ടായിരുന്നുളളു.

ബാല്യത്തില്‍ കൈ കൂപ്പി പറഞ്ഞിരുന്ന GoodMorning
കൌമാരത്തിലേക്കെത്തിയപ്പോള്‍ എഴുന്നേറ്റുനിന്നു ചടങ്ങിനു വേണ്ടി മാത്രം പറയുന്ന ഒരു വാചകമായി മാറി ..
 വേണ്ടി വന്നു കുറച്ചു കാലങ്ങള്‍ ....,ഗുഡ്മോര്‍ണിംഗി-നെ ഹൃദയം കൊണ്ട് പറയാന്‍ .......അത് എന്നെ പഠിപ്പിച്ചത് രാമനാഥന്‍ മാഷായിരുന്നു .

എന്‍റെ ഇത് വരെയുള്ള ജീവിതത്തില്‍ വച്ചു എനിക്കേറ്റവും പ്രിയപ്പെട്ടവരില്‍ ഒരാള്‍ ..ഞാന്‍ ആദ്യമായി കണ്ടുമുട്ടിയ നിഷ്കളങ്കമായ പുഞ്ചിരിയുടെ , ഒരു നേര്‍ത്ത കുസൃതിയുടെ , അതിലേറെ വാത്സല്യത്തിന്റെ ഉടമ .... :-)

വലതു കൈ നെഞ്ചോടു ചേര്‍ത്ത് , ശിരസ്സല്പം താഴ്ത്തി ഒരു മനോഹരമായ പുഞ്ചിരിയോടെ GoodMorning നല്‍കാന്‍ എന്നെ പഠിപ്പിച്ചത് എന്‍റെ പ്രിയപ്പെട്ട രാമനാഥന്‍ മാഷായിരുന്നു ...അന്ന് മുതല്‍ ഞാനും തുടങ്ങി ആ അഭിവാദന രീതി .ആ മഹത്തരമായ പ്രവൃത്തി ഓരോ ദിവസത്തെയും എത്രത്തോളം മനോഹരമാക്കും എന്ന് അനുഭവത്തിലൂടെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട് . പിന്നീട് അവിടുന്നങ്ങോട്ട് ഗുഡ്മോര്‍ണിംഗിനെ ഒരു നല്ല ശീലമായി ഹൃദയത്തോട് ചേര്‍ക്കുകയായിരുന്നു ഞാന്‍ .....പുഞ്ചിരിയോടെ നല്‍കുന്ന ആ അഭിവാദനത്തിന്റെ മറുപടി ഒരു ദിവസത്തേക്കുള്ള ഊര്‍ജമായിരുന്നു .
ആ ഊര്‍ജമാണ് എന്‍റെ അഞ്ച് വര്‍ഷങ്ങളെ മനോഹരമാക്കിയത് ..

പക്ഷേ കോര്‍പ്പറേറ്റ് ലോകത്തിന്‍റെ തിരക്കിട്ട ജീവിതത്തിനിടയില്‍ GoodMorning ഇന്ന് വെറുമൊരു ആചാരമായി മാറുകയാണോ എന്ന സംശയം .
അഞ്ചക്ക ശമ്പളത്തിന് പിറകെ ഓടുമ്പോള്‍ GoodMorning വീണ്ടും പണ്ടത്തെ സ്കൂള്‍ കുട്ടിയുടെ അനിവാര്യതയായി മാറുന്നു...
യാതാര്‍ത്ഥ്യവും ,മിഥ്യയും കൂടിക്കുഴഞ്ഞ  വളരെയേറെ വിശാലമായ ഒരു ലോകമാണിത് .വാക്കുകളില്‍ മാത്രം ബന്ധങ്ങള്‍ ഒതുങ്ങുന്ന പ്രോഫെഷണലിസത്തിന്‍റെ ലോകം ആണെങ്കിലും , ചുറ്റിനും ധാരാളം പുഞ്ചിരിക്കുന്ന മുഖങ്ങളുള്ള ഒരു WonderLand ആണ് ഇവിടം .ഞാന്‍ ഇവിടെ ഒരു Alice ആണ് ...

രാമനാഥന്‍ മാഷിന്റെ സുപ്രഭാതങ്ങളെ ഞാന്‍ ഇവിടെ ശരിക്കും മിസ്സ്‌ ചെയുന്നുണ്ട് ....തിരിച്ചു കിട്ടാത്ത സുപ്രഭാതങ്ങള്‍ സമ്മാനിക്കുന്ന മൂകതയ്ക്ക്‌ നേരെ ഞാനെന്‍റെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ് ..ഒരു നിമിഷം ഈ മിഴികള്‍ ഒന്ന് ചേര്‍ത്തടച്ചാല്‍ മതി ...എനിക്ക് കേള്‍ക്കാം , കാണാം.. എന്‍റെ പ്രിയപ്പെട്ട രാമനാഥന്‍ മാഷിന്‍റെ പുഞ്ചിരിയോട്‌ കൂടിയുള്ള സുപ്രഭാതം ...ഈ ലോകത്ത് മറ്റൊരാള്‍ക്കും തരാന്‍ കഴിയാത്തത്രയും ഊര്‍ജം നല്‍കി എന്‍റെ ദിവസങ്ങളെ മുന്നോട്ടു നയിക്കാന്‍ ആ സുപ്രഭാതങ്ങളുടെ ഓര്‍മ്മകള്‍ തന്നെ ധാരാളം ......

(സമർപ്പണം  : For One Of The Most WONDERFUL PERSON I Ever Had met in my Life...)

Saturday, 27 June 2015

ഇസ്ലാം -Is The BEST Religion having WORST Followers....??

ഇസ്ലാം -Is The BEST Religion having WORST Followers....??


(അള്ളാഹു ഇല്ല എന്നോ , ഇസ്ലാം മതം മോശമാണെന്നോ സ്ഥാപിക്കല്‍ അല്ല എന്‍റെ ലക്ഷ്യം ,ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും , ഉത്തരം മുട്ടിക്കുന്ന 
കുറച്ചു വിശ്വാസങ്ങളുമായി എനിക്ക് മുന്നിലുള്ള മതത്തെ കുറിച്ചുള്ള എന്‍റെ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കണ്ടെത്തുക എന്നതാണ് .)


                                     ഇന്നലെ വീണ്ടും ഒരിക്കല്‍ക്കൂടി ഇങ്ങനെയൊരു വാചകം ഞാന്‍ കേള്‍ക്കുകയുണ്ടായി " Islam-BEST Religion having WORST Followers " അതാണ്‌
ഈ എഴുത്തിന് പിന്നിലെ കാരണം .

എല്ലാ മതങ്ങളും മുന്നോട്ടു വയ്ക്കുന്ന തത്ത്വം സ്നേഹവും , സഹിഷ്ണുതയും തന്നെയാണെന്ന് ഇക്കാലത്തിനിടയില്‍ ഖുറാനും , ഗീതയും , ബൈബിളും 
എന്നെ പഠിപ്പിച്ചിട്ടുണ്ട് ." മതം "- അത് ഏതായാലും ഒരിക്കലും ഒരു വ്യക്തിയുടെ ചിന്തകളെയോ , സ്വാതന്ത്ര്യത്തെയോ ,സ്വപ്നങ്ങളെയോ ,
വ്യക്തിത്വത്തെയോ ഹനിക്കുന്നത് ആകരുത് . പരസ്പരം സ്നേഹത്തിനും സഹകരണത്തിനുമപ്പുറം , വ്യക്തികള്‍ക്കിടയില്‍ വേലികെട്ടുകള്‍
 തീര്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെ ചങ്ങലകളായി മതങ്ങള്‍ മാറരുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ .

മതം - ഒരു വലിയ വിഷയമാണ് . അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാനുള്ളത്രയും പക്വതയും , ജീവിതവീക്ഷണവും , അനുഭവ സമ്പത്തുമൊന്നും എനിക്കില്ല . എങ്കിലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ സന്തതിയായ , ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരു സ്വതന്ത്ര ചിന്താഗതിക്കാരിയായ വ്യക്തി എന്ന നിലയില്‍ മതത്തെക്കുറിച്ചു സംസാരിക്കാനും , ചിന്തകളും സംശയങ്ങളും പങ്കുവയ്ക്കാനും എനിക്ക് സ്വാതന്ത്ര്യം ഉണ്ട് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു

യോഗയെ നിങ്ങളുടെ മതം എന്തിനാണ് ഇത്രയ്ക്ക് എതിര്‍ക്കുന്നതെന്ന് ഒരാള്‍ എന്നോട് ചോദിക്കുകയുണ്ടായി .യോഗയിലുള്ള മന്ത്രോച്ചാരണങ്ങള്‍ ആകാം 
അതിനു കാരണം എന്ന് ഞാന്‍ അയാള്‍ക്ക് മറുപടി നല്‍കി .ഇസ്ലാംമതത്തില്‍ വിശ്വസിക്കുന്ന എല്ലാ മുസല്‍മാനും നിര്‍ബന്ധമാണ്‌ അഞ്ച് നേരത്തെ നമസ്കാരം .അല്ലാഹുവിനു മുന്നില്‍ തന്നെ സ്വയം സമര്‍പ്പിച്ചു കൊണ്ടുള്ള ആ ഇബാദത്തുകളും ഒരു തരത്തില്‍ യോഗ തന്നെ അല്ലെ ..? മനസ്സിന്‍റെയും , ശരീരത്തിന്‍റെയും ശുദ്ധീകരണവും , ആത്മീയമായ ചൈതന്യവും അല്ലേ യോഗ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ ..,ഇതേ ആശയം തന്നെയല്ലേ നിസ്കാരം മുന്നോട്ടു വയ്ക്കുന്നതും.അപ്പോള്‍ പിന്നെ മന്ത്രോച്ചാരണങ്ങളെ മാറ്റി നിര്‍ത്തി കൊണ്ട് യോഗ അനുഷ്ടിക്കുന്നതില്‍ എന്താണ് തെറ്റ് ...??

*പതിനൊന്നാം നൂറ്റാണ്ടില്‍ അല്‍-ബിറൂനി ഇന്ത്യയിലേക്ക്‌ വരികയും യോഗാഭ്യാസത്തെ കുറിച്ചു വിവരിക്കുന്ന സംസ്കൃതഗ്രന്ഥമായ , പതഞ്‌ജലിയുടെ യോഗസൂത്രം അറബികിലേക്ക് മൊഴി മാറ്റുകയും ചെയ്തതോടെ യോഗാഭ്യാസം മുസ്ലിങ്ങളിലേക്കും പടര്‍ന്നതായും , സംസ്കൃതത്തിലെ ദേവസ്തോത്രത്തിന് പകരം അറബിയില്‍ ബിസ്മില്ലാഹ് 
ചൊല്ലി യോഗാഭ്യാസം തുടങ്ങിയതായും ചരിത്രം പറയുന്നു .യോഗ ഏതെങ്കിലും മതത്തിന്റെ ആചാരമോ വിശ്വാസമോ 
അല്ല , മറിച്ച് അതൊരു സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ,ആ സംസ്കാരത്തിന്‍റെ സന്തതികള്‍ എന്ന നിലയില്‍ അതിനെ അംഗീകരിക്കേണ്ടത് നമ്മുടെ കടമയാണെന്നും ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്നമല്ലേ യോഗയില്‍ ഉള്ളു ....?? മറ്റു രാജ്യങ്ങളിലെ ഇസ്ലാം മത വിശ്വാസികള്‍ പോലും യോഗയെ പൂര്‍ണമായും പിന്തുണയ്ക്കുമ്പോള്‍ എന്തിനു നമ്മള്‍ മാത്രം യോഗയെ നഖശിഖാന്തം എതിര്‍ക്കുന്നു എന്ന് എനിക്കിതുവരെയും മനസ്സിലായിട്ടില്ല .....

നിലവിളക്ക് കത്തിച്ചാല്‍ താന്‍ മുസല്‍മാന്‍ അല്ലാതെയാകും എന്നുള്ള വിഡ്ഢിത്തം ആരാണ്  നമ്മെ പഠിപ്പിച്ചത് ...? പ്രകാശം എന്ന ഊര്‍ജത്തെ 
സാക്ഷിയാക്കി ചടങ്ങ് തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല , അത് വിശ്വാസമല്ല ,ആചാരമല്ല - സംസ്കാരമാണ് .ആ സംസ്കാരത്തെ അംഗീകരിക്കേണ്ടത് ഒരു ഭാരതീയന്‍റെ  കടമ അല്ലേ ...? ചേരമാന്‍ പള്ളിയിലെ നിലവിളക്കുള്‍പ്പടെ ഇസ്ലാമിന്റെ ചരിത്രത്തില്‍ പോലും ബിസ്മി ചൊല്ലി വിളക്ക് കത്തിച്ച സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് .
നാനാത്ത്വത്തില്‍ ഏകത്വം നില നിര്‍ത്താന്‍ ഈ രാജ്യത്തെ സഹായിക്കുന്നതും ജാതി മത ചിന്തകള്‍ക്കതീതമായ സംസ്കാരത്തിന്‍റെ ഭാഗമാകുന്നതും എങ്ങിനെ മതപരമായി കാണാനാകും ..?

ശരീഅത്ത് നിയമങ്ങളുടെ കുട പിടിച്ചു മുസ്ലിം വനിതകളുടെ വസ്ത്രധാരണത്തിലും , സ്വന്തമായി അഭിപ്രായം പറയുന്നതിലും , വീടിനു പുറത്തേക്ക് സ്വതന്ത്രമായി ജോലിക്കിറങ്ങുന്നതിലും ,തുടങ്ങി അവള്‍ എന്ത് ചെയ്യണം ,എങ്ങനെ പെരുമാറണം , എന്ത് സംസാരിക്കണം ,എങ്ങനെ ജീവിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍  രഹസ്യമായും പരസ്യമായും ഒരുപാട് പ്രതികരണങ്ങള്‍ ദിവസവും കേള്‍ക്കാറുണ്ട് .സ്ത്രീക്ക് വളരെയേറെ മഹത്ത്വം കല്പിക്കുന്ന ഒരു മതം ആണ് ഇസ്ലാം. സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും , അവളുടെ സ്വാതന്ത്ര്യത്തിനും , അഭിപ്രായങ്ങള്‍ക്കും പൂര്‍വ നബിമാരും , പ്രവാചകന്മാരുമൊക്കെ പ്രാധാന്യം നല്‍കിയിരുന്നു പിന്നീട് എപ്പോഴാണ് മതം സ്ത്രീക്ക് ഒരു ചങ്ങലയായി മാറിയത് ...?

യുവജനോത്സവ വേദികളിലും , കലാസാംസ്കാരിക സാമൂഹിക 
മേഖലകളിലുമുള്ള അവളുടെ കഴിവിനെ അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന ഒരേ ഒരു സമുദായം ഇസ്ലാം മാത്രമാണ് ..വിദ്യാഭ്യാസപരമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മുസ്ലിം വനിതകള്‍ ആണ് ,എന്നാല്‍ സമൂഹത്തിലെ വ്യത്യസ്ഥ മേഖലകളില്‍ ഇവരുടെ പങ്കാളിത്തം 
തീരെ കുറവാണ് എന്നതാണ് ഏറെ ദുഃഖകരമായ കാര്യം .

പര്‍ദ്ദധാരണം ഒരു ആഗോള പ്രശ്നമായി ഇടയ്ക്കിടെ പൊന്തി വരുന്നതും -അതിനെ ചോദ്യം ചെയ്യുകയും വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണെന്ന് 
പറയുകയും ചെയ്യുന്നവരെ അമുസ്ലിമീങ്ങള്‍ ആയും പടച്ചവനു നിരക്കാത്തവര്‍ ആയും മുദ്ര കുത്തുന്ന ഒരു പ്രവണതയും കണ്ടു വരുന്നുണ്ട് .

മുസ്ലിം വനിതയായി പോയത് കൊണ്ട് മാത്രം വിവാഹ മോചന ശേഷം ജീവനാംശം നിഷേധിക്കപ്പെട്ടവളുടെയും ,കലാവേദികളില്‍ പ്രവേശിച്ചതിനു മതവിരുദ്ധര്‍ ആകേണ്ടി വന്നവരുടെയും പ്രതിനിധികള്‍ ഇന്നും ഇസ്ലാമില്‍ ഉണ്ട് .മുസ്ലിം സമുദായത്തെ മാത്രം മാറ്റി നിര്‍ത്തികൊണ്ട്‌ ഒരു ജീവനാംശ നിയമം നടപ്പാക്കിയ നാടാണിത് .ഇന്ത്യ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ മാത്രം സ്വന്തം രാഷ്ട്രം ആണെങ്കില്‍ ഇതിനെയൊക്കെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കാം .പക്ഷെ ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രം അല്ലെ ...?അപ്പോള്‍ മതാതീതമായി എല്ലാ പൌരന്മാര്‍ക്കും ഒരു പോലെ അവകാശങ്ങള്‍ നല്‍കേണ്ടത് ഈ രാഷ്ട്രത്തിന്റെ കടമയല്ലേ ...?

മുസ്ലിം പെണ്‍കുട്ടികള്‍ എന്തിനാണ് തട്ടം ഇടുന്നത് ...?പെണ്ണിന്‍റെ തലമുടി പുറത്തു കണ്ടാല്‍ അവള്‍ക്കു സ്വര്‍ഗം അന്യമാകുമെന്നു ഖുറാന്‍ പറയുന്നു എന്നാണ് ഈ സംശയത്തിന് എനിക്ക് കിട്ടിയ മറുപടി .അങ്ങനെയെങ്കില്‍ ലോകത്തിലെ ഒരു മുസ്ലിം പെണ്ണും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലല്ലോ ...?ഈ സ്വര്‍ഗ്ഗവും നരകവും മനുഷ്യന്‍റെ വിശ്വാസം അല്ലേ ..മരിച്ചു പോയ ആരും എണീറ്റു വന്നു ഞാന്‍ സ്വര്‍ഗത്തില്‍ പോയെന്നു പറഞ്ഞിട്ടില്ലല്ലോ ...ഉവ്വോ ...?

മനുഷ്യന്‍ ചെയുന്ന നന്മയ്ക്ക് ഭൂമിയില്‍ നിന്നും അവനു കിട്ടുന്ന പ്രതിഭലമാണ് സ്വര്‍ഗം , തിന്മകള്‍ക്കു നരകവും ..മറ്റുള്ളതെല്ലാം സ്വയം നന്നായി 
ജീവിക്കാന്‍ നാം കല്‍പ്പിക്കുന്ന വിശ്വാസങ്ങള്‍ അല്ലേ ...(മത ഗ്രന്ഥങ്ങളില്‍ മരണാനന്തര ജീവിതത്തെ കുറിച്ച് പറയുന്നതിനെ എതിര്‍ക്കലോ , അങ്ങനെയൊന്ന് ഇല്ല എന്ന് സ്ഥാപിക്കലോ അല്ല എന്‍റെ ലക്ഷ്യം .) അതിനു തട്ടത്തിനെന്താണ് പങ്ക് ...?എനിക്കറിയില്ല. 

അതുപോലെ തന്നെ ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ തലയില്‍ പെണ്‍കുട്ടികള്‍ തട്ടം ഇട്ടില്ലെങ്കില്‍ അവളുടെ തലയില്‍ ശൈത്താന്‍ കൂടുമെന്നും പറഞ്ഞു  കേട്ടിട്ടുണ്ട് .
എനിക്കൊരു സംശയം ..എന്താ , ഈ ശൈത്താന്‍ ആണിന്റെ തലയില്‍ കൂടില്ലേ ..?ശൈത്താന് ആണിനെ പേടിയാണോ ...? ( ഇതിനര്‍ത്ഥം ഞാന്‍ തട്ടത്തെ എതിര്‍ക്കുന്നു എന്നല്ല )

ഏകദൈവ വിശ്വാസം കൊണ്ട് വളരെ മഹത്തരമായ ഒരു മതമാണ്‌ ഇസ്ലാം മതം .അത് തന്നെയാണ് ഒരു പക്ഷെ ഇസ്ലാം മതത്തിന്‍റെ പോരായ്മയും .
ഒരു ദൈവവും , ഒരു ഖുറാനും പിന്നെ ആര്‍ക്കും എങ്ങനെയും വളച്ചൊടിക്കാവുന്ന ആശയങ്ങളും .അല്ലാഹുവിലുള്ള വിശ്വാസത്തെ വളരെ വേഗം തന്നെ ആയുധമായും , മരുന്നായും ഒരുപോലെ മാറ്റിയെടുക്കാന്‍ കഴിയുന്നു .

ഖുറാന്‍ പാരായണം നടത്താന്‍ ഒരു വിധം എല്ലാ മുസല്‍മാനും അറിയാം . 
എന്നാല്‍ പാരായണം ചെയ്യപ്പെടുന്ന ആയത്തുകളും സൂറത്തുകളും നല്‍കുന്ന അര്‍ഥം എന്താണെന്ന് ഒരുവനും വ്യക്തമായ ബോധ്യം ഇല്ല . 
അത് കൊണ്ട് തന്നെ മുതിര്‍ന്നവര്‍ പകര്‍ന്നു നല്‍കുന്ന വിശ്വാസങ്ങളും ,ആചാരങ്ങളും  ,ഇല്‍മും , ഇബാദത്തുമാണ് ഒരു മുസല്‍മാന്‍റെ വിശ്വാസങ്ങളെ
 വളര്‍ത്തിയെടുക്കുന്നത് .പഴഞ്ചന്‍ ചിന്തകള്‍ (എല്ലാം മോശം എന്നോ തെറ്റ് ആണെന്നോ അല്ല ) തലമുറകളിലൂടെ പകര്‍ന്നു ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിവരവും , വിദ്യാഭ്യാസവും , ചിന്താബോധവും ഉള്ള പൌരന്മാരെ പോലും കാര്‍ന്നു തിന്നുന്നത് കൊണ്ടാകണം , ഇന്നും ഇസ്ലാം മത വിശ്വാസികള്‍ കാലത്തിനു പിറകില്‍ ജീവിക്കുന്നത് എന്ന് തോന്നുന്നു .

ഉള്ളിലുള്ള സംശയങ്ങള്‍ ചോദിച്ചാലുടന്‍ , നീയൊരു പെണ്ണാണ് , ഇങ്ങനെ ചോദിക്കേണ്ടതിന്‍റെ  ആവശ്യമെന്താണ് ...നമ്മുടെ മതത്തിലെ പെണ്‍കുട്ടികള്‍ക്ക് ഇത്ര അഹങ്കാരം പാടില്ല , ഇനി നിനക്ക് ഈ മതത്തില്‍ വിശ്വാസമില്ലെങ്കില്‍ പോയി വേറെ മതത്തില്‍ ചേരു , എന്നൊക്കെയാണ് ചുറ്റുമുള്ളവരുടെ മറുപടികള്‍
 .
പെണ്ണ് ഒരു നിശബ്ദ ജീവിയായി മറ്റുള്ളവര്‍ പറയുന്നത് മാത്രം അനുസരിച്ചു ജീവിക്കണം എന്നും, ചോദ്യം ചെയ്യല്‍ അവള്‍ക്കു പറഞ്ഞിട്ടുള്ള കാര്യമല്ലെന്നും ഏതു ദൈവമാണ് പറഞ്ഞത് ...?വീടിനു പുറത്തേക്ക് , തന്‍റെ പ്രവര്‍ത്തന മേഖലകളില്‍ കഴിവ് പുലര്‍ത്തി വിജയം കണ്ടെത്തുന്ന സ്ത്രീകളെ 
ഇന്നും സമുദായവാദികള്‍ അംഗീകരിക്കാന്‍ മടിക്കുന്നതും , അന്യഗ്രഹജീവിയെ പോലെ കാണുന്നതും എന്ത് കൊണ്ടാണ് ...?

ശരിക്കും പെണ്ണ് പര്‍ദ്ദ തന്നെ ധരിക്കണമെന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ ...? അന്യപുരുഷന്മാരില്‍ നിന്നും ശരീരഭാഗങ്ങള്‍ മറഞ്ഞു നില്‍ക്കുന്ന 
തരത്തിലുള്ള വസ്ത്രം അല്ലേ പെണ്ണിന് ഇസ്ലാം നിശ്ചയിച്ചിട്ടുള്ളൂ..അതെങ്ങിനെ ഇരുണ്ട പര്‍ദ്ദയായി മാറി ...? സ്വന്തം ഭാര്യയുടെ സൗന്ദര്യം കറുത്ത 
വസ്ത്രം കൊണ്ട് മൂടി അന്യന്‍റെ ഭാര്യയുടെ സൗന്ദര്യം ആസ്സ്വദിക്കുന്ന പുരുഷന്മാരും വിരളമല്ലല്ലോ .... ( പര്‍ദ്ദ ധരിക്കുന്നുവോ ,ഇല്ലയോ എന്നുള്ളത് അല്ല ,എങ്ങനെ ആ വസ്ത്രം മുസ്ലിമിന്റെ ദേശിയ വസ്ത്രം ആയി എന്നതാണ് എന്റെ ചോദ്യം )

തലമുറകളും , ബുഖാരിമാരും , മൌലവിമാരും നല്‍കുന്ന അറിവുകള്‍ , ആചാരവിശ്വാസങ്ങള്‍ മാത്രമാണ് നമ്മുടെ സമ്പത്ത് .അത് കൊണ്ടാണ് ഒരുവന്‍ 
എന്ത് പറഞ്ഞു , അല്ലെങ്കില്‍ പറഞ്ഞതിന്‍റെ പൊരുള്‍ എന്ത് എന്ന് അന്വേഷിക്കാതെ അവനെ കാഫിര്‍ എന്ന് മുദ്ര കുത്തി വാളുമെടുത്ത് അവനു നേരെ പോര്‍വിളികളുമായി നമ്മള്‍ ഇറങ്ങുന്നത് .

അല്ലാഹുവും , ഖുറാനും  പറയുന്ന ആശയങ്ങളെ വളച്ചൊടിച്ചു സ്വന്തമായി വ്യാഖ്യാനങ്ങള്‍ നടത്തിയ ഒരു കൂട്ടം വ്യക്തികളുടെ ഇടയില്‍ സത്യമേത് , മിഥ്യയേത് ...,ശരിയേത് ,തെറ്റേത് എന്ന് വ്യവച്ചെദിച്ചറിയാന്‍ കഴിയാതെ ഏതാണ് ശരിയായ വിശ്വാസം എന്ന് മനസ്സിലാക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് നമ്മള്‍ ഓരോരുത്തരും .അത് കൊണ്ട് നമുക്ക് പ്രിയപ്പെട്ട മുതിര്‍ന്നവര്‍ പറയുന്നതിനെ ശരി ആണെന്ന് നമ്മള്‍ വിശ്വസിക്കുന്നു .  

മതം നല്ലതാണ് ,അത്യാവശ്യമാണ് ..ആചാരങ്ങളും വിശ്വാസങ്ങളും അനിവാര്യമാണ് . പക്ഷെ അവ കാലാതീതമായി നിലനില്‍ക്കേണ്ടവ അല്ല ...,
കാലാനുസൃതമായി മാറ്റപ്പെടേണ്ടവയാണ് ..മനുഷ്യനെ മനുഷ്യനായി കാണാനും , പരസ്പരം ബഹുമാനിക്കാനും , ഒരുവന്‍റെ ആശയങ്ങളെ ഉള്‍ക്കൊള്ളാനും , വ്യക്തി എന്ന നിലയില്‍ ഓരോരുത്തര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാനും കഴിയാത്ത മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന സത്യം നാം പലപ്പോഴും വിസ്മരിക്കുന്നു ...പെരുമാറ്റത്തിലും , ജീവിത രീതിയിലും , പ്രവൃത്തികളിലും കാലാനുസൃതമായി മാറ്റം വരുത്തിയിട്ടും എന്ത് കൊണ്ടോ ചിന്തകളെ മാത്രം പഴയകാലത്തില്‍ ബന്ധനസ്തര്‍ ആക്കിയിരിക്കുകയാണ് നമ്മള്‍ .

ഞാന്‍ , ഞാന്‍ പിന്തുടരുന്ന മതം , ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ , എന്‍റെ ചുറ്റിലുമുള്ള വ്യക്തികള്‍ ,സംഭവങ്ങള്‍ എന്നിവയില്‍ നിന്നും എന്നില്‍ 
ഉരുത്തിരിഞ്ഞു വന്ന ചിന്തകളുടെയും , സംശയങ്ങളുടെയും ഒരു വിശകലനമാണ് ഞാന്‍ നടത്തിയത് .ഒരു പക്ഷെ ഇത്തരം പോരായ്മകള്‍ ഒന്നുമില്ലാത്ത ഒരു നല്ല വശം ഇസ്ലാം മതത്തിന് ഉണ്ടായിരിക്കാം . ഞാന്‍ കണ്ടതും , കേട്ടതും അനുഭവിച്ചതും പങ്കു വച്ചു എന്ന് മാത്രം . അതൊരിക്കലും ഒരു മതവിശ്വാസിയെയും വ്രണപ്പെടുത്താനോ , മതത്തെ അടച്ചാക്ഷേപിക്കാനോ അല്ല .

ഞാന്‍ അറിയുന്ന മതങ്ങളില്‍ വച്ചു ഞാന്‍ ഏറെ ബഹുമാനിക്കുന്നത്‌ ഇസ്ലാം മതത്തെയാണ് .അതിനു കാരണം വിഗ്രഹാരാധനകള്‍ ഇല്ലാത്ത ഏകദൈവവിശ്വാസം ആണ് .. പക്ഷേ എന്ത് കൊണ്ടോ മതനിയമങ്ങള്‍ മുസ്ലിം സമുദായത്തിന് ( പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ) കല്‍പ്പിക്കുന്ന 
വിലക്കുകള്‍ കാലാനുസൃതമല്ലെന്നും അത് മാറ്റപ്പെടേണ്ടതല്ലേയെന്നും ഉള്ള തോന്നല്‍ ....

കാലം മാറുകയാണ് , ചുറ്റുപാടുകളും , മനുഷ്യനും അവന്‍റെ രീതികളും മാറുകയാണ് . എന്നിട്ടും എന്തിന്‌ ...?ശതാബ്ദങ്ങള്‍ക്കു മുന്‍പുള്ള ഗ്രന്ഥത്തിലെ വ്യാഖ്യാനങ്ങളെ വളച്ചൊടിച്ചു ഇന്നത്തെ തലമുറയുടെ സ്വതന്ത്രചിന്തകള്‍ക്ക് നേരെയുള്ള ആയുധമാക്കുന്നു ....???????

-----------------------------------------------------------------------------------------------------------
NOTE :ഇതെഴുതിയത് കൊണ്ട് എന്നെ ഒരു അമുസ്ലിമായോ , നിരീശ്വരവാദിയായോ , അഹങ്കാരിയായോ കാണുന്നവരെ തിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .കാരണം എന്‍റെ ചിന്തകളുടെയും , പ്രവൃത്തികളുടെയും പരിശുദ്ധി എനിക്ക് എന്‍റെ സൃഷ്ടാവിനെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി എന്നത് തന്നെ .
സുബ്ഹാനള്ളാഹ് ...

Tuesday, 2 June 2015

വെറുതെയി മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം ...!!

"വെറുതെയി മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം ...!!"



അങ്ങനെ ഒരു അവധിക്കാലം കൂടി അവസാനിച്ചു ..കളിചിരികളുടെയും , കുട്ടിക്കുറുമ്പുകളുടെയും വേനൽക്കാലം പഠനത്തിന്റെ പെരുമഴക്കാലത്തിനു വഴിമാറിക്കൊടുത്തു ...പുത്തൻ ഉടുപ്പും , ബാഗും ,കുടയും ,ചെരുപ്പും , കളിപ്പാട്ടങ്ങളെക്കാൾ മനോഹരമായ ബൊക്സും, വാട്ടർ ബോട്ടിലും , അപ്പൂപ്പൻ താടി പറന്നു കളിക്കുന്ന പെൻസിലും ഒക്കെയായി പുതിയ അധ്യയന വർഷത്തിന്റെ കളിമുറ്റത്തേക്ക് കുട്ടികൾ പിച്ച വെയ്ക്കുകയാണ് ....

നമുക്കുമുണ്ടായിരുന്നു ഒരു മനോഹരമായ അവധിക്കാലം ...അല്ലെ...???
മാവിന് കല്ലെറിഞ്ഞും , മടല് മുറിച്ചു ബാറ്റുണ്ടാക്കി ക്രിക്കറ്റ്‌ കളിച്ചും , മീൻ പിടിച്ചും ,നീന്തിക്കളിച്ച്ചും  നടന്ന സ്വാതന്ത്ര്യത്തിന്റെ ഒരു അവധിക്കാലം ....കവി പാടിയത് പോലെ ഈ കുരുന്നുകളെ കാണുമ്പോൾ  "ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം ..." തോന്നുന്നു .

ഓർമയിൽ സൂക്ഷിക്കാൻ നമുക്കെല്ലാവർക്കും മനോഹരമായ ഒരു വിദ്യാലയ ജീവിതം ഉണ്ടാകും ...വലുതാകും തോറും വീണ്ടും കുഞ്ഞായെങ്കിൽ എന്നോർത്തു പോകാത്ത ആരുണ്ട്‌ ....?? 
ജൂണ്‍ലെ പെഴുമഴയിൽ നനഞ്ഞു ക്ലാസ്സ്‌ മുറിയിലെക്കെത്തുന്ന ആ നിമിഷം ഒന്ന് കൂടിയൊന്നു പൊടി തട്ടി കുടഞ്ഞു എടുത്തു നോക്കിയേ .....
നല്ല സുഖമുണ്ടല്ലേ.....
ഒരു വല്ലാത്ത ആനന്ദം ...
അനിർവചനീയമായ ഒരു ഗ്രിഹാതുരത.....

മഴയാണെന്നു അമ്മ പലവട്ടം പറഞ്ഞിട്ടും , പുതിയ ഷൂ നനഞ്ഞു ചീത്തയാകും എന്ന് അച്ഛൻ പറഞ്ഞിട്ടും കേൾക്കാതെ വാശി പിടിച്ചു നിന്ന നമ്മുടെ കുട്ടിക്കാലം .....
സ്കൂളിൽ പോകാൻ ധൃതി പിടിച്ചു ,ഒടുവിൽ ക്ലാസ്സിൽ നമ്മെ ഒറ്റയ്ക്കാക്കി പോകുന്ന അമ്മയെ വിളിച്ചു ഉറക്കെ കരഞ്ഞ കുരുന്നോർമകൾ.....
ഇത് വരെയും കണ്ടിട്ടില്ലാത്ത ഒരു അമ്മ ,ടീച്ചർ എന്ന് വിളിക്കാൻ നമ്മെ പഠിപ്പിച്ച ആ അമ്മയുടെ വാത്സല്യം തുളുമ്പുന്ന മുഖം ......
കരഞ്ഞു പിണങ്ങി ഇരുന്ന നമ്മുടെ കൈത്തണ്ടയിൽ കൈ ചേർത്തു കരയണ്ട എന്ന് ആദ്യമായി പറഞ്ഞ ചങ്ങാതി ....
നമുക്കെല്ലാം ആദ്യത്തെ ഗുഡ് മോർണിംഗ് നല്കി മിടായികൾ സമ്മാനിച്ച പ്രിൻസിപ്പൽ അച്ഛന്റെ മുഖം ....
ആദ്യമായി നമ്മുടെ മുൻപിൽ തുറക്കപ്പെട്ട ചങ്ങാതിയുടെ ടിഫിൻ ബൊക്സിലെ ഭക്ഷണത്തിന്റെ മണം....
അക്ഷരങ്ങൾ കൊണ്ട് വിസ്മയങ്ങൾ തീർത്ത പുസ്തകങ്ങളുടെ കൂട്ട് ....
ആദ്യത്തെ ബെല്ലിൽ തന്നെ ഓടി പോയി കയ്യടക്കിയ പാർക്കിലെ ഊഞ്ഞാൽ .....
മധുരം കഴിച്ചില്ലെന്ന് കള്ളം പറഞ്ഞ ജോണിയും , കാക്കക്കൂട്ടിൽ മുട്ടയിട്ട കള്ളികുയിലമ്മയും എത്ര പെട്ടന്നാ അല്ലെ നമ്മുടെ കൂട്ടുകാരായി മാറിയത് .....

ഇനി കുറെ കൂടി അങ്ങ് പിറകിലേക്ക് പോയാലോ .....

മഷിത്തണ്ട് കൊണ്ട് കുളിപ്പിച്ചു സുന്ദരനാക്കിയെടുത്ത സ്ലേറ്റും ,ഒടിയാതെ പോക്കറ്റിന്റെ ഓരത്ത് വച്ച പെൻസിലും ,കീറാത്ത വാഴയില കുടയും , കുറച്ചു കൂടി വലിയ ചേമ്പിനിലക്കുടയും ,പ്രതാപത്തിന്റെ ഓലക്കുടകളുമായി ഓടിയും നടന്നും ,പുഴകടന്നും പോയ ഒരു കുട്ടിക്കാലത്തിന്റെ അവകാശികളും ഈ ഭൂമിയിൽ ഇന്നുണ്ട് ......

മരത്തണലിൽ അല്ലെങ്കിൽ ഓലമേഞ്ഞ ഉസ്കൂളിൽ പോയി സ്ലേറ്റ്‌-ലും മണ്ണിലുമൊക്കെ അക്ഷരങ്ങൾ എഴുതി പഠിച്ച അധ്യയന വർഷത്തിന്റെ മണ്ണിന്റെ മണമുള്ള ഓർമകളെ നെഞ്ചോടു ചേർക്കാൻ വീണ്ടും ഒരു മോഹം അല്ലെ ......"വെറുതെയി മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം ..."

ഈ ഓർമകളെയൊക്കെ നെഞ്ചോടു ചേർക്കുമ്പോൾ നമുക്ക് കിട്ടുന്ന ആനന്ദം ഇന്നത്തെ കുട്ട്യോൾക്ക് കിട്ടാനുണ്ടോ...?? നാളെ ഓർത്തെടുക്കാൻ ഇത്ര മനോഹരമായ കുട്ടിക്കാലം അവർക്കുണ്ടാകുമോ....? 
സൂര്യൻ ഉദിക്കുന്നതിന് മുൻപ് കരഞ്ഞു നിലവിളിച്ചു ഉറക്കമെണീറ്റ് , എടുത്താൽ പൊങ്ങാത്ത ചുമടും തോളിൽ ഏന്തി , രാവിലെ തന്നെ ബസ്‌ സ്റ്റോപ്പിൽ സ്കൂൾ ബസ്സും കാത്തു നില്ക്കുക ...
സീറ്റ്‌ കിട്ടിയാലായി ...ഇല്ലെങ്കിൽ തിങ്ങി ഞെരുങ്ങി എങ്ങനെയൊക്കെയോ സ്കൂളിൽ എത്തുക ...എത്ര പഠിച്ചാലും തീരാത്ത പഠനവും , ഓരോ വിഷയത്തിനും ഓരോ ടൂഷനും ഹോം വർക്കുകളുടെ സംസ്ഥാന സംഗമവും .......
ജനിക്കുമ്പോൾ തന്നെ സ്മാർട്ട്‌ ഫോണ്‍-ഇൽ ജീവിക്കാൻ തുടങ്ങുന്നത് കൊണ്ട് പിന്നെ ഈ ഗ്രിഹാതുരത എന്നൊക്കെ പറഞ്ഞിട്ട് ഇവർക്ക് എന്ത് മനസ്സിലാകാനാ ....?????ഈ ഓർമക്കഥകൾ പകർന്നു തരാൻ ഇന്നിപ്പോ മുത്തശ്ശനും , മുത്തശിയുമൊന്നും ഇല്ലാത്ത അവസ്ഥയാണല്ലോ .... 

കാലമിങ്ങനെ ഓടിക്കൊണ്ടിരിക്കും ...
അനുഭവങ്ങളെ ഓർമകളിൽ സൂക്ഷിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാർ .....
അനശ്വരമായ അക്ഷരങ്ങളിലൂടെയെങ്കിലും ഈ നിറമുള്ള കുട്ടിക്കാലം തലമുറകൾ കടന്നു കാലാതീതമായി നിലനില്ക്കട്ടെ ....!!