Saturday, 5 September 2015

അധ്യാപക ദിനാശംസകൾ ....!!!!




                      ജൂണ്‍ മാസത്തിലെ ഒരു മഴക്കാലത്ത് , കരഞ്ഞു കലങ്ങിയ മിഴികളോടെ സ്കൂൾ വരാന്തയിലേക്ക്‌ നടന്നെത്തിയ ഒരു ബാല്യം നമുക്കെല്ലാവർക്കും ഉണ്ടായിരുന്നു ...അല്ലെ ...??? അന്ന് ആ വരാന്തയിൽ വച്ച് നമ്മുടെ ഇളം കൈകളെ കവർന്നെടുത്ത അത്ഭുതമായിരുന്നു  അദ്ധ്യാപകൻ ....

കരയെണ്ടെന്നു പറഞ്ഞു , ക്ലാസ്സ്‌ കാണിച്ചു തരാമെന്നും , മിടായി തരാമെന്നും , കൂട്ടുകൂടാൻ കൂട്ടുകാരെ തരാമെന്നും പറഞ്ഞു നമ്മുടെ മുഖത്തു പുഞ്ചിരി വിരിയിച്ച നക്ഷത്രം ....
പിന്നീടു അങ്ങോട്ടുള്ള ക്ലാസ്സുകളിലെ യാത്രകളിൽ  നമുക്ക് വഴികാട്ടിയായി മാറിയ അറിവിന്റെ വെളിച്ചം ....
മാതാവും , പിതാവും കഴിഞ്ഞു നമ്മൾ ആദ്യമായി സ്നേഹിച്ച , വിശ്വസിച്ച , ആരാധിച്ച , മാതൃകയാക്കാൻ ശ്രമിച്ച നമ്മുടെ പ്രിയപ്പെട്ട അധ്യാപകർ....

അവരുടെ സുദിനമാണ് ഇന്ന് .അവരെയൊക്കെ ഓർത്തെടുക്കാനുള്ള ഒരു ദിനം .

എനിക്കുമുണ്ടായിരുന്നു എനിക്കേറെ പ്രിയപ്പെട്ട , എന്നെ പ്രിയപ്പെട്ടവളായി കരുതിയ  കുറച്ചു അധ്യാപകർ ....

ലെൻസി സിസ്റ്റെറിന്റെ മുഖത്തായിരുന്നു ആദ്യമായി ഞാൻ അറിവിന്റെ വെളിച്ചം കണ്ടെത്തിയത് ......എപ്പോഴും പുഞ്ചിരിക്കുന്ന , ഗൗരവത്തിന്റെ മൂടുപടമുള്ള , മിടായികൾ സമ്മാനിക്കുന്ന കർത്താവിന്റെ മണവാട്ടി .....

എന്റെയുള്ളിലും ഒരു എഴുത്തുകാരിയുണ്ടെന്നു പറഞ്ഞു എന്നെ എഴുതാൻ പ്രേരിപ്പിച്ച , പ്രോത്സാഹിപ്പിച്ച  ഷീജ ടീച്ചറും , ലതിക ടീച്ചറും , സുനിൽ സാറും ......

എന്റെ ഇടവേളകളിലെ സൊറ പറച്ചിലുകളിൽ പങ്കുകാരായ പ്രീത ടീച്ചറും , ശ്രീകുമാർ സാറും ....

എഴുത്തിനെ ഒരിക്കലും ഉപേക്ഷിക്കരുതെന്നും , ഇനിയും ഏറെ എഴുതണമെന്നും പറഞ്ഞ ഗംഗ ടീച്ചർ....

കണക്കിൽ ജയിക്കാൻ വേണ്ടി തല്ലു തന്നു കണക്കിനെ  സ്നേഹിപ്പിച്ച ഗീത ടീച്ചറും , അരുണ്‍ ചേട്ടനും ....

കൂപമണ്ടൂകത്തെ സ്നേഹിക്കാനും , ലോകം കാണാനും പഠിപ്പിച്ച സജൻ മാഷ്‌ ....

മറന്നു പോയ വായനയെ തിരികെ എന്നിലെക്കെത്തിച്ച  ഈശ്വരന്റെ മാലാഖയായ എന്റെ പ്രിയപ്പെട്ട (അവളുടെയും) കുഞ്ഞാട് ...

പഠിത്തത്തിൽ ഞാൻ ഉഴപ്പുമ്പൊഴെല്ലാം ഒരു ജോലി നേടണമെന്ന് പറഞ്ഞു എന്നെ പഠിക്കാൻ നിർബന്ധിതരാക്കിയ റീന ടീച്ചറും , സൗമ്യ ടീച്ചറും.....

ഒരമ്മയെപ്പോലെ എന്നും കരുതലോടെ നോക്കിയ വള്ളി ടീച്ചർ .....
ഒരു അച്ഛനെ പോലെ  കൂടെ നില്ക്കുന്ന സുനിൽ സാർ ...

ഈ പെണ്‍കുട്ടിയുടെ ഓരോ ഉയർച്ചയിലും മനസ്സറിഞ്ഞു പങ്കുചേർന്ന പ്രിയപ്പെട്ട കൃഷ്ണൻ മാമൻ ...

പപ്പട കണക്കു പഠിപ്പിച്ച ശ്രീകണ്ടൻ  മാമൻ ....

പ്രോഗ്രാമ്മിങിനെ സ്നേഹിക്കാൻ പഠിപ്പിച്ച ഞങ്ങടെ തയ്യിലുകാരൻ മാഷ് ....

ഇനിയുമുണ്ട് ഒത്തിരി പേർ...മറക്കാൻ കഴിയാത്ത ഒരുപാട് നല്ല അധ്യാപകർ ....ജീവിതത്തിലെ ഓരോ ഉയർച്ചകളിലും ഇന്നും മനസ്സ് കൊണ്ട് ഞാൻ ഇവരെയൊക്കെ ഓർക്കാറുണ്ട്...

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ഇത് പോലൊരു അധ്യാപക ദിനത്തിൽ സാരിയൊക്കെ ചുറ്റി ഞാനൊരു മലയാളം അധ്യാപിക ആയി മാറിയത് ,,,,,
അന്ന് ഉള്ളിലുദിച്ച മോഹമാണ് അധ്യാപനം ....
ഒൻപതാം ക്ലാസ്സിൽ കണക്കു അധ്യാപികയായി ....
പത്താം ക്ലാസ്സിൽ ഒരു വലിയ സ്കൂളിന്റെ പ്രിൻസിപ്പൽ ആയി ....

ബി .എഡ് എടുക്കാതെയും ഞാൻ ടീച്ചർ ആയി .....പത്തു കഴിഞ്ഞു പിന്നെ നീണ്ട അഞ്ചു വർഷങ്ങൾ ....പല വിഷയങ്ങളും  മാറി മാറി കൈകാര്യം ചെയ്തു ഒടുവിൽ ഉത്തരയുടെ സ്വന്തം മലയാളം അധ്യാപികയായി ...., ആ മഹനീയമായ അവസരം എനിക്ക് സമ്മാനിച്ച കൃഷ്ണൻ മാമൻ ....

പക്ഷെ ജീവിതം കടന്നുപോയ കുത്തൊഴുക്കിൽ അധ്യാപിക ആകാനുള്ള മോഹം ഏതോ വഴിവക്കിൽ വച്ച് കൈവിട്ടു പോയി ....

അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ .....
അധ്യാപനത്തെക്കാൾ മഹത്തായ മറ്റൊരു ജോലിയും ഈ ലോകത്തില്ല ....
കുഞ്ഞുങ്ങളെ പഠിപ്പിക്കുമ്പോൾ , അവരെ സ്നേഹിക്കുമ്പോൾ , അവരോടൊപ്പം സമയം ചിലവിടുമ്പോൾ കിട്ടുന്ന പരമാനന്ദം.....
വഴി വക്കിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ , അല്ലെങ്കിൽ വഴിയെ നടന്നു പോകുമ്പോൾ പുറകിൽ നിന്നും കേൾക്കുന്ന ചേച്ചി വിളി ....അവരുടെ മുഖത്തെ പുഞ്ചിരി .....അതിനെക്കാൾ വലുതല്ല ഈ ലോകത്ത് കിട്ടുന്ന മറ്റൊരു സന്തോഷവും .....

എനിക്ക് വഴികാട്ടികളായ എന്റെ പ്രിയപ്പെട്ട ടീച്ചർമാർക്കും , എന്നെ സ്നേഹിച്ച  ടീച്ചർമാർക്കും , ഒരു നല്ല അധ്യാപകദിനം  ആശംസിക്കുന്നു ....

ഒപ്പം ഞാൻ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്ക്‌ (ഒപ്പം എല്ലാ കുഞ്ഞുങ്ങൾക്കും ) നന്മകൾ വരേണമേ എന്ന്  ആത്മാർത്ഥമായി പ്രാർഥിക്കുന്നു....

Tuesday, 4 August 2015

സൗഹൃദത്തിന്റെ പച്ചമരത്തണലിൽ ...!!

സൗഹൃദത്തിന്റെ പച്ചമരത്തണലിൽ .!


കൊടുക്കൽ വാങ്ങലുകളുടെ കണക്കുപറയാതെ , കൂടിപ്പോയാൽ പങ്കു വച്ചും കുറഞ്ഞു പോയാൽ പങ്കു നല്കിയും , ഏതു വേനലിലും തണലായി നില്ക്കുന്ന , ഏതു മഴയിലും  കുടയായി വിരിയുന്ന ഒരു മാന്ത്രികതയാണ് സൗഹൃദം...!

രക്തബന്ധത്തിന്റെ   വേലിക്കെട്ടുകൾക്കുമപ്പുറത്ത് വിശ്വാസ്യതയുടെയും , സ്നേഹത്തിന്റെയും , പരസ്പരസഹകരണത്തിന്റെയും മുത്തുകൾ  കൊണ്ട് നമ്മൾ കോർത്തെടുക്കുന്ന മാസ്മരികമായ ഒരു ബന്ധം ...!

നല്ല സുഹൃത്തുക്കൾ ഉണ്ടാകുക ...അതൊരു ഭാഗ്യമാണ് ...
നല്ലൊരു സുഹൃത്തായിരിക്കുക ....അതൊരു പുണ്യവും ....

ജീവിതത്തിന്റെ നല്ലൊരു ശതമാനം കാര്യങ്ങളും നമ്മൾ എപ്പോഴും പങ്കുവയ്ക്കുന്നത് സുഹൃത്തുക്കളുമായിട്ടായിരിക്കും .. സന്തോഷമായാലും , ദുഃഖമായാലും , പാരയായാലും , നേരം പോക്കായാലും ...നാം ആദ്യം പങ്കുവയ്ക്കുക അവരോടാകും ....

സുഹൃത്താകുവാൻ പ്രത്യേകിച്ചു വിദ്യാഭ്യാസ യോഗ്യതയോ , അനുഭവ സമ്പത്തോ ആവശ്യമില്ല ....
കൂടെ നില്ക്കാനും , വീഴ്ചകളിൽ താങ്ങാനും , സന്തോഷങ്ങളിൽ ചിരിക്കാനും ഒരു നിശബ്ദ സാമീപ്യം ...
പിണങ്ങിപ്പിരിഞ്ഞു പോയാലും വീണ്ടും ഒന്നാകും എന്നുള്ള മൗനവാഗ്ദാനം ..
ആരോടെങ്കിലും ഒന്ന് സംസാരിക്കുവാൻ കഴീഞ്ഞെങ്കിൽ എന്ന് തോന്നുമ്പോൾ അരികിലെത്തി തോളോട് ചേർക്കുന്ന ആശ്വാസതീരം ....

ഏതൊരു വ്യക്തിയെ സംബന്ധിച്ചും സൗഹൃദം തന്നെയാകും ഏറ്റവും വിലപ്പെട്ട നിധി ...അച്ഛനോടും , അമ്മയോടും , കൂടപ്പിറപ്പിനോടും പോലും പങ്കുവയ്ക്കാൻ കഴിയാത്ത രഹസ്യപരസ്യങ്ങളുടെ കാവൽക്കാരൻ ആണ് ഒരു സുഹൃത്ത്.

ആരുമാകാം നല്ലൊരു  സുഹൃത്ത് ,,,,അത് ഈ പറഞ്ഞ അച്ഛനോ , അമ്മയോ , കൂടപ്പിറപ്പോ  ആകാം ...തൊട്ടടുത്ത അയൽക്കാരൻ ആകാം ...കൂടെ പഠിച്ചവനാകാം...കൂടെ നടന്നവനോ , അരികിൽ ഇരുന്നവനോ , കൂടെ പണിയെടുത്തവനോ അങ്ങനെ ആരും ....പക്ഷെ അത് ആരാണെന്നു കണ്ടെത്തി അയാളെ കൂടെ കൂട്ടുമ്പോൾ ആണ് ആ സൗഹൃദമരീചിക  നാം തിരിച്ചറിയുന്നതും , മനസ്സിലാക്കുന്നതും ....!

ഞാൻ കണ്ടുമുട്ടുന്ന , ഞാൻ സംസാരിക്കുന്ന , അല്പസമയം എന്നോടൊപ്പം ചിലവഴിക്കുന്ന എല്ലാവരും എന്റെ സുഹൃത്തുക്കൾ ആണ് ...അവർക്കാർക്കും ഒരു പക്ഷെ അങ്ങനെ അല്ലെങ്കിൽ കൂടി ...
അവർ പോലും അറിയാതെ അവർ എനിക്ക് സമ്മാനിക്കുന്ന അമൂല്യമായ നിമിഷങ്ങൾ ഉണ്ട് ...തനിച്ചിരിക്കുമ്പോൾ അവയൊക്കെ ഓർത്തെടുത്ത് ഞാൻ ഒരുപാട് ചിരിച്ചിട്ടുണ്ട് ..., ആസ്വദിച്ചിട്ടുണ്ട് ...!

നല്ല സുഹൃത്തുക്കൾക്കിടയിൽ ഒരു സൗഹൃദ ദിനത്തിന്റെയോ , ആശംസയുടെയോ  ആവശ്യമുണ്ടെന്നു എനിക്കിതേവരെ തോന്നിയിട്ടില്ല ...നാം ആത്മാർത്ഥ സുഹൃത്തുക്കൾ എന്ന് പറയുന്നവരുടെ ആത്മാർത്ഥ സുഹൃത്തു നമ്മൾ ആകണം എന്ന് യാതൊരു നിർബന്ധവും ഇല്ല ...എങ്കിലും ഈ ഭൂമിയിലെ ഒരുവന്റെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന ഒരു ബന്ധം ആണ് സൗഹൃദം എന്നതിൽ ഒരു സംശയവുമില്ല ...ഒരുവൻ നന്നാകാനും , നശിക്കാനും  ആ കൂട്ട് തന്നെ ഉത്തമം ...

സൗഹൃദദിനം കഴിഞ്ഞു പോയെന്നു അറിയാം ....എങ്കിലും വർഷത്തിലെ എല്ലാ ദിവസവും നമുക്ക്  സൗഹൃദ ദിനം തന്നെ...
ഒരു ചങ്ങാതിയുടെ വാക്കുകൾ കടം കൊണ്ട് അവസാനിപ്പിക്കട്ടെ ,... ...."  SIMPLE ACT OF CARING CREATES AN ENDLESS RIPPLE ..." അതിനോടൊപ്പം എന്റെ കൂട്ടിചേർക്കൽ കൂടി .... " THOSE RIPPLES ARE THE MOST VALUABLE GIFTS YOU CAN GIVE TO YOUR DEAR ONES
ആ CARING തന്നെയാണ് എല്ലാ സൗഹൃദങ്ങളുടെയും അടിസ്ഥാനവും നിലനില്പും ...ഒരു നോട്ടം കൊണ്ട് , അല്ലെങ്കിൽ ഒരു വാക്ക് കൊണ്ട് , അതുമല്ലെങ്കിൽ നേരത്തെ പറഞ്ഞ പോലെ നിശബ്ധമായ സാമീപ്യം കൊണ്ട് എന്റെ ഹൃദയത്തിൽ അനന്തമായ തിരകൾ സൃഷ്ടിച്ച എല്ലാ നല്ല സുഹൃത്തുക്കളെയും ഞാൻ ഓർക്കുന്നു ......അവരോടൊപ്പമുള്ള അനിർവചനീയമായ മനോഹര നിമിഷങ്ങളേയും ....



Tuesday, 28 July 2015

അഗ്നിച്ചിറകുകൾക്ക് വിട ...!!

അഗ്നിച്ചിറകുകൾക്ക്  വിട ...!!



ഭാരതീയന്റെ സ്വപ്നങ്ങൾക്ക്‌ അഗ്നിച്ചിറകുകൾ സമ്മാനിച്ച ആദരണീയനായ വ്യക്തിത്വം ...
പകരക്കാരനില്ലാത്ത അതുല്യനായ രാഷ്ട്രീയ ചിന്തകൻ...
ഓരോ ഭാരതീയന്റെയും ഹൃദയം കീഴടക്കിയ രാഷ്ട്രപതി ...


സാധാരണക്കാരനായി ജനിച്ചു , ലളിതമായി ജീവിച്ചു , അവസാന ശ്വാസം വരെയും രാഷ്ട്രത്തെ സേവിച്ച , രാഷ്ട്രത്തിനു വേണ്ടി ജീവിതം സമർപ്പിച്ച മഹാപ്രതിഭ ....
അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ ഞാൻ ഉൾപ്പെടുന്ന തലമുറകൾ ഭാഗ്യം ചെയ്തവർ ....

ജാതിമത ചിന്തകൾക്കും , വർണ്ണവർഗ്ഗ വിവേച്ചനങ്ങൾക്കുമതീതമായി  മാനുഷിക മൂല്യങ്ങൾക്കും ,  പൌരബോധത്തിനും വേണ്ടി നില കൊണ്ട ആത്മീയാചാര്യൻ ...
അതിരുകളില്ലാത്ത സ്വപ്‌നങ്ങൾ കാണാനും , അവയുടെ പിന്നാലെ ആത്മവിശ്വാസത്തോടെ  ഓടാനും , ആ സ്വപ്നങ്ങളെ സത്യങ്ങളാക്കാൻ  നിശ്ചയധാർട്യത്തോടെയും , അർപ്പണ മനോഭാവത്തോടെയും സഞ്ചരിക്കാനും നമ്മെ പഠിപ്പിച്ച വലിയ മനുഷ്യൻ .....

A SIMPLE man having WONDERFUL thoughts and  HUMBLE behavior

ഇന്ത്യൻ ശാസ്ത്രലോകത്തിന്റെ അതിരുകളില്ലാത്ത ആകാശത്തിൽ നിരന്തര പരിശ്രമങ്ങളിലൂടെ സുവർണ ലിപികളാൽ  സ്വന്തം നാമം എഴുതി ചേർത്ത ഭാരത രത്നം ....
ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയ സമ്പൂര്‍ണതയുടെയും വഴിയാണ് ശാസ്ത്രം എന്ന് പറഞ്ഞ ഇന്ത്യയുടെ മിസൈൽ മാൻ ...

ഇന്ത്യൻ യുവത്വം ഇത്ര കണ്ടു ആരാധിച്ച മറ്റൊരു വ്യക്തിത്വം ഇല്ലെന്നു തന്നെ പറയാം ....
മഹാത്മജിക്ക് ശേഷം ഓരോ ഭാരതീയനും നെഞ്ചോട്‌ ചേർത്ത അഗ്നിചിറകുകളുടെ യോഗീശ്വരൻ.....

വിദ്യാര്‍ഥികളുമായി സംസാരിക്കുന്നതിൽ ഏറെ ആകാംക്ഷ പുലർത്തുകയും , അവരുടെ സംശയങ്ങൾക്ക് തൃപ്തികരമായ മറുപടി നല്കുകയും ചെയ്തു നാളെയുടെ സമ്പാദ്യമായി സ്വയം മാറാനും , രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാകാനും അവർക്ക് പ്രചോദനം നല്കിയ കർമയോഗി....

 അദ്ദേഹത്തെ കുറിച്ചെഴുതാൻ ഞാൻ ആളല്ല ...എങ്കിലും ഭാരതം കണ്ട മഹാനായ ഒരു വ്യക്തിയെ കുറിച്ച് ആദരവോടെ പറയാൻ കഴിഞ്ഞാൽ അത് ഭൂമിയിലെ ഈ ജന്മം കൊണ്ട് ഞാൻ നേടിയെടുത്ത ഒരു പുണ്യമായി എന്നും എന്റെയുള്ളിൽ നിലനില്ക്കും ... ,


 ആ തലമുറയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ....കലാം എന്ന വലിയ മനുഷ്യന്റെ ചിന്തകളിൽ അല്പമെങ്കിലും അറിയാൻ സാധിച്ചതിലുള്ള  സംതൃപ്തിയോടെ അവസാന ശ്വാസവും രാഷ്ട്രത്തിനു സമർപ്പിച്ച ആ മഹാനുഭാവന്റെ കാൽക്കൽ ഒരു പിടി പുഷ്പങ്ങൾ അർപ്പിച്ചു കൊണ്ട് ആ പുണ്യാത്മാവിന്റെ നിത്യ ശാന്തിക്കായി ഹൃദയം നിറഞ്ഞു പ്രാർഥിക്കുന്നു....

Friday, 17 July 2015

ഒരു പേരില്ലാ കഥ ...


ഒരു പേരില്ലാ കഥ ...


( Note : ഒരുപാട് ആലോചിച്ചിട്ടും ഈ കഥയ്ക്കൊരു പേര് കണ്ടെത്താൻ കഴിയുന്നില്ല ...അത് കൊണ്ട് ഇതൊരു പേരില്ലാ കഥയായി കിടന്നോട്ടെ ..... )

ഇളം തവിട്ടു നിറത്തിലുള്ള കൃഷ്ണമണികള്‍ ...തീക്ഷ്ണമായ നോട്ടം .അറ്റം വിടര്‍ന്ന നീണ്ട നാസിക ..വശങ്ങളിലേക്ക് ചെറുതായൊന്നു പിരിച്ചു വച്ച മീശയും നേര്‍ത്തു ഇടതൂര്‍ന്ന താടിയും ..വിടര്‍ന്ന മാറിടം ..നീണ്ട മനോഹരമായ വിരലുകളോട് കൂടിയ ധ്രിടമായ കരങ്ങള്‍ ...പെണ്‍കുട്ടികള്‍ക്ക് മാത്രമേ മനോഹരമായ വിരലുകള്‍ ഉണ്ടാകു എന്ന എന്റെ ധാരണയെ  ആ വിരലുകള്‍ മാറ്റി...... എല്ലാത്തിനുമൊടുവില്‍ ഒരു നിഗൂഡമായ പുഞ്ചിരിയും ....തനി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാം തികഞ്ഞ ആണൊരുത്തന്‍ ...അങ്ങനെ ഒരാള്‍ ഭൂമിയിലുണ്ടാകുമോ...??? ഉണ്ടെങ്കില്‍ അത് അവന്‍ ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹം ...

മനോഹര്‍ എന്നല്ലാതെ മറ്റെന്തു പേരാണ് ഇവന് യോജിക്കുക എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ...പക്ഷെ പകരം വയ്ക്കാൻ മറ്റൊരു പേര് ..അതിന്നും അന്യം തന്നെ .

പെണ്‍കുട്ടികളുടെ മാത്രം സൗന്ദര്യം ആസ്വദിച്ചിരുന്ന ഞാന്‍ ഇത് ആദ്യമായാണ് ഇങ്ങനെ ഒരു പുരുഷ  സൗന്ദര്യത്തെ വര്‍ണിക്കുന്നത്...അതും വളരെ വൈകിയുള്ള വര്‍ണന ....
മേരി മദര്‍ പറയുന്നത് ശരിയാണ് ..ആണ്‍കുട്ടികള്‍ തന്നെയാണ് സുന്ദരന്മാര്‍ ...ചാന്ദും വളയും മാലയുമില്ലാതെ പെണ്ണിനെന്ത് ചന്ദം ....???? അണിഞ്ഞൊരുങ്ങലിന്റെ മൂട്പടങ്ങളില്ലാതെയുള്ള നൈസര്‍ഗ്ഗികമായ സൗന്ദര്യം എന്നും ആണിന് തന്നെ .....പെണ്ണിനഴക് നീണ്ടു ഇടതൂര്‍ന്ന കാര്‍ക്കൂന്തല്‍ എങ്കില്‍ ആണിനത് നേര്‍ത്ത താടിമീശയാണ് .....മേരി മദര്‍ ഇതൊക്കെ എങ്ങനെ കണ്ടെത്തി ...????താനിപ്പോള്‍ വീണ്ടും എന്തിനു ഇതൊക്കെ ഓര്‍ത്തെടുക്കുന്നു ....??? പാടില്ല ....തിരുവസ്ത്രത്തിന്റെ മഹനീയതയ്ക്കുള്ളില്‍ ഈ ചിന്തകള്‍ കടന്നു കയറിക്കൂടാ എന്ന് മേരി മദര്‍ പഠിപ്പിച്ചിട്ടുണ്ട് ..
ഒപ്പം മറ്റൊന്ന് കൂടി പറഞ്ഞു തന്നിരുന്നു ....പൂര്‍ണമനസ്സോടെയല്ലാതെ ആ വസ്ത്രത്തെ സ്വീകരിക്കരുതെന്നും ....സ്വീകരിക്കാനും , തിരസ്ക്കരിക്കാനുമുള്ള  സ്വാതന്ത്ര്യം അവസാന നിമിഷം വരെയും തനിക്കു സ്വന്തമാണെന്നും മദര്‍ ഓര്‍മിപ്പിച്ചിട്ടുമുണ്ട് ....ആ ഓര്‍മപ്പെടുത്തലുകള്‍ക്കുള്ളിൽ‍ എവിടെയൊക്കെയോ ഒരു നഷ്ടബോധത്തിന്റെ തിരയിളക്കം തനിക്കു അനുഭവപ്പെട്ടിട്ടുണ്ട് ...പക്ഷെ ചോദിക്കാന്‍ ധൈര്യമുണ്ടായില്ല ....
മനോഹര്‍ പറയുന്ന പോലെ ചില ചോദ്യങ്ങള്‍ ചോദ്യങ്ങളായി മാത്രം അവശേഷിക്കുന്നതാണ് നല്ലത് ....


കളങ്കമേതുമില്ലാത്ത അവന്റെ പ്രവൃത്തികള്‍ , ഈ ജീവിതം കൊണ്ട് എല്ലാവര്‍ക്കും നന്മകള്‍ ചെയ്യാന്‍ കഴിയണമേ എന്നുള്ള പ്രാര്‍ത്ഥന ...., മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം പുഞ്ചിരി നല്‍കുന്ന അധരങ്ങള്‍ ...സ്നേഹം നിറഞ്ഞ മിഴികള്‍ ....അവനെ കുറിച്ചു പറയുമ്പോള്‍ മാത്രം വാക്കുകള്‍ക്കു ക്ഷാമമില്ല ....അതെന്തു കൊണ്ടാണ് അങ്ങനെ ...?എവിടെ നിന്നോ വന്നു ഇവിടെയുള്ള എല്ലാവര്‍ക്കും വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരനായി മാറിയവനാണവന്‍ ..
എല്ലാവരും മനോഹറിനെ സ്നേഹിച്ചു ..താനും...ഓര്‍ഫനേജിലെ അമ്മമാര്‍ അവനെ മകനായി കണ്ടു , ചിലര്‍  ഒരു കൂടപ്പിറപ്പായി , മറ്റു ചിലര്‍ നല്ലൊരു സുഹൃത്തായി..താനോ ..?

മനോഹര്‍ തനിക്കു ആരൊക്കെയോ ആയിരുന്നു ...വാക്കുകള്‍ കൊണ്ട് ഒരിക്കലും പറഞ്ഞറിയിക്കാന്‍ കഴിയാത്ത പ്രണയത്തിനുമപ്പുറത്തുള്ള ഒരു സ്നേഹം ..അതായിരുന്നു തനിക്കു അവനോട്  ...ഒരു പക്ഷെ അവനു തന്നോടും ....സ്നേഹത്തിനു മതം ഇല്ല എന്നാണ് മേരി  മദര്‍ പറയാറ്....പക്ഷെ ഈ ലോകത്ത് ജീവിക്കുമ്പോള്‍ സ്നേഹത്തിനു മതവും , നിറവുമൊക്കെ വേണം ..ഇല്ലേല്‍ സ്നേഹിക്കാന്‍ മാത്രമേ കഴിയു ...സ്നേഹിക്കപ്പെടാന്‍ കഴിയില്ല
എന്നാണ് മനോഹര്‍ പറഞ്ഞത്....

അലീനയുടെ മനോഹറിനെ പോലെ ഇവനും വളരെ നന്നായി പാട്ട് പാടുമായിരുന്നു .....പക്ഷെ ഓര്‍ഫനേജിലെ അമ്മമാര്‍ക്ക് വേണ്ടി മാത്രമേ അവന്‍ പാടാറുള്ളു...എന്നിട്ടും തനിക്കു വേണ്ടി അവന്‍ പാടി ...ഒന്നല്ല ,അതിലുമെത്രയോ അധികം തവണ ...അവന്റെ നോട്ടത്തില്‍ , സംസാരത്തില്‍ ഒക്കെയും ഒരു കുസൃതി ഉണ്ടായിരുന്നു ....നിഷ്കളങ്കനായ ഒരു കുഞ്ഞിന്‍റെതെന്നനെപ്പോലെ ....അവന്റെ പുഞ്ചിരി ...,ഒരുപാട് നിഗൂഡതകള്‍ നിറഞ്ഞത്‌ എങ്കിലും അത് വളരെ മനോഹരമായിരുന്നു . അവന്‍ ഒന്ന് പുഞ്ചിരിച്ചാല്‍ തിരികെ ഒരു ചിരി സമ്മാനിക്കാതെ പോകാന്‍ ഹൃദയമുള്ള ഒരു മനുഷ്യനും കഴിയില്ലായിരുന്നു ...ഇപ്പോഴും അവന്‍ തന്നെനോക്കി
ആരും കാണാതെ പുഞ്ചിരിക്കുന്നുണ്ട്‌ ....എപ്പോഴത്തെയും പോലെ തന്നെ വളരെ മനോഹരമായി .......


" അന്നാ ....എന്തിനു വേണ്ടിയാണ് നീ ഈ തിരുവസ്ത്രം ധരിച്ചിരിക്കുന്നത്‌....? ഇഷ്ടമില്ലാത്ത ഒന്നിനെ സ്വന്തം ശരീരത്തോട് ഇങ്ങനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് നീയെന്തിനു നിന്നെ വഞ്ചിക്കുന്നു ...? സഭയുടെ നീതിക്ക് നിരക്കാത്ത വിധത്തില്‍ , കര്‍ത്താവിന്‍റെ മണവാട്ടിക്കു ചിന്തിക്കാന്‍ കഴിയാത്ത തരത്തില്‍ നിറമുള്ള സ്വപ്‌നങ്ങള്‍ കാണുന്ന നീ എന്തിനു വേണ്ടി നിന്നെ ഈ വസ്ത്രത്തിനുള്ളില്‍ അടക്കി നിര്‍ത്തിയിരിക്കുന്നു ...? സ്വയം സ്വതന്ത്രയല്ലാത്ത നീ എങ്ങിനെയാണ് അന്നാ മറ്റുള്ളവരെ സ്വതന്ത്രര്‍ ആക്കേണമേ എന്ന് പ്രാര്‍ഥിക്കുന്നത് ..?

" അറിയില്ല മനോഹര്‍ ..ഇതൊക്കെ വലിച്ചെറിഞ്ഞ് ഈ ലോകത്തിന്‍റെ മനോഹാരിതയിലേക്ക് പോകാന്‍ ഞാന്‍ വല്ലാതെ കൊതിക്കുന്നുണ്ട്‌ ...പക്ഷെ കഴിയുന്നില്ല .....മനോഹര്‍ ചോദിച്ച പോലെ ഞാന്‍ എന്നെ അടക്കി നിര്‍ത്തിയിരിക്കുന്നതല്ല ....ഞാന്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ് ...ഈ ബന്ധനം അത് ഞാന്‍ എന്നെ സ്നേഹിക്കുന്നവര്‍ക്ക് നല്‍കുന്ന സന്തോഷമാണ് ...."

പിന്നെ അവന്‍ ഒന്നും പറഞ്ഞില്ല ....പലപ്പോഴായി അവന്‍റെ കണ്ണുകള്‍ തന്നോട് പറയാതെ പലതും പറഞ്ഞിരിക്കുന്നു ...

" എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്ന്‍ ഞാന്‍ പറയട്ടെ അന്നാ ...? സെമിത്തേരിയുടെ താഴെയുള്ള താഴ്വാരത്തെക്ക് ആ നീണ്ട വിരലുകള്‍ ചൂണ്ടി അവന്‍ തുടര്‍ന്നു ,,ദേ...ആ താഴ്വാരത്തിന്റെ ചെരുവിലൂടെ സ്വതന്ത്രയായി പറക്കുന്ന ഒരു പെണ്‍കിളി ...ആ പെണ്‍കിളിയെ നോക്കി ഇവിടിരുന്നു എനിക്ക് പാടണം ..."

അന്ന പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു ..." മനോഹര്‍ ...ഇപ്പോള്‍  നീ പറഞ്ഞത് കേള്‍ക്കാന്‍ നല്ല സുഖമുണ്ട് ...കാണാന്‍ അതിലേറെയും ... പക്ഷെ അത് ഒരിക്കലും നടക്കാത്ത ഒരു മനോഹരമായ സ്വപ്നമായി തന്നെ അവശേഷിക്കും ..."

" ഒരിക്കലുമില്ല അന്നാ ....ഇത് വരെ ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ ഒക്കെയും സത്യമായിട്ടുണ്ട് ....ഇതും സത്യമാകും ...മറ്റൊരാള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന ഒരു ദൈവങ്ങളും തള്ളിക്കളയില്ല ....അന്ന എപ്പോഴും പറയില്ലേ എന്നോട് ...ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്തോ , അത് ദൈവം എനിക്ക് നല്‍കട്ടെ എന്ന് ... ഈ സ്വപ്നമാണ് അന്നാ എന്‍റെ ഏറ്റവും വലിയ സന്തോഷം ..."

" സ്വര്‍ഗസ്ഥനായ പിതാവ് ഈ പുണ്യാത്മാവിന്റെ സ്വപ്നം സാക്ഷാത്കരിക്കട്ടെ ...." കുരിശു വരച്ചു കൊണ്ട് അന്ന ഉറക്കെ ചിരിച്ചു , ഒപ്പം മനോഹറും ....

" അന്നാ ...നീയിതു എന്ത് ആലോചിച്ചു നില്‍ക്കുകയാണ് ..??കുരിശു വരയ്ക്കുന്നില്ലേ ...??? " മേരി മദറിന്റെ ശബ്ദം .

അന്ന നെടുതായൊന്നു ഞെട്ടി ....പിന്നെ പതിയെ തറയിലേക്കു കുനിഞ്ഞു മനോഹറിന്‍റെ  നെറ്റിയില്‍ കുരിശു വരച്ചു പ്രാര്‍ഥിച്ചു .

" സ്വര്‍ഗസ്ഥനായ പിതാവേ ...ഇവന്‍റെ സ്വപ്നങ്ങളൊക്കെയും നീ പൂര്‍ത്തീകരിച്ചു കൊടുക്കേണമേ ....ഇവന് സ്വര്‍ഗത്തിലെ ഏറ്റവും മനോഹരമായ ഇരിപ്പിടം തന്നെ നല്‍കേണമേ ..."

പിന്നെയും എന്തൊക്കെയോ അവിടെ നടന്നു ...ഒടുവില്‍ ഒരു പിടി മണ്ണ് അവന്‍റെ മേല്‍ തൂവിയ ശേഷം അവള്‍ പള്ളിയിലേക്ക് നടന്നു ..തന്നെ കുരിശിലേറ്റിയവനു മാപ്പ് നല്‍കിയ ആ മഹാനുഭാവന്റെയടുക്കല്‍ ഒരു നേര്‍ത്ത കുമ്പസ്സാരം ....

മുറിയിലേക്ക് നടക്കവേ പിന്നില്‍ നിന്നും മേരി മദര്‍ വിളിച്ചത് പോലും അവള്‍ കേട്ടില്ല ....

" നീ നിന്നോട് നീതി പുലര്‍ത്താതിരിക്കുമ്പോള്‍ നീ നിന്നെ തന്നെ വഞ്ചിക്കുകയാണ് അന്നാ ....എല്ലാം നേടിയിട്ടും ഒടുവില്‍ ആത്മാവ് നഷ്ടപ്പെട്ടിട്ടു എന്ത് കാര്യം ..? മനസ്സ് പറയുന്നത് കേള്‍ക്കു അന്നാ ....നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു ...എന്നെ കുരിശിലേറ്റിയവരേക്കാള്‍ വലിയ തെറ്റൊന്നും നീ എന്നോട് ചെയ്തിട്ടില്ല കുഞ്ഞേ....ഭൂമിയില്‍ സ്വപ്‌നങ്ങള്‍ ബാക്കി വച്ചു പോയവര്‍ക്കായി സ്വര്‍ഗത്തില്‍ ഇരിപ്പിടമില്ലെന്ന സത്യം നീ മറക്കരുത് ....." കുമ്പസ്സാര കൂട്ടിലെ  കുഞ്ഞേശു തനിക്കു അനുവാദം നല്‍കിയിരിക്കുന്നു ...

അന്ന മുറിയില്‍ കയറി വാതിലടച്ചു ..കട്ടിലിനടിയില്‍ കൂനിക്കൂടിയിരുന്ന ട്രങ്ക് പെട്ടി വലിച്ചെടുത്തു ...നീലയില്‍ ചുവന്ന പൂക്കള്‍ വിതറിയ  മനോഹരമായ ഒരു സാരി അവള്‍ അതില്‍ നിന്നും പുറത്തേക്കെടുത്തു ...ആ സാരിക്ക് മനോഹറിന്‍റെ മണമായിരുന്നു ....വളരെ ഭംഗിയായി അവള്‍ ആ സാരി ഉടുത്തു ..

കര്‍ത്താവിനോടെന്തോ രഹസ്യം പറഞ്ഞു മേരി മദര്‍ തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടത് നീലയില്‍ ചുവന്ന ഫ്രില്ലു പിടിപ്പിച്ച ഫ്രോക്ക് ഇട്ടു നില്‍ക്കുന്ന ഒരു 12 വയസ്സുകാരിയെയാണ് ...എട്ടു വര്‍ഷം മുന്‍പ് കണ്ട ആ നിഷ്കളങ്കമായ പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു ...മേരി മദര്‍ അവളുടെ മുഖം കൈക്കുടന്നയില്‍ എടുത്തു ആ മൂര്‍ധാവില്‍ മുകര്‍ന്നു ...

" എന്ത് പറ്റി മോളെ ? "

" പിടിച്ചു വയ്ക്കുന്നതിലല്ല , വിട്ടു കൊടുക്കുന്നതില്‍ ആണ് സ്നേഹത്തിന്റെ മഹത്വം എന്ന് മദര്‍ പറയാറില്ലേ...ഇന്നലെ മനോഹറും അത് തന്നെ എന്നോട് പറഞ്ഞു മദര്‍ .,അത് കൊണ്ട് ഞാനും തീരുമാനിച്ചു...എന്നെ സ്നേഹിക്കുന്നവന്റെ സന്തോഷത്തിനു വേണ്ടി എന്നെ തന്നെ വിട്ടുകൊടുക്കാന്‍ ...ചെയ്യുന്നത് തെറ്റാണോ എന്ന് എനിക്കറിയില്ല മദര്‍ .പക്ഷെ ഇതാണ് വേണ്ടതെന്നു മനസ്സ് പറയുന്നു ..."

മേരി മദര്‍ പുഞ്ചിരിച്ചു കൊണ്ട് അവളുടെ ശിരസ്സില്‍ മൃദുവായി തലോടി.

" നിനക്ക് ശരി എന്ന് തോന്നുന്നത് എന്തോ അതാണ്‌ അന്നേ ശരി .ആ ശരി കണ്ടെത്താന്‍ കര്‍ത്താവ് നിന്നിലേക്ക്‌ അയച്ചതാണ് മനോഹറിനെ ..അവന്‍ ഒരു നിമിത്തം മാത്രം ..നിനക്ക് നല്ലതേ വരൂ ."

അവളെ ചേര്‍ത്ത് പിടിച്ചു അവള്‍ക്കൊരു ചുംബനം നല്‍കിയ ശേഷം മേരി മദര്‍ അവിടുന്ന് നടന്നകന്നു .

അന്തിചോപ്പിന്റെ മനോഹാരിതയിലേക്ക് ആകാശം വഴിമാറി .അന്ന തീര്‍ത്തും സംതൃപ്തയായി താഴ്വാരത്തൂടെ നടന്നു...

മനോഹറിനു  പൂക്കള്‍ സമ്മാനിച്ചുകൊണ്ട് അവസാനത്തെ അമ്മയും അകന്നു പോകുന്നത് കാണാന്‍ കാര്‍മേഘങ്ങള്‍ കാത്തു നിന്നു ....

പിന്നെ ഒരു പേമാരിയായിരുന്നു .....സ്വര്‍ഗത്തിന്‍റെ കവാടങ്ങള്‍ മനോഹറിനു മുന്നില്‍ തുറക്കപ്പെട്ടു.....


( ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലുമൊക്കെ സാമ്യം ആർക്കെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ തോന്നുവാണേൽ മനസ്സാ-വാചാ-കർമണാ-ലക്ഷ്മണാ  എനിക്ക് യാതൊരു വിധ ഉത്തരവാദിത്ത്വവും ഇല്ലെന്നു ഇതിനാൽ ബോധിപ്പിച്ചു കൊള്ളുന്നു )

Sunday, 5 July 2015

GoOd MoRnInG.....ഗുഡ്മോര്‍ണിംഗ്



                                                           ഗുഡ് മോര്‍ണിംഗി-നെ ഞാന്‍ സ്നേഹിക്കാന്‍ തുടങ്ങിയത് രാമനാഥന്‍ മാഷിനെ കണ്ടുമുട്ടിയ ശേഷമായിരുന്നു . ആ വാക്ക് ഞാന്‍ ആദ്യമായി കേള്‍ക്കുന്നതും പറയുന്നതും പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ജൂണ്‍ മാസത്തിലെ മഴക്കാലത്തായിരുന്നു . , കരഞ്ഞു കലങ്ങിയ മിഴികളോടെ ...വ്യക്തമായി വഴങ്ങാത്ത നാവോടെ ...

പിന്നെയും കുറെ നാളുകള്‍ക്കിപ്പുറമാണ് GoOd MoRnInG എന്ന വാക്കിനു സുപ്രഭാതം എന്നാണു അര്‍ഥം എന്ന് മനസ്സിലാക്കിയത്‌ . അവിടുന്നങ്ങോട്ട് 
  GoodMorning ഒരു ശീലമായിരുന്നു .അഞ്ച് ദിവസങ്ങളുടെ അനിവാര്യത...നാല് പീരീഡ്‌കളുടെ തുടക്കം ... 
കൂടിപ്പോയാല്‍ ടീച്ചറിനെ കാണുമ്പോള്‍ പറയേണ്ടുന്ന ഒരു വാചകം .അത്ര പ്രാധാന്യമേ അന്ന് ആ വാക്കിനുണ്ടായിരുന്നുളളു.

ബാല്യത്തില്‍ കൈ കൂപ്പി പറഞ്ഞിരുന്ന GoodMorning
കൌമാരത്തിലേക്കെത്തിയപ്പോള്‍ എഴുന്നേറ്റുനിന്നു ചടങ്ങിനു വേണ്ടി മാത്രം പറയുന്ന ഒരു വാചകമായി മാറി ..
 വേണ്ടി വന്നു കുറച്ചു കാലങ്ങള്‍ ....,ഗുഡ്മോര്‍ണിംഗി-നെ ഹൃദയം കൊണ്ട് പറയാന്‍ .......അത് എന്നെ പഠിപ്പിച്ചത് രാമനാഥന്‍ മാഷായിരുന്നു .

എന്‍റെ ഇത് വരെയുള്ള ജീവിതത്തില്‍ വച്ചു എനിക്കേറ്റവും പ്രിയപ്പെട്ടവരില്‍ ഒരാള്‍ ..ഞാന്‍ ആദ്യമായി കണ്ടുമുട്ടിയ നിഷ്കളങ്കമായ പുഞ്ചിരിയുടെ , ഒരു നേര്‍ത്ത കുസൃതിയുടെ , അതിലേറെ വാത്സല്യത്തിന്റെ ഉടമ .... :-)

വലതു കൈ നെഞ്ചോടു ചേര്‍ത്ത് , ശിരസ്സല്പം താഴ്ത്തി ഒരു മനോഹരമായ പുഞ്ചിരിയോടെ GoodMorning നല്‍കാന്‍ എന്നെ പഠിപ്പിച്ചത് എന്‍റെ പ്രിയപ്പെട്ട രാമനാഥന്‍ മാഷായിരുന്നു ...അന്ന് മുതല്‍ ഞാനും തുടങ്ങി ആ അഭിവാദന രീതി .ആ മഹത്തരമായ പ്രവൃത്തി ഓരോ ദിവസത്തെയും എത്രത്തോളം മനോഹരമാക്കും എന്ന് അനുഭവത്തിലൂടെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട് . പിന്നീട് അവിടുന്നങ്ങോട്ട് ഗുഡ്മോര്‍ണിംഗിനെ ഒരു നല്ല ശീലമായി ഹൃദയത്തോട് ചേര്‍ക്കുകയായിരുന്നു ഞാന്‍ .....പുഞ്ചിരിയോടെ നല്‍കുന്ന ആ അഭിവാദനത്തിന്റെ മറുപടി ഒരു ദിവസത്തേക്കുള്ള ഊര്‍ജമായിരുന്നു .
ആ ഊര്‍ജമാണ് എന്‍റെ അഞ്ച് വര്‍ഷങ്ങളെ മനോഹരമാക്കിയത് ..

പക്ഷേ കോര്‍പ്പറേറ്റ് ലോകത്തിന്‍റെ തിരക്കിട്ട ജീവിതത്തിനിടയില്‍ GoodMorning ഇന്ന് വെറുമൊരു ആചാരമായി മാറുകയാണോ എന്ന സംശയം .
അഞ്ചക്ക ശമ്പളത്തിന് പിറകെ ഓടുമ്പോള്‍ GoodMorning വീണ്ടും പണ്ടത്തെ സ്കൂള്‍ കുട്ടിയുടെ അനിവാര്യതയായി മാറുന്നു...
യാതാര്‍ത്ഥ്യവും ,മിഥ്യയും കൂടിക്കുഴഞ്ഞ  വളരെയേറെ വിശാലമായ ഒരു ലോകമാണിത് .വാക്കുകളില്‍ മാത്രം ബന്ധങ്ങള്‍ ഒതുങ്ങുന്ന പ്രോഫെഷണലിസത്തിന്‍റെ ലോകം ആണെങ്കിലും , ചുറ്റിനും ധാരാളം പുഞ്ചിരിക്കുന്ന മുഖങ്ങളുള്ള ഒരു WonderLand ആണ് ഇവിടം .ഞാന്‍ ഇവിടെ ഒരു Alice ആണ് ...

രാമനാഥന്‍ മാഷിന്റെ സുപ്രഭാതങ്ങളെ ഞാന്‍ ഇവിടെ ശരിക്കും മിസ്സ്‌ ചെയുന്നുണ്ട് ....തിരിച്ചു കിട്ടാത്ത സുപ്രഭാതങ്ങള്‍ സമ്മാനിക്കുന്ന മൂകതയ്ക്ക്‌ നേരെ ഞാനെന്‍റെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ് ..ഒരു നിമിഷം ഈ മിഴികള്‍ ഒന്ന് ചേര്‍ത്തടച്ചാല്‍ മതി ...എനിക്ക് കേള്‍ക്കാം , കാണാം.. എന്‍റെ പ്രിയപ്പെട്ട രാമനാഥന്‍ മാഷിന്‍റെ പുഞ്ചിരിയോട്‌ കൂടിയുള്ള സുപ്രഭാതം ...ഈ ലോകത്ത് മറ്റൊരാള്‍ക്കും തരാന്‍ കഴിയാത്തത്രയും ഊര്‍ജം നല്‍കി എന്‍റെ ദിവസങ്ങളെ മുന്നോട്ടു നയിക്കാന്‍ ആ സുപ്രഭാതങ്ങളുടെ ഓര്‍മ്മകള്‍ തന്നെ ധാരാളം ......

(സമർപ്പണം  : For One Of The Most WONDERFUL PERSON I Ever Had met in my Life...)