Thursday, 12 November 2015

ചില gOOgLe +ചിന്തകൾ.....

ചില gOOgLe +ചിന്തകൾ.....




  • ബന്ധങ്ങൾ ഒരുപാടായാൽ വേദനകളുടെ എണ്ണം  കൂടും ....ബന്ധങ്ങളുടെ എണ്ണം കുറഞ്ഞാലോ , സന്തോഷങ്ങളുടെ എണ്ണവും കൂടും .....!!!


  •  പെണ്‍കുട്ടികൾക്കായിരുന്നു രണ്ടാം ക്ലാസിലെ പാവാട ഇരുപതാം വയസ്സിലും ഇടുന്ന ശീലം ...അത് കണ്ടു തീരെ സഹിക്കാഞ്ഞിട്ടാണെന്നു തോന്നുന്നു ,,,,,,, ആണ്‍കുട്ടികളൊക്കെ നഴ്സറിയിലെ  നിക്കറുമിട്ടു ബൈക്കിൽ റോന്തു ചുറ്റുന്നത്‌ ....


  • വേദന കടിച്ചു പിടിച്ചു ഹൃദയം പറിച്ചു കൊടുത്തവന്റെ , ഹൃദയതാളം സ്വന്തമാക്കി കഴിഞ്ഞാൽ പിന്നെ നന്ദി എന്ന രണ്ടക്ഷരം എന്നെന്നേയ്ക്കുമായി  മറക്കുന്നവനാണ് മനുഷ്യൻ ......ഭൂമിയിലെ ജീവനുള്ളവയിൽ വച്ചു ഏറ്റവും നന്ദി കെട്ട വർഗം....!


  • അച്ഛൻ അമ്മയുടെ ഗർഭപാത്രത്തിനു സമ്മാനിക്കുന്ന കുളിരിന്റെ പവിത്രതയാണ് , ഭൂമിയിലെ വിശ്വാസങ്ങളിലേക്കു നമ്മെ നയിക്കുന്ന സത്യത്തിന്റെ കരുത്ത്....


  • കരിങ്കല്ലിൽ അടിസ്ഥാനം തീർക്കാതെ വെണ്ണക്കൽ സൗധം പണിഞ്ഞിട്ടെന്താ കാര്യം ....?അല്ലെ ....???


  • എന്തെങ്കിലുമൊന്നു ചെയ്യണം എന്ന് തോന്നിയാൽ പിന്നെ കൂടുതൽ ആലോചിച്ചു കൂട്ടാതെ അങ്ങ് ചെയ്തേക്കുക ....സംഭവിക്കാനുള്ളത് എന്തായാലും സംഭവിക്കുക തന്നെ ചെയ്യും ....


  • ഈ പെണ്‍പിള്ളേരുടെ ജീവിതം ഒരു ഞാണിന്മേൽ കളിയാണ് കേട്ടോ ...അപ്പോൾ ഞാണിനെ നമുക്ക് പുരുഷൻ എന്ന് വിളിക്കാം .. :


  • ഓരോ മനുഷ്യനും ഒരു കടങ്കഥയാണ് ...ഉത്തരത്തിനടുത്തെക്കെത്തുമ്പോൾ പുതിയ ചോദ്യത്തിലേക്ക് വഴുതി മാറുന്നൊരു വലിയ  കടങ്കഥ...!!


  • അടുത്ത് നിൽക്കേണ്ടുന്നവർ അകലുകയാണെന്ന് തിരിച്ചറിയുമ്പോൾ ,  അരികിൽ നിൽക്കുന്നവരിൽ നിന്നും  നമ്മൾ പോലുമറിയാതെ നാം അകന്നു പോകും ....തീർത്തും നാം നമ്മെ  ഒറ്റപ്പെടുത്തും ....അത് അങ്ങനെയാണ് ..!!


  • അങ്ങോട്ട്‌ മിണ്ടിയാലെ തിരികെ മിണ്ടുള്ളൂ എന്ന വാശിയാണ് എല്ലാവർക്കും...ഈയിടെയായി എനിക്കും ..!


  • അപ്രതീക്ഷിത മുഹൂർത്തങ്ങൾ പകരുന്ന അനുഭൂതികൾ വാക്കുകൾക്കതീതമാണ് ...അത് സുഖമുള്ളതായാലും , അല്ലെങ്കിലും ,.....!!


  • ശല്യമാണ് എന്ന് തോന്നിയാൽ,  സ്നേഹം കൊണ്ട് പോലും ശല്യപെടുത്തരുത്.. .. മറ്റൊരാളെ കൂടി സങ്കടപ്പെടുത്തിക്കൊണ്ട്  നാം സ്വയം സങ്കടപ്പെടുന്നു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല ....സ്നേഹം സത്യമാണെങ്കിൽ നാം സ്നേഹിക്കുന്നവരെ അവരുടെ ഇഷ്ടത്തിനു വിട്ടേക്കുക ...ആ വഴിയിൽ ഒരു നിഴലായി പോലും നാം കടന്നു ചെല്ലരുത്‌.....(#half copied)


  • ചില സ്വപ്‌നങ്ങൾ സ്വപ്നങ്ങളായി മാത്രം നിലനില്ക്കുന്നതാണ് എന്തുകൊണ്ടും നല്ലത് ......എങ്കിൽ സുഖമുള്ളൊരു ഓർമയായി  അല്ലെങ്കിൽ നേർത്തൊരു നോവായി അവയെ എന്നും ഹൃദയത്തോട്  ചേർത്തു നിർത്തി താലോലിക്കാം..... .

Tuesday, 10 November 2015

ഒരു കുഞ്ഞു പൂവിന്റെ ഓർമയ്ക്ക്

ഒരു കുഞ്ഞു പൂവിന്റെ ഓർമയ്ക്ക്...


ആഴിക്കുളിരിന്റെ  ആഴത്തിനുള്ളിലെ 
അമ്മക്കഥയുടെ പൊരുൾ തേടി ,
ആരോരുമറിയാതെ പോയോ നീ-
യൊരു നാളിൽ തോണിയിലേറി മെല്ലെ .

പവിഴക്കുടകീഴിലുറങ്ങും  പളുങ്കിന്റെ 
പരിമളം തേടി നീ പോയതാണോ ...?
ഏഴാം കടലിനുമക്കരെ  കാണുന്ന 
മാളിക നിന്നെ വിളിച്ചതാണോ ..?

അമ്പിളി മാമനെ കുമ്പിളിൽ കാട്ടി-
യിട്ടമ്മ താരാട്ടുമോമന പൈതൽ നീ .
അമ്മിഞ്ഞപ്പാലിന്റെ നേരിനുള്ളിൽ 
തനയ വിശ്വാസത്തിൻ കാതലും നീ .

മതമില്ല , ജാതിയും നിറവുമില്ലോമനെ
ദേവ പൂവാടി തൻ കുളിരാണ് നീ ...
വാക്കിന്റെ കള്ളവും , നോക്കിന്റെ ചിന്തയും 
സ്മേരത്തിൻ കൂരമ്പും നിനക്കന്യമല്ലോ ...

ആരോ തൊടുത്തിട്ട ക്രൂരമാമമ്പിനാൽ 
ഇഹലോകം നിന്നിലെ സ്വപ്നമായോ ....
തിരകളാൽ താരാട്ടി , കാറ്റിനാൽ  നീരൂട്ടി
തീരത്തണഞ്ഞു നീ വിശ്വത്തിൻ നോവായി ...

ഉറങ്ങു നീയെല്ലാം മറന്നിടാൻ ...
ഉണരൂ നീ മാറ്റത്തിൻ കാവലാകാൻ ....
നീ മറഞ്ഞെങ്കിലും , മായുകില്ല ..
ഐലാൻ ..നീ ഞങ്ങളിൽ ജീവിച്ചിടും ..

Saturday, 10 October 2015

dO SmaLL ThinGs WiTh GrEaT LOVE.....!!

dO SmaLL ThinGs WiTh GrEaT LOVE.....!!
( ഒത്തിരി സ്നേഹത്തോടെ ചെയ്യാം ഇത്തിരി കാര്യങ്ങൾ) 


ഞാൻ അനാഥയല്ല ...അന്ധയോ , ബധിരയോ , മൂകയോ അല്ല ..
അംഗവൈകല്യമോ , മാനസികരോഗങ്ങളോ എനിക്കില്ല ....
എന്നിട്ടും എനിക്ക് പരാതിയാണ് ...,
എന്റെ തലമുടിക്ക് നീളം പോരെന്ന് , എന്റെ കണ്‍പീലികൾക്ക് തിളക്കം കുറവാണെന്ന്...

ഒരു പക്ഷെ നമ്മളിൽ പലരും ഇങ്ങനെയാണ് ....കാഴ്ചയുടെ വില എന്താണെന്ന് കണ്ണുള്ളപ്പോൾ നമ്മൾ ആരും തിരിച്ചറിയില്ല ...ഒടുവിൽ നഷ്ടപ്പെട്ടു കഴിയുമ്പോൾ ആകട്ടെ , പോയതിനെ കുറിച്ചോർത്തു വേദനിച്ചു ബാക്കിയുള്ള ജീവിതം കൂടി പാഴാക്കും .

നമ്മളിൽ എത്ര പേർക്കാണ് കുഞ്ഞു നാളിലെ പോലെ തീർത്തും നിഷ്കളങ്കമായി പുഞ്ചിരിക്കാൻ കഴിയുക ...?? നമ്മൾ വളരുന്നതിനനുസരിച്ചു , നമ്മൾ ലോകം കാണുന്നതിനനുസരിച്ചു നമ്മൾ പോലുമറിയാതെ നമ്മളും സ്വയം മാറിത്തുടങ്ങി , നിഷ്കളങ്കത നടിക്കാനും  നമ്മൾ പഠിച്ചു കഴിഞ്ഞു ...

ഭൂമിയിൽ മനുഷ്യനായി ജനിക്കാൻ സാധിച്ചതാണ് നമുക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ... അതിൽ തന്നെ കാഴ്ചയും , കേൾവിയും , സംസാര ശേഷിയും , ആരോഗ്യവും , സാമാന്യ ബുദ്ധിയും കൂടി ഉണ്ടെങ്കിൽ നമ്മെക്കാൾ ഭാഗ്യം ചെയ്ത ഒരു മനുഷ്യൻ കാണില്ല .

അത്രത്തോളം ഭാഗ്യവാന്മാരായ നമ്മൾ എന്താണ് ചെയേണ്ടത് ...? നമ്മുടെ ഭാഗ്യങ്ങൾ കൊണ്ട് നമുക്ക് സൗഭാഗ്യങ്ങൾ മാത്രം സമ്പാദിച്ചു കൂട്ടിയാൽ മതിയാകുമോ ...? അതോ നമ്മെക്കാൾ നിർഭാഗ്യവാന്മർക്കു അല്പം ഭാഗ്യം നമ്മിൽ നിന്നും കടം കൊടുക്കണോ ....?

 " നിന്റെ സാന്നിധ്യം കൊണ്ട് , പ്രവൃത്തിയോ വാക്കോ കൊണ്ട് ഒരുവന്റെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ കഴിഞ്ഞാൽ അതാണ്‌ ഈ ഭൂമിയിലെ മനുഷ്യ ജന്മം കൊണ്ട് നീ നേടുന്ന ഏറ്റവും വലിയ സമ്പത്ത് ...."- എനിക്ക് മുന്നേ മറ്റാരെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല , എങ്കിലും ഞാൻ വിശ്വസിക്കുന്ന , പ്രാവർത്തികമാക്കാൻ  ആഗ്രഹിക്കുന്ന , ശ്രമിക്കുന്ന തത്വം ഇതാണ് ...

വലിച്ചെറിയപ്പെട്ട , ലോകത്തിന്റെ മനോഹാരിതകൾ നിഷേധിക്കപ്പെട്ട ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട് .പക്ഷെ നമ്മൾ അവരെയൊന്നും കാണാറില്ല , കേൾക്കാറില്ല , ഇനി അഥവാ കേട്ടാലും അറിയാൻ ശ്രമിക്കാറില്ല ...

അതൊരിക്കലും നമ്മുടെ തെറ്റല്ല , മറിച്ചു നമ്മുടെ മനസ്സിന്റെ വലിപ്പക്കുറവാണ്..അതൊരു വൈകല്യമാണ് ...എല്ലാമുണ്ടായിട്ടും ഒന്നും പങ്കുവയ്ക്കാൻ തോന്നാത്ത തരത്തിലുള്ള മാനസികവൈകല്യം .

അടിസ്ഥാനപരമായി ഞാൻ ഉൾപ്പടെ എല്ലാ വ്യക്തികളും സ്വാർത്ഥന്മാർ തന്നെയാണ് . ഞാൻ , എന്റേത് , എനിക്കുള്ളത് , എന്റെ കൂട്ടുകാർ , എന്റെ  വീട്ടുകാർ , എനിക്കൊപ്പം താമസിക്കുന്നവർ , എനിക്കുള്ള സ്ഥാവരജംഗമങ്ങൾ.....
അവിടെ എന്നെ മാറ്റി നാം , നമ്മുടേത്‌ , നമുക്കുള്ളത് എന്ന് പറയാൻ നമുക്ക് കഴിയണം ...അപ്പോൾ മാത്രം ആണ് നമ്മൾ യഥാർത്ഥത്തിൽ ഒരു മനുഷ്യനാകുക ...

നമ്മളിൽ എത്ര പേർക്ക് ഹൃദയത്തിൽ കൈവച്ചു പറയാൻ കഴിയും ഞാൻ ഒരു നല്ല മനുഷ്യൻ ആണെന്ന് ...???? അങ്ങനെ  എല്ലാവർക്കും സാധിച്ചിരുന്നെങ്കിൽ ഈ ലോകം എന്നേ നന്നായേനെ അല്ലെ ... 

ഈ കണ്ണുകൾ കൊണ്ട് നമ്മൾ കണ്ണില്ലാത്തവർക്ക് കാഴ്ചയാകണം  , കാതില്ലാത്തവരുടെ കേൾവിയാകണം , സംസാര ശേഷി നഷ്ടപ്പെട്ടവരുടെ ശബ്ധമാകണം...കയില്ലാത്തവന്റെ കരങ്ങളായും , കാലില്ലാത്തവന്റെ പദങ്ങളായും മാറണം ....
കാരണം മാളികയിലെ തണുപ്പിലല്ല , മണ്‍കുടിലിന്റെ  കുളിരിലാണ് ഈശ്വരന്റെ വാസം ...എന്റെ ജീവിതം ധന്യമാണോ എന്ന് ചോദിച്ചാൽ അതിന്റെ മറുപടി ഒരായിരം പുഞ്ചിരികൾ ആകണം ....ആ പുഞ്ചിരികളുടെ സാനിധ്യത്തിൽ എനിക്ക് എന്റെ ഹൃദയത്തിൽ കൈ വച്ചു പറയാം ...." ഞാൻ നല്ലവൻ ആണെന്ന് , ഈ പുഞ്ചിരികളുടെ മനോഹാരിത എനിക്ക് സ്വന്തമാണെന്ന് ...."

ഇപ്പോൾ എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞത് എന്ന് എനിക്കും തീരെ നിശ്ചയമില്ല ..ഒരു കാര്യം ഞാനിപ്പോൾ അറിഞ്ഞു ,"ഒത്തിരി സ്നേഹത്തോടെ ചെയ്യുന്ന ഇത്തിരി കാര്യങ്ങൾ പകരുന്ന സന്തോഷമാണ് ജീവിതത്തിലെ അമൂല്യമായ സമ്പാദ്യം എന്ന് ..."   അനുഭവിച്ചറിഞ്ഞത് പങ്കു വയ്ക്കപ്പെടുമ്പോൾ , വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് പകരുന്ന ഒരു നാളമുണ്ട്...അത് കെടാതെ നില്ക്കാൻ ഒരു പക്ഷെ ഞാനും ഒരു കാരണമായെങ്കിലോ.....അങ്ങനെയെങ്കിൽ ഈ ജീവിതം കൊണ്ട് ഞാൻ എത്ര ധന്യ .....!

" അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ .."

Monday, 28 September 2015

സംഭവാമി യുഗോ യുഗോ ....അതുകൊണ്ട് നമ്മളിങ്ങനെ ഗോ ഗോ ...

സംഭവാമി യുഗോ  യുഗോ അതുകൊണ്ട് നമ്മളിങ്ങനെ ഗോ ഗോ ...


നഷ്ടപ്പെടലിൽ  നിന്നെ നമുക്ക് ഇഷ്ടപ്പെട്ടത്തിന്റെ മൂല്യം തിരിച്ചറിയാൻ കഴിയു എന്ന് പറയുന്നത് തീർത്തും സത്യമാണ് ....അത് വ്യക്തി ആയാലും , വസ്തു ആയാലും .....

അനുവാദം ചോദിക്കാതെ പലരും കടന്നു പോകുന്ന ജീവിതമാണ് നമ്മുടേത്‌ ...കൂടെയുള്ളവരെ കുറിച്ച് പലപ്പോഴും നമ്മൾ ആലോചിക്കാൻ ശ്രമിക്കാറില്ല ...പക്ഷെ അവർ നമ്മളിൽ നിന്നും അകലുകയാണ് എന്ന തോന്നൽ , ആ തോന്നൽ ഉണ്ടാകുമ്പോൾ മാത്രം ആണ് നമ്മൾ ചിന്തിക്കാൻ തുടങ്ങുക ..., അവർ നമുക്ക് ആരായിരുന്നു എന്ന് ...നമ്മൾ അവരെ സ്നേഹിച്ചിരുന്നോ എന്ന് ....

ഈശ്വരന്റെ തിരക്കഥയിൽ ഇടയ്ക്ക് നമ്മുക്ക് ചില തിരുത്തലുകൾ സാധ്യമാണെങ്കിലും , ആ തിരക്കഥയെ മുഴുവനായും നമ്മുടെ ഇഷ്ടത്തിനു മാറ്റിയെഴുതാൻ കഴിയില്ലല്ലോ അല്ലെ ......അങ്ങനെയാണെങ്കിൽ  നമ്മൾ ആഗ്രഹിക്കുന്ന പോലെ എല്ലാം നടന്നേനെ ...എങ്കിൽ പിന്നെ നമുക്ക്  കഴിഞ്ഞു പോയതിനെ കുറിച്ചോർത്തു പശ്ചാത്തപിക്കേണ്ടിയോ , നടക്കുന്നതിനെ കുറിച്ചു ഓർത്ത്‌ ആകുലപ്പെടെണ്ടിയോ , വരാനിരിക്കുന്നതിനെ കുറിച്ചോർത്തു പേടിക്കുകയോ ചെയേണ്ടി വരില്ലായിരുന്നുവല്ലോ ....അല്ലെ ...??

ഈ ജീവിതം വളരെ വിചിത്രമാണ് ....ഇവിടെ കണ്ടു മുട്ടുന്നവർ അതിനേക്കാൾ ഏറെ വിചിത്രത പുലർത്തുന്നവരും,,,,,കണ്ണ് കൊണ്ട് സത്യം പറഞ്ഞും , നാവു കൊണ്ട് കള്ളം പറഞ്ഞും , ഹൃദയം കൊണ്ട് സ്നേഹിച്ചും , ബുദ്ധി കൊണ്ട് വെറുത്തും കൂടെ നടക്കുന്ന കുറെ പേർ.....

എപ്പോഴും നമുക്ക് ദോഷകരമല്ലാത്ത ഒരു "സേഫ് സോണ്‍" -ഇൽ നില്ക്കാനാണ് നമ്മൾ ശ്രമിക്കാറ്...അത് കൊണ്ട് മാത്രമാണ് നമ്മൾ മനുഷ്യർ ഇത്രയേറെ വിചിത്രമായി പെരുമാറുന്നത് ....!

എല്ലാവർക്കും എല്ലാവരെയും മനസ്സിലാകും ...എന്നാൽ മനപ്പൂർവം മനസ്സിലായില്ല എന്ന് നടിക്കും .....മനസ്സിലാകാതെ പോകുന്ന ചില അപൂർവ്വം നിമിഷങ്ങളെ ഉള്ളു മനുഷ്യജീവിതത്തിൽ ....

പക്ഷെ ആ നിമിഷങ്ങൾ സമ്മാനിക്കുന്ന നഷ്ടം ....അത് വളരെ വലുതാണ്‌ ,,,ഒരിക്കലും നികത്താൻ പറ്റാത്ത അത്രയ്ക്കും  വലിയ നഷ്ടം ...

ആകെപ്പാടെ ഉള്ള ഒരേ ഒരു പോംവഴി അത്ഭുതങ്ങളിൽ വിശ്വസിക്കുക എന്നതാണ് ........അപ്രതീക്ഷിത യാഥാർത്യങ്ങളുടെ സ്വപ്നഭൂമിയായ  ഈ ജീവിതത്തിൽ ചിലപ്പോൾ നമ്മൾ പോലുമറിയാതെ എന്തേലും അത്ഭുതം സംഭവിച്ചാലോ .....???????/

സംഭവാമി യുഗോ  യുഗോ ....അതുകൊണ്ട് നമ്മളിങ്ങനെ ഗോ ഗോ ...!!

Monday, 14 September 2015

ഞാന്‍ ഹിന്ദുവല്ല , ക്രിസ്ത്യനല്ല , മുസല്‍മാനുമല്ല ...ഭാരതീയന്‍ ആണ്...!

ഞാന്‍ ഹിന്ദുവല്ല , ക്രിസ്ത്യനല്ല , മുസല്‍മാനുമല്ല ...ഭാരതീയന്‍ ആണ്...!


   ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല  ,
 ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹമല്ലോ..!!



" ഇന്ത്യ എന്റെ രാജ്യം ആണ് . എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാർ ആണ് .ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു . 
സമ്പൂർണവും വൈവിധ്യ പൂർണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു ... "

എൽ.കെ.ജി ക്ലാസ്സു മുതൽ സ്കൂൾ അധ്യയനം അവസാനിക്കുന്ന വരെ നമ്മുടെയൊക്കെ ആഴ്ചയിലെ അഞ്ചു ദിവസങ്ങൾ ആരംഭിച്ചിരുന്നത് ഈ 
പ്രതിജ്ഞയും  ചൊല്ലിക്കൊണ്ടായിരുന്നു .." സമ്പൂർണവും വൈവിധ്യ പൂർണവുമായ " ആ പാരമ്പര്യം , അതിന്റെ സന്തതികൾ ആണ് നാം ഓരോരുത്തരും എന്ന ബോധം .. അരികിലിരിക്കുന്നവന്റെ കഴുത്തിലെ കുരിശോ , അവൻ ഉരുവിടുന്ന ഗായത്രി മന്ത്രങ്ങളോ , അവന്റെ നെറ്റിയിലെ നിസ്കാരത്തഴമ്പോ അന്ന് നമ്മൾ ആരും കണ്ടില്ല .....

ഭാരതം ഒരു ജനാധിപത്യ , മതേതരത്വ , സോഷ്യലിസ്റ്റ്,  റിപ്പബ്ലിക്കൻ രാജ്യം ആണെന്നും അതിലെ പൌരന്മാർക്കെല്ലാം ഒരേ അവകാശമാണെന്നും അദ്ധ്യാപകൻ പറയുമ്പോൾ മതങ്ങൾക്കുമപ്പുറത്തുള്ള  മനുഷ്യത്ത്വമാണ് വലുതെന്നു നമ്മൾ അന്ന് മനസ്സിലാക്കിയിരുന്നു ..പക്ഷെ ആ മതേതര ചിന്തകളിൽ എന്നാണു കൊടിയുടെ നിറം കലർന്നതെന്നു നമ്മൾ അറിഞ്ഞില്ല ....തോളിൽ കൈയിട്ടു നടന്നവന്റെ പേര്  എന്ന് മുതല്ക്കാണ് ഹിന്ദു എന്നും ക്രിസ്ത്യൻ എന്നും മുസല്മാൻ എന്നും മാറിത്തുടങ്ങിയത് ....??അറിയില്ല ...

ഭാരതീയന്റെ കൊടിക്ക് ത്രിവർണ നിറമായിരുന്നു ...ആ തൃവർണങ്ങളെയും  ഒന്നായി കണ്ടു നാമെല്ലാവരും ആ കൊടികൾ അഭിമാനത്തോടെ 
ഉയർത്തിപിടിച്ചിരുന്നു...അതായിരുന്നു നമ്മുടെ നിറം ...മൂവർണങ്ങൾ ചേർത്തു സത്യം ജയിക്കാനായി , നീതി ലഭിക്കാനായി , അവകാശങ്ങൾ നേടാനായി  പരിശ്രമിച്ച ഒരു ജനതയുടെ നാട് ... കാലത്തിന്റെ ഒഴുക്കിലാണോ , അതോ മനുഷ്യന്റെ  ചിന്തയിലാണോ മാറ്റം വന്നതെന്ന് അറിയില്ല... 
എപ്പോഴോ ചുവപ്പും , പച്ചയും , മഞ്ഞയുമൊക്കെയായി നമ്മുടെ കൊടിയുടെ നിറങ്ങൾ ,മാറി ...

ത്രിവർണ പതാക പിന്നീടു സ്വാതന്ത്ര്യ ദിനത്തിൽ മാത്രം കാണുന്ന നിറമായി വഴിമാറി ....ഹിന്ദുവും , മുസൽമാനും , ക്രിസ്ത്യനും അവനവന്റെ 
നിറങ്ങൾ തേച്ച കൊടികളുമായി നിരത്തിലേക്കിറങ്ങി ...പിന്നെ ആ കൊടി കൊണ്ടായി വർഗീയവൽക്കരണവും , ജാതീയ മുന്നേറ്റങ്ങളും .....

ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന് എന്നത് മാറി പതിയെ പല ജാതി , പല മതം , പല ദൈവം മനുഷ്യന് എന്നായി..
ഹിന്ദുവിനുള്ളിൽ ഹിന്ദുവും , മുസ്ലിമിനുള്ളിൽ  മുസ്ലിമും , ക്രിസ്ത്യനുള്ളിൽ ക്രിസ്ത്യനുമായി ....
മനുഷ്യനെക്കാൾ , മനുഷ്യത്ത്വത്തെക്കാൾ  വലുത് മതമാണെന്ന് നമ്മൾ തീരുമാനിച്ചു ....
പിന്നെ മതത്തിന്റെയും , ജാതിയുടെയും പേരിൽ തമ്മിൽ തല്ലും , കുടിപ്പക തീർക്കലും...
അമ്പേറ്റു വീണവനെ കമ്പി കൊണ്ട് കുത്താൻ തുടങ്ങി ....
കുരിശിൽ തറച്ചവന്റെ  നെഞ്ചത്ത്  കാരിരുമ്പ് കുത്തി താഴ്ത്തി ....
കുത്താനും , കൊല്ലാനും കൈയിൽ കിട്ടാത്തവന്റെ ആലയങ്ങളെ കത്തിച്ചു ചാമ്പലാക്കി ....
എവിടുന്നു എവിടെക്കാണ്‌ പോകുന്നതെന്ന് നമ്മൾ മറന്നു .....

ഒടുവിലിതാ ദൈവങ്ങളെ പോലും പാർട്ടിക്കാരാക്കി...പറഞ്ഞു പറഞ്ഞു കൃഷ്ണനെ കമ്മ്യൂണിസ്റ്റും , ക്രിസ്തുവിനെ കോണ്‍ഗ്രസ്സും , 
മുഹമ്മദിനെ മുസ്ലിംലീഗുമാക്കി ...ഒടുവിലിപ്പോൾ പാവം ഗുരുവിനെ മതമൈത്രിയുടെ നേതാവുമാക്കി കുരിശിലേറ്റി....പോയ പോക്ക് നോക്കണേ ...

എന്തിലും ഏതിലും രാഷ്ട്രീയവും വർഗീയതയും മാത്രം കാണാൻ ശ്രമിക്കുന്ന ഒരു ജനത ...
ഇതായിരുന്നോ കടന്നു പോയ മഹാന്മാർ സ്വപ്നം കണ്ട ഭാരത 
ഭൂമി ....? 
ഇതിനു വേണ്ടിയായിരുന്നോ ജീവനും ജീവിതവും നല്കി അവർ സ്വാതന്ത്ര്യം നേടി തന്നത് ....??
ഇതു തന്നെയാണോ മതേതര ഭാരതം ....?

അനാവശ്യമായ വ്യാഖ്യാനങ്ങൾ നല്കി പ്രശ്നങ്ങളെ വളച്ചൊടിച്ചു രാഷ്ട്രീയ വല്ക്കരണം നടത്തുന്ന രീതി മാറണം ...ഭരണപക്ഷമോ , പ്രതിപക്ഷമോ അവരുടെ തർക്കങ്ങളോ അല്ല നമ്മുടെ വിഷയം ..., നമ്മുടെ ലക്ഷ്യം രാജ്യത്തിന്റെ  വളർച്ചയും , മനുഷ്യന്റെ ഒരുമയും , സാമൂഹിക നവോത്ഥാനവുമാണെന്ന്  നാം മനസ്സിലാക്കണം ...
ഒരു പ്ലോട്ടിലോ , ഫോട്ടോയിലോ , പെയിന്റിങ്ങിലോ  , കാണുന്ന രൂപത്തിന് പിറകെ പോയി പരസ്പരം പഴി ചാരിയും , കളിയാക്കിയും നമ്മള്‍ 
കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ കാരണം നഷ്ടം നമുക്ക് തന്നെയാണെന്ന് നാം തിരിച്ചറിയണം ..അങ്ങനെയോക്കെ നാം ചെയുമ്പോള്‍ നാം നഷ്ടപ്പെടുത്തുന്നത് നമ്മുടെ  രാജ്യത്തിന്‍റെ അഭിമാനവും , അന്തസത്തയുമാണ് ..

ഭാരതാംബ എന്നല്ലേ നാം പറയാറ് ...അമ്മയ്ക്ക് മക്കളുടെ മതമോ നിറമോ പ്രശ്നമല്ല , അമ്മയെ സംബന്ധിച്ചു  മക്കളാണ് വലിയ സ്വത്ത് .നാനാത്വത്തില്‍ ഏകത്വം എന്ന തത്ത്വം വാക്കില്‍ മാത്രം പോരാ , പ്രവൃത്തിയിലും നാം കൊണ്ടുവരണം .

ഇന്ത്യ ഹിന്ദുവിന്‍റെയല്ല , ക്രിസ്ത്യന്റെയോ , മുസ്ലിമിന്റെയോ അല്ല ... ഇന്ത്യ ഇന്ത്യന്‍റെതാണ് ...ഭാരതമണ്ണിൽ പിറന്നു വീഴുന്ന ഓരോ പൌരനും ഈ 
മണ്ണില്‍ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും അത് നിഷേധിക്കാന്‍ ഇവിടെ ജീവിക്കുന്ന ഒരുവനും അധികാരമില്ലെന്നും നാം തിരിച്ചറിയണം ....

കാള പെറ്റെന്നു  കേട്ടയുടനെ കയറെടുക്കുന്ന ഏര്‍പ്പാട് നിര്‍ത്തലാക്കണം. അല്ലെങ്കില്‍ പിന്നെ കയറുമെടുത്തു കാണുന്നവന്റെ പിറകെ ഓടാനെ നേരം കാണു....