Friday, 12 February 2016

പ്രിയപ്പെട്ട ദിനകർ .....,,

പ്രിയപ്പെട്ട ദിനകർ .....,,


ഇതൊരു കാത്തിരിപ്പാണ് ....നിനക്ക് വേണ്ടിയുള്ള അവസാനിക്കാത്ത കാത്തിരുപ്പ് .അർത്ഥമില്ലെന്ന് അറിയാമെങ്കിലും ഇന്നും തുടരുന്ന ഈ കാത്തിരിപ്പിന് പക്ഷെ ഒരു സുഖമുണ്ട് കേട്ടോ ....

ചില സ്വപ്നങ്ങളെ യാഥാർത്യങ്ങളായി  നമ്മൾ സ്വയം വിശ്വസിപ്പിക്കാറില്ലേ , അത് പോലെ ...നീയും ഒരു സ്വപ്നമാണ് ദിനകർ ..ഒരിക്കലും നടക്കാത്ത ഏറെ മനോഹരമായ ഒരു സ്വപ്നം ..അടുത്തൊരു വാലന്‍ന്റൈന്‍  ദിനം കൂടി നമുക്കായി വന്നെത്തി അല്ലേ.....പക്ഷെ .....

എനിക്ക് നിന്നോട് പ്രണയമാണോ എന്ന് ഞാൻ എന്നോട് തന്നെ പലവട്ടം ചോദിച്ചു കഴിഞ്ഞതാണ് ...മറുപടി "ഇല്ല " എന്ന് തന്നെയാണ് എന്ന് ഞാൻ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു  ..പക്ഷെ എനിക്ക് നിന്നെ ഇഷ്ടമാണ് ,,,,

മറ്റാരെയും കുറിച്ചു ചിന്തിക്കുന്നതിനേക്കാൾ കൂടുതലായി ഞാൻ നിന്നെ കുറിച്ചു ചിന്തിക്കുന്നു ....നിന്റെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ പോലും നിന്നെക്കാൾ കൂടുതൽ ശ്രദ്ധാലുവാകുന്നു...നിന്റെ പുഞ്ചിരികൾ എനിക്ക് നല്കുന്ന സന്തോഷത്തിനു അതിരുകളില്ല ...നിന്റെ വാക്കുകൾ എനിക്ക് പകരുന്ന അനുഭൂതികൾ ഈ ലോകത്ത് മറ്റാരിൽ നിന്നും , മറ്റൊന്നിൽ നിന്നും എനിക്കിതേവരെ കിട്ടിയിട്ടില്ല ...എനിക്കായി നീ ഒന്നും തന്നിട്ടില്ല ....ഒരിക്കൽ പോലും സ്നേഹത്തോടെ നീ എന്നോട് സംസാരിച്ചിട്ടില്ല ....പക്ഷെ നിന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ ഞാൻ കാണുന്നത് എന്നെ തന്നെയാണ് ദിനകർ ....

നമ്മൾ എന്നാണ് ആദ്യമായി കണ്ടുമുട്ടിയത്‌ എന്ന് നിനക്കറിയോ.... ...? ഓർത്ത്‌ വയ്ക്കാൻ മാത്രം പ്രത്യേകതയുള്ള ഒരു ദിവസം അല്ല നിനക്ക് അത് ....പക്ഷെ എനിക്ക് അങ്ങനെയല്ലാത്തത് കൊണ്ട് ഇന്നും ഞാൻ ആ ദിവസം ഓർക്കാറുണ്ട്....ഒരു വേദനയോടെ ....!

"പറയാനാണെങ്കിൽ എല്ലാവർക്കും ഒരുപാട് പറയാനുണ്ട് ..പക്ഷെ ആരും ആരോടും ഒന്നും പറയുന്നില്ല ...." അന്ന് നീ ആ പറഞ്ഞത് എന്ത് ഉദ്ദേശിച്ചാണെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല ....പറയാനുള്ളത് എന്തായാലും , അത് പറയേണ്ട ആളിനോട്‌ പറയുന്നത് അല്ലേ ദിനു...നല്ലത്  ?

ഞാൻ പറഞ്ഞിരുന്നില്ലേ .....നിന്നോട് ,എനിക്ക് നിന്നെ ഇഷ്ടമാണെന്ന് , ...ഒളിഞ്ഞും തെളിഞ്ഞും , നിന്റെ കണ്ണുകളിൽ നോക്കിയുമൊക്കെ എത്രയോ  വട്ടം ....ആ ഇഷ്ടം നീ ഈ നിമിഷം വരെ തിരസ്കരിച്ചിട്ടില്ല , സ്വീകരിച്ചു എന്ന് സമ്മതിച്ചിട്ടും ഇല്ല ....എന്നാൽ ഞാൻ അറിയുന്നുണ്ട് , ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ നിന്നെ അറിയുന്ന പോലെ നീ എന്നെയും അറിയുന്നു എന്ന സത്യം .....നിന്റെ നിശ്വാസങ്ങൾ പോലും കാതങ്ങൾക്കകലെ നിന്നും എന്നെ തേടിയെത്താറുണ്ട് ....ഇനിയിതൊക്കെ എന്തിനു പറയുന്നു അല്ലേ ....??? എല്ലാം കഴിഞ്ഞു പോയില്ലേ ....

പിടിച്ചു വയ്ക്കുന്നതിലല്ലല്ലോ , വിട്ടു കൊടുക്കുന്നതിൽ അല്ലേ സ്നേഹത്തിന്റെ മഹത്വം ...അല്ലെങ്കിൽ തന്നെ നമ്മൾ ഒന്നിച്ചിട്ട് എന്താകാനാ....?? ഈ സ്നേഹം നിർമലമായി നിലനില്ക്കാൻ  നമ്മൾ ഒരുമിക്കാതിരിക്കുന്നതാണ് നല്ലത് ...കാരണം പിരിഞ്ഞു പോയ സ്നേഹങ്ങളെ എന്നും ഓർമിക്കപ്പെട്ടിട്ടുള്ളു

നാളെ അടുത്ത വാലൻന്റൈൻ ദിനം ആണ് ....നിന്റെ പ്രണയം പൂവിടുന്ന  ദിവസം ....നാളെ നീ മറ്റൊരുവളുടെ കഴുത്തിൽ താലി ചാർത്തുന്ന നിമിഷം ഞാൻ നിന്നെ മറന്നിരിക്കും .....ഇത് നിന്നോടുള്ള എന്റെ വാക്കാണ്‌ ദിനകർ ,.....പക്ഷെ ആ വാക്ക് പാലിക്കണമെങ്കിൽ ഞാൻ എന്നെന്നേക്കുമായി നിന്നെ പിരിഞ്ഞിരിക്കണം ....പിരിയും ....

അവസാനമായി അവശേഷിക്കുന്ന ഒരു ആഗ്രഹമേ എനിക്കുള്ളൂ .....നീ പറയാതെ പോയതും , ഞാൻ പറയാൻ ശ്രമിച്ചതുമായ ആ സത്യം നീ എന്റെ മേൽ തൂകുന്ന ഒരു പിടി മണ്ണിൽ ചേർത്തു നല്കണം ....

ഈ ജന്മത്തിലെ നടക്കാതെ പോയ മോഹങ്ങളുടെ ചിറകിലേറി ഞാൻ തിരിച്ചെത്തും .....അന്ന് നീ എനിക്കായി മാത്രം ഈ ഭൂമിയിൽ പിറക്കണം ......ഒരു ആയുസ്സിന്റെ മുഴുവൻ സ്നേഹവും പരസ്പരം പങ്കു വച്ചു സന്തോഷത്തോടെ ജീവിക്കാൻ ........!!!!!

എന്നും നിന്റെ മാത്രം 
ഞാൻ 

Tuesday, 2 February 2016

സോളാറും ഹരിതയും , പിന്നെ തൊമ്മനും .....

സോളാറും ഹരിതയും , പിന്നെ തൊമ്മനും .....
( വൈശാലി റീലോടെഡ് ......സോളാർ സ്വപ്നങ്ങളെ ഇതിലേ....ഇതിലേ....)

( ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലുമൊക്കെ സാമ്യം ആർക്കെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ തോന്നുവാണേൽ മനസ്സാ-വാചാ-കർമണാ-ലക്ഷ്മണാ  എനിക്ക് യാതൊരു വിധ ഉത്തരവാദിത്ത്വവും ഇല്ലെന്നു ഇതിനാൽ ബോധിപ്പിച്ചു കൊള്ളുന്നു )


ആകാശവും ഭൂമിയും ആകെപ്പാടെ ഒരു ശീതാവസ്ഥയിൽ പൊയ്ക്കൊണ്ടിരിക്കുന്ന കാലം ..... ഒരു തണുപ്പൻ അന്തരീക്ഷം . സൂര്യൻ ചേട്ടനെ കാർമേഘങ്ങൾ തടവിലാക്കിയിരിക്കുന്നു .....ഊർജം നഷ്ടപ്പെട്ട പ്രഭാതങ്ങൾ , വെളിച്ചവും , ചൂടും നഷ്ടപ്പെട്ട ദിനരാത്രങ്ങൾ ....

കാലാവസ്ഥയെക്കുറിച്ച് സങ്കടങ്ങളും , പരാതികളുമായി ജനങ്ങൾ നിയമസഭാ രാജധാനിയിൽ തടിച്ചു കൂടുന്നു  ...രാജ്ഞിയും പരിവാരങ്ങളും തണുത്തു വിറച്ചു ബ്ലാങ്കെട്ടിനുള്ളിൽ ചുരുങ്ങിക്കൂടി ..മന്ത്രിസഭയിൽ ആരും എത്തുന്നില്ല ....വീട് തുറന്നു പുറത്തിറങ്ങാൻ കഴിയാത്ത അത്രയും കൊടും തണുപ്പ് ....
ഇതിനു എന്താണൊരു പരിഹാരം ....???എങ്ങനെയാണ് കാർമേഘങ്ങളുടെ തടവറയിൽ നിന്നും   സൂര്യനെ ഒന്ന് രക്ഷപ്പെടുത്തുക ...? തൊമ്മൻ  രാജാവ് ആകെപ്പാടെ അസ്വസ്ഥനായി ..ആ പ്രശ്നത്തിന് പരിഹാരവുമായി ദേവദൂതനെ പോലെ ഒരാള് വന്നു , രാജന്റെ സ്വന്തം മന്ത്രി ഇരവിക്കുട്ടൻ ....

" ഇരവി .....താങ്കള് ഇത് കാണുന്നില്ലേ ...രാജ്യത്ത് ആകെപ്പാടെ തണുപ്പ് മാത്രം ...ഒന്ന് വെയിൽ ഉണ്ടാകാൻ , അല്പം ചൂട് കിട്ടാൻ എന്താണ് മന്ത്രി ഒരു വഴി ..." 

" പ്രഭോ....അസ്വസ്ഥത കളഞ്ഞാലും , അങ്ങയെയും നമ്മുടെ രാജ്യത്തെയും അലട്ടുന്ന ഈ മഹാ പ്രശ്നത്തിന് ഒരു പരിഹാരവുമായാണ് ഈ ഇരവിക്കുട്ടൻ വന്നേക്കുന്നത് ..."

"എന്താണ് മന്ത്രി പരിഹാരം ....??? വേഗം പറഞ്ഞാലും ...."

അതാ വിദൂഷകന്റെ റോയൽ എൻട്രി .. വിദൂഷകൻ മന്ത്രിയുടെ  മൗനാനുവാദത്തോടെ   തന്റെ ഉടുക്കും കൊട്ടി പാടി ത്തുടങ്ങി ....

" മാമല നാട്ടിൽ സൂര്യനില്ല ...
രാജ മനസ്സിൽ ദുഃഖം ...
വേഷഭൂഷകളെല്ലാം മങ്ങി മുഖവും വാടിയിരിപ്പു......
അപ്പോൾ ഇരവിയതോതി ....
ഉണ്ടൊരുവൾ , അതി കേമത്തി 
സൂര്യൻ ചേട്ടൻ എവിടെ , എന്നവൾക്കെ പറയാനാകു .... "

" ആരാണവൾ ....??? അവളെ ഉടനെ തന്നെ രാജധാനിയിലേക്ക് സ്വർണ പ്പരവതാനി വിരിച്ചു ആനയിച്ചാലും... അവൾക്കു കഴിക്കാൻ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ഒരുങ്ങട്ടെ ......"

തൊമ്മൻ രാജാവിന്റെ ഉത്തരവ് കേൾക്കേണ്ട താമസം പരിവാരങ്ങളും ഭടന്മാരും ആ കേമത്തിയെ ആനയിക്കനായി കൊട്ടാര വാതില്ക്കലെക്കെത്തി .

സ്വർണവർണവും , , നീണ്ട മിഴികളും , സ്ട്രെയ്ട്ടെൻ ചെയ്ത വെള്ളി മുടിയും മനോഹരമായ മത്തങ്ങാ കവിളും , ആനയെ വലിച്ചു കേറ്റാൻ പാകത്തിലുള്ള ഗുണ്ട് നാസികയുമുള്ള ആ സുന്ദരി പതിയെ രാജധാനിയിലേക്ക് പരിവാരങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളി .....അവളെ കാണേണ്ട താമസം , തൊമ്മൻ രാജാവ് സ്വയം മതിമറന്നു സിംഹാസനത്തിൽ നിന്നും എഴുനേറ്റു പോയി ....

" സുന്ദരീ ,,,,ആരാണ് നീ....??? സൂര്യൻ ചേട്ടനെ  കാർമേഘങ്ങളുടെ തടവറയിൽ നിന്നും നീ രക്ഷപ്പെടുത്തി തിരികെ കൊണ്ട് വരുമോ ....?? "


" മഹാരാജൻ....ഈയുള്ളവളുടെ നാമം ഹരിത ..സൂര്യൻ ചേട്ടനെ കൃത്യം 24 മണിക്കൂറിനുള്ളിൽ ഞാൻ ഇവിടെ എത്തിക്കും ...ഇത് ഹരിതയുടെ വാക്ക് ...അങ്ങേക്ക് ഈയുള്ളവളിൽ വിശ്വാസമില്ലേ പ്രഭോ ...?? "

"തീർച്ചയായും സുന്ദരി ....നിന്നെ നാം കണ്ണുമടച്ചു വിശ്വസിക്കുന്നു ...സൂര്യൻ ചേട്ടനെ കൊണ്ട് വന്നാൽ ഈ രാജ്യത്തിന്റെ നേർപകുതി നാം നിനക്ക് നല്കുന്നതാണ് , ഒപ്പം നമ്മുടെ അരുമ മകൻ കുഞ്ഞു തൊമ്മൻ നിന്നെ അവന്റെ രാജകുമാരിയാക്കുന്നതുമാണ്  ....ഇത് തൊമ്മൻ രാജാവിന്റെ വാക്ക് ..."
ഹരിതയുടെ കണ്ണുകളിൽ ആയിരം സോളാർ ഒന്നിച്ചു കത്തിച്ച വെളിച്ചം ....

" പക്ഷെ സുന്ദരീ ഹരിതേ ....എങ്ങനെ നീയിതു സാധ്യമാക്കും ....?? "

ക്ഷിപ്രം രാജൻ ആരാഞ്ഞപ്പോൾ  ഹരിത ഇങ്ങനെ മൊഴിഞ്ഞു 

" പ്രഭോ.... ത്രിലോകങ്ങളിലേക്ക് വച്ചു ഏതു പുരുഷനെയും  അടക്കി നിർത്താൻ കഴിവുള്ളവളാണ് ഈ ഹരിത ...ഈ പ്രശ്നം എത്രയോ നിസ്സാരം ......അങ്ങ് ക്ഷമയോടെ കാത്തിരിക്കു ......സൂര്യൻ ചേട്ടൻ ഇവിടെ എത്തിയിരിക്കും . "

രാജാവ് നല്കിയ നാല് സ്വർണനാണയ കിഴികളുമായി  ഹരിത തന്റെ  ഉധ്യമത്തിനായി പുറപ്പെട്ടു ,,,,രാജാവും പ്രജകളും ക്ഷമയോടെ ഹരിതയുടെ തിരിച്ചു വരവിനായി കാത്തിരുന്നു ....


**  **   **  **
സരിത അങ്ങനെ സോളാർ ഭൂമിയിലെത്തി ...കാർമേഘ കിങ്കരന്മാരുടെ മുന്നിൽ സരിത തന്റെ വജ്രായുധം എടുത്തു പ്രയോഗിച്ചു .....

" ഇന്ദ്ര നീലിമയോലും ആ മിഴിപ്പൊയ്കകളിൽ 
കാർമേഘ കിങ്കരർ മയങ്ങിപ്പോയി ..."

കാർമേഘ കിങ്കരർ ഹരിതയുടെ അഭൗമ  സൗന്ദര്യത്തിനു മുൻപിൽ അടിയറവു പറഞ്ഞു അവളുടെ അനുചരന്മാരായി  . സൂര്യനെ വിട്ടു കൊടുത്തു . അവൾക്കു പൂർണ പിന്തുണയും നല്കി അവളോടും , സൂര്യനോടുമോപ്പം അവരും തൊമ്മന്റെ രാജ്യത്തെക്കെത്തി ....


**  **   **  **

ഹരിതയോടൊപ്പം സൂര്യനെ കണ്ട ആവേശത്തിൽ തൊമ്മൻ രാജാവ് അടുത്തു നില്ക്കുന്ന സ്വന്തം പത്നിയേയും പ്രജകളെയും , ചുറ്റുമുള്ള എല്ലാത്തിനെയും മറന്നു ആനന്ദലബ്ധിയിൽ ആറാടികൊണ്ട് പരസ്യമായി ഹരിതയെ കെട്ടിപ്പിടിച്ചു   പത്തു നൂറു ചുടു ചുംബനങ്ങൾ നല്കി ....

ക്ലിക്ക് ,,,,ക്ലിക്ക് ..... ക്യാമറ ഫ്ലാഷുകൾ മിന്നി മറഞ്ഞു ...നാടെങ്ങും പോസ്റ്റർ പതിഞ്ഞു .....ഹരിതയുടെ പിന്നാലെ ചാനലുകൾ പരക്കം പാഞ്ഞു ....പ്രജകളിൽ പകുതിയും രാജനെ കുറ്റക്കാരനാക്കി ... ഹരിത വഞ്ചനയ്ക്കും , പീഡനത്തിനും , ധനനഷ്ടത്തിനും തൊമ്മൻ രാജാവിനെതിരെ കേസ് കൊടുത്തു ....സമ്മർദം സഹിക്ക വയ്യാതെ  തൊമ്മൻ രാജന് രാജ പദം ഒഴിയേണ്ടി വന്നു 

.പറഞ്ഞുറപ്പിച്ചതും  കടന്നു കാർമേഘ കിങ്കരരുടെ സഹായത്തോടെ  ഹരിത രാജ്യം മുഴുവനും കയടക്കി , തൊമ്മൻ രാജനെ തടവിലാക്കി ...സൂര്യൻ ചേട്ടനെയും , കുഞ്ഞു തൊമ്മനെയും ഒറ്റയടിക്ക് കല്യാണം കഴിച്ചു ഹരിത ഒറ്റ വെടിക്ക് മൂന്നാലഞ്ച് പക്ഷികളെ കുരുക്കിലാക്കി .....നാടിലേക്ക് വെളിച്ചം കൊണ്ട് വരാൻ ശ്രമിച്ച തൊമ്മൻ രാജന്റെ പ്രയത്നങ്ങൾ പാഴായില്ല എങ്കിലും പിന്നീടുള്ള കാലം തൊമ്മൻ രാജന് തടവറയുടെ ഇരുട്ടിൽ തൻറെ പിൻബുദ്ധിയെയും കുറ്റം പറഞ്ഞു എങ്ങനെയൊക്കെയോ കഴിച്ചു കൂട്ടി ......


**  **   **  **
( ശുഭം )

വാൽകഷണം : ഓടുന്ന ബസ്സിന്റെ പുറകെ പോയാലും ചിരിക്കുന്ന ഹരിതയുടെ പിറകെ പോകരുത് .പെണ്ണാണ് മോനെ , സൂക്ഷിക്കണം ...

Friday, 8 January 2016

മാപ്പ്

മാപ്പ് ........



മാപ്പു ചോദിക്കുന്നു ഞാന്‍ സഖി 
നിന്നോട് മാപ്പ് ചോദിക്കുന്നു..... 
നിന്നിളം ചൊടിയില്‍ വിതുമ്പി നില്‍ക്കുന്ന 
വാക്കിനോടും ഞാന്‍ മാപ്പ് ചോദിക്കുന്നു ......
നിന്‍ മിഴിത്തണ്ടില്‍ തിളങ്ങി നില്‍ക്കുന്ന 
കണ്ണുനീര്‍ പൂക്കള്‍ക്ക് മാപ്പ് .....
നിന്‍ നാസികത്തുമ്പില്‍ നിന്നുതിര്‍ന്നു വീണ 
ശ്വാസബിന്ദുക്കള്‍ക്കും മാപ്പ് .....
നിന്‍ കര്‍ണപുടങ്ങള്‍ താലോലിച്ചൊരി 
ശബ്ദമാധുരിയോടും ഞാന്‍ മാപ്പ് ചോദിക്കുന്നു .....


നിന്‍ നെഞ്ചിനുള്ളില്‍ പിടഞ്ഞു വീണ
നിറമെഴും കിനാക്കള്‍ക്കും മാപ്പ്...
എനിക്കായി നീ പകുത്തു നല്‍കിയ 
നിന്‍റെ ഹൃദയത്തിനും മാപ്പ് .....
എന്നോര്‍മതന്‍ തടവറയില്‍ നീന്തിക്കളിച്ച 
നിന്‍ സ്വപ്നങ്ങളോടും ഞാന്‍ മാപ്പ്                                                                                           ചോദിക്കുന്നു ........

എന്നിരുള്‍വഴിയിലൊരു മിന്നാമിനുങ്ങായി 
പറന്നു വന്ന നിന്‍റെ കനിവിനും മാപ്പ് ........
എന്‍റെ എകാന്തമാം പകല്‍ വേളകളെ കുളിരണിയിച്ച 
നിന്‍ പുഞ്ചിരിയോടും ഞാന്‍ മാപ്പ് ചോദിക്കുന്നു .... 

ഇളവെയിലില്‍ ഈ മണല്‍ത്തിട്ടില്‍ നിന്‍റെ മടിയില്‍ 
തലചായ്ച്ചുറങ്ങിയ പ്രിയനിമിഷങ്ങള്‍ക്കു മാപ്പ് ....
ഈ വഴിയെ കടന്നു പോയ കാറ്റിനും , കുളിരിനും 
നിറവാര്‍നിലാവിനും മാപ്പ് ........
എന്‍റെ ഇരവിനെ പകലാക്കി മാറ്റിയതിലൊരുപിടി 
പ്രതീക്ഷകള്‍ പാകിയ നിന്‍റെ വദനത്തിനോടും 
ഞാന്‍ മാപ്പ് ചോദിക്കുന്നു ....
പുലരൊളിയില്‍ നാം നെയ്ത സ്സ്വപ്നങ്ങ-
ളിരവിന്റെ മടിയില്‍ പിടഞ്ഞുവീഴുമ്പോളന്നു 
നിന്‍റെ കനിവില്‍ നിന്നൂറിയ ആശ്വാസവാക്കിനും മാപ്പ് .....

എന്നെ വിട്ടകലേക്ക് മായുന്ന സന്ധ്യയോടും ,
നിന്‍റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ 
സൂര്യാംബരത്തോടും മാപ്പ് ചോദിക്കുന്നു ..............
ഇനിയും തിരികെ വരാതെ നിന്നെ വിട്ടകലേക്കു 
പോയതെന്തിനിന്നോര്‍ത്തു തേങ്ങുന്നു ഞാനിന്നും .
എന്‍ പ്രണയ പരാദങ്ങളില്‍ പാറിക്കളിച്ച
നിന്‍ പുഞ്ചിരിപ്പൂക്കളെയോര്‍ക്കുന്നു ഞാന്‍ ...
നിന്‍ കൈ വിടുര്‍ത്തി ഞാന്‍ ദൂരേക്ക്‌ മറയുമ്പോള്‍ 
വാടി വീണ ചെമ്പകപ്പൂവിന്‍റെ -
മാറില്‍ത്തറച്ചു നിന്ന രക്തബിന്ദുക്കള്‍ക്ക്‌ മാപ്പ് .........

നിന്‍ തപ്ത ഹൃദയത്തിന്‍ നൊമ്പരം കാണാതെ...,.. 
നിന്‍ ചുടുനീര്‍  കണങ്ങളെ നെഞ്ചിലേറ്റാതെ........
നിന്‍ നിനവില്‍ കരിനിഴല്‍ പാകി അകലേക്കുമാഞ്ഞു ഞാനെന്തിനോ .
എല്ലാം പൊറുക്കുവാന്‍ , എന്നെ മറക്കുവാന്‍ 
വിധി നിന്നിലേല്പിച്ച മുറിവെത്ര ക്രൂരമെന്നോര്‍ത്തു ഞാന്‍ .
മാപ്പ് ചോദിച്ചു ഞാന്‍ തിരികെയെത്തവെ 
മാപ്പേകുവാന്‍ കാത്തു നില്‍ക്കാതെ മരണത്തിന്‍ മടിയില്‍ മയങ്ങിയോ നീ .........?

ഇനിയെന്ത് ബാക്കി .....??
പറയുവാന്‍ , കേള്‍ക്കുവാനോര്‍ക്കുവാന്‍ 
നല്‍കുവാന്‍ ഓര്‍മ്മകള്‍ മാത്രം ബാക്കി ......  !!!

Monday, 28 December 2015

നീ പറയാതെ പോയതിനും , ഞാൻ പറയാൻ ശ്രമിച്ചതിനും ഇനിയും ആയുസ്സുകൾ എത്രയോ ബാക്കി ....!

നീ പറയാതെ പോയതിനും , ഞാൻ പറയാൻ ശ്രമിച്ചതിനും ഇനിയും ആയുസ്സുകൾ എത്രയോ ബാക്കി ....!




                               ഒരാളോട് ഒരു കാര്യം ചോദിച്ചു അറിയാനുള്ള ആഗ്രഹം കൂടുനതും , ആ കാര്യം പറയാൻ നമ്മൾ അയാളെ നിർബന്ധിക്കുന്നതും നമുക്ക് അയാളോടുള്ള അധികാരത്തിന്റെ പുറത്താണ് .... പക്ഷെ നമ്മൾ ചോദിക്കാതെയാണ് അയാൾ ആ കാര്യം നമ്മോടു പറയുന്നത് എങ്കിൽ അത് നമ്മോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടായിരിക്കും ..നമ്മൾ അറിയേണ്ട കാര്യങ്ങൾ എന്നായാലും നമ്മോടു പറയേണ്ടവർ തന്നെ പറഞ്ഞിരിക്കും ,,,,

മറ്റുള്ളവർ നമ്മെ കുറിച്ചു എന്ത് വിചാരിക്കും എന്ന ചിന്തയാണ് പലപ്പോഴും നമ്മളെ മൗനികൾ ആക്കുന്നത് ..അതാണ്‌ പിന്നീട് വലിയ വലിയ പ്രശ്നങ്ങളിലേക്ക് നമ്മെ കൊണ്ട് എത്തിക്കുന്നതും ..ഒരു മേശയ്ക്കു ഇരു വശവും ഇരുന്നു പരസ്പരം മനസ്സ് തുറന്നു സംസാരിച്ചാൽ  തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ ഏതു രണ്ടു വ്യക്തികൾക്ക് ഇടയിലും ഉള്ളു ...പക്ഷെ മുഖത്തോടു മുഖം നോക്കി ഇരിക്കാനുള്ള മടിയും , പരസ്പരം ഉള്ള ഈഗോയും ആണ് പല പരിഭവങ്ങളെയും -വലിയ പിണക്കങ്ങളും , തീർത്താൽ തീരാത്ത ശത്രുതകളും ആക്കി മാറ്റുന്നത് എന്നതാണ് സത്യം .

ഒരു നന്ദിവാക്കു പറഞ്ഞാൽ ഏറെ സന്തോഷിക്കുന്ന , ഒരു ക്ഷമാപണം കേട്ടാൽ മനസ്സ് തുറന്നു അത് അംഗീകരിക്കുന്ന , നല്ലത് കണ്ടാൽ പുഞ്ചിരിച്ചു കൊണ്ട് അഭിനന്ദിക്കുന്ന മനുഷ്യരാകണം നമ്മൾ ഓരോരുത്തരും ...

ഒരു വർഷം കൂടി തിരശ്ശീലയ്ക്കു  പിന്നിലേക്ക്‌ ഓടിയൊളിക്കുകയാണ് ....
പലരോടും പലതും പറഞ്ഞും , പറയാതെയും  കടന്നു പോയ ഒരു വർഷം ...
ആരോടൊക്കെയോ എന്തൊക്കെയോ ഇപ്പോളും പറയാൻ ബാക്കിയാണ് ....." മറ്റുള്ളവർ എന്ത് വിചാരിക്കും " എന്ന ചിന്ത കൊണ്ട് മാത്രം പറഞ്ഞതിനേക്കാൾ ഏറെയാണ്‌ പറയാതെ പോയതെന്ന് തോന്നുന്നു ....
പറയാനും , കേൾക്കാനും ഇനിയും  എന്തൊക്കെയോ ബാക്കി വച്ചു 2015-ഉം വിട വാങ്ങാൻ പോകുന്നു ......

നീ പറയാതെ പോയതിനൊക്കെയും നന്ദി ....
ഞാൻ പറയാൻ മറന്നതിന് നന്ദി .....
നീ പറഞ്ഞതിനും , ഞാൻ പറയാൻ ബാക്കി വച്ചതിനും നന്ദി .....

ഞാൻ നല്കിയ കണ്ണ്നീരിനു മാപ്പ് ....
നീയേല്പ്പിച്ച മുറിവുകൾക്കും മാപ്പ് ....
അറിയാതെ പരസ്പരം കൈമാറിയ വേദനകൾക്കും മാപ്പ് ,,,,,,

കഴിഞ്ഞതൊക്കെ കാലത്തിന്റെ പിന്നിൽ പോയ്‌ ഒളിക്കട്ടെ ....
ഇതൊരു പുതിയ തുടക്കമാണ് .....
ഇവിടുന്നങ്ങോട്ട്‌ നീയും ഞാനും ഒന്നിച്ചു സഞ്ചരിക്കുകയാണ് ......
എല്ലാം പരസ്പരം തുറന്നു പറഞ്ഞും , ഉള്ളു തുറന്നു മനസ്സിലാക്കാൻ ശ്രമിച്ചും ഒരുമിച്ചു കൈ കോർത്തു നമുക്ക് നീങ്ങാം ......
പറയാനൊന്നും ബാക്കിയാക്കാതെ ......
ഓർമകളെ മധുരതരമാക്കി ഈ യാത്ര നമുക്ക്  തുടരാം .....

" വരിക സഖി അരികത്തു ചേര്‍ന്നു നില്‍ക്ക
പഴയൊരു മന്ത്രം സ്മരിക്കെ  നാം
അന്യോന്യം ഊന്നു വടികളായ് നില്‍ക്കാം
ഹാ! സഫലമീ യാത്ര.... "




Wednesday, 23 December 2015

I aM whAt I aM...!! aNd I am HaPpY fOr tHaT....!!

I aM whAt I aM...!! aNd I am HaPpY fOr tHaT....!!




                                    ഈയിടെയായി എല്ലാവരും പറയുന്നുണ്ട് എനിക്ക് വട്ടാണെന്ന് ...ഇതിനു മുൻപു പലരും പറഞ്ഞിട്ടുള്ള കാര്യമാണ് ...അപ്പോളൊന്നും അധികം ചിന്തിക്കാതെ തമാശക്കൂട്ടിലേക്ക് വലിച്ചെറിഞ്ഞ കാര്യമാണത്....പക്ഷെ ഇപ്പോൾ .....അങ്ങനെയങ്ങ് വലിച്ചെറിയാൻ കഴിയുന്നില്ല .....ചിന്തിക്കേണ്ടതുണ്ട് .......ഒരേ കാര്യം ഒരുപാട് പേർ ഒരേ സ്വരത്തിൽ പറയുമ്പോൾ അതിനു സത്യമാകാനും , കള്ളമാകാനും സാധിക്കും ....അപ്പോൾ അതേക്കുറിച്ചു  സ്വന്തമായി ഒന്ന് ചിന്തിക്കുനത് നല്ലതല്ലേ .....

എന്റെ പ്രായത്തിലുള്ള മിക്കവാറും എല്ലാ പെങ്കുട്ടികൾക്കൊപ്പവും ഒരു കൂട്ടുകാരി അല്ലെങ്കിൽ കൂട്ടുകാരനെ ഞാൻ എപ്പോഴും കണ്ടിട്ടുണ്ട് ...പക്ഷെ എന്ത് കൊണ്ടോ എന്നോടൊപ്പം മാത്രം അങ്ങനെ ഒരാളെ ഞാൻ ഇതേ വരെ കണ്ടിട്ടില്ല ...അതെന്തു കൊണ്ടാണെന്ന് ആലോചിച്ചപ്പോൾ എനിക്കും തോന്നി എനിക്ക് വട്ടാണെന്ന് ...ഒരു ഭ്രാന്തനോടൊപ്പം കൂട്ട് കൂടി നടക്കാൻ ആരാ അല്ലെ ഇഷ്ടപ്പെടുക ..??

കൂടെ അങ്ങനെ ഒരു കൂട്ട് ഇല്ലാത്തത് കൊണ്ട് ഞാൻ സ്വതന്ത്രയാണ് .ഇഷ്ടമുള്ളിടത്ത് പോകാം , വഴിക്ക് വച്ചു കാണുന്നവരോടൊപ്പം കുറച്ചു നേരം കൂടാം ...അവർക്കിഷ്ടമാകുമോ ഇല്ലയോ എന്ന് ചിന്തിച്ചു ബുദ്ധിമുട്ടാതെ മനസ്സിന് ഇഷ്ടമുള്ളത് ചെയ്യാം ....ചുരുക്കി പറഞ്ഞാൽ എന്തിനും ഏതിനും ഒരാളെ ആശ്രയിക്കാതെ നടക്കാം .......

ആ ഏകാന്തതയെ ആദ്യമൊക്കെ എനിക്ക് പേടിയായിരുന്നു .....പേടി മാറി കഴിഞ്ഞപ്പോൾ സങ്കടമായി ...എല്ലാവരും എന്നെ തനിച്ചാക്കുന്നു എന്നുള്ള സങ്കടം ...ആ സങ്കടത്തെ എപ്പോഴോ ഞാൻ സ്വാതന്ത്ര്യമായി കാണാൻ തുടങ്ങി ....
മറ്റുള്ളവർക്ക് വേണ്ടി സ്വയം മാറി ഞാൻ മറ്റാരോ ആകുന്നതിനെക്കാളും എന്ത് കൊണ്ടും നല്ലത് ആരുമില്ലെങ്കിലും ഞാൻ ഞാൻ ആയി തന്നെ തുടരുന്നതല്ലേ ....??

ആമിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ അത് ചെയില്ല എന്നല്ല ...., ആമിക്ക് ഇഷ്ടമാണെങ്കിൽ ഞാനും അതിനെ ഇഷ്ടപ്പെടാൻ നോക്കാം ...പറ്റില്ലെങ്കിൽ എന്നെ നിർബന്ധിക്കരുത് ......ആ സൗഹൃദമാണ് എന്റെ ഹൃദയത്തിൽ ആദ്യം കൂട് കെട്ടിയതും , ഇന്നും കൂടെ നില്ക്കുന്നതും ......കൈകൾ കോർത്തു പിടിച്ചു സ്കൂളിന്റെ വരാന്തയിലൂടെ ഞങ്ങൾ നടന്നിട്ടില്ല .....
ഒരുമിച്ചു ഒരേ ബെഞ്ചിൽ അടുത്തടുത്തു ഇരുന്നിട്ടില്ല ....അവളുടെ ഇഷ്ടാനിഷ്ടങ്ങൾ വ്യക്തമായി എനിക്കോ , എന്റേത് അവൾക്കോ അറിയില്ല ....പലപ്പോഴും അവൾ പറഞ്ഞിട്ടുണ്ട് , എനിക്ക് വട്ടാണെന്ന് ......പക്ഷെ ആ വാക്കുകൾ ഒരിക്കൽ പോലും എന്നിൽ ഒരു ചോദ്യചിഹ്നം ബാക്കി വച്ചിട്ടില്ല ......

അനുവിന്റെത് പൊതുവെ ഒരു ചെറിയ ലോകമാണ് ....അവിടെ ഒന്നിൽ കൂടുതൽ ആൾക്കാരെ ഒരേ സമയം ഒരു കസേരയിൽ കയറ്റി ഇരുത്താൻ കഴിയില്ല ....എന്നിട്ടും എന്റെ വട്ടുകളിൽ അവളും സൗഹൃദം കണ്ടെത്തി ,,,,ആ വട്ടുകളാണ് എന്നെ പൂർണമാക്കുന്നത് എന്നായിരുന്നു അവളുടെ കണ്ടെത്തൽ ......ഒരു വട്ടൻ ചോദ്യവും അവൾ എനിക്ക് വേണ്ടി ഒരിക്കലും കാത്തു വച്ചിരുന്നില്ല .....

തങ്കച്ചന്റെ ലോകം അതിവിശാലമാണ് ....ഒരു വട്ടനെ ഞാൻ ആദ്യമായി കണ്ടു മുട്ടിയത്‌ അവനിലാണ് .....സ്വന്തം പ്രതിരൂപത്തെ കാണുമ്പോളുള്ള സന്തോഷമായിരുന്നു അവനെ കാണുമ്പോൾ എനിക്ക് ...വേവ്-ലെങ്ങ്ത് , ഫ്രീക്യോൻസി , തുടങ്ങിയ സംഗതികളൊക്കെ ആദ്യം കണ്ടെത്തിയത് ആ സൗഹൃദത്തിലൂടെയാണ് .......സ്വയം വട്ടനായ അവനും പലപ്പോഴും പറഞ്ഞിട്ടുണ്ട് എനിക്ക് വട്ടാണെന്ന് , പക്ഷെ ആ വട്ടുകളില്ലാതെ ഞാനില്ല എന്ന  സത്യം എനിക്ക് മനസ്സിലാക്കി തന്നതും  അവനാണ് .....

ഈ മൂന്നു പേർ അല്ലാതെ പലരും ആ വട്ടിനെക്കുറിച്ചു പറഞ്ഞെങ്കിലും അതൊന്നും എന്നെ ബാധിച്ചിട്ടേയില്ല .....

ഞാൻ എന്നും , എന്നെ എന്നും , എനിക്ക് എന്നുമൊക്കെ പറയുന്നത് എന്റെയുള്ളിലെ അഹങ്കാരം കൊണ്ടാണെന്നും പലപ്പോഴും ഞാൻ  കേട്ടിട്ടുണ്ട് ...

എന്റെ മുഖത്തു നോക്കാതെ , ചിരിച്ചാൽ കഷ്ടപ്പെട്ട് തിരികെ ചിരി സമ്മാനിക്കുന്ന , സംസാരിക്കാൻ ചെന്നാൽ ഇഷ്ടമില്ലാതെ സംസാരിക്കുന്ന , ഒരു ബാധ്യത പോലെയോ  , കർത്തവ്യ നിർവഹണം പോലെയോ തിരികെ സംസാരിക്കുകയും പെരുമാറുകയും ചെയുന്ന പലരെയും ഇക്കാലത്തിനിടയ്ക്ക് കണ്ടുമുട്ടിയിട്ടുണ്ട് .....

സ്വയം ഒരു ആവശ്യക്കാരിയായി മാറുമ്പോളൊക്കെ ഔചിത്യബോധം എന്നിലും കുടിയേറും , അപ്പോൾ തിരികെ കിട്ടുന്നതിനെ കുറിച്ചു തിങ്കിച്ചു ബേജാറാകാതെ ആവശ്യത്തിനു പുറകെ അങ്ങ് പോകും ....

മറ്റുള്ളവർക്ക് വേണ്ടി നിന്നെ  കൊണ്ട് ചെയാൻ കഴിയുന്ന ചെറിയ കാര്യങ്ങളിൽ പോലും നീയറിയാതെ പോകുന്ന വലിയ നന്മ ഉണ്ട് , അത് കൊണ്ട് തന്നെ തിരികെ കിട്ടുന്നതിനെ കുറിച്ചു സ്വപ്നം കാണാതെ നിന്നെ ക്കൊണ്ട് കഴിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി എപ്പോഴും ചെയ്തു കൊടുക്കുക ....ഒരു പക്ഷെ നീ ചൂഷണം ചെയ്യപ്പെട്ടേക്കാം ,,,,നീ വേദനിച്ചെക്കാം ...., എങ്കിലും നിന്റെ നന്മയുടെ കൊയ്ത്തു കാലത്തിൽ ഈ വേദനകളെല്ലാം ഇരട്ടി സന്തോഷങ്ങളായി നിന്നിലേക്ക്‌ തന്നെ തിരികെ എത്തും ......കിട്ടുന്നത് ആരിൽ നിന്നായാലും , അത് എന്തായാലും  ഒട്ടും കുറയാതെ തിരികെ കൊടുക്കുക ....കിട്ടാത്തതിനേക്കാൾ  കൂടുതലായി ആർക്കെങ്കിലും എന്തെങ്കിലും നൽകുന്നുണ്ടെങ്കിൽ  ഒരു തവണ എങ്കിലും അവർ അത് അർഹിക്കുന്നുണ്ടോ എന്ന് ചിന്തിക്കുക...ഒരുവൻ നിന്നോട് കാട്ടുന്നത് പോലെ തിരികെ കാട്ടിയാൽ നീയും അവനും തമ്മിൽ യാതൊരു വിത്യാസവും ഇല്ലെന്നു മനസ്സിലാക്കുക .....

ആര് വേണമെങ്കിലും നിന്നെക്കുറിച്ചു എന്ത് വേണമെങ്കിലും പറഞ്ഞു കൊള്ളട്ടെ , എങ്ങനെ വേണമെങ്കിലും ചിന്തിച്ചു കൊള്ളട്ടെ ....നീയെന്തെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നീ മിനക്കെടുന്ന സമയം ഉപയോഗ ശൂന്യമാണ് ....കാരണം നിന്റെ 100 നന്മകളെക്കാൾ വിശകലനം ചെയ്യപ്പെടുക നീ ചെയ്ത ഒരേ ഒരു തിന്മയാണ് ....അതാണ്‌ ഈ ലോകം ....

എല്ലാവരാലും അംഗീകരിക്കപ്പെടുക... അത് ഓരോ മനുഷ്യന്റെയും ആഗ്രഹമാണ് , പക്ഷെ ആ ആഗ്രഹം ഒരിക്കലും പൂർത്തികരിക്കപ്പെടാനാകാത്ത ഒന്നാണ് ....അത് കൊണ്ട് തന്നെ നിന്നെ നീ തന്നെ അംഗീകരിക്കുക ....അത് കൊണ്ട് സംതൃപ്തയാകുക .....സ്വയം അംഗീകരിക്കപ്പെടാനും , സ്വയം സ്നേഹിക്കാനും കഴിഞ്ഞാൽ നിന്നെ പ്പോലെ സന്തുഷ്ടയായ മറ്റൊരാളും ഈ ലോകത്ത് കാണില്ല ....

ഇപ്പറഞ്ഞതൊക്കെ ഈ ചുരുങ്ങിയ കാലയളവ്‌ കൊണ്ട് എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠങ്ങൾ ആണ് ....

അത് കൊണ്ട് തന്നെ എനിക്ക്  വട്ടാണെന്ന് അല്ലെങ്കിൽ അഹങ്കാരമോ , ജാടയോ ആണെന്ന്  പറയുന്നവരോട് എനിക്കൊന്നും പറയാനില്ല ......കാരണം എന്റെ വട്ടുകൾക്കുള്ളിലെ വട്ടില്ലായ്മയ്ക്കുള്ളിൽ എനിക്ക് എന്റേതായ ഒരു വ്യക്തിത്ത്വം ഉണ്ട് ...അത് മനസ്സിലാക്കുന്ന ഒരാള് ഈ ഭൂമിയിൽ ഉണ്ടെന്ന തിരിച്ചറിവ് മതി , മുന്നോട്ടുള്ള എന്റെ യാത്ര സുഗമമാകാൻ ....

ഞാൻ എന്താണോ , അതിൽ ഞാൻ തീർത്തും സംതൃപ്തയാണ്...സന്തുഷ്ടയാണ് ...