Monday, 1 July 2019

ഒന്നു മരിക്കണമെനിക്ക്......!

ഒന്നു മരിക്കണമെനിക്ക്....!




ഒന്നു മരിക്കണമെനിക്ക് ,ഒരിക്കൽ കൂടി ജനിക്കുവാൻ ....
വിണ്ടു കീറാത്ത ഭൂമി തൻ മാറിൽ ,
അന്തമില്ലാത്തൊരാകാശക്കീഴിൽ,
ഒട്ടും ഭയക്കാതോരന്തിക്കു എല്ലാം മറന്നുറങ്ങുവാൻ
ഒരു പെണ്ണായി വീണ്ടും പിറക്കുവാൻ 
ഒന്ന് മരിക്കണമെനിക്ക് ....


ഒരു വാല്നക്ഷത്രമായച്ഛന്റെയുള്ളിൽ പിറക്കണം . 
ഒരു നൂലിഴത്തുമ്പിലൂടമ്മതൻ ചില്ലയിൽ ചേക്കേറണം . 
അച്ഛന്റെയുമ്മകൾ ഏറ്റുവാങ്ങി,
അമ്മത്തലോടലിൻ കുളിരിൽ മുങ്ങി,
ഉണ്ണിക്കിടാവായ് കുഞ്ഞിക്കുളത്തിൽ
ഉള്ളം നിറയുവോളം നീരാടണം .

ഒൻപതിനന്ത്യത്തിൽ കണ്മണി പൈതലായി
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുണയണം .
താതന്റെ കൈവിരൽ തുമ്പൊരു താങ്ങായി
പിഞ്ചിളം പാദങ്ങൾ മണ്ണിനെ പുണരണം ..
കുഞ്ഞരി പല്ലുകൾ കൊഞ്ചല് കാട്ടുമ്പോൾ
ഉള്ളം നിറഞ്ഞമ്മ പുഞ്ചിരിക്കേണം ..

അമ്മയെ നന്മയായി ,അച്ഛനെ ഉണ്മയായി
ഒരു തുള്ളി ചോപ്പിനാൽ പൂക്കളം തീർക്കണം ...
നീലാകാശമേ ...നിന്റെ കൂടെ അന്തമില്ലാതെനിക്കും ഉയരണം .
ആഴിക്കുളിരേ....നിന്റെ ഉടലിനെ  ആവേശത്തോടെ പുണരണം.

"പെണ്ണാണ് നീ....,അരുതെന്നു" ചൊല്ലുന്ന നാവിനെ
ഒരു നോക്കിനാൽ നിശബ്ദമാക്കാൻ കരുത്തേകണം ..
"പെണ്ണേ ,ചിരിക്കരുത് ...കരയരുത് .....
അടക്കമായി ,ഒതുക്കമായി ,ആടാതെ ,കുഴയാതെ
ആണിനെ നോക്കാതെ , ആടകളുടയാതെ
നമ്രശിരസ്കയായി  നടന്നിടേണം  "
"കീറി പറിച്ചാലും, കൊത്തി വലിച്ചാലും
കണ്ണീരിനാൽ നീ കദനം മറക്കണം .."

കാലം പഠിപ്പിച്ച വാക്കിന്റെ മുനകളെ
കണ്ണകിയായി കത്തിച്ചു ചാമ്പലാക്കാൻ ..,
പാതിവ്രത്യം കൊതിച്ചൊരു പാവന  സീതയായി 
രാമനെ വേൽക്കാതെ ,ഭൂതലം പൂകാതെ പവിത്രയാകാൻ ...
ഉടയാടയഴിയാതെ നയനാഗ്നിയാൽ-പെണ്ണിന്റെ ഉടമയായി 
ഉടൽമൂടി ഉയിർകൊള്ളും പാഞ്ചാലിയായി മാറുവാൻ ......

കൂരിരുൾ മടകളിൽ കാമം കൊതിക്കുന്ന 
കാലന്റെ , - കാലനായി കുതികൊള്ളുവാൻ....,
കൊത്തിപ്പറിക്കുവാൻ , കത്തിച്ചൊടുക്കുവാൻ
കീറിമുറിക്കുവാൻ ,കാറിക്കടിക്കുവാൻ.... ,
കൗശലം മൂപ്പിച്ച  കണ്ണിൽ കനിവിന്റെ വിഷം പുരട്ടി-
യെന്റെ ഗാത്രം കൊതിക്കുന്ന നര ജന്മ -
മോഹങ്ങൾക്കിരയാകുവാതിരിക്കാൻ.....,
ഒന്ന് മരിക്കണമെനിക്ക് ......,

ഒന്ന് മരിക്കണമെനിക്ക് ......,
ഒരു പെണ്ണായി വീണ്ടും  പിറക്കണമെനിക്ക്  ....
ഈ ഭൂമിയെന്റെയെന്നുറക്കെ ചൊല്ലണമെനിക്ക് ...
മതിവരുവോളം  പാറി പറന്നു നടക്കണമെനിക്ക് .......
മകളായി ...പ്രിയതയായി ...ഭാര്യയായമ്മയായി 
ഒരു കുലം കാക്കുന്ന ദൈവമായി കൊതി തീരെ വരം തേടണമെനിക്ക് ...
ഒരു പെണ്ണായി വീണ്ടും  പിറക്കണമെനിക്ക് .......!!!!!!!!!!!!!!

bismitha@njangandhialla

Tuesday, 4 June 2019

ഒരിക്കൽ കൂടി ....!!

ഒരിക്കൽ കൂടി ....!!


നിന്റെ വിയർപ്പുതുള്ളികളിലൂടരിച്ചിറങ്ങിയ പ്രണയം നുകർ-
ന്നൊരു രാത്രി കൂടി എനിക്കീ മാറിൽ മയങ്ങണം.
ഒരു നേർത്ത നിശ്വാസത്തിന്റെ  ഗന്ധമായെന്റെ 
പിന്കഴുത്തിലൂടിഴുകി ചേരണം നീ ....!

ആത്മാവ് മുറ്റിക്കിടക്കുന്ന തനുവിലോരോ-
അണുവും രോമകൂപങ്ങളാൽ നൃത്തമാടണം
പരസ്പരം നാം നുണഞ്ഞു തീർത്ത ചഷകങ്ങളിലെല്ലാം 
ഇനിയും ബാക്കി വച്ച മധുരിക്കുന്ന വീഞ്ഞിന്റെ ഗന്ധം നിറയണം .

ഒരു വാക്കു പോലും പെയ്തു തോരാതെ ഉരുകി-
യൊലിച്ചു പോയൊരാത്മാവിന്റെ സ്പന്ദനമാകണം...
ഇണചേർന്ന് കൊതിതീരാത്ത നാഗമായ്
ഇരുളിലൂടിഴഞ്ഞു നിന്നെ തേടണം 
















ഓരോ നിലാവിലും നിന്റെയോർമകളെന്നെ 
ആപാദചൂഡം   തരളിതയാക്കണം ....
വിലക്കപ്പെടാത്ത കനികളുടെ മധുരം നുണഞ്ഞിനിയും 
രണ്ടു പൂമ്പാറ്റകളായി പാറിപ്പറക്കണം .


നിന്റെ നിമിഷാർദ്ധങ്ങൾ കടം കൊണ്ട് വീണ്ടുമെന്റെ 
ശയ്യയിൽ നനവ് തീർക്കണം....,ഞാൻ പൂക്കണം  
നിന്റെ നഗ്നതയെ പുണർന്നെന്റെ നാഭിയിൽ 
വിരിയുന്നൊരായുസ്സിന്റെ ഭ്രൂണം പേറണം 

തിരികെ വരാൻ കൊതിക്കാതെ ,പിണങ്ങി പിരിയുവാൻ 
കഴിയാതെ , ഇണങ്ങി ചേർന്നുറങ്ങണം ...പിന്നെ 
വീണ്ടുമൊരുഷസ്സിൽ നിന്റെ പ്രാണന്റെ പകുതിയായി പുനർജനിക്കണം ,
പെയ്യാൻ  മറന്ന മോഹങ്ങൾക്ക് ചിറകേകണം


#ബിസ്മിത 

Tuesday, 12 February 2019

കുറുമ്പൻ ലുട്ടാപ്പി ...!!!

കുറുമ്പൻ ലുട്ടാപ്പി ...!!!


കുട്ടിക്കുറുമ്പുകൾ വട്ടം പിടിക്കുന്ന കാലം മുതൽക്കുള്ള കൂട്ടാണേ ,
കുന്തത്തിൽ കേറിയിട്ടങ്ങോട്ടുമിങ്ങോട്ടും കുന്തി പറക്കുന്ന ലുട്ടാപ്പി .....

എത്ര തകർത്താലുമൊട്ടും ഭയക്കാതെ കുസൃതി കാട്ടുന്ന ലുട്ടാപ്പി ,
മായാവി കുട്ടനെ കുപ്പിയിലാക്കാനായി മന്ത്രം പഠിക്കുന്നു ലുട്ടാപ്പി.... 

കുട്ടൂസനപ്പൂന്റേം, ഡാകിനിയമ്മുന്റേം കണ്ണിലെ കണ്മണി ലുട്ടാപ്പി,
വിക്രമനണ്ണന്റെ ഒക്കത്തിരിക്കും , മുത്തുന്റെ മുത്താകും ലുട്ടാപ്പി ....

രാജൂനേം , രാധേയും , നാട്ടിലെ പിള്ളാരേം  വട്ടം കളിപ്പിക്കും ലുട്ടാപ്പി ,
മായാവിക്കുട്ടന്റെ മാന്ത്രിക ദണ്ഡിനെ അമ്പേ ഭയക്കുന്നു ലുട്ടാപ്പി ..... 

അക്ഷര മുത്തുകൾ ചൊല്ലി പഠിച്ചൊരു കാലം മുതൽക്കെന്റെ കൂട്ടാണേ ,
ലുട്ടാപ്പിയില്ലാത്ത ചിത്ര കഥയെനിക്കൊട്ടും പിടിക്കില്ല ചങ്ങായി .....

കുട്ടിക്കുറുമ്പുകൾ വട്ടം പിടിക്കുന്ന കാലം മുതൽക്കുള്ള കൂട്ടാണേ ,
കുന്തത്തിൽ കേറിയിട്ടങ്ങോട്ടുമിങ്ങോട്ടും കുന്തി പറക്കുന്ന ലുട്ടാപ്പി ......

Monday, 4 February 2019

പേരൻപ്.....film review

പേരൻപ്.....



                                                  പേരൻപ്...  അൻപിനാൽ ഇഴ ചേർക്കപ്പെട്ട   അമുദന്റെയും പാപ്പായുടെയും ജീവിതത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം . സ്നേഹം ഇവിടെ പ്രണയമായും, വാത്സല്യമായും , ത്യാഗമായും, വിട്ടു കൊടുക്കലായും, അംഗീകരിക്കലായും അതിന്റെ പൂർണത കൈക്കൊള്ളുന്ന ദൃശ്യാനുഭവം ..സ്നേഹത്തിനു സ്വാതന്ത്ര്യം എന്നൊരു അർഥം കൂടിയുണ്ടെന്നും , അത് നല്കുന്നതിലാണ് ജീവിതത്തിന്റെ മനോഹാരിത എന്നും പേരൻപ് വിളിച്ചോതുന്നു .


സ്പാസ്റ്റിക് പരാലിസിസ് രോഗിയായ മകളിൽ നിന്നും കടലും കടന്നു ദൂരേക്ക് പറന്നു പോയ അമുദൻ ...വർഷങ്ങൾക്കിപ്പുറം മറ്റൊരു വഴിയുമില്ലാതെ മകളെ ഏറ്റെടുക്കാനായി അയാൾക്ക് തിരികെ വരേണ്ടി വരുന്നു .ഇത്രയും വർഷം നാട്ടുകാരുടെയും വീട്ടുകാരുടെയും പരാതികൾക്കും കുത്തുവാക്കുകൾക്കും ചെവി കൊടുത്ത് സ്നേഹം ത്യാഗമാണെന്നു സമർഥിച്ച ഒരമ്മയാണ് ഒടുവിൽ മകൾ എന്തെന്ന് പോലുമറിയാത്ത അച്ഛന് അവളെയും നൽകി സ്വന്തം ജീവിതം തേടി പോകുന്നത് .ആ പോകുന്നതിനും അവൾക്കൊരു ന്യായികരണം ഉണ്ടെന്നു കണ്ടെത്തി മറ്റുള്ളവരെ ശല്യപ്പെടുത്താതെ മകളുമായി അയാൾ യാത്രയാവുകയാണ് ...മനുഷ്യരില്ലാത്ത, കുരുവികള്‍ ചാകാത്ത  ഒരിടം തേടി ...അവിടെ തുടങ്ങുകയാണ് ഒരച്ഛന്റെയും മകളുടെയും നിസ്വാർത്ഥമായ സ്നേഹത്തിന്റെ കഥ ..

സ്വന്തം ജീവിതം എത്രമേൽ മഹത്തരവും സൗഭാഗ്യം നിറഞ്ഞതുമാണ് എന്ന് മനസ്സിലാകണമെങ്കിൽ നമുക്ക്  മറ്റുള്ളവരുടെ വേദനകൾ തിരിച്ചറിയാൻ കഴിയണം .ആ തിരിച്ചറിവാണ് അമുദനെ മകളിലേക്കു അടുപ്പിക്കുന്നത് ,അവളെപ്പോലെയാകാൻ അയാൾ പരിശ്രമിച്ചെങ്കിലും അതിനു സാധിക്കില്ലെന്ന തിരിച്ചറിവാണ് അവളിക്കേലുള്ള അയാളുടെ പ്രയാണത്തിന് വഴി തുറന്നത്....പാട്ടുപാടിയും , നൃത്തം ചെയ്‌തും , മോണോ ആക്ട് കാണിച്ചും മകളുടെ സ്നേഹം പിടിച്ചു പറ്റാൻ ശ്രമിക്കുന്ന അച്ഛൻ ..ഒടുവിൽ തോൽവി സമ്മതിച്ചു നീറുന്ന നെഞ്ചോടെ " ഇനിയെന്താണ് ഞാൻ ചെയേണ്ടത് , നീ എന്നോടൊന്നു മിണ്ടാൻ " എന്ന് ചോദിക്കുമ്പോൾ അറിയാതെ നമ്മുടെ ഹൃദയവും ഒന്ന് വിങ്ങും ..പ്രകൃതിയാണ് ഇവിടെ അച്ഛൻ മകൾ ബന്ധം ഊട്ടിയുറപ്പിക്കുന്നത്.മകൾ സൂര്യനാകുമ്പോൾ അച്ഛൻ ചന്ദ്രനായും, അച്ഛൻ സൂര്യനാകുമ്പോൾ മകൾ ചന്ദ്രികയായും മാറുന്നു...ഒടുവിൽ ഒരു  ചിറകടിയുടെ മനോഹാരിതയോടെ അച്ഛൻ മകൾ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു ...പ്രകൃതിയുടെ മനോഹാരിതയും , ഇരുട്ടിന്റെ നിശ്ശബ്ദതതയും , പശ്ചാത്തല സംഗീതത്തിന്റെ ഒഴുക്കും നമ്മെ കൊണ്ടെത്തിക്കുന്നത് നന്മ നിറഞ്ഞ ഒരു അന്തരീക്ഷത്തിലേക്കാണ് ....വാക്കുകളേക്കാൾ ഭീകരമായ അർഥം മൗനത്തിനുണ്ടെന്നു ഓരോ ഫ്രെയിമിലൂടെയും റാം കാട്ടിത്തരുന്നു ...

ഋതുമതിയായ മകൾ ഏതൊരു അച്ഛന്റെയും ഏറ്റവും വലിയ സന്തോഷമാണ് , പക്ഷെ ഇവിടെ അമുദനുണ്ടാകുന്ന വികാരം അയാളുടെ നിശബ്ദതയിലൂടെ കാഴ്ചക്കാരന്റെ ഹൃദയത്തെ വേദനിപ്പിക്കുകയാണ്, ഒരു പെൺകുട്ടിക്ക് , പ്രത്യേകിച്ചും തന്റെ മകൾക്കു ഈ അവസരത്തിൽ 'അമ്മ എത്ര മാത്രം ആവശ്യമാണെന്ന് അയാൾ മനസ്സിലാക്കുന്നു എങ്കിലും മറ്റു വഴികളൊന്നുമില്ലാതെ ഒടുവിൽ അച്ഛൻ തന്നെ അമ്മയാകുകയാണിവിടെ .

വിജി എന്ന വിജയലക്ഷ്മിയുടെ കടന്നു വരവോടെ കുറച്ചു നിമിഷത്തേക്ക് വേണ്ടിയെങ്കിലും അയാളും ഒരു മനോ രാജ്യത്തിൽ എത്തിപ്പെടുകയാണ് .അതൊരു നിമിഷ സ്വപ്നമായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ അയാൾക്കു ദേഷ്യത്തെക്കാളേറെ അവളോട് തോന്നുന്നത് സ്നേഹം തന്നെയാണ് ...ഓരോ മനുഷ്യന്റെയും അവസ്ഥകളെ അവരായി നിന്ന് കൊണ്ട് മനസ്സിലാക്കുന്ന അമുദൻ സ്നേഹത്തിനു മാനവികത എന്നൊരു അർഥം കൂടിയുണ്ടെന്ന്  നമ്മെ പഠിപ്പിക്കുന്നു ...

ജീവിക്കാൻ മനുഷ്യന് ആവശ്യം പണം തന്നെയാണ് , വായു ഭക്ഷിച്ചു ജീവിക്കുക സാധ്യമല്ലല്ലോ ...അങ്ങനെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അമുദൻ മകളുമായി നഗരത്തിലെത്തുകയാണ്.. അവിടെയും പ്രതിസന്ധികൾ തന്നെയാണ് അയാളെ കാത്തിരിക്കുന്നത് ..ഒറ്റമുറി ലോഡ്‌ജിലും , ഒറ്റമുറി വീട്ടിലും കാരണവരായും കാവൽക്കാരനായും മകളെ പൊതിഞ്ഞു സൂക്ഷിക്കുന്ന അച്ഛനാവുകയാണ് അമുദൻ ...മകൾ ഒരു സ്ത്രീയാവുകയാണെന്നും , അവൾക്കും ഏതൊരു പെണ്ണിനേയും പോലുള്ള വികാരങ്ങൾ ഉണ്ടെന്നുമുള്ള തിരിച്ചറിവ് ആ അച്ഛനെ വല്ലാതെ തളർത്തുന്നുണ്ട് ...മകൾ കാണാതെ , അവൾ കേൾക്കാതെ നെഞ്ചകം പിഞ്ഞി അയാൾ കരയുമ്പോൾ കാഴ്ചക്കാരന്റ കണ്ണുകൾ ഈറനണിയുകയാണ് ....ഒരു നോട്ടം കൊണ്ട് , ഒരു മൗനം കൊണ്ട് , വാക്കുകളിലെ ഇടർച്ച കൊണ്ട് മമ്മൂട്ടി എന്ന മഹാനടൻ സമ്മാനിക്കുന്ന വിസ്മയകരമായ ഭാഷ വാക്കുകൾക്കതീതമാണ് , ഭാവ തീവ്രമാണ് ...കരളലിയിക്കുന്നതാണ്.

പലപ്പോഴും തനിക്ക് അമ്മയ്ക്ക് പകരമാകാൻ കഴിയില്ലെന്നും , മകൾക്കു ഒരു സ്ത്രീ സാമീപ്യം ആവശ്യമാണെന്നുമുള്ള അറിവ് അയാളെ കൊണ്ടെത്തിക്കുന്നത് വല്ലാത്തൊരു അവസ്ഥയിലേക്കാണ് .അത് കൊണ്ടാണ് അയാൾ പൂർവ ഭാര്യക്കരികിലേക്കു പോകുന്നത് , മകളെ കുറിച്ച് ഒരു വാക്ക് പോലും ആരായാതെ അതിഥി സൽക്കാരവും നടത്തി അവർ മറയുമ്പോൾ , അന്നേ വരെ ചേർത്തു വച്ച എല്ലാ ധൈര്യവും അമുദനിൽ നിന്നും ചോർന്നു പോകുകയാണ് . മകൾക്കു അവൾ ആഗ്രഹിക്കുന്ന എല്ലാ സന്തോഷങ്ങളും കൊടുക്കാനായി അയാൾ ഒടുവിലെത്തുന്നത് ഒരു വേശ്യാലയത്തിലേക്കാണ് .വികാര നിർഭരമായ ഒരു മുഹൂർത്തമാണ് അത് ...ഒരു അച്ഛനെന്ന നിലയിൽ ഇതിനേക്കാൾ വലിയ തോൽവി തനിക്കില്ലെന്ന വേദന.......

ഉള്ളതിൽ സന്തോഷം കണ്ടെത്താനുള്ള , കൂടെ നിൽക്കുന്നവർക്കും അത് പകർന്നു കൊടുക്കാനുള്ള കഴിവാണ് അമുദനെ വ്യത്യസ്തനാക്കുന്നത് .ഓരോ മനുഷ്യനും അവന്റെ തെറ്റുകൾക്ക് അവന്റേതായ ന്യായീകരണങ്ങൾ ഉണ്ടെന്നും അത് നമ്മൾ അംഗീകരിക്കാൻ തയാറായാൽ അതൊരു തെറ്റായി മാറുകയില്ലെന്നും അമുദൻ പറയാതെ പറയുന്നുണ്ട് .

അധ്യായങ്ങളായി കഥ പറയുമ്പോൾ  പലപ്പോഴും നഷ്ടപ്പെട്ടേയ്ക്കാവുന്ന കഥയുടെ ഒഴുക്കിനെ ഒട്ടും ചോരാതെ തന്നെ പ്രേക്ഷകനിലേക്കെത്തിക്കാൻ കഥ പറച്ചിലിന് സാധിക്കുന്നുണ്ട് ...സമൂഹം എന്നും മുഖം തിരിക്കുന്ന ഭിന്നലിംഗക്കാരും കഥയിലെ പ്രധാന കഥാപാത്രങ്ങൾ ആകുന്നുണ്ട് ...

ഗതികേട് കൊണ്ട് AC  കാറിലെ തണുപ്പിനെ പ്രണയിക്കേണ്ടി വന്ന മീരയ്ക്ക് മുന്നിൽ പലപ്പോഴും അമുദൻ ഒരു പ്രണയത്തിന്റെ കടലാകുകയാണ് , അയാൾ പോലുമറിയാതെ ....മീരയിലൂടെയാണ് അമുദൻ തന്റെ പൂർണത കണ്ടെത്തുന്നത് ..തന്റെ മകൾക്കു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സന്തോഷം മീരയാണെന്നു അയാൾ തിരിച്ചറിയുന്നത് മരണത്തിനോട് ഗുഡ് ബൈ പറഞ്ഞു തിരികെ എത്തുമ്പോൾ ആണ് ..

ജാതിയുടെയോ , മതത്തിന്റെയോ , വർഗ്ഗത്തിന്റെയോ പേരിൽ അല്ല , മാനുഷിക മൂല്യങ്ങളുടെയും ,മാനവികതയുടെയും , സ്നേഹത്തിന്റെയും അടിസ്ഥാനത്തിലാണ് മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കേണ്ടതും ഉൾക്കൊള്ളേണ്ടതും എന്ന തത്വമാണ് പേരൻപ് മുന്നോട്ടു വയ്ക്കുന്നത് ..

പ്രതിസന്ധികളും , വേദനയും , നിസ്സഹായതയും , മരണത്തെക്കാൾ തീവ്രമായ അനുഭവങ്ങളും പങ്കു വച്ച് , ജീവിതത്തെ തീർത്തും സുന്ദരമായി നേരിടാൻ കൊതിക്കുന്ന അച്ഛനാണ് അമുദൻ .സ്വന്തം ജീവിതത്തിലെ ദുരനുഭവങ്ങളും , താൻ താണ്ടിയ വഴികളും പറഞ്ഞു തന്നു ,നമ്മുടെ ജീവിതം കൊണ്ട് നാം നേടേണ്ട ആത്യന്തികമായ  ലക്ഷ്യത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുകയാണ് പേരൻപ്. 

സ്നേഹമാണ് എല്ലാത്തിന്റെയും അടിസ്ഥാനം ...നമ്മുടെ പ്രവൃത്തികൾ നന്മ നിറഞ്ഞതാണെങ്കിൽ അല്പം വൈകിയാണെങ്കിലും നമുക്കുള്ള നന്മ നമ്മിലേക്ക്‌ തന്നെ എത്തിച്ചേരുമെന്ന് കാട്ടുകയാണ് റാം പേരൻപിലൂടെ ...

തുടക്കം മുതൽ ഒടുക്കം വരെ രൂപ ഭാവങ്ങളിൽ യാതൊരു വ്യത്യാസവും ചോർന്നു പോകാതെ പാപ്പയായി മാറിയ സാധന അഭിനയത്തിന്റെ സൂക്ഷ്മ , സ്ഥൂല തലങ്ങളെ വളരെ പക്വതയോടെ കൈകാര്യം ചെയ്തേക്കുന്നു ..വികാര നിർഭരമായ മുഹൂർത്തങ്ങളിൽ പോലും ആ തന്മയിഭാവം ഒട്ടും ചോരാതെ ഏതു കഥാപാത്രവും തന്നിൽ പരിപൂർണ ഭദ്രമെന്നു തെളിയിക്കുകയാണ് ഈ 16 -കാരി .

 വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ മനുഷ്യന്റെയുള്ളിലെ നന്മതിന്മകളെ , വ്യത്യസ്ത ഭാവങ്ങളെ മനോഹരമായി വരച്ചു കാട്ടുകയാണ് റാം ..സുഖലോലുപതകളിൽ ഘനീഭവിച്ചു പോയ ഹൃദയത്തിന്റെ ഉള്ളിലും നന്മയുടെ ഒരു നേർത്ത കിരണം വീശാൻ കാത്തിരിക്കുന്ന അമുദനെയും ,മകളെയും   ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയാണ് ...
                      🌟🌟🌟🌟🌟🌟🌟🌟🌟🌟/🌟🌟🌟🌟🌟🌟🌟🌟🌟🌟

Friday, 18 January 2019

ഞാൻ നീയായി , പിന്നെ നമ്മളായി ...

ഞാൻ നീയായി , പിന്നെ നമ്മളായി  ...


നാം കണ്ടുമുട്ടുന്ന , അനുഭവിക്കുന്ന എല്ലാത്തിനെയും ഒരു പരിധി വരെ മുൻവിധിയോടെ സമീപിക്കുക നമ്മിൽ പലരുടെയും സ്വഭാവമാണ് ...
ആ മുൻവിധികൾ ഒരു പക്ഷെ ശരിയായി എന്ന് വരാം, അത് അപ്പാടെ തെറ്റാണെന്നു കാലം തെളിയിച്ചേക്കാം ..സാഹചര്യങ്ങളുടെ വിളയാട്ടം നമ്മിൽ സൃഷ്ടിക്കുന്ന ആന്തോളനങ്ങളാണ് ആ മുൻവിധിയുടെ പിതാവ് ..

ആദ്യമായി നമ്മൾ കാണുന്ന ഒരു വ്യക്തിയെക്കുറിച്ചു നമുക്ക് അറിവുണ്ടാകുക എന്നത്  സ്രോതസ്സുകളെയും നമ്മുടെ മുൻവിധികളെയും ആശ്രയിച്ചാണ് ഇരിക്കുന്നത്  ഒന്നുകിൽ മറ്റാരെങ്കിലും അയാളെ കുറിച്ച് പറഞ്ഞ അറിവ് , അല്ലെങ്കിൽ ചിത്രങ്ങളിലൂടെ അതുമല്ലെങ്കിൽ  
 അയാളുടെ പ്രൊഫൈൽ- കളിൽ നിന്ന്  ഈ ധാരണയോടെയാവും നമ്മൾ ഒരാളെ സമീപിക്കുക.അയാളുമായുള്ള ആദ്യ ഇടപഴകളിൽ തന്നെ (നേരിട്ടോ ,അല്ലാതെയോ ) ഈ മുൻവിധികളിൽ മാറ്റം സംഭവിക്കാം ..

ചിലർ ആ മാറ്റത്തിനെ കാലക്രമേണ അംഗീകരിക്കുകയും ആ വ്യക്തിയെ പൂർണമായും ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യും 
.ചിലരാകട്ടെ തന്റെ മുൻവിധികളിൽ ഉറച്ചു നിന്ന് കൊണ്ട് ആ വ്യക്തിയുമായി സംഭവിക്കുന്ന ഓരോ കാര്യങ്ങളെയും  കൂട്ടിക്കെട്ടി തങ്ങളുടെ തീരുമാനം ശരി ആണെന്ന് ഉറപ്പിക്കും . ചിലർ ഒരിക്കൽ തന്നെ തന്റെ മുൻവിധികൾ ശരിയായാൽ ആ ഭാഗത്തേക്ക് പിന്നെ തിരിഞ്ഞു നോക്കാനോ , അതിലെ നെല്ലും പതിരും വേർതിരിച്ചെടുക്കാനോ ശ്രമിക്കാത്തവർ ആയിരിക്കും.

ഒരാളുടെ അഭിപ്രായത്തിലൂടെ ഒരിക്കലും മറ്റൊരാളെ വിലയിരുത്തരുത് ,അതിനി ശരി ആയാലും അല്ല തെറ്റായാലും ..എല്ലാം അനുഭവിച്ചറിഞ്ഞു വേർതിരിച്ചെടുക്കാനൊന്നും ആർക്കും സാധിക്കില്ല ,എങ്കിലും സ്വയം സാധ്യമായത് ചെയുക .കാരണം  എനിക്ക് നീ എങ്ങിനെയോ അത് പോലെ ആയിരിക്കില്ല മറ്റൊരാൾക്ക് നീ ....അതാണ് നമുക്ക് ആദ്യമുണ്ടാകേണ്ട ധാരണ , ആ ധാരണ നമുക്കുണ്ടെങ്കിൽ എത്ര മുൻവിധിയോടെ ഒരു വ്യക്തിയെ സമീപിച്ചാലും , ഇടപഴകലിലൂടെ ആ വ്യക്തിയെ നമ്മൾ മനസ്സിലാക്കാൻ ശ്രമിക്കും , നല്ലൊരു ബന്ധം അവിടെ തുടങ്ങും 

.നമ്മുടെ ചിന്തകളും നമ്മുടെ ശരികളും നമ്മുടെ തീരുമാനങ്ങളും -അതെന്നും നമ്മുടേത് മാത്രമാണ് . നമ്മുടെ കണ്ണിലൂടെ മറ്റുള്ളവരെ നോക്കിക്കണ്ടു നമ്മൾ ഓരോ കാര്യങ്ങൾ ചെയ്യുന്നതും , അവരുടെ സ്ഥാനത്തു നമ്മൾ ആയിരുന്നെങ്കിൽ എന്ന് കരുതി ഓരോന്ന് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്.ആദ്യം പറഞ്ഞത് ചെയ്യുന്നവരാണ് നമുക്കിടയിൽ കൂടുതലും ,നമ്മുടെ ഭാഷയിൽ പറഞ്ഞാൽ അതാണ്  സേഫ് ,നമുക്ക് മസ്സിനു സന്തോഷം നൽകുന്നത് അതാണ് ..

രണ്ടാമത് പറഞ്ഞത് ചെയാൻ അല്പം ബുദ്ധിമുട്ടാണ് , അവിടെ നമുക്ക് പലപ്പോഴും നമ്മുടെ സ്വത്വം നഷ്ടമായെന്ന് വരാം .പക്ഷെ തീർച്ചയായും നമ്മുടെ മനസുഖവും മറ്റുള്ളവരുടെ സന്തോഷവും കൂട്ടിമുട്ടുന്നതും ആ പ്രവൃത്തിക്ക് അർത്ഥമുണ്ടാകുന്നതും  അപ്പോഴാണ്‌ , പക്ഷെ ഒന്നുണ്ട് രണ്ടു കൂട്ടരും ഒരുപോലെ ചിന്തിക്കണം ..അത് സാധ്യമല്ല ..പിന്നെങ്ങനെ രണ്ടാമത് പറഞ്ഞ പോലെ സംഭവിക്കും ...????

ആദ്യം പറഞ്ഞത് sympathy യും , രണ്ടാമത് പറഞ്ഞത് empathy യും  ആണ് ..sympathy മിക്കവാറും മനുഷ്യർക്കൊക്കെ കാണും .പക്ഷെ empathy വളരെ കുറച്ചു പേർക്കേ കാണു ..മറ്റൊരുവന്റെ വ്യക്തിത്വവുമായി താദാത്മ്യം നേടാനുള്ള കഴിവ്‌ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും , അതിനു ആദ്യം വേണ്ടത് ക്ഷമ തന്നെയാണ് ...ആവശ്യമുള്ളപ്പോൾ നമുക്കില്ലാത്തതും ക്ഷമ തന്നെ...

ഇങ്ങനൊക്കെ റിസേർച് ചെയാൻ തക്ക വണ്ണം രണ്ടു സംഭവങ്ങൾ എന്റെ ജീവിതത്തിൽ അടുത്തിടെ ഉണ്ടായി . 

ഫോട്ടോ കണ്ടും , മെസ്സേജ് കണ്ടും മുൻവിധികളുടെ അടിസ്ഥാനത്തിൽ ആദ്യ വട്ടം ഞാൻ തെറ്റിദ്ധരിച്ചു പോയ ഒരു മനുഷ്യൻ ..കൃത്യം രണ്ടാം വട്ടം അയാൾ ആ ധാരണ തെറ്റാണോ എന്ന ചിന്ത എനിക്ക് സമ്മാനിച്ചു , മൂന്നാം തവണ തെറ്റാണെന്നും , ഒടുവിൽ നേരിട്ട് കണ്ടപ്പോൾ ഈ മനുഷ്യനെ കുറിച്ച് ഇങ്ങനെ ചിന്തിച്ചല്ലോ എന്ന വേദനയുമായിരുന്നു മനസ്സിൽ ...തുറന്നു പറയാൻ ഒരു അവസരം കിട്ടിയപ്പോൾ അത് പറയുകയും ചെയ്തു .അയാൾക്ക്‌ അത് പക്ഷെ വിഷമമായിട്ടുണ്ടാകാം , എങ്കിലും അയാളെക്കുറിച്ചു ഞാൻ ഇങ്ങനെ ചിന്തിച്ചു എന്ന് മറ്റൊരാളിലൂടെ അയാൾ അറിയുമ്പോൾ ഉണ്ടാകുന്ന വിഷമത്തെക്കാൾ വലുതല്ല , ഞാൻ നേരിട്ട് പറയുമ്പോൾ ഉണ്ടാകുന്നത് ...തിരിച്ചറിവുകളുടെ വരവ് എന്നും വൈകിയാണ് ,അത് അങ്ങിനെയേ ആകാവൂ ...ഇവിടെ എന്റെ empathy പ്രവർത്തിച്ചു ,അയാളിലും കുറച്ചു empathy പ്രവർത്തിച്ച കാരണം ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് .

മറ്റൊരാളോട് കണ്ടുമുട്ടിയ നാൾ മുതലിന്നു വരെ എനിക്ക് തോന്നിയ വികാരം sympathy   മാത്രമാണ് .ആരോക്കെ അയാളെക്കുറിച്ചു എന്തൊക്കെ പറഞ്ഞിട്ടും എനിക്ക് അയാളോടുള്ള വികാരത്തിൽ ഇന്നും മാറ്റമില്ല .അയാളുടെ പ്രവൃത്തികളെ ഞാൻ എന്നും sympathy   യുമായി തന്നെ കൂട്ടിക്കെട്ടുന്നു ...

 പൂർണമായും ഇപ്പറഞ്ഞപോലെ sympathy യും empathy യുമൊന്നും നമുക്ക് ആരോടും കാണിക്കാൻ പറ്റില്ല .കാരണം എല്ലാ മനുഷ്യന്റെയും ഉള്ളിൽ ഒരു കുഞ്ഞു സ്വാർത്ഥത ഇപ്പോഴും കാണും ,അതിങ്ങനെ സട കുടഞ്ഞു  എണീറ്റാൽ ഈഗോ , കോംപ്ലക്സ് തുടങ്ങിയ എണ്ണിപ്പെറുക്കാൻ കഴിയാത്ത അത്രയും വികാരങ്ങൾ ഞാനുൾപ്പെടുന്ന നമ്മളിൽ എല്ലാവരിലും ഉണരും .പിന്നെ sympathy ,empathy എന്നിവർക്കൊന്നും ഒരു സ്ഥാനവും കാണില്ല ..

അപ്പോൾ പറഞ്ഞു വന്നത് ഇത്രയേ ഉള്ളു :


  • മുൻവിധികൾ കഴിവതും ഒഴിവാക്കുക 
  • മറ്റൊരുവന്റെ വ്യക്തിത്വവുമായി താദാത്മ്യം നേടാനുള്ള കഴിവ്‌ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക
  • ഞാനാണ് ശരി എന്ന ചിന്ത ഉപേക്ഷിക്കുക .എല്ലാവർക്കും അവരുടെ ശരികൾ ഉണ്ടെന്നു അംഗീകരിക്കുക 
  • ജീവിതം ഒന്നല്ലേയുള്ളു , സ്വയം സന്തോഷിക്കുക ,മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കുക.

ഞാൻ നീയാകുക , നീ ഞാനും ..പിന്നെ നമ്മളിലേക്ക് ചേക്കേറുക ...നമ്മളറിയാതെ നമ്മളും വളരും .