Thursday, 30 November 2017

അങ്ങനെ അങ്ങനെ ഒരു മഴക്കാലത്ത്.....!!!

അങ്ങനെ അങ്ങനെ ഒരു മഴക്കാലത്ത്.....!!!



എന്തൊരു മഴയാ അല്ലെ .....വെട്ടമില്ല ,വെളിച്ചോമില്ല .....വെള്ളം മാത്രം മുങ്ങിക്കുളിക്കാൻ ...ഇങ്ങനെ തോരാതെ പെയ്താൽ എന്ന ചെയാനാ അല്ലിയോ ....? കാലും നീട്ടി മഴയും കണ്ടോണ്ടു ഇരിക്കുക ,,,,അതന്നെ ...

"മഴയൊന്നു നിന്നെങ്കിൽ മതിയായി വെള്ളം
ഒരു തുള്ളി തോരാത്ത മഴയെന്തു ശല്യം !
 വരളുന്ന  കാലത്ത്  മഴ തന്നെ മോഹം
 എരിയുന്ന കാലത്ത് മഴ തന്നെ സ്വർഗം !
 വെയിലിന്റെ കാലത്ത് വെയിലെത്ര ശല്യം
 മഴ വന്ന കാലത്ത് മഴയെത്ര നാശം "

കവിക്ക് കവിത എഴുതിയെങ്കിലും മഴയോട് കദനം പറയാം ...നമുക്കോ ....?

തോരാതെ പെയ്യുന്ന മഴയത്തു നനഞ്ഞു കുതിർന്നു വീടെത്തുമ്പോൾ മനസ്സിലേക്ക് ഓടിവന്ന കുറച്ചു മഴക്കാല ഓർമകളുണ്ട്...
അതിൽ ആദ്യത്തേത് തലയ്ക്കരികിൽ വലിയ ചരുവവും വച്ച് കിടന്നുറങ്ങിയ രാത്രികളാണ് .മേൽക്കൂരയുടെ ഇടയിലൂടെ അതിവിദഗ്ധമായി ഊർന്നിറങ്ങി നമ്മളെ നനയ്ക്കാൻ വിജയശ്രീലാളിതയായി തുള്ളികൾ വരുന്ന ഒരു വരവുണ്ട് ....അങ്ങനെ നീയിപ്പം എന്നെ നനയ്ക്കണ്ട കേട്ടോ എന്നും പറഞ്ഞു ചരുവം എടുത്തങ്ങു വയ്ക്കും .....ഉറക്കത്തിന്റെ ആലസ്യത്തിനിടയ്ക്കും പാത്രത്തിൽ താളം പിടിക്കുന്ന മഴത്തുള്ളികളെ നോക്കി നേരം വെളുപ്പിച്ച ഒരു കാലം ഉണ്ടായിരുന്നു ,,,,,പിന്നെ കോൺക്രീറ്റും ടെറസ്സും ഒക്കെ ആയപ്പോൾ മഴത്തുള്ളികൾ പിണങ്ങി പിരിഞ്ഞൊരു പോക്ക് .

സ്കൂളൊക്കെ കഴിഞ്ഞു പാടവരമ്പത്തൂടെ കൂട്ടം കൂടി നടന്നു വരുമ്പോൾ വിരുന്നു വിളിക്കാതെ ഓടിയെത്തുന്ന ഒരു മഴയുണ്ട് ....വാഴയിലക്കീറും  , ചേമ്പിലകളുമൊക്കെ പറിച്ചെടുത്തു തലയിൽ കമഴ്ത്തി മത്സരിച്ചു ഓടി വീട് പറ്റിയ കുട്ടിക്കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ ...മഴ നനയാനുള്ള പേടി കൊണ്ടല്ല .....ഉടുപ്പ് നനഞ്ഞാലോ എന്ന സങ്കടം കൊണ്ടുള്ള ഓട്ടമായിരുന്നു അത് ..രണ്ടു വെള്ള ഷർട്ടും ഒരു നീല പാവാടയും കൊണ്ട് ഒരു വർഷം ഓടി തികയ്ക്കാനുള്ള ബദ്ധപ്പാടിന്റെ സങ്കടം കൊണ്ട് അന്ന് ചിലപ്പോഴൊക്കെ മഴയെ വെറുത്തിരുന്നു ...

എന്റെ കുട്ടിക്കാലത്തൊക്കെ ഞങ്ങളുടെ നാട് തീർത്തും ഗ്രാമം ആയിരുന്നു ....വയലുകളും , തോപ്പുകളും , കുളവും , ചാനലും അങ്ങനെ ....മഴക്കാലത്തു ചാനലൊക്കെ നിറഞ്ഞു കവിയുമ്പോൾ വെള്ള തോർത്തുമെടുത്തു മീൻ പിടിക്കാൻ കൂട്ട് കൂടി പോകാറുണ്ടായിരുന്നു ..വയൽ പ്രദേശമായതു കൊണ്ട് മഴ വന്നാൽ ഞങ്ങളുടെ കിണറുകളിൽ നിന്നും തോട്ടിയും കയറുമൊക്കെ മാറ്റി ,കപ്പും ,പാത്രവുമിട്ടായിരുന്നു വെള്ളം എടുക്കാറ് .അന്നൊക്കെ മഴയെ സ്നേഹിച്ചിരുന്നു ....വെള്ളം തട്ടിത്തെറിപ്പിച്ചു അവളെ പ്രണയിച്ചിരുന്നു ....മരത്തണലിൽ ഒതുങ്ങിക്കൂടി കൈവെള്ളയിലിട്ടു അവളെ അമ്മാനമാടിയിരുന്നു ...ഇളം തലോടലുകളുമായി അവൾ നൽകുന്ന ചുംബനങ്ങളെ ഒരു ഉൾപ്പുളകത്തോടെ മുഖത്തോടു ചേർത്തിരുന്നു ....

ജൂണിലെ മഴക്കാലത്തു സ്കൂളിൽ പോയ ഓർമയൊക്കെ പത്താം ക്‌ളാസ് കഴിഞ്ഞതോടെ അവസാനിച്ചു ...ഇക്കഴിഞ്ഞ വർഷമാണ് ജൂണിലെ മഴയെ വീണ്ടും കണ്ടുമുട്ടിയത് ....അതും വർഷങ്ങൾക്കു ശേഷം......

ഇപ്പോ എന്തിനാ ഈ കഥയൊക്കെ പറഞ്ഞെ എന്നല്ലേ ...... ഒന്നുമില്ല,,വെറുതെ ..സോളാർ സരിതക്കു പ്രാന്തായി എന്നും ദിലീപിനെ പോലീസ് ഇടിച്ചു എന്നും , ഹാദിയക്ക് നീതി കിട്ടി എന്നുമൊക്കെ പറഞ്ഞു ചുമ്മാ കുറെ ചർച്ച നടത്തണേനെക്കാളും നല്ലതല്ലേ കുറെ ഗൃഹാതുരതകൾ അയവിറക്കുന്നത്......അത്രയേ  ഉള്ളു സംഗതി ...

Tuesday, 14 November 2017

നന്ദി ദൈവമേ ....ഈ ജീവിതം കൊണ്ട് ഞാൻ ഒരുപാട് നേടി .....ഒരുപാടൊരുപാട് ......

നന്ദി ദൈവമേ ....ഈ ജീവിതം കൊണ്ട് ഞാൻ ഒരുപാട് നേടി .....ഒരുപാടൊരുപാട് ......



താൽക്കാലിക വിരാമത്തിനു അവിരാമമിട്ടു കൊണ്ട് വീണ്ടും ഞാനെന്റെ തട്ടകത്തിലേക്കു തിരികെ എത്തുകയാണ് .ഇത് വരെ കൂടെ നിന്നവർക്കും ,ഇനി കൂടെ നിൽക്കാൻ താല്പര്യമുള്ളവർക്കും ഹൃദയം നിറഞ്ഞ നന്ദി ...

ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം തൂലിക ചലിപ്പിക്കാനൊരുങ്ങുമ്പോൾ പറയാൻ ബാക്കി വച്ച കുറെയേറെ  ജീവിതാനുഭവങ്ങളുടെ നീണ്ട നിര തന്നെയുണ്ട് പിന്നിൽ .എന്നെ മാത്രം വിശ്വസിച്ചു ഈ ഭൂമിയുടെ മനോഹാരിതയിലേക്കു കണ്ണ് തുറക്കാൻ കൊതിച്ച ചിപ്പിക്കുൾമുത്തിനായി മാറ്റി വച്ചതായിരുന്നു ഈ ദിനങ്ങളത്രയും .....

അമ്മയാകുക,,
 കേൾക്കാൻ സുഖമാണ്.... , 
അനുഭവിക്കുക മാധുര്യം ഏറെയാണെങ്കിലും പ്രയാസമാണ് ....
ജീവിക്കൽ പോരാട്ടമാണ് ....
ആ പോരാട്ടത്തിന്റെ പടിവാതിൽ ഞാനും തുറന്നു .....

അദമ്യമായ നന്ദി ...
സർവേശ്വരനോട്...., 
അതിലേറെ നാളിതു വരെ താങ്ങും തണലുമായി നിന്ന പ്രിയപ്പെട്ട ഭർത്താവിനോട് ....

ഓരോ അമ്മയും ഏതൊക്കെ പ്രയാസങ്ങൾ അനുഭവിച്ചാണ് ഒരു കുഞ്ഞിന് ജന്മം നൽകുന്നത് എന്ന് തിരിച്ചറിയണമെങ്കിൽ 'അമ്മ ആയെ മതിയാകു ....എന്റെ ഇരുപത്തിമൂന്നു വർഷത്തെ ജീവിതത്തിനും , സന്തോഷത്തിനും വേണ്ടി എന്റെ 'അമ്മ മാറ്റി വച്ച- അമ്മയുടെ ജീവിതം എന്താണെന്ന് മനസിലാക്കാൻ വേണ്ടിയുള്ള യാത്ര കൂടിയാണ് ഇനി മുന്പോട്ടുള്ള ജീവിതം .

സങ്കടങ്ങൾ മൂർദ്ധന്യത്തിൽ എത്തുമ്പോൾ മരണത്തേക്കാൾ വലിയ മരുന്നൊന്നുമില്ലെന്നു തോന്നിയ പല നിമിഷങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ,,,,എന്നാലിന്ന് എന്റെ കുഞ്ഞിന് വേണ്ടി ജീവിക്കാൻ ആഗ്രഹിക്കുമ്പോൾ മരണത്തിനോട് പോലും കൈകൂപ്പുകയാണ് ,,,,എന്നെ തേടി വേഗത്തിലൊന്നും വരരുതേ എന്ന് .

സന്തുഷ്ടയാണ് .....
ഇത് വരെ ജീവിക്കാൻ കഴിഞ്ഞതിൽ ...
നല്ലൊരമ്മയുടെ അധികം മോശമല്ലാത്ത മകളാകാൻ കഴിഞ്ഞതിൽ ...
ഒരുപാട് സ്നേഹമുള്ളൊരു എട്ടന്റെ പെങ്ങളാകാൻ കഴിഞ്ഞതിൽ ....
കരണത്തേക്കടിക്കാൻ നീട്ടുന്ന കൈ കൊണ്ട് കുസൃതിയോടെ ,അതിലേറെ പ്രണയത്തോടെ എന്നെ  നെഞ്ചോടു ചേർക്കുന്ന ഭർത്താവിനെ  കിട്ടിയതിൽ ......
ഒരു ചെറിയ പുഞ്ചിരി കൊണ്ട് , അമ്മേ എന്നുള്ള ഒരു വിളി കൊണ്ട് ലോകത്തെ മുഴുവൻ സന്തോഷങ്ങളും എനിക്ക് സമ്മാനിക്കുന്ന എന്റെ പ്രിയപ്പെട്ട മകളെ വാരിപ്പുണരാൻ കഴിഞ്ഞതിൽ ....

നന്ദി ദൈവമേ ....ഈ ജീവിതം കൊണ്ട് ഞാൻ ഒരുപാട് നേടി .....ഒരുപാടൊരുപാട് ......

Saturday, 22 October 2016

#story#ഒന്ന് പരിശുദ്ധയാകുവാനുള്ള സമയം

ഒന്ന് പരിശുദ്ധയാകുവാനുള്ള സമയം 



" ഇന്നും ...? "   ഹരി ചോദ്യഭാവത്തോടെ നിര്‍മലയെ നോക്കി .
" ഞാന്‍ പറഞ്ഞതല്ലേ ഹരിയേട്ടാ ...എനിക്ക് കുറച്ചു സമയം വേണം .ഹരിയേട്ടനും സമ്മതിച്ചതല്ലേ ...? "

"എത്ര സമയം ...?എന്തിന് ...?ഇതിനൊക്കെ കൃത്യമായ ഒരു മറുപടിയെങ്കിലും നിനക്ക് തന്നൂടെ ....ഇതൊരുമാതിരി അമ്പലത്തിലെ വിഗ്രഹം പോലെ ...."
" ഹരിയേട്ടാ ....."
"ഞാന്‍ ഒന്നും പറയുന്നില്ല നിമ്മി ....എന്താന്നു വച്ചാല്‍ നിന്‍റെ ഇഷ്ടം പോലെ ..."

അത്രയും പറഞ്ഞു പുതപ്പെടുത്തു തലയിലൂടെ മൂടി ഹരി തിരിഞ്ഞു
കിടന്നു ...,മറുപടിയൊന്നും പറയാതെ മുറിയിലെ വെളിച്ചം കെടുത്തി നിര്‍മലയും ..

നിര്‍മലയ്ക്ക് പക്ഷെ ഉറക്കം വരുന്നുണ്ടായിരുന്നില്ല .അല്ലെങ്കില്‍ത്തന്നെ കുറെ വര്‍ഷങ്ങളായി ,അവള്‍ സ്വസ്ഥമായി ഒന്ന് ഉറങ്ങിയിട്ട്.

"എത്ര സമയം ...? " ഈ ചോദ്യം ഹരിയേട്ടന്‍ എത്ര തവണ ചോദിച്ചു കഴിഞ്ഞിരിക്കുന്നു .മറുപടി നല്‍കുവാനുള്ള ധൈര്യം ഇന്നേവരെ
തനിക്കുണ്ടായിട്ടില്ല .മനസ്സ് കൊണ്ട് ഹരിയേട്ടന്റെ ചോദ്യത്തിന് ഓരോ തവണയും മറുപടി പറഞ്ഞിരിക്കുന്നു .ഹരിയേട്ടനും ഒരു പുരുഷനല്ലേ .
വിവാഹം കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു കിടക്കയ്ക്കിരുവശവും രണ്ടപരിചിതരെപ്പോലെ .....മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ എന്നേ
തന്നെ ഉപേക്ഷിച്ചു പോയേനെ ....

" നീ ഉറങ്ങിയില്ലേ ...?"
" ഇല്ല ...ഉറക്കം വരുന്നില്ല ഹരിയേട്ടാ ..."
" സാരമില്ല ,....ഞാന്‍ പറഞ്ഞതൊക്കെ അങ്ങ് മറന്നേക്ക്‌ ....നീ കിടന്നുറങ്ങ് ..രാവിലെ നേരത്തെ എണീക്കേണ്ടതല്ലേ "

                      *************              **************               ***************

തിങ്കളാഴ്ചയാണ് .....തിരക്കോട് തിരക്കുള്ള ദിവസം .ഇന്‍ഫോപാര്‍ക്കിന്റെ തിരക്കിലേക്ക് ഇരുവരും അലിഞ്ഞു ചേര്‍ന്നു .ഇനി ഇരുട്ടും
വരെ പബ്ലിക്കും , സ്റ്റാട്ടിക്കും ,പ്രൈവറ്റും , വോയിടുമൊക്കെ തലച്ചേറിലിട്ടു കലക്കി റിട്ടേണ്‍ ചെയ്തെടുക്കണം അറിഞ്ഞു കൊണ്ട് നിര്‍മല
തിരഞ്ഞെടുത്തതാണ് ഈ തിരക്കിനെ .

ഒരു നിമിഷം പോലും തനിച്ചിരിക്കാന്‍ അവസരമുണ്ടാകാതിരിക്കാന്‍ വേണ്ടി .പകലായാലും ,രാത്രിയായാലും  തനിച്ചായാല്‍ നിര്‍മലയ്ക്ക് ചുറ്റും ഇരുട്ടാണ്‌ . ആ ഇരുട്ടത്ത് കുറേ ചോക്ലെറ്റുകളുമായി ഒരു വലിയ മീശക്കാരന്‍ കടന്നു വരും .അപ്പോളവള്‍  ആ ചോക്കലേറ്റിന് വേണ്ടി വലിയ മീശക്കാരനെ അനുസരിക്കുന്ന 12 വയസ്സുകാരിയായി മാറും .രോമകൂപങ്ങള്‍ എണീറ്റുനില്‍ക്കും . ശരീരമാകെ സുഖകരമായ ഒരു കുളിര് പടരും .ഭാരമൊക്കെ നഷ്ടപ്പെട്ടു പറന്നു പറന്നു പോകും .....ഒടുവിലൊരു നനവിന്റെ തണുപ്പില്‍  അല്പം വേദനയും നല്‍കി അയാള്‍ പോകുമ്പോള്‍ അവളയാളെ കെട്ടിപ്പിടിച്ചു ഒത്തിരി സ്നേഹത്തോടെ ആ കവിളുകളില്‍ മുത്തം നല്‍കും .
പക്ഷേ ആ ചുംബനത്തിന്റെ ഓര്‍മ്മകള്‍ കൃത്യം പതിനാറാം വയസ്സു മുതല്‍ അവളുടെ ഉറക്കം കെടുത്തിക്കളഞ്ഞു .

ഏഴു വര്‍ഷത്തിനപ്പുറവും ആ ഓര്‍മ്മകള്‍ അവളെ മഥിക്കുന്നത് കൊണ്ടാണ് അവളീ തിരക്കിനെ സ്നേഹിക്കുന്നത് .ഈശ്വരനും അവള്‍ക്കും
മാത്രമറിയാവുന്ന ആ സത്യങ്ങള്‍ എങ്ങനെ ഹരിയോട് പറയും ...?ഹരി അതെങ്ങനെ ഉള്‍ക്കൊള്ളും ....??

ഫോണ്‍ റിംഗ് ചെയ്തതും നിര്‍മല സ്വപ്നങ്ങളില്‍ നിന്നും ഞെട്ടിയുണര്‍ന്നു .ഹരിയാണ് ....ഉച്ചയൂണിനു സമയമാകുന്നതേയുള്ളൂ ...പതിവ് തെറ്റിയൊരു വിളി ...?

"ഹലോ ...എന്താ ഹരിയേട്ടാ ഈ നേരത്ത് ?"
" നിമ്മി ,,ഒരു ആവശ്യമുണ്ട് .നീ ഒരാഴ്ചത്തേക്ക് ലീവ് പറഞ്ഞിട്ട് വേഗം ഇറങ്ങു .അര മണിക്കൂറിനുള്ളില്‍ ഞാന്‍ നിന്‍റെ ഓഫീസില്‍ എത്താം .വേഗം വേണം "
"എന്താ കാര്യം ...? "
"അതൊക്കെ പിന്നെ പറയാം ..നീ ഞാന്‍ പറഞ്ഞപോലെ ചെയ്യ്‌ "

അപ്പുറത്തു കാള്‍ കട്ട്‌ ആയിരിക്കുന്നു .എന്തോ ഏതോ ....?പറഞ്ഞ പോലെ അവധിയും വാങ്ങി ഓഫീസിനു താഴെ എത്തുമ്പോള്‍  അതാ ഹരി കാറുമായി കാത്തു നില്‍ക്കുന്നു .ഹരി ഒന്നും മിണ്ടാത്തത് കൊണ്ട് അവളും ഒന്നും മിണ്ടിയില്ല ...


                      *************              **************               ***************


യാത്ര ചെന്നവസാനിച്ചത്‌ അവളുടെ വീട്ടിലായിരുന്നു ..വീടിനു ചുറ്റും ആള്‍ക്കൂട്ടം ...ചന്ദനത്തിരിയുടെ ഗന്ധം ...നിര്‍മല ഒരുള്‍ഭയത്തോടെ ഹരിയെ നോക്കി ..

"ഹരിയേട്ടാ ...എന്‍റെ അമ്മ .....?????"
"ഏയ് ....അമ്മയ്ക്ക് ഒന്നുമില്ല ...നീ ഇറങ്ങു ....അകത്തേക്ക് ചെല്ല് ...."

വിറയ്ക്കുന്ന കാലടികളോടെ അവള്‍ നടന്നു വരാന്തയില്‍ കയറി ...

വാഴയിലക്കീറിന്റെ അറ്റത്തു നിലവിലക്കിലെ തിരി അണയാതെ നിന്ന് കത്തുന്നു ...
ആളുകള്‍ വന്നും പോയും നില്‍ക്കുന്നു . ചുമരില്‍ ചാരിയിരുന്നു നിശബ്ദമായി അമ്മ കരയുന്നു .....
താന്‍ കരയണോ അതോ ചിരിക്കണോ ...?
നിര്‍മല ഒന്ന് ദീര്‍ഘനിശ്വാസം എടുത്തു ... പിന്നെ അമ്മയ്ക്കരികിലേക്ക് ചെന്നിരുന്നു .

"ആരാ ദേവകി അവനു കര്‍മങ്ങള്‍ ചെയുക ...? "വല്യച്ഛനാണ് .
" എനിക്കറിയില്ല വല്ല്യേട്ടാ ...എനിക്ക് കൈയും കാലുമൊന്നും അനങ്ങണില്ല . നിങ്ങളൊക്കെ കൂടി എന്താന്നുവച്ചാ അങ്ങനെ ...."

"ഞാന്‍ ചെയ്യാം വല്ല്യച്ചാ ...." നിര്‍മല പറഞ്ഞു .
"നീയോ ...?എന്താ മോളെ ഈ പറയുന്നേ ....?അതൊന്നും ശരിയല്ല ...അത് പാടില്ല ..അത് തെറ്റാണ് "
"വല്ല്യച്ചാ ,,,,ശരിയും ,തെറ്റും നോക്കാനാണേല്‍ ഒരുപാടുണ്ട് ...തര്‍ക്കമൊന്നും വേണ്ട .ഞാന്‍ ചെയ്യാം ..."

"നിമ്മി ...അത് വേണ്ട ...മറ്റാരെങ്കിലും ചെയും ...."
"ഇല്ല ഹരിയേട്ടാ ...എന്‍റെ അച്ഛന്റെ കര്‍മങ്ങള്‍ ഞാന്‍ തന്നെ ചെയ്യും ,,,ഇതെന്റെ തീരുമാനമാണ് .ഇതിനു മാറ്റമില്ല .കര്‍മങ്ങള്‍  പൂര്‍ത്തിയാക്കി അച്ഛന്‍റെ ചിതാഭസ്മവും നിമഞ്ജനം ചെയ്തിട്ടേ നിര്‍മല്യ്ക്കിനി മടക്കമുള്ളൂ...."

എല്ലാ ശബ്ദങ്ങളും നിര്‍മലയുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ നിശബ്ദതയുടെ നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തി .

മണ്‍കുടത്തിലടച്ച ചിതാഭസ്മം നിര്‍മലയെ ഏല്‍പ്പിച്ചു പരികര്‍മി മടങ്ങി.
ദിവസങ്ങള്‍ കടന്നു ..മരണവീട്ടില്‍ ആളൊഴിഞ്ഞു ...
ആരവങ്ങളടങ്ങി ....കണ്ണീര്‍ ഓര്‍മകളിലേക്ക് വിടവാങ്ങി ...ഹരിയും യാത്ര പറഞ്ഞു .....


                      *************              **************               ***************


കൃത്യം പതിനാറാം ദിവസം രാവിലെ കുളിച്ചു ഈറനോടെ അവള്‍ പൂജാമുറിയില്‍ കയറി വാതിലടച്ചു .
കണ്മുന്നിലിരിക്കുന്ന ദൈവങ്ങളെ സാക്ഷിയാക്കി അവളാ ചിതാഭസ്മത്തിന്‍റെ കെട്ടു തുറന്നു .ഉള്ളിലുള്ള സകല ദേഷ്യവും ,വേദനകളും ഓര്‍മകളും
കൂട്ടിച്ചേര്‍ത്ത് ഹൃദയത്തില്‍  സൂക്ഷിച്ചു വച്ചിരുന്ന  ഏഴു വര്‍ഷത്തിന്‍റെ പാപക്കണക്ക് , വല്ലാത്തൊരു ആനന്ദത്തോടെ അവളതിലേക്ക് കാര്‍ക്കിച്ചു തുപ്പി .

തണുത്ത വെള്ളത്തിന്‍റെ കുളിരില്‍ വിറയലോടെ ഒന്ന് മുങ്ങിയെണീറ്റതും മനസ്സിന് ഒരു  ശാന്തി അനുഭവപ്പെട്ട പോലെ .....
കണ്ണീരു കൊണ്ട് ഉള്ളിലെ  കുറ്റബോധമെല്ലാം കഴുകിക്കളഞ്ഞു ഈശ്വരന്മാരോട് നന്ദിയും പറഞ്ഞു അമ്മയെയും കൂട്ടി അവള്‍
ഹരിക്കടുത്തേക്ക് വണ്ടി കയറി .


                      *************              **************               ***************


പതിവ് ചോദ്യം ചോദിക്കാന്‍ വയ്യാത്തതു കൊണ്ട്  ഹരി ഒന്നും മിണ്ടാതെ കിടന്നുറങ്ങാന്‍ ശ്രമിച്ചു .നിര്‍മല മുറിയിലേക്ക് കയറി
വെളിച്ചം കെടുത്തി പതിവ് തെറ്റിക്കാതെ തിരിഞ്ഞു കിടന്നു .ഹരിയുടെ കണ്ണുകളെ മയക്കം കവര്‍ന്നെടുക്കാന്‍ തുടങ്ങിയതെയുള്ളൂ ......

നെറ്റിയിലൊരു കുളിര് .....പിന്നെ കണ്ണില്‍ ....കവിളുകളില്‍ .......നാസികത്തുമ്പില്‍ .....
ഒടുവില്‍ ആ കുളിര് അധരങ്ങളെ കവര്‍ന്നെടുത്തതും ഹരി ആവേശഭരിതനായി നിര്‍മലയെ വാരിപ്പുണര്‍ന്നു പുതപ്പിനടിയിലേക്കു
നൂണ്ടു കയറി .....

ജാലകത്തിനപ്പുറത്ത് ഒരല്‍പം നാണത്തോടെ കൊക്കുരുമ്മി കൊണ്ട് രണ്ടിണക്കിളികള്‍ അവര്‍ക്ക് കാവലിരുന്നു ...


(ശുഭം)


( ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലുമൊക്കെ സാമ്യം ആർക്കെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ തോന്നുവാണേൽ മനസ്സാ-വാചാ-കർമണാ-ലക്ഷ്മണാ  എനിക്ക് യാതൊരു വിധ ഉത്തരവാദിത്ത്വവും ഇല്ലെന്നു ഇതിനാൽ ബോധിപ്പിച്ചു കൊള്ളുന്നു )

#poem#Soldier

ഒരു ജവാന്‍റെ ഓര്‍മയ്ക്ക് 

കവിത ഒന്ന് കേട്ട് നോക്കിയാലോ ....?,ഈ ലിങ്കിൽ ഒന്ന് ക്ലിക്കിക്കോ ...

ആര്‍ത്തനാദങ്ങളലയടിച്ചുയരുന്ന രണഭൂവില്‍
എന്നുയിരിന്നു കാവലായ് തന്നുയിരു നല്‍കുന്ന ധീരനാം പോരാളി നീ ...
ശിശിരമോ,ശൈത്യമോ ദിനമേതെന്നറിയാതെ
ഇരുളിലും പകലിലും ഇമയണയാതുരുകുന്ന ത്യാഗമേ ...,
വസന്തം നിനക്കന്യമോ ....?
പ്രണയത്തിന്‍ വസന്തം നിനക്കന്യമോ ....?

പിഞ്ചോമനയ്ക്കൊപ്പം പുഞ്ചിരി കൂടുവാന്‍
നെഞ്ചകം വിങ്ങുന്നോരച്ചനല്ലേ ...
പഞ്ചാഗ്നിസാക്ഷിയായ് നെഞ്ചം പകുത്തവള-
ഞ്ചാറു കൊല്ലമായ്‌ കാത്തിരുപ്പല്ലേ ....

ഉണ്ണിക്കിടാവിനു താരാട്ട് പാടാതെയമ്മ
നിലാവെങ്ങോ പോയ്‌മറഞ്ഞു
അന്ത്യശ്വാസത്തിലിന്ദ്രിയം തേടുന്ന
തപ്തബിന്ദുവായ്‌ നീ നിന്നുരുകിയല്ലോ ....

കൈ പിടിച്ചച്ചന് താങ്ങായി നില്‍ക്കാനും ,
കരമേകിയുണ്ണിക്ക് തണലായി മാറാനും ,
കന്നിയുരുളയാലുണ്ണിയെ ഊട്ടാനും ,
അന്നം കൊണ്ടമ്മയ്ക്ക് ശ്രാദ്ധമൂട്ടാനും ,
പ്രിയതയുടെ കണ്‍കളില്‍ പ്രണയം വിടര്‍ത്താനും ,
ദാഹിച്ചു കേഴുന്ന വേഴാമ്പല്‍ നീ ...

എല്ലാം നിനക്കന്യം , നിന്നുയിരും നിനക്കന്യം ...
എന്‍റെ മോഹങ്ങള്‍ക്ക് ചിറകേകുവാന്‍ ,
എന്‍റെ ദാഹങ്ങള്‍ക്ക് കുളിരാകുവാന്‍ ,
എന്‍റെ നാടിന്നു തണലാകുവാന്‍ ,
കണ്ണിമയ്ക്കാതെ , നെല്ലിട തളരാതെ ,ഏതോ വിദൂരത്തിലേകാന്ത ബിന്ദുവില്‍
എല്ലാം മറന്നുകൊണ്ടിന്ത്യയെ കാക്കുന്ന ധീരജവാനേ ......വന്ദനം