Tuesday, 12 February 2019

കുറുമ്പൻ ലുട്ടാപ്പി ...!!!

കുറുമ്പൻ ലുട്ടാപ്പി ...!!!


കുട്ടിക്കുറുമ്പുകൾ വട്ടം പിടിക്കുന്ന കാലം മുതൽക്കുള്ള കൂട്ടാണേ ,
കുന്തത്തിൽ കേറിയിട്ടങ്ങോട്ടുമിങ്ങോട്ടും കുന്തി പറക്കുന്ന ലുട്ടാപ്പി .....

എത്ര തകർത്താലുമൊട്ടും ഭയക്കാതെ കുസൃതി കാട്ടുന്ന ലുട്ടാപ്പി ,
മായാവി കുട്ടനെ കുപ്പിയിലാക്കാനായി മന്ത്രം പഠിക്കുന്നു ലുട്ടാപ്പി.... 

കുട്ടൂസനപ്പൂന്റേം, ഡാകിനിയമ്മുന്റേം കണ്ണിലെ കണ്മണി ലുട്ടാപ്പി,
വിക്രമനണ്ണന്റെ ഒക്കത്തിരിക്കും , മുത്തുന്റെ മുത്താകും ലുട്ടാപ്പി ....

രാജൂനേം , രാധേയും , നാട്ടിലെ പിള്ളാരേം  വട്ടം കളിപ്പിക്കും ലുട്ടാപ്പി ,
മായാവിക്കുട്ടന്റെ മാന്ത്രിക ദണ്ഡിനെ അമ്പേ ഭയക്കുന്നു ലുട്ടാപ്പി ..... 

അക്ഷര മുത്തുകൾ ചൊല്ലി പഠിച്ചൊരു കാലം മുതൽക്കെന്റെ കൂട്ടാണേ ,
ലുട്ടാപ്പിയില്ലാത്ത ചിത്ര കഥയെനിക്കൊട്ടും പിടിക്കില്ല ചങ്ങായി .....

കുട്ടിക്കുറുമ്പുകൾ വട്ടം പിടിക്കുന്ന കാലം മുതൽക്കുള്ള കൂട്ടാണേ ,
കുന്തത്തിൽ കേറിയിട്ടങ്ങോട്ടുമിങ്ങോട്ടും കുന്തി പറക്കുന്ന ലുട്ടാപ്പി ......

Monday, 4 February 2019

പേരൻപ്.....film review

പേരൻപ്.....



                                                  പേരൻപ്...  അൻപിനാൽ ഇഴ ചേർക്കപ്പെട്ട   അമുദന്റെയും പാപ്പായുടെയും ജീവിതത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം . സ്നേഹം ഇവിടെ പ്രണയമായും, വാത്സല്യമായും , ത്യാഗമായും, വിട്ടു കൊടുക്കലായും, അംഗീകരിക്കലായും അതിന്റെ പൂർണത കൈക്കൊള്ളുന്ന ദൃശ്യാനുഭവം ..സ്നേഹത്തിനു സ്വാതന്ത്ര്യം എന്നൊരു അർഥം കൂടിയുണ്ടെന്നും , അത് നല്കുന്നതിലാണ് ജീവിതത്തിന്റെ മനോഹാരിത എന്നും പേരൻപ് വിളിച്ചോതുന്നു .


സ്പാസ്റ്റിക് പരാലിസിസ് രോഗിയായ മകളിൽ നിന്നും കടലും കടന്നു ദൂരേക്ക് പറന്നു പോയ അമുദൻ ...വർഷങ്ങൾക്കിപ്പുറം മറ്റൊരു വഴിയുമില്ലാതെ മകളെ ഏറ്റെടുക്കാനായി അയാൾക്ക് തിരികെ വരേണ്ടി വരുന്നു .ഇത്രയും വർഷം നാട്ടുകാരുടെയും വീട്ടുകാരുടെയും പരാതികൾക്കും കുത്തുവാക്കുകൾക്കും ചെവി കൊടുത്ത് സ്നേഹം ത്യാഗമാണെന്നു സമർഥിച്ച ഒരമ്മയാണ് ഒടുവിൽ മകൾ എന്തെന്ന് പോലുമറിയാത്ത അച്ഛന് അവളെയും നൽകി സ്വന്തം ജീവിതം തേടി പോകുന്നത് .ആ പോകുന്നതിനും അവൾക്കൊരു ന്യായികരണം ഉണ്ടെന്നു കണ്ടെത്തി മറ്റുള്ളവരെ ശല്യപ്പെടുത്താതെ മകളുമായി അയാൾ യാത്രയാവുകയാണ് ...മനുഷ്യരില്ലാത്ത, കുരുവികള്‍ ചാകാത്ത  ഒരിടം തേടി ...അവിടെ തുടങ്ങുകയാണ് ഒരച്ഛന്റെയും മകളുടെയും നിസ്വാർത്ഥമായ സ്നേഹത്തിന്റെ കഥ ..

സ്വന്തം ജീവിതം എത്രമേൽ മഹത്തരവും സൗഭാഗ്യം നിറഞ്ഞതുമാണ് എന്ന് മനസ്സിലാകണമെങ്കിൽ നമുക്ക്  മറ്റുള്ളവരുടെ വേദനകൾ തിരിച്ചറിയാൻ കഴിയണം .ആ തിരിച്ചറിവാണ് അമുദനെ മകളിലേക്കു അടുപ്പിക്കുന്നത് ,അവളെപ്പോലെയാകാൻ അയാൾ പരിശ്രമിച്ചെങ്കിലും അതിനു സാധിക്കില്ലെന്ന തിരിച്ചറിവാണ് അവളിക്കേലുള്ള അയാളുടെ പ്രയാണത്തിന് വഴി തുറന്നത്....പാട്ടുപാടിയും , നൃത്തം ചെയ്‌തും , മോണോ ആക്ട് കാണിച്ചും മകളുടെ സ്നേഹം പിടിച്ചു പറ്റാൻ ശ്രമിക്കുന്ന അച്ഛൻ ..ഒടുവിൽ തോൽവി സമ്മതിച്ചു നീറുന്ന നെഞ്ചോടെ " ഇനിയെന്താണ് ഞാൻ ചെയേണ്ടത് , നീ എന്നോടൊന്നു മിണ്ടാൻ " എന്ന് ചോദിക്കുമ്പോൾ അറിയാതെ നമ്മുടെ ഹൃദയവും ഒന്ന് വിങ്ങും ..പ്രകൃതിയാണ് ഇവിടെ അച്ഛൻ മകൾ ബന്ധം ഊട്ടിയുറപ്പിക്കുന്നത്.മകൾ സൂര്യനാകുമ്പോൾ അച്ഛൻ ചന്ദ്രനായും, അച്ഛൻ സൂര്യനാകുമ്പോൾ മകൾ ചന്ദ്രികയായും മാറുന്നു...ഒടുവിൽ ഒരു  ചിറകടിയുടെ മനോഹാരിതയോടെ അച്ഛൻ മകൾ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു ...പ്രകൃതിയുടെ മനോഹാരിതയും , ഇരുട്ടിന്റെ നിശ്ശബ്ദതതയും , പശ്ചാത്തല സംഗീതത്തിന്റെ ഒഴുക്കും നമ്മെ കൊണ്ടെത്തിക്കുന്നത് നന്മ നിറഞ്ഞ ഒരു അന്തരീക്ഷത്തിലേക്കാണ് ....വാക്കുകളേക്കാൾ ഭീകരമായ അർഥം മൗനത്തിനുണ്ടെന്നു ഓരോ ഫ്രെയിമിലൂടെയും റാം കാട്ടിത്തരുന്നു ...

ഋതുമതിയായ മകൾ ഏതൊരു അച്ഛന്റെയും ഏറ്റവും വലിയ സന്തോഷമാണ് , പക്ഷെ ഇവിടെ അമുദനുണ്ടാകുന്ന വികാരം അയാളുടെ നിശബ്ദതയിലൂടെ കാഴ്ചക്കാരന്റെ ഹൃദയത്തെ വേദനിപ്പിക്കുകയാണ്, ഒരു പെൺകുട്ടിക്ക് , പ്രത്യേകിച്ചും തന്റെ മകൾക്കു ഈ അവസരത്തിൽ 'അമ്മ എത്ര മാത്രം ആവശ്യമാണെന്ന് അയാൾ മനസ്സിലാക്കുന്നു എങ്കിലും മറ്റു വഴികളൊന്നുമില്ലാതെ ഒടുവിൽ അച്ഛൻ തന്നെ അമ്മയാകുകയാണിവിടെ .

വിജി എന്ന വിജയലക്ഷ്മിയുടെ കടന്നു വരവോടെ കുറച്ചു നിമിഷത്തേക്ക് വേണ്ടിയെങ്കിലും അയാളും ഒരു മനോ രാജ്യത്തിൽ എത്തിപ്പെടുകയാണ് .അതൊരു നിമിഷ സ്വപ്നമായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ അയാൾക്കു ദേഷ്യത്തെക്കാളേറെ അവളോട് തോന്നുന്നത് സ്നേഹം തന്നെയാണ് ...ഓരോ മനുഷ്യന്റെയും അവസ്ഥകളെ അവരായി നിന്ന് കൊണ്ട് മനസ്സിലാക്കുന്ന അമുദൻ സ്നേഹത്തിനു മാനവികത എന്നൊരു അർഥം കൂടിയുണ്ടെന്ന്  നമ്മെ പഠിപ്പിക്കുന്നു ...

ജീവിക്കാൻ മനുഷ്യന് ആവശ്യം പണം തന്നെയാണ് , വായു ഭക്ഷിച്ചു ജീവിക്കുക സാധ്യമല്ലല്ലോ ...അങ്ങനെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അമുദൻ മകളുമായി നഗരത്തിലെത്തുകയാണ്.. അവിടെയും പ്രതിസന്ധികൾ തന്നെയാണ് അയാളെ കാത്തിരിക്കുന്നത് ..ഒറ്റമുറി ലോഡ്‌ജിലും , ഒറ്റമുറി വീട്ടിലും കാരണവരായും കാവൽക്കാരനായും മകളെ പൊതിഞ്ഞു സൂക്ഷിക്കുന്ന അച്ഛനാവുകയാണ് അമുദൻ ...മകൾ ഒരു സ്ത്രീയാവുകയാണെന്നും , അവൾക്കും ഏതൊരു പെണ്ണിനേയും പോലുള്ള വികാരങ്ങൾ ഉണ്ടെന്നുമുള്ള തിരിച്ചറിവ് ആ അച്ഛനെ വല്ലാതെ തളർത്തുന്നുണ്ട് ...മകൾ കാണാതെ , അവൾ കേൾക്കാതെ നെഞ്ചകം പിഞ്ഞി അയാൾ കരയുമ്പോൾ കാഴ്ചക്കാരന്റ കണ്ണുകൾ ഈറനണിയുകയാണ് ....ഒരു നോട്ടം കൊണ്ട് , ഒരു മൗനം കൊണ്ട് , വാക്കുകളിലെ ഇടർച്ച കൊണ്ട് മമ്മൂട്ടി എന്ന മഹാനടൻ സമ്മാനിക്കുന്ന വിസ്മയകരമായ ഭാഷ വാക്കുകൾക്കതീതമാണ് , ഭാവ തീവ്രമാണ് ...കരളലിയിക്കുന്നതാണ്.

പലപ്പോഴും തനിക്ക് അമ്മയ്ക്ക് പകരമാകാൻ കഴിയില്ലെന്നും , മകൾക്കു ഒരു സ്ത്രീ സാമീപ്യം ആവശ്യമാണെന്നുമുള്ള അറിവ് അയാളെ കൊണ്ടെത്തിക്കുന്നത് വല്ലാത്തൊരു അവസ്ഥയിലേക്കാണ് .അത് കൊണ്ടാണ് അയാൾ പൂർവ ഭാര്യക്കരികിലേക്കു പോകുന്നത് , മകളെ കുറിച്ച് ഒരു വാക്ക് പോലും ആരായാതെ അതിഥി സൽക്കാരവും നടത്തി അവർ മറയുമ്പോൾ , അന്നേ വരെ ചേർത്തു വച്ച എല്ലാ ധൈര്യവും അമുദനിൽ നിന്നും ചോർന്നു പോകുകയാണ് . മകൾക്കു അവൾ ആഗ്രഹിക്കുന്ന എല്ലാ സന്തോഷങ്ങളും കൊടുക്കാനായി അയാൾ ഒടുവിലെത്തുന്നത് ഒരു വേശ്യാലയത്തിലേക്കാണ് .വികാര നിർഭരമായ ഒരു മുഹൂർത്തമാണ് അത് ...ഒരു അച്ഛനെന്ന നിലയിൽ ഇതിനേക്കാൾ വലിയ തോൽവി തനിക്കില്ലെന്ന വേദന.......

ഉള്ളതിൽ സന്തോഷം കണ്ടെത്താനുള്ള , കൂടെ നിൽക്കുന്നവർക്കും അത് പകർന്നു കൊടുക്കാനുള്ള കഴിവാണ് അമുദനെ വ്യത്യസ്തനാക്കുന്നത് .ഓരോ മനുഷ്യനും അവന്റെ തെറ്റുകൾക്ക് അവന്റേതായ ന്യായീകരണങ്ങൾ ഉണ്ടെന്നും അത് നമ്മൾ അംഗീകരിക്കാൻ തയാറായാൽ അതൊരു തെറ്റായി മാറുകയില്ലെന്നും അമുദൻ പറയാതെ പറയുന്നുണ്ട് .

അധ്യായങ്ങളായി കഥ പറയുമ്പോൾ  പലപ്പോഴും നഷ്ടപ്പെട്ടേയ്ക്കാവുന്ന കഥയുടെ ഒഴുക്കിനെ ഒട്ടും ചോരാതെ തന്നെ പ്രേക്ഷകനിലേക്കെത്തിക്കാൻ കഥ പറച്ചിലിന് സാധിക്കുന്നുണ്ട് ...സമൂഹം എന്നും മുഖം തിരിക്കുന്ന ഭിന്നലിംഗക്കാരും കഥയിലെ പ്രധാന കഥാപാത്രങ്ങൾ ആകുന്നുണ്ട് ...

ഗതികേട് കൊണ്ട് AC  കാറിലെ തണുപ്പിനെ പ്രണയിക്കേണ്ടി വന്ന മീരയ്ക്ക് മുന്നിൽ പലപ്പോഴും അമുദൻ ഒരു പ്രണയത്തിന്റെ കടലാകുകയാണ് , അയാൾ പോലുമറിയാതെ ....മീരയിലൂടെയാണ് അമുദൻ തന്റെ പൂർണത കണ്ടെത്തുന്നത് ..തന്റെ മകൾക്കു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സന്തോഷം മീരയാണെന്നു അയാൾ തിരിച്ചറിയുന്നത് മരണത്തിനോട് ഗുഡ് ബൈ പറഞ്ഞു തിരികെ എത്തുമ്പോൾ ആണ് ..

ജാതിയുടെയോ , മതത്തിന്റെയോ , വർഗ്ഗത്തിന്റെയോ പേരിൽ അല്ല , മാനുഷിക മൂല്യങ്ങളുടെയും ,മാനവികതയുടെയും , സ്നേഹത്തിന്റെയും അടിസ്ഥാനത്തിലാണ് മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കേണ്ടതും ഉൾക്കൊള്ളേണ്ടതും എന്ന തത്വമാണ് പേരൻപ് മുന്നോട്ടു വയ്ക്കുന്നത് ..

പ്രതിസന്ധികളും , വേദനയും , നിസ്സഹായതയും , മരണത്തെക്കാൾ തീവ്രമായ അനുഭവങ്ങളും പങ്കു വച്ച് , ജീവിതത്തെ തീർത്തും സുന്ദരമായി നേരിടാൻ കൊതിക്കുന്ന അച്ഛനാണ് അമുദൻ .സ്വന്തം ജീവിതത്തിലെ ദുരനുഭവങ്ങളും , താൻ താണ്ടിയ വഴികളും പറഞ്ഞു തന്നു ,നമ്മുടെ ജീവിതം കൊണ്ട് നാം നേടേണ്ട ആത്യന്തികമായ  ലക്ഷ്യത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുകയാണ് പേരൻപ്. 

സ്നേഹമാണ് എല്ലാത്തിന്റെയും അടിസ്ഥാനം ...നമ്മുടെ പ്രവൃത്തികൾ നന്മ നിറഞ്ഞതാണെങ്കിൽ അല്പം വൈകിയാണെങ്കിലും നമുക്കുള്ള നന്മ നമ്മിലേക്ക്‌ തന്നെ എത്തിച്ചേരുമെന്ന് കാട്ടുകയാണ് റാം പേരൻപിലൂടെ ...

തുടക്കം മുതൽ ഒടുക്കം വരെ രൂപ ഭാവങ്ങളിൽ യാതൊരു വ്യത്യാസവും ചോർന്നു പോകാതെ പാപ്പയായി മാറിയ സാധന അഭിനയത്തിന്റെ സൂക്ഷ്മ , സ്ഥൂല തലങ്ങളെ വളരെ പക്വതയോടെ കൈകാര്യം ചെയ്തേക്കുന്നു ..വികാര നിർഭരമായ മുഹൂർത്തങ്ങളിൽ പോലും ആ തന്മയിഭാവം ഒട്ടും ചോരാതെ ഏതു കഥാപാത്രവും തന്നിൽ പരിപൂർണ ഭദ്രമെന്നു തെളിയിക്കുകയാണ് ഈ 16 -കാരി .

 വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ മനുഷ്യന്റെയുള്ളിലെ നന്മതിന്മകളെ , വ്യത്യസ്ത ഭാവങ്ങളെ മനോഹരമായി വരച്ചു കാട്ടുകയാണ് റാം ..സുഖലോലുപതകളിൽ ഘനീഭവിച്ചു പോയ ഹൃദയത്തിന്റെ ഉള്ളിലും നന്മയുടെ ഒരു നേർത്ത കിരണം വീശാൻ കാത്തിരിക്കുന്ന അമുദനെയും ,മകളെയും   ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയാണ് ...
                      🌟🌟🌟🌟🌟🌟🌟🌟🌟🌟/🌟🌟🌟🌟🌟🌟🌟🌟🌟🌟

Friday, 18 January 2019

ഞാൻ നീയായി , പിന്നെ നമ്മളായി ...

ഞാൻ നീയായി , പിന്നെ നമ്മളായി  ...


നാം കണ്ടുമുട്ടുന്ന , അനുഭവിക്കുന്ന എല്ലാത്തിനെയും ഒരു പരിധി വരെ മുൻവിധിയോടെ സമീപിക്കുക നമ്മിൽ പലരുടെയും സ്വഭാവമാണ് ...
ആ മുൻവിധികൾ ഒരു പക്ഷെ ശരിയായി എന്ന് വരാം, അത് അപ്പാടെ തെറ്റാണെന്നു കാലം തെളിയിച്ചേക്കാം ..സാഹചര്യങ്ങളുടെ വിളയാട്ടം നമ്മിൽ സൃഷ്ടിക്കുന്ന ആന്തോളനങ്ങളാണ് ആ മുൻവിധിയുടെ പിതാവ് ..

ആദ്യമായി നമ്മൾ കാണുന്ന ഒരു വ്യക്തിയെക്കുറിച്ചു നമുക്ക് അറിവുണ്ടാകുക എന്നത്  സ്രോതസ്സുകളെയും നമ്മുടെ മുൻവിധികളെയും ആശ്രയിച്ചാണ് ഇരിക്കുന്നത്  ഒന്നുകിൽ മറ്റാരെങ്കിലും അയാളെ കുറിച്ച് പറഞ്ഞ അറിവ് , അല്ലെങ്കിൽ ചിത്രങ്ങളിലൂടെ അതുമല്ലെങ്കിൽ  
 അയാളുടെ പ്രൊഫൈൽ- കളിൽ നിന്ന്  ഈ ധാരണയോടെയാവും നമ്മൾ ഒരാളെ സമീപിക്കുക.അയാളുമായുള്ള ആദ്യ ഇടപഴകളിൽ തന്നെ (നേരിട്ടോ ,അല്ലാതെയോ ) ഈ മുൻവിധികളിൽ മാറ്റം സംഭവിക്കാം ..

ചിലർ ആ മാറ്റത്തിനെ കാലക്രമേണ അംഗീകരിക്കുകയും ആ വ്യക്തിയെ പൂർണമായും ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യും 
.ചിലരാകട്ടെ തന്റെ മുൻവിധികളിൽ ഉറച്ചു നിന്ന് കൊണ്ട് ആ വ്യക്തിയുമായി സംഭവിക്കുന്ന ഓരോ കാര്യങ്ങളെയും  കൂട്ടിക്കെട്ടി തങ്ങളുടെ തീരുമാനം ശരി ആണെന്ന് ഉറപ്പിക്കും . ചിലർ ഒരിക്കൽ തന്നെ തന്റെ മുൻവിധികൾ ശരിയായാൽ ആ ഭാഗത്തേക്ക് പിന്നെ തിരിഞ്ഞു നോക്കാനോ , അതിലെ നെല്ലും പതിരും വേർതിരിച്ചെടുക്കാനോ ശ്രമിക്കാത്തവർ ആയിരിക്കും.

ഒരാളുടെ അഭിപ്രായത്തിലൂടെ ഒരിക്കലും മറ്റൊരാളെ വിലയിരുത്തരുത് ,അതിനി ശരി ആയാലും അല്ല തെറ്റായാലും ..എല്ലാം അനുഭവിച്ചറിഞ്ഞു വേർതിരിച്ചെടുക്കാനൊന്നും ആർക്കും സാധിക്കില്ല ,എങ്കിലും സ്വയം സാധ്യമായത് ചെയുക .കാരണം  എനിക്ക് നീ എങ്ങിനെയോ അത് പോലെ ആയിരിക്കില്ല മറ്റൊരാൾക്ക് നീ ....അതാണ് നമുക്ക് ആദ്യമുണ്ടാകേണ്ട ധാരണ , ആ ധാരണ നമുക്കുണ്ടെങ്കിൽ എത്ര മുൻവിധിയോടെ ഒരു വ്യക്തിയെ സമീപിച്ചാലും , ഇടപഴകലിലൂടെ ആ വ്യക്തിയെ നമ്മൾ മനസ്സിലാക്കാൻ ശ്രമിക്കും , നല്ലൊരു ബന്ധം അവിടെ തുടങ്ങും 

.നമ്മുടെ ചിന്തകളും നമ്മുടെ ശരികളും നമ്മുടെ തീരുമാനങ്ങളും -അതെന്നും നമ്മുടേത് മാത്രമാണ് . നമ്മുടെ കണ്ണിലൂടെ മറ്റുള്ളവരെ നോക്കിക്കണ്ടു നമ്മൾ ഓരോ കാര്യങ്ങൾ ചെയ്യുന്നതും , അവരുടെ സ്ഥാനത്തു നമ്മൾ ആയിരുന്നെങ്കിൽ എന്ന് കരുതി ഓരോന്ന് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്.ആദ്യം പറഞ്ഞത് ചെയ്യുന്നവരാണ് നമുക്കിടയിൽ കൂടുതലും ,നമ്മുടെ ഭാഷയിൽ പറഞ്ഞാൽ അതാണ്  സേഫ് ,നമുക്ക് മസ്സിനു സന്തോഷം നൽകുന്നത് അതാണ് ..

രണ്ടാമത് പറഞ്ഞത് ചെയാൻ അല്പം ബുദ്ധിമുട്ടാണ് , അവിടെ നമുക്ക് പലപ്പോഴും നമ്മുടെ സ്വത്വം നഷ്ടമായെന്ന് വരാം .പക്ഷെ തീർച്ചയായും നമ്മുടെ മനസുഖവും മറ്റുള്ളവരുടെ സന്തോഷവും കൂട്ടിമുട്ടുന്നതും ആ പ്രവൃത്തിക്ക് അർത്ഥമുണ്ടാകുന്നതും  അപ്പോഴാണ്‌ , പക്ഷെ ഒന്നുണ്ട് രണ്ടു കൂട്ടരും ഒരുപോലെ ചിന്തിക്കണം ..അത് സാധ്യമല്ല ..പിന്നെങ്ങനെ രണ്ടാമത് പറഞ്ഞ പോലെ സംഭവിക്കും ...????

ആദ്യം പറഞ്ഞത് sympathy യും , രണ്ടാമത് പറഞ്ഞത് empathy യും  ആണ് ..sympathy മിക്കവാറും മനുഷ്യർക്കൊക്കെ കാണും .പക്ഷെ empathy വളരെ കുറച്ചു പേർക്കേ കാണു ..മറ്റൊരുവന്റെ വ്യക്തിത്വവുമായി താദാത്മ്യം നേടാനുള്ള കഴിവ്‌ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും , അതിനു ആദ്യം വേണ്ടത് ക്ഷമ തന്നെയാണ് ...ആവശ്യമുള്ളപ്പോൾ നമുക്കില്ലാത്തതും ക്ഷമ തന്നെ...

ഇങ്ങനൊക്കെ റിസേർച് ചെയാൻ തക്ക വണ്ണം രണ്ടു സംഭവങ്ങൾ എന്റെ ജീവിതത്തിൽ അടുത്തിടെ ഉണ്ടായി . 

ഫോട്ടോ കണ്ടും , മെസ്സേജ് കണ്ടും മുൻവിധികളുടെ അടിസ്ഥാനത്തിൽ ആദ്യ വട്ടം ഞാൻ തെറ്റിദ്ധരിച്ചു പോയ ഒരു മനുഷ്യൻ ..കൃത്യം രണ്ടാം വട്ടം അയാൾ ആ ധാരണ തെറ്റാണോ എന്ന ചിന്ത എനിക്ക് സമ്മാനിച്ചു , മൂന്നാം തവണ തെറ്റാണെന്നും , ഒടുവിൽ നേരിട്ട് കണ്ടപ്പോൾ ഈ മനുഷ്യനെ കുറിച്ച് ഇങ്ങനെ ചിന്തിച്ചല്ലോ എന്ന വേദനയുമായിരുന്നു മനസ്സിൽ ...തുറന്നു പറയാൻ ഒരു അവസരം കിട്ടിയപ്പോൾ അത് പറയുകയും ചെയ്തു .അയാൾക്ക്‌ അത് പക്ഷെ വിഷമമായിട്ടുണ്ടാകാം , എങ്കിലും അയാളെക്കുറിച്ചു ഞാൻ ഇങ്ങനെ ചിന്തിച്ചു എന്ന് മറ്റൊരാളിലൂടെ അയാൾ അറിയുമ്പോൾ ഉണ്ടാകുന്ന വിഷമത്തെക്കാൾ വലുതല്ല , ഞാൻ നേരിട്ട് പറയുമ്പോൾ ഉണ്ടാകുന്നത് ...തിരിച്ചറിവുകളുടെ വരവ് എന്നും വൈകിയാണ് ,അത് അങ്ങിനെയേ ആകാവൂ ...ഇവിടെ എന്റെ empathy പ്രവർത്തിച്ചു ,അയാളിലും കുറച്ചു empathy പ്രവർത്തിച്ച കാരണം ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് .

മറ്റൊരാളോട് കണ്ടുമുട്ടിയ നാൾ മുതലിന്നു വരെ എനിക്ക് തോന്നിയ വികാരം sympathy   മാത്രമാണ് .ആരോക്കെ അയാളെക്കുറിച്ചു എന്തൊക്കെ പറഞ്ഞിട്ടും എനിക്ക് അയാളോടുള്ള വികാരത്തിൽ ഇന്നും മാറ്റമില്ല .അയാളുടെ പ്രവൃത്തികളെ ഞാൻ എന്നും sympathy   യുമായി തന്നെ കൂട്ടിക്കെട്ടുന്നു ...

 പൂർണമായും ഇപ്പറഞ്ഞപോലെ sympathy യും empathy യുമൊന്നും നമുക്ക് ആരോടും കാണിക്കാൻ പറ്റില്ല .കാരണം എല്ലാ മനുഷ്യന്റെയും ഉള്ളിൽ ഒരു കുഞ്ഞു സ്വാർത്ഥത ഇപ്പോഴും കാണും ,അതിങ്ങനെ സട കുടഞ്ഞു  എണീറ്റാൽ ഈഗോ , കോംപ്ലക്സ് തുടങ്ങിയ എണ്ണിപ്പെറുക്കാൻ കഴിയാത്ത അത്രയും വികാരങ്ങൾ ഞാനുൾപ്പെടുന്ന നമ്മളിൽ എല്ലാവരിലും ഉണരും .പിന്നെ sympathy ,empathy എന്നിവർക്കൊന്നും ഒരു സ്ഥാനവും കാണില്ല ..

അപ്പോൾ പറഞ്ഞു വന്നത് ഇത്രയേ ഉള്ളു :


  • മുൻവിധികൾ കഴിവതും ഒഴിവാക്കുക 
  • മറ്റൊരുവന്റെ വ്യക്തിത്വവുമായി താദാത്മ്യം നേടാനുള്ള കഴിവ്‌ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക
  • ഞാനാണ് ശരി എന്ന ചിന്ത ഉപേക്ഷിക്കുക .എല്ലാവർക്കും അവരുടെ ശരികൾ ഉണ്ടെന്നു അംഗീകരിക്കുക 
  • ജീവിതം ഒന്നല്ലേയുള്ളു , സ്വയം സന്തോഷിക്കുക ,മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കുക.

ഞാൻ നീയാകുക , നീ ഞാനും ..പിന്നെ നമ്മളിലേക്ക് ചേക്കേറുക ...നമ്മളറിയാതെ നമ്മളും വളരും .


Tuesday, 30 October 2018

പ്രളയ രാത്രി.....

പ്രളയ രാത്രി.....


ഒരു മഹാപ്രളയത്തിനൊടുവിലൊരുനാളിലെല്ലാം
ത്യജിച്ചേകനായ ലയുന്നു മരുഭൂവിലെന്നപോൽ ഞാൻ.
എരിയുന്ന താപവുംനുരയുന്ന കോപവും
ചൊരിയുന്ന കണ്ണീരും ,വേർപിരിയുന്ന പ്രാണനും
ഒട്ടും നിനയ്ക്കാതൊരു മാത്ര കൊണ്ട് ,ഞാൻ കെട്ടിപ്പടുത്ത സാമ്രാജ്യമൊക്കെയും യാത്ര പറയാതൊലിച്ചു പോയി...


ഇത് മണ്ണ്,എനിക്കുയിർ തന്ന പെണ്ണ്...
ഇത് മരം,എന്നെ താരാട്ടിയ കളിയൂഞ്ഞാൽ....
ഇത് കുളം,എന്നിൽ തണ്ണീരിറ്റിച്ച കുളിരുറവ.
ഇത് കാറ്റ്.....എന്നെ തഴുകിയുറക്കിയ ചങ്ങാതി....
ഇവൾ പ്രകൃതി,അമ്മ....
സ്വയമുരുകിയൊലിച്ചിട്ടുമെന്നും എനിക്കായി മാത്രം ശ്വാസം കാത്തുവച്ചവൾ....
അറിഞ്ഞില്ലയെന്നോ,അറിയാൻ ശ്രമിച്ചില്ലയെന്നോ ഞാൻ.....
മറന്നതല്ലമ്മേ...മനപ്പൂർവം മറക്കാൻ പഠിച്ചതാണ് ഞാൻ നിന്നെ....


നിൻ മാറിൽ ഉയിർ പെറ്റു,നിൻ നീരിൽ കളിയാടി 
നിൻ തണലിൽ മയങ്ങി
നിന്റെ നാഭിയിൽ നിന്നൊരു വട-
വൃക്ഷമായി പന്തലിച്ചിടത്തൂർന്ന വേരുകൾ നിന്നിലേക്കാഴ്ത്തി 
നിന്റെ മേൽ ആനന്ദ നൃത്തമാടി.....
ഞാൻ ഉന്മാദിയായി മാറി .....

ഒരു തുള്ളിക്കൊരു കൂപം തണ്ണീർ കവിഞ്ഞിട്ടു-
മൊരിറ്റു നീരിനായി കേഴുന്നു ഞാൻ...
ഈ രാത്രി ഇനിയും വരാതിരിക്കട്ടെ, പേമാരി പെയ്തൊഴിഞ്ഞീടട്ടെ,
ഞാനെന്നഹന്ത നീരിലൂടൊഴുകി തീരം തേടട്ടെ....


Tuesday, 23 October 2018

ഞാനും ഒരു # Me Too

ഞാനും ഒരു  # Me Too




"അതെ , ഞാൻ ഒരു ഇരയാണ് ..പീഡിപ്പിക്കപ്പെട്ടവൾ ആണ് ...മുറിവേറ്റതും , നഷ്ടം സംഭവിച്ചതും എനിക്കാണ് ....അത് കൊണ്ട് ...?"

അഭിരാമി ചോദ്യഭാവത്തിൽ തനിക്കു നേരെ ഇരിക്കുന്ന മുഖങ്ങളിലേക്കു നോക്കി ...ആരും ഒന്നും മിണ്ടുന്നില്ല ....എല്ലാവരും തന്നെ  തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ് ...

"എന്തെ ...? ചോദ്യങ്ങളൊന്നും ബാക്കിയില്ലേ ആർക്കും ? ഇങ്ങനെയല്ലായിരുന്നല്ലോ കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ വരെ ? എന്റെ ഫേസ്ബുക്കും , വാട്സ്ആപ്പും എന്ന് വേണ്ട എല്ലാ സോഷ്യൽ മീഡിയയുടെ ചുമരുകളിലും  ട്രോള്ളിയും , പുലഭ്യം പറഞ്ഞും നടന്ന നിങ്ങടെയൊക്കെ വായിലിപ്പോൾ നാക്കില്ലേ .....?
അല്ല , അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ ....എന്താ നിങ്ങൾക്കൊക്കെ വേണ്ടത് ? നിങ്ങൾക്കു അറിയേണ്ടതൊക്ക ഞാൻ പറഞ്ഞു തരാം , പക്ഷെ ചോദ്യങ്ങളും സംശയങ്ങളും ഇന്ന് കൊണ്ട് തീർത്തോളണം ....ഇന്നത്തേക്ക് ശേഷം  - "അഭിരാമി ....പീഡനത്തിനിരയാക്കപ്പെട്ടവൾ എന്ന നിലയ്ക്ക് കുട്ടിക്ക് എന്താണ് പറയാനുള്ളതെന്നു ചോദിച്ചു ഒരുത്തനെയും എന്റെ മുന്നിൽ കണ്ടു പോകരുത് ..."

വീണ്ടും നിശബ്ദയായി അവൾ മുന്നിലിരിക്കുന്നവരെ നോക്കി ....ഇത്തവണ ആ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു ചോദ്യം അവൾക്കു നേരെ ഉയർന്നു ...

"ഇത്രയും നാൾ നിശ്ശബ്ദയായിരുന്ന അഭിരാമിക്ക് പെട്ടെന്നെന്തേ വാ തുറക്കാൻ തോന്നി ? ഒരു ഹാഷ് ടാഗ് കിട്ടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നുവോ ? "

അഭിരാമിയുടെ മുഖത്തു പുച്ഛം ...

"അതെ , ഒരു ഹാഷ് ടാഗ് കിട്ടാൻ കാത്തിരിക്കുകയായിരുന്നു .അത് കൊണ്ട് ?"

ചോദ്യകർത്താവിന്റെ വായിൽ നിന്നും പുറത്തേക്കുന്തി വന്ന അടുത്ത ചോദ്യം അഭിരാമി കൈകൾ ഉയർത്തി തടഞ്ഞു ....

"തനിക്കറിയോ ..., എനിക്കെന്താണ് സംഭവിച്ചത് എന്ന് ? ഈ ഇരിക്കുന്നവരിൽ ആരെങ്കിലും വന്നു ഒന്ന് അന്വേഷിച്ചോ , നിനക്കെന്തു സഹായമാണ് ഞങ്ങൾ ചെയേണ്ടത് എന്ന് ?ആരും ഒന്നും അന്വേഷിച്ചില്ല , പകരം ഇര എന്ന പേര് നൽകി ആദരിച്ചു ....

ഈശ്വരനും മുകളിൽ ഞാൻ പ്രതിഷ്‌ഠിച്ച എന്റെ പ്രിയപ്പെട്ട ഗുരുനാഥനിൽ നിന്നും എനിക്കുണ്ടായ ഏറ്റവും മോശമായ അനുഭവം മറ്റാരോടും പറയാൻ കഴിയാതെ വിങ്ങിയ എന്റെ മനസ്സിന്റെ നൊമ്പരങ്ങൾ നിങ്ങൾ ആരെങ്കിലും അറിഞ്ഞിരുന്നോ ? 
ഒന്ന് വാ തുറന്നതിനു  നാട്ടിലാകെ പ്രചരിച്ച   സ്വന്തം മകളുടെ അശ്‌ളീല  വീഡിയോ കണ്ടു കൂട്ട ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിനെ നിങ്ങൾ ഓർക്കുന്നുണ്ടോ ?അവിടം കൊണ്ട് അവസാനിച്ചോ എന്തെങ്കിലും ? 

കോടതിയിലെ ചോദ്യ വേളകളിൽ ഒരു വേശ്യയായി ഞാൻ മുദ്രകുത്തപെട്ടപ്പോൾ നിങ്ങളൊക്കെ തന്നെ അല്ലെ അത് ആഘോഷമാക്കിയത് ?അന്ന് മുതൽ ഇന്നോളം ഒരു രാത്രിയുടെ വില പറഞ്ഞു എന്നെ തേടിയെത്തുന്ന ആൾക്കാരുടെ എണ്ണം നിങ്ങൾക്കറിയാമോ ?

നാട്ടുകാർക്ക് മുന്നിൽ തല ഉയർത്തിപ്പിടിക്കാൻ കഴിയാതെ , ബന്ധുക്കളുടെ തുണയില്ലാതെ ,ഇരുട്ടിനേക്കാൾ വെളിച്ചത്തിനെ ഭയന്ന് ജീവിച്ച ഒരു പെണ്ണിന്റെ വേദന നിങ്ങൾക്കാർക്കും മനസിലാകില്ല ,അത് മനസ്സിലാക്കണമെങ്കിൽ നിങ്ങളുടെ അമ്മയ്ക്കോ , മക്കൾക്കോ സഹോദരിമാർക്കോ ഇത് പോലൊരു ഗതി വരണം ....."

"ഞങ്ങൾ എന്ത് ചെയ്യണം എന്നാണ് മിസ് .അഭിരാമി പറയുന്നത് ?"

"വാ തുറക്കുന്ന പെണ്ണിനെ ഇരയായല്ല , വേദന അനുഭവിക്കുന്ന ഒരു മനുഷ്യനായി കാണണം , അവളെ വാക്കുകൾ കൊണ്ട് മുറിപ്പെടുത്താതെ കൂടെ നിൽക്കണം ......ഹമ് ...അതൊക്കെ സ്വപ്നങ്ങളിൽ മാത്രം നടക്കുന്ന കാര്യമാ സുഹൃത്തേ ,,,,,,നിങ്ങൾ മീഡിയ എന്നും സെൻസേഷൻസ്ന്റെ പുറകെയാണല്ലോ ......റേറ്റിംഗ് കൂട്ടാൻ നടക്കുന്ന നിങ്ങളോടൊന്നും ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ....

ചോദ്യ ശരങ്ങൾ മതിയായി എങ്കിൽ ഞാൻ പോകുന്നു  . ഞാനും ഒരു #ME TOO ആണ് ...എനിക്കെല്ലാം ഇല്ലാതാക്കിയ ആരാധ്യ പുരുഷൻ  ഇന്നും സന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നു ....അയാൾ  ജീവിക്കട്ടെ അല്ലെ ,...."
അഭിരാമി പറഞ്ഞു മതിയാക്കി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
അവളുടെ  മുഖത്തേക്ക് തുരു തുരാ ഫ്ലാഷുകൾ മിന്നി മറഞ്ഞു ....


                                                 *****************************    

കാറിലിരിക്കുമ്പോൾ അവൾ തീർത്തും സന്തോഷവതിയാണെന്നു സുധിക്ക്   തോന്നി ..

" അഭി ....നീ നല്ല സന്തോഷത്തിലാണല്ലോ ,എന്താ കാര്യം ?"

" അതെ സുധി , വളരെ സന്തോഷമുണ്ട് ...ഒരുപാട് നാളായി മനസ്സിൽ കിടന്ന വിങ്ങലുകളാണ് ഇന്ന് പുറത്തു വന്നത്  , അതിനു കാരണമായത് നീയാണ് ..അച്ഛനും അമ്മയും നഷ്ടപ്പെട്ടു , ആത്മഹത്യാ ശ്രമവും പരാജയപ്പെട്ടു  അഭയാശ്രമത്തിൽ കഴിഞ്ഞ എനിക്ക് നീ തന്ന ആത്മ ബലം ചെറുതൊന്നുമല്ല ......നീ തന്ന ധൈര്യമാണ് ഇന്നും എന്നെ ഇങ്ങനെ ജീവിപ്പിക്കുന്നത്...." 

അവളുടെ കൈകളെ തന്റെ കൈക്കുള്ളിലേക്കു ചേർത്തു പിടിച്ചു കൊണ്ട് സുധി ചോദിച്ചു , 
 "ആ ധൈര്യത്തിന്റെ തണലിൽ ഇനിയുള്ള ജീവിതം കൂടി തനിക്കു ജീവിച്ചു കൂടെ?" 

അഭിരാമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ...

."ഇതിനു ഞാൻ എന്ത് മറുപടിയാ പറയുക ....ഒരു പുരുഷന്റെ കൈ പിടിക്കുമ്പോൾ അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ ഉള്ള ധൈര്യം ഒരു പെണ്ണിന് നൽകുന്നത് അവളുടെ പരിശുദ്ധിയാണ് ....ആ പരിശുദ്ധി എനിക്കിന്നില്ല സുധി ..ഒരു നിമിഷം കൊണ്ട് തനിച്ചായിപ്പോയ എനിക്ക് ജീവിക്കാനുള്ള ധൈര്യം സുധി തന്നില്ലേ ,അത് മതി എനിക്ക് ...അതിൽ കൂടുതലൊന്നും സ്വീകരിക്കാനും മാത്രം യോഗ്യതയൊന്നും എനിക്കില്ല ...."

സുധി ഒന്ന് പുഞ്ചിരിച്ചു ....

"അഭി , പരിശുദ്ധി ശരീരത്തിനല്ല , മനസ്സിനാണ് വേണ്ടത് ...അത് നിനക്ക് ആവോളമുണ്ട് ...അതെ എനിക്കും വേണ്ടു....."

അഭിരാമി എന്തെങ്കിലും പറയുന്നതിന് മുൻപേ സുധി അവളെ തന്റെ കരവലയത്തിൽ ഒതുക്കി ...

സുധിയുടെ ഉള്ളിലെരിയുന്ന അഗ്നിപർവ്വതത്തിന്റെ ചൂടറിയാതെ , ആ തോളിൽ ചാഞ്ഞു കിടക്കുമ്പോൾ താൻ തനിച്ചല്ലെന്ന തിരിച്ചറിവിൽ അവളുടെ ചുണ്ടിലും അറിയാതെ ഒത്തു പുഞ്ചിരി വിടർന്നു ....


                                                 *****************************    

ഇനി വധുവിന്റെ ഒപ്പ്.....

വിറയ്ക്കുന്ന കരങ്ങളോടെ അവൾ പുതിയ ജീവിതത്തിനു ഒപ്പ് വയ്ച്ചു .സുധിയുടെ കയ്യും പിടിച്ചു നടക്കുമ്പോൾ ഒരു വല്ലാത്ത സുരക്ഷിതത്വം അനുഭവപ്പെടുന്ന പോലെ അവൾക്കു തോന്നി  ...

" നമ്മൾ എങ്ങോട്ടേക്കാ സുധി പോകുന്നത് ?"

" ആഹാ....നല്ല ചോദ്യം , കല്യാണം കഴിഞ്ഞാൽ പെണ്ണിനേയും കൊണ്ട് സാധാരണ എങ്ങോട്ടേക്കാ പോകാറ് എന്ന് പോലും നിനക്കറിയത്തില്ലേ ?"

" സുധിയുടെ അച്ഛനും അമ്മയുമൊക്കെ എന്നെ അംഗീകരിക്കുമോ ? " 

'"അമ്മ അംഗീകരിക്കും , പെങ്ങളും അംഗീകരിക്കും ....അച്ഛൻ എന്തായാലും അംഗീകരിക്കില്ല .."

"അപ്പോൾ നമ്മളെന്തു ചെയ്യും ?"

"ഒന്നും ചെയ്യില്ല , എന്റെ ഭാര്യയായി , എന്റെ വീട്ടിലെ മരുമകളായി , എന്റെ പെങ്ങളുടെ ഏട്ടത്തിയമ്മയായി , എന്റെ കൊച്ചുങ്ങളുടെ അമ്മയായി , അങ്ങനെ അങ്ങനെ ആ വീട്ടിൽ നീ ജീവിക്കും .."

"..കൊഞ്ചാതെ വന്നു വണ്ടിയിൽ കയറെടി പെണ്ണെ.....അമ്മയവിടെ നില വിളക്കും കൊളുത്തി കാത്തു നിൽക്കുവാ ...."

ഒന്നും മനസ്സിലാകാതെ മനസ്സിലൊരായിരം ചോദ്യങ്ങളും , ഒരു കെട്ടു സംഘർഷങ്ങളുമായി അവൾ കാറിലേക്ക് കയറി ....


                                                 *****************************    

മുറ്റം നിറയെ മുല്ലച്ചെടികൾ നട്ടു പിടിപ്പിച്ച പരമ്പരാഗത നാലുകെട്ട് രീതിയിൽ നിർമിതമായ ഇരുനില വീടിനു മുന്നിൽ വണ്ടി നിന്നു...

"ഇറങ്ങു അഭി ...ഇനി മുതൽ ഇതാണ് നിന്റെ വീട് ..."

സുധിയുടെ  കരം ഗ്രഹിച്ചു അവൾ തന്റെ വലത്തെ പാദം നിലത്തൂന്നി ...അച്ഛനെയും അമ്മയെയും മനസ്സിൽ ധ്യാനിച്ച് പൂമുഖത്തേക്കു നടന്നു .....
കൈയിൽ നിലവിളക്കുമായി നിറ പുഞ്ചിരിയോടെ ഒരമ്മ ...അരികിൽ സുധിയുടെ പെങ്ങൾ ......അതിനും പുറകിലായി നിൽക്കുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കൊരു ഭയം തോന്നി .......

അത് മനസ്സിലാക്കിയെന്നോണം സുധി പറഞ്ഞു .."പേടിക്കേണ്ട , അച്ഛനൊന്നും പറയില്ല ....ഞാൻ പരിചയപ്പെടുത്തിത്തരാം ..."

" വിളക്ക് വാങ്ങു മോളെ .....സന്തോഷത്തോടെ ഈശ്വരനെ മനസ്സിൽ ധ്യാനിച്ചു  കയറിവാ... "   - സുധിയുടെ അമ്മയാണ് ...അവൾ നിലവിളക്കും വാങ്ങി വലതു കാൽ പടിയിലേക്കു വച്ചു....

"സുധി ....ഇവളി വീട്ടിൽ കയറിയാൽ ഞാൻ ഇവിടുന്നു ഇറങ്ങും ...."

അഭിരാമി ഞെട്ടിത്തരിച്ചു ആ ശബ്ദത്തിനുടമയെ നോക്കി ....

യാതൊരു ഭാവഭേദവുമില്ലാതെ സുധി അച്ഛനെ നോക്കി , പിന്നെ അഭിരാമിയോടായ് പറഞ്ഞു

 "അഭി ....ഇതാണ് എന്റെ അച്ഛൻ ...പ്രൊഫെസ്സർ ഗോപിനാഥൻ നായർ ..നീ കേട്ടിട്ടുണ്ടായിരിക്കും , കണ്ടിട്ടുമുണ്ടായിരിക്കും ....നിന്നെയും പഠിപ്പിച്ചിട്ടുണ്ടല്ലോ അല്ലെ ......"

അഭിരാമിയുടെ കണ്ണുകളിൽ നിന്നും കുടുകുടാ കണ്ണീർ ഉതിർന്നു വീണു 
.....അവൾ തളർന്നു താഴെ വീണേക്കുമോ എന്ന് സുധിക്ക് ഭയം തോന്നി ...

സുധിയുടെ 'അമ്മ അവളുടെ ചുമലിൽ  കൈകൾ വച്ചു , " മോള്  ഇതൊന്നും കേൾക്കണ്ട ,  വിളക്ക് കൊണ്ട് പൂജാമുറിയിൽ വയ്ക്കു ...."

അഭിരാമിക്ക് പക്ഷെ ഒരടി പോലും നടക്കാൻ കഴിഞ്ഞില്ല ...

"ഡാ സുധി ....ഇവളെ ഇപ്പോൾ ഇവിടുന്നു ഇറക്കി വിട്ടോളണം , അല്ലെങ്കിൽ അവളെയും കൊണ്ട് നീ ഇവിടുന്നു ഇറങ്ങിക്കോളണം ....അമ്മയും മക്കളും ചേർന്ന് എന്നെ തോൽപ്പിക്കാനുള്ള ശ്രമമാണോ ?- ഗോപിനാഥൻ ദേഷ്യം കൊണ്ട് വിറച്ചു ...

" ഇവിടെ ആർക്കും ആരെയും തോൽപ്പിക്കണ്ട , സുധിയും അഭിരാമിയും ഇവിടെ ജീവിക്കും , കൂടെ ഞാനും എന്റെ മോളും കാണും ...ഞങ്ങൾ ആരും  ഇവിടുന്നു ഇറങ്ങില്ല ...ഗോപിയേട്ടന്  അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഇറങ്ങിപ്പോകാം ....." 

സുധിയുടെ അമ്മയുടെ ഉറച്ച തീരുമാനം കേട്ട് ശെരിക്കും ഞെട്ടിയത്  അഭിരാമിയായിരുന്നു ......അഭിയുടെ കൈയിൽ നിന്നും നിലവിളക്കു വാങ്ങി സുധി പൂജാമുറിയിൽ കൊണ്ട് വച്ചു ..തിരികെയെത്തി അവളുടെ കൈ പിടിച്ചു അച്ഛന് മുന്നിലായി നിന്നു കൊണ്ട് അവൻ പറഞ്ഞു ......

"ജീവിതത്തിൽ ഞാൻ ഒരു പെണ്ണിനേയും ഇതേ വരെ സ്നേഹിച്ചിട്ടില്ല ,പക്ഷെ  ഈ നിമിഷം മുതൽ അഭിരാമി എന്റെ പെണ്ണാണ് .ഈ മകന് ഇനിയെന്നും ഒരു പെണ്ണ് മതി ........മരണം വരെയും അതിനു മാറ്റമുണ്ടാകില്ല ......അച്ഛന്റെ തെറ്റ് തിരുത്താനുള്ളതല്ല മകന്റെ ജീവിതം ....ചെയ്തത് തെറ്റാണെന്നു ബോധ്യം വരുന്ന നാളിൽ മാത്രം ഇവളെ മരുമകളായി അംഗീകരിച്ചാൽ മതി ......ഇവൾ ഇവിടെ തന്നെ കാണും ...."

അഭിരാമിയെയും ചേർത്തു പിടിച്ചു സുധി മുറിയിലേക്ക് നടന്നു ...
അമ്മയും പെങ്ങളും തങ്ങളുടെ കാര്യങ്ങളിലേക്ക് വ്യാപൃതരായി ....
ഭൂമി പിളർന്നു താഴേക്കു പോയെങ്കിലെന്നു ആഗ്രഹിച്ചു പരിസരബോധം നഷ്ടപ്പെട്ടവനെപ്പോലെ ഗോപിനാഥൻ നായർ തറയിലേക്കിരുന്നു ....ആശ്വാസത്തിനായി ഒരു കരമെങ്കിലും തന്റെ നേരെ നീണ്ടെങ്കിൽ എന്ന് അയാൾ വെറുതെ വ്യാമോഹിച്ചു ....


                                                 *****************************    

"സുധി .....ഞാൻ.....എന്നോട് എങ്ങിനെ  ...."

സുധി അവളുടെ വായ പൊത്തി ...നെറ്റിയിൽ തലോടി ....ഒരച്ഛന്റെ വാത്സല്യത്തോടെ , ഒരു കാമുകന്റെ പ്രണയാതുരമായ ഹൃദയത്തോടെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു ......പിന്നെ അവളുടെ കാതിൽ പതിയെ മൊഴിഞ്ഞു ...

"ഇതാണ് ശരി ......മധുരതരമായ ഏറ്റവും വലിയ ശരി ....
"


                                                 *****************************    
ശുഭം