Friday 18 January 2019

ഞാൻ നീയായി , പിന്നെ നമ്മളായി ...

ഞാൻ നീയായി , പിന്നെ നമ്മളായി  ...


നാം കണ്ടുമുട്ടുന്ന , അനുഭവിക്കുന്ന എല്ലാത്തിനെയും ഒരു പരിധി വരെ മുൻവിധിയോടെ സമീപിക്കുക നമ്മിൽ പലരുടെയും സ്വഭാവമാണ് ...
ആ മുൻവിധികൾ ഒരു പക്ഷെ ശരിയായി എന്ന് വരാം, അത് അപ്പാടെ തെറ്റാണെന്നു കാലം തെളിയിച്ചേക്കാം ..സാഹചര്യങ്ങളുടെ വിളയാട്ടം നമ്മിൽ സൃഷ്ടിക്കുന്ന ആന്തോളനങ്ങളാണ് ആ മുൻവിധിയുടെ പിതാവ് ..

ആദ്യമായി നമ്മൾ കാണുന്ന ഒരു വ്യക്തിയെക്കുറിച്ചു നമുക്ക് അറിവുണ്ടാകുക എന്നത്  സ്രോതസ്സുകളെയും നമ്മുടെ മുൻവിധികളെയും ആശ്രയിച്ചാണ് ഇരിക്കുന്നത്  ഒന്നുകിൽ മറ്റാരെങ്കിലും അയാളെ കുറിച്ച് പറഞ്ഞ അറിവ് , അല്ലെങ്കിൽ ചിത്രങ്ങളിലൂടെ അതുമല്ലെങ്കിൽ  
 അയാളുടെ പ്രൊഫൈൽ- കളിൽ നിന്ന്  ഈ ധാരണയോടെയാവും നമ്മൾ ഒരാളെ സമീപിക്കുക.അയാളുമായുള്ള ആദ്യ ഇടപഴകളിൽ തന്നെ (നേരിട്ടോ ,അല്ലാതെയോ ) ഈ മുൻവിധികളിൽ മാറ്റം സംഭവിക്കാം ..

ചിലർ ആ മാറ്റത്തിനെ കാലക്രമേണ അംഗീകരിക്കുകയും ആ വ്യക്തിയെ പൂർണമായും ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യും 
.ചിലരാകട്ടെ തന്റെ മുൻവിധികളിൽ ഉറച്ചു നിന്ന് കൊണ്ട് ആ വ്യക്തിയുമായി സംഭവിക്കുന്ന ഓരോ കാര്യങ്ങളെയും  കൂട്ടിക്കെട്ടി തങ്ങളുടെ തീരുമാനം ശരി ആണെന്ന് ഉറപ്പിക്കും . ചിലർ ഒരിക്കൽ തന്നെ തന്റെ മുൻവിധികൾ ശരിയായാൽ ആ ഭാഗത്തേക്ക് പിന്നെ തിരിഞ്ഞു നോക്കാനോ , അതിലെ നെല്ലും പതിരും വേർതിരിച്ചെടുക്കാനോ ശ്രമിക്കാത്തവർ ആയിരിക്കും.

ഒരാളുടെ അഭിപ്രായത്തിലൂടെ ഒരിക്കലും മറ്റൊരാളെ വിലയിരുത്തരുത് ,അതിനി ശരി ആയാലും അല്ല തെറ്റായാലും ..എല്ലാം അനുഭവിച്ചറിഞ്ഞു വേർതിരിച്ചെടുക്കാനൊന്നും ആർക്കും സാധിക്കില്ല ,എങ്കിലും സ്വയം സാധ്യമായത് ചെയുക .കാരണം  എനിക്ക് നീ എങ്ങിനെയോ അത് പോലെ ആയിരിക്കില്ല മറ്റൊരാൾക്ക് നീ ....അതാണ് നമുക്ക് ആദ്യമുണ്ടാകേണ്ട ധാരണ , ആ ധാരണ നമുക്കുണ്ടെങ്കിൽ എത്ര മുൻവിധിയോടെ ഒരു വ്യക്തിയെ സമീപിച്ചാലും , ഇടപഴകലിലൂടെ ആ വ്യക്തിയെ നമ്മൾ മനസ്സിലാക്കാൻ ശ്രമിക്കും , നല്ലൊരു ബന്ധം അവിടെ തുടങ്ങും 

.നമ്മുടെ ചിന്തകളും നമ്മുടെ ശരികളും നമ്മുടെ തീരുമാനങ്ങളും -അതെന്നും നമ്മുടേത് മാത്രമാണ് . നമ്മുടെ കണ്ണിലൂടെ മറ്റുള്ളവരെ നോക്കിക്കണ്ടു നമ്മൾ ഓരോ കാര്യങ്ങൾ ചെയ്യുന്നതും , അവരുടെ സ്ഥാനത്തു നമ്മൾ ആയിരുന്നെങ്കിൽ എന്ന് കരുതി ഓരോന്ന് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്.ആദ്യം പറഞ്ഞത് ചെയ്യുന്നവരാണ് നമുക്കിടയിൽ കൂടുതലും ,നമ്മുടെ ഭാഷയിൽ പറഞ്ഞാൽ അതാണ്  സേഫ് ,നമുക്ക് മസ്സിനു സന്തോഷം നൽകുന്നത് അതാണ് ..

രണ്ടാമത് പറഞ്ഞത് ചെയാൻ അല്പം ബുദ്ധിമുട്ടാണ് , അവിടെ നമുക്ക് പലപ്പോഴും നമ്മുടെ സ്വത്വം നഷ്ടമായെന്ന് വരാം .പക്ഷെ തീർച്ചയായും നമ്മുടെ മനസുഖവും മറ്റുള്ളവരുടെ സന്തോഷവും കൂട്ടിമുട്ടുന്നതും ആ പ്രവൃത്തിക്ക് അർത്ഥമുണ്ടാകുന്നതും  അപ്പോഴാണ്‌ , പക്ഷെ ഒന്നുണ്ട് രണ്ടു കൂട്ടരും ഒരുപോലെ ചിന്തിക്കണം ..അത് സാധ്യമല്ല ..പിന്നെങ്ങനെ രണ്ടാമത് പറഞ്ഞ പോലെ സംഭവിക്കും ...????

ആദ്യം പറഞ്ഞത് sympathy യും , രണ്ടാമത് പറഞ്ഞത് empathy യും  ആണ് ..sympathy മിക്കവാറും മനുഷ്യർക്കൊക്കെ കാണും .പക്ഷെ empathy വളരെ കുറച്ചു പേർക്കേ കാണു ..മറ്റൊരുവന്റെ വ്യക്തിത്വവുമായി താദാത്മ്യം നേടാനുള്ള കഴിവ്‌ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും , അതിനു ആദ്യം വേണ്ടത് ക്ഷമ തന്നെയാണ് ...ആവശ്യമുള്ളപ്പോൾ നമുക്കില്ലാത്തതും ക്ഷമ തന്നെ...

ഇങ്ങനൊക്കെ റിസേർച് ചെയാൻ തക്ക വണ്ണം രണ്ടു സംഭവങ്ങൾ എന്റെ ജീവിതത്തിൽ അടുത്തിടെ ഉണ്ടായി . 

ഫോട്ടോ കണ്ടും , മെസ്സേജ് കണ്ടും മുൻവിധികളുടെ അടിസ്ഥാനത്തിൽ ആദ്യ വട്ടം ഞാൻ തെറ്റിദ്ധരിച്ചു പോയ ഒരു മനുഷ്യൻ ..കൃത്യം രണ്ടാം വട്ടം അയാൾ ആ ധാരണ തെറ്റാണോ എന്ന ചിന്ത എനിക്ക് സമ്മാനിച്ചു , മൂന്നാം തവണ തെറ്റാണെന്നും , ഒടുവിൽ നേരിട്ട് കണ്ടപ്പോൾ ഈ മനുഷ്യനെ കുറിച്ച് ഇങ്ങനെ ചിന്തിച്ചല്ലോ എന്ന വേദനയുമായിരുന്നു മനസ്സിൽ ...തുറന്നു പറയാൻ ഒരു അവസരം കിട്ടിയപ്പോൾ അത് പറയുകയും ചെയ്തു .അയാൾക്ക്‌ അത് പക്ഷെ വിഷമമായിട്ടുണ്ടാകാം , എങ്കിലും അയാളെക്കുറിച്ചു ഞാൻ ഇങ്ങനെ ചിന്തിച്ചു എന്ന് മറ്റൊരാളിലൂടെ അയാൾ അറിയുമ്പോൾ ഉണ്ടാകുന്ന വിഷമത്തെക്കാൾ വലുതല്ല , ഞാൻ നേരിട്ട് പറയുമ്പോൾ ഉണ്ടാകുന്നത് ...തിരിച്ചറിവുകളുടെ വരവ് എന്നും വൈകിയാണ് ,അത് അങ്ങിനെയേ ആകാവൂ ...ഇവിടെ എന്റെ empathy പ്രവർത്തിച്ചു ,അയാളിലും കുറച്ചു empathy പ്രവർത്തിച്ച കാരണം ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് .

മറ്റൊരാളോട് കണ്ടുമുട്ടിയ നാൾ മുതലിന്നു വരെ എനിക്ക് തോന്നിയ വികാരം sympathy   മാത്രമാണ് .ആരോക്കെ അയാളെക്കുറിച്ചു എന്തൊക്കെ പറഞ്ഞിട്ടും എനിക്ക് അയാളോടുള്ള വികാരത്തിൽ ഇന്നും മാറ്റമില്ല .അയാളുടെ പ്രവൃത്തികളെ ഞാൻ എന്നും sympathy   യുമായി തന്നെ കൂട്ടിക്കെട്ടുന്നു ...

 പൂർണമായും ഇപ്പറഞ്ഞപോലെ sympathy യും empathy യുമൊന്നും നമുക്ക് ആരോടും കാണിക്കാൻ പറ്റില്ല .കാരണം എല്ലാ മനുഷ്യന്റെയും ഉള്ളിൽ ഒരു കുഞ്ഞു സ്വാർത്ഥത ഇപ്പോഴും കാണും ,അതിങ്ങനെ സട കുടഞ്ഞു  എണീറ്റാൽ ഈഗോ , കോംപ്ലക്സ് തുടങ്ങിയ എണ്ണിപ്പെറുക്കാൻ കഴിയാത്ത അത്രയും വികാരങ്ങൾ ഞാനുൾപ്പെടുന്ന നമ്മളിൽ എല്ലാവരിലും ഉണരും .പിന്നെ sympathy ,empathy എന്നിവർക്കൊന്നും ഒരു സ്ഥാനവും കാണില്ല ..

അപ്പോൾ പറഞ്ഞു വന്നത് ഇത്രയേ ഉള്ളു :


  • മുൻവിധികൾ കഴിവതും ഒഴിവാക്കുക 
  • മറ്റൊരുവന്റെ വ്യക്തിത്വവുമായി താദാത്മ്യം നേടാനുള്ള കഴിവ്‌ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക
  • ഞാനാണ് ശരി എന്ന ചിന്ത ഉപേക്ഷിക്കുക .എല്ലാവർക്കും അവരുടെ ശരികൾ ഉണ്ടെന്നു അംഗീകരിക്കുക 
  • ജീവിതം ഒന്നല്ലേയുള്ളു , സ്വയം സന്തോഷിക്കുക ,മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കുക.

ഞാൻ നീയാകുക , നീ ഞാനും ..പിന്നെ നമ്മളിലേക്ക് ചേക്കേറുക ...നമ്മളറിയാതെ നമ്മളും വളരും .