Wednesday 24 February 2016

ശരീരം കൊണ്ട് ചെയ്യുന്ന തെറ്റ് മനസ്സുകൊണ്ട് ചെയ്താൽ അത് തെറ്റല്ലാതാകുമോ?

ശരീരം കൊണ്ട് ചെയ്യുന്ന തെറ്റ് മനസ്സുകൊണ്ട് ചെയ്താൽ  അത് തെറ്റല്ലാതാകുമോ?

നിർമലയ്ക്ക് എന്നും സംശയമാണ് .അതും തികച്ചും അബ്നോർമൽ ആയ സംശയങ്ങൾ. ഇത്തവണ  സംശയം പക്ഷെ അല്പം കടന്നു പോയോ എന്ന് എനിക്ക് തന്നെ ഒരു സംശയം .'ശരീരം കൊണ്ട് ചെയ്യുന്ന തെറ്റ് മനസ്സുകൊണ്ട് ചെയ്താൽ  അത് തെറ്റല്ലാതാകുമോ?' എന്നാണ് അവളുടെ സംശയം.
ചിന്തിക്കേണ്ടിയിരിക്കുന്നു .......

തെറ്റ് ...എന്താണത് ?

  • നാം ചെയുന്നതിലെ തെറ്റും ശരിയും എങ്ങനെയാണ് വേർതിരിച്ചെടുക്കുക...? നമ്മൾ ചെയുന്ന നമ്മുടെ ശരികൾ എല്ലാവരും ശരി ആയി അംഗീകരിക്കുമോ ..??
  •  നമ്മുടെ തെറ്റുകൾ എന്ന് മറ്റുള്ളവർ അടിവരയിട്ടു പറയുന്ന കാര്യങ്ങൾ തെറ്റുകൾ ആണെന്ന് നമ്മൾ അംഗീകരിക്കുമോ ....?? 
  • നമ്മുടെ പ്രവൃത്തികളിലെ ശരിയും തെറ്റും വേർതിരിച്ചെടുക്കേണ്ടത്  നമ്മളാണോ അതോ വേറെ ആരെങ്കിലുമാണോ ....??
  • നമ്മൾ  ചെയുന്ന പ്രവൃത്തി കൊണ്ട് നമുക്കോ , മറ്റാർക്കെങ്കിലുമോ ഒരു തരത്തിലുള്ള വിഷമമോ , പ്രശ്നങ്ങളോ സംഭവിക്കുന്നില്ല എങ്കിൽ അത് ശരിയായും , നേരെ മറിച്ചു സംഭവിക്കുകയാണെങ്കിൽ അത് തെറ്റായും മാറുന്നു....അതല്ലേ നടക്കുന്നത് ...?


ഇനി നിർമലയുടെ ചോദ്യത്തിലേക്ക് വരാം. ശരീരം കൊണ്ട് ചെയ്യുന്ന തെറ്റും , മനസ്സ് കൊണ്ട് ചെയ്യുന്ന തെറ്റും ....തെറ്റ് തന്നെ ഇങ്ങിനെ രണ്ടു വിധം ഉണ്ടെന്നു ഞാൻ അറിയുന്നത് അവളുടെ ചോദ്യം കേട്ടതിനു ശേഷമാണ് ... ശരീരം കൊണ്ട് തെറ്റ് ചെയ്യണമെങ്കിൽ - ഉദാഹരണമായി നമ്മൾ ഒരാളുടെ കരണത്ത് അടിക്കുന്നു എന്ന് വയ്ക്കുക - നമുക്ക് അയാളെ അടിക്കണം എന്ന് തോന്നിയത് കൊണ്ടല്ലേ നാം അങ്ങിനെ ചെയ്തത് . അപ്പോൾ മനസ്സില് തോന്നിയത് നമ്മൾ ശരീരം കൊണ്ട് ചെയ്തു എന്നല്ലേ ഉള്ളു ...ഈ തെറ്റിനെ ഏതു വിധത്തിൽ പെടുത്തും ...? അതോ ഇത് മനസ്സ് കൊണ്ടും , ശരീരം കൊണ്ടും ചെയ്ത തെറ്റ് ആയി കണക്കു കൂട്ടപ്പെടുമോ ...?

നമ്മൾ ശരീരം കൊണ്ട് ചെയുന്ന എന്ത് പ്രവൃത്തിയും , അത് തെറ്റ് ആയാലും , ശരി ആയാലും അതിനു ആദ്യം മനസ്സല്ലേ സമ്മതം തരുന്നത് ...?അങ്ങനെയെങ്കിൽ അടിസ്ഥാനപരമായി ശരീരം കൊണ്ട് ചെയുന്ന എല്ലാ തെറ്റുകളും നമ്മൾ ആദ്യം മനസ്സ് കൊണ്ടല്ലേ ചെയുന്നത് ....??? അപ്പോൾ പിന്നെ മനസ്സു കൊണ്ട് തന്നെയല്ലേ നമ്മൾ തെറ്റ് ചെയുന്നതും ...????

ഇനി സയൻസ് പറയുന്നത്  എന്തെന്നാൽ മനസ്സ് എന്നൊരു അവയവമേ മനുഷ്യന് ഇല്ല എന്നല്ലേ ....അതൊരു സാങ്കല്പ്പികത ആണ് എന്നല്ലേ ....അപ്പോൾ സാങ്കല്പ്പികമായ മനസ്സ് കൊണ്ട് നമ്മൾ എങ്ങനെ തെറ്റ് ചെയ്യും ...? ഇനി അഥവാ ചെയ്തു എന്ന് തന്നെ വയ്ക്കുക ...അപ്പോളോ ...?? സാങ്കല്പ്പികമായ മനസ്സ് കൊണ്ട് നമുക്ക് സങ്കല്പ്പങ്ങളെ അല്ലെ സൃഷ്ടിക്കാൻ കഴിയു ...സാങ്കല്പ്പിക മനസ്സിന്റെ സാങ്കല്പിക സൃഷ്ടി ആയ തെറ്റ് ശരീരം ചെയ്യുന്നതിലും ഒരു സാങ്കല്പ്പികത ഇല്ലേ ....????അപ്പോൾ എല്ലാം മാാാാാാായ എന്ന് പറഞ്ഞാലോ ....????

 എന്തായാലും നിർമലയ്ക്കു ഉത്തരം വേണമല്ലോ അല്ലെ .....എന്റെ മറുപടി ഞാൻ പറയാം

  • തെറ്റ് എന്ന് നമുക്ക് തോന്നലുണ്ടാക്കുന്നത് എന്തായാലും - അതിനി ആരെയെങ്കിലും വേദനിപ്പിച്ചാലും , ഇല്ലെങ്കിലും - അത് തെറ്റ് തന്നെയാണ് 
  • അടി , ഇടി , തല്ലു , ചവിട്ടു , കുത്ത് , കൊലപാതകം ....തുടങ്ങി നമ്മുടെ ശരീരം കൊണ്ട് നമ്മൾ മറ്റൊരാളെ വേദനിപ്പിച്ചു എങ്കിൽ അത് എല്ലാ അര്തത്തിലും തെറ്റ് തന്നെയാണ് ,,, 
  • ഒരാളെ വേദനിപ്പിക്കാതെ മനസ്സ് കൊണ്ട് നമ്മൾ  അയാളെ തെറി വിളിച്ചു അയാളോടുള്ള ദേഷ്യം തീർത്തു എന്ന് കരുതുക.അങ്ങനെയെങ്കിൽ അവിടെ രണ്ടാമതൊരാൾ വേദനിക്കപ്പെട്ടിട്ടുമില്ല , നമ്മുടെ മനസ്സിലെ വിഷമങ്ങൾ എല്ലാം മാറുകയും , അയാളോടുള്ള നമ്മുടെ ദേഷ്യം അവസാനിക്കുകയും ചെയ്തു ,,,ആ അവസരത്തിൽ നമ്മൾ തെറ്റുകാർ ആകുന്നില്ലല്ലോ .


ഇനി ശരീരം കൊണ്ടും മനസ്സ് കൊണ്ടും ചെയ്യാവുന്ന അങ്ങേയറ്റത്തെ തെറ്റായി നിർമല പറയുന്നത് എന്തെന്നാൽ - ഒരാളെ മനസ്സു കൊണ്ട് എല്ലാ അർത്ഥത്തിലും സ്നേഹിച്ചിട്ടു അതെല്ലാം മറന്നു മറ്റൊരാളോടൊപ്പം  ജീവിക്കുക എന്നതാണ് .....

  •  സാങ്കല്പ്പികമായ മനസ്സ് കൊണ്ട് നമ്മൾ സങ്കല്പ്പിക്കുന്ന മായ കഥകൾ എങ്ങനെയാണ് നമ്മുടെ ശരീരത്തെ കളങ്കപ്പെടുത്തുക ....?
  • പണ്ട് എനിക്ക് ഷാരൂഖാനെ വലിയ ഇഷ്ടമായിരുന്നു , ക്ലീൻഷേവും , ഒടുക്കത്തെ ഗ്ലാമറും കാരണം  ഷാരൂഖാനെ കല്യാണം കഴിക്കാൻ പോലും ഞാൻ ആഗ്രഹിച്ചു .അതിനു കാരണം ഞാൻ ആദ്യം കണ്ടെത്തിയ സങ്കല്പ്പ പുരുഷൻ ഷാരൂഖ് ആണെന്നത് ആയിരുന്നു ..അന്നയും റസൂലും
    കണ്ടപ്പോൾ ഷാരൂഖാനെ മാറ്റി ഫഹദിനെ പ്രേമിക്കാൻ തുടങ്ങി , താടി കണ്ടു ജോർജിനെ പ്രേമിക്കാൻ തുടങ്ങി ..ഇവരെയൊക്കെ ഞാൻ മനസ്സു കൊണ്ട് പ്രേമിച്ചിട്ടുണ്ട് , എന്ന് കരുതി നാളെ ഞാൻ മറ്റൊരാളെ വിവാഹം കഴിച്ചാൽ അത് തെറ്റാകുമോ ...????അത് വഞ്ചനയാകുമൊ....?
ആദ്യം കണ്ടുമുട്ടുന്ന , നമ്മളോട് അടുപ്പവും , കരുതലും കാണിക്കുന്ന , മറ്റാരെയുംകാൾ  നമ്മെ സ്നേഹിക്കുന്നുവെന്ന് നമുക്ക് തോന്നുന്ന ഒരാൾ , അത് ആണായാലും , പെണ്ണായാലും നമുക്ക് ആ വ്യക്തിയോട് ഇഷ്ടം തോന്നുക സ്വാഭാവികം .വേറെ ഒരു ആണ്കുട്ടിയുമായും / പെൺകുട്ടിയുമായും അടുത്തു പരിചയമില്ലാത്ത ഒരാൾ ആ തോന്നുന്ന ഇഷ്ടത്തെ പ്രേമമായി വ്യാഖ്യാനിക്കും ....ആ സങ്കൽപ്പത്തിൽ അടിയുറച്ചു വിശ്വസിക്കും .....(ഇത് കൊണ്ടാ മക്കളെ മിക്സെഡ് സ്കൂളിൽ പഠിപ്പിക്കാനും , വീട്ടുകാരും കുട്ടികളും തമ്മിൽ ഒരു നല്ല അടുപ്പം ഉണ്ടാക്കാനും പറയുന്നേ ) അത് വെറും മായ ആണെന്ന് ആര് പറഞ്ഞാലും അവർ അംഗീകരിക്കില്ല, കാരണം അവരുടെ മനസ്സില് മുഴുവൻ ഷാരൂഖാനെ കുറിച്ചുള്ള സ്വപ്നമാണ് ...ഇതിൽ ചിലര് ആൾക്കൂട്ടത്തിലെക്കിറങ്ങുമ്പോൾ ഫഹദിനെ കണ്ടെത്തും , ചിലര് ഷാരൂഖിൽ തന്നെ ഉറച്ചു നില്ക്കും , അതൊരു തരം മാനസിക രോഗമാണ് ....അതിനു വേണ്ടത് നല്ലൊരു മനശ്ശാസ്ത്രജ്ഞാനെ കാണുക എന്നത് മാത്രം ആണ് .

ലോകത്ത് ഇതൊരു ആണിനും  പെണ്ണിനും  തോന്നുന്ന  പ്രായത്തിന്റെ ഒരു ചപല  വികാരം മാത്രമാണ് ഇത്  , .എന്നാൽ അത് അംഗീകരിക്കാതെ ഇത് പ്രേമമാണ് ഇതാണ്‌ സത്യം എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കുന്നതാണ്  നമ്മൾ നമ്മോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ...

ഒന്ന് മനസ്സിലാക്ക് നിർമലെ , നിനക്ക് മാത്രമല്ല ആര്ക്കും തോന്നാവുന്ന ഒരു വികാരമാണത് ...ഒരു ഗന്ധർവൻ ഉമ്മ തന്നു എന്ന് സ്വപ്നം കണ്ട ഉടനെ കളങ്കപ്പെടുന്നതാണ്  പെണ്ണിന്റെ ചാരിത്ര്യമെങ്കിൽ  ലോകത്ത് പരിശുദ്ധയായ ഒരു പെണ്ണ് പോലും കാണില്ല .....

പിന്നെ നിർമല ഒന്നും മിണ്ടിയില്ല , പതിയെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ നടന്നകന്നു ....!


No comments:

Post a Comment

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......