Tuesday 9 August 2022

എനിക്ക് പ്രസവിക്കണ്ടാ ഡോക്ടറെ...

അമ്മയാകുക, കേൾക്കാൻ സുഖമാണ്.... , 

അനുഭവിക്കുക മാധുര്യം ഏറെയാണെങ്കിലും പ്രയാസമാണ് ....

ജീവിക്കൽ പോരാട്ടമാണ് ....

ആ പോരാട്ടത്തിന്റെ പടിവാതിൽ ഒരു നാൾ ഞാനും തുറന്നു .....

അമ്മയാകുക എന്നത്  അനുഭവത്തേക്കാളുപരി ഒരു അനുഭൂതിയാണ്. നമ്മുടെ ഉള്ളിൽ ഒരു കുഞ്ഞു ജീവൻ തുടിച്ചു തുടങ്ങുമ്പോൾ മുതൽ നാം അനുഭവിക്കുന്ന ഒരു പ്രത്യേകതരം നിർവൃതിയും ആത്മസംതൃപ്തിയും ഒക്കെ വാക്കുകൾക്ക് അതീതമാണ്. കാത്തിരുന്ന കന്നി ഗർഭം ഒരു ആഘോഷമായി തന്നെ എന്നെ തേടി വന്നു എന്ന് പറയാം.വെറും ആഘോഷം അല്ല കേട്ടോ, കഴിക്കുക..., വാള് വയ്ക്കുക..., ക്ഷീണിച്ചു അവശയാകുക. വീണ്ടും കഴിക്കുക , വാള് വയ്ക്കുക. അങ്ങിനെ അങ്ങിനെ ഗർഭകാലം ആനന്ദപൂരിതമായിരുന്നു. പിന്നെ കന്നി ഗർഭം ആയതു കൊണ്ട് താങ്ങാൻ ആളുമുണ്ടായിരുന്നു, അതിന്റെ ക്ഷീണം കൂടുതലുമായിരുന്നു.  

വാളുവയ്ക്കൽ പതിയെ ഒരു ശീലമായി മാറി, പിന്നെ നാലാം മാസം ഒരു ദിവസം അർധരാത്രി വീട്ടിലെ വെളുത്ത ടൈൽ ഒക്കെ ചുമപ്പ് നിറമായി മാറി, അങ്ങിനെ മൂന്നു മാസം ബെഡ് റസ്റ്റ് ഒക്കെ എടുത്തു ഒരു വഴിയായതോടെ ഒൻപതും പത്തുമൊന്നും പോകണ്ട, എങ്ങനെയെങ്കിലും ഒന്ന് പ്രസവിച്ചാൽ മതി എന്നായി.

കുഞ്ഞിന്റെ അനക്കം കേൾക്കുമ്പോൾ തോന്നുന്ന സന്തോഷം ഒഴികെ ഗർഭകാലം ആസ്വദിക്കാനുള്ള സുഖമൊന്നും ആറാം മാസം മുതൽ ഉണ്ടായിട്ടില്ല. ഏതു ഹോസ്പിറ്റൽ തിരഞ്ഞെടുക്കണം എന്നുള്ള ചർച്ചകൾക്ക് ഒടുവിൽ സർക്കാർ ആശുപത്രിയും സാധാ പ്രസവവും മതിയെന്ന തീരുമാനത്തിലെത്തി. പിന്നീടങ്ങോട്ട് ഒരു ചെറിയ വലിയ പേടിയായിരുന്നു.

സർക്കാർ ആശുപത്രിയിലെ പ്രസവവാർഡ് മനോഹരമായ ഓർമ്മകൾ ഉറങ്ങുന്ന കൊച്ചു വീടാണ്. ഒരേ റൂമിൽ അടുത്തടുത്ത ബെഡുകളിൽ ഗർഭകാല ഓർമ്മകളൊക്കെ പങ്കു വച്ച് ഹോസ്റ്റൽ ജീവിതം പോലൊരു ഹോസ്പിറ്റൽ ജീവിതം. രാവിലെയും വൈകുന്നേരവുമുള്ള കൃത്യമായ നടത്തങ്ങൾ, തമാശകൾ, ആഹാരം പങ്കുവെക്കൽ പത്തു ദിവസത്തെ ഹോസ്പിറ്റൽ ജീവിതത്തിലെ മനോഹരമായ ഓർമകളായിരുന്നു അതെല്ലാം ....

പലരും പറഞ്ഞു പേടിപ്പിച്ചിരുന്നു, സർക്കാർ ആശുപത്രി അല്ലെ, വേദനയെടുത്തു കരയാൻ പാടില്ല, അവർ വഴക്കു പറയും, നേഴ്സ് നുള്ളു തരും എന്നൊക്കെ...ആദ്യത്തെ ഉള്ളു പരിശോധനയിൽ തന്നെ വേദനയടക്കി പിടിച്ചൊന്നു ഞരങ്ങി,കരയാൻ പേടിയായിരുന്നു. പക്ഷെ ഡോക്ടർ കൈയിൽ പിടിച്ചു കൊണ്ട് "ഇതൊന്നും ഒരു വേദനയെ അല്ല കേട്ടോ, ഇനി എത്ര പരിശോധനകൾ ഉള്ളതാ" എന്ന് പറഞ്ഞതും വേദനയൊക്കെ എവിടെയോ പോയപോലെ.

പ്രസവ ദിവസം വെളുപ്പിനെ കുളിച്ചു സുന്ദരിയായി ചട്ടയും മുണ്ടും ഉടുത്തു മുടിയൊക്കെ ഇരുവശത്തും പിന്നി കെട്ടി ഫയലും നെഞ്ചിൽ ചേർത്തു പ്രസവ മുറിയിലേക്കൊരു പോക്കാണ്. മണിക്കൂറുകൾ നീണ്ട വേദനയ്ക്കും , പോരാട്ടത്തിനുമൊടുവിൽ അങ്ങിനെ പ്രസവിക്കാനുള്ള നിമിഷം വന്നെത്തും.

പേരൊക്കെ സുഖപ്രസവം എന്നാണെങ്കിലും വേദനയൊക്കെ സഹിച്ചു ഒരു പരുവമാകും. അങ്ങനെ വേദനിച്ചു കിടന്ന നിമിഷങ്ങളിലൊന്നിൽ തൊട്ടടുത്ത ബെഡിലെ പെൺകുട്ടി പ്രസവത്തിലേക്കു കടന്നു, വേദന സഹിക്കാൻ വയ്യാതെ "എനിക്ക് ഇപ്പോൾ പ്രസവിക്കണ്ടാ ഡോക്ടറെ...." എന്നവൾ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു, അതിനു മറുപടിയായി  "എന്നാ പിന്നെ വേണ്ട, മോൾക്ക് പ്രസവിക്കണമെന്ന് തോന്നുമ്പോൾ പറഞ്ഞാൽ മതി,അല്ലെ സിസ്റ്ററെ " എന്ന് പറഞ്ഞു ചിരിക്കുന്ന ഡോക്ടറെ കണ്ടതും അവളുടെ കുഞ്ഞു പുറത്തെത്തിയതും ഒരുമിച്ചായിരുന്നു. 

അടുത്തു ദേ എന്റെ ഊഴമെത്തി. "എന്താടെ , ഇയാൾക്കും പ്രസവിക്കേണ്ടേ ?"

"എനിക്ക് എങ്ങിനെയെങ്കിലും ഒന്ന് പ്രസവിച്ചാൽ മതി മാഡം, ഉച്ച മുതൽക്ക് വേദന തുടങ്ങിയതാ " എന്ന് ഞാൻ അറിയാതെ പറഞ്ഞു പോയി.

"എങ്ങിനെയെങ്കിലുമൊന്നും പറ്റില്ല കേട്ടോ, സമയമാകട്ടെ" ന്നു പറഞ്ഞു ഡോക്ടർ അങ്ങ് പോയി.

വേദനയെടുത്തു കണ്ണൊക്കെ നിറഞ്ഞു ഒന്ന് അടങ്ങി കിടക്കാൻ പറ്റാതെ വരുന്ന ആ ഭീകരമായ അവസ്ഥ... ഇനി ഒരിക്കലും പ്രസവിക്കേണ്ട എന്ന് നൂറു വട്ടം മനസ്സിൽ പറഞ്ഞു പോകുന്ന നിമിഷങ്ങൾ...വെളുപ്പാൻ കാലം മുതൽ ഇപ്പോൾ പ്രസവിക്കും എന്നും വിചാരിച്ചു ഉച്ച മുതൽ വേദനയും സഹിച്ചു രാത്രിയായപ്പോളുണ്ട് , ഉറക്കമൊക്കെ മതിയാക്കി ഒരു നിലവിളിയോടെ അവൾ ഭൂമിയുടെ മനോഹാരിതയിലേക്ക് കണ്ണ് തുറന്നു . അനുഭൂതിയൊന്നും അപ്പോൾ തോന്നിയില്ല...വേദനിച്ചു തളർന്നു ശരീരമൊക്കെ കുഴഞ്ഞു തയ്യൽ ഇടുന്നതിന്റെ വേദനയും കൂടി ആയപ്പോൾ കുഞ്ഞിന്റെ മുഖം കണ്ടു സന്തോഷിക്കാനുള്ള മാനസികാവസ്ഥയൊന്നും അപ്പോൾ തോന്നിയില്ല.

പിന്നെ എന്റെ കഷ്ടകാലത്തിനു പാതിരാത്രി വീണ്ടും രക്തസ്രാവം ഉണ്ടാകുകയും, ഇട്ട തയ്യലൊക്കെ പൊളിച്ചു മാറ്റി, നല്ല നീളൻ തയ്യലൊക്കെ വാങ്ങി ഒരു യൂറിനറി ബാഗും തൂക്കി വെളുപ്പിന് മൂന്നു മണിക്ക് പ്രസവമെന്ന മഹാ കടമ്പയും കടന്നു മുറിയിലേക്കെത്തി. 

തീർന്നില്ല... അടുത്ത പണി പാല് കൊടുക്കൽ ആയിരുന്നു, ഓരോ തവണ പാല് കൊടുക്കാനും ബെഡിൽ നിന്നും എണീറ്റ് യൂറിനറി ബാഗും തൂക്കി പിടിച്ചു കസേരയിലേക്ക്...മുല ഞെട്ടിന്റെ വലിപ്പക്കുറവ് കാരണം കുഞ്ഞിന് പാല് കുടിക്കാൻ പറ്റാത്ത അവസ്ഥ, ഒടുവിൽ സിറിഞ്ച് കൊണ്ട് മുല ഞെട്ടിൽ നിന്നും പാല് വലിച്ചെടുത്തു കുഞ്ഞിന്റെ വായിലേക്ക് ഇറ്റിച്ചു കൊടുക്കേണ്ടി വന്നു, സിറിഞ്ച് ഇട്ടു വലിക്കുമ്പോളുള്ള വേദന , മുറിവിന്റെ വേദന, യൂറിനറി ബാഗിന്റെ ബുദ്ധിമുട്ട് എല്ലാം കൊണ്ടും പ്രസവം വെറുത്തു പോയി...

പിറ്റേ ദിവസം വൈകിട്ട് ചെക്കപ്പിന് വന്ന ഡോക്ടർ "എങ്ങിനെയുണ്ടെടെ ?" എന്ന് ചോദിച്ചപ്പോൾ "മതിയായി ഡോക്ടറെ...എനിക്കിനി പ്രസവിക്കണ്ട ..." എന്ന് അറിയാതെ പറഞ്ഞു പോയി. അപ്പോൾ ചിരിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു ," ഇപ്പറഞ്ഞ താൻ വീണ്ടും ഇങ്ങോട്ടു തന്നെ പ്രസവിക്കാൻ വരുംകേട്ടോ.." 

എന്തായാലും ആ പറച്ചിൽ ഫലിച്ചു , രണ്ടര വർഷം കഴിഞ്ഞു വീണ്ടും അങ്ങോട്ട് തന്നെ പോകേണ്ടി വന്നു.

ഏകദേശം നാല് ദിവസമെടുത്തു എന്റെ ശരീരം സാധാ ഗതിയിലേക്ക് വരാൻ,ഈ നാലു ദിവസവും മകളെ ഒന്ന് നേരെ നോക്കിയിട്ട് പോലുമില്ല എന്നതാണ് സത്യം, ഇതിനിടയിൽ തലതിരിഞ്ഞ ബന്ധു മിത്രാദികളുടെ സന്ദർശനവും കുഞ്ഞിനെ മാറി മാറിയുള്ള എടുക്കലുകളും കാരണം കുഞ്ഞിന് പനി പിടിച്ചു. കൈയിൽ ഇൻജെക്ഷൻ നീഡിലും കുത്തി വച്ചുള്ള  എന്തിനെന്നറിയാത്ത അവളുടെ കരച്ചിലുമൊക്കെ കാണുമ്പോൾ ബന്ധുക്കളെയൊക്കെ എടുത്തു ദൂരെ എറിയണമെന്നു തോന്നി...ആ ദുരിത കാലത്തിനിടയിൽ കുടുംബത്തിൽ താളപ്പിഴകളുണ്ടാകുന്ന തരത്തിൽ കുറച്ചു കാര്യങ്ങളും എന്റെ കുടുംബജീവിതത്തിലുണ്ടായി. അത് കൊണ്ടൊക്കെ തന്നെ ഓർത്തെടുക്കാൻ എനിക്കൊരിക്കലും ആഗ്രഹമില്ലാത്ത കാലമാണ് എന്റെ പ്രസവ കാലം.

പ്രസവ സുസ്രൂഷയും, പരിചരണവും, കൊണ്ട് ഒരു വല്ലാത്ത കാലം തന്നെയായിരുന്നു ആദ്യത്തെ മൂന്നു മാസം. പകല് മുഴുവൻ ഉറങ്ങിയിട്ട് രാത്രി കുടുംബക്കാരുടെയും നാട്ടുകാരുടെയും ഉറക്കം കളയുന്ന കരച്ചിൽ വീരത്തിയായിരുന്നു എന്റെ മകൾ. പാല് കുടിക്കാൻ വേണ്ട, എന്റെ മുല ചുരന്നു മാറിടമൊക്കെ നനഞ്ഞു ഒരു ദിവസം തന്നെ മൂന്നും നാലും വസ്ത്രം മാറേണ്ട അവസ്ഥയായി. ഒടുവിൽ പാൽ കളയുന്ന സമയം ഒരു കിണ്ണത്തിലേക്കു  സ്വയം പിഴിഞ്ഞെടുത്ത് മാറ്റി വയ്ക്കാറായിരുന്നു പതിവ്, സ്പൂണിൽ കോരി അവളുടെ വായിലേക്ക് ഒഴിച്ച് കൊടുക്കും. പിന്നീടങ്ങോട്ട് അവളുമായുണ്ടായ ആത്മബന്ധം , മാതൃത്വമെന്ന അനുഭൂതി, അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദം, അവളുടെ ചിരി, കളി, കൊഞ്ചലുകൾ, പിണക്കങ്ങൾ ജീവിതത്തിനു അർത്ഥവും വീണ്ടും ജീവിക്കാനുള്ള ആവേശവും സ്വപ്‍നം കാണാനുള്ള കാരണവുമായി അവൾ മാറുകയായിരുന്നു.....

കൂട്ട് കുടുംബത്തിൽ ജീവിക്കുന്ന നമ്മളൊക്കെ പ്രസവം കഴിഞ്ഞാൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് , സ്വന്തം കുഞ്ഞിന്റെ കാര്യത്തിൽ സ്വയം തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായ്മയാണ് .

കുഞ്ഞു കരഞ്ഞാൽ പാല് കൊടുക്കാത്തത് കൊണ്ട് , കുഞ്ഞു ശർദ്ധിച്ചാൽ ഏതു നേരവും പാല് കുത്തിയിറക്കുന്നതു കൊണ്ട്, കുഞ്ഞു അല്പം ഉണങ്ങിയിരുന്നാൽ നേരെ കുഞ്ഞിനെ നോക്കാത്തത് കൊണ്ട്. കുഞ്ഞിന് എന്ത് കൊടുക്കണം, കൊടുക്കണ്ട, ഏതു വസ്ത്രം ഇടണം, എങ്ങിനെ കുളിപ്പിക്കണം എന്നൊക്കെയുള്ള കാര്യങ്ങളിൽ അഭിപ്രായവും പരാതിയും കേട്ട് ഇറങ്ങി ഓടാൻ തോന്നിയ ദിവസങ്ങളുണ്ട്.

അഞ്ചു മാസം കഴിഞ്ഞു കുഞ്ഞിനേയും ഭർത്താവിന്റെ വീട്ടിലാക്കി ജോലിക്കു പോകേണ്ടി വന്നപ്പോൾ മുതൽ നേരിട്ട അവഗണനയും കുത്തുവാക്കുകളുമൊന്നും ചെറുതല്ല. ഓഫീസിലെ തിരക്കിനിടയിൽ മകൾ എന്ത് ചെയുന്നു എന്നറിയാൻ ആകാംക്ഷയോടെ വിളിക്കുമ്പോൾ, "നീ ഇട്ടിട്ടു പോയതല്ലേ..അവിടുന്ന് ചോദിച്ചാൽ ഇവിടെ കൊച്ചു കരച്ചിൽ നിർത്തുമോ, നീ കുഞ്ഞിനെ തള്ളിയിട്ടു പോയിട്ട് ഇപ്പോൾ വിളിക്കുന്നത് എന്തിനാ,നിനക്ക് ജോലിയല്ലേ വലുത് ..."എന്നിങ്ങനെ എന്തൊക്കെയോ ഏതൊക്കെയോ... ജീവിതത്തോട് മടുപ്പും വെറുപ്പും തോന്നിയ നിമിഷങ്ങൾ..അമ്മയാകണ്ടായിരുന്നു എന്ന് തോന്നിയ നിമിഷങ്ങൾ...

ഞാനൊരു നല്ല അമ്മയല്ലേ , എന്റെ കുഞ്ഞിനോട് ചെയുന്നത് തെറ്റാണോ എന്നൊക്കെ ഓർത്ത് സ്വയം വേദനിച്ചു കരഞ്ഞ നിമിഷങ്ങൾ...

ഇടവേളകളിൽ ഓഫീസിലെ ടോയ്‌ലെറ്റിൽ നിന്നും വേദനിക്കുന്ന മാറിൽ നിന്നും അതിലേറെ വേദനയോടെ പിഴിഞ്ഞ് കളഞ്ഞ മുലപ്പാലിന്റെ മണം....ഇന്നും അതൊക്കെ ഓർക്കുമ്പോൾ കണ്ണ് നിറയാറുണ്ട്.

'അമ്മ എന്ന ജന്മത്തിന്റെ മഹത്വവും, സ്വന്തം അമ്മയുടെ സ്നേഹത്തിന്റെ വിലയും ഒക്കെ തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ആരൊക്കെ 'അമ്മ ചമഞ്ഞാലും പെറ്റ വയറിന്റെയും മുല ചുരത്തിയ മാറിന്റെയും സ്നേഹത്തേക്കാൾ വലുതല്ല മറ്റൊന്നും എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ....

അനുഭൂതിക്കപ്പുറം അനുഭവങ്ങളുടെ നേരും, അനുഭവങ്ങൾക്കുമപ്പുറം അനുഭൂതിയുടെ ചൂരും കൊണ്ട് ആത്മസംതൃപ്തിയോടെ എന്റെ കുഞ്ഞു എന്ന് പറഞ്ഞു അവളെ മാറോടു ചേർക്കുമ്പോൾ ഞാൻ എന്നെ തന്നെ അകമഴിഞ്ഞ് സ്നേഹിക്കാറുണ്ട്...., എന്നോട് തന്നെ നന്ദി പറയാറുണ്ട് ...

സന്തുഷ്ടയാണ്...,ഒരു ചെറിയ പുഞ്ചിരി കൊണ്ട് , അമ്മേ എന്നുള്ള ഒരു വിളി കൊണ്ട് ലോകത്തെ മുഴുവൻ സന്തോഷങ്ങളും എനിക്ക് സമ്മാനിക്കുന്ന എന്റെ പ്രിയപ്പെട്ട മകൾക്ക് ജന്മം നൽകാൻ കഴിഞ്ഞതിൽ 

Bismitha@njangandhialla