Tuesday 12 February 2019

കുറുമ്പൻ ലുട്ടാപ്പി ...!!!

കുറുമ്പൻ ലുട്ടാപ്പി ...!!!


കുട്ടിക്കുറുമ്പുകൾ വട്ടം പിടിക്കുന്ന കാലം മുതൽക്കുള്ള കൂട്ടാണേ ,
കുന്തത്തിൽ കേറിയിട്ടങ്ങോട്ടുമിങ്ങോട്ടും കുന്തി പറക്കുന്ന ലുട്ടാപ്പി .....

എത്ര തകർത്താലുമൊട്ടും ഭയക്കാതെ കുസൃതി കാട്ടുന്ന ലുട്ടാപ്പി ,
മായാവി കുട്ടനെ കുപ്പിയിലാക്കാനായി മന്ത്രം പഠിക്കുന്നു ലുട്ടാപ്പി.... 

കുട്ടൂസനപ്പൂന്റേം, ഡാകിനിയമ്മുന്റേം കണ്ണിലെ കണ്മണി ലുട്ടാപ്പി,
വിക്രമനണ്ണന്റെ ഒക്കത്തിരിക്കും , മുത്തുന്റെ മുത്താകും ലുട്ടാപ്പി ....

രാജൂനേം , രാധേയും , നാട്ടിലെ പിള്ളാരേം  വട്ടം കളിപ്പിക്കും ലുട്ടാപ്പി ,
മായാവിക്കുട്ടന്റെ മാന്ത്രിക ദണ്ഡിനെ അമ്പേ ഭയക്കുന്നു ലുട്ടാപ്പി ..... 

അക്ഷര മുത്തുകൾ ചൊല്ലി പഠിച്ചൊരു കാലം മുതൽക്കെന്റെ കൂട്ടാണേ ,
ലുട്ടാപ്പിയില്ലാത്ത ചിത്ര കഥയെനിക്കൊട്ടും പിടിക്കില്ല ചങ്ങായി .....

കുട്ടിക്കുറുമ്പുകൾ വട്ടം പിടിക്കുന്ന കാലം മുതൽക്കുള്ള കൂട്ടാണേ ,
കുന്തത്തിൽ കേറിയിട്ടങ്ങോട്ടുമിങ്ങോട്ടും കുന്തി പറക്കുന്ന ലുട്ടാപ്പി ......

Monday 4 February 2019

പേരൻപ്.....film review

പേരൻപ്.....



                                                  പേരൻപ്...  അൻപിനാൽ ഇഴ ചേർക്കപ്പെട്ട   അമുദന്റെയും പാപ്പായുടെയും ജീവിതത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം . സ്നേഹം ഇവിടെ പ്രണയമായും, വാത്സല്യമായും , ത്യാഗമായും, വിട്ടു കൊടുക്കലായും, അംഗീകരിക്കലായും അതിന്റെ പൂർണത കൈക്കൊള്ളുന്ന ദൃശ്യാനുഭവം ..സ്നേഹത്തിനു സ്വാതന്ത്ര്യം എന്നൊരു അർഥം കൂടിയുണ്ടെന്നും , അത് നല്കുന്നതിലാണ് ജീവിതത്തിന്റെ മനോഹാരിത എന്നും പേരൻപ് വിളിച്ചോതുന്നു .


സ്പാസ്റ്റിക് പരാലിസിസ് രോഗിയായ മകളിൽ നിന്നും കടലും കടന്നു ദൂരേക്ക് പറന്നു പോയ അമുദൻ ...വർഷങ്ങൾക്കിപ്പുറം മറ്റൊരു വഴിയുമില്ലാതെ മകളെ ഏറ്റെടുക്കാനായി അയാൾക്ക് തിരികെ വരേണ്ടി വരുന്നു .ഇത്രയും വർഷം നാട്ടുകാരുടെയും വീട്ടുകാരുടെയും പരാതികൾക്കും കുത്തുവാക്കുകൾക്കും ചെവി കൊടുത്ത് സ്നേഹം ത്യാഗമാണെന്നു സമർഥിച്ച ഒരമ്മയാണ് ഒടുവിൽ മകൾ എന്തെന്ന് പോലുമറിയാത്ത അച്ഛന് അവളെയും നൽകി സ്വന്തം ജീവിതം തേടി പോകുന്നത് .ആ പോകുന്നതിനും അവൾക്കൊരു ന്യായികരണം ഉണ്ടെന്നു കണ്ടെത്തി മറ്റുള്ളവരെ ശല്യപ്പെടുത്താതെ മകളുമായി അയാൾ യാത്രയാവുകയാണ് ...മനുഷ്യരില്ലാത്ത, കുരുവികള്‍ ചാകാത്ത  ഒരിടം തേടി ...അവിടെ തുടങ്ങുകയാണ് ഒരച്ഛന്റെയും മകളുടെയും നിസ്വാർത്ഥമായ സ്നേഹത്തിന്റെ കഥ ..

സ്വന്തം ജീവിതം എത്രമേൽ മഹത്തരവും സൗഭാഗ്യം നിറഞ്ഞതുമാണ് എന്ന് മനസ്സിലാകണമെങ്കിൽ നമുക്ക്  മറ്റുള്ളവരുടെ വേദനകൾ തിരിച്ചറിയാൻ കഴിയണം .ആ തിരിച്ചറിവാണ് അമുദനെ മകളിലേക്കു അടുപ്പിക്കുന്നത് ,അവളെപ്പോലെയാകാൻ അയാൾ പരിശ്രമിച്ചെങ്കിലും അതിനു സാധിക്കില്ലെന്ന തിരിച്ചറിവാണ് അവളിക്കേലുള്ള അയാളുടെ പ്രയാണത്തിന് വഴി തുറന്നത്....പാട്ടുപാടിയും , നൃത്തം ചെയ്‌തും , മോണോ ആക്ട് കാണിച്ചും മകളുടെ സ്നേഹം പിടിച്ചു പറ്റാൻ ശ്രമിക്കുന്ന അച്ഛൻ ..ഒടുവിൽ തോൽവി സമ്മതിച്ചു നീറുന്ന നെഞ്ചോടെ " ഇനിയെന്താണ് ഞാൻ ചെയേണ്ടത് , നീ എന്നോടൊന്നു മിണ്ടാൻ " എന്ന് ചോദിക്കുമ്പോൾ അറിയാതെ നമ്മുടെ ഹൃദയവും ഒന്ന് വിങ്ങും ..പ്രകൃതിയാണ് ഇവിടെ അച്ഛൻ മകൾ ബന്ധം ഊട്ടിയുറപ്പിക്കുന്നത്.മകൾ സൂര്യനാകുമ്പോൾ അച്ഛൻ ചന്ദ്രനായും, അച്ഛൻ സൂര്യനാകുമ്പോൾ മകൾ ചന്ദ്രികയായും മാറുന്നു...ഒടുവിൽ ഒരു  ചിറകടിയുടെ മനോഹാരിതയോടെ അച്ഛൻ മകൾ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു ...പ്രകൃതിയുടെ മനോഹാരിതയും , ഇരുട്ടിന്റെ നിശ്ശബ്ദതതയും , പശ്ചാത്തല സംഗീതത്തിന്റെ ഒഴുക്കും നമ്മെ കൊണ്ടെത്തിക്കുന്നത് നന്മ നിറഞ്ഞ ഒരു അന്തരീക്ഷത്തിലേക്കാണ് ....വാക്കുകളേക്കാൾ ഭീകരമായ അർഥം മൗനത്തിനുണ്ടെന്നു ഓരോ ഫ്രെയിമിലൂടെയും റാം കാട്ടിത്തരുന്നു ...

ഋതുമതിയായ മകൾ ഏതൊരു അച്ഛന്റെയും ഏറ്റവും വലിയ സന്തോഷമാണ് , പക്ഷെ ഇവിടെ അമുദനുണ്ടാകുന്ന വികാരം അയാളുടെ നിശബ്ദതയിലൂടെ കാഴ്ചക്കാരന്റെ ഹൃദയത്തെ വേദനിപ്പിക്കുകയാണ്, ഒരു പെൺകുട്ടിക്ക് , പ്രത്യേകിച്ചും തന്റെ മകൾക്കു ഈ അവസരത്തിൽ 'അമ്മ എത്ര മാത്രം ആവശ്യമാണെന്ന് അയാൾ മനസ്സിലാക്കുന്നു എങ്കിലും മറ്റു വഴികളൊന്നുമില്ലാതെ ഒടുവിൽ അച്ഛൻ തന്നെ അമ്മയാകുകയാണിവിടെ .

വിജി എന്ന വിജയലക്ഷ്മിയുടെ കടന്നു വരവോടെ കുറച്ചു നിമിഷത്തേക്ക് വേണ്ടിയെങ്കിലും അയാളും ഒരു മനോ രാജ്യത്തിൽ എത്തിപ്പെടുകയാണ് .അതൊരു നിമിഷ സ്വപ്നമായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ അയാൾക്കു ദേഷ്യത്തെക്കാളേറെ അവളോട് തോന്നുന്നത് സ്നേഹം തന്നെയാണ് ...ഓരോ മനുഷ്യന്റെയും അവസ്ഥകളെ അവരായി നിന്ന് കൊണ്ട് മനസ്സിലാക്കുന്ന അമുദൻ സ്നേഹത്തിനു മാനവികത എന്നൊരു അർഥം കൂടിയുണ്ടെന്ന്  നമ്മെ പഠിപ്പിക്കുന്നു ...

ജീവിക്കാൻ മനുഷ്യന് ആവശ്യം പണം തന്നെയാണ് , വായു ഭക്ഷിച്ചു ജീവിക്കുക സാധ്യമല്ലല്ലോ ...അങ്ങനെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അമുദൻ മകളുമായി നഗരത്തിലെത്തുകയാണ്.. അവിടെയും പ്രതിസന്ധികൾ തന്നെയാണ് അയാളെ കാത്തിരിക്കുന്നത് ..ഒറ്റമുറി ലോഡ്‌ജിലും , ഒറ്റമുറി വീട്ടിലും കാരണവരായും കാവൽക്കാരനായും മകളെ പൊതിഞ്ഞു സൂക്ഷിക്കുന്ന അച്ഛനാവുകയാണ് അമുദൻ ...മകൾ ഒരു സ്ത്രീയാവുകയാണെന്നും , അവൾക്കും ഏതൊരു പെണ്ണിനേയും പോലുള്ള വികാരങ്ങൾ ഉണ്ടെന്നുമുള്ള തിരിച്ചറിവ് ആ അച്ഛനെ വല്ലാതെ തളർത്തുന്നുണ്ട് ...മകൾ കാണാതെ , അവൾ കേൾക്കാതെ നെഞ്ചകം പിഞ്ഞി അയാൾ കരയുമ്പോൾ കാഴ്ചക്കാരന്റ കണ്ണുകൾ ഈറനണിയുകയാണ് ....ഒരു നോട്ടം കൊണ്ട് , ഒരു മൗനം കൊണ്ട് , വാക്കുകളിലെ ഇടർച്ച കൊണ്ട് മമ്മൂട്ടി എന്ന മഹാനടൻ സമ്മാനിക്കുന്ന വിസ്മയകരമായ ഭാഷ വാക്കുകൾക്കതീതമാണ് , ഭാവ തീവ്രമാണ് ...കരളലിയിക്കുന്നതാണ്.

പലപ്പോഴും തനിക്ക് അമ്മയ്ക്ക് പകരമാകാൻ കഴിയില്ലെന്നും , മകൾക്കു ഒരു സ്ത്രീ സാമീപ്യം ആവശ്യമാണെന്നുമുള്ള അറിവ് അയാളെ കൊണ്ടെത്തിക്കുന്നത് വല്ലാത്തൊരു അവസ്ഥയിലേക്കാണ് .അത് കൊണ്ടാണ് അയാൾ പൂർവ ഭാര്യക്കരികിലേക്കു പോകുന്നത് , മകളെ കുറിച്ച് ഒരു വാക്ക് പോലും ആരായാതെ അതിഥി സൽക്കാരവും നടത്തി അവർ മറയുമ്പോൾ , അന്നേ വരെ ചേർത്തു വച്ച എല്ലാ ധൈര്യവും അമുദനിൽ നിന്നും ചോർന്നു പോകുകയാണ് . മകൾക്കു അവൾ ആഗ്രഹിക്കുന്ന എല്ലാ സന്തോഷങ്ങളും കൊടുക്കാനായി അയാൾ ഒടുവിലെത്തുന്നത് ഒരു വേശ്യാലയത്തിലേക്കാണ് .വികാര നിർഭരമായ ഒരു മുഹൂർത്തമാണ് അത് ...ഒരു അച്ഛനെന്ന നിലയിൽ ഇതിനേക്കാൾ വലിയ തോൽവി തനിക്കില്ലെന്ന വേദന.......

ഉള്ളതിൽ സന്തോഷം കണ്ടെത്താനുള്ള , കൂടെ നിൽക്കുന്നവർക്കും അത് പകർന്നു കൊടുക്കാനുള്ള കഴിവാണ് അമുദനെ വ്യത്യസ്തനാക്കുന്നത് .ഓരോ മനുഷ്യനും അവന്റെ തെറ്റുകൾക്ക് അവന്റേതായ ന്യായീകരണങ്ങൾ ഉണ്ടെന്നും അത് നമ്മൾ അംഗീകരിക്കാൻ തയാറായാൽ അതൊരു തെറ്റായി മാറുകയില്ലെന്നും അമുദൻ പറയാതെ പറയുന്നുണ്ട് .

അധ്യായങ്ങളായി കഥ പറയുമ്പോൾ  പലപ്പോഴും നഷ്ടപ്പെട്ടേയ്ക്കാവുന്ന കഥയുടെ ഒഴുക്കിനെ ഒട്ടും ചോരാതെ തന്നെ പ്രേക്ഷകനിലേക്കെത്തിക്കാൻ കഥ പറച്ചിലിന് സാധിക്കുന്നുണ്ട് ...സമൂഹം എന്നും മുഖം തിരിക്കുന്ന ഭിന്നലിംഗക്കാരും കഥയിലെ പ്രധാന കഥാപാത്രങ്ങൾ ആകുന്നുണ്ട് ...

ഗതികേട് കൊണ്ട് AC  കാറിലെ തണുപ്പിനെ പ്രണയിക്കേണ്ടി വന്ന മീരയ്ക്ക് മുന്നിൽ പലപ്പോഴും അമുദൻ ഒരു പ്രണയത്തിന്റെ കടലാകുകയാണ് , അയാൾ പോലുമറിയാതെ ....മീരയിലൂടെയാണ് അമുദൻ തന്റെ പൂർണത കണ്ടെത്തുന്നത് ..തന്റെ മകൾക്കു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സന്തോഷം മീരയാണെന്നു അയാൾ തിരിച്ചറിയുന്നത് മരണത്തിനോട് ഗുഡ് ബൈ പറഞ്ഞു തിരികെ എത്തുമ്പോൾ ആണ് ..

ജാതിയുടെയോ , മതത്തിന്റെയോ , വർഗ്ഗത്തിന്റെയോ പേരിൽ അല്ല , മാനുഷിക മൂല്യങ്ങളുടെയും ,മാനവികതയുടെയും , സ്നേഹത്തിന്റെയും അടിസ്ഥാനത്തിലാണ് മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കേണ്ടതും ഉൾക്കൊള്ളേണ്ടതും എന്ന തത്വമാണ് പേരൻപ് മുന്നോട്ടു വയ്ക്കുന്നത് ..

പ്രതിസന്ധികളും , വേദനയും , നിസ്സഹായതയും , മരണത്തെക്കാൾ തീവ്രമായ അനുഭവങ്ങളും പങ്കു വച്ച് , ജീവിതത്തെ തീർത്തും സുന്ദരമായി നേരിടാൻ കൊതിക്കുന്ന അച്ഛനാണ് അമുദൻ .സ്വന്തം ജീവിതത്തിലെ ദുരനുഭവങ്ങളും , താൻ താണ്ടിയ വഴികളും പറഞ്ഞു തന്നു ,നമ്മുടെ ജീവിതം കൊണ്ട് നാം നേടേണ്ട ആത്യന്തികമായ  ലക്ഷ്യത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുകയാണ് പേരൻപ്. 

സ്നേഹമാണ് എല്ലാത്തിന്റെയും അടിസ്ഥാനം ...നമ്മുടെ പ്രവൃത്തികൾ നന്മ നിറഞ്ഞതാണെങ്കിൽ അല്പം വൈകിയാണെങ്കിലും നമുക്കുള്ള നന്മ നമ്മിലേക്ക്‌ തന്നെ എത്തിച്ചേരുമെന്ന് കാട്ടുകയാണ് റാം പേരൻപിലൂടെ ...

തുടക്കം മുതൽ ഒടുക്കം വരെ രൂപ ഭാവങ്ങളിൽ യാതൊരു വ്യത്യാസവും ചോർന്നു പോകാതെ പാപ്പയായി മാറിയ സാധന അഭിനയത്തിന്റെ സൂക്ഷ്മ , സ്ഥൂല തലങ്ങളെ വളരെ പക്വതയോടെ കൈകാര്യം ചെയ്തേക്കുന്നു ..വികാര നിർഭരമായ മുഹൂർത്തങ്ങളിൽ പോലും ആ തന്മയിഭാവം ഒട്ടും ചോരാതെ ഏതു കഥാപാത്രവും തന്നിൽ പരിപൂർണ ഭദ്രമെന്നു തെളിയിക്കുകയാണ് ഈ 16 -കാരി .

 വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ മനുഷ്യന്റെയുള്ളിലെ നന്മതിന്മകളെ , വ്യത്യസ്ത ഭാവങ്ങളെ മനോഹരമായി വരച്ചു കാട്ടുകയാണ് റാം ..സുഖലോലുപതകളിൽ ഘനീഭവിച്ചു പോയ ഹൃദയത്തിന്റെ ഉള്ളിലും നന്മയുടെ ഒരു നേർത്ത കിരണം വീശാൻ കാത്തിരിക്കുന്ന അമുദനെയും ,മകളെയും   ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയാണ് ...
                      🌟🌟🌟🌟🌟🌟🌟🌟🌟🌟/🌟🌟🌟🌟🌟🌟🌟🌟🌟🌟