"വെറുതെയി മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം ...!!"
അങ്ങനെ ഒരു അവധിക്കാലം കൂടി അവസാനിച്ചു ..കളിചിരികളുടെയും , കുട്ടിക്കുറുമ്പുകളുടെയും വേനൽക്കാലം പഠനത്തിന്റെ പെരുമഴക്കാലത്തിനു വഴിമാറിക്കൊടുത്തു ...പുത്തൻ ഉടുപ്പും , ബാഗും ,കുടയും ,ചെരുപ്പും , കളിപ്പാട്ടങ്ങളെക്കാൾ മനോഹരമായ ബൊക്സും, വാട്ടർ ബോട്ടിലും , അപ്പൂപ്പൻ താടി പറന്നു കളിക്കുന്ന പെൻസിലും ഒക്കെയായി പുതിയ അധ്യയന വർഷത്തിന്റെ കളിമുറ്റത്തേക്ക് കുട്ടികൾ പിച്ച വെയ്ക്കുകയാണ് ....
നമുക്കുമുണ്ടായിരുന്നു ഒരു മനോഹരമായ അവധിക്കാലം ...അല്ലെ...???
മാവിന് കല്ലെറിഞ്ഞും , മടല് മുറിച്ചു ബാറ്റുണ്ടാക്കി ക്രിക്കറ്റ് കളിച്ചും , മീൻ പിടിച്ചും ,നീന്തിക്കളിച്ച്ചും നടന്ന സ്വാതന്ത്ര്യത്തിന്റെ ഒരു അവധിക്കാലം ....കവി പാടിയത് പോലെ ഈ കുരുന്നുകളെ കാണുമ്പോൾ "ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം ..." തോന്നുന്നു .
ഓർമയിൽ സൂക്ഷിക്കാൻ നമുക്കെല്ലാവർക്കും മനോഹരമായ ഒരു വിദ്യാലയ ജീവിതം ഉണ്ടാകും ...വലുതാകും തോറും വീണ്ടും കുഞ്ഞായെങ്കിൽ എന്നോർത്തു പോകാത്ത ആരുണ്ട് ....??
ജൂണ്‍ലെ പെഴുമഴയിൽ നനഞ്ഞു ക്ലാസ്സ് മുറിയിലെക്കെത്തുന്ന ആ നിമിഷം ഒന്ന് കൂടിയൊന്നു പൊടി തട്ടി കുടഞ്ഞു എടുത്തു നോക്കിയേ .....
നല്ല സുഖമുണ്ടല്ലേ.....
ഒരു വല്ലാത്ത ആനന്ദം ...
അനിർവചനീയമായ ഒരു ഗ്രിഹാതുരത.....
മഴയാണെന്നു അമ്മ പലവട്ടം പറഞ്ഞിട്ടും , പുതിയ ഷൂ നനഞ്ഞു ചീത്തയാകും എന്ന് അച്ഛൻ പറഞ്ഞിട്ടും കേൾക്കാതെ വാശി പിടിച്ചു നിന്ന നമ്മുടെ കുട്ടിക്കാലം .....
സ്കൂളിൽ പോകാൻ ധൃതി പിടിച്ചു ,ഒടുവിൽ ക്ലാസ്സിൽ നമ്മെ ഒറ്റയ്ക്കാക്കി പോകുന്ന അമ്മയെ വിളിച്ചു ഉറക്കെ കരഞ്ഞ കുരുന്നോർമകൾ.....
ഇത് വരെയും കണ്ടിട്ടില്ലാത്ത ഒരു അമ്മ ,ടീച്ചർ എന്ന് വിളിക്കാൻ നമ്മെ പഠിപ്പിച്ച ആ അമ്മയുടെ വാത്സല്യം തുളുമ്പുന്ന മുഖം ......
കരഞ്ഞു പിണങ്ങി ഇരുന്ന നമ്മുടെ കൈത്തണ്ടയിൽ കൈ ചേർത്തു കരയണ്ട എന്ന് ആദ്യമായി പറഞ്ഞ ചങ്ങാതി ....
നമുക്കെല്ലാം ആദ്യത്തെ ഗുഡ് മോർണിംഗ് നല്കി മിടായികൾ സമ്മാനിച്ച പ്രിൻസിപ്പൽ അച്ഛന്റെ മുഖം ....
ആദ്യമായി നമ്മുടെ മുൻപിൽ തുറക്കപ്പെട്ട ചങ്ങാതിയുടെ ടിഫിൻ ബൊക്സിലെ ഭക്ഷണത്തിന്റെ മണം....
അക്ഷരങ്ങൾ കൊണ്ട് വിസ്മയങ്ങൾ തീർത്ത പുസ്തകങ്ങളുടെ കൂട്ട് ....
ആദ്യത്തെ ബെല്ലിൽ തന്നെ ഓടി പോയി കയ്യടക്കിയ പാർക്കിലെ ഊഞ്ഞാൽ .....
മധുരം കഴിച്ചില്ലെന്ന് കള്ളം പറഞ്ഞ ജോണിയും , കാക്കക്കൂട്ടിൽ മുട്ടയിട്ട കള്ളികുയിലമ്മയും എത്ര പെട്ടന്നാ അല്ലെ നമ്മുടെ കൂട്ടുകാരായി മാറിയത് .....
ഇനി കുറെ കൂടി അങ്ങ് പിറകിലേക്ക് പോയാലോ .....
മഷിത്തണ്ട് കൊണ്ട് കുളിപ്പിച്ചു സുന്ദരനാക്കിയെടുത്ത സ്ലേറ്റും ,ഒടിയാതെ പോക്കറ്റിന്റെ ഓരത്ത് വച്ച പെൻസിലും ,കീറാത്ത വാഴയില കുടയും , കുറച്ചു കൂടി വലിയ ചേമ്പിനിലക്കുടയും ,പ്രതാപത്തിന്റെ ഓലക്കുടകളുമായി ഓടിയും നടന്നും ,പുഴകടന്നും പോയ ഒരു കുട്ടിക്കാലത്തിന്റെ അവകാശികളും ഈ ഭൂമിയിൽ ഇന്നുണ്ട് ......
മരത്തണലിൽ അല്ലെങ്കിൽ ഓലമേഞ്ഞ ഉസ്കൂളിൽ പോയി സ്ലേറ്റ്-ലും മണ്ണിലുമൊക്കെ അക്ഷരങ്ങൾ എഴുതി പഠിച്ച അധ്യയന വർഷത്തിന്റെ മണ്ണിന്റെ മണമുള്ള ഓർമകളെ നെഞ്ചോടു ചേർക്കാൻ വീണ്ടും ഒരു മോഹം അല്ലെ ......"വെറുതെയി മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം ..."
ഈ ഓർമകളെയൊക്കെ നെഞ്ചോടു ചേർക്കുമ്പോൾ നമുക്ക് കിട്ടുന്ന ആനന്ദം ഇന്നത്തെ കുട്ട്യോൾക്ക് കിട്ടാനുണ്ടോ...?? നാളെ ഓർത്തെടുക്കാൻ ഇത്ര മനോഹരമായ കുട്ടിക്കാലം അവർക്കുണ്ടാകുമോ....?
സൂര്യൻ ഉദിക്കുന്നതിന് മുൻപ് കരഞ്ഞു നിലവിളിച്ചു ഉറക്കമെണീറ്റ് , എടുത്താൽ പൊങ്ങാത്ത ചുമടും തോളിൽ ഏന്തി , രാവിലെ തന്നെ ബസ് സ്റ്റോപ്പിൽ സ്കൂൾ ബസ്സും കാത്തു നില്ക്കുക ...
സീറ്റ് കിട്ടിയാലായി ...ഇല്ലെങ്കിൽ തിങ്ങി ഞെരുങ്ങി എങ്ങനെയൊക്കെയോ സ്കൂളിൽ എത്തുക ...എത്ര പഠിച്ചാലും തീരാത്ത പഠനവും , ഓരോ വിഷയത്തിനും ഓരോ ടൂഷനും ഹോം വർക്കുകളുടെ സംസ്ഥാന സംഗമവും .......
ജനിക്കുമ്പോൾ തന്നെ സ്മാർട്ട് ഫോണ്‍-ഇൽ ജീവിക്കാൻ തുടങ്ങുന്നത് കൊണ്ട് പിന്നെ ഈ ഗ്രിഹാതുരത എന്നൊക്കെ പറഞ്ഞിട്ട് ഇവർക്ക് എന്ത് മനസ്സിലാകാനാ ....?????ഈ ഓർമക്കഥകൾ പകർന്നു തരാൻ ഇന്നിപ്പോ മുത്തശ്ശനും , മുത്തശിയുമൊന്നും ഇല്ലാത്ത അവസ്ഥയാണല്ലോ ....
കാലമിങ്ങനെ ഓടിക്കൊണ്ടിരിക്കും ...
അനുഭവങ്ങളെ ഓർമകളിൽ സൂക്ഷിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാർ .....
അനശ്വരമായ അക്ഷരങ്ങളിലൂടെയെങ്കിലും ഈ നിറമുള്ള കുട്ടിക്കാലം തലമുറകൾ കടന്നു കാലാതീതമായി നിലനില്ക്കട്ടെ ....!!
nice written bismii..... keep it up !!
ReplyDelete