Tuesday 4 August 2015

സൗഹൃദത്തിന്റെ പച്ചമരത്തണലിൽ ...!!

സൗഹൃദത്തിന്റെ പച്ചമരത്തണലിൽ .!


കൊടുക്കൽ വാങ്ങലുകളുടെ കണക്കുപറയാതെ , കൂടിപ്പോയാൽ പങ്കു വച്ചും കുറഞ്ഞു പോയാൽ പങ്കു നല്കിയും , ഏതു വേനലിലും തണലായി നില്ക്കുന്ന , ഏതു മഴയിലും  കുടയായി വിരിയുന്ന ഒരു മാന്ത്രികതയാണ് സൗഹൃദം...!

രക്തബന്ധത്തിന്റെ   വേലിക്കെട്ടുകൾക്കുമപ്പുറത്ത് വിശ്വാസ്യതയുടെയും , സ്നേഹത്തിന്റെയും , പരസ്പരസഹകരണത്തിന്റെയും മുത്തുകൾ  കൊണ്ട് നമ്മൾ കോർത്തെടുക്കുന്ന മാസ്മരികമായ ഒരു ബന്ധം ...!

നല്ല സുഹൃത്തുക്കൾ ഉണ്ടാകുക ...അതൊരു ഭാഗ്യമാണ് ...
നല്ലൊരു സുഹൃത്തായിരിക്കുക ....അതൊരു പുണ്യവും ....

ജീവിതത്തിന്റെ നല്ലൊരു ശതമാനം കാര്യങ്ങളും നമ്മൾ എപ്പോഴും പങ്കുവയ്ക്കുന്നത് സുഹൃത്തുക്കളുമായിട്ടായിരിക്കും .. സന്തോഷമായാലും , ദുഃഖമായാലും , പാരയായാലും , നേരം പോക്കായാലും ...നാം ആദ്യം പങ്കുവയ്ക്കുക അവരോടാകും ....

സുഹൃത്താകുവാൻ പ്രത്യേകിച്ചു വിദ്യാഭ്യാസ യോഗ്യതയോ , അനുഭവ സമ്പത്തോ ആവശ്യമില്ല ....
കൂടെ നില്ക്കാനും , വീഴ്ചകളിൽ താങ്ങാനും , സന്തോഷങ്ങളിൽ ചിരിക്കാനും ഒരു നിശബ്ദ സാമീപ്യം ...
പിണങ്ങിപ്പിരിഞ്ഞു പോയാലും വീണ്ടും ഒന്നാകും എന്നുള്ള മൗനവാഗ്ദാനം ..
ആരോടെങ്കിലും ഒന്ന് സംസാരിക്കുവാൻ കഴീഞ്ഞെങ്കിൽ എന്ന് തോന്നുമ്പോൾ അരികിലെത്തി തോളോട് ചേർക്കുന്ന ആശ്വാസതീരം ....

ഏതൊരു വ്യക്തിയെ സംബന്ധിച്ചും സൗഹൃദം തന്നെയാകും ഏറ്റവും വിലപ്പെട്ട നിധി ...അച്ഛനോടും , അമ്മയോടും , കൂടപ്പിറപ്പിനോടും പോലും പങ്കുവയ്ക്കാൻ കഴിയാത്ത രഹസ്യപരസ്യങ്ങളുടെ കാവൽക്കാരൻ ആണ് ഒരു സുഹൃത്ത്.

ആരുമാകാം നല്ലൊരു  സുഹൃത്ത് ,,,,അത് ഈ പറഞ്ഞ അച്ഛനോ , അമ്മയോ , കൂടപ്പിറപ്പോ  ആകാം ...തൊട്ടടുത്ത അയൽക്കാരൻ ആകാം ...കൂടെ പഠിച്ചവനാകാം...കൂടെ നടന്നവനോ , അരികിൽ ഇരുന്നവനോ , കൂടെ പണിയെടുത്തവനോ അങ്ങനെ ആരും ....പക്ഷെ അത് ആരാണെന്നു കണ്ടെത്തി അയാളെ കൂടെ കൂട്ടുമ്പോൾ ആണ് ആ സൗഹൃദമരീചിക  നാം തിരിച്ചറിയുന്നതും , മനസ്സിലാക്കുന്നതും ....!

ഞാൻ കണ്ടുമുട്ടുന്ന , ഞാൻ സംസാരിക്കുന്ന , അല്പസമയം എന്നോടൊപ്പം ചിലവഴിക്കുന്ന എല്ലാവരും എന്റെ സുഹൃത്തുക്കൾ ആണ് ...അവർക്കാർക്കും ഒരു പക്ഷെ അങ്ങനെ അല്ലെങ്കിൽ കൂടി ...
അവർ പോലും അറിയാതെ അവർ എനിക്ക് സമ്മാനിക്കുന്ന അമൂല്യമായ നിമിഷങ്ങൾ ഉണ്ട് ...തനിച്ചിരിക്കുമ്പോൾ അവയൊക്കെ ഓർത്തെടുത്ത് ഞാൻ ഒരുപാട് ചിരിച്ചിട്ടുണ്ട് ..., ആസ്വദിച്ചിട്ടുണ്ട് ...!

നല്ല സുഹൃത്തുക്കൾക്കിടയിൽ ഒരു സൗഹൃദ ദിനത്തിന്റെയോ , ആശംസയുടെയോ  ആവശ്യമുണ്ടെന്നു എനിക്കിതേവരെ തോന്നിയിട്ടില്ല ...നാം ആത്മാർത്ഥ സുഹൃത്തുക്കൾ എന്ന് പറയുന്നവരുടെ ആത്മാർത്ഥ സുഹൃത്തു നമ്മൾ ആകണം എന്ന് യാതൊരു നിർബന്ധവും ഇല്ല ...എങ്കിലും ഈ ഭൂമിയിലെ ഒരുവന്റെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന ഒരു ബന്ധം ആണ് സൗഹൃദം എന്നതിൽ ഒരു സംശയവുമില്ല ...ഒരുവൻ നന്നാകാനും , നശിക്കാനും  ആ കൂട്ട് തന്നെ ഉത്തമം ...

സൗഹൃദദിനം കഴിഞ്ഞു പോയെന്നു അറിയാം ....എങ്കിലും വർഷത്തിലെ എല്ലാ ദിവസവും നമുക്ക്  സൗഹൃദ ദിനം തന്നെ...
ഒരു ചങ്ങാതിയുടെ വാക്കുകൾ കടം കൊണ്ട് അവസാനിപ്പിക്കട്ടെ ,... ...."  SIMPLE ACT OF CARING CREATES AN ENDLESS RIPPLE ..." അതിനോടൊപ്പം എന്റെ കൂട്ടിചേർക്കൽ കൂടി .... " THOSE RIPPLES ARE THE MOST VALUABLE GIFTS YOU CAN GIVE TO YOUR DEAR ONES
ആ CARING തന്നെയാണ് എല്ലാ സൗഹൃദങ്ങളുടെയും അടിസ്ഥാനവും നിലനില്പും ...ഒരു നോട്ടം കൊണ്ട് , അല്ലെങ്കിൽ ഒരു വാക്ക് കൊണ്ട് , അതുമല്ലെങ്കിൽ നേരത്തെ പറഞ്ഞ പോലെ നിശബ്ധമായ സാമീപ്യം കൊണ്ട് എന്റെ ഹൃദയത്തിൽ അനന്തമായ തിരകൾ സൃഷ്ടിച്ച എല്ലാ നല്ല സുഹൃത്തുക്കളെയും ഞാൻ ഓർക്കുന്നു ......അവരോടൊപ്പമുള്ള അനിർവചനീയമായ മനോഹര നിമിഷങ്ങളേയും ....



1 comment:

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......