പുതുവർഷത്തിലേക്കുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി .
ഓർമയിൽ കാത്തു സൂക്ഷിക്കാൻ കുറെയേറെ നല്ല നിമിഷങ്ങളും ....., ഇടയ്ക്കൊന്നു കണ്ണീർ പൊഴിക്കാൻ കുറച്ചു നനവാർന്ന നിമിഷങ്ങളും ....,പിന്നെ പൊട്ടിച്ചിരിക്കാനും ,ചിരിപ്പിക്കാനും വേണ്ടി മാത്രം കൂടെ കൂടിയ ചില മനോഹരമായ നിമിഷങ്ങളും ......,
എല്ലാം കാലത്തിന്റെ ഓർമക്കൂട്ടിലേക്ക് ആരുടേയും അനുവാദം ചോദിക്കാതെ യാത്രയാകാൻ തയ്യാറായിക്കഴിഞ്ഞു ......
"ഓർമയിൽ വിടരാനായ് പൂക്കാലമേ
ഓടി മറയുന്നോ നീ എന്നിൽ നിന്നും ...
ഒരു പിടി സ്വപ്‌നങ്ങൾ ബാക്കിയാക്കി -
പുതു വെണ്ണിലാവിനായ് നീ യാത്രയായി ..."
ഇക്കഴിഞ്ഞ നാളുകൾക്കിടയിൽ മുന്നിലൂടെ കടന്നു പോയ കുറേ ചിത്രങ്ങൾ ......
വന്നെങ്കിലെന്നും , കണ്ടെങ്കിലെന്നും , മിണ്ടിയെങ്കിലെന്നും കൊതിച്ചു കാത്തിരുന്ന എത്രയോ ദിനരാത്രങ്ങൾ ......
എന്തിനെന്നറിയാതെ ആർക്കുവേണ്ടിയെന്നറിയാതെ ചെയ്തു കൂട്ടിയ എന്തൊക്കെയോ കാര്യങ്ങൾ ......
ഒക്കെയും ഇനി ഒരു ഡയറിയുടെ താളുകളിലെവിടെയോ ഉറങ്ങാൻ പോകുന്ന സത്യങ്ങൾ .........
അപ്രിയ സത്യങ്ങളെ മറന്നു കൊണ്ട് .....................
,പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾക്ക് പുതിയ പ്രതീക്ഷകൾ നല്കിക്കൊണ്ട്..... , നന്മകൾ സമ്മാനിച്ചവരെ നന്ദിപൂർവ്വം സ്മരിച്ചു കൊണ്ട് .....................
ഈ യാത്രയിൽ കൈത്താങ്ങേകിയവർക്ക് നന്മകൾ നേർന്നു കൊണ്ട് ......
പിന്തള്ളിയവർക്ക് നല്ലത് വരട്ടെയെന്നു ആശംസിച്ചു കൊണ്ട് .......
എല്ലാം നല്ലതിന് വേണ്ടിയെന്നു സ്വയം വിശ്വസിപ്പിച്ചു കൊണ്ട് ......
തിരികെ വരാത്ത കാലത്തിനു നന്ദി പറഞ്ഞു കൊണ്ട് ......
ഈ ഭൂമിയിൽ മനുഷ്യനായി പിറക്കാൻ അനുഗ്രഹിച്ച ആ വലിയ ശക്തിയെ നമിച്ചു കൊണ്ട് ........
വരാനിരിക്കുന്ന വസന്തത്തിന്റെ സംഗീതത്തിന് നമുക്ക് കാതോർക്കാം .......
കാലമിനിയുമുരുളും ....
വിഷു വരും , വർഷം വരും ,
പിന്നെയോരോ തളിരിലും -
പൂ വരും , കായ് വരും ...
അപ്പോളാരെന്നുമെന്തെന്നുമാർക്കറിയാം .....
No comments:
Post a Comment
വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......