ജൂണ്‍ മാസത്തിലെ ഒരു മഴക്കാലത്ത് , കരഞ്ഞു കലങ്ങിയ മിഴികളോടെ സ്കൂൾ വരാന്തയിലേക്ക് നടന്നെത്തിയ ഒരു ബാല്യം നമുക്കെല്ലാവർക്കും ഉണ്ടായിരുന്നു ...അല്ലെ ...??? അന്ന് ആ വരാന്തയിൽ വച്ച് നമ്മുടെ ഇളം കൈകളെ കവർന്നെടുത്ത അത്ഭുതമായിരുന്നു അദ്ധ്യാപകൻ ....
കരയെണ്ടെന്നു പറഞ്ഞു , ക്ലാസ്സ് കാണിച്ചു തരാമെന്നും , മിടായി തരാമെന്നും , കൂട്ടുകൂടാൻ കൂട്ടുകാരെ തരാമെന്നും പറഞ്ഞു നമ്മുടെ മുഖത്തു പുഞ്ചിരി വിരിയിച്ച നക്ഷത്രം ....
പിന്നീടു അങ്ങോട്ടുള്ള ക്ലാസ്സുകളിലെ യാത്രകളിൽ നമുക്ക് വഴികാട്ടിയായി മാറിയ അറിവിന്റെ വെളിച്ചം ....
മാതാവും , പിതാവും കഴിഞ്ഞു നമ്മൾ ആദ്യമായി സ്നേഹിച്ച , വിശ്വസിച്ച , ആരാധിച്ച , മാതൃകയാക്കാൻ ശ്രമിച്ച നമ്മുടെ പ്രിയപ്പെട്ട അധ്യാപകർ....
അവരുടെ സുദിനമാണ് ഇന്ന് .അവരെയൊക്കെ ഓർത്തെടുക്കാനുള്ള ഒരു ദിനം .
എനിക്കുമുണ്ടായിരുന്നു എനിക്കേറെ പ്രിയപ്പെട്ട , എന്നെ പ്രിയപ്പെട്ടവളായി കരുതിയ കുറച്ചു അധ്യാപകർ ....
ലെൻസി സിസ്റ്റെറിന്റെ മുഖത്തായിരുന്നു ആദ്യമായി ഞാൻ അറിവിന്റെ വെളിച്ചം കണ്ടെത്തിയത് ......എപ്പോഴും പുഞ്ചിരിക്കുന്ന , ഗൗരവത്തിന്റെ മൂടുപടമുള്ള , മിടായികൾ സമ്മാനിക്കുന്ന കർത്താവിന്റെ മണവാട്ടി .....
എന്റെയുള്ളിലും ഒരു എഴുത്തുകാരിയുണ്ടെന്നു പറഞ്ഞു എന്നെ എഴുതാൻ പ്രേരിപ്പിച്ച , പ്രോത്സാഹിപ്പിച്ച ഷീജ ടീച്ചറും , ലതിക ടീച്ചറും , സുനിൽ സാറും ......
എന്റെ ഇടവേളകളിലെ സൊറ പറച്ചിലുകളിൽ പങ്കുകാരായ പ്രീത ടീച്ചറും , ശ്രീകുമാർ സാറും ....
എഴുത്തിനെ ഒരിക്കലും ഉപേക്ഷിക്കരുതെന്നും , ഇനിയും ഏറെ എഴുതണമെന്നും പറഞ്ഞ ഗംഗ ടീച്ചർ....
കണക്കിൽ ജയിക്കാൻ വേണ്ടി തല്ലു തന്നു കണക്കിനെ സ്നേഹിപ്പിച്ച ഗീത ടീച്ചറും , അരുണ്‍ ചേട്ടനും ....
കൂപമണ്ടൂകത്തെ സ്നേഹിക്കാനും , ലോകം കാണാനും പഠിപ്പിച്ച സജൻ മാഷ് ....
മറന്നു പോയ വായനയെ തിരികെ എന്നിലെക്കെത്തിച്ച ഈശ്വരന്റെ മാലാഖയായ എന്റെ പ്രിയപ്പെട്ട (അവളുടെയും) കുഞ്ഞാട് ...
പഠിത്തത്തിൽ ഞാൻ ഉഴപ്പുമ്പൊഴെല്ലാം ഒരു ജോലി നേടണമെന്ന് പറഞ്ഞു എന്നെ പഠിക്കാൻ നിർബന്ധിതരാക്കിയ റീന ടീച്ചറും , സൗമ്യ ടീച്ചറും.....
ഒരമ്മയെപ്പോലെ എന്നും കരുതലോടെ നോക്കിയ വള്ളി ടീച്ചർ .....
ഒരു അച്ഛനെ പോലെ കൂടെ നില്ക്കുന്ന സുനിൽ സാർ ...
ഈ പെണ്‍കുട്ടിയുടെ ഓരോ ഉയർച്ചയിലും മനസ്സറിഞ്ഞു പങ്കുചേർന്ന പ്രിയപ്പെട്ട കൃഷ്ണൻ മാമൻ ...
പപ്പട കണക്കു പഠിപ്പിച്ച ശ്രീകണ്ടൻ മാമൻ ....
പ്രോഗ്രാമ്മിങിനെ സ്നേഹിക്കാൻ പഠിപ്പിച്ച ഞങ്ങടെ തയ്യിലുകാരൻ മാഷ് ....
ഇനിയുമുണ്ട് ഒത്തിരി പേർ...മറക്കാൻ കഴിയാത്ത ഒരുപാട് നല്ല അധ്യാപകർ ....ജീവിതത്തിലെ ഓരോ ഉയർച്ചകളിലും ഇന്നും മനസ്സ് കൊണ്ട് ഞാൻ ഇവരെയൊക്കെ ഓർക്കാറുണ്ട്...
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ഇത് പോലൊരു അധ്യാപക ദിനത്തിൽ സാരിയൊക്കെ ചുറ്റി ഞാനൊരു മലയാളം അധ്യാപിക ആയി മാറിയത് ,,,,,
അന്ന് ഉള്ളിലുദിച്ച മോഹമാണ് അധ്യാപനം ....
ഒൻപതാം ക്ലാസ്സിൽ കണക്കു അധ്യാപികയായി ....
പത്താം ക്ലാസ്സിൽ ഒരു വലിയ സ്കൂളിന്റെ പ്രിൻസിപ്പൽ ആയി ....
ബി .എഡ് എടുക്കാതെയും ഞാൻ ടീച്ചർ ആയി .....പത്തു കഴിഞ്ഞു പിന്നെ നീണ്ട അഞ്ചു വർഷങ്ങൾ ....പല വിഷയങ്ങളും മാറി മാറി കൈകാര്യം ചെയ്തു ഒടുവിൽ ഉത്തരയുടെ സ്വന്തം മലയാളം അധ്യാപികയായി ...., ആ മഹനീയമായ അവസരം എനിക്ക് സമ്മാനിച്ച കൃഷ്ണൻ മാമൻ ....
പക്ഷെ ജീവിതം കടന്നുപോയ കുത്തൊഴുക്കിൽ അധ്യാപിക ആകാനുള്ള മോഹം ഏതോ വഴിവക്കിൽ വച്ച് കൈവിട്ടു പോയി ....
അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ .....
അധ്യാപനത്തെക്കാൾ മഹത്തായ മറ്റൊരു ജോലിയും ഈ ലോകത്തില്ല ....
കുഞ്ഞുങ്ങളെ പഠിപ്പിക്കുമ്പോൾ , അവരെ സ്നേഹിക്കുമ്പോൾ , അവരോടൊപ്പം സമയം ചിലവിടുമ്പോൾ കിട്ടുന്ന പരമാനന്ദം.....
വഴി വക്കിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ , അല്ലെങ്കിൽ വഴിയെ നടന്നു പോകുമ്പോൾ പുറകിൽ നിന്നും കേൾക്കുന്ന ചേച്ചി വിളി ....അവരുടെ മുഖത്തെ പുഞ്ചിരി .....അതിനെക്കാൾ വലുതല്ല ഈ ലോകത്ത് കിട്ടുന്ന മറ്റൊരു സന്തോഷവും .....
എനിക്ക് വഴികാട്ടികളായ എന്റെ പ്രിയപ്പെട്ട ടീച്ചർമാർക്കും , എന്നെ സ്നേഹിച്ച ടീച്ചർമാർക്കും , ഒരു നല്ല അധ്യാപകദിനം ആശംസിക്കുന്നു ....
ഒപ്പം ഞാൻ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്ക് (ഒപ്പം എല്ലാ കുഞ്ഞുങ്ങൾക്കും ) നന്മകൾ വരേണമേ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു....
No comments:
Post a Comment
വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......