ഇസ്ലാം -Is The BEST Religion having WORST Followers....??
(അള്ളാഹു ഇല്ല എന്നോ , ഇസ്ലാം മതം മോശമാണെന്നോ സ്ഥാപിക്കല്‍ അല്ല എന്‍റെ ലക്ഷ്യം ,ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും , ഉത്തരം മുട്ടിക്കുന്ന
കുറച്ചു വിശ്വാസങ്ങളുമായി എനിക്ക് മുന്നിലുള്ള മതത്തെ കുറിച്ചുള്ള എന്‍റെ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കണ്ടെത്തുക എന്നതാണ് .)
ഇന്നലെ വീണ്ടും ഒരിക്കല്‍ക്കൂടി ഇങ്ങനെയൊരു വാചകം ഞാന്‍ കേള്‍ക്കുകയുണ്ടായി " Islam-BEST Religion having WORST Followers " അതാണ്
ഈ എഴുത്തിന് പിന്നിലെ കാരണം .
എല്ലാ മതങ്ങളും മുന്നോട്ടു വയ്ക്കുന്ന തത്ത്വം സ്നേഹവും , സഹിഷ്ണുതയും തന്നെയാണെന്ന് ഇക്കാലത്തിനിടയില്‍ ഖുറാനും , ഗീതയും , ബൈബിളും
എന്നെ പഠിപ്പിച്ചിട്ടുണ്ട് ." മതം "- അത് ഏതായാലും ഒരിക്കലും ഒരു വ്യക്തിയുടെ ചിന്തകളെയോ , സ്വാതന്ത്ര്യത്തെയോ ,സ്വപ്നങ്ങളെയോ ,
വ്യക്തിത്വത്തെയോ ഹനിക്കുന്നത് ആകരുത് . പരസ്പരം സ്നേഹത്തിനും സഹകരണത്തിനുമപ്പുറം , വ്യക്തികള്‍ക്കിടയില്‍ വേലികെട്ടുകള്‍
തീര്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെ ചങ്ങലകളായി മതങ്ങള്‍ മാറരുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ .
മതം - ഒരു വലിയ വിഷയമാണ് . അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാനുള്ളത്രയും പക്വതയും , ജീവിതവീക്ഷണവും , അനുഭവ സമ്പത്തുമൊന്നും എനിക്കില്ല . എങ്കിലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ സന്തതിയായ , ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരു സ്വതന്ത്ര ചിന്താഗതിക്കാരിയായ വ്യക്തി എന്ന നിലയില്‍ മതത്തെക്കുറിച്ചു സംസാരിക്കാനും , ചിന്തകളും സംശയങ്ങളും പങ്കുവയ്ക്കാനും എനിക്ക് സ്വാതന്ത്ര്യം ഉണ്ട് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു
യോഗയെ നിങ്ങളുടെ മതം എന്തിനാണ് ഇത്രയ്ക്ക് എതിര്‍ക്കുന്നതെന്ന് ഒരാള്‍ എന്നോട് ചോദിക്കുകയുണ്ടായി .യോഗയിലുള്ള മന്ത്രോച്ചാരണങ്ങള്‍ ആകാം
അതിനു കാരണം എന്ന് ഞാന്‍ അയാള്‍ക്ക് മറുപടി നല്‍കി .ഇസ്ലാംമതത്തില്‍ വിശ്വസിക്കുന്ന എല്ലാ മുസല്‍മാനും നിര്‍ബന്ധമാണ് അഞ്ച് നേരത്തെ നമസ്കാരം .അല്ലാഹുവിനു മുന്നില്‍ തന്നെ സ്വയം സമര്‍പ്പിച്ചു കൊണ്ടുള്ള ആ ഇബാദത്തുകളും ഒരു തരത്തില്‍ യോഗ തന്നെ അല്ലെ ..? മനസ്സിന്‍റെയും , ശരീരത്തിന്‍റെയും ശുദ്ധീകരണവും , ആത്മീയമായ ചൈതന്യവും അല്ലേ യോഗ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ ..,ഇതേ ആശയം തന്നെയല്ലേ നിസ്കാരം മുന്നോട്ടു വയ്ക്കുന്നതും.അപ്പോള്‍ പിന്നെ മന്ത്രോച്ചാരണങ്ങളെ മാറ്റി നിര്‍ത്തി കൊണ്ട് യോഗ അനുഷ്ടിക്കുന്നതില്‍ എന്താണ് തെറ്റ് ...??
*പതിനൊന്നാം നൂറ്റാണ്ടില്‍ അല്‍-ബിറൂനി ഇന്ത്യയിലേക്ക് വരികയും യോഗാഭ്യാസത്തെ കുറിച്ചു വിവരിക്കുന്ന സംസ്കൃതഗ്രന്ഥമായ , പതഞ്‌ജലിയുടെ യോഗസൂത്രം അറബികിലേക്ക് മൊഴി മാറ്റുകയും ചെയ്തതോടെ യോഗാഭ്യാസം മുസ്ലിങ്ങളിലേക്കും പടര്‍ന്നതായും , സംസ്കൃതത്തിലെ ദേവസ്തോത്രത്തിന് പകരം അറബിയില്‍ ബിസ്മില്ലാഹ്
ചൊല്ലി യോഗാഭ്യാസം തുടങ്ങിയതായും ചരിത്രം പറയുന്നു .യോഗ ഏതെങ്കിലും മതത്തിന്റെ ആചാരമോ വിശ്വാസമോ
അല്ല , മറിച്ച് അതൊരു സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ,ആ സംസ്കാരത്തിന്‍റെ സന്തതികള്‍ എന്ന നിലയില്‍ അതിനെ അംഗീകരിക്കേണ്ടത് നമ്മുടെ കടമയാണെന്നും ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്നമല്ലേ യോഗയില്‍ ഉള്ളു ....?? മറ്റു രാജ്യങ്ങളിലെ ഇസ്ലാം മത വിശ്വാസികള്‍ പോലും യോഗയെ പൂര്‍ണമായും പിന്തുണയ്ക്കുമ്പോള്‍ എന്തിനു നമ്മള്‍ മാത്രം യോഗയെ നഖശിഖാന്തം എതിര്‍ക്കുന്നു എന്ന് എനിക്കിതുവരെയും മനസ്സിലായിട്ടില്ല .....
നിലവിളക്ക് കത്തിച്ചാല്‍ താന്‍ മുസല്‍മാന്‍ അല്ലാതെയാകും എന്നുള്ള വിഡ്ഢിത്തം ആരാണ് നമ്മെ പഠിപ്പിച്ചത് ...? പ്രകാശം എന്ന ഊര്‍ജത്തെ
സാക്ഷിയാക്കി ചടങ്ങ് തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല , അത് വിശ്വാസമല്ല ,ആചാരമല്ല - സംസ്കാരമാണ് .ആ സംസ്കാരത്തെ അംഗീകരിക്കേണ്ടത് ഒരു ഭാരതീയന്‍റെ കടമ അല്ലേ ...? ചേരമാന്‍ പള്ളിയിലെ നിലവിളക്കുള്‍പ്പടെ ഇസ്ലാമിന്റെ ചരിത്രത്തില്‍ പോലും ബിസ്മി ചൊല്ലി വിളക്ക് കത്തിച്ച സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് .
നാനാത്ത്വത്തില്‍ ഏകത്വം നില നിര്‍ത്താന്‍ ഈ രാജ്യത്തെ സഹായിക്കുന്നതും ജാതി മത ചിന്തകള്‍ക്കതീതമായ സംസ്കാരത്തിന്‍റെ ഭാഗമാകുന്നതും എങ്ങിനെ മതപരമായി കാണാനാകും ..?
ശരീഅത്ത് നിയമങ്ങളുടെ കുട പിടിച്ചു മുസ്ലിം വനിതകളുടെ വസ്ത്രധാരണത്തിലും , സ്വന്തമായി അഭിപ്രായം പറയുന്നതിലും , വീടിനു പുറത്തേക്ക് സ്വതന്ത്രമായി ജോലിക്കിറങ്ങുന്നതിലും ,തുടങ്ങി അവള്‍ എന്ത് ചെയ്യണം ,എങ്ങനെ പെരുമാറണം , എന്ത് സംസാരിക്കണം ,എങ്ങനെ ജീവിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ രഹസ്യമായും പരസ്യമായും ഒരുപാട് പ്രതികരണങ്ങള്‍ ദിവസവും കേള്‍ക്കാറുണ്ട് .സ്ത്രീക്ക് വളരെയേറെ മഹത്ത്വം കല്പിക്കുന്ന ഒരു മതം ആണ് ഇസ്ലാം. സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും , അവളുടെ സ്വാതന്ത്ര്യത്തിനും , അഭിപ്രായങ്ങള്‍ക്കും പൂര്‍വ നബിമാരും , പ്രവാചകന്മാരുമൊക്കെ പ്രാധാന്യം നല്‍കിയിരുന്നു പിന്നീട് എപ്പോഴാണ് മതം സ്ത്രീക്ക് ഒരു ചങ്ങലയായി മാറിയത് ...?
യുവജനോത്സവ വേദികളിലും , കലാസാംസ്കാരിക സാമൂഹിക
മേഖലകളിലുമുള്ള അവളുടെ കഴിവിനെ അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന ഒരേ ഒരു സമുദായം ഇസ്ലാം മാത്രമാണ് ..വിദ്യാഭ്യാസപരമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മുസ്ലിം വനിതകള്‍ ആണ് ,എന്നാല്‍ സമൂഹത്തിലെ വ്യത്യസ്ഥ മേഖലകളില്‍ ഇവരുടെ പങ്കാളിത്തം
തീരെ കുറവാണ് എന്നതാണ് ഏറെ ദുഃഖകരമായ കാര്യം .
പര്‍ദ്ദധാരണം ഒരു ആഗോള പ്രശ്നമായി ഇടയ്ക്കിടെ പൊന്തി വരുന്നതും -അതിനെ ചോദ്യം ചെയ്യുകയും വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണെന്ന്
പറയുകയും ചെയ്യുന്നവരെ അമുസ്ലിമീങ്ങള്‍ ആയും പടച്ചവനു നിരക്കാത്തവര്‍ ആയും മുദ്ര കുത്തുന്ന ഒരു പ്രവണതയും കണ്ടു വരുന്നുണ്ട് .
മുസ്ലിം വനിതയായി പോയത് കൊണ്ട് മാത്രം വിവാഹ മോചന ശേഷം ജീവനാംശം നിഷേധിക്കപ്പെട്ടവളുടെയും ,കലാവേദികളില്‍ പ്രവേശിച്ചതിനു മതവിരുദ്ധര്‍ ആകേണ്ടി വന്നവരുടെയും പ്രതിനിധികള്‍ ഇന്നും ഇസ്ലാമില്‍ ഉണ്ട് .മുസ്ലിം സമുദായത്തെ മാത്രം മാറ്റി നിര്‍ത്തികൊണ്ട് ഒരു ജീവനാംശ നിയമം നടപ്പാക്കിയ നാടാണിത് .ഇന്ത്യ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ മാത്രം സ്വന്തം രാഷ്ട്രം ആണെങ്കില്‍ ഇതിനെയൊക്കെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കാം .പക്ഷെ ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രം അല്ലെ ...?അപ്പോള്‍ മതാതീതമായി എല്ലാ പൌരന്മാര്‍ക്കും ഒരു പോലെ അവകാശങ്ങള്‍ നല്‍കേണ്ടത് ഈ രാഷ്ട്രത്തിന്റെ കടമയല്ലേ ...?
മുസ്ലിം പെണ്‍കുട്ടികള്‍ എന്തിനാണ് തട്ടം ഇടുന്നത് ...?പെണ്ണിന്‍റെ തലമുടി പുറത്തു കണ്ടാല്‍ അവള്‍ക്കു സ്വര്‍ഗം അന്യമാകുമെന്നു ഖുറാന്‍ പറയുന്നു എന്നാണ് ഈ സംശയത്തിന് എനിക്ക് കിട്ടിയ മറുപടി .അങ്ങനെയെങ്കില്‍ ലോകത്തിലെ ഒരു മുസ്ലിം പെണ്ണും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലല്ലോ ...?ഈ സ്വര്‍ഗ്ഗവും നരകവും മനുഷ്യന്‍റെ വിശ്വാസം അല്ലേ ..മരിച്ചു പോയ ആരും എണീറ്റു വന്നു ഞാന്‍ സ്വര്‍ഗത്തില്‍ പോയെന്നു പറഞ്ഞിട്ടില്ലല്ലോ ...ഉവ്വോ ...?
മനുഷ്യന്‍ ചെയുന്ന നന്മയ്ക്ക് ഭൂമിയില്‍ നിന്നും അവനു കിട്ടുന്ന പ്രതിഭലമാണ് സ്വര്‍ഗം , തിന്മകള്‍ക്കു നരകവും ..മറ്റുള്ളതെല്ലാം സ്വയം നന്നായി
ജീവിക്കാന്‍ നാം കല്‍പ്പിക്കുന്ന വിശ്വാസങ്ങള്‍ അല്ലേ ...(മത ഗ്രന്ഥങ്ങളില്‍ മരണാനന്തര ജീവിതത്തെ കുറിച്ച് പറയുന്നതിനെ എതിര്‍ക്കലോ , അങ്ങനെയൊന്ന് ഇല്ല എന്ന് സ്ഥാപിക്കലോ അല്ല എന്‍റെ ലക്ഷ്യം .) അതിനു തട്ടത്തിനെന്താണ് പങ്ക് ...?എനിക്കറിയില്ല.
അതുപോലെ തന്നെ ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ തലയില്‍ പെണ്‍കുട്ടികള്‍ തട്ടം ഇട്ടില്ലെങ്കില്‍ അവളുടെ തലയില്‍ ശൈത്താന്‍ കൂടുമെന്നും പറഞ്ഞു കേട്ടിട്ടുണ്ട് .
എനിക്കൊരു സംശയം ..എന്താ , ഈ ശൈത്താന്‍ ആണിന്റെ തലയില്‍ കൂടില്ലേ ..?ശൈത്താന് ആണിനെ പേടിയാണോ ...? ( ഇതിനര്‍ത്ഥം ഞാന്‍ തട്ടത്തെ എതിര്‍ക്കുന്നു എന്നല്ല )
ഏകദൈവ വിശ്വാസം കൊണ്ട് വളരെ മഹത്തരമായ ഒരു മതമാണ് ഇസ്ലാം മതം .അത് തന്നെയാണ് ഒരു പക്ഷെ ഇസ്ലാം മതത്തിന്‍റെ പോരായ്മയും .
ഒരു ദൈവവും , ഒരു ഖുറാനും പിന്നെ ആര്‍ക്കും എങ്ങനെയും വളച്ചൊടിക്കാവുന്ന ആശയങ്ങളും .അല്ലാഹുവിലുള്ള വിശ്വാസത്തെ വളരെ വേഗം തന്നെ ആയുധമായും , മരുന്നായും ഒരുപോലെ മാറ്റിയെടുക്കാന്‍ കഴിയുന്നു .
ഖുറാന്‍ പാരായണം നടത്താന്‍ ഒരു വിധം എല്ലാ മുസല്‍മാനും അറിയാം .
എന്നാല്‍ പാരായണം ചെയ്യപ്പെടുന്ന ആയത്തുകളും സൂറത്തുകളും നല്‍കുന്ന അര്‍ഥം എന്താണെന്ന് ഒരുവനും വ്യക്തമായ ബോധ്യം ഇല്ല .
അത് കൊണ്ട് തന്നെ മുതിര്‍ന്നവര്‍ പകര്‍ന്നു നല്‍കുന്ന വിശ്വാസങ്ങളും ,ആചാരങ്ങളും ,ഇല്‍മും , ഇബാദത്തുമാണ് ഒരു മുസല്‍മാന്‍റെ വിശ്വാസങ്ങളെ
വളര്‍ത്തിയെടുക്കുന്നത് .പഴഞ്ചന്‍ ചിന്തകള്‍ (എല്ലാം മോശം എന്നോ തെറ്റ് ആണെന്നോ അല്ല ) തലമുറകളിലൂടെ പകര്‍ന്നു ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിവരവും , വിദ്യാഭ്യാസവും , ചിന്താബോധവും ഉള്ള പൌരന്മാരെ പോലും കാര്‍ന്നു തിന്നുന്നത് കൊണ്ടാകണം , ഇന്നും ഇസ്ലാം മത വിശ്വാസികള്‍ കാലത്തിനു പിറകില്‍ ജീവിക്കുന്നത് എന്ന് തോന്നുന്നു .
ഉള്ളിലുള്ള സംശയങ്ങള്‍ ചോദിച്ചാലുടന്‍ , നീയൊരു പെണ്ണാണ് , ഇങ്ങനെ ചോദിക്കേണ്ടതിന്‍റെ ആവശ്യമെന്താണ് ...നമ്മുടെ മതത്തിലെ പെണ്‍കുട്ടികള്‍ക്ക് ഇത്ര അഹങ്കാരം പാടില്ല , ഇനി നിനക്ക് ഈ മതത്തില്‍ വിശ്വാസമില്ലെങ്കില്‍ പോയി വേറെ മതത്തില്‍ ചേരു , എന്നൊക്കെയാണ് ചുറ്റുമുള്ളവരുടെ മറുപടികള്‍
.
പെണ്ണ് ഒരു നിശബ്ദ ജീവിയായി മറ്റുള്ളവര്‍ പറയുന്നത് മാത്രം അനുസരിച്ചു ജീവിക്കണം എന്നും, ചോദ്യം ചെയ്യല്‍ അവള്‍ക്കു പറഞ്ഞിട്ടുള്ള കാര്യമല്ലെന്നും ഏതു ദൈവമാണ് പറഞ്ഞത് ...?വീടിനു പുറത്തേക്ക് , തന്‍റെ പ്രവര്‍ത്തന മേഖലകളില്‍ കഴിവ് പുലര്‍ത്തി വിജയം കണ്ടെത്തുന്ന സ്ത്രീകളെ
ഇന്നും സമുദായവാദികള്‍ അംഗീകരിക്കാന്‍ മടിക്കുന്നതും , അന്യഗ്രഹജീവിയെ പോലെ കാണുന്നതും എന്ത് കൊണ്ടാണ് ...?
ശരിക്കും പെണ്ണ് പര്‍ദ്ദ തന്നെ ധരിക്കണമെന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ ...? അന്യപുരുഷന്മാരില്‍ നിന്നും ശരീരഭാഗങ്ങള്‍ മറഞ്ഞു നില്‍ക്കുന്ന
തരത്തിലുള്ള വസ്ത്രം അല്ലേ പെണ്ണിന് ഇസ്ലാം നിശ്ചയിച്ചിട്ടുള്ളൂ..അതെങ്ങിനെ ഇരുണ്ട പര്‍ദ്ദയായി മാറി ...? സ്വന്തം ഭാര്യയുടെ സൗന്ദര്യം കറുത്ത
വസ്ത്രം കൊണ്ട് മൂടി അന്യന്‍റെ ഭാര്യയുടെ സൗന്ദര്യം ആസ്സ്വദിക്കുന്ന പുരുഷന്മാരും വിരളമല്ലല്ലോ .... ( പര്‍ദ്ദ ധരിക്കുന്നുവോ ,ഇല്ലയോ എന്നുള്ളത് അല്ല ,എങ്ങനെ ആ വസ്ത്രം മുസ്ലിമിന്റെ ദേശിയ വസ്ത്രം ആയി എന്നതാണ് എന്റെ ചോദ്യം )
തലമുറകളും , ബുഖാരിമാരും , മൌലവിമാരും നല്‍കുന്ന അറിവുകള്‍ , ആചാരവിശ്വാസങ്ങള്‍ മാത്രമാണ് നമ്മുടെ സമ്പത്ത് .അത് കൊണ്ടാണ് ഒരുവന്‍
എന്ത് പറഞ്ഞു , അല്ലെങ്കില്‍ പറഞ്ഞതിന്‍റെ പൊരുള്‍ എന്ത് എന്ന് അന്വേഷിക്കാതെ അവനെ കാഫിര്‍ എന്ന് മുദ്ര കുത്തി വാളുമെടുത്ത് അവനു നേരെ പോര്‍വിളികളുമായി നമ്മള്‍ ഇറങ്ങുന്നത് .
അല്ലാഹുവും , ഖുറാനും പറയുന്ന ആശയങ്ങളെ വളച്ചൊടിച്ചു സ്വന്തമായി വ്യാഖ്യാനങ്ങള്‍ നടത്തിയ ഒരു കൂട്ടം വ്യക്തികളുടെ ഇടയില്‍ സത്യമേത് , മിഥ്യയേത് ...,ശരിയേത് ,തെറ്റേത് എന്ന് വ്യവച്ചെദിച്ചറിയാന്‍ കഴിയാതെ ഏതാണ് ശരിയായ വിശ്വാസം എന്ന് മനസ്സിലാക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് നമ്മള്‍ ഓരോരുത്തരും .അത് കൊണ്ട് നമുക്ക് പ്രിയപ്പെട്ട മുതിര്‍ന്നവര്‍ പറയുന്നതിനെ ശരി ആണെന്ന് നമ്മള്‍ വിശ്വസിക്കുന്നു .
മതം നല്ലതാണ് ,അത്യാവശ്യമാണ് ..ആചാരങ്ങളും വിശ്വാസങ്ങളും അനിവാര്യമാണ് . പക്ഷെ അവ കാലാതീതമായി നിലനില്‍ക്കേണ്ടവ അല്ല ...,
കാലാനുസൃതമായി മാറ്റപ്പെടേണ്ടവയാണ് ..മനുഷ്യനെ മനുഷ്യനായി കാണാനും , പരസ്പരം ബഹുമാനിക്കാനും , ഒരുവന്‍റെ ആശയങ്ങളെ ഉള്‍ക്കൊള്ളാനും , വ്യക്തി എന്ന നിലയില്‍ ഓരോരുത്തര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാനും കഴിയാത്ത മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന സത്യം നാം പലപ്പോഴും വിസ്മരിക്കുന്നു ...പെരുമാറ്റത്തിലും , ജീവിത രീതിയിലും , പ്രവൃത്തികളിലും കാലാനുസൃതമായി മാറ്റം വരുത്തിയിട്ടും എന്ത് കൊണ്ടോ ചിന്തകളെ മാത്രം പഴയകാലത്തില്‍ ബന്ധനസ്തര്‍ ആക്കിയിരിക്കുകയാണ് നമ്മള്‍ .
ഞാന്‍ , ഞാന്‍ പിന്തുടരുന്ന മതം , ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ , എന്‍റെ ചുറ്റിലുമുള്ള വ്യക്തികള്‍ ,സംഭവങ്ങള്‍ എന്നിവയില്‍ നിന്നും എന്നില്‍
ഉരുത്തിരിഞ്ഞു വന്ന ചിന്തകളുടെയും , സംശയങ്ങളുടെയും ഒരു വിശകലനമാണ് ഞാന്‍ നടത്തിയത് .ഒരു പക്ഷെ ഇത്തരം പോരായ്മകള്‍ ഒന്നുമില്ലാത്ത ഒരു നല്ല വശം ഇസ്ലാം മതത്തിന് ഉണ്ടായിരിക്കാം . ഞാന്‍ കണ്ടതും , കേട്ടതും അനുഭവിച്ചതും പങ്കു വച്ചു എന്ന് മാത്രം . അതൊരിക്കലും ഒരു മതവിശ്വാസിയെയും വ്രണപ്പെടുത്താനോ , മതത്തെ അടച്ചാക്ഷേപിക്കാനോ അല്ല .
ഞാന്‍ അറിയുന്ന മതങ്ങളില്‍ വച്ചു ഞാന്‍ ഏറെ ബഹുമാനിക്കുന്നത് ഇസ്ലാം മതത്തെയാണ് .അതിനു കാരണം വിഗ്രഹാരാധനകള്‍ ഇല്ലാത്ത ഏകദൈവവിശ്വാസം ആണ് .. പക്ഷേ എന്ത് കൊണ്ടോ മതനിയമങ്ങള്‍ മുസ്ലിം സമുദായത്തിന് ( പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ) കല്‍പ്പിക്കുന്ന
വിലക്കുകള്‍ കാലാനുസൃതമല്ലെന്നും അത് മാറ്റപ്പെടേണ്ടതല്ലേയെന്നും ഉള്ള തോന്നല്‍ ....
കാലം മാറുകയാണ് , ചുറ്റുപാടുകളും , മനുഷ്യനും അവന്‍റെ രീതികളും മാറുകയാണ് . എന്നിട്ടും എന്തിന് ...?ശതാബ്ദങ്ങള്‍ക്കു മുന്‍പുള്ള ഗ്രന്ഥത്തിലെ വ്യാഖ്യാനങ്ങളെ വളച്ചൊടിച്ചു ഇന്നത്തെ തലമുറയുടെ സ്വതന്ത്രചിന്തകള്‍ക്ക് നേരെയുള്ള ആയുധമാക്കുന്നു ....???????
-----------------------------------------------------------------------------------------------------------
NOTE :ഇതെഴുതിയത് കൊണ്ട് എന്നെ ഒരു അമുസ്ലിമായോ , നിരീശ്വരവാദിയായോ , അഹങ്കാരിയായോ കാണുന്നവരെ തിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .കാരണം എന്‍റെ ചിന്തകളുടെയും , പ്രവൃത്തികളുടെയും പരിശുദ്ധി എനിക്ക് എന്‍റെ സൃഷ്ടാവിനെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി എന്നത് തന്നെ .
സുബ്ഹാനള്ളാഹ് ...