തനിച്ചാകുക...
നാല് ചുവരുകൾക്കുള്ളിൽ ഒരു ലോകമുണ്ട് ..തനിച്ചാകുമ്പോൾ മാത്രം നാം തിരിച്ചറിയുന്ന ഒരു ലോകം ..തനിച്ചാകുക അല്ലെങ്കിൽ ഒറ്റപ്പെടുക എന്ന വാക്കിന്റെ അർഥം നാം മനസ്സിലാക്കാൻ തുടങ്ങുന്നത് അപ്പോളാണ് ...ആ ലോകത്തിന്റെ നിശബ്ദതയ്ക്കു മാത്രമേ അറിയൂ ...തനിച്ചാകുന്നവന്റെ ഹൃദയമിടിപ്പിന്റെ താളം .....
ഈ തനിച്ചാകൽ ചിലപ്പോഴൊക്കെ ഒരു അനുഗ്രഹമാണ് ...അല്ലാത്തപ്പോൾ അത് മരണത്തെക്കാൾ ഭീകരമായ ഒരു അവസ്ഥയാണ് ...ചുറ്റും വെറും ചുമരുകൾ ആണെന്ന തിരിച്ചറിവ് ....ഒരു തരം തീവ്രമായ മരവിപ്പ് ....
ഓടിയൊളിക്കാൻ ഒരു മറവു പോലുമില്ലാത്ത , നിലവിളിച്ചാൽ പ്രതിധ്വനികൾ മാത്രം തിരികെ നല്കുന്ന , പൊട്ടിച്ചിരിച്ചാൽ പേടിപ്പെടുത്തുന്ന ലോകം ....
വെളിച്ചത്തിന്റെ കണികകൾ പകർന്നു തരാൻ ജാലകങ്ങൾ ഇവിടില്ല ... , പുറത്തെ ശബ്ദങ്ങളെ ആശ്ലേഷിക്കാൻ കാതുകൾക്ക് കഴിയില്ല ....,പുറത്തു ഒരു ലോകമുണ്ടോ എന്ന് തന്നെ തീരെ നിശ്ചയമില്ലാത്ത അവസ്ഥ ...
ആ നിമിഷം നമ്മൾ ചിന്തിക്കാൻ തുടങ്ങും ...എന്തിനായിരുന്നു ഈ ജീവിതം എന്ന് ...ആർക്കു വേണ്ടിയായിരുന്നു എന്ന് ....ഇത് വരെയും ജീവിക്കുകയായിരുന്നോ എന്ന് ....
തനിച്ചാകലും ഒറ്റപ്പെടലും തമ്മിൽ ഒരുപാട് അന്തരമുണ്ട് ...തനിച്ചാകാൻ നമ്മൾ സ്വയം തീരുമാനിച്ചാൽ മതി ...പക്ഷെ ഒറ്റപ്പെടൽ മറ്റുള്ളവർ നമുക്ക് സമ്മാനിക്കുന്ന അവസ്ഥയാണ് ....ഒന്നിനെ തേടി പോകലും , മറ്റൊന്ന് നമ്മെ തേടി വരലും...
ഈ ലോകത്തിലെ ഏറ്റവും വലിയ പ്രഹേളിക വിധി ആണെന്ന വിശ്വാസം പോലും തെറ്റാണെന്ന് അപ്പോൾ നമ്മൾ തിരിച്ചറിയും .....മനുഷ്യ മനസ്സിനേക്കാൾ ,അതിന്റെ സഞ്ചാര പഥത്തെക്കാൾ വലിയ യാതൊന്നും ഈ ഭൂമിയിൽ ഇല്ലെന്ന തിരിച്ചറിവ് ...
എല്ലാവരും തനിച്ചാണ് ...ജനിക്കുന്നതും , മരിക്കുന്നതും തനിച്ച് ....അതിനിടയിൽ എപ്പോഴൊക്കെയോ നമ്മൾ പോലും അറിയാതെ പലരും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു ....ചിലർ മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്നു ...മറ്റു ചിലർ വേദനിപ്പിക്കുന്ന ഓർമകളായി മാത്രം അവശേഷിക്കുന്നു ..ചിലർ ഓർമകളിൽ പോലും അവശേഷിക്കാതെ ഓടിയകലുന്നു ....
ഞാനും നീയും നമ്മളും എന്ന സങ്കല്പം ....അതാണ് ഈ ജീവിതത്തിനു അർഥം പകരുന്നത് ...നശ്വരമായ ജീവിതത്തിലെ അനശ്വരമായ ഓർമ്മകൾ മാത്രമാണ് നമുക്ക് സ്വന്തം .....
എപ്പോൾ വേണമെങ്കിലും തനിച്ചാകാം ...എന്ന് വേണമെങ്കിലും ഒറ്റപ്പെടാം ....അതുവരെ ഞാനും നീയും നമ്മളും എന്ന സങ്കൽപ്പത്തിൽ നമുക്ക് ജീവിക്കാം ....
No comments:
Post a Comment
വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......