dO SmaLL ThinGs WiTh GrEaT LOVE.....!!
( ഒത്തിരി സ്നേഹത്തോടെ ചെയ്യാം ഇത്തിരി കാര്യങ്ങൾ)
ഞാൻ അനാഥയല്ല ...അന്ധയോ , ബധിരയോ , മൂകയോ അല്ല ..
അംഗവൈകല്യമോ , മാനസികരോഗങ്ങളോ എനിക്കില്ല ....
എന്നിട്ടും എനിക്ക് പരാതിയാണ് ...,
എന്റെ തലമുടിക്ക് നീളം പോരെന്ന് , എന്റെ കണ്‍പീലികൾക്ക് തിളക്കം കുറവാണെന്ന്...
ഒരു പക്ഷെ നമ്മളിൽ പലരും ഇങ്ങനെയാണ് ....കാഴ്ചയുടെ വില എന്താണെന്ന് കണ്ണുള്ളപ്പോൾ നമ്മൾ ആരും തിരിച്ചറിയില്ല ...ഒടുവിൽ നഷ്ടപ്പെട്ടു കഴിയുമ്പോൾ ആകട്ടെ , പോയതിനെ കുറിച്ചോർത്തു വേദനിച്ചു ബാക്കിയുള്ള ജീവിതം കൂടി പാഴാക്കും .
നമ്മളിൽ എത്ര പേർക്കാണ് കുഞ്ഞു നാളിലെ പോലെ തീർത്തും നിഷ്കളങ്കമായി പുഞ്ചിരിക്കാൻ കഴിയുക ...?? നമ്മൾ വളരുന്നതിനനുസരിച്ചു , നമ്മൾ ലോകം കാണുന്നതിനനുസരിച്ചു നമ്മൾ പോലുമറിയാതെ നമ്മളും സ്വയം മാറിത്തുടങ്ങി , നിഷ്കളങ്കത നടിക്കാനും നമ്മൾ പഠിച്ചു കഴിഞ്ഞു ...
ഭൂമിയിൽ മനുഷ്യനായി ജനിക്കാൻ സാധിച്ചതാണ് നമുക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ... അതിൽ തന്നെ കാഴ്ചയും , കേൾവിയും , സംസാര ശേഷിയും , ആരോഗ്യവും , സാമാന്യ ബുദ്ധിയും കൂടി ഉണ്ടെങ്കിൽ നമ്മെക്കാൾ ഭാഗ്യം ചെയ്ത ഒരു മനുഷ്യൻ കാണില്ല .
അത്രത്തോളം ഭാഗ്യവാന്മാരായ നമ്മൾ എന്താണ് ചെയേണ്ടത് ...? നമ്മുടെ ഭാഗ്യങ്ങൾ കൊണ്ട് നമുക്ക് സൗഭാഗ്യങ്ങൾ മാത്രം സമ്പാദിച്ചു കൂട്ടിയാൽ മതിയാകുമോ ...? അതോ നമ്മെക്കാൾ നിർഭാഗ്യവാന്മർക്കു അല്പം ഭാഗ്യം നമ്മിൽ നിന്നും കടം കൊടുക്കണോ ....?
" നിന്റെ സാന്നിധ്യം കൊണ്ട് , പ്രവൃത്തിയോ വാക്കോ കൊണ്ട് ഒരുവന്റെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ കഴിഞ്ഞാൽ അതാണ് ഈ ഭൂമിയിലെ മനുഷ്യ ജന്മം കൊണ്ട് നീ നേടുന്ന ഏറ്റവും വലിയ സമ്പത്ത് ...."- എനിക്ക് മുന്നേ മറ്റാരെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല , എങ്കിലും ഞാൻ വിശ്വസിക്കുന്ന , പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്ന , ശ്രമിക്കുന്ന തത്വം ഇതാണ് ...
വലിച്ചെറിയപ്പെട്ട , ലോകത്തിന്റെ മനോഹാരിതകൾ നിഷേധിക്കപ്പെട്ട ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട് .പക്ഷെ നമ്മൾ അവരെയൊന്നും കാണാറില്ല , കേൾക്കാറില്ല , ഇനി അഥവാ കേട്ടാലും അറിയാൻ ശ്രമിക്കാറില്ല ...
അതൊരിക്കലും നമ്മുടെ തെറ്റല്ല , മറിച്ചു നമ്മുടെ മനസ്സിന്റെ വലിപ്പക്കുറവാണ്..അതൊരു വൈകല്യമാണ് ...എല്ലാമുണ്ടായിട്ടും ഒന്നും പങ്കുവയ്ക്കാൻ തോന്നാത്ത തരത്തിലുള്ള മാനസികവൈകല്യം .
അടിസ്ഥാനപരമായി ഞാൻ ഉൾപ്പടെ എല്ലാ വ്യക്തികളും സ്വാർത്ഥന്മാർ തന്നെയാണ് . ഞാൻ , എന്റേത് , എനിക്കുള്ളത് , എന്റെ കൂട്ടുകാർ , എന്റെ വീട്ടുകാർ , എനിക്കൊപ്പം താമസിക്കുന്നവർ , എനിക്കുള്ള സ്ഥാവരജംഗമങ്ങൾ.....
അവിടെ എന്നെ മാറ്റി നാം , നമ്മുടേത് , നമുക്കുള്ളത് എന്ന് പറയാൻ നമുക്ക് കഴിയണം ...അപ്പോൾ മാത്രം ആണ് നമ്മൾ യഥാർത്ഥത്തിൽ ഒരു മനുഷ്യനാകുക ...
നമ്മളിൽ എത്ര പേർക്ക് ഹൃദയത്തിൽ കൈവച്ചു പറയാൻ കഴിയും ഞാൻ ഒരു നല്ല മനുഷ്യൻ ആണെന്ന് ...???? അങ്ങനെ എല്ലാവർക്കും സാധിച്ചിരുന്നെങ്കിൽ ഈ ലോകം എന്നേ നന്നായേനെ അല്ലെ ...
കാരണം മാളികയിലെ തണുപ്പിലല്ല , മണ്‍കുടിലിന്റെ കുളിരിലാണ് ഈശ്വരന്റെ വാസം ...എന്റെ ജീവിതം ധന്യമാണോ എന്ന് ചോദിച്ചാൽ അതിന്റെ മറുപടി ഒരായിരം പുഞ്ചിരികൾ ആകണം ....ആ പുഞ്ചിരികളുടെ സാനിധ്യത്തിൽ എനിക്ക് എന്റെ ഹൃദയത്തിൽ കൈ വച്ചു പറയാം ...." ഞാൻ നല്ലവൻ ആണെന്ന് , ഈ പുഞ്ചിരികളുടെ മനോഹാരിത എനിക്ക് സ്വന്തമാണെന്ന് ...."
ഇപ്പോൾ എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞത് എന്ന് എനിക്കും തീരെ നിശ്ചയമില്ല ..ഒരു കാര്യം ഞാനിപ്പോൾ അറിഞ്ഞു ,"ഒത്തിരി സ്നേഹത്തോടെ ചെയ്യുന്ന ഇത്തിരി കാര്യങ്ങൾ പകരുന്ന സന്തോഷമാണ് ജീവിതത്തിലെ അമൂല്യമായ സമ്പാദ്യം എന്ന് ..." അനുഭവിച്ചറിഞ്ഞത് പങ്കു വയ്ക്കപ്പെടുമ്പോൾ , വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് പകരുന്ന ഒരു നാളമുണ്ട്...അത് കെടാതെ നില്ക്കാൻ ഒരു പക്ഷെ ഞാനും ഒരു കാരണമായെങ്കിലോ.....അങ്ങനെയെങ്കിൽ ഈ ജീവിതം കൊണ്ട് ഞാൻ എത്ര ധന്യ .....!
" അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ .."