നീ പറയാതെ പോയതിനും , ഞാൻ പറയാൻ ശ്രമിച്ചതിനും ഇനിയും ആയുസ്സുകൾ എത്രയോ ബാക്കി ....!
ഒരാളോട് ഒരു കാര്യം ചോദിച്ചു അറിയാനുള്ള ആഗ്രഹം കൂടുനതും , ആ കാര്യം പറയാൻ നമ്മൾ അയാളെ നിർബന്ധിക്കുന്നതും നമുക്ക് അയാളോടുള്ള അധികാരത്തിന്റെ പുറത്താണ് .... പക്ഷെ നമ്മൾ ചോദിക്കാതെയാണ് അയാൾ ആ കാര്യം നമ്മോടു പറയുന്നത് എങ്കിൽ അത് നമ്മോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടായിരിക്കും ..നമ്മൾ അറിയേണ്ട കാര്യങ്ങൾ എന്നായാലും നമ്മോടു പറയേണ്ടവർ തന്നെ പറഞ്ഞിരിക്കും ,,,,
മറ്റുള്ളവർ നമ്മെ കുറിച്ചു എന്ത് വിചാരിക്കും എന്ന ചിന്തയാണ് പലപ്പോഴും നമ്മളെ മൗനികൾ ആക്കുന്നത് ..അതാണ് പിന്നീട് വലിയ വലിയ പ്രശ്നങ്ങളിലേക്ക് നമ്മെ കൊണ്ട് എത്തിക്കുന്നതും ..ഒരു മേശയ്ക്കു ഇരു വശവും ഇരുന്നു പരസ്പരം മനസ്സ് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ ഏതു രണ്ടു വ്യക്തികൾക്ക് ഇടയിലും ഉള്ളു ...പക്ഷെ മുഖത്തോടു മുഖം നോക്കി ഇരിക്കാനുള്ള മടിയും , പരസ്പരം ഉള്ള ഈഗോയും ആണ് പല പരിഭവങ്ങളെയും -വലിയ പിണക്കങ്ങളും , തീർത്താൽ തീരാത്ത ശത്രുതകളും ആക്കി മാറ്റുന്നത് എന്നതാണ് സത്യം .
ഒരു നന്ദിവാക്കു പറഞ്ഞാൽ ഏറെ സന്തോഷിക്കുന്ന , ഒരു ക്ഷമാപണം കേട്ടാൽ മനസ്സ് തുറന്നു അത് അംഗീകരിക്കുന്ന , നല്ലത് കണ്ടാൽ പുഞ്ചിരിച്ചു കൊണ്ട് അഭിനന്ദിക്കുന്ന മനുഷ്യരാകണം നമ്മൾ ഓരോരുത്തരും ...
ഒരു വർഷം കൂടി തിരശ്ശീലയ്ക്കു പിന്നിലേക്ക് ഓടിയൊളിക്കുകയാണ് ....
പലരോടും പലതും പറഞ്ഞും , പറയാതെയും കടന്നു പോയ ഒരു വർഷം ...
ആരോടൊക്കെയോ എന്തൊക്കെയോ ഇപ്പോളും പറയാൻ ബാക്കിയാണ് ....." മറ്റുള്ളവർ എന്ത് വിചാരിക്കും " എന്ന ചിന്ത കൊണ്ട് മാത്രം പറഞ്ഞതിനേക്കാൾ ഏറെയാണ് പറയാതെ പോയതെന്ന് തോന്നുന്നു ....
പറയാനും , കേൾക്കാനും ഇനിയും എന്തൊക്കെയോ ബാക്കി വച്ചു 2015-ഉം വിട വാങ്ങാൻ പോകുന്നു ......
നീ പറയാതെ പോയതിനൊക്കെയും നന്ദി ....
ഞാൻ പറയാൻ മറന്നതിന് നന്ദി .....
നീ പറഞ്ഞതിനും , ഞാൻ പറയാൻ ബാക്കി വച്ചതിനും നന്ദി .....
ഞാൻ നല്കിയ കണ്ണ്നീരിനു മാപ്പ് ....
നീയേല്പ്പിച്ച മുറിവുകൾക്കും മാപ്പ് ....
അറിയാതെ പരസ്പരം കൈമാറിയ വേദനകൾക്കും മാപ്പ് ,,,,,,
കഴിഞ്ഞതൊക്കെ കാലത്തിന്റെ പിന്നിൽ പോയ് ഒളിക്കട്ടെ ....
ഇതൊരു പുതിയ തുടക്കമാണ് .....
ഇവിടുന്നങ്ങോട്ട് നീയും ഞാനും ഒന്നിച്ചു സഞ്ചരിക്കുകയാണ് ......
എല്ലാം പരസ്പരം തുറന്നു പറഞ്ഞും , ഉള്ളു തുറന്നു മനസ്സിലാക്കാൻ ശ്രമിച്ചും ഒരുമിച്ചു കൈ കോർത്തു നമുക്ക് നീങ്ങാം ......
പറയാനൊന്നും ബാക്കിയാക്കാതെ ......
ഓർമകളെ മധുരതരമാക്കി ഈ യാത്ര നമുക്ക് തുടരാം .....
" വരിക സഖി അരികത്തു ചേര്‍ന്നു നില്‍ക്ക
പഴയൊരു മന്ത്രം സ്മരിക്കെ നാം
അന്യോന്യം ഊന്നു വടികളായ് നില്‍ക്കാം
ഹാ! സഫലമീ യാത്ര.... "