Friday, 22 July 2016

#Dhaneesh

ആവശ്യം എന്ന വാക്കിന്റെ അനന്തമായ സാധ്യതകളെ തുറന്നു കാട്ടി തന്ന പ്രിയ ക്രിസ്മസ് ചങ്ങായി ....നിനക്കു  നന്ദി ....



" നീയെന്താടാ ഇപ്പോൾ എന്നോട് മിണ്ടാത്തെ ....??? "

ഒരു നിമിഷത്തെ നിശബ്ദത , പിന്നെ ഒരു നിസ്സംഗ ഭാവത്തോടെ
 " ആവശ്യമില്ല " എന്ന മറുപടിയും ...

അവൻ പോയി മറഞ്ഞു , കുറച്ചു നിമിഷങ്ങൾ ഞാൻ അത് പോലെ നിന്നു , പിന്നെ പതിയെ എന്റെ ഇരിപ്പിടത്തിലേക്കു മടങ്ങി .

അതെനിക്കൊരു ഷോക്ക് (ഞെട്ടൽ എന്ന് പറഞ്ഞാൽ അത്രേം ഷോക്ക് വരില്ല ...അതാ ) ആയിരുന്നു ..രണ്ടു വർഷമായി ഒരേ ഓഫീസിൽ പണിയെടുക്കുന്നുണ്ടെങ്കിലും , ഇക്കഴിഞ്ഞ ക്രിസ്തുമസ് മുതൽക്കാണ് ഞാൻ അവനുമായി ചങ്ങാത്തം  തുടങ്ങിയത് ...

അവനായിരുന്നു എന്റെ ക്രിസ്തുമസ് ചങ്ങായി ...കാശിന്റെ കാര്യത്തിൽ ഞാൻ അല്പം പിശുക്കിയാണ് എന്നിരിക്കിലും , ഈ ക്രിസ്തുമസ് ചങ്ങായിക്ക് വേണ്ടി 4-5 കടകൾ കയറിയിറങ്ങി ഏറ്റവും നല്ല സമ്മാനം നോക്കി ഞാൻ വാങ്ങി , അതിന്റെ പ്രധാന കാരണം ക്രിസ്തുമസ് ചങ്ങായിയുടെ പേരെഴുതിയ കുറി ഞാൻ തുറന്നു നോക്കുന്നതിനു മുന്നേ തന്നെ എന്നിൽ നിന്നും കൈമോശം വന്നു എന്നതായിരുന്നു , അത് ആരുമായിക്കോട്ടെ , ആരായാലും അയാളെ ഇനിയങ്ങോട്ട് ഒരു നല്ല സുഹൃത്തായി കൂടെ കൂട്ടാം എന്ന ചിന്തയിന്മേലാണ്   അങ്ങനൊരു സമ്മാനം വാങ്ങിയത് .

ഒടുവിൽ ക്രിസ്തുമസ് ദിവസം രാവിലെ H .R -ന്റെ  സഹായത്തോടെ അവനാണ് എന്റെ ചങ്ങായി എന്ന് കണ്ടെത്തുന്നു ...സമ്മാനം നൽകുന്നു , അന്ന് മുതൽക്കു ഞങ്ങൾ നല്ലൊരു സൗഹൃദം പുലർത്തുന്നു , കണ്ടുമുട്ടുന്ന ഇടവേളകളിൽ ഞങ്ങൾ പരസ്പരം പുഞ്ചിരിയോടെയല്ലാതെ സംസാരിക്കുമായിരുന്നില്ല , ആ വഴിയേ കടന്നു പോകുന്നവരോട് ഞങ്ങൾ ചങ്ങായിമാരാണെന്നു ഉറക്കെ പറയുമായിരുന്നു .....എന്നിട്ടാണ് ഇപ്പോൾ ഇങ്ങനെ ....അതിന്റെ കാരണം എന്തെന്ന് അന്വേഷിക്കാനോ , അവനോടു ചോദിക്കാനോ ഒന്നും ഞാൻ മിനക്കെട്ടില്ല ......അവസാനിപ്പിക്കാനായി ഒരു പൂർണ വിരാമം നൽകി ......അത് അവിടെ തീർന്നു ...

" ആവശ്യം ...." അതൊരു വൻ സംഭവമാണ് ...നമ്മളെ ഈ ഭൂമിയിൽ നിലനിർത്തുന്ന സംഭവം ...അതുള്ളതു കൊണ്ടാണ് പലരും മറ്റു പലരാൽ സ്നേഹിക്കപ്പെടുന്നു എന്ന് വിശ്വസിക്കുന്നത് ,,,,ആ വിശ്വാസത്തിൽ ജീവിക്കുന്നത് ....അച്ഛനും ,അമ്മയും കൂടിപ്പോയാൽ കൂടപ്പിറപ്പുകളും ഒഴികെ ബാക്കി എല്ലാവർക്കും നമ്മൾ " കസ്റ്റമേഴ്സ് " ആണ് ....സാഹചര്യങ്ങൾ അനുസരിച്ച് മൂല്യം കൂടാനും കുറയാനും , ഒരു പക്ഷെ എന്നെന്നേക്കുമായി "റീപ്ലേസ് " ചെയ്യപ്പെടാനുമുള്ള " കസ്റ്റമേഴ്സ് ."

സ്നേഹം ....അത് പലർക്കും ഒരു ആവശ്യമാണ് ...സ്വന്തം കാര്യങ്ങൾ സുഗമമായി നടന്നു പോകാനുളള ഒരു ഉപാധി മാത്രമാണ് സ്നേഹം ....
 മറ്റു ചിലർക്ക് സ്നേഹം എന്നാൽ ആത്മസമർപ്പണമാണ് ....ഈ കാലത്തിനു ആത്മ സമർപ്പണത്തെക്കാൾ വലുത് സ്വന്തം ആവശ്യം തന്നെയാണ് .....

ഇതൊന്നും ഒരു സുപ്രഭാതത്തിൽ ഉണർന്നു എണീറ്റു പറയുന്ന കാര്യങ്ങൾ അല്ല ....ഈ ചെറിയ ജീവിതത്തിലെ വലിയ അനുഭവങ്ങളിലൂടെ  ഞാൻ തിരിച്ചറിഞ്ഞ കാര്യങ്ങൾ ആണ് ......

ഉച്ചയ്ക്ക് ഊണിനു ഇരിക്കുമ്പോൾ ഞാൻ സാധാരണ തനിച്ചേ ഇരിക്കാറുള്ളു ......സ്വന്തം പാത്രത്തിലെ കറി മറ്റാർക്കും നൽകാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ് അത് എന്നാണ് ബാക്കിയുള്ളവർ പറയാറ് ...എന്നാൽ അങ്ങനെയല്ല ....ആൾക്കൂട്ടത്തിൽ തനിച്ചാകുമ്പോൾ  ഉള്ള സങ്കടം ഒഴിവാക്കാൻ വേണ്ടിയാണ് അത് ...

ആദ്യം ഞാൻ തനിച്ചല്ലായിരുന്നു , എന്നോടൊപ്പം ജോയിൻ ചെയ്ത ഒരു ചങ്ങായിയോട് കൂടി  ഇരുന്നായിരുന്നു ഭക്ഷണം കഴിക്കാറ് .....എനിക്ക് വേണ്ടി 2 മണി വരെ സ്വന്തം വിശപ്പും സഹിച്ചു അവൾ കാത്തിരിക്കുമായിരുന്നു , ഒടുവിൽ ആ കാത്തിരിപ്പു ഞാൻ അവളോട് കാണിക്കുന്ന തെറ്റ് ആണെന്ന് തോന്നിയപ്പോൾ അവളെ മറ്റൊരു കൂട്ടിലേക്ക്‌ ചേർത്തു കൊടുത്തു ... 

പുതിയ കൂട്ടുകെട്ടിലേക്കു  വഴിമാറിയപ്പോൾ അവൾ എന്നെ മറന്നുവെന്നു തോന്നുന്നു ... ......ഒരിക്കൽ പോലും നീ കഴിച്ചില്ലേ എന്നോ , കഴിക്കാൻ വരുന്നോ എന്നോ അവൾ എന്നോട്  ചോദിച്ചിട്ടില്ല ..
സാരമില്ല ...
അവളുടെ സാഹചര്യം ഇപ്പോൾ എന്നെ കൊണ്ടു  യാതൊരു ആവശ്യവും ആഗ്രഹിക്കുന്നില്ല .....

ഇത് പോലെ പലരിൽ നിന്നും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ....പകരം നമ്മളെക്കാൾ നല്ലതു കിട്ടുമെങ്കിൽ നമ്മളെ തിരിഞ്ഞു നോക്കാതെ നടക്കുന്ന പലരെയും കണ്ടിട്ടുണ്ട് ,,,,ആവശ്യം വരുമ്പോൾ മാത്രം നമ്മുടെ അടുക്കലേക്കു ഓടി വരുന്നവരെയും കണ്ടിട്ടുണ്ട് ....
ഇതൊന്നുമല്ലാതെ തിരികെ ഒന്നും പ്രതീക്ഷിക്കാതെ നിർലോഭമായി സ്നേഹിക്കുന്നവരെയും കണ്ടിട്ടുണ്ട് ....

എന്തായാലും അവൻ എനിക്ക് നൽകിയത് വലിയൊരു തിരിച്ചറിവാണ് ....
ആവശ്യം എന്ന വാക്കിന്റെ അനന്തമായ സാധ്യതകളെ തുറന്നു കാട്ടി തന്ന പ്രിയ ക്രിസ്മസ് ചങ്ങായി ....നിനക്കു  നന്ദി ....
പിന്നെ അവനോടു ദേഷ്യമൊന്നുമില്ല ....
ഒരു സ്നേഹം ബാക്കിയുണ്ട് , പലരും പറയാതെ  പോകുന്ന കാരണത്തെയാണ് അവൻ മുഖത്തു നോക്കി യാതൊരു കൂസലുമില്ലാതെ തുറന്നു പറഞ്ഞത് ....
അത് കൊണ്ട്  ആ സ്നേഹം എനിക്കു ആവശ്യമില്ലാത്ത ഒരു ആത്മ സമർപ്പണമായി തുടരും ......