Monday, 19 February 2018

ആ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ....!


ആ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ....!



ഒരു രാത്രി ഞാൻ ജനിച്ചു വളർന്ന ,എന്‍റെ
സ്വന്തം വീട്ടിലേക്കു പോകണം.... ഒന്നുറങ്ങണം.....നേരം പുലരുന്നത് വരെ..... നല്ല തണുത്ത വള്ളത്തിൽ കുളിക്കണം....കുളിരണം....മതിയാകും വരെ.... അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ഇഷ്ട ഭക്ഷണം കഴിക്കണം.... അച്ഛനോടും ഏട്ടനോടും ഒപ്പമിരുന്നു കൊച്ചു വർത്തമാനം പറയണം.... ജനിച്ചു വളർന്ന വീട്ടിൽ കളിച്ചുറങ്ങിയ മുറിയിൽ കുറെ നേരം തനിച്ചിരിക്കണം.... പൂമുഖത്തെ സോഫയിൽ ചാരിയിരുന്നു കൂട്ടുകാരെയൊക്കെ വിളിച്ചു സംസാരിക്കണം..... അമ്മയുടെ മടിയിൽ തല ചായ്ച്ചു മതിയാവോളം കിടക്കണം.... അച്ഛന്റെ നെഞ്ചിലെ ചൂടിൽ സങ്കടങ്ങളൊക്കെ ഉരുകിയൊലിക്കണം..... കുളിമുറിയിൽ കയറി കതകടച്ചു പാട്ടു പാടണം.... കണ്ണാടി നോക്കി കുറച്ചു നേരം എന്നോട് തന്നെ സംസാരിക്കണം..... ഇതൊന്നും നടന്നില്ലേൽ ആരോടും പറയാതെ ഒരു ദിവസം രാവിലെ അങ്ങെണീറ്റു പോകണം.....മതിയാവോളം തനിച്ചിരുന്നിട്ടു തിരികെ വരണം.... എന്‍റെ വീട്....എന്‍റെ മുറി... എന്‍റെ അമ്മ.... ..എന്‍റെ അച്ഛൻ....എന്‍റെ കൂടപ്പിറപ്പുകൾ.... എന്‍റെ സ്വപ്‌നങ്ങൾ....എന്‍റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ.....എന്‍റെ ചെറിയ വട്ടുകൾ...... ഞാൻ.... ഒരു താലി ചരട് കൊണ്ട് എന്നിൽ നിന്നും മുറിച്ചു മാറ്റപ്പെട്ട ഇരുപതു വർഷങ്ങളിലെ ഞാൻ....... ആർക്കൊക്കെയോ വേണ്ടി ജീവിച്ചപ്പോൾ എനിക്ക് എന്നെ നഷ്ടപ്പെട്ടിട്ടില്ല എന്ന് എനിക്കൊന്നു ഉറപ്പിക്കണം......അതിനു വേണ്ടി കുറച്ചു ദിവസങ്ങൾ എനിക്കും വേണം...... വിവാഹിതയായ ഏതൊരു പെണ്ണിന്റെയും സ്വപ്നമാണിത്......എന്റെയും....

Wednesday, 7 February 2018

ഒരു വസന്തത്തിന്റെ മധുരവും തേടി ......!!!



( എഴുത്തൊക്കെ വഴിമറന്നു പോയ പോലെ ....ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല ....എന്നിട്ടും എന്തിനോ വേണ്ടി തിളയ്ക്കുന്ന എന്റെ സ്വന്തം സാമ്പാർ ...... )

ഒരു വസന്തത്തിന്റെ മധുരവും തേടി ......!!!


പ്രിയപ്പെട്ട രാമനാഥൻ മാഷിന് ,

                                 തീർത്തും രണ്ടു ധ്രുവങ്ങളിലാണ് ഞങ്ങളിപ്പോൾ . ഒരു കിടക്കയ്ക്കു ഇരുവശവും വ്യക്തമായി അതിരു ചേർത്തു മുറിച്ചെടുക്കുമ്പോൾ മാത്രം പരസ്പരം മുഖത്തേയ്ക്കു നോക്കുന്ന രണ്ടു അപരിചിതർ ,,,അതാണിപ്പോൾ മരിയയും സിറിയക്കും . 

ഒരു വ്യാഴവട്ടത്തിനൊടുവിൽ പുറം ലോകം കാണുമ്പോൾ തോന്നുന്ന ഒരു സുഖമില്ലേ ....ആ സുഖം എനിക്കും വേണം മാഷെ ....കാലം ഒരുപാടായി ,ഇങ്ങനെ മുറിവുകളൊട്ടിച്ചു തുന്നി ചേർത്തു ,മനസ്സുകൾ കൊണ്ട് മതിലുകൾ തീർത്ത് ഒരു ജീവിതം തള്ളി നീക്കാൻ തുടങ്ങിയിട്ട് ...... ഇനിയും വയ്യ ..... 

ഓരോ ദിവസവും പുലരുമ്പോൾ ഇന്നെങ്കിലും ഞാൻ മരിച്ചു പോയിരുന്നെങ്കിൽ ദൈവമേ ...എന്ന് പ്രാർത്ഥിക്കേണ്ടി വരുന്ന ഗതികേടിനോട് എനിക്കിപ്പോൾ പുച്ഛമാണ് ....ഞാനാണ് ഈ വഴി തിരഞ്ഞെടുത്തത് ....അവസാനിപ്പിക്കണോ , അതോ തുടരണോ എന്ന് തീരുമാനിക്കേണ്ടതും ഞാൻ തന്നെയല്ലേ ......

എനിക്ക് വേണ്ടതും , എനിക്ക് കിട്ടാത്തതും സ്നേഹമാണ് മാഷേ ....സിറിയക്കിന്റെ സ്നേഹത്തിനു വേണ്ടി എന്റെ ഹൃദയം എത്ര കൊതിക്കുന്നുണ്ടെന്നോ ....ആ സ്നേഹത്തിനു വേണ്ടിയാണ് മാഷെ ഞാൻ എന്റെ ചാച്ചനെയും അമ്മച്ചിയേയും തള്ളിപ്പറഞ്ഞത് .....കൊടുക്കുന്നതിന്റെ പകുതി പോലും സ്നേഹം തിരിച്ചു കിട്ടില്ലെന്ന്‌ വളരെ വൈകിയാണ്  ഞാൻ തിരിച്ചറിഞ്ഞത് ..അതൊരു പരാജയം തന്നെയാണ് ...പക്ഷേ സ്നേഹമല്ലേ....തൂക്കി നോക്കി കൊടുക്കാൻ പറ്റില്ലല്ലോ ....കൊടുത്താൽ കൊടുത്ത് പോയതാണ് ...

രാവിലെ ഉറക്കമെണീറ്റു സിറിയക്കിന്റെ മൂർദ്ധാവിൽ എനിക്കൊന്നു ചുംബിക്കണം ...പ്രണയത്തോടെ ..ആ ചുംബനത്തിന്റെ അനുഭൂതിയിൽ കണ്ണുകൾ തുറന്നു  സിറിയക് എന്നെ നോക്കണം ..
ഞാൻ ചായയുമായി ചെല്ലുമ്പോൾ പുഞ്ചിരിയോടെ ചായ വാങ്ങി കുടിച്ചു കൊണ്ട് ഇന്നത്തെ കാര്യപരിപാടികളെ കുറിച്ച് പരസ്പരം സംസാരിക്കണം ....
ഓഫീസിൽ പോകാനിറങ്ങുമ്പോൾ ഷർട്ടിന്റെ ബട്ടൻസ് ഇട്ടു കൊടുത്ത് സിറിയക്കിനെ സഹായിക്കണം ,,,അപ്പോൾ സ്നേഹത്തോടെ സിറിയക് എന്നെ വാരിപ്പുണരണം ...
പ്രഭാത ഭക്ഷണം കഴിക്കാതെ പോകുന്ന സിറിയക്കിനെ പിടിച്ചു നിർത്തി നിർബന്ധിച്ചു ഒരു വായെങ്കിലും കഴിപ്പിക്കണം ...
സിറിയക്കിനു ഇഷ്ടമുള്ള കറികളൊക്കെ വച്ച് വാഴയിലയിൽ പൊതിഞ്ഞു ഉച്ച ഭക്ഷണം കൊടുത്തയക്കണം...

പോകുമ്പോൾ യാത്ര പറയണം ....
"തിരികെ വരുമ്പോൾ  നിനക്കെന്തെലും വാങ്ങണോ   മരിയ...?" എന്ന് ചോദിക്കണം ....
വൈകിട്ട് ചൂട് പിടിച്ച തലയുമായി വന്നു കയറുന്ന സിറിയകിന് ചായയും ഇഷ്ടപ്പെട്ട ഉള്ളിവടയും ഉണ്ടാക്കി കൊടുക്കണം ....
ഒപ്പം ഓഫീസിലെ വിശേഷങ്ങളും മറ്റും സംസാരിക്കണം ....
സിറിയക്കിനോട് ഒരുമിച്ചിരുന്നു ടെലിവിഷൻ കാണണം .....
ഒപ്പമിരുന്നു വിളമ്പിക്കൊടുത്തു അത്താഴം കഴിക്കണം ....
ഒടുവിൽ ആ മാറോടു ചേർന്ന് ചൂടേറ്റു സുഖമായി ഉറങ്ങണം ...... 

ഇതൊന്നും ആഗ്രഹങ്ങളല്ല മാഷെ ....എന്റെ ജീവിതമായിരുന്നു ....ഇങ്ങനെയായിരുന്നു ഞാനും ,എന്റെ സിറിയക്കും .
ദാമ്പത്യത്തിന്റെ തുടക്കത്തിൽ കണ്ട  ആ സിറിയക്കിനെ ഒരിക്കലെങ്കിലും , ഒരു ദിവസത്തേക്കെങ്കിലും തിരിച്ചു കിട്ടിയാൽ മതിയായിരുന്നു ....ആ ഒരു ദിവസത്തിന്റെ ഓർമയിൽ ഒരായുഷ്കാലം മുഴുവനും ഞാൻ ഒരു അടിമയെപ്പോലെ ജീവിച്ചേനെ ....
ഇല്ല മാഷെ ,,ഇത്രയും വർഷമായി കിട്ടാത്തത് ഇനി എപ്പോൾ കിട്ടാനാ ....??? ആഗ്രഹിക്കുമ്പോൾ കിട്ടാത്തത് പിന്നീടെപ്പോൾ കിട്ടിയാലും മനുഷ്യന് അതിനോട് തോന്നുന്ന ഒരേ ഒരു വികാരം വെറുപ്പ് മാത്രമായിരിക്കും  ...അതാണിപ്പോൾ സിറിയക്കിനോടും തോന്നുന്നത് ..

അടിമ ....അത് തന്നെയായിരുന്നു ഞാൻ ...സമയാസമയം ഭക്ഷണമുണ്ടാക്കാനും , വസ്ത്രം നനയ്ക്കാനും , വീടുപണി നോക്കാനും  വേണ്ടി മാത്രം ശമ്പളമില്ലാതെ ജോലി ചെയ്യാൻ ഭാര്യ എന്ന ലേബലിൽ നിയമിക്കപ്പെട്ട അടിമ ...."മരിയാ....നീയെന്റെ ഭാഗ്യമാണ് "എന്ന് പറഞ്ഞിരുന്ന സിറിയക്കിനു എന്ന് മുതൽക്കാണ്  ഞാനൊരു ഭ്രാന്തിയാണെന്നു തോന്നിത്തുടങ്ങിയത് എന്ന്  എനിക്ക് അറിയില്ല .

സിറിയക്കിനു ഇഷ്ടമില്ലാത്തത് കൊണ്ട് മാത്രമാണ് എനിക്ക് കിട്ടിയ ജോലി ഞാൻ വേണ്ടെന്നു വച്ചത്...
സിറിയക്കിന്റെ ഇഷ്ടത്തിനാണ് ഞാൻ ഉണരുന്നതും , ഉറങ്ങുന്നതും ,ഉടുക്കുന്നതും ,ഉണ്ണുന്നതും .....
എന്റെ ഇഷ്ടങ്ങൾ ഞാൻ മറന്നു കളഞ്ഞതും സിറിയക്കിനു വേണ്ടിയാണ് ....
പക്ഷെ ഞാൻ സിറിയക്കിനു വേണ്ടി എന്നെ മറക്കുമ്പോൾ സിറിയക്ക് എന്നെ തന്നെ മറക്കുകയാണെന്നു തിറിച്ചറിയാൻ ഞാൻ വൈകിപ്പോയി ....

സിറിയക്കിന്റെ നശിച്ച കുടി ....രണ്ടാം വിവാഹ വാർഷിക രാത്രിയിലെ ആ സംഭവമായിരുന്നു മാഷെ എല്ലാത്തിനും കാരണം ....കുടിച്ചു മദോന്മത്തനായ ഭർത്താവിനെ സാക്ഷി നിർത്തി കൂട്ടുകാർ എനിക്ക് നൽകിയ മനോഹര സമ്മാനം ,ഒരു പെണ്ണായി  ജനിച്ചതിൽ ഞാൻ എന്നെ തന്നെ വെറുത്തു പോയ നിമിഷങ്ങൾ ...സ്വന്തം ശരീരം ഒരു എച്ചിൽ കൂനയാണെന്നു തിരിച്ചറിഞ്ഞു കത്തിക്കാൻ തുടങ്ങിയ എന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നത് സിറിയക്ക് ആയിരുന്നു ....പക്ഷെ എപ്പോഴോ എവിടെയോ വച്ച് എന്നിലുള്ള  വിശ്വാസം  സിറിയക്കിനു നഷ്ടമാകുകയായിരുന്നു .....

അത് കൊണ്ടാണ് എന്റെ ആനി മോളുടെ മുഖത്തു നോക്കി " എന്നെ പോലെയല്ല ...അപ്പോൾ ഇവൾ ആനന്ദിനെ പോലെയാണോ , ശ്രീജിത്തിനെ പോലെയാണോ  അതോ ജോസഫ്‌നെ പോലെയാണോ .... " എന്ന് ചോദിക്കാനുള്ള ധൈര്യം സിറിയക്കിനുണ്ടായത് .....അവിടെ തീർന്നു മാഷേ എല്ലാം .....ഒരു പെണ്ണിനെ ഒറ്റയ്ക്ക് കിട്ടിയാൽ അതൊരു അവസരമല്ലഎന്നും ,അത് തന്റെ ഉത്തരവാദിത്ത്വം ആണ് എന്നും തിരിച്ചറിയാൻ കഴിവില്ലാതെ പോയ കുറെ ചങ്ങാതിമാർക്കു വേണ്ടിയാണ് സിറിയക്ക് എന്നെ മറന്നത് ....
എന്റെ ദുർബലതയെ അവസരമാക്കി നീനയിലും , മെറീനയിലും , സുജയിലും തുടങ്ങി ഒടുവിൽ പേരറിയാത്ത ഏതോ ഒരു അവസരത്തിൽ സുഖം തേടി അലയുന്ന സിറിയക്കിനെ എനിക്കിനി വേണ്ട .....ഇതെന്റെ ഉറച്ച തീരുമാനമാണ് .....6 വയസ്സ് ഒരു ചെറിയ പ്രായമൊന്നുമല്ല ,,,ആനി മോൾക്ക് കാര്യം പറഞ്ഞാൽ മനസിലാകും ....ഭയമാണ് മാഷേ ....ഒടുവിൽ കറങ്ങി തിരിഞ്ഞു സിറിയക്ക് എന്റെ ആനി മോളെയും ............അത് കൊണ്ടാണ് മാഷെ .......എല്ലാം പിന്നിൽ ഉപേക്ഷിച്ചു എന്റെ ആനി മോൾക്ക് വേണ്ടി ജീവിക്കണം ......അതിനു വേണ്ടിയാണ് മാഷെ .....മാഷ് എന്റെ കൂടെ ഉണ്ടാകണം .....ഉണ്ടാകും എന്ന വിശ്വാസത്തിൽ നിർത്തട്ടെ ,

മാഷിന്റെ സ്വന്തം ,
മരിയ(സ്വപ്നങ്ങളുടെ കൂട്ടുകാരി )

ഒന്ന് കൂടി വായിച്ചു നോക്കിയ ശേഷം അവൾ ആ കത്ത് കവറിൽ ഇട്ടു ഒട്ടിച്ചു ..രാമനാഥൻ മാഷിന്റെ അഡ്രസ് വ്യക്തമായി എഴുതിയ ശേഷം ഭദ്രമായി അവളതു ബാഗിലേക്കു വച്ചു.....

**********************************************************************

ബെഡ്ഷീറ് വലിച്ചു മാറ്റി സിറിയക്ക്  ബെഡിൽ നിന്നും എഴുന്നേറ്റു..
"എടി വീണേ ...മണി 9 :00 ആയി ...എണീക്കെടി....പോകേണ്ടേ...നീ വേഗം ഇറങ്ങു,,, ..നിന്നെയും കൊണ്ട് ആക്കിയിട്ടു വേണം എനിക്ക് പോകാൻ ..നാളെ വിവാഹ വാർഷികമാ....
അവൾക്കെന്നായേലും വാങ്ങേണ്ടായോ ......"

ഷീറ്റും വാരിപുതച്ചു ബെഡിൽ നിന്നും എഴുന്നേറ്റു വീണ സക്കറിയയെ നോക്കി വശ്യമായൊന്നു പുഞ്ചിരിച്ചു ...."ഓഓഓ ....പിന്നേ,,,,എന്തൊരു ഭാര്യാ സ്നേഹമാ അച്ചായന് ....പറയുന്ന കേട്ടാ തോന്നും  സ്വർണക്കട്ടി കൊടുക്കാൻ പോവാണെന്നു ...ഭാര്യേടെ പേര് എന്താണ് എന്ന് പോലും നേരെ അറിയില്ല ...പിന്നാ സമ്മാനം ....ഒന്ന് പോ അച്ചായാ ...." വീണ പുച്ഛിച്ചു തള്ളി ....

സക്കറിയയുടെ ഹൃദയത്തിലെവിടെയോ ഒരു തിരയിളക്കം .....ഭാര്യയുടെ പേര് ....മരിയ,,ഇല്ല മറന്നിട്ടില്ല.....നീണ്ട 10 വർഷത്തെ വ്യർത്ഥമായ ,(അതോ സ്വയം അർത്ഥ ശൂന്യമാക്കിയതോ ....?) ജീവിതത്തിന്റെ വാർഷികം നാളെ കൊണ്ടാടണം .....മതിയായി ....ഇനിയും വയ്യ ഈ ചൂട് തേടിയുള്ള ഓട്ടം ..നഷ്ടപ്പെട്ടത് തനിക്കു മാത്രം അല്ലെ .....വീണയിൽ നിന്നും ഇറങ്ങിയോടുന്ന രാത്രികളിൽ എല്ലാം മരിയ ഒരു വേദനയായി ഉള്ളിൽ നിറയാൻ തുടങ്ങിയിരിക്കുന്നു ...അതെന്തു കൊണ്ടാണെന്നു മാത്രം അറിയില്ല ....

"അച്ചായോ .....ഞാനിന്നു പാതിരാത്രിക്ക് കാനഡായ്ക്കു പറക്കും....ഇനി ശ്രീയുടെ കൂടെ അടിച്ചു പൊളിച്ചു ജീവിക്കണം ...പിന്നേ ഞാൻ അച്ചായനെ ഓർക്കുക പോലുമില്ല കേട്ടോ ..."

സക്കറിയ ഓർമയിൽ നിന്നും ഉണർന്നു ..."വീണേ ,,,നീയും കൂടി പോയാൽ .....????"

"ഓ...പോയാൽ എന്താ ,,,അച്ചായന്  വേറെ വീണയെ കിട്ടുമല്ലോ ....ഇതൊക്കെ ഒരു ടൈം പാസ്സ് അല്ലെ അച്ചായാ ....വേണേൽ നാട്ടിൽ ലീവിന് തനിച്ചു വരുമ്പോൾ ഞാൻ അച്ചായനെ ഓർക്കാം ....".അവൾ പൊട്ടിച്ചിരിച്ചു .....

വീണയുടെ ചിരിയിൽ താൻ പോലുമറിയാതെ തന്റെ ഹൃദയം ചറപറാ മിടിക്കുന്നു ....സക്കറിയയുടെ മനസ്സ് വായിച്ചെന്ന പോലെ വീണയുടെ ബെഡ്ഷീറ്റ്  കൂട്ടിപ്പിടിച്ച കൈകൾ അയഞ്ഞു ....
മരിയയുടെ ഓർമ്മകൾ കൂടു വിട്ടകന്നു ...എവിടുന്നോ ഒരു ആവേശം വന്നു കയറിയ പോലെ .....സക്കറിയക്ക് ആത്മ നിയന്ത്രണം നഷ്ടപ്പെട്ടു ..

***********************************************************************

വീണയെയും യാത്രയാക്കി കാറോടിക്കവേ  സിറിയക്കിനു എന്തോ ഒരു നഷ്ടബോധം അനുഭവപ്പെട്ടു ...ശ്രീയുടെ അടുത്തേക്കാണ് അവൾ പോയിരിക്കുന്നത് ...ശ്രീജിത്തിന് അടുത്തേക്ക് ...അറിയില്ലായിരുന്നു ,ഇന്നലെ വരെ , വീണ ശ്രീജിത്തിന്റെ ഭാര്യയാണെന്ന് ....അറിഞ്ഞപ്പോൾ വീണയോടു വെറുപ്പൊന്നും തോന്നിയില്ല ...പക്ഷെ മരിയയോട് തെറ്റ് ചെയ്തു എന്ന തോന്നൽ ...ആ തെറ്റ് തിരുത്താനും വീണയോടു ശ്രീജിത്തിനെ കുറിച്ച് പറയാനുമാണ് അവൾക്കരികിലേക്കു പോയത് ...കഴിഞ്ഞില്ല ...വീണയ്ക്കു മുന്നിൽ മറ്റെല്ലാം മറന്നു പോയി ....ശ്രീജിത്തിന്റെ പാപത്തിന്റെ ഫലമായിരിക്കും വീണ ...പക്ഷെ തന്റെയോ ...?താൻ കാരണമല്ലേ മരിയക്ക് എല്ലാം നഷ്ടമായത് ...എല്ലാവരെയും ഉപേക്ഷിച്ചു തന്റെ കൈ പിടിച്ചു ഇറങ്ങിയ പെണ്ണിനെ സംരക്ഷിക്കാൻ കഴിയാതെ പോയ താനല്ല തെറ്റുകാരൻ ....? മരിയ തെറ്റ് ചെയ്യില്ല എന്നറിയാമായിരുന്നിട്ടും ,അവൾ  തെറ്റുകാരിയല്ല എന്ന് ഉറപ്പുണ്ടായിരുന്നിട്ടും താനെന്തേ അവളോട് ഇങ്ങനെ ....?

"പരസ്പരം ആസ്വദിച്ചു ജീവിക്കണം സിറിയക്കേ...സംശയത്തിന്റെ ഒരു നിഴൽ മതി ജീവിതം തകരാൻ ..അത് കൊണ്ട്  എപ്പോഴും ഹൃദയം തുറന്നു സംസാരിക്കണം ...അടിച്ചമർത്തലും പിടിച്ചു വയ്ക്കലുമല്ല ..പരസ്പരം ബഹുമാനിക്കലും ,വിട്ടു കൊടുക്കലുമാണ് സ്നേഹം ...നമുക്കെന്നും അങ്ങനെയായിരിക്കണം.നമുക്കൊരു കുഞ്ഞു ജനിക്കുമ്പോൾ നമ്മളവനു മാതൃകയാക്കണം .നമ്മളാണ് ഏറ്റവും നല്ല മാതാപിതാക്കൾ എന്ന് നമ്മുടെ കുഞ്ഞു പറയണം ...അതൊക്കെയല്ലേ ഈ ജീവിതം കൊണ്ട് നാം നേടിയെടുക്കേണ്ടത് ..."

മരിയയുടെ ഉൾക്കാഴ്ചയും ,പരിശ്രമവും താനായിട്ടു നശിപ്പിച്ചു കളഞ്ഞു ..ആനി മോളുടെ മുഖത്തു നോക്കി ആ നശിച്ച ചോദ്യം ചോദിച്ച നിമിഷം തങ്ങൾക്കിടയിലുണ്ടായിരുന്ന  എല്ലാം. എന്നെന്നേക്കുമായി അവസാനിച്ചു ....പിന്നേ മരിയയെ തോൽപ്പിക്കാനുള്ള ശ്രമമായിരുന്നു ...അവൾ ഇറങ്ങി പോകുന്നെങ്കിൽ പൊയ്ക്കോട്ടേ എന്ന് കരുതിയാണ് പിന്നീടങ്ങോട്ട് കാട്ടിക്കൂട്ടിയതെല്ലാം ..പക്ഷെ ആരെയും ഒന്നുമറിയിക്കാതെ വെളിച്ചത്തിൽ അവൾ നല്ല ഭാര്യയും ,മരുമകളുമായി....ഇരുട്ടിൽ അതിരുകൾക്കപ്പുറം തേങ്ങി കരയുന്ന ഒരു രൂപമായി അലിഞ്ഞു തീർന്നു ... സിറിയക്കിനു  നെഞ്ചിൻ കൂടിൽ എന്തോ ഭാരമിരിക്കുന്ന പോലെ തോന്നി ....കാറിന്റെ ബ്രേക്കിലേക്ക്  കാലുകളമർന്നു .....

മാതാവേ .....നീയെന്നോട് പൊറുക്കണേ.....ഈ പാപി ചെയ്ത തെറ്റുകളൊക്കെ നീ മാപ്പാക്കി തരണേ .....ആ പഴയ സിറിയക്കായി ജീവിക്കാൻ എനിക്കൊരു അവസരം കൂടി തരണേ ...

അവസരം ....അതൊരുപാട് തന്നതല്ലേ സിറിയക്കെ ....പക്ഷെ അതൊക്കെയും നശിപ്പിച്ചു കളഞ്ഞത് നീ തന്നെയല്ലേ .......ഒന്നോ രണ്ടോ അല്ല...പത്തു വർഷങ്ങളാ നീ കളഞ്ഞത് ....ഒരു ദാമ്പത്യത്തിന്റെ വസന്തകാലമായിരുന്നു  നീ ചവറ്റു കുട്ടയിലേക്കു വലിച്ചെറിഞ്ഞത് ....നീയൊരു കൊള്ളരുതാത്തവൻ ആയിട്ട് പോലും എന്നെങ്കിലും ഒരു ദിവസം അംഗീകരിക്കപ്പെടുമെന്നു കരുതി എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിച്ച മരിയയോട് , അവളുടെ ത്യാഗത്തിനോട് , അവളുടെ നിർമലമായ സ്നേഹത്തിനോട് പകരം വയ്ക്കാൻ കളങ്കപ്പെട്ട മനസ്സും , ചീഞ്ഞു നാറിയ ശരീരവും  അല്ലാതെ എന്തുണ്ട് നിന്റെയടുക്കൽ ....????? .....മരണത്തെക്കാൾ വലിയ ശിക്ഷയാണ് സിറിയക്കെ നിന്നെ കാത്തിരിക്കുന്നത് ....അത് നീയനുഭവിച്ചേ മതിയാകു .......

മാതാവേ .........

അരുത്...നീയെന്നെ അങ്ങനെ വിളിക്കരുത് , ഇടയന്റെ പ്രാർത്ഥനയ്ക്ക് മുൻപിൽ കാതുകൾ കൊട്ടിയടയ്ക്കാൻ അമ്മയ്ക്ക് കഴിയില്ല ....പക്ഷെ നിന്നോട് പൊറുക്കാനും  എനിക്കാവില്ല .....നിന്റെ ശിക്ഷ മരിയയുടെ അവകാശമാണ് ......അവളവിടെ കാത്തിരിക്കുന്നുണ്ടാകും ......ആ ശിക്ഷ  നീ ഇരന്നു വാങ്ങിയതാണ് .....വിളിക്കരുതെന്നെ.....വരില്ല ഞാൻ .”...

ദൈവത്തിനു പോലും വെറുക്കപ്പെട്ടവനാകേണ്ടി വന്ന ഈ ജീവിതം ഇനിയെന്തിനാണ് മാതാവേ ..........

മാതാവ് മറുപടിയൊന്നും പറഞ്ഞില്ല ...

**************************************************************

"മരിയാ ....."
"ആഹ്.....സിറിയക്ക് എത്തിയോ ...കാത്തിരിക്കുകയായിരുന്നു ഞാൻ ....എന്തെ ഇത്ര വൈകിയത് ...? "

" ചിലതൊക്കെ പിന്നിൽ ഉപേക്ഷിച്ചു വരാൻ അല്പം സമയം വേണ്ടി വന്നു മരിയ ....നിന്നോട് ഞാൻ ...."

"വേണ്ട സിറിയക്കെ ...ബാക്കി പറയണ്ട ....ആ ശബ്ദത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി ,സിറിയക്ക് എന്താ പറയാൻ ആഗ്രഹിക്കുന്നെ എന്ന് .....അതൊന്നും ഇനി വേണ്ട ......"

മരിയ ഒരു കവർ എടുത്തു സിറിയക്കിനു നേരെ നീട്ടി .
"എന്താ ഇത് ...?"

"വിവാഹ വാർഷിക സമ്മാനം ,,,കുറച്ചു വർഷമായി ഇതിനു വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു .....ഇപ്പോഴാണ് അതിനുള്ള സമയവും ,സന്ദർഭവും ഒത്തു വന്നത് ...."
മരിയയുടെ വാക്കുകൾക്കു  വല്ലാത്ത മൂർച്ച ,ഇതുവരെ കണ്ടിട്ടില്ലാത്ത ആത്മ വിശ്വാസം ....

ഒരുൾക്കിടിലത്തോടെ സിറിയക് ആ കവർ തുറന്നു .....വിറയ്ക്കുന്ന കൈകളോടെ അയാളത് വായിച്ചു ....

" മരിയാ ....ഇത് ...."

"കൂടുതൽ ചർച്ചയ്‌ക്കോ ,ഇനിയൊരു ഒത്തു ചേരലിനോ എനിക്കാഗ്രഹമില്ല ...സിറിയക്കിന്റേതെന്നു എനിക്ക് ഉറപ്പുള്ള എന്റെ മകൾക്കു വേണ്ടി എനിക്ക് ജീവിക്കണം ....അതിനു സിറിയക്കിന്റെ ബന്ധങ്ങൾ എനിക്കൊരു തടസ്സമാകരുത്...എത്രയും വേഗം അതിൽ ഒരു ഒപ്പിട്ടു എല്ലാം അവസാനിപ്പിക്കണം ....എന്റെ മകളെ അല്ലാതെ മറ്റൊന്നും എനിക്ക് വേണ്ട ...അവളാണ് എനിക്കെല്ലാം ,,,അപ്പ എന്നൊരു ആൾ ഉണ്ട് എന്നല്ലാതെ ആ സ്നേഹം അവൾ അറിഞ്ഞിട്ടില്ല , ഇനി അറിയുകയും വേണ്ട ...ഇത് മരിയയുടെ ഉറച്ച തീരുമാനമാണ് ....."

"മരിയാ ....പ്ളീസ് ,കഴിഞ്ഞതെല്ലാം മറന്നു ഒരു പുതിയ തുടക്കത്തിന് എന്റെ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ട് ....ഞാൻ നിന്നോട് തെറ്റ് ചെയ്തിട്ടുണ്ട്  ,അത് തിരുത്താൻ എനിക്കൊരു അവസരം തന്നു കൂടെ ....."

"ആലോചിച്ചിരുന്നു ,,,,പലതവണ ,,,,പക്ഷെ ഇനി വേണ്ട ..എല്ലാത്തിനും ഒരു സമയമുണ്ട് , ആ സമയം കഴിഞ്ഞാൽ അത് ചീഞ്ഞു നാറും ,പിന്നെ സ്ഥാനം ചവറ്റു കൊട്ടയാണ്......നമ്മുടേതിലും അതാണ് അവസ്ഥ ....സിറിയക്കിനു സിറിയക്കിന്റ ഇഷ്ടം പോലെ ജീവിക്കാം  ...."

പാക്ക് ചെയ്തു തയാറാക്കി വച്ചിരുന്ന ബാഗുകളുമെടുത്തു ആനി മോളുടെ കൈ പിടിച്ചു മരിയ ആ വീടിന്റെ പടിയിറങ്ങി ...ആനി മോൾ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല ...അപ്പാ എന്നൊന്ന് വിളിച്ചതുമില്ല ....മരിയയുടെ കണ്ണുകൾ നിറഞ്ഞില്ല ,കാലുകൾ വിറച്ചില്ല ....പഴയതിലും കൂടുതൽ കരുത്തു നേടിയ പോലെ ,,,,,,,,

***************************************************************

എ സി യുടെ കുളിരിലും സിറിയക് വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു ,,,,വിധി എന്താണെന്ന് ഉറപ്പാണ് ,,,,എന്നിട്ടും എവിടെയോ ഒരു നേർത്ത പ്രതീക്ഷ ....

"ആരാ സിറിയക്ക് ജെയിംസ് ....? ഡോക്ടർ വിളിക്കുന്നു ."

വിറയാർന്ന പദങ്ങളോടെ സിറിയക്ക് ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിച്ചു .

"ഇരിക്കേടോ ...."

"എന്താണ് മനോജേ റിസൾട്ട് ....? സംശയിച്ചത് സത്യമാണോ ....? "

"സിറിയക്കിന്റെ സംശയം ശെരിയായിരുന്നു ....യു ആർ H.I.V പോസിറ്റീവ് ....."

ഒരു നിമിഷത്തേക്ക് അയാൾക്ക് ശ്വാസം നഷ്ടപ്പെട്ട പോലെ തോന്നി ...

"ബട്ട്  ഡോണ്ട് വറി സിറിയക്ക് ....ഇതൊക്കെ നമുക്ക് ചികിൽസിച്ചു ഭേദമാക്കാവുന്നതേ ഉള്ളു ..."

" വേണ്ട മനോജേ ...സംശയമായിരുന്നു ...അത് ഉറപ്പായി ...ചികിത്സയുടെയൊന്നും ആവശ്യമില്ല .ഇത് എന്റെ വിധിയാണ് ...ഞാൻ സ്വയം തിരഞ്ഞെടുത്തത് ...."

സിറിയക്ക് അവിടെ നിന്നും എഴുന്നേറ്റു നടന്നകന്നു ....
****************************************
"ഇവൾ സ്വന്തമാളുകളെ വെടിഞ്ഞു ഇവളുടെ ഭർത്താവിനോട് യോജിക്കപ്പെട്ടിരിക്കുന്നു .....ആകയാൽ ഇവൻ  ഇവളോട് ദയവുള്ളവനായിരിക്കണം ........ നീ നഗ്നനാണെങ്കിലും ഇവളെ നീ പുതപ്പിക്കണം ..നീ ഉണ്ടില്ലെങ്കിലും ഇവളെ ഊട്ടണം .. നമ്മുടെ കർത്താവായ യേശുമിശിഹായുടെ കൃപ നിന്നിലും ഞങ്ങളിലും എന്നുമുണ്ടാകട്ടെ ....ആമീൻ ......"

അലക്സിന്റെ  കൈയും പിടിച്ചു പള്ളിമേടയിൽ നിന്നും ഇറങ്ങി വരുന്ന സ്ത്രീ രൂപത്തെ സിറിയക്ക് അതിശയത്തോടെ നോക്കി ......താൻ മിന്നു കെട്ടുമ്പോൾ മരിയയുടെ മുഖത്തുണ്ടായിരുന്ന അതേ പ്രകാശവും , പുഞ്ചിരിയും .....അവൾ അയാൾക്കരികിലേക്കു നടന്നെത്തി .....കൊടുക്കാൻ ബാക്കി വച്ച സ്നേഹത്തിന്റെ പരകോടിയിൽ അയാൾ അവളെ കെട്ടിപ്പുണർന്നു ആ മൂർദ്ധാവിൽ ചുംബിച്ചു ....

"അപ്പായെ......"

" എന്റെ ആനി മോളെ ......അപ്പയുടെ പൊന്നു മോളെ ........നന്നായി വരും ...മാതാവ് എന്റെ മക്കളെ അനുഗ്രഹിക്കട്ടെ ....."

ആനി മോളുടെ അരികിൽ നിൽക്കുന്ന മരിയയെ നോക്കി സിറിയക്ക് നന്ദിയോടെ പുഞ്ചിരിച്ചു ...

"മറന്നില്ലല്ലോ മരിയാ നീയെന്നെ , ഇത്രയേറെ വേദനിപ്പിച്ചിട്ടും ഈ അപ്പായെ വെറുക്കാൻ ആനി മോളെ പഠിപ്പിച്ചില്ലല്ലോ നീയ്...നന്ദിയുണ്ട് ,,,ഒരുപാട്  ....വരട്ടെ ....? "." 

ഒരു ദീർഘ നിശ്വാസം     ....

ആനിമോളെ യാത്രയാക്കി തിരിഞ്ഞു നടക്കവേ മരിയക്ക് താൻ ഒറ്റപ്പെട്ടു പോയൊരു തോന്നൽ അനുഭവപ്പെട്ടു ...ഇത്രയും നാൾ കൂടി ചേർത്തു വച്ച ധൈര്യം ഒക്കെ ചോർന്നു പോകുന്ന പോലെ ...പെട്ടെന്ന് ആരുമില്ലാതായ പോലെ ..

"മരിയാ .....നിന്നോളം ക്ഷമിക്കാനും സഹിക്കാനും കാത്തിരിക്കാനും എനിക്ക് കഴിയില്ലെന്ന് എനിക്ക് നന്നായി അറിയാം ,,,ഇനിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള സമയവും നമുക്കില്ല ....എല്ലാം മറന്നു ഒരു പുതിയ ജീവിതം തുടങ്ങണമെന്ന് യാചിക്കാനല്ല ....നീയില്ലാതെ ഞാൻ അപൂർണനാണ് എന്ന തിരിച്ചറിവുള്ളതു കൊണ്ട് ചോദിക്കുകയാണ് ....വന്നൂടെ എന്നോടൊപ്പം ,അടിമയെപ്പോലെയല്ല , എന്റെ ഉടമയായി .,,,? ഇനിയുള്ള കാലം എന്നോടൊപ്പം  നിനക്ക് ജീവിച്ചൂടെ ....??? .

ആഗ്രഹമുണ്ട് സിറിയക്കെ ....പക്ഷെ വേണ്ട ....ഇപ്പോൾ ഞാൻ സന്തുഷ്ടയാണ് , സംതൃപ്തയാണ് ,,,,,നമ്മുടെ ബന്ധം ഒരു സൗഹൃദമായി മാത്രം അവസാനിക്കട്ടെ .....അതാണ് നല്ലത്...ഓർമ്മകൾ വേട്ടയാടാത്ത  സുഹൃത്തുക്കളായി നമുക്ക് ജീവിക്കാം ....

അതും പറഞ്ഞു കൊണ്ട് നടന്നകന്ന മരിയയെ നോക്കി നിൽക്കവേ സിറിയക്കിനു തോന്നി ....താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനെന്ന് .....നിർഭാഗ്യവാനായ ഭാഗ്യവാൻ ....

മാതാവേ ....."

"നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു മകനെ ,,,,,നിന്റെ പാപങ്ങൾ പൊറുത്തു തന്നിരിക്കുന്നു ...നിന്റെ പശ്ചാത്താപത്തെ സ്വീകരിച്ചിരിക്കുന്നു .....കാത്തിരിക്കൂ ....മരിയ വരും , നിന്നിലേക്ക്‌തന്നെ .......

പള്ളി മണി മുഴങ്ങി... വീണ്ടും ഒരു വസന്തത്തിന്റെ വിളിയൊച്ചയ്ക്കായ് കാതോർത്ത് കൊണ്ട് സിറിയക് നടന്നകന്നു ...



(ശുഭം )

                                                                                                                             ബിസ്മിത .ബി