ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി
--------------------------------------------------------------------------------------
ജനലഴികളിലേക്കു മുഖം ചേർത്തു അന്നാമ്മ മഴത്തുള്ളികളെ ചുംബിച്ചു .മണ്ണിന്റെ മണം അന്നമ്മയുടെ നാസാരന്ദ്രങ്ങളിലേക്കു പടർന്നു കയറി , ആ മഴയും മണ്ണിന്റെ മണവും അന്നമ്മയെ ജോണിച്ചന്റെ ഓർമകളിലേക്ക് യാത്രയാക്കി . ഒരു മഴക്കാലത്താണ് ജോണിച്ചന്റെ കൈയും പിടിച്ചു മാളിയേക്കൽ തറവാടിലേക്ക് കയറി വന്നത് .ജോണിച്ചന്റെ ആദ്യ ഭാര്യ എന്തോ ദീനം വന്നു ചത്തു പോയ ഒഴിവിലേക്ക് രണ്ടാനപ്പാണ് അന്നമ്മയെ പിടിച്ചു കൊടുത്തത് .അന്നമ്മയ്ക്കും , അന്നമ്മയുടെ അമ്മച്ചിക്കും ആദ്യം ജോണിയോട് എതിർപ്പ് ആയിരുന്നെങ്കിലും ജോണിയുടെ കരവലയത്തിൽ അന്നമ്മ സുരക്ഷിതത്വം അനുഭവിക്കുന്നു എന്ന തിരിച്ചറിവിൽ ഇരുവർക്കും ജോണി പ്രിയങ്കരനായി മാറി. ജോണിയുടെ ആദ്യ ഭാര്യയുടെ മകനായ ആറുവയസുകാരൻ ജിമ്മിക്ക് അന്നാമ്മച്ചിയെ ജീവനായിരുന്നു , അന്നമ്മയ്ക്കും അങ്ങിനെ തന്നെ .ജീവിതം മനോഹരമായ തീരങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു .അന്നമ്മയ്ക്കും ജോണിക്കും ജിമ്മിയെ കൂടി ചേർത്തു മക്കൾ നാലായി. രണ്ടു പെണ്ണും രണ്ടാണും .എല്ലാവരെയും കുടുംബങ്ങളാക്കി വാർധക്യ ജീവിത്തത്തിലേക്കു കടക്കവേ ആണ് ജോണിക്കു ദൈവവിളി വന്നതും അന്നമ്മ ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് പറിച്ചു നട്ടതും.
ജിമ്മിയെ മൂവർക്കും വലിയ പിടുത്തമില്ലായിരുന്നു എങ്കിലും ജോണിച്ചനെ പേടിച്ചു ആരും അവനോടു മുഖം കറുപ്പിക്കാറില്ലായിരുന്നു , മലവെള്ള പാച്ചിലിലിൽ വീടും കൂടും നഷ്ടപ്പെട്ട ഒരു അനാഥ പെങ്കൊച്ചിനെ ജിമ്മി മിന്നു കെട്ടിയതോടെ അവരൊക്കെ ഒളിഞ്ഞും തെളിഞ്ഞും അവനെ ഓരോന്ന് പറയാൻ തുടങ്ങി , ജോണിച്ചനെ വിഷമിപ്പിക്കാതിരിക്കാൻ ഒന്നും കണ്ടില്ലെന്നു വച്ച് നടന്ന ജിമ്മിയോടു അന്നമ്മയ്ക്കു ഒരു പടി വാത്സല്യം കൂടുതലാണ് ,എന്നും ...!
ജോണിച്ചൻ പോയതോടെ എല്ലാവരും ചേർന്ന് ജിമ്മിയെയും പുറത്താക്കി , മൂവർ സംഘം കണക്കു പറഞ്ഞപ്പോൾ വർഷത്തിൽ നാല് മാസം വീതം അന്നമ്മച്ചി പങ്കുവയ്ക്കപ്പെട്ടു, ജോണിച്ചനെ ഒന്ന് കാണാൻ അന്നമ്മയുടെ മനസ്സ് വല്ലാതെ കൊതിക്കുമ്പോഴെല്ലാം ഇടവഴിയിൽ അപ്പന്റെ തനിപ്പകർപ്പായ ജിമ്മിയുടെ തലവെട്ടം തെളിഞ്ഞു കാണാറുണ്ട് ,അത് കൊണ്ട് മാത്രം ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി അന്നമ്മച്ചിക്ക് ഒരുപാട് ഇഷ്ട്ടമാണ്. ലൂക്കയും കുടുംബവും ഞായറാഴ്ച്ച പള്ളിക്കു പോകുന്ന സമയം നോക്കി ജിമ്മി വരാറുണ്ട്, അമ്മച്ചിക്ക് ഇഷ്ടപ്പെട്ട പാലപ്പവും സ്റ്റൂവും കൊണ്ട്..വാരി കഴിപ്പിച്ചു അന്നമ്മച്ചിയുടെ വയറും മനസ്സും നിറയുന്നത് നോക്കി അവനിരിക്കുന്നതു കാണുമ്പോൾ അന്നമ്മച്ചിക്ക് ജോണിച്ചൻ മരിച്ചിട്ടില്ലെന്ന് തോന്നും ...ആ വൃദ്ധ അവനെ വാരിപ്പുണർന്നു ഒരുപാട് കരയും , പഴയ കഥകളൊക്കെ അവനോടു പറഞ്ഞു സ്വയം സന്തോഷിക്കും ...
വെള്ളിയിഴകൾ സമൃദ്ധിയുടെ അടയാളമാണെന്നു അന്നമ്മയുടെ കുട്ടി നര നോക്കി ജോണിച്ചൻ പറയാറുണ്ടായിരുന്നു. പ്രായമായപ്പോൾ വെള്ളിയിഴകൾ എല്ലാവർക്കും ബാധ്യത ആണെന്ന് അനുഭവത്തിലൂടെ അന്നമ്മച്ചി പഠിച്ചു. പങ്കുവയ്ക്കലും ബാധ്യത ആണെന്ന് പെൺമക്കൾക്ക് തോന്നിയതോടെ മാളിയേക്കൽ തറവാടിന്റെ ഉടമസ്ഥനായി അന്നമ്മച്ചിയുടെ രക്ഷാകർത്താവ് .മാളിയേക്കൽ തറവാടെന്ന പേര് ആരുമിപ്പോൾ പറയാറില്ല , ലൂക്കയുടെ വീട്. അന്നമ്മച്ചിയും അങ്ങിനെ പറഞ്ഞു പഠിച്ചിരിക്കുന്നു .
തനിച്ചാവുക എന്തെന്ന് തിരിച്ചറിയുന്നത് മറുപാതി നഷ്ടമാകുമ്പോൾ ആണത്രേ, ആ ഒഴിവു ഒരു വലിയ വിടവായി അവസാന ശ്വാസം വരെയും കൂടെ കാണും.ഇരുട്ടിലെ ദീർഘനിശ്വാസങ്ങൾക്കും തേങ്ങലുകൾക്കും ആ മറുപാതിയുടെ മണം ആയിരിക്കും , മരണം കാത്തു കിടക്കുന്ന ജീവനുകൾക്കു ആകെയുള്ള ആശ്വാസമാണ് ആ മണം .മനുഷ്യ വാസമുള്ള വീടാണിതെന്നു തോന്നാറേ ഇല്ല. ലൂക്ക തന്നെ എന്നേ മറന്നിരിക്കുന്നു.അമ്മച്ചി എന്ന ആദ്യത്തെ കൺമണിയുടെ വിളി കേൾക്കാൻ അന്നമ്മയുടെ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ടെങ്കിലും ലൂക്ക അതറിയാറേ ഇല്ല.അമ്മച്ചിയെ നോക്കാനുള്ള ബാധ്യത ലൂക്കയ്ക് ആണെന്ന് പറഞ്ഞു റബേക്കയും മരിയയും ചേർന്നാണ് ഒരു ദിവസം അന്നമ്മയെ കൊണ്ട് ലൂക്കയുടെ വീട്ടിലാക്കിയത് . പിന്നീടങ്ങോട്ട് പെണ്മക്കളുമില്ല ,മകനുമില്ല ...
മനസ്സ് വിചാരിക്കുന്നിടത്തു കൈയും കാലും എത്താറില്ല , എത്ര ദിവസം കൂടുമ്പോൾ ആണ് കുളിക്കുന്നതെന്നു പോലും ഓർമയില്ല ,വാതിലിനിടയിലൂടെ കടന്നു വരുന്ന ആഹാരം നിറച്ച പാത്രങ്ങൾ ആണ് ഇപ്പോൾ വിരുന്നുകാർ. രാത്രികളിൽ എപ്പോഴോ ലൂക്ക വന്നു വാതിൽ തുറന്നു അന്നമ്മച്ചിക്കു ജീവനുണ്ടെന്നു ഉറപ്പു വരുത്തി പോകാറുണ്ട്. മനുഷ്യരുടെ സംസാരങ്ങൾക്കും കുഞ്ഞുങ്ങളുടെ ചിരികൾക്കുമായി ഇടയ്ക്കൊക്കെ ആ വാതിൽ പകുതി തുറന്നു അന്നമ്മച്ചി കാതോർക്കാറുണ്ട്. വാർദ്ധക്യവും ,വൈധവ്യവും ഒന്നിച്ചു പിടികൂടുമ്പോൾ നൊന്തു പെറ്റ മക്കളൊക്കെ അന്യരാകും. നിറങ്ങളൊക്കെ പിന്നെ മനസ്സിലേക്കൊതുങ്ങി മരണം കാത്തു കഴിയും .വളർത്തുമക്കൾ ഒന്നുകിൽ വാലാട്ടി നായ്ക്കളോ അല്ലെങ്കിൽ വന്യമൃഗങ്ങളോ ആകാറാണ് പതിവ് .ജിമ്മി പക്ഷെ ഇത് രണ്ടുമല്ല , ജോണിച്ചനാണവൻ, വാത്സല്യത്തിന്റെയും, കരുതലിന്റെയും നിറകുടമാണവൻ .ജിമ്മി വരുമ്പോൾ ആണ് ലോകം ഉണ്ടെന്നും ഇന്നൊരു ഞായറാഴ്ച ആണെന്നും ആ വൃദ്ധ തിരിച്ചറിയുന്നത് .
ആ ഞായറാഴ്ച്ച അപ്പന്റെ ആണ്ട് കൂടിയായിരുന്നു എന്ന് ജിമ്മി പറയുമ്പോൾ അന്നമ്മച്ചിക്കെന്തോ സന്തോഷം തോന്നി .അപ്പന് പ്രിയപ്പെട്ട പോത്ത് വരട്ടിയതും കരിമീൻ പൊള്ളിച്ചതും താറാവ് ഉലർത്തിയതും കള്ളൊഴിച്ചുണ്ടാക്കിയ അപ്പവും , ബിരിയാണിയും ചേർത്തു ഒരു വലിയ വിഭവ സമൃദ്ധമായ തീൻമേശ തന്നെ ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയിൽ ജിമ്മി അന്നമ്മയ്ക്കായി ഒരുക്കി. കഴിഞ്ഞ ദിവസങ്ങളിൽ മുറിയിലേക്ക് വിരുന്നുകാർ എത്തിനോക്കാൻ മറന്നത് കാരണം അന്നമ്മയ്ക്കു അന്ന് നല്ല വിശപ്പ് തോന്നിയിരുന്നു.ലൂക്ക കുടുംബസമേതം ഭാര്യയുടെ അനിയത്തിയുടെ കൊച്ചിന് മാമോദീസ ചടങ്ങിന് പോയേക്കുന്ന കാരണം അന്ന് പതിവിലും കൂടുതൽ നേരം ജിമ്മി അന്നമ്മയോടൊപ്പം ഇരുന്നു.അവരുടെ വെള്ളിയിഴകളിൽ തലോടിയും ,ആ കവിൾത്തടങ്ങളിൽ അരുമയായി മുത്തം വച്ചും ആ മകൻ അന്നമ്മയ്ക്കു പരമാനന്ദമേകി.അന്നമ്മ ഉറങ്ങി എന്ന് ഉറപ്പു വന്ന ശേഷം ജിമ്മി തിരികെ യാത്രയായി .
പുലർച്ചെ എവിടെയോ കോഴി കൂവുന്ന ശബ്ദം കേട്ടാണ് അന്നാമ്മ കണ്ണ് തുറന്നത്. കണ്ണ് തുറന്നു നോക്കുമ്പോൾ മുന്നിലുണ്ട് ജോണിച്ചൻ.
"എന്നതാടി അന്നാമ്മേ , നിനക്കൊന്നു കുളിച്ചു സുന്ദരിയായി ഇരുന്നു കൂടെയോ ,കണ്മഷി ഒന്നും എഴുതാതെ കണ്ണൊക്കെ കുഴിഞ്ഞു പോയല്ലോടി, പോയി കുളിച്ചു സുന്ദരിയായി വാടി അന്നാമ്മേ ..." അതും പറഞ്ഞു ജോണിച്ചൻ വഷളൻ ചിരി ചിരിച്ചു , ജോണിച്ചൻ അങ്ങനെ ചിരിച്ച പുലരികളിലാണ് ലൂക്കയും , മരിയയും ,റബേക്കയും പിറന്നത്. അത് ഓർത്തതും അന്നമ്മയ്ക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. അന്നമ്മയുടെ തേങ്ങലുകൾ മാത്രം കേട്ട് പരിചയിച്ച ആ ചുവരുകൾക്ക് അവരുടെ ചിരിയുടെ മണികിലുക്കം ഒരു പുതിയ അനുഭൂതി ആയിരുന്നു.
ഓർമകൾക്ക് വല്ലാത്ത ശക്തിയാണ് , മരണക്കിടക്കയിലേക്കു വലിച്ചെറിയാനും , ജീവിതത്തിലേക്ക് തിരികെ വിളിക്കാനും ഓർമ്മകൾ തന്നെ ധാരാളം .അന്നമ്മയ്ക്കെന്തോ പുതിയ ഉന്മേഷം കിട്ടിയ പോലെ.അവർ കട്ടിലിനടിയിൽ നിന്നും തകരപ്പെട്ടി വലിച്ചു നീക്കിയെടുത്തു ,ജോണിച്ചന്റെ ഓർമകളുറങ്ങുന്ന ആ പെട്ടി അന്നമ്മ തുറന്നു .ചുവപ്പിൽ വെള്ള പൂക്കളുള്ള ഫുൾ വായൽ സാരി..ആദ്യമായി ജോണിച്ചൻ വാങ്ങിക്കൊടുത്ത സാരി.പ്രായം വീണ്ടും എൺപത്തിയൊന്നിൽ നിന്നും പതിനെട്ടിലേക്കു പോയ പോലെ .
പെട്ടെന്ന് തന്നെ അന്നമ്മ കുളിച്ചു സുന്ദരിയായി ജോണിച്ചൻ വാങ്ങിക്കൊടുത്ത സാരിയുമുടുത്തു കണ്മഷിയും എഴുതി ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലുള്ള മുറിയിലെ പൊടിപിടിച്ചു മാറാല കെട്ടിയ കണ്ണാടിയിലേക്കു നോക്കി ..ആ മാറാല കെട്ടിനിടയിലൂടെ അന്നാമ്മ തന്റെ മുഖം വർഷങ്ങൾക്കു ശേഷം ഒന്ന് കൂടി കണ്ടു . പിന്നെ ഒരു നേർത്ത ചിരിയോടെ,നാണത്തോടെ അന്നമ്മ കട്ടിലിലേക്ക് നോക്കി, ജോണിച്ചൻ ഒരു വശം ചരിഞ്ഞു തന്നെ നോക്കി വഷളൻ ചിരി ചിരിക്കുന്നുണ്ട്. അന്നമ്മ ജോണിച്ചനരികിലേക്ക് കിടന്നു ..അയാളുടെ കരവലയത്തിൽ മിഴികൾ കൂമ്പി ഒരു താമരയിതൾ പോലെ ....
ലൂക്കയും കുടുംബവും തിരിച്ചെത്തുമ്പോഴേക്കും പിറ്റേ ദിവസം രാത്രി
ആയിരുന്നു , താനറിയാതെ ജിമ്മി ഞായറാഴ്ചകളിൽ വരുന്നത്
അയാൾക്കറിയാമായിരുന്നു. താനില്ലാത്ത ദിവസങ്ങളിൽ ജിമ്മി അമ്മച്ചിയെ
നോക്കാറുണ്ടെന്ന ഉറപ്പിന്മേലാകണം അന്നമ്മയുടെ മുറിയിലേക്കുള്ള രാത്രി
നോട്ടത്തിനു ലൂക്കയ്ക്കു താല്പര്യം തോന്നിയില്ല. ലൂക്കയ്ക്കെന്തോ അന്നമ്മയെ
തീരെ ഇഷ്ടമല്ല , അപ്പന്റെ മകനായ ജിമ്മിച്ചനോട് കാണിക്കുന്ന വാത്സല്യം
അന്നമ്മയ്ക്കു തന്നോടില്ലെന്ന തോന്നലാകണം അതിനു കാരണം , കാരണങ്ങളും
കാര്യങ്ങളും നികത്താൻ മിന്നു കെട്ടലോടെ ലൂക്ക മറന്നു പോയിരിക്കുന്നു ,
അതോടൊപ്പം മനപ്പൂർവം അയാൾ അന്നമ്മച്ചിയെ മറക്കുകയായിരുന്നു. രണ്ടാം നിലയിലെ
തെക്കേ അറ്റത്തെ മുറിയിലേക്ക് നോക്കി ഒരു ദീർഘ നിശ്വാസവും നൽകി ലൂക്ക
തിരിഞ്ഞു നടന്നു .
**********
പതിവ് തെറ്റിച്ചു കൊണ്ട് വാതിൽക്കൽ നിൽക്കുന്ന ജിമ്മിയെ കണ്ടതും
ലൂക്കയ്ക്ക് വല്ലാതെ ദേഷ്യം തോന്നി .ലൂക്ക എന്തെങ്കിലും ചോദിക്കുന്നതിനു
മുൻപേ അയാളെ തട്ടി മാറ്റി ജിമ്മി രണ്ടാം നിലയിലെ മുറിയിലേക്ക് ഓടി .പടപടാ
മിടിക്കുന്ന ഹൃദയത്തോടെ അവൻ ആ വാതിൽ തുറന്നു . ചുവപ്പിൽ വെള്ള പൂക്കളുള്ള
സാരിയും ചുറ്റി ഒരു വശം ചരിഞ്ഞു കിടന്നുറങ്ങുന്ന അന്നമ്മയെ അവൻ തൊട്ടു
നോക്കി, പിന്നെ ഒരു ഞെട്ടലോടെ നിലവിളിയോടെ അവൻ രണ്ടടി പുറകിലേക്ക് നീങ്ങി
.തണുത്തു മരവിച്ച അന്നമ്മച്ചിയേയും കോരിയെടുത്ത് ജിമ്മി പടികളിറങ്ങുന്നതു
കണ്ട ലൂക്ക തളർന്നു മരവിച്ചു തറയിലേക്ക് വീണു .അന്നമ്മച്ചിയേയും കൊണ്ട്
ജിമ്മി തനിക്കരികിലേക്കു നിറകണ്ണുകളോടെ നടന്നടുക്കുന്നതു കണ്ട ജോണിച്ചന്റെ
മരിച്ച ഹൃദയം ഉറക്കെ തേങ്ങി , ആ കണ്ണുനീർത്തുള്ളികൾ മഴയായി
അന്നമ്മച്ചിയേയും ജിമ്മിയെയും നനയിച്ചു ...മണ്ണിന്റെ മണം..അന്നമ്മച്ചിക്കു
കുളിരു കോരിയെന്നു തോന്നുന്നു,അവരുടെ വരണ്ട ചുണ്ടിൽ എവിടെ നിന്നോ ഒരു
പുഞ്ചിരി വന്നു നിറഞ്ഞ പോലെ...