അവൾ പെണ്ണ് ....!
പൊട്ടിച്ചിതറിയ മാംസക്കഷ്ണങ്ങൾക്കിടയിൽ
നിന്നും കൊള്ളാവുന്നതൊക്കെയും പെറുക്കിയെടു-
ത്തിരുളിന്റെ മറ പറ്റി നിശ്വാസം പോലു-
മറിയാ വേഗത്തിലിരുട്ടിലേക്കലിഞ്ഞവൻ
മികച്ചതൊന്നു പണിയണം
ആരും കൊതിക്കുന്നൊരെണ്ണം
ഒരു ചൂടിലും ഉരുകിയൊലിക്കാത്ത
ഒരു കാറ്റിലും പറന്നകലാത്ത
നിലനിൽപ്പുള്ളോരെണ്ണം പണിയണം
ടെക്നോളജിക്ക് വിളക്ക് വച്ച്
AI ഗുരുവിനെ മനസ്സിൽ ധ്യാനിച്ച്
മെഷീനിലേറി
പണിയായുധമെടുത്തവൻ .
36 -24 -36 ൽ പിടിച്ചൊരു സ്കെൽട്ടനാകട്ടെ
വജ്രം കൊണ്ടു പണിതെടുത്തൊരെണ്ണം ,
ഒരിക്കലും തകരാത്തൊരെണ്ണം.
ഈടു നിൽക്കുന്ന കാലത്തോളം ശില്പിക്ക് പേര് നൽകുന്നൊരെണ്ണം
ഒരു സ്പൂൺ മസ്തിഷ്‌കം , സെറിബ്രമൊരു പാതി
ചില നേർത്ത നാരുകൾ , സംവേദനം സുനിശ്ചിതം
പൊട്ടി തകരാത്തൊരു നട്ടെല്ലും ,ചേർന്ന സുഷുമ്നയും
വാരിയെല്ല് കടമെടുക്കാതൊന്നു പുതിയത് നെയ്യണം
റിഫ്ലക്സ് കൂടിയൊരു നാഡീവ്യൂഹം
ലയബിലിറ്റി ചോരാത്തൊരു പേസ്മേക്കർ
മുദ്രാ മോതിരമണിയാൻ നേർത്ത അണിവിരലുള്ളൊരു കരം
ചിലമ്പണിയാനൊരു ചടുലമായ പാദം
ഉടു ചേല പോയാലുമുടലു കാണാതിരിക്കാനൊരു ഇൻഫിനിറ്റി സ്റ്റോൺ
ഭൂമി പിളർന്നു പോയാലും തിരികെ വരാനൊരു ടൈം മെഷീൻ
അഡ്രിനാലിനും, ഈസ്ട്രജനും, പ്രൊജസ്ട്രോണും നാല് വീതം
കോർട്ടിസോളും, തൈറോക്സിനും രണ്ടു വീതം
മിച്ചമുള്ളതൊക്കെയൊരു അനുപാതത്തിൽ ചേർക്കണം
വെളുക്കും മുന്നേയെനിക്കൊരു പാതി പിറക്കണം
ഞാൻ കൊതിക്കും പോലൊരു പാതി
കടം കൊള്ളാത്ത ഉടലും ഉയിരുമുള്ള എന്റെ മാത്രം സൃഷ്ടി.
കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചുമവൻ നെയ്തെടുത്തു.
അഴകുമറിവുമൊരുമിച്ചൊരു പെണ്ണുടൽ
പ്രേമവും കാമവും കോർത്തൊരു മണ്ണുടൽ
ജലമായൊഴുകാനും കാറ്റായലയാനും
അഗ്നിയായ്മാറാനും നെഞ്ചുറപ്പൊത്തൊരു നേരവൾ.
വിയർത്തൊട്ടിയ മെയ്യോടെ അവളിലമരാൻ
കൊതിച്ചവന്റെ കഴുത്തിലൊരുറുമി ചുഴറ്റിയവൾ
അവൾ പെണ്ണ് ....!
സൃഷ്ടിയേയും സൃഷ്ടാവിനെയും സംഹരിക്കുന്ന പെണ്ണ് ...!
ഇരയാവാൻ കൊതിക്കാത്ത പെണ്ണ്
ഇരപിടിക്കാൻ തുനിഞ്ഞ പെണ്ണ്…!