Sunday, 10 August 2014

ഇനിയും ...!

          ഇനിയും ...!






ഇനിയുമിരവുകള്‍ പകലായേക്കുമെങ്കിലും
പൊയ്പ്പോയ കാലങ്ങൾ തിരികെ വരില്ലെന്നറികിലും 

മിഴിനീരു യാത്രയാകുമോ.................?
നിണമൊഴുകി മണ്ണിന്‍റെ മടിയിലുറയുന്നുവോ...,
ചാരമായ് മറയുന്നുവോ നിന്നോര്‍മകള്‍...?

എരിവേനലൊരു പിടി കനവുമായ് വിടചൊല്ലി-
യകലവേ തേങ്ങുന്നതെന്തിനാണേകനായി...



ചെന്തീക്കനലുകള്‍ കെട്ടടങ്ങാം...
കാലമീ മുറിവിന്നു കാവലാകാം...
കാല്‍ത്തളകളിനിയും പുനര്‍ജ്ജനിക്കാം...
എങ്കിലും-
തിരികെ വന്നീടുമോ...
എന്നിലെയേകാന്തസങ്കല്പമോഹനങ്ങള്‍...?



ശ്രീജിതനല്ല ഞാന്‍ ശ്രീരാമബാണമേല്‍ക്കാന്‍
രാധേയനല്ല ഞാന്‍ പാര്‍ത്ഥനെ  വെല്ലുവാന്‍
ശ്രീകൃഷ്ണനല്ല ഞാന്‍ ശാപമേല്‍ക്കാന്‍
നരനായി പിറന്നതെന്‍ തെറ്റുമല്ല...

ബീജം മുളച്ചതീ മണ്ണില്‍ നിന്ന്
ഭൂജാതനായതീ മണ്ണിലേക്ക്
പിച്ചവച്ചീ മണ്ണിൻ  പൈതലായി
വേരുറപ്പിച്ചീ മണ്ണിൻ  കാവലാളാകേണ്ടതെന്‍റെ ധര്‍മം.


പോരാട്ട വേളയില്‍ ഗീതോപദേശങ്ങള്‍
പാഴ്വാക്കായ് മാറിയിരുന്നുവെങ്കില്‍...
ധര്‍മയുദ്ധത്തില്‍ ഞാന്‍ കര്‍മബന്ധത്തെ വേല്‍ക്കാതിരുന്നുവെങ്കില്‍...
കര്‍മഭൂവിലെന്‍ ജന്മബന്ധങ്ങള്‍-
വെണ്ണീറായ് മാറാതിരുന്നേനെ...
ശിഷ്ടജന്മത്തിലിഷ്ട ബന്ധുക്കള്‍ ഭ്രഷ്ട് കല്‍പിക്കാതിരുന്നേനേ...

കാലചക്രമെ നീയെനിക്കേകുമോ  ഇനിയൊരു ജന്മം കൂടി ....-
അഹമല്ല ,ബ്രഹ്മമാനുലകിന്റെ  പൊരുളെന്നറിയുന്നു ഞാൻ 

ലോകാസമസ്താ സുഖിനോ ഭവന്തു .

No comments:

Post a Comment

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......