Friday, 27 February 2015

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ...

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ...


ജീവിതം എപ്പോഴും ഒരു പരീക്ഷണ ശാലയാണ് ...അവിടെ ആത്മാവിനല്ലാതെ മറ്റൊന്നിനും സ്ഥിരതയില്ല ...അനുഭവങ്ങളെ പാഠങ്ങളാക്കുക ..നഷ്ടപ്പെട്ടതിനെ  ഓർത്ത്‌ സമയം പാഴാക്കാതെ നഷ്ടമായതിൽ  നിന്നും നാം  എന്തു പഠിച്ചു എന്നത് മനസ്സിലാക്കുക .....

ജീവിതത്തിന്റെ കൈവഴികളിൽ നമുക്കായി ഒരുപാട് ഹസ്തങ്ങൾ കാത്തിരിക്കുന്നുണ്ടാകും .......അവയൊക്കെ നിയോഗങ്ങൾ പൂർത്തിയാകുമ്പോൾ കൈവിട്ടു പോകുകയും ചെയ്യും ........

ഓരോ മനുഷ്യനും ഈ ഭൂമിയിൽ എത്തിയതിനു പിന്നിൽ അവൻ പോലുമറിയാത്ത എന്തോ ഒരു കാരണം ഉറങ്ങി കിടക്കുന്നുണ്ട് ....ഒരു പക്ഷെ അവന്റെ സൃഷ്ടാവിന് മാത്രം അറിയാവുന്ന ഒരു വലിയ കാരണം ......ആ കാരണത്തിന് പിറകെ ഒരു സ്വപ്നത്തിന്റെ മാത്രം പിൻബലത്തോടെ തന്റെ വിശ്വാസത്തെയും മുറുകെ പിടിച്ചു യാത്ര തിരിക്കുന്ന സാന്റിയാഗോമാർ നമ്മുടെ സാങ്കല്പിക കഥകളിലെ നായകന്മാർ മാത്രമാണ് ...

അണ്ടിയോട്‌ അടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ ....അതുപോലെ തന്നെ ജീവിക്കാൻ തുടങ്ങുമ്പോഴേ ജീവിതം എന്തെന്ന് അറിയാൻ കഴിയൂ ....

ഒരുവന്റെ ജനനവും ജീവിതവും മരണവും ഈശ്വരൻ ആണ് നിശ്ചയിക്കുന്നതത്രെ...ദൈവം എന്ന തിരക്കഥാകൃത്തിന്റെ  തൂലികയിൽ നിന്നും പിറന്നു വീണ കുറേ കഥാപാത്രങ്ങൾ  ആണ് നമ്മൾ .....മറ്റൊരാളുടെ കീയാൽ ചലിക്കുന്ന വെറുമൊരു പാവ ...

ഒരുവൻ എപ്പോൾ ജനിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്ന് മരിക്കുമെന്നും തുടങ്ങി അവന്റെ എല്ലാ കാര്യങ്ങളും മറ്റൊരാളാൽ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ  പിന്നെ ജീവിക്കാൻ വേണ്ടി നമ്മൾ പോരാടുന്നതും പടവെട്ടുന്നതും എന്തിനു വേണ്ടിയാണ് ....????? ദൈവത്തിന്റെ തിരക്കഥയ്ക്കനുസരിച്ചു  ജീവിക്കുക എന്നതാണോ മനുഷ്യന്റെ കർത്തവ്യം അതോ സ്വയം തിരക്കഥയെഴുതി  ജീവിക്കുകയോ ......???
ഈ ചോദ്യങ്ങളുടെ  ഉത്തരം എനിക്കിന്നും അജ്ഞാതമാണ് .

ജനിച്ചു പോയത് കൊണ്ട് മാത്രം ഈ ഭൂമിയിൽ ജീവിക്കേണ്ടി വന്നവരാണ് നമ്മൾ .....അപ്പോൾ എങ്ങനെ ജീവിക്കണമെന്നും എന്തിനു ജീവിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം നമ്മളിൽ നിക്ഷിപ്തമല്ലേ ....???

ശാസ്ത്രം  തെളിവുകൾ നിരത്തി ജനിപ്പിക്കുകയും ജീവിപ്പിക്കുകയും  മരിപ്പിക്കുകയും ചെയ്യുന്നു ....അങ്ങേയറ്റത്തെ സത്യം ദൈവമാണെങ്കിൽ ശാസ്ത്രത്തിന്റെ വാദങ്ങൾ ദൈവത്തിന്റെ പുസ്തകത്തിൽ നിന്നും കടം കൊണ്ടതല്ലേ ....??

ജീവിതത്തെ കുറിച്ചു ക്ലാസ്സെടുക്കാനും മാത്രം അനുഭവസമ്പത്തുള്ള  ഒരു വ്യക്തിയല്ല   ഞാൻ .....എങ്കിലും ഇടയ്ക്കിടയ്ക്ക് ഇങ്ങനെയുള്ള ചില സംശയങ്ങൾ തലച്ചോറിൽ മുരളുമ്പോൾ എന്ത് കൊണ്ടോ നിശബ്ദയായി ഇരിക്കാൻ കഴിയുന്നില്ല ....ഉത്തരം കണ്ടെത്തണമെന്ന തോന്നൽ......ഒരു പക്ഷെ വേറെ ആർക്കെങ്കിലും അതിനുള്ള ഉത്തരം നൽകാനായെക്കുമെങ്കിലൊ  എന്ന ചിന്ത ......

ഉത്തരങ്ങൾ അജ്ഞാതമെങ്കിലും  ചോദ്യങ്ങൾ  ചോദിക്കാൻ എപ്പോഴത്തെയും പോലെ ഇപ്പോഴും ഒരു ആകാംക്ഷ ...അടുത്ത ചിന്തകൾക്കായി വാതായനങ്ങൾ തുറന്നിടാൻ സമയമായതു കൊണ്ട് ഇന്നത്തെ ചിന്തകൾക്ക് വിട .....!!!!

Saturday, 14 February 2015

വീണ്ടും ഒരു പ്രണയ ദിനം കൂടി .......!!

വീണ്ടും ഒരു പ്രണയ ദിനം കൂടി .......!!



ഫെബ്രുവരി 14....വാലന്‍ന്റൈന്‍ ദിനം ....കലണ്ടറില്‍ ഇത് ചുവന്ന അക്കത്തിലുള്ള തീയതി അല്ലാത്തതിനാല്‍  സ്കൂളില്‍ പഠിക്കുന്ന 
കാലങ്ങളില്‍ ഈ ദിനത്തോട് പ്രത്യേകിച്ചു യാതൊരു പ്രതിപത്തിയും തോന്നിയിരുന്നില്ല ..

കോളേജിലെത്തിയപ്പോള്‍ ആണ് ഈ ദിവസം ഒരു സംഭവമാണെന്ന് മനസ്സിലാക്കിയത് ....നമ്മുടെ അടുത്തിരിക്കുന്ന പിള്ളേരുടെയൊക്കെ കൈയില്‍ കാര്‍ഡും ,പൂവുമൊക്കെ കണ്ടപ്പോഴാണ് ഈ ദിവസത്തിനു വേണ്ടി മാത്രം കാത്തിരിക്കുന്ന ഒരു ജനത നമ്മടെ നാട്ടിലും ഉണ്ടെന്ന് മനസ്സിലാകുന്നെ ....

അതെന്തോ ആയിക്കൊള്ളട്ടെ ...അങ്ങനെ കാത്തിരിക്കാന്‍ മാത്രം പ്രത്യേകത ഉള്ള ദിനമല്ല  ഇന്നത്തേത്  എന്നു ചിന്തിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര് കാണുമല്ലോ ....കവി തല്‍കാലം അവരോടൊപ്പം കൂടുന്നു ..

ഇപ്പോള്‍ കവിക്ക്‌ ഓര്‍മ വരുന്നത് കവിയുടെ ചില സുഹൃത്തുക്കള്‍ പറഞ്ഞ കാര്യങ്ങളാണ് ...
അവിടെ നിന്ന് തുടങ്ങാം ....

"പ്രണയം എന്താണെന്ന് ...ആ വികാരത്തിന്റെ തീവ്രത എത്ര മാത്രമാണെന്ന് തിരിച്ചറിയണമെങ്കില്‍ നീ 
ഒരിക്കലെങ്കിലും ഒന്ന് പ്രണയിച്ചു നോക്കിയേ മതിയാകൂ ...." 

-ആ വാക്ക് കേട്ടു ഒന്ന് പ്രണയിച്ചു കളയാം  എന്ന തോന്നലൊന്നും ഇതേ വരെ ഉണ്ടായിട്ടില്ല ... എങ്കിലും അപ്പറഞ്ഞത്‌ സത്യമാണെന്ന് ഉറപ്പാണ്‌ ...കാരണം 
ഏതു വികാരത്തിന്റെയും പരിപൂര്‍ണത മനസ്സിലാക്കണമെങ്കില്‍ ആ വികാരം നമ്മള്‍ അനുഭവിക്കണമെന്നത്  ഞ്യായം ....

"ആള്‍ക്കാരെന്തിനാ പ്രണയിക്കുന്നെ ...?സന്തോഷമായിരിക്കാന്‍ വേണ്ടി ...പ്രണയമില്ലാതെ തന്നെ ഞാന്‍ സന്തുഷ്ടനാണ് ..."

-അതിനോട് എനിക്കങ്ങനെ പൂര്‍ണ യോജിപ്പോന്നുമില്ല ....സന്തോഷമായിരിക്കാന്‍ വേണ്ടി പ്രേമിക്കണം  എന്നുണ്ടോ ...?
അതിനാണേല്‍ വേറെ എന്തോരം കാര്യങ്ങളുണ്ട് ...??പക്ഷേ ചിലരെ സംബന്ധിച്ചിടത്തോളം  അത് സത്യമായിരിക്കണം ....
അവരുടെ സന്തോഷം പ്രണയിക്കുന്നതില്‍ ആയിരിക്കണം ...

"പ്രണയിക്കുമ്പോള്‍ അല്ല ...ആ പ്രണയം നഷ്ടമാകുംപോഴാണ് നമ്മള്‍ ആ വ്യക്തിയെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നു മനസ്സിലാകുന്നെ ...."

-അത് സത്യമാണ് ..നഷ്ടപ്പെടലില്‍ നിന്നേ ഇഷ്ടപ്പെട്ടത്തിന്റെ മൂല്യം നമ്മള്‍ തിരിച്ചറിയൂ ...

"ജീവിത കാലം മുഴുവന്‍ സ്നേഹിച്ചോളാം എന്നു വാക്ക് കൊടുത്തു ആരെയെങ്കിലും പ്രണയിക്കാന്‍  ഇറങ്ങിത്തിരിച്ചാല്‍ അതിനേക്കാള്‍ 
വലിയ മറ്റൊരു വിഡ്ഢിത്തവും  ജീവിതത്തില്‍ സംഭവിക്കില്ല.... "

-അതൊരല്പം ചിന്തിക്കേണ്ട സംഗതി തന്നെയാണ് ....എല്ലാക്കാലവും ഒരാള്‍ക്ക് മറ്റൊരാളെ പരിപൂര്‍ണമായി സ്നേഹിക്കാന്‍ കഴിയുമോ ...?അങ്ങനെയെങ്കില്‍ ഈ ലോകം എന്നേ നന്നായേനെ ....അല്ലേ ...??

പ്രണയം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എനിക്ക് കൂടുതല്‍ ഓര്‍മ വരുന്നത് പുരുഷ മുഖങ്ങളാണ് ...
അത് ഞാനൊരു പെണ്ണായത് കൊണ്ടല്ല ....
ഞാനറിയുന്ന പുരുഷന്മാര്‍ക്കൊക്കെ പറയാന്‍ അങ്ങനൊരു കഥയുണ്ടാകും ...

ഇപ്പോള്‍ മേല്‍ പറഞ്ഞ വാചകങ്ങളൊന്നും എന്റെ സാങ്കല്പ്പികത അല്ല...... സ്നേഹിക്കുന്ന ,സ്നേഹിച്ചു പോയ ,
അല്ലെങ്കില്‍ സ്നേഹം നഷ്ടപ്പെട്ടു പോയ പുരുഷന്മാരുടെ വാചകങ്ങളാണ് ...

ചരിത്രപുസ്തകം കടം കൊള്ളാനോന്നും ഞാനില്ല ...
എങ്കിലും ചരിത്ര കാലം മുതലേ പ്രണയത്തിന്റെ കാര്യത്തില്‍ 
പെണ്ണുങ്ങളെക്കാള്‍ വിശ്വാസ്യതയും ,ആത്മാര്‍ത്ഥതയും (വഞ്ചനയുടെ കണക്കു തല്‍കാലം മറക്കാം )
പുലര്‍ത്തുന്നത് പുരുഷന്മാര്‍ തന്നെയാണ് ... 

ആദത്തിനു ഹവ്വയോടുള്ള അന്ധമായ പ്രണയം ....
ഷാജഹാന് മുംതാസിനോട് ....(വല്ലവന്റേം ഭാര്യയെ അടിച്ചു മാറ്റിയിട്ടാണെങ്കിലും )

മറഞ്ഞു പോയ കാല്‍പ്പാടുകളില്‍ എന്നും ഓര്‍ത്തെടുക്കാന്‍ അങ്ങനെ കുറച്ചു പ്രണയ കഥകളും ഉണ്ട് ..

സാഹചര്യത്തിനനുസരിച്ച്ചു സ്വയം മാറാനുള്ള കഴിവ് എന്നും പെണ്ണിനാണ് കൂടുതല്‍ ...
അത് കൊണ്ട് തന്നെ പ്രണയത്തില്‍ മിക്കവാറും പരാജിതനാവുന്നത് പുരുഷന്‍ തന്നെ.. ...
സാമ്പത്തികവും ,അടിസ്ഥാന സൗകര്യവും നോക്കി പ്രണയിക്കാന്‍ പെണ്ണുങ്ങള്‍ക്കാണ് കഴിവ് കൂടുതല്‍ ..
അക്കാര്യത്തില്‍ പുരുഷന്മാര്‍ സ്ത്രീകളുടെ ശിഷ്യന്‍മാര്‍ ആകേണ്ടിയിരിക്കുന്നു ...

പ്രണയിച്ചു പരിച്ചയമില്ലാത്തത് കൊണ്ട് ഈ വിഷയത്തില്‍ കാട് കയറാന്‍ എനിക്ക് ഉദ്ദേശ്യമില്ല...
എങ്കിലും മനസ്സില്‍ ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ബാക്കിയുണ്ട് ....ഇത് വഴി കടന്നു പോകുന്ന  ആര്‍ക്കെങ്കിലും അതിനു മറുപടിയുണ്ടെങ്കില്‍ 
ഹാര്‍ദ്ദവമായ സ്വാഗതം ....ചോദ്യം ഇതാ ഇവിടെയുണ്ട് ...

"ചിലപ്പോള്‍ ഒരു നിമിഷം കൊണ്ട് ഒരാളോട് വല്ലാത്തൊരു ഇഷ്ടം തോന്നിപ്പോകും ...
ജീവിതത്തില്‍ പിന്നീടൊരിക്കല്‍ പോലും അത്തരത്തിലൊരു നിമിഷം 
തിരികെ കിട്ടില്ലെങ്കില്‍ കൂടി നമ്മള്‍ ആ വ്യക്തിയെ ജീവനുള്ളിടത്തോളം 
കാലം സ്നേഹിച്ചു കൊണ്ടേയിരിക്കും ...അതിനെ പ്രണയം എന്നൊക്കെ വിളിക്കാന്‍ സാധിക്കുമോ ...?????"

ഇനിയും ഒരുപാട് വാലെന്റൈന്‍ ദിനങ്ങള്‍ ഈ വഴിയേ കടന്നു പോകും........ അതില്‍  ഏതെങ്കിലും ഒരു ദിനം നമ്മുടെ  എല്ലാവരുടെയും ജീവിതത്തില്‍ 
മറക്കാന്‍ കഴിയാത്ത അനുഭവം  സമ്മാനിക്കും ....
ആ ദിനം വന്നെത്തും വരെ വാലെന്റൈന്‍ ദിനങ്ങള്‍ നമുക്ക് വെറുമൊരു 
ദിവസം മാത്രം ...

സൂര്യന്‍ ഉദിച്ച് അസ്തമിച്ഛകന്നു പോകുന്ന ഒരു ദിനം ...... 

Sunday, 1 February 2015

ഒരു ആണിന്റെ കഥ ....!

ഒരു ആണിന്റെ കഥ ....!



ഈശ്വര സൃഷ്ടികളില്‍ വച്ചു ഏറ്റവും മഹത്തരമായത് മനുഷ്യ 
സൃഷ്ടിയാണെന്നത് ഭൂമിയുടെ ഉത്ഭവം മുതലേ നാം അറിയുന്ന വലിയൊരു സത്യം .
അപ്പോള്‍ മനുഷ്യരായി ഈ ഭൂമിയില്‍ ജനിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യം ചെയ്തവര്‍ ....
ഈ ജനനത്തിലും ഉണ്ട് വേറൊരു ഭാഗ്യത്തിന്റെ കഥ .....
ആ കഥയുടെ പേര് Royal Birth അല്ലെങ്കില്‍ രാജകീയ ജനനം ...
ഭൂമിയില്‍ ഈ കഥയുടെ അവകാശികള്‍ പുരുഷന്മാരാണ് ...



ആണായി പിറന്നവന്‍ എന്നാല്‍ രാജാവായി ജീവിക്കേണ്ടുന്നവന്‍ എന്നാണ് അര്‍ത്ഥം ..
നിബന്ധനകളും ബന്ധനങ്ങളുമില്ലാത്ത സ്വാതന്ത്ര്യം ഈ ഭൂമിയില്‍ എന്നും അവനു സ്വന്തം ...
പിടിച്ചടക്കലും , ചേര്‍ത്തു വയ്ക്കലും , കിരീടധാരണവും അവന്റെ മാത്രം കുത്തക ...
അവന്റെ വാരിയെല്ല് കടമെടുത്തില്ലായിരുന്നുവെങ്കില്‍ പെണ്ണ് ഈ ഭൂമിക്കെന്നും കിട്ടാക്കനി ...

ഏതൊരു അച്ഛന്റെയും പ്രതീക്ഷ നാളെയ്ക്കു വേണ്ടി അവന്റെ കൈ കൊണ്ട് ഒരു പിടി  ബലിച്ചോര്‍....
ഏതൊരു അമ്മയും പ്രാര്‍ഥിക്കുന്നത് തന്നെ താങ്ങി നിര്‍ത്താന്‍ കെല്‍പ്പുള്ള 
കരങ്ങള്‍ക്കുടമയായ മകനെ .... 
ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് തന്നെ നെഞ്ചോടു ചേര്‍ക്കുന്ന ഭര്‍ത്താവിനെ ...
ഏതൊരു മകളും ബഹുമാനിക്കുന്നത്‌ ആദര്‍ശ ധീരനായ അച്ഛനില്‍ ....
ഏതൊരു മകനും സന്തോഷിക്കുന്നത് നിഴല്‍ പോലെ ഒരച്ഛന്‍ കൂടെയുണ്ടെന്ന് ഓര്‍ത്ത്‌ ...
ഏതൊരു പെണ്ണിന്റെയും സ്വപ്നം തേടുന്നത്  കുതിരപ്പുറത്തേറി തന്നെ സംരക്ഷിക്കാനെത്തുന്ന  ധീരനായ യുവാവിനെ ...
ഏതൊരു സുഹൃത്തും അഭിമാനിക്കുന്നത് തോളോട് ചേര്‍ക്കാന്‍ വിശ്വാസയോഗ്യനായ   ഒരു ആണ്‍ സുഹൃത്ത് കൂടെയുണ്ടല്ലോ  എന്നറിയുമ്പോള്‍ ....

ചരിത്രത്തിന്റെ സുവര്‍ണ ലിപികളില്‍ ഏറ്റവും കൂടുതല്‍ ചേര്‍ക്കപ്പെട്ടത്‌ 
അവന്റെ നാമങ്ങള്‍ ....
ലോകം ഏറ്റവും കൂടുതല്‍ കാതോര്‍ത്തത്‌ അവന്റെ ശബ്ദത്തിന് ....
എല്ലാവരും എന്നും മാതൃകയാക്കാന്‍ പറഞ്ഞത് അവനെ ചൂണ്ടി .....

ഈശ്വരനെ ദര്‍ശിക്കാനും സ്വര്‍ഗത്തില്‍ ജനിച്ചു ജീവിക്കാനും ആദ്യമായി  
ഭാഗ്യം ചെയ്തത് അവന് മാത്രം .....(അവന്‍ കാരണം അവള്‍ക്കും ലഭിച്ചു ആ ഭാഗ്യം )
ഭൂമിയുടെ മനോഹാരിതയിലേക്ക് കണ്ണു തുറക്കാന്‍ മുന്നിലെത്തിയത് അവന്‍ ...
(പിന്നിലായിരുന്നു അന്നും അവള്‍)
ഭൂമിയുടെ അനന്ത നിഗൂഡതയിലേക്ക് അവളെ കൈ പിടിച്ചു നടത്തിയതും അവന്‍ തന്നെ ..
കാട് തെളിച്ചു വയലാക്കി ,വയലിനെ പിന്നെ വീടാക്കി ,വീട്ടിലേക്ക് വെളിച്ചവുമായി കടന്നു 
വന്നത് അവന്‍ .....
രുചിയൂറുന്ന മാംസത്തുണ്ട് അവള്‍ക്കു നല്‍കി പാചകകലയിലേക്ക് അവളെ കൈ പിടിച്ചു 
നടത്തിയതും അവന്‍ ....
അവള്‍ക്കു നാണം മറയ്ക്കാന്‍ പച്ചിലയിതളുകള്‍ കോര്‍ത്തെടുത്തതും അവന്‍ ...
(ഒടുവില്‍ അത് പിച്ചി ചീന്തിയതും അവന്‍ തന്നെ )

അവന്‍ ആയിരുന്നു എന്നും അവള്‍ക്കു കൈത്താങ്ങ്‌ ...
അവന്‍ തന്നെയായിരുന്നു എന്നും അവളുടെ വഴികാട്ടി ....
പ്രണയത്തിന്റെ സംഗീതം അവള്‍ക്കു പാടിക്കൊടുത്തതും അവന്‍ ...
ലോകത്തിന്റെ മാന്ത്രികത അവള്‍ക്കു പകുത്തു നല്കിയതും അവന്‍ ...
അവന്റെ പിന്ഗാമിക്കായി അവളെ പ്രാപ്തനാക്കിയതും അവന്‍ .....

അവന്‍ പുരുഷന്‍ ....
അവന്‍ പൂര്‍ണമായും സ്വതന്ത്രന്‍ ......
അവന്റെ വഴികളില്‍ ബന്ധനത്തിന്റെ ചങ്ങല കെട്ടുകളില്ല ....
അവന്റെ സ്വപ്നങ്ങളില്‍ ഒരിക്കലും കരിനിഴല്‍ കടന്നു കൂടുകയില്ല ....
അവനില്ലാതെ ലോകത്തിന്റെ സഞ്ചാര പഥത്തില്‍ അവള്‍ ഒന്നുമല്ല .....
അവന്‍ പൂര്‍ണത നേടുന്നത് അവളിലൂടെ ...
അവളുടെ ജന്മം സായുജ്യം തേടുന്നത് അവന്റെ കരങ്ങളിലൂടെ .......

ഈ കഥ ഇവിടെ അവസാനിക്കുന്നില്ല .....ഒരു താല്‍ക്കാലിക വിരാമം മാത്രം ...
എല്ലാം എഴുതി തീര്‍ത്തപ്പോള്‍ ഒരു നിമിഷം ഞാനും കൊതിച്ചു പോകുന്നു .....
അടുത്ത ജന്മത്തിലെങ്കിലും ഒരു 
പുരുഷന്‍ ആയി ജനിച്ചെങ്കില്‍ .........!!!!

(സമര്‍പ്പണം :എല്ലാവരും പെണ്ണിനെ കുറിച്ചു മാത്രമേ എഴുതുന്നുള്ളൂ എന്നു പരാതി പറഞ്ഞ ഷിജു ചേട്ടന് .....
ഒപ്പം ഞാനറിയുന്ന എന്റെ പ്രിയപ്പെട്ട ആണ്‍ സുഹൃത്തുക്കള്‍ക്ക് .....)