Friday, 27 February 2015

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ...

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ...


ജീവിതം എപ്പോഴും ഒരു പരീക്ഷണ ശാലയാണ് ...അവിടെ ആത്മാവിനല്ലാതെ മറ്റൊന്നിനും സ്ഥിരതയില്ല ...അനുഭവങ്ങളെ പാഠങ്ങളാക്കുക ..നഷ്ടപ്പെട്ടതിനെ  ഓർത്ത്‌ സമയം പാഴാക്കാതെ നഷ്ടമായതിൽ  നിന്നും നാം  എന്തു പഠിച്ചു എന്നത് മനസ്സിലാക്കുക .....

ജീവിതത്തിന്റെ കൈവഴികളിൽ നമുക്കായി ഒരുപാട് ഹസ്തങ്ങൾ കാത്തിരിക്കുന്നുണ്ടാകും .......അവയൊക്കെ നിയോഗങ്ങൾ പൂർത്തിയാകുമ്പോൾ കൈവിട്ടു പോകുകയും ചെയ്യും ........

ഓരോ മനുഷ്യനും ഈ ഭൂമിയിൽ എത്തിയതിനു പിന്നിൽ അവൻ പോലുമറിയാത്ത എന്തോ ഒരു കാരണം ഉറങ്ങി കിടക്കുന്നുണ്ട് ....ഒരു പക്ഷെ അവന്റെ സൃഷ്ടാവിന് മാത്രം അറിയാവുന്ന ഒരു വലിയ കാരണം ......ആ കാരണത്തിന് പിറകെ ഒരു സ്വപ്നത്തിന്റെ മാത്രം പിൻബലത്തോടെ തന്റെ വിശ്വാസത്തെയും മുറുകെ പിടിച്ചു യാത്ര തിരിക്കുന്ന സാന്റിയാഗോമാർ നമ്മുടെ സാങ്കല്പിക കഥകളിലെ നായകന്മാർ മാത്രമാണ് ...

അണ്ടിയോട്‌ അടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ ....അതുപോലെ തന്നെ ജീവിക്കാൻ തുടങ്ങുമ്പോഴേ ജീവിതം എന്തെന്ന് അറിയാൻ കഴിയൂ ....

ഒരുവന്റെ ജനനവും ജീവിതവും മരണവും ഈശ്വരൻ ആണ് നിശ്ചയിക്കുന്നതത്രെ...ദൈവം എന്ന തിരക്കഥാകൃത്തിന്റെ  തൂലികയിൽ നിന്നും പിറന്നു വീണ കുറേ കഥാപാത്രങ്ങൾ  ആണ് നമ്മൾ .....മറ്റൊരാളുടെ കീയാൽ ചലിക്കുന്ന വെറുമൊരു പാവ ...

ഒരുവൻ എപ്പോൾ ജനിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്ന് മരിക്കുമെന്നും തുടങ്ങി അവന്റെ എല്ലാ കാര്യങ്ങളും മറ്റൊരാളാൽ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ  പിന്നെ ജീവിക്കാൻ വേണ്ടി നമ്മൾ പോരാടുന്നതും പടവെട്ടുന്നതും എന്തിനു വേണ്ടിയാണ് ....????? ദൈവത്തിന്റെ തിരക്കഥയ്ക്കനുസരിച്ചു  ജീവിക്കുക എന്നതാണോ മനുഷ്യന്റെ കർത്തവ്യം അതോ സ്വയം തിരക്കഥയെഴുതി  ജീവിക്കുകയോ ......???
ഈ ചോദ്യങ്ങളുടെ  ഉത്തരം എനിക്കിന്നും അജ്ഞാതമാണ് .

ജനിച്ചു പോയത് കൊണ്ട് മാത്രം ഈ ഭൂമിയിൽ ജീവിക്കേണ്ടി വന്നവരാണ് നമ്മൾ .....അപ്പോൾ എങ്ങനെ ജീവിക്കണമെന്നും എന്തിനു ജീവിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം നമ്മളിൽ നിക്ഷിപ്തമല്ലേ ....???

ശാസ്ത്രം  തെളിവുകൾ നിരത്തി ജനിപ്പിക്കുകയും ജീവിപ്പിക്കുകയും  മരിപ്പിക്കുകയും ചെയ്യുന്നു ....അങ്ങേയറ്റത്തെ സത്യം ദൈവമാണെങ്കിൽ ശാസ്ത്രത്തിന്റെ വാദങ്ങൾ ദൈവത്തിന്റെ പുസ്തകത്തിൽ നിന്നും കടം കൊണ്ടതല്ലേ ....??

ജീവിതത്തെ കുറിച്ചു ക്ലാസ്സെടുക്കാനും മാത്രം അനുഭവസമ്പത്തുള്ള  ഒരു വ്യക്തിയല്ല   ഞാൻ .....എങ്കിലും ഇടയ്ക്കിടയ്ക്ക് ഇങ്ങനെയുള്ള ചില സംശയങ്ങൾ തലച്ചോറിൽ മുരളുമ്പോൾ എന്ത് കൊണ്ടോ നിശബ്ദയായി ഇരിക്കാൻ കഴിയുന്നില്ല ....ഉത്തരം കണ്ടെത്തണമെന്ന തോന്നൽ......ഒരു പക്ഷെ വേറെ ആർക്കെങ്കിലും അതിനുള്ള ഉത്തരം നൽകാനായെക്കുമെങ്കിലൊ  എന്ന ചിന്ത ......

ഉത്തരങ്ങൾ അജ്ഞാതമെങ്കിലും  ചോദ്യങ്ങൾ  ചോദിക്കാൻ എപ്പോഴത്തെയും പോലെ ഇപ്പോഴും ഒരു ആകാംക്ഷ ...അടുത്ത ചിന്തകൾക്കായി വാതായനങ്ങൾ തുറന്നിടാൻ സമയമായതു കൊണ്ട് ഇന്നത്തെ ചിന്തകൾക്ക് വിട .....!!!!

1 comment:

  1. ജീവിതം ആര് തന്നു എന്നത് ഇവിടെ പ്രസക്തമല്ല. ജീവിതത്തിനു വേണ്ടി സ്വയം ഒരു തിരക്കഥ രചിയ്ക്കണം. അതനുസരിച്ച് ജീവിതം തുടരണം. ഈ തിരക്കഥയിൽ മറ്റു പലരുടെയും ഇടപെടലുകളും സമ്മർദങ്ങളും മറ്റും പല അവസരങ്ങളിലും ഉണ്ടാകും. ചിലപ്പോഴൊക്കെ അതിനനുസരിച്ച് തിരക്കഥയിൽ മാറ്റം വരുത്തേണ്ടിയും വരും. ഇതാണ് ജീവിതം. സ്വയം മാത്രം മാറ്റാൻ കഴിയുന്ന ഒരു കാര്യം ജീവിതത്തിൽ ഉണ്ട്. സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും പ്രയോജനം വരുക എന്നത്.

    ReplyDelete

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......