Tuesday 28 July 2015

അഗ്നിച്ചിറകുകൾക്ക് വിട ...!!

അഗ്നിച്ചിറകുകൾക്ക്  വിട ...!!



ഭാരതീയന്റെ സ്വപ്നങ്ങൾക്ക്‌ അഗ്നിച്ചിറകുകൾ സമ്മാനിച്ച ആദരണീയനായ വ്യക്തിത്വം ...
പകരക്കാരനില്ലാത്ത അതുല്യനായ രാഷ്ട്രീയ ചിന്തകൻ...
ഓരോ ഭാരതീയന്റെയും ഹൃദയം കീഴടക്കിയ രാഷ്ട്രപതി ...


സാധാരണക്കാരനായി ജനിച്ചു , ലളിതമായി ജീവിച്ചു , അവസാന ശ്വാസം വരെയും രാഷ്ട്രത്തെ സേവിച്ച , രാഷ്ട്രത്തിനു വേണ്ടി ജീവിതം സമർപ്പിച്ച മഹാപ്രതിഭ ....
അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ ഞാൻ ഉൾപ്പെടുന്ന തലമുറകൾ ഭാഗ്യം ചെയ്തവർ ....

ജാതിമത ചിന്തകൾക്കും , വർണ്ണവർഗ്ഗ വിവേച്ചനങ്ങൾക്കുമതീതമായി  മാനുഷിക മൂല്യങ്ങൾക്കും ,  പൌരബോധത്തിനും വേണ്ടി നില കൊണ്ട ആത്മീയാചാര്യൻ ...
അതിരുകളില്ലാത്ത സ്വപ്‌നങ്ങൾ കാണാനും , അവയുടെ പിന്നാലെ ആത്മവിശ്വാസത്തോടെ  ഓടാനും , ആ സ്വപ്നങ്ങളെ സത്യങ്ങളാക്കാൻ  നിശ്ചയധാർട്യത്തോടെയും , അർപ്പണ മനോഭാവത്തോടെയും സഞ്ചരിക്കാനും നമ്മെ പഠിപ്പിച്ച വലിയ മനുഷ്യൻ .....

A SIMPLE man having WONDERFUL thoughts and  HUMBLE behavior

ഇന്ത്യൻ ശാസ്ത്രലോകത്തിന്റെ അതിരുകളില്ലാത്ത ആകാശത്തിൽ നിരന്തര പരിശ്രമങ്ങളിലൂടെ സുവർണ ലിപികളാൽ  സ്വന്തം നാമം എഴുതി ചേർത്ത ഭാരത രത്നം ....
ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയ സമ്പൂര്‍ണതയുടെയും വഴിയാണ് ശാസ്ത്രം എന്ന് പറഞ്ഞ ഇന്ത്യയുടെ മിസൈൽ മാൻ ...

ഇന്ത്യൻ യുവത്വം ഇത്ര കണ്ടു ആരാധിച്ച മറ്റൊരു വ്യക്തിത്വം ഇല്ലെന്നു തന്നെ പറയാം ....
മഹാത്മജിക്ക് ശേഷം ഓരോ ഭാരതീയനും നെഞ്ചോട്‌ ചേർത്ത അഗ്നിചിറകുകളുടെ യോഗീശ്വരൻ.....

വിദ്യാര്‍ഥികളുമായി സംസാരിക്കുന്നതിൽ ഏറെ ആകാംക്ഷ പുലർത്തുകയും , അവരുടെ സംശയങ്ങൾക്ക് തൃപ്തികരമായ മറുപടി നല്കുകയും ചെയ്തു നാളെയുടെ സമ്പാദ്യമായി സ്വയം മാറാനും , രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാകാനും അവർക്ക് പ്രചോദനം നല്കിയ കർമയോഗി....

 അദ്ദേഹത്തെ കുറിച്ചെഴുതാൻ ഞാൻ ആളല്ല ...എങ്കിലും ഭാരതം കണ്ട മഹാനായ ഒരു വ്യക്തിയെ കുറിച്ച് ആദരവോടെ പറയാൻ കഴിഞ്ഞാൽ അത് ഭൂമിയിലെ ഈ ജന്മം കൊണ്ട് ഞാൻ നേടിയെടുത്ത ഒരു പുണ്യമായി എന്നും എന്റെയുള്ളിൽ നിലനില്ക്കും ... ,


 ആ തലമുറയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ....കലാം എന്ന വലിയ മനുഷ്യന്റെ ചിന്തകളിൽ അല്പമെങ്കിലും അറിയാൻ സാധിച്ചതിലുള്ള  സംതൃപ്തിയോടെ അവസാന ശ്വാസവും രാഷ്ട്രത്തിനു സമർപ്പിച്ച ആ മഹാനുഭാവന്റെ കാൽക്കൽ ഒരു പിടി പുഷ്പങ്ങൾ അർപ്പിച്ചു കൊണ്ട് ആ പുണ്യാത്മാവിന്റെ നിത്യ ശാന്തിക്കായി ഹൃദയം നിറഞ്ഞു പ്രാർഥിക്കുന്നു....

No comments:

Post a Comment

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......