ഞാന്‍ ഹിന്ദുവല്ല , ക്രിസ്ത്യനല്ല , മുസല്‍മാനുമല്ല ...ഭാരതീയന്‍ ആണ്...!
ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല ,
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹമല്ലോ..!!
" ഇന്ത്യ എന്റെ രാജ്യം ആണ് . എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാർ ആണ് .ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു .
സമ്പൂർണവും വൈവിധ്യ പൂർണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു ... "
എൽ.കെ.ജി ക്ലാസ്സു മുതൽ സ്കൂൾ അധ്യയനം അവസാനിക്കുന്ന വരെ നമ്മുടെയൊക്കെ ആഴ്ചയിലെ അഞ്ചു ദിവസങ്ങൾ ആരംഭിച്ചിരുന്നത് ഈ
പ്രതിജ്ഞയും ചൊല്ലിക്കൊണ്ടായിരുന്നു .." സമ്പൂർണവും വൈവിധ്യ പൂർണവുമായ " ആ പാരമ്പര്യം , അതിന്റെ സന്തതികൾ ആണ് നാം ഓരോരുത്തരും എന്ന ബോധം .. അരികിലിരിക്കുന്നവന്റെ കഴുത്തിലെ കുരിശോ , അവൻ ഉരുവിടുന്ന ഗായത്രി മന്ത്രങ്ങളോ , അവന്റെ നെറ്റിയിലെ നിസ്കാരത്തഴമ്പോ അന്ന് നമ്മൾ ആരും കണ്ടില്ല .....
ഭാരതം ഒരു ജനാധിപത്യ , മതേതരത്വ , സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കൻ രാജ്യം ആണെന്നും അതിലെ പൌരന്മാർക്കെല്ലാം ഒരേ അവകാശമാണെന്നും അദ്ധ്യാപകൻ പറയുമ്പോൾ മതങ്ങൾക്കുമപ്പുറത്തുള്ള മനുഷ്യത്ത്വമാണ് വലുതെന്നു നമ്മൾ അന്ന് മനസ്സിലാക്കിയിരുന്നു ..പക്ഷെ ആ മതേതര ചിന്തകളിൽ എന്നാണു കൊടിയുടെ നിറം കലർന്നതെന്നു നമ്മൾ അറിഞ്ഞില്ല ....തോളിൽ കൈയിട്ടു നടന്നവന്റെ പേര് എന്ന് മുതല്ക്കാണ് ഹിന്ദു എന്നും ക്രിസ്ത്യൻ എന്നും മുസല്മാൻ എന്നും മാറിത്തുടങ്ങിയത് ....??അറിയില്ല ...
ഭാരതീയന്റെ കൊടിക്ക് ത്രിവർണ നിറമായിരുന്നു ...ആ തൃവർണങ്ങളെയും ഒന്നായി കണ്ടു നാമെല്ലാവരും ആ കൊടികൾ അഭിമാനത്തോടെ
ഉയർത്തിപിടിച്ചിരുന്നു...അതായിരുന്നു നമ്മുടെ നിറം ...മൂവർണങ്ങൾ ചേർത്തു സത്യം ജയിക്കാനായി , നീതി ലഭിക്കാനായി , അവകാശങ്ങൾ നേടാനായി പരിശ്രമിച്ച ഒരു ജനതയുടെ നാട് ... കാലത്തിന്റെ ഒഴുക്കിലാണോ , അതോ മനുഷ്യന്റെ ചിന്തയിലാണോ മാറ്റം വന്നതെന്ന് അറിയില്ല...
എപ്പോഴോ ചുവപ്പും , പച്ചയും , മഞ്ഞയുമൊക്കെയായി നമ്മുടെ കൊടിയുടെ നിറങ്ങൾ ,മാറി ...
ത്രിവർണ പതാക പിന്നീടു സ്വാതന്ത്ര്യ ദിനത്തിൽ മാത്രം കാണുന്ന നിറമായി വഴിമാറി ....ഹിന്ദുവും , മുസൽമാനും , ക്രിസ്ത്യനും അവനവന്റെ
നിറങ്ങൾ തേച്ച കൊടികളുമായി നിരത്തിലേക്കിറങ്ങി ...പിന്നെ ആ കൊടി കൊണ്ടായി വർഗീയവൽക്കരണവും , ജാതീയ മുന്നേറ്റങ്ങളും .....
ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന് എന്നത് മാറി പതിയെ പല ജാതി , പല മതം , പല ദൈവം മനുഷ്യന് എന്നായി..
ഹിന്ദുവിനുള്ളിൽ ഹിന്ദുവും , മുസ്ലിമിനുള്ളിൽ മുസ്ലിമും , ക്രിസ്ത്യനുള്ളിൽ ക്രിസ്ത്യനുമായി ....
മനുഷ്യനെക്കാൾ , മനുഷ്യത്ത്വത്തെക്കാൾ വലുത് മതമാണെന്ന് നമ്മൾ തീരുമാനിച്ചു ....
പിന്നെ മതത്തിന്റെയും , ജാതിയുടെയും പേരിൽ തമ്മിൽ തല്ലും , കുടിപ്പക തീർക്കലും...
അമ്പേറ്റു വീണവനെ കമ്പി കൊണ്ട് കുത്താൻ തുടങ്ങി ....
കുരിശിൽ തറച്ചവന്റെ നെഞ്ചത്ത് കാരിരുമ്പ് കുത്തി താഴ്ത്തി ....
കുത്താനും , കൊല്ലാനും കൈയിൽ കിട്ടാത്തവന്റെ ആലയങ്ങളെ കത്തിച്ചു ചാമ്പലാക്കി ....
എവിടുന്നു എവിടെക്കാണ് പോകുന്നതെന്ന് നമ്മൾ മറന്നു .....
ഒടുവിലിതാ ദൈവങ്ങളെ പോലും പാർട്ടിക്കാരാക്കി...പറഞ്ഞു പറഞ്ഞു കൃഷ്ണനെ കമ്മ്യൂണിസ്റ്റും , ക്രിസ്തുവിനെ കോണ്‍ഗ്രസ്സും ,
മുഹമ്മദിനെ മുസ്ലിംലീഗുമാക്കി ...ഒടുവിലിപ്പോൾ പാവം ഗുരുവിനെ മതമൈത്രിയുടെ നേതാവുമാക്കി കുരിശിലേറ്റി....പോയ പോക്ക് നോക്കണേ ...
എന്തിലും ഏതിലും രാഷ്ട്രീയവും വർഗീയതയും മാത്രം കാണാൻ ശ്രമിക്കുന്ന ഒരു ജനത ...
ഇതായിരുന്നോ കടന്നു പോയ മഹാന്മാർ സ്വപ്നം കണ്ട ഭാരത
ഭൂമി ....?
ഇതിനു വേണ്ടിയായിരുന്നോ ജീവനും ജീവിതവും നല്കി അവർ സ്വാതന്ത്ര്യം നേടി തന്നത് ....??
ഇതു തന്നെയാണോ മതേതര ഭാരതം ....?
അനാവശ്യമായ വ്യാഖ്യാനങ്ങൾ നല്കി പ്രശ്നങ്ങളെ വളച്ചൊടിച്ചു രാഷ്ട്രീയ വല്ക്കരണം നടത്തുന്ന രീതി മാറണം ...ഭരണപക്ഷമോ , പ്രതിപക്ഷമോ അവരുടെ തർക്കങ്ങളോ അല്ല നമ്മുടെ വിഷയം ..., നമ്മുടെ ലക്ഷ്യം രാജ്യത്തിന്റെ വളർച്ചയും , മനുഷ്യന്റെ ഒരുമയും , സാമൂഹിക നവോത്ഥാനവുമാണെന്ന് നാം മനസ്സിലാക്കണം ...
ഒരു പ്ലോട്ടിലോ , ഫോട്ടോയിലോ , പെയിന്റിങ്ങിലോ , കാണുന്ന രൂപത്തിന് പിറകെ പോയി പരസ്പരം പഴി ചാരിയും , കളിയാക്കിയും നമ്മള്‍
കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ കാരണം നഷ്ടം നമുക്ക് തന്നെയാണെന്ന് നാം തിരിച്ചറിയണം ..അങ്ങനെയോക്കെ നാം ചെയുമ്പോള്‍ നാം നഷ്ടപ്പെടുത്തുന്നത് നമ്മുടെ രാജ്യത്തിന്‍റെ അഭിമാനവും , അന്തസത്തയുമാണ് ..
ഭാരതാംബ എന്നല്ലേ നാം പറയാറ് ...അമ്മയ്ക്ക് മക്കളുടെ മതമോ നിറമോ പ്രശ്നമല്ല , അമ്മയെ സംബന്ധിച്ചു മക്കളാണ് വലിയ സ്വത്ത് .നാനാത്വത്തില്‍ ഏകത്വം എന്ന തത്ത്വം വാക്കില്‍ മാത്രം പോരാ , പ്രവൃത്തിയിലും നാം കൊണ്ടുവരണം .
ഇന്ത്യ ഹിന്ദുവിന്‍റെയല്ല , ക്രിസ്ത്യന്റെയോ , മുസ്ലിമിന്റെയോ അല്ല ... ഇന്ത്യ ഇന്ത്യന്‍റെതാണ് ...ഭാരതമണ്ണിൽ പിറന്നു വീഴുന്ന ഓരോ പൌരനും ഈ
മണ്ണില്‍ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും അത് നിഷേധിക്കാന്‍ ഇവിടെ ജീവിക്കുന്ന ഒരുവനും അധികാരമില്ലെന്നും നാം തിരിച്ചറിയണം ....
കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന ഏര്‍പ്പാട് നിര്‍ത്തലാക്കണം. അല്ലെങ്കില്‍ പിന്നെ കയറുമെടുത്തു കാണുന്നവന്റെ പിറകെ ഓടാനെ നേരം കാണു....
Super ...
ReplyDeleteEe swathandrya dinathil orupadu prasakthiyulla varilal .... clp