Wednesday, 24 February 2016

ശരീരം കൊണ്ട് ചെയ്യുന്ന തെറ്റ് മനസ്സുകൊണ്ട് ചെയ്താൽ അത് തെറ്റല്ലാതാകുമോ?

ശരീരം കൊണ്ട് ചെയ്യുന്ന തെറ്റ് മനസ്സുകൊണ്ട് ചെയ്താൽ  അത് തെറ്റല്ലാതാകുമോ?

നിർമലയ്ക്ക് എന്നും സംശയമാണ് .അതും തികച്ചും അബ്നോർമൽ ആയ സംശയങ്ങൾ. ഇത്തവണ  സംശയം പക്ഷെ അല്പം കടന്നു പോയോ എന്ന് എനിക്ക് തന്നെ ഒരു സംശയം .'ശരീരം കൊണ്ട് ചെയ്യുന്ന തെറ്റ് മനസ്സുകൊണ്ട് ചെയ്താൽ  അത് തെറ്റല്ലാതാകുമോ?' എന്നാണ് അവളുടെ സംശയം.
ചിന്തിക്കേണ്ടിയിരിക്കുന്നു .......

തെറ്റ് ...എന്താണത് ?

  • നാം ചെയുന്നതിലെ തെറ്റും ശരിയും എങ്ങനെയാണ് വേർതിരിച്ചെടുക്കുക...? നമ്മൾ ചെയുന്ന നമ്മുടെ ശരികൾ എല്ലാവരും ശരി ആയി അംഗീകരിക്കുമോ ..??
  •  നമ്മുടെ തെറ്റുകൾ എന്ന് മറ്റുള്ളവർ അടിവരയിട്ടു പറയുന്ന കാര്യങ്ങൾ തെറ്റുകൾ ആണെന്ന് നമ്മൾ അംഗീകരിക്കുമോ ....?? 
  • നമ്മുടെ പ്രവൃത്തികളിലെ ശരിയും തെറ്റും വേർതിരിച്ചെടുക്കേണ്ടത്  നമ്മളാണോ അതോ വേറെ ആരെങ്കിലുമാണോ ....??
  • നമ്മൾ  ചെയുന്ന പ്രവൃത്തി കൊണ്ട് നമുക്കോ , മറ്റാർക്കെങ്കിലുമോ ഒരു തരത്തിലുള്ള വിഷമമോ , പ്രശ്നങ്ങളോ സംഭവിക്കുന്നില്ല എങ്കിൽ അത് ശരിയായും , നേരെ മറിച്ചു സംഭവിക്കുകയാണെങ്കിൽ അത് തെറ്റായും മാറുന്നു....അതല്ലേ നടക്കുന്നത് ...?


ഇനി നിർമലയുടെ ചോദ്യത്തിലേക്ക് വരാം. ശരീരം കൊണ്ട് ചെയ്യുന്ന തെറ്റും , മനസ്സ് കൊണ്ട് ചെയ്യുന്ന തെറ്റും ....തെറ്റ് തന്നെ ഇങ്ങിനെ രണ്ടു വിധം ഉണ്ടെന്നു ഞാൻ അറിയുന്നത് അവളുടെ ചോദ്യം കേട്ടതിനു ശേഷമാണ് ... ശരീരം കൊണ്ട് തെറ്റ് ചെയ്യണമെങ്കിൽ - ഉദാഹരണമായി നമ്മൾ ഒരാളുടെ കരണത്ത് അടിക്കുന്നു എന്ന് വയ്ക്കുക - നമുക്ക് അയാളെ അടിക്കണം എന്ന് തോന്നിയത് കൊണ്ടല്ലേ നാം അങ്ങിനെ ചെയ്തത് . അപ്പോൾ മനസ്സില് തോന്നിയത് നമ്മൾ ശരീരം കൊണ്ട് ചെയ്തു എന്നല്ലേ ഉള്ളു ...ഈ തെറ്റിനെ ഏതു വിധത്തിൽ പെടുത്തും ...? അതോ ഇത് മനസ്സ് കൊണ്ടും , ശരീരം കൊണ്ടും ചെയ്ത തെറ്റ് ആയി കണക്കു കൂട്ടപ്പെടുമോ ...?

നമ്മൾ ശരീരം കൊണ്ട് ചെയുന്ന എന്ത് പ്രവൃത്തിയും , അത് തെറ്റ് ആയാലും , ശരി ആയാലും അതിനു ആദ്യം മനസ്സല്ലേ സമ്മതം തരുന്നത് ...?അങ്ങനെയെങ്കിൽ അടിസ്ഥാനപരമായി ശരീരം കൊണ്ട് ചെയുന്ന എല്ലാ തെറ്റുകളും നമ്മൾ ആദ്യം മനസ്സ് കൊണ്ടല്ലേ ചെയുന്നത് ....??? അപ്പോൾ പിന്നെ മനസ്സു കൊണ്ട് തന്നെയല്ലേ നമ്മൾ തെറ്റ് ചെയുന്നതും ...????

ഇനി സയൻസ് പറയുന്നത്  എന്തെന്നാൽ മനസ്സ് എന്നൊരു അവയവമേ മനുഷ്യന് ഇല്ല എന്നല്ലേ ....അതൊരു സാങ്കല്പ്പികത ആണ് എന്നല്ലേ ....അപ്പോൾ സാങ്കല്പ്പികമായ മനസ്സ് കൊണ്ട് നമ്മൾ എങ്ങനെ തെറ്റ് ചെയ്യും ...? ഇനി അഥവാ ചെയ്തു എന്ന് തന്നെ വയ്ക്കുക ...അപ്പോളോ ...?? സാങ്കല്പ്പികമായ മനസ്സ് കൊണ്ട് നമുക്ക് സങ്കല്പ്പങ്ങളെ അല്ലെ സൃഷ്ടിക്കാൻ കഴിയു ...സാങ്കല്പ്പിക മനസ്സിന്റെ സാങ്കല്പിക സൃഷ്ടി ആയ തെറ്റ് ശരീരം ചെയ്യുന്നതിലും ഒരു സാങ്കല്പ്പികത ഇല്ലേ ....????അപ്പോൾ എല്ലാം മാാാാാാായ എന്ന് പറഞ്ഞാലോ ....????

 എന്തായാലും നിർമലയ്ക്കു ഉത്തരം വേണമല്ലോ അല്ലെ .....എന്റെ മറുപടി ഞാൻ പറയാം

  • തെറ്റ് എന്ന് നമുക്ക് തോന്നലുണ്ടാക്കുന്നത് എന്തായാലും - അതിനി ആരെയെങ്കിലും വേദനിപ്പിച്ചാലും , ഇല്ലെങ്കിലും - അത് തെറ്റ് തന്നെയാണ് 
  • അടി , ഇടി , തല്ലു , ചവിട്ടു , കുത്ത് , കൊലപാതകം ....തുടങ്ങി നമ്മുടെ ശരീരം കൊണ്ട് നമ്മൾ മറ്റൊരാളെ വേദനിപ്പിച്ചു എങ്കിൽ അത് എല്ലാ അര്തത്തിലും തെറ്റ് തന്നെയാണ് ,,, 
  • ഒരാളെ വേദനിപ്പിക്കാതെ മനസ്സ് കൊണ്ട് നമ്മൾ  അയാളെ തെറി വിളിച്ചു അയാളോടുള്ള ദേഷ്യം തീർത്തു എന്ന് കരുതുക.അങ്ങനെയെങ്കിൽ അവിടെ രണ്ടാമതൊരാൾ വേദനിക്കപ്പെട്ടിട്ടുമില്ല , നമ്മുടെ മനസ്സിലെ വിഷമങ്ങൾ എല്ലാം മാറുകയും , അയാളോടുള്ള നമ്മുടെ ദേഷ്യം അവസാനിക്കുകയും ചെയ്തു ,,,ആ അവസരത്തിൽ നമ്മൾ തെറ്റുകാർ ആകുന്നില്ലല്ലോ .


ഇനി ശരീരം കൊണ്ടും മനസ്സ് കൊണ്ടും ചെയ്യാവുന്ന അങ്ങേയറ്റത്തെ തെറ്റായി നിർമല പറയുന്നത് എന്തെന്നാൽ - ഒരാളെ മനസ്സു കൊണ്ട് എല്ലാ അർത്ഥത്തിലും സ്നേഹിച്ചിട്ടു അതെല്ലാം മറന്നു മറ്റൊരാളോടൊപ്പം  ജീവിക്കുക എന്നതാണ് .....

  •  സാങ്കല്പ്പികമായ മനസ്സ് കൊണ്ട് നമ്മൾ സങ്കല്പ്പിക്കുന്ന മായ കഥകൾ എങ്ങനെയാണ് നമ്മുടെ ശരീരത്തെ കളങ്കപ്പെടുത്തുക ....?
  • പണ്ട് എനിക്ക് ഷാരൂഖാനെ വലിയ ഇഷ്ടമായിരുന്നു , ക്ലീൻഷേവും , ഒടുക്കത്തെ ഗ്ലാമറും കാരണം  ഷാരൂഖാനെ കല്യാണം കഴിക്കാൻ പോലും ഞാൻ ആഗ്രഹിച്ചു .അതിനു കാരണം ഞാൻ ആദ്യം കണ്ടെത്തിയ സങ്കല്പ്പ പുരുഷൻ ഷാരൂഖ് ആണെന്നത് ആയിരുന്നു ..അന്നയും റസൂലും
    കണ്ടപ്പോൾ ഷാരൂഖാനെ മാറ്റി ഫഹദിനെ പ്രേമിക്കാൻ തുടങ്ങി , താടി കണ്ടു ജോർജിനെ പ്രേമിക്കാൻ തുടങ്ങി ..ഇവരെയൊക്കെ ഞാൻ മനസ്സു കൊണ്ട് പ്രേമിച്ചിട്ടുണ്ട് , എന്ന് കരുതി നാളെ ഞാൻ മറ്റൊരാളെ വിവാഹം കഴിച്ചാൽ അത് തെറ്റാകുമോ ...????അത് വഞ്ചനയാകുമൊ....?
ആദ്യം കണ്ടുമുട്ടുന്ന , നമ്മളോട് അടുപ്പവും , കരുതലും കാണിക്കുന്ന , മറ്റാരെയുംകാൾ  നമ്മെ സ്നേഹിക്കുന്നുവെന്ന് നമുക്ക് തോന്നുന്ന ഒരാൾ , അത് ആണായാലും , പെണ്ണായാലും നമുക്ക് ആ വ്യക്തിയോട് ഇഷ്ടം തോന്നുക സ്വാഭാവികം .വേറെ ഒരു ആണ്കുട്ടിയുമായും / പെൺകുട്ടിയുമായും അടുത്തു പരിചയമില്ലാത്ത ഒരാൾ ആ തോന്നുന്ന ഇഷ്ടത്തെ പ്രേമമായി വ്യാഖ്യാനിക്കും ....ആ സങ്കൽപ്പത്തിൽ അടിയുറച്ചു വിശ്വസിക്കും .....(ഇത് കൊണ്ടാ മക്കളെ മിക്സെഡ് സ്കൂളിൽ പഠിപ്പിക്കാനും , വീട്ടുകാരും കുട്ടികളും തമ്മിൽ ഒരു നല്ല അടുപ്പം ഉണ്ടാക്കാനും പറയുന്നേ ) അത് വെറും മായ ആണെന്ന് ആര് പറഞ്ഞാലും അവർ അംഗീകരിക്കില്ല, കാരണം അവരുടെ മനസ്സില് മുഴുവൻ ഷാരൂഖാനെ കുറിച്ചുള്ള സ്വപ്നമാണ് ...ഇതിൽ ചിലര് ആൾക്കൂട്ടത്തിലെക്കിറങ്ങുമ്പോൾ ഫഹദിനെ കണ്ടെത്തും , ചിലര് ഷാരൂഖിൽ തന്നെ ഉറച്ചു നില്ക്കും , അതൊരു തരം മാനസിക രോഗമാണ് ....അതിനു വേണ്ടത് നല്ലൊരു മനശ്ശാസ്ത്രജ്ഞാനെ കാണുക എന്നത് മാത്രം ആണ് .

ലോകത്ത് ഇതൊരു ആണിനും  പെണ്ണിനും  തോന്നുന്ന  പ്രായത്തിന്റെ ഒരു ചപല  വികാരം മാത്രമാണ് ഇത്  , .എന്നാൽ അത് അംഗീകരിക്കാതെ ഇത് പ്രേമമാണ് ഇതാണ്‌ സത്യം എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കുന്നതാണ്  നമ്മൾ നമ്മോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ...

ഒന്ന് മനസ്സിലാക്ക് നിർമലെ , നിനക്ക് മാത്രമല്ല ആര്ക്കും തോന്നാവുന്ന ഒരു വികാരമാണത് ...ഒരു ഗന്ധർവൻ ഉമ്മ തന്നു എന്ന് സ്വപ്നം കണ്ട ഉടനെ കളങ്കപ്പെടുന്നതാണ്  പെണ്ണിന്റെ ചാരിത്ര്യമെങ്കിൽ  ലോകത്ത് പരിശുദ്ധയായ ഒരു പെണ്ണ് പോലും കാണില്ല .....

പിന്നെ നിർമല ഒന്നും മിണ്ടിയില്ല , പതിയെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ നടന്നകന്നു ....!


Friday, 12 February 2016

പ്രിയപ്പെട്ട ദിനകർ .....,,

പ്രിയപ്പെട്ട ദിനകർ .....,,


ഇതൊരു കാത്തിരിപ്പാണ് ....നിനക്ക് വേണ്ടിയുള്ള അവസാനിക്കാത്ത കാത്തിരുപ്പ് .അർത്ഥമില്ലെന്ന് അറിയാമെങ്കിലും ഇന്നും തുടരുന്ന ഈ കാത്തിരിപ്പിന് പക്ഷെ ഒരു സുഖമുണ്ട് കേട്ടോ ....

ചില സ്വപ്നങ്ങളെ യാഥാർത്യങ്ങളായി  നമ്മൾ സ്വയം വിശ്വസിപ്പിക്കാറില്ലേ , അത് പോലെ ...നീയും ഒരു സ്വപ്നമാണ് ദിനകർ ..ഒരിക്കലും നടക്കാത്ത ഏറെ മനോഹരമായ ഒരു സ്വപ്നം ..അടുത്തൊരു വാലന്‍ന്റൈന്‍  ദിനം കൂടി നമുക്കായി വന്നെത്തി അല്ലേ.....പക്ഷെ .....

എനിക്ക് നിന്നോട് പ്രണയമാണോ എന്ന് ഞാൻ എന്നോട് തന്നെ പലവട്ടം ചോദിച്ചു കഴിഞ്ഞതാണ് ...മറുപടി "ഇല്ല " എന്ന് തന്നെയാണ് എന്ന് ഞാൻ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു  ..പക്ഷെ എനിക്ക് നിന്നെ ഇഷ്ടമാണ് ,,,,

മറ്റാരെയും കുറിച്ചു ചിന്തിക്കുന്നതിനേക്കാൾ കൂടുതലായി ഞാൻ നിന്നെ കുറിച്ചു ചിന്തിക്കുന്നു ....നിന്റെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ പോലും നിന്നെക്കാൾ കൂടുതൽ ശ്രദ്ധാലുവാകുന്നു...നിന്റെ പുഞ്ചിരികൾ എനിക്ക് നല്കുന്ന സന്തോഷത്തിനു അതിരുകളില്ല ...നിന്റെ വാക്കുകൾ എനിക്ക് പകരുന്ന അനുഭൂതികൾ ഈ ലോകത്ത് മറ്റാരിൽ നിന്നും , മറ്റൊന്നിൽ നിന്നും എനിക്കിതേവരെ കിട്ടിയിട്ടില്ല ...എനിക്കായി നീ ഒന്നും തന്നിട്ടില്ല ....ഒരിക്കൽ പോലും സ്നേഹത്തോടെ നീ എന്നോട് സംസാരിച്ചിട്ടില്ല ....പക്ഷെ നിന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ ഞാൻ കാണുന്നത് എന്നെ തന്നെയാണ് ദിനകർ ....

നമ്മൾ എന്നാണ് ആദ്യമായി കണ്ടുമുട്ടിയത്‌ എന്ന് നിനക്കറിയോ.... ...? ഓർത്ത്‌ വയ്ക്കാൻ മാത്രം പ്രത്യേകതയുള്ള ഒരു ദിവസം അല്ല നിനക്ക് അത് ....പക്ഷെ എനിക്ക് അങ്ങനെയല്ലാത്തത് കൊണ്ട് ഇന്നും ഞാൻ ആ ദിവസം ഓർക്കാറുണ്ട്....ഒരു വേദനയോടെ ....!

"പറയാനാണെങ്കിൽ എല്ലാവർക്കും ഒരുപാട് പറയാനുണ്ട് ..പക്ഷെ ആരും ആരോടും ഒന്നും പറയുന്നില്ല ...." അന്ന് നീ ആ പറഞ്ഞത് എന്ത് ഉദ്ദേശിച്ചാണെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല ....പറയാനുള്ളത് എന്തായാലും , അത് പറയേണ്ട ആളിനോട്‌ പറയുന്നത് അല്ലേ ദിനു...നല്ലത്  ?

ഞാൻ പറഞ്ഞിരുന്നില്ലേ .....നിന്നോട് ,എനിക്ക് നിന്നെ ഇഷ്ടമാണെന്ന് , ...ഒളിഞ്ഞും തെളിഞ്ഞും , നിന്റെ കണ്ണുകളിൽ നോക്കിയുമൊക്കെ എത്രയോ  വട്ടം ....ആ ഇഷ്ടം നീ ഈ നിമിഷം വരെ തിരസ്കരിച്ചിട്ടില്ല , സ്വീകരിച്ചു എന്ന് സമ്മതിച്ചിട്ടും ഇല്ല ....എന്നാൽ ഞാൻ അറിയുന്നുണ്ട് , ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ നിന്നെ അറിയുന്ന പോലെ നീ എന്നെയും അറിയുന്നു എന്ന സത്യം .....നിന്റെ നിശ്വാസങ്ങൾ പോലും കാതങ്ങൾക്കകലെ നിന്നും എന്നെ തേടിയെത്താറുണ്ട് ....ഇനിയിതൊക്കെ എന്തിനു പറയുന്നു അല്ലേ ....??? എല്ലാം കഴിഞ്ഞു പോയില്ലേ ....

പിടിച്ചു വയ്ക്കുന്നതിലല്ലല്ലോ , വിട്ടു കൊടുക്കുന്നതിൽ അല്ലേ സ്നേഹത്തിന്റെ മഹത്വം ...അല്ലെങ്കിൽ തന്നെ നമ്മൾ ഒന്നിച്ചിട്ട് എന്താകാനാ....?? ഈ സ്നേഹം നിർമലമായി നിലനില്ക്കാൻ  നമ്മൾ ഒരുമിക്കാതിരിക്കുന്നതാണ് നല്ലത് ...കാരണം പിരിഞ്ഞു പോയ സ്നേഹങ്ങളെ എന്നും ഓർമിക്കപ്പെട്ടിട്ടുള്ളു

നാളെ അടുത്ത വാലൻന്റൈൻ ദിനം ആണ് ....നിന്റെ പ്രണയം പൂവിടുന്ന  ദിവസം ....നാളെ നീ മറ്റൊരുവളുടെ കഴുത്തിൽ താലി ചാർത്തുന്ന നിമിഷം ഞാൻ നിന്നെ മറന്നിരിക്കും .....ഇത് നിന്നോടുള്ള എന്റെ വാക്കാണ്‌ ദിനകർ ,.....പക്ഷെ ആ വാക്ക് പാലിക്കണമെങ്കിൽ ഞാൻ എന്നെന്നേക്കുമായി നിന്നെ പിരിഞ്ഞിരിക്കണം ....പിരിയും ....

അവസാനമായി അവശേഷിക്കുന്ന ഒരു ആഗ്രഹമേ എനിക്കുള്ളൂ .....നീ പറയാതെ പോയതും , ഞാൻ പറയാൻ ശ്രമിച്ചതുമായ ആ സത്യം നീ എന്റെ മേൽ തൂകുന്ന ഒരു പിടി മണ്ണിൽ ചേർത്തു നല്കണം ....

ഈ ജന്മത്തിലെ നടക്കാതെ പോയ മോഹങ്ങളുടെ ചിറകിലേറി ഞാൻ തിരിച്ചെത്തും .....അന്ന് നീ എനിക്കായി മാത്രം ഈ ഭൂമിയിൽ പിറക്കണം ......ഒരു ആയുസ്സിന്റെ മുഴുവൻ സ്നേഹവും പരസ്പരം പങ്കു വച്ചു സന്തോഷത്തോടെ ജീവിക്കാൻ ........!!!!!

എന്നും നിന്റെ മാത്രം 
ഞാൻ 

Tuesday, 2 February 2016

സോളാറും ഹരിതയും , പിന്നെ തൊമ്മനും .....

സോളാറും ഹരിതയും , പിന്നെ തൊമ്മനും .....
( വൈശാലി റീലോടെഡ് ......സോളാർ സ്വപ്നങ്ങളെ ഇതിലേ....ഇതിലേ....)

( ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലുമൊക്കെ സാമ്യം ആർക്കെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ തോന്നുവാണേൽ മനസ്സാ-വാചാ-കർമണാ-ലക്ഷ്മണാ  എനിക്ക് യാതൊരു വിധ ഉത്തരവാദിത്ത്വവും ഇല്ലെന്നു ഇതിനാൽ ബോധിപ്പിച്ചു കൊള്ളുന്നു )


ആകാശവും ഭൂമിയും ആകെപ്പാടെ ഒരു ശീതാവസ്ഥയിൽ പൊയ്ക്കൊണ്ടിരിക്കുന്ന കാലം ..... ഒരു തണുപ്പൻ അന്തരീക്ഷം . സൂര്യൻ ചേട്ടനെ കാർമേഘങ്ങൾ തടവിലാക്കിയിരിക്കുന്നു .....ഊർജം നഷ്ടപ്പെട്ട പ്രഭാതങ്ങൾ , വെളിച്ചവും , ചൂടും നഷ്ടപ്പെട്ട ദിനരാത്രങ്ങൾ ....

കാലാവസ്ഥയെക്കുറിച്ച് സങ്കടങ്ങളും , പരാതികളുമായി ജനങ്ങൾ നിയമസഭാ രാജധാനിയിൽ തടിച്ചു കൂടുന്നു  ...രാജ്ഞിയും പരിവാരങ്ങളും തണുത്തു വിറച്ചു ബ്ലാങ്കെട്ടിനുള്ളിൽ ചുരുങ്ങിക്കൂടി ..മന്ത്രിസഭയിൽ ആരും എത്തുന്നില്ല ....വീട് തുറന്നു പുറത്തിറങ്ങാൻ കഴിയാത്ത അത്രയും കൊടും തണുപ്പ് ....
ഇതിനു എന്താണൊരു പരിഹാരം ....???എങ്ങനെയാണ് കാർമേഘങ്ങളുടെ തടവറയിൽ നിന്നും   സൂര്യനെ ഒന്ന് രക്ഷപ്പെടുത്തുക ...? തൊമ്മൻ  രാജാവ് ആകെപ്പാടെ അസ്വസ്ഥനായി ..ആ പ്രശ്നത്തിന് പരിഹാരവുമായി ദേവദൂതനെ പോലെ ഒരാള് വന്നു , രാജന്റെ സ്വന്തം മന്ത്രി ഇരവിക്കുട്ടൻ ....

" ഇരവി .....താങ്കള് ഇത് കാണുന്നില്ലേ ...രാജ്യത്ത് ആകെപ്പാടെ തണുപ്പ് മാത്രം ...ഒന്ന് വെയിൽ ഉണ്ടാകാൻ , അല്പം ചൂട് കിട്ടാൻ എന്താണ് മന്ത്രി ഒരു വഴി ..." 

" പ്രഭോ....അസ്വസ്ഥത കളഞ്ഞാലും , അങ്ങയെയും നമ്മുടെ രാജ്യത്തെയും അലട്ടുന്ന ഈ മഹാ പ്രശ്നത്തിന് ഒരു പരിഹാരവുമായാണ് ഈ ഇരവിക്കുട്ടൻ വന്നേക്കുന്നത് ..."

"എന്താണ് മന്ത്രി പരിഹാരം ....??? വേഗം പറഞ്ഞാലും ...."

അതാ വിദൂഷകന്റെ റോയൽ എൻട്രി .. വിദൂഷകൻ മന്ത്രിയുടെ  മൗനാനുവാദത്തോടെ   തന്റെ ഉടുക്കും കൊട്ടി പാടി ത്തുടങ്ങി ....

" മാമല നാട്ടിൽ സൂര്യനില്ല ...
രാജ മനസ്സിൽ ദുഃഖം ...
വേഷഭൂഷകളെല്ലാം മങ്ങി മുഖവും വാടിയിരിപ്പു......
അപ്പോൾ ഇരവിയതോതി ....
ഉണ്ടൊരുവൾ , അതി കേമത്തി 
സൂര്യൻ ചേട്ടൻ എവിടെ , എന്നവൾക്കെ പറയാനാകു .... "

" ആരാണവൾ ....??? അവളെ ഉടനെ തന്നെ രാജധാനിയിലേക്ക് സ്വർണ പ്പരവതാനി വിരിച്ചു ആനയിച്ചാലും... അവൾക്കു കഴിക്കാൻ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ഒരുങ്ങട്ടെ ......"

തൊമ്മൻ രാജാവിന്റെ ഉത്തരവ് കേൾക്കേണ്ട താമസം പരിവാരങ്ങളും ഭടന്മാരും ആ കേമത്തിയെ ആനയിക്കനായി കൊട്ടാര വാതില്ക്കലെക്കെത്തി .

സ്വർണവർണവും , , നീണ്ട മിഴികളും , സ്ട്രെയ്ട്ടെൻ ചെയ്ത വെള്ളി മുടിയും മനോഹരമായ മത്തങ്ങാ കവിളും , ആനയെ വലിച്ചു കേറ്റാൻ പാകത്തിലുള്ള ഗുണ്ട് നാസികയുമുള്ള ആ സുന്ദരി പതിയെ രാജധാനിയിലേക്ക് പരിവാരങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളി .....അവളെ കാണേണ്ട താമസം , തൊമ്മൻ രാജാവ് സ്വയം മതിമറന്നു സിംഹാസനത്തിൽ നിന്നും എഴുനേറ്റു പോയി ....

" സുന്ദരീ ,,,,ആരാണ് നീ....??? സൂര്യൻ ചേട്ടനെ  കാർമേഘങ്ങളുടെ തടവറയിൽ നിന്നും നീ രക്ഷപ്പെടുത്തി തിരികെ കൊണ്ട് വരുമോ ....?? "


" മഹാരാജൻ....ഈയുള്ളവളുടെ നാമം ഹരിത ..സൂര്യൻ ചേട്ടനെ കൃത്യം 24 മണിക്കൂറിനുള്ളിൽ ഞാൻ ഇവിടെ എത്തിക്കും ...ഇത് ഹരിതയുടെ വാക്ക് ...അങ്ങേക്ക് ഈയുള്ളവളിൽ വിശ്വാസമില്ലേ പ്രഭോ ...?? "

"തീർച്ചയായും സുന്ദരി ....നിന്നെ നാം കണ്ണുമടച്ചു വിശ്വസിക്കുന്നു ...സൂര്യൻ ചേട്ടനെ കൊണ്ട് വന്നാൽ ഈ രാജ്യത്തിന്റെ നേർപകുതി നാം നിനക്ക് നല്കുന്നതാണ് , ഒപ്പം നമ്മുടെ അരുമ മകൻ കുഞ്ഞു തൊമ്മൻ നിന്നെ അവന്റെ രാജകുമാരിയാക്കുന്നതുമാണ്  ....ഇത് തൊമ്മൻ രാജാവിന്റെ വാക്ക് ..."
ഹരിതയുടെ കണ്ണുകളിൽ ആയിരം സോളാർ ഒന്നിച്ചു കത്തിച്ച വെളിച്ചം ....

" പക്ഷെ സുന്ദരീ ഹരിതേ ....എങ്ങനെ നീയിതു സാധ്യമാക്കും ....?? "

ക്ഷിപ്രം രാജൻ ആരാഞ്ഞപ്പോൾ  ഹരിത ഇങ്ങനെ മൊഴിഞ്ഞു 

" പ്രഭോ.... ത്രിലോകങ്ങളിലേക്ക് വച്ചു ഏതു പുരുഷനെയും  അടക്കി നിർത്താൻ കഴിവുള്ളവളാണ് ഈ ഹരിത ...ഈ പ്രശ്നം എത്രയോ നിസ്സാരം ......അങ്ങ് ക്ഷമയോടെ കാത്തിരിക്കു ......സൂര്യൻ ചേട്ടൻ ഇവിടെ എത്തിയിരിക്കും . "

രാജാവ് നല്കിയ നാല് സ്വർണനാണയ കിഴികളുമായി  ഹരിത തന്റെ  ഉധ്യമത്തിനായി പുറപ്പെട്ടു ,,,,രാജാവും പ്രജകളും ക്ഷമയോടെ ഹരിതയുടെ തിരിച്ചു വരവിനായി കാത്തിരുന്നു ....


**  **   **  **
സരിത അങ്ങനെ സോളാർ ഭൂമിയിലെത്തി ...കാർമേഘ കിങ്കരന്മാരുടെ മുന്നിൽ സരിത തന്റെ വജ്രായുധം എടുത്തു പ്രയോഗിച്ചു .....

" ഇന്ദ്ര നീലിമയോലും ആ മിഴിപ്പൊയ്കകളിൽ 
കാർമേഘ കിങ്കരർ മയങ്ങിപ്പോയി ..."

കാർമേഘ കിങ്കരർ ഹരിതയുടെ അഭൗമ  സൗന്ദര്യത്തിനു മുൻപിൽ അടിയറവു പറഞ്ഞു അവളുടെ അനുചരന്മാരായി  . സൂര്യനെ വിട്ടു കൊടുത്തു . അവൾക്കു പൂർണ പിന്തുണയും നല്കി അവളോടും , സൂര്യനോടുമോപ്പം അവരും തൊമ്മന്റെ രാജ്യത്തെക്കെത്തി ....


**  **   **  **

ഹരിതയോടൊപ്പം സൂര്യനെ കണ്ട ആവേശത്തിൽ തൊമ്മൻ രാജാവ് അടുത്തു നില്ക്കുന്ന സ്വന്തം പത്നിയേയും പ്രജകളെയും , ചുറ്റുമുള്ള എല്ലാത്തിനെയും മറന്നു ആനന്ദലബ്ധിയിൽ ആറാടികൊണ്ട് പരസ്യമായി ഹരിതയെ കെട്ടിപ്പിടിച്ചു   പത്തു നൂറു ചുടു ചുംബനങ്ങൾ നല്കി ....

ക്ലിക്ക് ,,,,ക്ലിക്ക് ..... ക്യാമറ ഫ്ലാഷുകൾ മിന്നി മറഞ്ഞു ...നാടെങ്ങും പോസ്റ്റർ പതിഞ്ഞു .....ഹരിതയുടെ പിന്നാലെ ചാനലുകൾ പരക്കം പാഞ്ഞു ....പ്രജകളിൽ പകുതിയും രാജനെ കുറ്റക്കാരനാക്കി ... ഹരിത വഞ്ചനയ്ക്കും , പീഡനത്തിനും , ധനനഷ്ടത്തിനും തൊമ്മൻ രാജാവിനെതിരെ കേസ് കൊടുത്തു ....സമ്മർദം സഹിക്ക വയ്യാതെ  തൊമ്മൻ രാജന് രാജ പദം ഒഴിയേണ്ടി വന്നു 

.പറഞ്ഞുറപ്പിച്ചതും  കടന്നു കാർമേഘ കിങ്കരരുടെ സഹായത്തോടെ  ഹരിത രാജ്യം മുഴുവനും കയടക്കി , തൊമ്മൻ രാജനെ തടവിലാക്കി ...സൂര്യൻ ചേട്ടനെയും , കുഞ്ഞു തൊമ്മനെയും ഒറ്റയടിക്ക് കല്യാണം കഴിച്ചു ഹരിത ഒറ്റ വെടിക്ക് മൂന്നാലഞ്ച് പക്ഷികളെ കുരുക്കിലാക്കി .....നാടിലേക്ക് വെളിച്ചം കൊണ്ട് വരാൻ ശ്രമിച്ച തൊമ്മൻ രാജന്റെ പ്രയത്നങ്ങൾ പാഴായില്ല എങ്കിലും പിന്നീടുള്ള കാലം തൊമ്മൻ രാജന് തടവറയുടെ ഇരുട്ടിൽ തൻറെ പിൻബുദ്ധിയെയും കുറ്റം പറഞ്ഞു എങ്ങനെയൊക്കെയോ കഴിച്ചു കൂട്ടി ......


**  **   **  **
( ശുഭം )

വാൽകഷണം : ഓടുന്ന ബസ്സിന്റെ പുറകെ പോയാലും ചിരിക്കുന്ന ഹരിതയുടെ പിറകെ പോകരുത് .പെണ്ണാണ് മോനെ , സൂക്ഷിക്കണം ...