Tuesday, 2 February 2016

സോളാറും ഹരിതയും , പിന്നെ തൊമ്മനും .....

സോളാറും ഹരിതയും , പിന്നെ തൊമ്മനും .....
( വൈശാലി റീലോടെഡ് ......സോളാർ സ്വപ്നങ്ങളെ ഇതിലേ....ഇതിലേ....)

( ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലുമൊക്കെ സാമ്യം ആർക്കെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ തോന്നുവാണേൽ മനസ്സാ-വാചാ-കർമണാ-ലക്ഷ്മണാ  എനിക്ക് യാതൊരു വിധ ഉത്തരവാദിത്ത്വവും ഇല്ലെന്നു ഇതിനാൽ ബോധിപ്പിച്ചു കൊള്ളുന്നു )


ആകാശവും ഭൂമിയും ആകെപ്പാടെ ഒരു ശീതാവസ്ഥയിൽ പൊയ്ക്കൊണ്ടിരിക്കുന്ന കാലം ..... ഒരു തണുപ്പൻ അന്തരീക്ഷം . സൂര്യൻ ചേട്ടനെ കാർമേഘങ്ങൾ തടവിലാക്കിയിരിക്കുന്നു .....ഊർജം നഷ്ടപ്പെട്ട പ്രഭാതങ്ങൾ , വെളിച്ചവും , ചൂടും നഷ്ടപ്പെട്ട ദിനരാത്രങ്ങൾ ....

കാലാവസ്ഥയെക്കുറിച്ച് സങ്കടങ്ങളും , പരാതികളുമായി ജനങ്ങൾ നിയമസഭാ രാജധാനിയിൽ തടിച്ചു കൂടുന്നു  ...രാജ്ഞിയും പരിവാരങ്ങളും തണുത്തു വിറച്ചു ബ്ലാങ്കെട്ടിനുള്ളിൽ ചുരുങ്ങിക്കൂടി ..മന്ത്രിസഭയിൽ ആരും എത്തുന്നില്ല ....വീട് തുറന്നു പുറത്തിറങ്ങാൻ കഴിയാത്ത അത്രയും കൊടും തണുപ്പ് ....
ഇതിനു എന്താണൊരു പരിഹാരം ....???എങ്ങനെയാണ് കാർമേഘങ്ങളുടെ തടവറയിൽ നിന്നും   സൂര്യനെ ഒന്ന് രക്ഷപ്പെടുത്തുക ...? തൊമ്മൻ  രാജാവ് ആകെപ്പാടെ അസ്വസ്ഥനായി ..ആ പ്രശ്നത്തിന് പരിഹാരവുമായി ദേവദൂതനെ പോലെ ഒരാള് വന്നു , രാജന്റെ സ്വന്തം മന്ത്രി ഇരവിക്കുട്ടൻ ....

" ഇരവി .....താങ്കള് ഇത് കാണുന്നില്ലേ ...രാജ്യത്ത് ആകെപ്പാടെ തണുപ്പ് മാത്രം ...ഒന്ന് വെയിൽ ഉണ്ടാകാൻ , അല്പം ചൂട് കിട്ടാൻ എന്താണ് മന്ത്രി ഒരു വഴി ..." 

" പ്രഭോ....അസ്വസ്ഥത കളഞ്ഞാലും , അങ്ങയെയും നമ്മുടെ രാജ്യത്തെയും അലട്ടുന്ന ഈ മഹാ പ്രശ്നത്തിന് ഒരു പരിഹാരവുമായാണ് ഈ ഇരവിക്കുട്ടൻ വന്നേക്കുന്നത് ..."

"എന്താണ് മന്ത്രി പരിഹാരം ....??? വേഗം പറഞ്ഞാലും ...."

അതാ വിദൂഷകന്റെ റോയൽ എൻട്രി .. വിദൂഷകൻ മന്ത്രിയുടെ  മൗനാനുവാദത്തോടെ   തന്റെ ഉടുക്കും കൊട്ടി പാടി ത്തുടങ്ങി ....

" മാമല നാട്ടിൽ സൂര്യനില്ല ...
രാജ മനസ്സിൽ ദുഃഖം ...
വേഷഭൂഷകളെല്ലാം മങ്ങി മുഖവും വാടിയിരിപ്പു......
അപ്പോൾ ഇരവിയതോതി ....
ഉണ്ടൊരുവൾ , അതി കേമത്തി 
സൂര്യൻ ചേട്ടൻ എവിടെ , എന്നവൾക്കെ പറയാനാകു .... "

" ആരാണവൾ ....??? അവളെ ഉടനെ തന്നെ രാജധാനിയിലേക്ക് സ്വർണ പ്പരവതാനി വിരിച്ചു ആനയിച്ചാലും... അവൾക്കു കഴിക്കാൻ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ഒരുങ്ങട്ടെ ......"

തൊമ്മൻ രാജാവിന്റെ ഉത്തരവ് കേൾക്കേണ്ട താമസം പരിവാരങ്ങളും ഭടന്മാരും ആ കേമത്തിയെ ആനയിക്കനായി കൊട്ടാര വാതില്ക്കലെക്കെത്തി .

സ്വർണവർണവും , , നീണ്ട മിഴികളും , സ്ട്രെയ്ട്ടെൻ ചെയ്ത വെള്ളി മുടിയും മനോഹരമായ മത്തങ്ങാ കവിളും , ആനയെ വലിച്ചു കേറ്റാൻ പാകത്തിലുള്ള ഗുണ്ട് നാസികയുമുള്ള ആ സുന്ദരി പതിയെ രാജധാനിയിലേക്ക് പരിവാരങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളി .....അവളെ കാണേണ്ട താമസം , തൊമ്മൻ രാജാവ് സ്വയം മതിമറന്നു സിംഹാസനത്തിൽ നിന്നും എഴുനേറ്റു പോയി ....

" സുന്ദരീ ,,,,ആരാണ് നീ....??? സൂര്യൻ ചേട്ടനെ  കാർമേഘങ്ങളുടെ തടവറയിൽ നിന്നും നീ രക്ഷപ്പെടുത്തി തിരികെ കൊണ്ട് വരുമോ ....?? "


" മഹാരാജൻ....ഈയുള്ളവളുടെ നാമം ഹരിത ..സൂര്യൻ ചേട്ടനെ കൃത്യം 24 മണിക്കൂറിനുള്ളിൽ ഞാൻ ഇവിടെ എത്തിക്കും ...ഇത് ഹരിതയുടെ വാക്ക് ...അങ്ങേക്ക് ഈയുള്ളവളിൽ വിശ്വാസമില്ലേ പ്രഭോ ...?? "

"തീർച്ചയായും സുന്ദരി ....നിന്നെ നാം കണ്ണുമടച്ചു വിശ്വസിക്കുന്നു ...സൂര്യൻ ചേട്ടനെ കൊണ്ട് വന്നാൽ ഈ രാജ്യത്തിന്റെ നേർപകുതി നാം നിനക്ക് നല്കുന്നതാണ് , ഒപ്പം നമ്മുടെ അരുമ മകൻ കുഞ്ഞു തൊമ്മൻ നിന്നെ അവന്റെ രാജകുമാരിയാക്കുന്നതുമാണ്  ....ഇത് തൊമ്മൻ രാജാവിന്റെ വാക്ക് ..."
ഹരിതയുടെ കണ്ണുകളിൽ ആയിരം സോളാർ ഒന്നിച്ചു കത്തിച്ച വെളിച്ചം ....

" പക്ഷെ സുന്ദരീ ഹരിതേ ....എങ്ങനെ നീയിതു സാധ്യമാക്കും ....?? "

ക്ഷിപ്രം രാജൻ ആരാഞ്ഞപ്പോൾ  ഹരിത ഇങ്ങനെ മൊഴിഞ്ഞു 

" പ്രഭോ.... ത്രിലോകങ്ങളിലേക്ക് വച്ചു ഏതു പുരുഷനെയും  അടക്കി നിർത്താൻ കഴിവുള്ളവളാണ് ഈ ഹരിത ...ഈ പ്രശ്നം എത്രയോ നിസ്സാരം ......അങ്ങ് ക്ഷമയോടെ കാത്തിരിക്കു ......സൂര്യൻ ചേട്ടൻ ഇവിടെ എത്തിയിരിക്കും . "

രാജാവ് നല്കിയ നാല് സ്വർണനാണയ കിഴികളുമായി  ഹരിത തന്റെ  ഉധ്യമത്തിനായി പുറപ്പെട്ടു ,,,,രാജാവും പ്രജകളും ക്ഷമയോടെ ഹരിതയുടെ തിരിച്ചു വരവിനായി കാത്തിരുന്നു ....


**  **   **  **
സരിത അങ്ങനെ സോളാർ ഭൂമിയിലെത്തി ...കാർമേഘ കിങ്കരന്മാരുടെ മുന്നിൽ സരിത തന്റെ വജ്രായുധം എടുത്തു പ്രയോഗിച്ചു .....

" ഇന്ദ്ര നീലിമയോലും ആ മിഴിപ്പൊയ്കകളിൽ 
കാർമേഘ കിങ്കരർ മയങ്ങിപ്പോയി ..."

കാർമേഘ കിങ്കരർ ഹരിതയുടെ അഭൗമ  സൗന്ദര്യത്തിനു മുൻപിൽ അടിയറവു പറഞ്ഞു അവളുടെ അനുചരന്മാരായി  . സൂര്യനെ വിട്ടു കൊടുത്തു . അവൾക്കു പൂർണ പിന്തുണയും നല്കി അവളോടും , സൂര്യനോടുമോപ്പം അവരും തൊമ്മന്റെ രാജ്യത്തെക്കെത്തി ....


**  **   **  **

ഹരിതയോടൊപ്പം സൂര്യനെ കണ്ട ആവേശത്തിൽ തൊമ്മൻ രാജാവ് അടുത്തു നില്ക്കുന്ന സ്വന്തം പത്നിയേയും പ്രജകളെയും , ചുറ്റുമുള്ള എല്ലാത്തിനെയും മറന്നു ആനന്ദലബ്ധിയിൽ ആറാടികൊണ്ട് പരസ്യമായി ഹരിതയെ കെട്ടിപ്പിടിച്ചു   പത്തു നൂറു ചുടു ചുംബനങ്ങൾ നല്കി ....

ക്ലിക്ക് ,,,,ക്ലിക്ക് ..... ക്യാമറ ഫ്ലാഷുകൾ മിന്നി മറഞ്ഞു ...നാടെങ്ങും പോസ്റ്റർ പതിഞ്ഞു .....ഹരിതയുടെ പിന്നാലെ ചാനലുകൾ പരക്കം പാഞ്ഞു ....പ്രജകളിൽ പകുതിയും രാജനെ കുറ്റക്കാരനാക്കി ... ഹരിത വഞ്ചനയ്ക്കും , പീഡനത്തിനും , ധനനഷ്ടത്തിനും തൊമ്മൻ രാജാവിനെതിരെ കേസ് കൊടുത്തു ....സമ്മർദം സഹിക്ക വയ്യാതെ  തൊമ്മൻ രാജന് രാജ പദം ഒഴിയേണ്ടി വന്നു 

.പറഞ്ഞുറപ്പിച്ചതും  കടന്നു കാർമേഘ കിങ്കരരുടെ സഹായത്തോടെ  ഹരിത രാജ്യം മുഴുവനും കയടക്കി , തൊമ്മൻ രാജനെ തടവിലാക്കി ...സൂര്യൻ ചേട്ടനെയും , കുഞ്ഞു തൊമ്മനെയും ഒറ്റയടിക്ക് കല്യാണം കഴിച്ചു ഹരിത ഒറ്റ വെടിക്ക് മൂന്നാലഞ്ച് പക്ഷികളെ കുരുക്കിലാക്കി .....നാടിലേക്ക് വെളിച്ചം കൊണ്ട് വരാൻ ശ്രമിച്ച തൊമ്മൻ രാജന്റെ പ്രയത്നങ്ങൾ പാഴായില്ല എങ്കിലും പിന്നീടുള്ള കാലം തൊമ്മൻ രാജന് തടവറയുടെ ഇരുട്ടിൽ തൻറെ പിൻബുദ്ധിയെയും കുറ്റം പറഞ്ഞു എങ്ങനെയൊക്കെയോ കഴിച്ചു കൂട്ടി ......


**  **   **  **
( ശുഭം )

വാൽകഷണം : ഓടുന്ന ബസ്സിന്റെ പുറകെ പോയാലും ചിരിക്കുന്ന ഹരിതയുടെ പിറകെ പോകരുത് .പെണ്ണാണ് മോനെ , സൂക്ഷിക്കണം ...

No comments:

Post a Comment

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......