Wednesday, 27 April 2016

ദി ജംഗിൾ ബുക്ക് # The Jungle Book



മൗഗ്ലി , ടാർസൻ , സ്പൈഡർ മാൻ , സൂപ്പർ മാൻ , ശക്തിമാൻ ‍- പരിചയപ്പെട്ട നാള്‍ മുതല്‍ക്കേ ഇവരോടൊക്കെ വല്ലാത്തൊരു ആരാധനയായിരുന്നു ..... ഇവരൊക്കെ അമാനുഷികർ അല്ലെ ....നമുക്ക് ചെയ്യണം
എന്ന് ആഗ്രഹമുള്ള എന്നാൽ ചെയ്യാൻ കഴിയാതെ പോയ കാര്യങ്ങൾ മറ്റൊരാൾ ചെയുമ്പോൾ നമുക്ക് അയാളോട് തോന്നുന്ന
ഒരു ആരാധന ഇല്ലേ ....അതാണ്‌ ഈ കഥാപാത്രങ്ങളോടൊക്കെ ...ഇവരിൽ അന്നും ഇന്നും ഏറ്റവും ഇഷ്ടം മൗഗ്ലിയെയാണ് ..
അത് കഴിഞ്ഞാൽ  ടാർസനെയും .....

ജംഗിൾബുക്ക്‌ എന്ന വലിയ ബുക്കിലെ കുഞ്ഞന്മാരാണ് മൗഗ്ലിയും , ബഗീരയും , ബാലുവും , അകേലയും ,പിന്നെ ഭീകരനായ ഷേർഖാനും ...വായിച്ചു ആസ്വദിച്ച ചിത്രകഥയുടെ മനോഹാരിത ത്രീ-ഡിയില്‍ തൊട്ടറിയാനുള്ള
ആഗ്രഹം എന്നിലും പൂവണിഞ്ഞു ..


നിബിഡവനാന്തരങ്ങളിലൂടെ ഓടിച്ചാടി നടക്കുന്ന മൗഗ്ലിയും , അവന്റെ കൂട്ടുകാരും നമ്മിലുണർത്തുന്ന അതിശയം
ചെറുതൊന്നുമല്ല ....പഴയ കഥയെ ഒന്ന് കൂടി മെച്ചപ്പെടുത്തി സമകാലിന പ്രസക്തി കൂടി നല്‍കിയിട്ടുണ്ട് ഇവിടെ ...കടും പച്ച നിറത്തിൽ ഇരുട്ടും വെളിച്ചവും കൂടിക്കുഴഞ്ഞു കിടക്കുന്ന വനത്തിലൂടെ ഒരു ചെന്നായയാകാൻ
വേണ്ടി പരിശ്രമിക്കുന്ന മൗഗ്ലിയെന്ന ബാലൻ ...ചെന്നായ കൂട്ടങ്ങളോടൊപ്പം ശരവേഗത്തിൽ ഓടുന്ന മൗഗ്ലിയിൽ നിന്നാണ്  ഇവിടെ കഥ തുടങ്ങുന്നത് ...ആരെയോ പേടിച്ചു ഓടുന്ന മൗഗ്ലി എന്ന തോന്നൽ നമ്മിൽ ശക്തമാവാൻ തുടങ്ങുമ്പോഴേക്കും  അവന്‍റെ മേൽ  ചാടി വീണു  ഇനിയും നീ പഠിക്കേണ്ടതുണ്ടെന്നു അവനെ ഉപദേശിക്കുന്ന  ബഗീര ....

മൗഗ്ലി ഓടിയും , ചാടിയും തൂങ്ങിയാടിയും നടക്കുന്ന കാടിന് വല്ലാത്തൊരു മനോഹാരിതയാണ് , വെള്ളച്ചാട്ടവും , കുളിരരുവിയും , മേഘക്കൂട്ടങ്ങളും വള്ളിപ്പടർപ്പുകളും , പാറക്കെട്ടുകളും ചേർന്ന് പകരുന്ന ദ്രിശ്യഭംഗി
വാക്കുകൾക്കതീതമാണ് .

WATER TRUCE......ജല ഉടമ്പടി , വലുതെന്നോ , ചെറുതെന്നോ , ഇരയെന്നോ , ഇരപിടിയനെന്നോ വിത്യാസമില്ലാതെ കൊടിയ വേനൽക്കാലം നേരിടാൻ വേണ്ടിയുള്ള കാടിന്‍റെ ഉടമ്പടി ..ഒരു കുടം വെള്ളത്തിനു വേണ്ടി മനുഷ്യൻ പരസ്പരം തല്ലുകൂടുമ്പോൾ ഈ മൃഗങ്ങൾ നമുക്ക് മാതൃകയാകുകയാണ് ....ഇവിടെയാണ്‌ ഷേർഖാന്‍റെ റോയൽ എന്‍ട്രി ...
മനുഷ്യന്‍റെ ചുവന്ന പൂവിന്റെ ആക്രമണം കൊണ്ടുണ്ടാകുന്ന വേദന അനുഭവിച്ചറിഞ്ഞ ഷേർഖാന് മൗഗ്ലിയെ കൊല്ലാനുള്ള  പകയുണ്ട് .മൗഗ്ലിയുടെ പിതാവിനാൽ ആക്രമിക്കപ്പെട്ട ഷേർഖാന്‍റെ ജീവിത ലക്‌ഷ്യം തന്നെ മൗഗ്ലിയെ കൊലപ്പെടുത്തുക എന്നതാണ് . എന്നിരിക്കിലും  ജല ഉടമ്പടിയെ ഷേർഖാനും മാനിക്കുന്നുണ്ട് ഇവിടെ .

For the strength of the pack is the wolf and the strength of the wolf is the pack'....എന്ന് പറഞ്ഞു പഠിച്ച മൗഗ്ലിയെ അവന്റെ ജീവനെ കരുതി മനുഷ്യക്കൂട്ടത്തിലേക്ക് തിരിച്ചു കൊണ്ടാക്കാൻ ബഗീര തീരുമാനിക്കുന്നു .ആരാണ് മനുഷ്യൻ എന്നും ,
താൻ ജനിച്ചത് കാട്ടില്‍ അല്ലെ എന്നുമൊക്കെ അവൻ പറയുന്നുണ്ടെങ്കിലും ബഗീര അതൊന്നും ചെവി കൊള്ളുന്നില്ല .ഒരുപാട് വേദനയോടെ കാടിനെ പിരിഞ്ഞു പോകുന്ന മൗഗ്ലി അവന്‍റെ വളർത്തമ്മയായ രക്ഷയോട് യാത്ര പറയുന്ന കാഴ്ച നമ്മളിലും ഒരു നേർത്ത സങ്കടമുണ്ടാക്കും ..
" നീ എന്റെതാണ് ...എന്‍റെ മകനാണ് ..." എന്ന ഒരമ്മയുടെ വാക്കുകൾ ...അത് പറയുന്നത് ഒരു ചെന്നായ ആണെന്ന് കാണുന്നവന് തോന്നാത്ത അത്രയും മനോഹരമായ രംഗം ...


ബഗീരയോടൊപ്പം മനുഷ്യരുടെ ഗ്രാമത്തിലേക്ക് പോകുന്ന മൗഗ്ലിയെ പതിയിരുന്നു ആക്രമിക്കാൻ ശ്രമിക്കുന്ന ഷേർഖാൻ ....
അവിടെ നിന്നും കാത്തുപോത്തിന്റെ കൊമ്പിൽ പിടിച്ചു രക്ഷപ്പെടുന്ന മൗഗ്ലിയുടെ സാഹസികത ...
മലയിടിച്ചിലിൽ നിന്നും രക്ഷപ്പെടാൻ അവൻ നടത്തുന്ന ശ്രമങ്ങൾ ...
ഒടുവിൽ തളർന്നു വിശന്നു അവശനായി നിശബ്ദമായ വനാന്തരത്തിലേക്ക് കടന്നു ചെല്ലുമ്പോൾ വിഷം പുരട്ടിയ വാക്കുകൾ കൊണ്ട് അവനെ അപകടപ്പെടുത്താൻ ശ്രമിക്കുന്ന കാ എന്ന പെരുമ്പാമ്പ്‌ ......
അവിടെ നിന്നും അവനെ രക്ഷിച്ചു കൂടെ കൂട്ടുന്ന ബാലുക്കരടി ....
ആകാംഷയോടെ നമ്മൾ കടന്നു പോകുന്ന മുഹൂർത്തങ്ങളാണിവ .

ബാലുക്കരടിയോടൊപ്പം കൂടുന്ന  മൗഗ്ലി ഒരു തനി മനുഷ്യൻ ആകുകയാണ് ...മനുഷ്യന്റെ കൂർമ ബുദ്ധി ഉപയോഗിച്ചു  അവൻ പാറയുടെ മുകളിൽ  നിന്നും ബാലുവിന് തേനെടുത്തു കൊടുക്കുന്നുണ്ട് ....ഒരു മനുഷ്യന്റെ സ്വാതന്ത്ര്യം അവൻ ആവോളം ആസ്വദിക്കുന്നുണ്ട് ....ബാലുക്കരടിയോടൊപ്പം കൂടി പാട്ട് പാടാനും അവൻ പഠിക്കുന്നു ..അപ്പോഴേക്കും ബഗീര അവന്‍റെ അരികിൽ
എത്തുന്നു .

കാടിന്‍റെ ജീവൻ ആനയുടെ കൈകളിലാണെന്നും  ,ആനക്കൂട്ടത്തെ
തല കുമ്പിടണമെന്നും  ബഗീര അവനു പറഞ്ഞു കൊടുത്തിട്ടുണ്ട് , ആ ഓർമയുടെ പിൻബലത്തിൽ അവൻ കുഴിയിൽ വീണു പോയ ആനക്കുട്ടിയെ രക്ഷപ്പെടുത്തുന്നുമുണ്ട് .  പക്ഷെ ആ രക്ഷപ്പെടുത്തലിലൂടെ അവനിൽ തെളിഞ്ഞു കാണുന്ന മനുഷ്യബുദ്ധി കാരണം ബഗീര  വീണ്ടും അവനെ മനുഷ്യരുടെ ഗ്രാമത്തിലേക്ക് പോകാൻ പറയുകയും ചെയ്യുന്നു ..


 കിംഗ്‌ ലൂയിയുടെ നേതൃത്വത്തിലുള്ള കുരങ്ങന്മാർ അവനെ തട്ടിക്കൊണ്ടു പോകുമ്പോൾ ...അവനെ രക്ഷപ്പെടുത്താനായി ബഗീരയും , ബാലുവും ...
കിംഗ്‌ ലൂയി ഇവിടെ ഒരു സാമ്രാജ്യത്ത്വത്തിന്റെ പ്രതീകമാണ് . ഭീമാകാരനായ കുരങ്ങ് .മനുഷ്യന്റെ കൈയിൽ നിന്നും ചുവന്ന പൂവ് സ്വന്തമാക്കി കാട് ഭരിക്കാൻ ആഗ്രഹിക്കുന്നവൻ ..അതിനാണ് അവൻ മൗഗ്ലിയെ തട്ടിക്കൊണ്ടു വന്നത് .ആ ഭീകരതയും , അവിടെ നിന്നും ബാലുവിന്റെയും , ബഗീരയുടെയും
സഹായത്തോടെയുള്ള മൗഗ്ലിയുടെ രക്ഷപ്പെടലുകളും അല്പം സാഹസികത നിറഞ്ഞത്‌ തന്നെ .

ഒടുവിൽ അകേലയെ കൊന്ന ഷേർഖാനോട് പകരം വീട്ടാൻ ചുവന്ന പൂവുമായി കാട്ടിലെത്തുന്ന മൗഗ്ലി അവൻ പോലുമറിയാതെ
ഒരു കാട്ടു തീയ്ക്കു തിരി തെളിക്കുന്നുണ്ട് ..ഈ അവസരം ബുദ്ധിപൂർവ്വം വിനിയോഗിച്ചു അവനെ കൊല്ലാൻ  ഷേർഖാൻ ശ്രമിക്കുന്നു എങ്കിലും അവനിലെ നന്മ തിരിച്ചറിയുന്ന മൃഗങ്ങൾ അവനോടൊപ്പം കൂടുന്നു ...
ഒരു ചെന്നായയെപ്പോലെ ഷേർഖാനെ ആക്രമിക്കാൻ പോകുന്ന മൗഗ്ലിയോട് ഒരു മനുഷ്യനായി നിന്ന് പൊരുതാൻ ബഗീര പറയുന്നതോടെ തന്‍റെ ബുദ്ധി കൊണ്ട് അവൻ ഷേർഖാനെ കൊല്ലുന്നു .ആനകളുടെ സഹായത്തോടെ വെള്ളം തടഞ്ഞു
വച്ച് കാട്ടു തീ അണയ്ക്കുന്നു .

ജീവിതത്തിൽ ആദ്യമായി ഒരു മനുഷ്യൻ കാട്ടിലെ മൃഗങ്ങളെ എല്ലാം ഒന്നായി നിർത്തി ഒരു പ്രശ്നം പരിഹരിച്ചത്  താൻ കണ്ടു എന്ന് പറയുന്ന ബഗീരയുടെ  വാക്കുകളിൽ മൗഗ്ലി എന്ന " മാന്‍-കബ് " നോടുള്ള ആരാധന നമുക്ക് കാണാം ...

ഒരു കൂട്ടം മൃഗങ്ങൾക്കിടയിൽ വെറും ഒരു മനുഷ്യനായി നിന്ന്‍ ഇത്രയും നന്മ ചെയ്യാൻ ഒരാൾക്ക്‌ കഴിയുമെങ്കിൽ  മനുഷ്യരായി ജനിച്ച് മനുഷ്യരോടൊപ്പം ജീവിക്കുന്ന നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയില്ല എന്നൊരു സന്ദേശം
ഈ ചിത്രം തരുന്നുണ്ട് .ഒപ്പം കൂട്ടായ്മയുടെ ആവശ്യകതയും , കൂടെ നില്‍ക്കുന്നവരെ വിശ്വസിക്കേണ്ടത് എങ്ങിനെയെന്നും , പ്രകൃതിയെ എങ്ങനെ സ്നേഹിക്കണമെന്നും തുടങ്ങിയ വലിയ സന്ദേശങ്ങൾ കൂടി ഈ ചെറിയ ചിത്രം നമുക്ക് സമ്മാനിക്കുന്നുണ്ട് ......

എല്ലാം കൊള്ളാം ....എന്നാലും ഒരു സംശയം ബാക്കി ....ഈ കാട്ടിൽ എന്താ സിംഹം ഇല്ലാത്തെ ....?????? !!!!!




No comments:

Post a Comment

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......