Monday, 30 May 2016

ഇതൊരു ഒളിച്ചോട്ടമാണ് നിഹാൽ ...


ഇതൊരു ഒളിച്ചോട്ടമാണ് നിഹാൽ ...

                                      ഇതൊരു ഒളിച്ചോട്ടമാണ് നിഹാൽ ...നിന്നിൽ നിന്നും എന്നിലേക്ക്‌ ഉള്ള അത്രയും ദൂരമുണ്ട് ഇതിന്.ഇത് ഞാൻ ഒരിക്കലും ആഗ്രഹിച്ചതല്ല ....പക്ഷെ ഇനിയങ്ങോട്ടുള്ള എന്റെ ഒരുപാട് ആഗ്രഹങ്ങൾക്ക് ഇതൊരു ആവശ്യമാണ്‌ .....കണ്ട നാൾ മുതൽ വീണ്ടും കണ്ടു കൊണ്ടിരിക്കുന്ന നിമിഷം വരെ നീ എനിക്ക് വേദനയാണ് .....വേദന മാത്രം ....!!!

സ്നേഹം വേദനയാണ് എന്ന് എന്നെ പഠിപ്പിച്ചത് നീയാണ് ....അതും അനുഭവങ്ങളിലൂടെയുള്ള  പഠനം ...

നിന്നെ കണ്ടുമുട്ടും വരെ ഞാൻ എന്നെക്കുറിച്ചു ബോധവതിയായിരുന്നു.....
എന്റെ ചിന്തകൾക്കോ , സ്വപ്നങ്ങൾക്കോ കടിഞ്ഞാണില്ലായിരുന്നു ... ഞാനൊരു പറവയായിരുന്നു...
പക്ഷെ നിന്നെ കണ്ടുമുട്ടിയ നാൾ മുതൽ എനിക്ക് എന്നെ നഷ്ടമായി തുടങ്ങി ...
എന്റെ സ്വപ്നങ്ങൾ തുടങ്ങുന്നതും, ഒടുങ്ങുന്നതും നിന്നിൽ ......
ഞാൻ എന്നെ മറന്നു , എന്നിൽ നിന്നെ പ്രതിഷ്ടിച്ചു ....
ഞാനായി തുടങ്ങി നീയായി മാറി നിന്നിൽ ചെന്നെത്തി നില്ക്കുന്ന ഒരു പുഴയായി ഞാൻ പോലുമറിയാതെ ഞാൻ മാറി .....പക്ഷെ ....!!!!

നിനക്ക് ഞാൻ ആരുമല്ലായിരുന്നു , എനിക്കതറിയാം .....
പക്ഷെ നീ എനിക്ക് ആരൊക്കെയോ ആയിരുന്നു ...,നിഹാൽ ....!
രണ്ടു ധ്രുവങ്ങളായിരുന്നു നമ്മൾ .....ആകർഷിക്കപ്പെടെണ്ടവ എന്ന് ഞാൻ ആഗ്രഹിച്ച , വിശ്വസിച്ച എന്നാൽ വികർഷിക്കപ്പെട്ടു പോയ രണ്ടു ധ്രുവങ്ങൾ ....

ഞാൻ പലരെയും വെറുക്കാനും , സ്നേഹിക്കാതിരിക്കാനും ഇന്ന് നീ ഒരു കാരണമാണ് , ആ കാരണത്തെ ഇനിയും വളർത്തിക്കൊണ്ടു പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല ...അത് കൊണ്ട് മാത്രമാണ് ഈ ഒളിച്ചോട്ടം .ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ല എനെന്നിക്കറിയാം ,എങ്കിലും താല്ക്കാലികമായി നിന്നിൽ നിന്നും ഒരു അകലം ,അത് ആവശ്യമാണ്‌ - മറ്റു പലരെയും എനിക്ക് സ്നേഹിക്കാനും , ചിലരെയെങ്കിലും മനപ്പൂർവമല്ലാതെ വെറുക്കാതിരിക്കാനും .....! .
ആത്മഹത്യ ആയിരിക്കണം നിന്റെ ഓർമകളിൽ നിന്നും മുക്തി നേടാനുള്ള ഏക വഴി ...പക്ഷെ ഞാൻ അത്രയ്ക്ക് ഭീരുവല്ല ....നിന്നെ സ്നേഹിച്ചത് ഒരു തെറ്റായി ഈ നിമിഷം വരെയും എനിക്ക് തോന്നിയിട്ടില്ല ...അത് കൊണ്ട് ഞാൻ ആത്മഹത്യ ചെയ്യില്ല ....

എത്ര വലിയ സങ്കടക്കടലിൽ പെട്ടാലും നിന്റെ ഒരു പുഞ്ചിരിയുടെ ഓർമ എനിക്കേകുന്ന കരുത്തു വലുതാണ്‌ ,....
ഇപ്പോൾ എനിക്ക് ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു നഷ്ടങ്ങളെയും ഓർത്ത്‌ എനിക്ക് വിഷമം തോന്നാറില്ല ...അതിനു കാരണം നീയാണ് ....എല്ലാത്തിനും മേലെ നിന്നെ പ്രതിഷ്ദിച്ചതു കൊണ്ട് തന്നെ നീയെന്ന നഷ്ടത്തെക്കാൾ വലുതല്ല മറ്റൊന്നും എന്ന തോന്നൽ ആണ് എനിക്കിപ്പോൾ .....

കണ്ടു മടുത്ത പല മുഖങ്ങളിൽ ഒന്നാകാം നിനക്ക് ഞാൻ ...പക്ഷെ എനിക്ക് അങ്ങനെയല്ല ...കണ്ടു പോയല്ലോ എന്നോർത്തു , മറക്കണം എന്ന് ആഗ്രഹിച്ചു , വെറുക്കണം എന്ന് പഠിപ്പിച്ചു ഒടുവിൽ അറിയാതെ സ്നേഹിച്ചു പോയ ഒരു മുഖം ......നീ ഒരു തരം ഭ്രാന്തമായ ഇല്ല്യുഷൻ  ആണ് .. അരികിൽ ഇല്ലെങ്കിലും  ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന , സംസാരിക്കാതെ സംസാരിക്കുന്ന , നിശബ്ദമായി പുഞ്ചിരിക്കുന്ന മായ ..........പക്ഷെ ആ മായകൾ എല്ലാം യാഥാർത്ഥ്യം ആണെന്ന വിഡ്ഢിത്തം ആണ് എന്റെ പോരായ്മ .....ഇനിയും അത് വളർത്തരുതല്ലോ,,,,അല്ലെ ...??

വിഡ്ഢിയാക്കപ്പെടുന്നത്  ഒരു തെറ്റല്ല ..,പക്ഷെ സ്വയം ഒരു വിഡ്ഢി ആകുന്നതു വല്യ തെറ്റാണ് ,,,,ആ തെറ്റ് ഇനിയും ആവർത്തിക്കുന്നില്ല....ഒത്തിരി സങ്കടം തോന്നുമ്പോൾ നിനക്ക് നന്മകൾ ഒന്നും വരാതിരിക്കട്ടെ എന്ന് ഈശ്വരനോട് ദേഷ്യത്തോടെ പറഞ്ഞിട്ടുണ്ട് , അതിനൊക്കെ മാപ്പ് ....

നിനക്ക് നല്ലത് വരട്ടെ നിഹാൽ ....നല്ലത് മാത്രം .......!!!

(Dedicated to my Great Friend....This one is for u...and you know who you are....)

Friday, 20 May 2016

തോറ്റു പോയ ഉമ്മേട്ടനില്ല നാണക്കേട്‌ ....പിന്നല്ലേ ഇന്ന് വരെ ജയിച്ചിട്ടില്ലാത്ത എനിക്ക് ....ഹല്ലാ പിന്നെ ....!!!!!!!!!!!!!!!!!!!!!!!

തോറ്റു പോയ ഉമ്മേട്ടനില്ല നാണക്കേട്‌ ....പിന്നല്ലേ ഇന്ന് വരെ ജയിച്ചിട്ടില്ലാത്ത എനിക്ക് ....ഹല്ലാ പിന്നെ ....!!!!!!!!!!!!!!!!!!!!!!!


ഒത്തിരി നാളായി എന്തെങ്കിലും ഒന്ന് എഴുതിയിട്ട് ...
വിഷയ ദാരിദ്ര്യം ഒന്നുമല്ല കാരണം .....
ഒരുപാട് പേര് ഒരേ സ്വരത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെ ഞാനും പറഞ്ഞിട്ട് എന്ത് കിട്ടാൻ എന്ന ചിന്തയാണ് ഒന്നും എഴുതാതിരിക്കാനുള്ള കാരണം ....

ലൈക്‌ കിട്ടുക , കമന്റ്‌ വാരി കൂട്ടുക എന്നുള്ള ഉദ്ദേശ്യങ്ങൾ പണ്ടേ ഇല്ല ......
അഭിപ്രായങ്ങൾ പറയുന്നവർ നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്‌ ....
വായനക്കാരുടെ എണ്ണം കൂടുന്നത് ഒരു തരം പ്രോത്സാഹനമാണ് .....
എന്നിരിക്കിലും ഉള്ളിൽ കിടന്നു തിളയ്ക്കുന്ന സാമ്പാറിനെ നാട്ടുകാരുടെ സദ്യക്ക് കറിയാക്കിട്ട് എന്ത് പ്രയോജനം ....??
ഉപ്പും പുളിയും പാകമാണെന്ന് ഈ സദ്യവട്ടക്കാരനും തോന്നേണ്ടേ ....??

ഈ എഴുത്ത് , ഇതൊരു പ്രതികരണമാണ് ...
ചുറ്റും കാണുന്നതിനോടും , കേൾക്കുന്നതിനോടുമൊക്കെ ഞാൻ എന്ന വ്യക്തിക്ക് തോന്നുന്ന വ്യക്തിഗതാഭിപ്രായങ്ങൾ ......
അതിനു നേരവും , കാലവുമില്ല ...
അതിനു വാക്കുകളുടെ ചിട്ടയോ , വ്യാകരണത്തിന്റെ നിയമമോ അനിവാര്യമല്ല ....
അതിനു കേൾവിക്കാരും , നിരൂപകരും നിർബന്ധമില്ല.....
അതിനു താള നിബദ്ധതയോ , ഉച്ചാരണ ഭംഗിയോ ആവശ്യമില്ല .....
ഈ എഴുത്തിനു ആവശ്യമുള്ളത് ഒന്ന് മാത്രം .........
ഈ എഴുത്തുകാരന്റെ സംതൃപ്തി .....!!!!!
അത് കിട്ടുന്നില്ല എന്ന സ്വയം തോന്നൽ ആണ് വീണ്ടുമൊരു പ്യൂപ്പയിലേക്ക് പോകാൻ എന്നെ നിർബന്ധിതയാക്കുന്നത് .....

എഴുതുമ്പോൾ ചിലപ്പോഴൊക്കെ എഴുത്തുകാരനും , എഴുത്തുകാരിയുമായി അറിയാതെ മാറിപ്പോകുന്നുണ്ട്....ഒരാളിൽ ഉറച്ചു നില്ക്കുന്നില്ല .എങ്കിലും അതിൽ ഒരു തെറ്റും കാണുന്നില്ല ....ആരെഴുതുന്നു എന്നതിനേക്കാൾ പ്രാധാന്യം എന്തെഴുതുന്നു എന്നതിൽ അല്ലേ.....!!!

ഇത്തവണ രണ്ടു വിഷയങ്ങൾ കിട്ടി ....
ഇക്കഴിഞ്ഞ നിയമസഭ ഇലക്ഷനും , അതിനു മുന്നേ കഴിഞ്ഞ ജിഷയുടെ ക്രൂരമെന്നോ , ദാരുണമെന്നോ  തിരിച്ചറിയാനാകാത്ത മരണവും ....
രണ്ടും വളരെ വലിയ വിഷയങ്ങൾ തന്നെ .....

പക്ഷെ അലമുറ കൂട്ടിയിട്ടും അണയാതെ എരിയുന്ന നിർഭയയും , സൗമ്യയും കണ്മുന്നിലുള്ളപ്പോൾ #ജിഷേ ..നിനക്ക് വേണ്ടി ഞാൻ എന്ത് വാദിക്കാൻ ....????
നിന്റെ പേരിനു പകരം എന്റെ പേര് എന്നാണ് വരുന്നത് എന്ന ഭീതി മാത്രമേ നിന്നെ കുറിച്ചു ഓർക്കുമ്പോൾ എനിക്കുള്ളൂ .......

പിന്നെ രാഷ്ട്രീയം ,......
ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന ജനാധിപത്യ ഭരണാധികാരികളെ മനസ്സിലാക്കാൻ തുടങ്ങിയ നാൾ മുതൽ എന്റെ കൊടിയ്ക്ക് ദേശിയപതാകയുടെ നിറം മാത്രമേ ഉള്ളു .....
ആര് ഭരിച്ചാലും നാട് നന്നായാൽ മതി എന്ന ചിന്തയെ ഇപ്പോൾ രാഷ്ട്രീയ പ്രതികരണമായി അവശേഷിക്കുന്നുള്ളൂ .....!!!
പക്ഷെ നാട് നന്നാവാൻ ആദ്യം നമ്മൾ നന്നാവണം എന്നാണല്ലോ ചൊല്ല് ...ആ നമ്മൾ , നമ്മളിൽ ആരെന്നു ഇതേവരെ ഒരു തീരുമാനം ആകാത്തത് കൊണ്ട് രാഷ്ട്രീയം ഹമാരെ ലിയെ ഏക്‌ അധൂരാ കാം ഹെ ഭായി സാബ് ...

അപ്പോൾ പറഞ്ഞു വന്നത് ഇത്രേ ഉള്ളു ....
ഒരു കനലെങ്കിലും കെടാതെ ഈയുള്ളവന്റെയുള്ളിൽ എരിയുന്നിടത്തോളം ഈ കുത്തിക്കുറിപ്പുകൾ അനന്തമായി തുടരും ....
സ്വീകരിച്ചാൽ സന്തോഷം ....
കൂടെ കൂട്ടിയാൽ അതിലേറെ സന്തോഷം .....
തിരസ്കരിച്ച്ചാൽ ഇന്നാ  പിടിച്ചോ " ഒരു ലോഡ് പുച്ഛം "എന്നും പറഞ്ഞിട്ട് ഞാൻ വീണ്ടും ഇതൊക്കെ തന്നെ തുടരും അണ്ണാ.....

തോറ്റു പോയ ഉമ്മേട്ടനില്ല നാണക്കേട്‌ ....പിന്നല്ലേ ഇന്ന് വരെ ജയിച്ചിട്ടില്ലാത്ത എനിക്ക് ....ഹല്ലാ പിന്നെ ....!!!!!!!!!!!!!!!!!!!!!!!


Friday, 6 May 2016

#Justice#For#Jisha

#Justice#For#Jisha
കാരണം ഞാനും ഒരു പെണ്ണാണ് 


പ്രിയപ്പെട്ട ജിഷാ....
                  നിന്നോട് എന്ത് പറയാനാണ് ....? നിനക്ക് വേണ്ടി എന്ത് ചെയ്യാൻ ആണ് ...ഇങ്ങനെയൊക്കെ എഴുതുമ്പോൾ ഞാനും നിന്നെയോർത്തു സഹതപിക്കുകയാണ്, പക്ഷെ ഈ സഹതാപം നിനക്ക് ആവശ്യമില്ല 
കുഞ്ഞേ ....നിന്റെ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാനും , റേറ്റിംഗ് കൂട്ടാനും , ലൈക്ക് കിട്ടാനും വേണ്ടി ഉപയോഗിക്കുന്ന കുറെ പേരെയും കണ്ടു ....
ഇനി കുറച്ചു നാളത്തേക്ക് നീ സമൂഹ മനസ്സാക്ഷിയുടെ നൊമ്പരവും , കേരള ചരിത്രത്തിലെ ആദ്യത്തെ ദുരന്തവുമായി വാർത്താ കോളങ്ങളിൽ നിറയും ....
നിനക്ക് ഇനി മരണാന്തര സമ്മാനങ്ങളായി പണവും , വീടും ലഭിക്കും...... .നീയാഗ്രഹിച്ച ജീവിതവും , നീ കണ്ട സ്വപ്നവും ഇനി ഓർമയാകും...
നിന്നെ മുൻനിർത്തി ചില വ്യക്തികളും , പ്രസ്ഥാനങ്ങളും വളരും ...
നിന്നെ ചൂണ്ടി കാണിച്ചു വീണ്ടും അമ്മമാർ പെണ്മക്കളെ സൂക്ഷിക്കണേ എന്ന് ഓർമിപ്പിക്കും.......
 നിനക്ക് നീതി കിട്ടാൻ വേണ്ടി കുറെ പേർ പോരാടും ......
ഒടുവിൽ നിന്റെ നീതി ജയിലിൽ കിടന്നു തടിച്ചു കൊഴുത്തു വളരും .പശ്ച്ചാത്താപവും , പാപ മോചനവും കഴിഞ്ഞു ഒരു മെഴുകുതിരിയുടെ നേർത്ത വെളിച്ചത്തിൽ നിന്റെ രക്തസാക്ഷിത്ത്വം ഞങ്ങൾ കൊണ്ടാടും ....

 എന്താണ് നിനക്ക് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നോ , എങ്ങനെയാണ് അത് സംഭവിച്ചതെന്നോ നിനക്കേ അറിയൂ .ആ സത്യങ്ങൾ ലോകം അറിയാൻ ഇനിയും നാളുകൾ ബാക്കിയാണ് ...നാളെ ഒരു പക്ഷെ അത് എനിക്കും സംഭവിക്കുമ്പോൾ ആകും ഈ ദുരന്തത്തിന്റെ വ്യാപ്തിയെ കുറിച്ചു സമൂഹവും , നിയമവും വീണ്ടും വാചാലമാകുന്നത് ....

നഷ്ടം അത് നിനക്ക് മാത്രമാണ് ....നിന്റെ പെണ്മ , നിന്റെ സ്വപ്നം , നിന്റെ മോഹം , നീ ആഗ്രഹിച്ച ജീവിതം , നിന്നെ സ്നേഹിച്ചവർ ......നിന്റെ നഷ്ടങ്ങൾ നിന്നിലൂടെ ഓർമ്മകൾ ആകും .....
ഇനി കുറെ നാളത്തേക്ക് നീയും കേരളത്തിന്റെ വേദനയാണ്....... , 
കേരളത്തിന്റെ നിര്ഭയയാണ് ......., 
കേരളത്തിന്റെ മകളാണ് .........നിനക്ക് പകരം എന്റെ പേര് എഴുതി ചേർക്കുന്ന നാൾ വരെ മാത്രം .....
#Justice#For#Jisha