Monday, 26 March 2018

എന്തേ വിതുമ്പുന്നതിങ്ങനെ....?

എന്തേ വിതുമ്പുന്നതിങ്ങനെ....?



മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചില്ല-
കളോരോന്നായി അലച്ചു വീഴുന്നു .
കാറ്റിലാടുന്ന പൂമര ചില്ലകളെല്ലാമേ 
മൗനം പൂണ്ടു വിതുമ്പിടുന്നു ...

കോലായില,യയിലായി നീരിറ്റും ശീലകൾ 
വീട്ടിലേക്കെന്തെത്തി നോക്കുന്നു ....
പൂവാലിപ്പശുവിന്റെ അകിടിലെ നനവെന്തേ 
ആരെയോ കാത്തു കരഞ്ഞിടുന്നു ...

ഉമ്മറക്കോലായിലിമ്മിണി നാളായി 
പൂവിട്ട മുല്ലകൾക്കെന്തേ മൗനം ...
തെങ്ങിൻ തടത്തേലങ്ങിങ്ങു ചിക്കി -
ചികയുന്ന കുഞ്ഞിയും മക്കളുമെങ്ങു പോയി ...

അങ്ങിങ്ങു ധൂളികൾ പറ്റിപ്പിടിച്ചിട്ടും 
പരിഭവം ചൊല്ലാത്ത പുസ്തകവും ,
മഞ്ഞൾ കറ കൊണ്ട് മേനി നിറഞ്ഞിട്ടും 
കണ്ണീരു കാട്ടാത്ത തളികകളും 

വെള്ളം തളിച്ചിട്ടു ജീവൻ കെടുത്തുമ്പോൾ 
ഉള്ളം പുകയ്ക്കാത്ത കുഞ്ഞടുപ്പും 
ആരെയും കാണാതെ കടുക് മണികൾ-
ക്കിടയിലൊളിക്കുന്ന നാണയവും 

എല്ലാരുമെന്തേ വിതുമ്പുന്നതിങ്ങനെ ,
ഉമ്മറക്കോലായിൽ അമ്മയുണ്ട് .....
വെള്ള പുതപ്പിച്ചു ചന്ദന ധൂപത്താൽ 
പുഞ്ചിരി തൂകിക്കൊണ്ടമ്മയുണ്ട് .....






Wednesday, 7 March 2018

happy women's day

LeT ShE DeciDes ThE eXpiRy DaTe Of HeR Dreams....
കാരണം അവളും സ്വപ്നങ്ങളും , ആഗ്രഹങ്ങളും ഉള്ള ഒരു സാധാരണ മനുഷ്യൻ തന്നെയാണ് ....!!!!!!!!



ഒരല്പം പരിഗണന ...,
 ഒരു വ്യക്തി എന്ന നിലയിൽ താൻ അംഗീകരിക്കപ്പെടുന്നുവെന്ന തോന്നൽ ....., തനിക്കായി തന്റെ ചിന്തകൾക്കായി ,സ്വപ്നങ്ങൾക്കായി മറ്റുള്ളവരുടെ മനസ്സിൽ ഒരിടം ..... "
-ഇത്രയും മതി ഭൂമിയിലെ ഓരോ പെണ്ണിനും അവളുടെ ജീവിതം സ്വർഗത്തേക്കാൾ മനോഹരമാകാൻ .....പക്ഷെ ആ തിരിച്ചറിവ് ഈ  സമൂഹം ഇന്നും നേടിയിട്ടില്ല .

ഭൂമിയിലെ മനോഹാരിതയിലേക്ക് കണ്ണ് തുറക്കുന്ന ഓരോ പെൺകുഞ്ഞും അവൾ പോലുമറിയാത്ത കുറെ അദ്രിശ്യമായ ചങ്ങലകളിൽ ബന്ധിതയാണ് ...ഒരു ചട്ടക്കൂടിനുള്ളിൽ പെണ്ണ് എന്ന പേരിൽ നിയന്ത്രണങ്ങൾക്കും , നിബന്ധനകൾക്കുമടിമയായി അവൾ വളരുന്നു ...
പെൺകുട്ടി എന്നാൽ എല്ലാം സഹിക്കേണ്ടവൾ ആണെന്നും , സ്ത്രീ എന്നാൽ ക്ഷമയുടെ പര്യായം ആണെന്നും , അമ്മ എന്നാൽ ഭൂമി ദേവിയോളം താഴ്മയുള്ളവൾ ആണെന്നും പണ്ട് മുതലേ പറഞ്ഞു പഠിപ്പിച്ച സംസ്കാരത്തിൽ നിന്നും ഇന്നും വ്യതിചലിക്കാതെ , ആ പാത തന്നെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നു സ്വയം നിലനില്പ്പോ , വ്യക്തിത്വമോ ഇല്ലാത്ത ഒരുവളായി സമൂഹം സ്ത്രീയെ മാറ്റിയിരിക്കുന്നു ....

സ്ത്രീയും ഒരു വ്യക്തിയാണ് . ഒരു സമൂഹത്തിൽ പുരുഷൻ വിരാജിക്കുന്ന സ്വാതന്ത്ര്യങ്ങൾ അവളും ആഗ്രഹിക്കുന്നുണ്ട് ......ആ സ്വാതന്ത്ര്യം രാത്രിയിലെ സഞ്ചാരമോ , ലെഗ്ഗിന്സ് ധരിക്കാനുള്ള അവകാശമോ അല്ല...
മറിച്ചു താൻ ഒരു സ്വതന്ത്ര വ്യക്തി ആണെന്നും , ഒരു പുരുഷൻ ആഗ്രഹിക്കുന്ന പോലെ , അവൻ കാണുന്ന പോലെ സ്വപ്‌നങ്ങൾ താനും കാണുന്നു എന്നുമുള്ള സത്യത്തിന്റെ അംഗീകാരമാണ് അവൾ തേടുന്ന സ്വാതന്ത്ര്യം ....
പക്ഷെ പാരമ്പര്യത്തിന്റെയും , കുലമഹിമയുടെയും , മതത്തിന്റെയും ചട്ടക്കൂടുകൾ അവളെ തളച്ചിടുന്നു ....ഒടുവിൽ സ്വന്തം സ്വപ്നങ്ങള്ക്ക് പ്രൈസ് ടാഗുമിട്ടു അവളും ജീവിക്കും ..എന്തിനോ വേണ്ടി,,,,ആർക്കോ വേണ്ടി ....ഈ ജീവിതം ദാനമായി നല്കിയ ഈശ്വരനെ പഴിച്ചും , ഈ വിധിയിൽ ഒടുങ്ങിത്തീരേണ്ട തന്റെ ജീവിതത്തെ കുറിച്ചോർത്തു സ്വയം വെറുത്തും ........

"നീ പെണ്ണാണ് ...നീ ഉറക്കെ ചിരിക്കരുത് , നീ കരയുന്നത് മറ്റാരുമറിയരുത്...
ആരെന്തു പറഞ്ഞാലും നീ അനുസരിക്കണം ......വിവാഹത്തിനു മുൻപ് വീട്ടുകാർ പറയുന്നതാണ് നിന്റെ ജീവിതം ....വിവാഹ ശേഷം ഭർത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും തീരുമാനിക്കും പോലെയാണ് നിന്റെ ജീവിതം ..."
ഇതാണ് ഒരു ശരാശരി മലയാളി തന്റെ കുട്ടിയെ പറഞ്ഞു പഠിപ്പിക്കുന്ന ജീവിത പാഠം .....ഒന്ന് ചോദിച്ചോട്ടെ ...??? ഇതിനിടയിൽ എവിടെയാണ് അവൾക്കൊരു ജീവിതം ....???? മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു അവൾ അവളുടെ സ്വത്വം മാറ്റുകയാണ് ....ഓരോ നിമിഷവും അവൾ അവളല്ലാതായി മാറുകയാണ് .....

സ്വന്തം ആഗ്രഹങ്ങളെ എല്ലാം  വേണ്ടെന്നു വയ്ക്കുക ....സ്നേഹിക്കുന്നവരുടെ ആഗ്രഹങ്ങളെ സ്വീകരിക്കേണ്ടി വരുക ...അപ്പോൾ സ്വയം തോന്നുന്ന വികാരം എന്താണെന്ന് അറിയുമോ....??? നമുക്ക് നമ്മോടു തന്നെ വെറുപ്പും പുച്ഛവും തോന്നും , ഒന്നിനും കൊള്ളാത്ത പാഴായിപ്പോയ ജന്മം എന്ന് തോന്നും ....ആ തോന്നൽ ചെന്ന് അവസാനിക്കുന്നത് ഒരു പക്ഷെ ഒരു ആത്മഹത്യയിലെക്കാവും ...
ഒരു സ്ത്രീയുടെ വേദന ഒരിക്കലും ലോകത്തൊരു പുരുഷനും വ്യക്തമായി മനസ്സിലാക്കാനാകില്ല...അങ്ങിനെ മനസ്സിലാക്കാൻ കഴിയുന്ന പുരുഷന്മാർ ഉണ്ടെങ്കിൽ അവർ ഈശ്വരന് സമന്മാരാണ് .....

സ്വന്തം വീട്ടിലെ ബന്ധനങ്ങളിൽ കഴിയുമ്പോൾ ഒരു പെണ്ണിന്റെ ഏക പ്രതീക്ഷ വിവാഹാനന്തര ജീവിതം മാത്രമാണ് .....നിന്റെ ഇഷ്ടങ്ങളൊക്കെ വിവാഹം കഴിഞ്ഞു മതി എന്ന വീട്ടുകാരുടെ ഒരു വാക്ക് ....,ആ കച്ചിത്തുരുമ്പാണ്  വിവാഹം വരെ അവളുടെ ജീവിതത്തിന്റെ ആയുസ്സ് നീട്ടുന്നത് ....മധുവിധു നാളുകളിലെ മനോഹാരിത അവസാനിക്കുമ്പോൾ അവളും തിരിച്ചറിയും -ഇവിടെയും തന്റെ ഇഷ്ടങ്ങൾക്ക് യാതൊരു വിലയും ഇല്ലെന്ന്...പക്ഷെ അപ്പോഴേക്കും അവളുടെ തണലിൽ വളരാൻ കൊതിക്കുന്ന ഒരു ജീവൻ ഭൂമിയിലെ വെളിച്ചത്തിലേക്ക് മിഴി തുറന്നിരിക്കും....പിന്നെ എല്ലാ പെൺകുട്ടികളുടെയും ജീവിതം ഇതാണ് എന്നും തന്റെയും ജീവിതം ഇങ്ങനെയായിരിക്കും എന്നും സ്വയം പറഞ്ഞു വിശ്വസിപ്പിച്ചു അവൾ ജീവിക്കും .... അവസാനം തിരിഞ്ഞു നോക്കുമ്പോൾ സ്വന്തമായി ഈ ജീവിതം കൊണ്ട് താൻ ഒന്നും നേടിയില്ലെന്ന തിരിച്ചറിവ് മാത്രം ആകും ബാക്കി ,,,,,, 
ലോകത്ത് എല്ലാ പെൺകുട്ടികളുടെയും ജീവിതം ഇങ്ങനെയല്ല , പക്ഷെ ഒരു ശരാശരി മലയാളി പെൺകുട്ടിയുടെ ജീവിതം ഇങ്ങനെയാണ് ...

പ്രായപൂർത്തിയാകുന്നത് വരെ വീട്ടുകാർ മാത്രമാണ് അവളുടെ ആശ്രയം ..
വിവാഹം കഴിഞ്ഞാൽ ഭർത്താവ് മാത്രവും ,,,,,
 എത്ര വലിയ കുടുംബം ഉണ്ടെന്നു പറഞ്ഞാലും ഒരുവന്റെ താലി കഴുത്തിൽ വീണു കഴിഞ്ഞാൽ പിന്നെ അവൻ ഇല്ലെങ്കിൽ തനിക്കു ആരുമില്ലെന്നുള്ള തിരിച്ചറിവ് ...
"പറ്റില്ല , ചെയ്യില്ല , സാധ്യമല്ല എന്നൊക്കെ പറഞ്ഞാൽ ഈ കിട്ടുന്ന സ്നേഹം തനിക്കു നഷ്ടമായെക്കുമോ എന്നും , താൻ ഒറ്റപ്പെട്ടെക്കുമോ എന്നുമുള്ള പേടി ....
ഈ തിരിച്ചറിവുകളാണ് അടിമത്തത്തെ സ്നേഹിക്കാനും , സ്വന്തം സ്വപ്നങ്ങളെ ത്യജിക്കാനും അവളെ നിർബന്ധിക്കുന്നത്‌

അടുത്തൊരു വനിതാ ദിനം കൂടി കടന്നു പോയി ....
There is a MAN in every WOman
There is a HE in every She
There is a LAD in every Lady
There is an ADAM in every Madam
എന്ന് ഓഫീസിലെ സാറ് പ്രസംഗിച്ചും പോയി .....

വനിതാ ദിനത്തിൽ മാത്രം സ്ത്രീ അമ്മയാണ് , ഭാര്യയാണ് , ഒരു തലമുറയുടെ വഴികാട്ടിയാണ് , ഗൃഹഭരണവും , ഓഫീസ് ഭരണവും തുടങ്ങി പല ജോലികളെ ഒരു പോലെ സമ്മേളിച്ചു കൊണ്ട് പോകാൻ കഴിവുള്ളവളാണ്. രാവിലെ ഉറക്കമെണീറ്റ് ഇരുട്ടുന്നതു വരെ പണിയെടുത്തു ഒരു പരാതിയും പരിഭവവും പറയാതെ ജീവിക്കുന്നവളാണ്........ എന്നൊക്കെ പ്രസംഗിച്ചിട്ടു ഒരു ഹാപ്പി വിമൻസ് ഡേ ആശംസിച്ചു പോകുന്ന മഹാ പുരുഷന്മാർ ഒരു മാസത്തേക്ക് സ്ത്രീയുടെ സ്ഥാനം ഏറ്റെടുത്തു നടത്തിനോക്കണം .......അപ്പോൾ മാത്രമേ മനസ്സിലാകു ഒരു സ്ത്രീയുടെ വില ......

ആഹ്.....ഫെമിനിസ്റ്റുകളെപ്പോലെ കുറെ സംസാരിച്ചു .....ഇത് ഫെമിനിസം ഒന്നുമല്ല ....ഒരു ശരാശരി മലയാളി പെൺകുട്ടിയുടെ അവസ്ഥയാണ് ....എതിര്ത്തു പറഞ്ഞാലോ , ചോദ്യം ചെയ്താലോ അഹങ്കാരിയാണെന്ന് മറ്റുള്ളവർ  മുദ്ര കുത്തുമെന്നു ഭയന്ന് എല്ലാം ഉള്ളിലടക്കി ജീവിക്കുന്ന ഓരോ പെണ്ണിന്റെയും ജീവിതമാണ് ........ഇതൊക്കെ മാറുമായിരിക്കും അല്ലെ.......??????

 പുസ്തകത്താളുകളിലും , അക്ഷരക്കൂട്ടുകളിലും  ഒതുങ്ങുന്ന പെണ്ണിന്റെ മഹത്വം എല്ലാവരും തിരിച്ചറിയുന്ന ഒരു വനിതാ ദിനത്തിലേക്കായുള്ള കാത്തിരുപ്പ് ഇനിയും ബാക്കി ......