അഞ്ചു വർണങ്ങൾ കൊണ്ട് സുന്ദരിയായൊരു പഞ്ചവർണത്തത്ത....
എന്ത് കൊണ്ടായിരിക്കും പഞ്ചവർണത്തത്ത എന്ന പേര് വന്നത് ,,,?
തുടക്കം മുതലേ ഉള്ള ആ ചോദ്യത്തിന് ഒടുക്കത്തിലൊരു ഉത്തരം കിട്ടി ..നന്മയുള്ളൊരു ചിത്രം ....
ചിരിക്കാനും , രസിക്കാനും , ഇടയ്‌ക്കൊരല്പം കണ്ണ് നിറയ്ക്കാനും കൂടി ഏതാണ്ടൊരു ചേരുവകൾ എല്ലാം ചേർന്ന സിനിമ . തുടക്കത്തിലേ ഇരുഗതിയും, പരഗതിയുമില്ലാതെ അവാർഡ് പോലെ ഉള്ള ഒഴുക്ക് മുന്നോട്ടേയ്ക്കു പോകും തോറും തീരം കണ്ടെത്തിയ പോലെ നിർദിഷ്ടമായി നീങ്ങുന്നുണ്ട് ....സംവിധായകന്റെ ആദ്യ സംരംഭത്തിന്റെ പാകപ്പിഴകൾ ഒഴിവാക്കി നിർത്തിയാൽ ഉദ്ദേശിച്ച ആശയം അനുവാചകനിൽ എത്തിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് .....
നടക്കാതെ പോകുന്ന ആഗ്രഹങ്ങൾ ആണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം ...നാം ചെയുന്ന എല്ലാ വലിയ കാര്യങ്ങളും നന്മയുള്ള കാര്യങ്ങൾ ആകണം എന്നില്ല , പക്ഷെ നാം ചെയുന്ന എല്ലാ നന്മയുള്ള കാര്യങ്ങളും വലിയ കാര്യങ്ങൾ തന്നെയാണ് ..ഒരു മനുഷ്യന്റെയെങ്കിലും , ഒരു ആഗ്രഹമെങ്കിലും സാധിച്ചു കൊടുക്കാൻ കഴിഞ്ഞാൽ അതാണ് ഈ ഭൂമിയിലെ ജീവിതം കൊണ്ട് നാം നേടുന്ന ഏറ്റവും വലിയ സന്തോഷം .......ഈ നന്മ തന്നെയാണ് ഊരും , പേരും , ജാതിയും , മതവും , വർഗ വർണ വിവേചനങ്ങളുമില്ലാതെ ജയറാമിന്റെ കഥാപാത്രം നമുക്ക് പകർന്നു നൽകുന്നത് ....
രാഷ്ട്രീയത്തിലെ സ്ഥിരം തമ്മിൽ തല്ലും , വങ്കത്തരങ്ങളുമൊക്കെയായി കുഞ്ചാക്കോയുടെയും , സലിം കുമാറിന്റെയും കഥാപാത്രങ്ങൾ തിളങ്ങുമ്പോൾ അണികളുടെ പണികൾ കൃത്യമായി നിർവഹിക്കുന്നുണ്ട് കൂടെയുള്ളവർ .അമ്മയുടെയും , മരുമകളുടെയും കടമകൾ മല്ലികയും അനുശ്രീയും നിർവഹിക്കുന്നുണ്ട് ...
പാവപ്പെട്ടവനോട് പണക്കാരനുള്ള പുച്ഛവും , അന്യന്റെ മുതൽ കട്ടെടുക്കാനുള്ള മനുഷ്യന്റെ കൊതിയുമെല്ലാം ചിത്രത്തിൽ ചർച്ചാ വിഷയം ആകുന്നുണ്ട് ..
വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളോഴികെ , ബാക്കി എല്ലാവരും ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ എങ്കിലും അല്പം നന്മ സൂക്ഷിക്കുന്നവരാണ് ..യന്ത്ര വൽക്കരണത്തിന്റെയും , പണക്കൊഴുപ്പിന്റെയും മേലെ കൂടി പറക്കാൻ കൊതിക്കുമ്പോൾ മാനുഷികമൂല്യങ്ങൾ മറന്നു പോകുന്ന മനുഷ്യനൊരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം ...
വയറു നിറഞ്ഞാൽ മതി , മൃഗങ്ങൾ ശാന്തരാകും ..പക്ഷെ മനുഷ്യനോ ...? എത്ര നിറഞ്ഞാലും തീരാത്തത്ര ആർത്തി പൂണ്ടു പരസ്പരം മറക്കുന്ന ഈ ജീവിതം കൊണ്ട് ആരും ഒന്നും നേടുന്നില്ല എന്ന തിരിച്ചറിവാണ് ഈ സിനിമ ....
അധികം പ്രതീക്ഷകളൊന്നും ഉള്ളിൽ നിറയ്ക്കാതെ , ഒരു രണ്ടു മണിക്കൂർ ചിലവിടാമെങ്കിൽ നമുക്കും തോന്നും , ഈ ജീവിതം കൊണ്ട് ഇനിയും ആർക്കൊക്കെയോ വേണ്ടി എന്തൊക്കെയോ ചെയ്യാനുണ്ടെന്ന്...അതാണ് അഞ്ചു മനുഷ്യരുടെ ആഗ്രഹങ്ങൾ പൂർത്തികരിച്ച പഞ്ചവർണതത്തയുടെ വിജയം ....